May 31, 2023

തികഞ്ഞ ആത്മവിശ്വാസത്തോടെ വിനു എന്നേയും ചേർത്ത് പിടിച്ച് കിടക്കുന്ന ഈ രാത്രിയിൽ ഞാൻ ഏറെ സന്തോഷവതിയാണ്.എത്രയോ തവണ

രണ്ടാംകെട്ട്

രചന: സി കെ

തികഞ്ഞ ആത്മവിശ്വാസത്തോടെ വിനു എന്നേയും ചേർത്ത് പിടിച്ച് കിടക്കുന്ന ഈ രാത്രിയിൽ ഞാൻ ഏറെ സന്തോഷവതിയാണ്..

എത്രയോ തവണ സമൂഹത്തിന്റെ തുളച്ചുകയറുന്ന നോട്ടങ്ങളിൽ നിസ്സഹായതയോടെ തേങ്ങലടക്കിപ്പിടിച്ചുകൊണ്ട് നടന്നകന്നിട്ടുണ്ട്…

അതേ ഞാനും ഒരു പെണ്ണാണ്…പ്രായം പതിനഞ്ചു കഴിഞ്ഞതോടെ വീട്ടുകാർക്കുള്ളിൽ എന്നെക്കുറിച്ചുള്ള ആവലാതികൾ പലതായിരുന്നു…

അന്ന് കാലം അങ്ങനെയായിരുന്നു,അതുകൊണ്ടുതന്നെ എന്റെ ആഗ്രഹത്തെക്കാൾ മുകളിൽ അവരുടെ ശാഠ്യത്തിനു തന്നെയായിരുന്നു മുൻതൂക്കമുണ്ടായിരുന്നത്…

പത്താം ക്‌ളാസ് കഴിഞ്ഞ് ഇനി എന്തുചെയ്യണമെന്നു ആലോചിക്കുന്നതിനു മുന്നേ വിവാഹാലോചനകൾ പലതായി വന്നു തുടങ്ങിയിരുന്നു…

അതിലൊന്ന് തിരഞ്ഞെടുത്ത് അവരവരുടെ ബാധ്യത ഒഴിവാക്കി.
സ്ത്രീധനമല്ല,,സ്ത്രീതന്നെയാണ് ധനമെന്നു അതുവരെ വായാടിയവർക്ക് സ്വന്തം കാര്യമൊന്നോർത്തപ്പോൾ ആദർശങ്ങളെല്ലാം വെറുംവാക്കായി ഒതുങ്ങിത്തുടങ്ങിയിരുന്നു..

ഒരുകൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക് മാറ്റം കിട്ടിയ പക്ഷിയെപ്പോലെ വിവാഹത്തിൻ്റെ
ആദ്യനാളുകളിൽ ഞാൻ ഒതുങ്ങിക്കൂടി ജീവിച്ചു…

ഭർത്താവ് ഏതോ ഒരു കമ്പനിയിൽ നല്ലൊരു തസ്തികയിലാണെന്നു പെറ്റമ്മ മറ്റുള്ളവർക്കിടയിൽ വീമ്പു പറയുമ്പോൾ, കിടപ്പറയിലെ ഭോഗവസ്തുവായിമാത്രം എനിക്ക് സ്ഥാനം തന്ന അയാളിൽ ഒരിക്കലും നല്ലൊരു ഭർത്താവോ,പുരുഷനോ ഉണ്ടെന്ന് തോന്നിയിട്ടേയില്ലായിരുന്നു..

