June 1, 2023

കിടപ്പുമുറിയിലെ നിലക്കണ്ണാടിക്കു മുന്നിൽ നിന്ന്, വർഗ്ഗീസ് കുര്യൻ തലമുടി ചീകിമിനുക്കി.സ്വന്തം പ്രതിബിംബത്തേ നോക്കി പുഞ്ചിരിച്ചു.

ടെസ്സ

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

കിടപ്പുമുറിയിലെ നിലക്കണ്ണാടിക്കു മുന്നിൽ നിന്ന്, വർഗ്ഗീസ് കുര്യൻ തലമുടി ചീകിമിനുക്കി.
സ്വന്തം പ്രതിബിംബത്തേ നോക്കി പുഞ്ചിരിച്ചു.

ഖദർ വേഷ്ടിയിൽ താൻ നൂറു ശതമാനം പ്രൗഢിയിൽ തന്നെയെന്ന് ഒരാവർത്തി കൂടി ഉറപ്പിച്ചു….
സാരി ചുറ്റിക്കൊണ്ടിരുന്ന ഭാര്യയോട് ഇത്തിരി കുസൃതിയുടെ ചേരുവ ചേർത്ത് ചോദിച്ചു….
” എങ്ങനെണ്ട ടീ…. മേര്യേ…..

ഞാൻ ചുള്ളനായില്ലേ….??? “പൊക്കിൾച്ചുഴിക്കു താഴെ സാരിത്തലപ്പു വലിച്ചുകുത്തി ചുളിവുകൾ തീർക്കുമ്പോൾ, മേരി കണ്ണാടിയിൽ നിന്നും ദൃഷ്ടി പിൻവലിക്കാതെ മറുപടി പറഞ്ഞു….” ന്റെ വർക്കിച്ചാ…..

പ്രായം നാൽപ്പതു കഴിഞ്ഞൂന്ന് എടക്കിടക്ക് ഓർക്കണത് നല്ലതാ ട്ടാ….രണ്ട് ക്ടാങ്ങളുള്ളത് യുപി സ്കൂളിലാ…ഇത്ര മതി ഒരുങ്ങീത്….ചെന്നിയൊക്കെ നരച്ചൂ ട്ടാ….

നിങ്ങള് വേഗം നരയ്ക്കണതാ നല്ലത്….പഞ്ചാരക്കുഞ്ചുവല്ലേ….. “കുത്തിവളച്ച വില്ലിന്റെ ആകൃതി വരുത്തിയ പുരികങ്ങൾക്കു മേലെ കരിയുടെ വരകളാൽ കൃത്യത വരുത്തി,മേരി തിരിഞ്ഞു നിന്നു…
.
” ഇപ്പോ, നടി ശോഭനേടെ പോലെയുണ്ട്…സൂപ്പർ….ഷേപ്പൊന്നും മാറീട്ടില്ല….പക്ഷേ….

എനിക്കിഷ്ടം വിദ്യാ ബാലന്റെ പ്രകൃതിയാണ്….ചിലയിടത്തൊക്കെ ഇത്തിരി കൂടി പോരാനുണ്ട്…..
എന്നാൽ പൊരിച്ചേനേ…..”

വർഗ്ഗീസിന്റെ അഭിപ്രായപ്രകടനത്തിൽ തരളിതയായി നിന്ന മേരിയിൽ, ഒരു മധുരച്ചിരി വിടർന്നു….
“ക്ടാങ്ങള് ഉമ്മറത്തുണ്ട്….

അവരുടെയൊക്കെ യാത്രയാകൽ കഴിഞ്ഞൂന്ന് തോന്നണ്….നിങ്ങളൊന്നു പുറത്തിറങ്ങ്യേ….ഞാൻ, ദേ വരണൂ…..”

