ഒരിടത്തൊരു അച്ഛനും മക്കളും
രചന :ഭാഗ്യലക്ഷ്മി. കെ. സി.
വെയിലത്ത് വന്നുകയറുമ്പോൾ ദാഹംമാറ്റാൻ അവൾ ഒരുകപ്പ് നിറയെ സംഭാരമെടുത്ത് തരും.
അച്ഛാ.. ഇത് കുടിച്ചിട്ട് കാലും മുഖവും കഴുകിയാൽമതി..
അവളുടെ വലിയആളെന്ന മട്ടിലുള്ള സംസാരവും വീട്ടുഭരണവും തുടങ്ങിയത് അമ്മ മരിച്ചതുമുതലാണ്..
ശ്രീദേവി പോകുമ്പോൾ അമ്മുവിന് പതിനാല് തുടങ്ങിയതേയുള്ളൂ. പക്ഷേ അന്നുമുതലേ വീട്ടുകാര്യങ്ങൾ നോക്കാൻ അവൾക്ക് വലിയ മിടുക്കാണ്. പഠനത്തോടൊപ്പം വീട്ടുജോലികളും ചെയ്യുന്നതിന്റെ വിഷമമൊന്നും കാണിക്കാതെ അവളെല്ലാം കണ്ടറിഞ്ഞുചെയ്തു.
ഇളയവൻ വിഷ്ണു ചേച്ചിയെ സഹായിക്കാൻ ചെന്നാൽ അവൾ വാത്സല്യത്തോടെ പറയും:
പോയി വല്ലതും പഠിക്കെടാ.. ദേ.. നീ പഠിച്ച് വലിയ ആളായിട്ടുവേണം നിന്നെ ഈ വീടിന്റെ ഭാരമേൽപ്പിച്ച് ചേച്ചിക്ക് കല്യാണം കഴിച്ച് പോകാൻ..
അത് കേൾക്കുമ്പോഴാണ് തനിക്ക് അവളുടെ കല്യാണക്കാര്യം ഓ൪മ്മ വരുന്നതുതന്നെ. ഡിഗ്രി കഴിഞ്ഞ് തുടർന്ന് പഠിക്കാൻ നിൽക്കാതെ എല്ലാ പി എസ് സി പരീക്ഷകളും എഴുതാൻ ഉത്സാഹിക്കുമ്പോൾ തനിക്കും അഭിമാനം തോന്നും. പക്ഷേ ഇത്രവേഗം അവളാ സ്വപ്നം എത്തിപ്പിടിക്കുമെന്ന് താനും കരുതിയതല്ല..
അല്ല.. വേഗത്തിൽ എന്ന് പറഞ്ഞത് തന്റെ സ്വാ൪ത്ഥതയാണ്. അവൾക്ക് വയസ്സ് ഇരുപത്തിയാറായി. ജോലികിട്ടിയ ഉടനെ കല്യാണാലോചനകളും വരാൻ തുടങ്ങി. നല്ലൊരു ബന്ധം ഒത്തുവന്നപ്പോൾ അവളങ്ങ് പ്രഖ്യാപിച്ചു:
അച്ഛാ ഇത് മതി… എനിക്ക് വരുന്നവരുടെ മുന്നിൽ പോയിനിന്നും ചായകൊടുത്തും മടുത്തു.
താനും അവളുടെ ഇഷ്ടത്തിനേ പ്രാധാന്യം കൊടുത്തുള്ളൂ.. ചേച്ചിയുടെ കല്യാണമാകുമ്പോഴേക്കും അനിയനും ജോലിയായതിന്റെ സന്തോഷത്തിൽ വിഷ്ണു കുറച്ച് ലോണൊക്കെയെടുത്ത് വിവാഹം കേമമായി നടത്തി.
പക്ഷേ വിവാഹദിവസം അവളെ അനുഗ്രഹിക്കുമ്പോൾ തന്റെ പിടിവിട്ടുപോയി. കണ്ണ് നിറയുന്നത് മറ്റൊരും കാണാതിരിക്കാൻ വീട്ടിന് പിന്നിലേക്ക് നടന്നു.
രഘൂത്തമനെന്താ ഇവിടെ മാറിനിൽക്കുന്നത്?
അയൽവക്കത്തെ സിറിയക്കാണ്.
ചോദ്യം കേട്ടതും കണ്ണീരൊപ്പി തിരിഞ്ഞുകൊണ്ട് പറഞ്ഞു:
കണ്ണിൽ പുക കയറി അതാ..
അവളുടെ കണ്ണ് നനയിക്കാതെ പടിയിറക്കണമെന്ന് എക്കാലത്തെയും ആഗ്രഹമായിരുന്നു. എല്ലാം മംഗളമായി നടന്നു. പോകാൻനേരം അവൾ വേവലാതിയോടെ അച്ഛനെവിടെ എന്ന് തിരയുന്നത് ദൂരെ മാറിനിന്ന് നോക്കാനേ കഴിഞ്ഞുള്ളൂ..
അടുത്ത് ചെന്നാൽ ഒരു പൊട്ടിക്കരച്ചിലോടെ യാത്രയാക്കേണ്ടിവരും.. അതു വേണ്ട.. നെഞ്ചിൽ പൊട്ടിവന്ന വേദന കടിച്ചു പിടിച്ചു. അവരുടെ വാഹനം കടന്നുപോയതും കുഴഞ്ഞുപോയി. അടുത്തുകണ്ട കസേരയിലിരുന്നു.
മകൻ തേടിവന്ന് ചോദിച്ചു:
അച്ഛാ.. എന്താ അങ്ങോട്ട് വരാതിരുന്നത് ചേച്ചി ഇറങ്ങുമ്പോൾ?
അവനെനോക്കി വിക്കിവിക്കി പറഞ്ഞു:
ലേശം വെള്ളം..
അവൻ ധൃതിയിൽ വെള്ളമെടുത്ത് തന്നു. ചുണ്ടോടടുപ്പിച്ച് കുടിപ്പിക്കുമ്പോൾ അവൻ പറഞ്ഞു:
അച്ഛാ.. ഇങ്ങനെ സങ്കടം നെഞ്ചിൽ കെട്ടിവെക്കല്ലേ… അച്ഛനും കൂടി വീണുപോയാൽ പിന്നെ എനിക്കാരാ..
അവന്റെ മാറിൽ ചാരിക്കിടന്നുകൊണ്ട് പറഞ്ഞു:
എനിക്കൊന്നുമില്ലെടാ മോനേ.. അവളെ കരയിക്കേണ്ടെന്ന് കരുതിയാണ് അങ്ങോട്ട് വരാതിരുന്നത്..
അച്ഛൻ വാ, നമുക്ക് ചോറുണ്ണാം..
തള൪ച്ചയോടെ അവനൊപ്പം കഴിക്കാനിരുന്നു. അവൻ പതിയെ ഉരുളയുരുട്ടി വായിൽ വെച്ചുതന്നു.. പണ്ട് ശ്രീദേവി അവനെ ഊട്ടാറുണ്ടായിരുന്നതുപോലെ