ഒരുമിച്ചു ജീവിക്കുമ്പോൾ ഏതെങ്കിലുമൊരു കാര്യത്തിലെങ്കിലും സാദൃശ്യം തോന്നിയിരുന്നെങ്കിൽ ഈ ജീവിതം എത്രയോ മനോഹരമായിരുന്നേനെ. ഞാൻ പലപ്പോഴും ഈശ്വരനോട് ഈ ജീവിതത്തിന്നൊരു മാറ്റം തരണേ എന്ന് കേണിരുന്നു…

അതിനിടയിൽ,പതിനാറാമത്തെ വയസ്സിൽ ഒരമ്മയായി മാറുമ്പോൾ ഉള്ളിലപ്പോഴും, ആ പത്താം ക്ലാസുകാരിയുടെ കുട്ടിത്തത്തിനും ബുദ്ധിക്കും ഒരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല..
എങ്കിലും പിന്നീടെപ്പോഴോ മോളുടെ കളിചിരികൾക്കിടയിലൂടെ മറ്റൊരുലോകം ശ്രദ്ധിച്ചുപോന്നിരുന്നതിനിടയിൽ ഈശ്വരവിധിപ്രകാരമാവാം എനിക്ക് അധികം താമസിയാതെ വിധവയാകേണ്ടിവന്നു…

എതിരെ വന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട്, അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിലേക്ക്

വന്ന് ഇടിക്കുകയായിരുന്നുവെന്ന് പിന്നീടാരൊക്കെയോ ചേർന്നു പറയുന്നത് കേട്ടു…
വിധിയോർത്തു കുറെ കരഞ്ഞു,സ്വവീട്ടുകാരുടെ തെറ്റായ നടപടിയോർത്തു ഞാനെന്നെത്തന്നെ ശപിച്ചുകൊണ്ടിരുന്നു…

കെട്ടിച്ചുവിട്ട ബാധ്യതകളവസാനിക്കുന്നതിനു മുന്നേ വിധവയായി തിരിച്ചു വീട്ടിലേക്ക് കയറിച്ചെല്ലേണ്ട മാനസികാവസ്ഥ ഒരു സ്ത്രീക്കും വന്നുപോകരുത് എന്ന് മനസ്സിൽ ഉരുവിട്ടുകൊണ്ട് പലപ്പോഴും വീട്ടിലുള്ളവരുടെ മറുപടിക്ക് മൗനം പാലിച്ചുകൊണ്ടേയിരുന്നു…

പിന്നീട്‌ മുലകുടി മാറിയതിന് ശേഷം മോളെ എന്റമ്മയെ ഏല്പിച്ചുകൊണ്ട് പുതുതായി തുടങ്ങുന്ന തുണിക്കടയിലേക്കു സെയിൽസ് ഗേളായി പോയി തുടങ്ങി…

പത്തുനാൽപ്പതു ജോലിക്കാർക്കിടയിൽ ഞാനുമൊരാളായികൂടി തുടങ്ങിയതിൽപിന്നെ പകലന്തിയോളം മറ്റൊന്നും ചിന്തയിലില്ലാതെ ജോലി ചെയ്തു തുടങ്ങും…

പുതുതായി കല്യാണം കഴിഞ്ഞവരും, അല്ലാത്തവരുമായ അവരുടെ ജീവിത സന്തോഷങ്ങൾ പങ്കിടുമ്പോൾ അവർക്കിടയിൽ ഒരു കാണിയായി പുറമെ ചിരിച്ചും , ഉള്ളിൽ കരഞ്ഞു ഞാനങ്ങു നിൽക്കും…

കാണുന്നവർക്കെല്ലാം അതിനി കുടുംബക്കാരായാലും ,ചുറ്റുമുള്ളവരായാലും, ശോഷിച്ച എന്റെ ശരീരത്തെക്കുറിച്ചു എന്നോട് പറഞ്ഞു മനസ്സിലാക്കാൻ മാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ…
എന്റെ മനസ്സിന്റെ വിങ്ങലോ,ഞാനെന്ന പെണ്ണിന്റെ നോവോ ഒന്നുംതന്നെ ആരും അറിയാൻ ശ്രമിച്ചതേയില്ല…