പുറംതിരിഞ്ഞ് അവസാനവട്ടം ചന്തം നോക്കുന്ന മേരിയുടെ അരക്കെട്ടിൽ പതിയെയൊന്നു പീച്ചി, വർഗ്ഗീസ് ഉമ്മറത്തേക്ക് നടന്നു….” നിങ്ങളെന്റെ സാരീ ചീത്ത്യാക്കും….”

എന്നു ശാസിച്ച്, മേരി ഉടൽക്കിടുക്കങ്ങളേ അതിജീവിച്ചു…..വർഗ്ഗീസും മേരിയും അകത്തളത്തിലേക്ക് വന്നു.രണ്ടു പെൺകുട്ടികളും നേരത്തേ ഒരുങ്ങി നിന്നിരുന്നു.

അലുക്കുകളുള്ള ഉടുപ്പുകളിൽ അവർ മാലാഖമാരേപ്പോലെ വിളങ്ങി.വർഗീസിന്റെ അമ്മച്ചിയും, അനുജൻ ആന്റണിയും തയ്യാറായി കാത്തിരിപ്പുണ്ടായിരുന്നു.” എന്തൊരു ഒരുക്കമാടാ ഇത്…?

ഞങ്ങള് കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായല്ലോ….സത്യത്തിൽ, പെണ്ണുറപ്പിക്കാൻ പോകുന്നത് നിനക്കോ ആന്റണിക്കോ…?വേഗം ഇറങ്ങാം….

അങ്ങോട്ട് കുറച്ചധികം ദൂരമുള്ളതല്ലേ…”അമ്മച്ചിയുടെ ശാസനയിൽ സ്നേഹമധുരം അലിഞ്ഞു ചേർന്നിരുന്നു.”വല്ല്യ പുള്ളിയല്ലേ വർക്കിച്ചൻ….

അടുത്ത തവണ നഗരസഭാ കൗൺസിലറോ, അതോ എംഎൽഎയോ ആകുമെന്നുള്ളതിൽ സംശയമില്ല….പാർട്ടി സീറ്റു കൊടുക്കുമെന്നുറപ്പാണ്…

ജനകീയനല്ലേ…. ജയിക്കും… തീർച്ച…അതിന്റെ ജാഡയാ അമ്മച്ചീ”

മേരിയുടെ മറുപടിയിൽ അകത്തളമാകെ ചിരിയലകളുയർന്നു…നടയകത്തേ ഭിത്തിയിൽ മാലയിട്ടലങ്കരിച്ച അപ്പച്ചന്റെ ഫോട്ടോക്കു താഴെ ഒരു നിമിഷം എല്ലാവരും ധ്യാനനിരതരായി നിന്നു.

പതിയേ പുറത്തു കടന്നു….വർഗ്ഗീസാണ് ഡ്രൈവ് ചെയ്തത്….കാർ ദൂരങ്ങൾ താണ്ടി മുന്നോട്ടോടിക്കൊണ്ടിരുന്നു….ആന്റണിയുടെ പെണ്ണുറപ്പിക്കൽ ചടങ്ങാണ്….

ടൗണിൽ ടെക്സ്റ്റൈൽ ഷോപ്പുകൾ രണ്ടെണ്ണമുണ്ട് ആന്റണിക്ക്….സമർത്ഥനാണ്… സുമുഖനാണ്… സത്സ്വഭാവിയാണ്….മുപ്പത്തിരണ്ട് വയസ്സായി…

കല്യാണത്തിനോട് അകലം പാലിച്ചു നടന്നിരുന്ന അവന്റെ മനസ്സിന്റെ താരള്യങ്ങളിലേക്ക് ഒരു പെൺകുട്ടി കടന്നു വന്നിരിക്കുന്നു…ജില്ലയ്ക്കപ്പുറത്തു നിന്നും…..

ടെസ്സ….സോഷ്യൽ മീഡിയയിലെ ഏതോ ഗ്രൂപ്പിൽ നിന്നാണവൾ ആന്റണിയുടെ മനസ്സിന്റെ അഡ്മിനായത്….പഴയ തറവാട്ടുകാർ….സ്വജാതി….

മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്നു…ഉയർന്ന വിദ്യാഭ്യാസം….. സാമ്പത്തികം.വീട്ടിൽ ഈ വിഷയം ചർച്ചക്കു വന്നപ്പോൾ ആരും എതിരുപറഞ്ഞില്ല…പെൺകുട്ടിയേ കണ്ടു ബോധിച്ചാൽ, എടുപിടീന്നു വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്കു പോകാം…..”അമ്മച്ചീ….

എനിക്ക് പെൺകുട്ടീനേ കാണാൻ തിടുക്കമായി….ഈ അന്തോണിച്ചന്റെയൊരു സസ്പെൻസ്…..
ഒരു ഫോട്ടോ കൂടി കാട്ടിത്തന്നില്ല കള്ളൻ…ഒരു കാര്യം തീർച്ചയാണേ….

ടെസ്സ അതിസുന്ദരിയാവും….അല്ലെങ്കിൽ മ്മടെ അന്തോണിച്ചൻ വീണുപോകില്ല….”പിൻസീറ്റിലിരുന്ന് മേരി പറഞ്ഞു….അതിനു മറുപടി വർഗ്ഗീസാണ് പറഞ്ഞത്…

“മേര്യേ….നിന്റെ ഗ്ലാമറ് കട്ടപ്പുറത്തു കേറും ന്നാ തോന്നണേ….സാരല്ല്യാ….

നീ നല്ല ചേച്ചിയമ്മയായി നിന്നാ മതി…പക്ഷേ,നിന്റെ നോമ്പും വ്രതോമൊന്നും ആ ക്ടാവിനോട് ഷെയർ ചെയ്യണ്ടാ ട്ടാ….അന്തോണി കഷ്ടത്തിലാവും…”

ദൂരങ്ങൾ താണ്ടി, വാഹനം ഓടിക്കൊണ്ടിരുന്നു….ദേശീയപാതയുടെ തിരക്കുകളിൽ നിന്നും നാട്ടുവഴിയിലേക്കു തിരിഞ്ഞായി സഞ്ചാരം….നാടിന്റെ നന്മയുടെ ചേലുള്ള കാഴ്ച്ചകൾ പാതോയരങ്ങളിൽ താലമെടുത്തു നിന്നു..കുറേ ദൂരം കൂടി മുന്നോട്ടു പോയപ്പോൾ ആന്റണി മന്ത്രിച്ചു….” ഇടത്തേ സൈഡിൽ കാണുന്ന നീലമതിലിന്റെ ഗേറ്റ്…..

അവളുടെ വീടെത്തി….”ഗേറ്റിനപ്പുറം, വിശാലമായ മുറ്റം നീണ്ടു കിടന്നു…ഇരുവശങ്ങളിലും നിറഞ്ഞു പൂവിട്ട രാജമല്ലികൾ….മഞ്ഞച്ചെമ്പകങ്ങൾ…. ലാങ്കിലാങ്കികൾ..

തണൽക്കുട നിവർത്തിയ മാഞ്ചുവട്ടിലേ കമ്പിയഴിക്കൂട്ടിൽ ചിറകടിക്കുന്ന പ്രണയപ്പക്ഷികളുടെ വർണ്ണശബളിമ…സുഭഗമായൊരു പശ്ചാത്തലം….സ്വീകരണം അതീവഹൃദ്യമായിരുന്നു…

ടെസ്സയുടെ മാതാപിതാക്കൾ, അവരുടെ കൂടപ്പിറപ്പുകൾ അത്രയും വേണ്ടപ്പെട്ടവരേ അവിടെയുണ്ടായിരുന്നുള്ളൂ….

ടെസ്സയുടെ അമ്മച്ചിക്ക്, അപ്പച്ചനേക്കാൾ ഏറെ പ്രായവ്യത്യാസം തോന്നിപ്പിച്ചു….അപ്പച്ചന് ഏക്കറുകണക്കിനു ഭൂസ്വത്തുണ്ട്….കർഷകനാണ്….