കൂടെ ജോലി ചെയ്യുന്ന ലക്ഷ്മിക്ക് കുട്ടികൾ രണ്ടായി, അവരവരുടെ ജീവിത കഥകൾ പലപ്പോഴും ചെറുപുഞ്ചിരിയോടെ എനിക്കൊപ്പമിരുന്നു പങ്കിടുമ്പോൾ എനിക്കോർക്കാനുള്ളത് കൈപ്പുനിറഞ്ഞ വിവാഹകമ്പോളത്തെ കുറിച്ചായിരുന്നു…

എന്റെ തകർന്നുപോയ ജീവിതത്തെക്കുറിച്ചോർത്ത് എത്രയോ രാത്രികളിൽ സ്വയമാശ്വാസമെന്നോണം കണ്ണുകളിൽ നിന്നും വികാരങ്ങളെ ഒരു ലാവകണക്കെ പുറത്തേക്കൊഴുക്കി കളഞ്ഞിരിക്കുന്നു.എന്നിട്ടെന്റെ തകർന്നുപോയ ജീവിതത്തെക്കുറിച്ചോർത്ത് നെടുവീർപ്പിട്ടിരിക്കുന്നു…

പഴയതെല്ലാം ഓർത്തോർത്തു കണ്ണു പൊഴിഞ്ഞെന്നായപ്പോൾ ഇടത്തേ കയ്യൊന്നു
കട്ടിലിൽ കുത്തി ഞാൻ മോളെ മറികടന്ന് അവന്റെ ദേഹത്തേക്ക് മെല്ലെ ചേർന്നുകിടന്നു…
“ദേവൂ…. നേരം വെളുക്കാറായിട്ടൊ…

ഇങ്ങനെപോയാൽ രാത്രിയിലെ ക്ഷീണം പകല് മുഴുവനും ഉറങ്ങിതീർക്കേണ്ടിവരും… ”
“വിനൂ…!

ഇടക്കെപ്പഴോ ചോദിക്കാൻ വെച്ചിരുന്നതാണ്.. ആക്കാര്യം ഞാനിപ്പോ ചോദിച്ചോട്ടെ…?””അതിനെന്താ ..!

ഉത്തരമറിയുന്നതാണേൽ നിന്റെ സംശയം നമുക്ക് ഇന്നേ തീർക്കാല്ലോ…!”
” വിനു എന്തിനാ സ്വന്തം ജീവിതം കളഞ്ഞ് ഒരു രണ്ടാംകെട്ടിനു മുതിർന്നെ….?””അതിന് എന്റെ ജീവിതം ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ലല്ലോ..

.പിന്നെ ജീവിതമല്ലേ…, ചില തെറ്റുകൾ പ്രകൃതി തന്നെ തിരുത്താൻ അവസരമൊരുക്കും..
.അത് ഞാനങ്ങു നടത്തി അത്രമാത്രം… ”

“തല തിരിഞ്ഞ ഓരോ കാര്യങ്ങളൊക്കെ പറഞ്ഞ് എന്റെ വായ അടപ്പിക്കാണോ വിനു…?”
“എന്തിന്…?? ദേവൂ നല്ല കുട്ടിയാണ്.എന്റെ വീട്ടുകാരൊക്കെ നിന്നെക്കുറിച്ചും, നിന്റെ ചുറ്റുപാടുകളെക്കുറിച്ചും അന്വേഷിച്ചതുമാണ്..

പിന്നെ ഇഷ്ടം തോന്നിയപ്പോൾ അതു തുറന്നു പറഞ്ഞു… !കണ്ടാൽ ഇപ്പോഴും ചെറുപ്പക്കാരിയല്ലേ…

കാഴ്ചയിൽ ഒരു കുഞ്ഞിന്റെ അമ്മയാണെന്നു ആരും പറയില്ലല്ലോ…?” “ഇക്കാര്യംകൊണ്ട് മാത്രം ആരെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കോ…?

തന്നെയുമല്ല മറ്റൊരാളുടെ കുഞ്ഞിന് ജന്മം നൽകിയ പെണ്ണല്ലേ ഞാൻ…!?” “അതുകൊണ്ടെന്താ…?