അമ്മച്ചി അടുത്തുള്ള ടൗണിൽ ബ്യൂട്ടിപാർലർ നടത്തുന്നു….കാഴ്ച്ചയിൽ വല്ലാത്തൊരു മാദകത്വം അവർക്കിപ്പോഴുമുണ്ട്…..മേരിയുടേയും, കുട്ടികളുടേയും അമ്മച്ചിയുടേയും ഇടയിൽ നിന്ന്, ടെസ്സ വർഗ്ഗീസിനരികിലേക്കു വന്നു…

നിറപുഞ്ചിരിയോടെ നിന്നു….വർഗ്ഗീസ്, സ്മിതം വിടർന്ന വദനത്തോടെ അവളെ നോക്കി….വശ്യസുന്ദരമായ മുഖം….നിലാവു പോലുള്ള പുഞ്ചിരി….

ലളിതമായ വസ്ത്രധാരണം….നക്ഷത്രദീപ്തിയുള്ള മിഴിയിണകൾ…ഇവൾ…..ഇവളെ എവിടെ വച്ചാണ് ഞാൻ കണ്ടത്…അയാൾ ഓർമ്മകളിൽ പരതി….

പൊടുന്നനേ, വർഗ്ഗീസിന്റെ മുഖത്തേ ചിരി മാഞ്ഞു….ഹൃദയത്തിൽ ഉൾക്കിടിലങ്ങളുണ്ടായി….

ഓർമ്മകൾ ആറേഴു മാസം പുറകിലേക്കു സഞ്ചരിച്ചു…..പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിനായി മൂന്നു ദിവസത്തോളം നീണ്ട മഹാനഗരത്തിലെ, കായൽക്കരയിലുള്ള ഫ്ലാറ്റിലെ താമസം…

അവസാനദിവസം സായന്തനത്തിൽ ഫ്ലാറ്റിലെ ആഡംബര മുറിയിലേക്ക് കടന്നുവന്നവൾ….
തീഷ്ണയൗവ്വനം പേറുന്ന, ഭാവി വാഗ്ദാനങ്ങൾക്ക് രാഷ്ട്രീയാന്തപ്പുരങ്ങളിലെ കൊച്ചമ്മമാരുടെ ഉപഹാരം….

കൂട്ടിക്കൊടുത്തും, സ്വയം സമർപ്പിച്ചും അധികാരകേന്ദ്രങ്ങളുടെ ഇടനാഴികളിലൂടെ സ്വച്ഛസഞ്ചാരം നടത്തി തൻകാര്യം പ്രാപ്തരാക്കുന്ന മഹിളകൾ, ഇഷ്ടകാര്യസിദ്ധിക്കായി നേതൃത്വനിരയിലെ കൊമ്പൻമാർക്ക് തരുണികളേ ഏർപ്പെടുത്താറുണ്ട്…

താൻ സ്ത്രീ വിഷയത്തിൽ ഏറെ ചഞ്ചലനായിരുന്നുവെന്ന് പരസ്യമായ രഹസ്യമാണല്ലോ…..
പക്ഷേ…..

അന്ന് ഇവൾ പറഞ്ഞ പേര് ടെസ്സ എന്നായിരുന്നില്ലല്ലോ….ശീതം നിറഞ്ഞ മുറിയകത്തേ വലിയ ശയ്യയിൽ വിയർപ്പിൽ മുങ്ങിയ രണ്ടു ദേഹങ്ങൾ മാത്രമായി ഒട്ടിച്ചേർന്നു കിടക്കുമ്പോളും അവളിൽ നിന്നും ഏതോ മുന്തിയ പെർഫ്യൂം ഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു….

അവളുടെ പുറംഭാഗത്ത്, വലതുതോൾപ്പലകക്കു കീഴെയുള്ള വലിയ മറുകു നോക്കി പാടിയ ആ ശൃംഗാരഗീതം ഇപ്പോഴും കാതിലുണ്ട്…”കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു,കസ്തൂരി മറുകുള്ള വർണ്ണക്കിളീ..”

എല്ലാം കഴിഞ്ഞ്,ബെഡ്ഷീറ്റും വാരിച്ചുറ്റി കുളിമുറിയിലേക്കു പോകും മുൻപേ അവൾ ലെൻസ് കിടക്കയിലേക്കു വരത്തക്ക വിധത്തിൽ വച്ചിരുന്ന മൊബൈൽ ഫോണെടുത്തു കയ്യിൽ പിടിച്ചു….
കുളി കഴിഞ്ഞു, ചമഞ്ഞൊരുങ്ങി പുറത്തു പോകാൻ വാതിൽ തുറന്നപ്പോൾ അവളോട് ചോദിച്ചു….
“നീ മൊബൈൽ ഫോണിൽ….????”

വാതിൽ തുറന്ന്, നീണ്ട ഇടനാഴിയിലേക്ക് കടന്നുനിന്ന് അവൾ മറുപടി പറഞ്ഞു…
“ഉവ്വ്…. പകർത്തിയിട്ടുണ്ട്….

സാധാരണ പുരുഷൻമാരാണ് ഇത്തരം കാര്യങ്ങൾ ചെയ്യുക….പക്ഷേ….നിങ്ങളേപ്പോലുള്ള, ഭാവിയുടെ വാഗ്ദാനങ്ങളുടെ പൊയ്മുഖങ്ങൾ ഞങ്ങൾ പെൺകുട്ടികളാണ് ഇപ്പോൾ ഒപ്പിയെടുക്കുന്നത്….ഭീഷണിക്കല്ലാ… ട്ടോ

കാര്യസാധ്യങ്ങൾക്ക്……ചിലരുടെ ഭാഷയിൽ ഹണി ട്രാപ്പ്….അപ്പോൾ ശരി…. ട്ടാ….

വീട്ടിലെ ചേച്ചിയോടു അന്വേഷണം പറയണം….നേരത്തെ, ആവേശത്തിനിടയിൽ ചേച്ചിയുടെ നോമ്പുകളേക്കുറിച്ചും ഉപാസനകളേക്കുറിച്ചും പറഞ്ഞിരുന്നുവല്ലോ….

നിങ്ങളേപ്പോലുള്ളവരുടെ പകൽമാന്യതയുടെ മുഖപടങ്ങൾ അഴിഞ്ഞു വീഴാത്തത് ആ പാവങ്ങളുടെ പ്രാർത്ഥനകൾ കാരണമാണ്….കാണാതിരിക്കാൻ ശ്രമിക്കുക….

ബൈ….”അവൾ ഇടനാഴിയിലൂടെ നടന്നു മറഞ്ഞു…”എന്താണ് ചിന്തിക്കുന്നത്….

എന്നെക്കണ്ടപ്പോൾ ആ പഴയ പാട്ട് ഓർമ്മ വന്നോ….?മൊബൈൽ ഫോണിൽ അത് ഭദ്രമായുണ്ട്….
വരുംകാല രാഷ്ട്രീയ പ്രതിഭ വർഗ്ഗീസ് കുര്യന്റെ കാര്യപ്രാപ്തിയുടെ വ്യക്തമായ തെളിവുകൾ….
ആന്റണി പാവമാണ്….

എത്ര വേഗമാണ് അവൻ പ്രണയപരവശനായത്….അവനേ ഞാൻ നേടുക തന്നേ ചെയ്യും…കേട്ടോ…..”

ടെസ്സയുടെ പതിഞ്ഞ വാക്കുകളാണ് വർഗ്ഗീസിനെ ഉണർത്തിയത്….അയാൾ മറുപടി പറഞ്ഞില്ല….