ഞാൻ ചിന്തിച്ചപ്പോൾ ഈ ബന്ധം അവസാനിപ്പിക്കാനുള്ള ഒരു കാരണമായി അതൊന്നും എനിക്ക് തോന്നിയിരുന്നില്ല…എന്തൊക്കെ പറഞ്ഞാലും അധികമാരും കടന്നുചെല്ലാത്ത മനസ്സാ തന്റേത് …

പിന്നെ അവിടെ മറ്റൊന്നിനും ഒരു പ്രസക്തിയുമില്ല… പിന്നെ ഒരു കാര്യം ദാ..നേരം പരപരാ വെളുത്തു ഇനി കുറച്ചുനേരം ഞാനൊന്നുമയങ്ങട്ടെ…. ”

അങ്ങിനെ മനസ്സില്ലാ മനസ്സോടെ കട്ടിലിൽ നിന്നും ഇറങ്ങി മുഖമൊന്നു കൈകൊണ്ടു തുടച്ചു തലമുടിയൊന്നു മടക്കിക്കെട്ടി കണ്ണാടിയിലേക്കു നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് കുറ്റിയിട്ട വാതിലും തുറന്ന് അവള് നടന്നുപോകുന്ന കാഴ്ച്ച കണ്ണടക്കാതെ ഞാൻ നോക്കിനിന്നു…!

സത്യം പറഞ്ഞാൽ മനസ്സറിഞ്ഞ് ഉറങ്ങിതുടങ്ങിയത്ഈ അടുത്ത കാലത്താണ്.. വർഷമെത്ര കഴിഞ്ഞാലും ചെയ്ത പാപം നമ്മളെ വേട്ടയാടുമെന്നുള്ളത് എത്ര ശരിയായ കാര്യമാണ്…അന്നൊരു വെള്ളിയാഴ്ച യായിരുന്നു…

എല്ലാ പ്രശ്ങ്ങൾക്കിടയിലും സിരകളെ തളർത്തിക്കൊണ്ട് മറ്റൊരു ലോകം മനുഷ്യന് സമ്മാനിക്കാൻ മദ്യത്തെ കഴിഞ്ഞിട്ടേ മറ്റെന്തിനുമുള്ളു എന്ന ചിന്തയായിരുന്നു ആ രാത്രി എനിക്ക് വിനയായി മാറിയത്…

ദുഷിച്ച ചിന്തകൾ മനസ്സിനെ തളർത്തി തുടങ്ങിയപ്പോൾ എന്റെ വാഹനത്തിന്റെ വേഗം കൂട്ടിയത് ഇനി ജീവിക്കണമെന്ന ആശ തീരെ ഇല്ലാത്തതുകൊണ്ടായിരുന്നു…

പക്ഷേ അതിൽ ബലിയാടായത് ഒരു പാവം മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും…
സാരമായ പരിക്കുകളോടെ പേരറിയാത്ത ആ അജ്ഞാതനോടൊപ്പം എന്നെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഒരിക്കലും എന്റെ കാരണത്താൽ മറ്റൊരു മനുഷ്യന്റെ ജീവൻ പൊലിയുമെന്നു കരുതിയിട്ടില്ലായിരുന്നു…

ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിൽ വന്നതിനു ശേഷം എങ്ങനെ ചെയ്ത തെറ്റ് തിരുത്തും എന്നതായിരുന്നു എൻ്റെ ചിന്തകൾ.