പരിചയപ്പെടലുകൾക്കും, സൗഹൃദഭാഷണങ്ങൾക്കുമൊടുവിൽ സുഭിക്ഷമായ ഭക്ഷണമൊരുങ്ങി….
ആതിഥേയത്വത്തിന്റെ മാസ്മരികത എങ്ങും നിറഞ്ഞു…മടക്കം…”ആന്റണീ….വണ്ടി നീയെടുത്തോളൂ….

ഞാൻ സൈഡിലിരിക്കാം….തലവേദനിക്കുന്നു…..”വർഗ്ഗീസ് സൈഡ് സീറ്റിലിരുന്നു….കാർ മുന്നോട്ടു നീങ്ങി….

പുറകിലേ ഇരിപ്പിടങ്ങളിൽ നിന്നും മേരിയുടേയും കുട്ടികളുടേയും അമ്മച്ചിയുടേയും കലപില തുടർന്നു….

” ടെസ്സ, സുന്ദരിയല്ലേ വർക്കിച്ചാ…?”മേരിയുടെ കുനുഷ്ട്…..

വർഗ്ഗീസ് കുര്യൻ അതിനു മറുപടി പറഞ്ഞില്ല….അയാളുടെ ഉൾക്കണ്ണിൽ, ടെസ്സയുടെ പുറകുവശത്തേ വലത്തേ തോൾപ്പലകക്കു കീഴെയുള്ള ആ മറുകായിരുന്നു…..ഒപ്പം….

എങ്ങനെ ഈ വിപത്തിനെ അതിജീവിക്കും എന്നുള്ള ചിന്തകളും….കാർ ഓടിക്കൊണ്ടേയിരുന്നു……
ടാർ നിരത്തിന്റെ മാറും പിളർന്ന് ചക്രങ്ങൾ അമിതവേഗത്തിൽ പാഞ്ഞു.ഒരു കൊടും വളവു തിരിയുന്നതിനിടയിലാണതു സംഭവിച്ചത്.’റോംഗ് സൈഡ്’ കയറി വന്ന മറ്റൊരു വാനുമായി കാർ കൂട്ടിയിടിച്ചു.കൂട്ട നിലവിളികളുയർന്നു.

എട്ടു മാസങ്ങൾക്കു ശേഷം…..രാത്രി, ഏറെ വൈകിയാണ് ആന്റണി കിടപ്പുമുറിയിലെത്തിയത്.

ടെസ്സ അന്നേരവും, ഏതോ വാർത്താ ചാനലിന്റെ അവതാരകന്റെ ഉച്ചഭാഷണങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു.”വർഗ്ഗീസ് കുര്യന്റെ അപ്രതീക്ഷിത നിര്യാണമാണ്, ആന്റണി കുര്യന്റെ നിയമസഭാ പ്രവേശനത്തിനു വഴിയൊരുക്കിയത്…..”

ചർച്ചകൾ തുടർന്നു കൊണ്ടേയിരുന്നു.നിയുക്ത എംഎൽഎ, ടെസ്സയെ ഗാഢം പുണർന്നു.
അവൾ, പരുക്കിന്റെ കലകൾ നിറഞ്ഞ അയാളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
ഭാര്യയുടെ അനാവൃതമായ ഉടലിലെ, വലതു തോൾപ്പലകയ്ക്കു താഴെയുള്ള മറുകിനെ താലോലിച്ച് ആന്റണി പതിയേ മൂളി.

“കണ്ണിനും കണ്ണാടിയ്ക്കും കാണാത്തിടത്തൊരു,കസ്തൂരി മറുകുള്ള വർണ്ണക്കിളീ….”
ടെസ്സ, അതു കേട്ട് കിലുകിലേ ചിരിച്ചു..ഉന്മത്തമായ രാവു നീണ്ടു.പുലരിയിലേക്ക്…..

Leave a Reply

Your email address will not be published.