അതിനുള്ള വഴിയെന്നോണം പിന്നീടാ കുടുംബത്തെ തേടിയുള്ള യാത്രയായിരുന്നു…
ആ യാത്രയുടെ അവസാനം ഞാൻ കണ്ടത് കൈക്കുഞ്ഞുമായി നിൽക്കുന്ന
അദ്ദേഹത്തിന്റെ ഭാര്യ ദേവു എന്നൊരു സ്ത്രീയെ ആയിരുന്നു…

അതെന്നെ ഏറെ വേദനിപ്പിച്ച കാഴ്ചയായിരുന്നു. പിന്നീട് ഞാൻ കാത്തിരുന്നു..
അതിനിടയിൽ എന്നിൽ പിടിമുറുക്കിയ വിട്ടുമാറാത്ത മദ്യാസക്തിയെ ഏറ്റവുമധികം വാശിയോടുകൂടിതന്നെ ഞാൻ ഒഴിവാക്കാൻശ്രമിച്ചു…

അതുമൂലം കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ നികത്താൻ എനിക്ക് സാധിച്ചു..ഒടുവിൽ വയസ്സേറിയെന്നായപ്പോൾ അമ്മയുടെ ചോദ്യങ്ങൾക്കുമുന്നിൽ ദേവുവിന്റെ കഥ ഞാൻ പറഞ്ഞു കൊടുത്തു…

വീട്ടുകാർക്കും എന്റെ തീരുമാനത്തോട് വിയോജിപ്പൊന്നുംതന്നെ ഉണ്ടായിരുന്നില്ല…
ഇനി അവർക്കൊരു താങ്ങാവേണ്ടത് എന്റെ കടമയാണെന്ന ബോധ്യത്തോടുകൂടി അവളുടെ വീട്ടിൽ ചെന്ന് പെണ്ണാലോചിച്ചു…

ഒടുവിൽ വിവാഹവും കഴിച്ചു… വിവാഹം കഴിഞ്ഞ ആദിവസം തന്നെ എല്ലാം തുറന്നുപറയാൻ ഒരുക്കമായിരുന്നുഞാൻ…പക്ഷെ വിധിയോർത്തു കരഞ്ഞ നിമിഷങ്ങളിലെല്ലാം ആരെയെന്നോ എന്തെന്നോ ഇല്ലാതെ ഒരുപാട് ശപിച്ചിട്ടുണ്ടാവും അവൾ…

ആ ശാപത്തിന്റെ ഏറിയ പങ്കും എനിക്കുമേലെ വീണിട്ടുമുണ്ടാവും…അതുകൊണ്ട് ഇനി തുറന്നു പറച്ചിലിനെക്കാളും പരസ്പരം സ്നേഹിച്ചു തുടങ്ങട്ടെ എന്നു കരുതി..എന്നിലുള്ള ദുരൂഹതകളെല്ലാം എന്നോടൊപ്പം ഈ മണ്ണിലലിഞ്ഞു തീരുകയും ചെയ്യട്ടെ…

ഇനിയങ്ങോട്ട് കടമയുള്ളൊരു ഭർത്താവാണ് ഞാൻ, സ്വപ്‍ങ്ങളുള്ളൊരു അച്ഛനാണ് ഞാൻ…
ദാ….ഇങ്ങനെ ഈകട്ടിലിൽ എന്നോടൊപ്പം ചേർന്നുകിടക്കുന്ന മോളെയും ചേർത്തുപിടിച്ച്, ചെയ്ത തെറ്റുകൾക്ക് ഈശ്വരനോടെനിക്ക് മാപ്പപേക്ഷിക്കുകയും ചെയ്യണം…

ദാ… കുളികഴിഞ്ഞു ഈറനോടെ വരുന്നുണ്ടവൾ.ഇനി എന്റെ മുഖത്തെ ഈ വിഷാദഭാവം കണ്ടാൽ അതായിരിക്കും അടുത്ത ചോദ്യം…

കണ്ണടച്ചു കിടക്കട്ടെ…. ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ഇതുവരെയുള്ളത്
വെറും സ്വപ്‌നമായി മാറട്ടെ..ഇനിയങ്ങോട്ട് ഇവർക്കായി മറ്റൊരു ലോകവും പണിയട്ടെ…!
😍സി.കെ😍

Leave a Reply

Your email address will not be published.