January 30, 2023

“ആണുങ്ങളായാൽ കുറച്ചൊക്കെ വലിയും കുടിയുമൊക്കെ കാണും..എന്നു കരുതി ഈ വിവാഹാലോചന നടത്താതിരിക്കുന്നത് എങ്ങനാടീ

രചന: സുധീ മുട്ടം

“ആണുങ്ങളായാൽ കുറച്ചൊക്കെ വലിയും കുടിയുമൊക്കെ കാണും..എന്നു കരുതി ഈ വിവാഹാലോചന നടത്താതിരിക്കുന്നത് എങ്ങനാടീ…എല്ലാം കൂടിയൊത്തു വന്നതാ. നീയായിട്ടിനു മുടക്കരുത്….”

“അമ്മയെന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിനു സമ്മതിക്കത്തില്ല…” “ഓ..നിനക്കുള്ളവൻ പറന്നു വരുമായിരിക്കും..ഉഗാണ്ടയിൽ നിന്ന്…”

അമ്മയുടെ മുറുമുറുപ്പ് കൂടി വരുന്നതെയുള്ളൂ..ഒരുപാട് ആലോചനകൾ വന്നെങ്കിലും എല്ലാം പലപല കാരണങ്ങളാൽ മുടങ്ങിപ്പോവുകയാണ് പതിവ്.ഒടുക്കും എനിക്ക് തന്നെ മടുപ്പായി…
അങ്ങനെ ഇരിക്കുമ്പഴാണ് മനോജിന്റെ ആലോചന വരുന്നത്. അയാളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി….

“ദൈവമേ ഞാൻ തേച്ചവൻ…”എന്നെ കണ്ടിട്ടും അയാൾക്കൊരു ഭാവ വ്യത്യാസവുമില്ല.ആദ്യമായി കാണുന്നത് പോലെ ചിരിച്ചു കാണിച്ചു ചായയും കുടിച്ചു പോയി.അന്നു മുതൽ തുടങ്ങിയതാണ് എന്റെ അകവും പുറവുമുള്ളയീ എരിച്ചിൽ….

ആണുങ്ങളായാൽ വലിക്കും കുടിക്കും.വഴക്ക് കൂടിയാൽ തമ്മിത്തല്ലിയെന്നൊക്കെ വരും..അതൊക്കെ ഒരുരസമാണ്.പക്ഷേ ഞാൻ തേച്ചെന്ന് അയാൾ കരുതുന്നതാണു എനിക്ക് പ്രശ്നം….

ഡിഗ്രിക്ലാസിൽ ഞങ്ങൾ ഇണപിരിയാത്ത നല്ല പ്രണയജോടികൾ ആയിരുന്നെങ്കിലും ഇടക്കുവെച്ച് പ്രണയം ഞാൻ തന്നെ വേണ്ടെന്നു വെച്ചു.അന്ന് അവനോട് വഴക്കും കൂടിയിരുന്നു.അന്നവന്റെ മുഖത്തു തെളിഞ്ഞ വിഷമം ഇന്നലെയെന്ന പോലെ ഇന്നുമെന്റെ ഓർമ്മയിലുണ്ട്….
അവൻ എന്നോടൊന്ന് സംസാരിച്ചിരുന്നെങ്കിൽ എനിക്കിത്രയും വിഷമം ഇല്ലായിരുന്നു. ഇത് കാപ്പി കുടിയും കഴിഞ്ഞു അവനൊരൊറ്റ മുങ്ങൽ…

പെണ്ണിനെ ഇഷ്ടമായെന്നും വിവാഹം ഉറപ്പിക്കാമെന്നും അമ്മയെ വിളിച്ചു പറഞ്ഞിരുന്നു.എന്റെ കിളിപോകാൻ ഇതിൽ കൂടുതൽ വല്ലതും വേണ്ടല്ലോ….

അമ്മ ഈ വിവാഹം നടത്തും.ചെറുക്കൻ സ്ത്രീധനമൊന്നും ആവശ്യപ്പെട്ടില്ല..അതു തന്നെ കാരണം…
ഞാൻ അവനുമായി കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചു നോക്കിയെങ്കിലും അതൊന്നും നടന്നില്ല….
അവനു മുമ്പിൽ തല കുനിച്ച് താലിയും ഏറ്റുവാങ്ങി അവന്റെ ഭാര്യയായി അവനൊപ്പം..
അതോർക്കുമ്പോൾ തന്നെ എന്നിൽ വല്ലാത്തൊരു വെറുപ്പുണർന്നു….

“എന്തുവാടി ചിന്തിച്ചു നിൽക്കുന്നത്.. അരി കഴുകി അടുപ്പത്തിടടീ അസത്തേ…”
അമ്മയെന്നെ ചാടിച്ചു..

പിന്നെ അമ്മ പറഞ്ഞത് പോലെ തന്നെയെല്ലാം ചെയ്തു…വിവാഹത്തീയതി അടുക്കുന്തോറും എനിക്ക് ഒടുക്കത്തെ ടെൻഷൻ..ഞാൻ നന്നായി ക്ഷിണിച്ചു..

വരുന്നത് വരട്ടെയെന്ന് കരുതി അവന്റെ താലിക്കു മുമ്പിൽ തലതാഴ്ത്തി കൊടുത്തു…
അങ്ങനെ ഞങ്ങളുടെ ആദ്യരാത്രിയെത്തി.തല കുനിച്ച് ഞാൻ പാൽ ഗ്ലാസുമായി മണിയറിയിൽ കടന്നെത്തി.ഒരുപൊട്ടെത്തെറി പ്രതീക്ഷ ഞാൻ അത്ഭുതപ്പെട്ടു…

മനോജ് ശാന്തനായി സിഗരറ്റ് വലിച്ചിരിക്കുകയാണ്…“പാൽ ഗ്ലാസ് മേശപ്പുറത്ത് വെച്ചിട്ട് താനിങ്ങു വാ….
അവൻ പറഞ്ഞതു പോലെ ചെയ്തിട്ട് ഞാൻ ജനലിന്നരികിൽ പുറത്തേക്ക് നോക്കി നിന്നു.. എന്റെ ഉള്ളാകെ എരിയുകയാണ്..എന്തും സംഭവിക്കും…

” ടീ തേപ്പുകാരി…” കാതിൽ വിളിയോടൊപ്പം എന്നെ അവൻ വരിഞ്ഞു മുറുക്കി.. ഞാൻ കുതറിയില്ല.അവന്റെ ഭാര്യയാണല്ലൊ ഞാൻ…

“നീയന്ന് പറഞ്ഞത് എന്തൊക്കയാ..നിനക്ക് സിഗരറ്റ് വലിക്കുന്നവരെയും കള്ളു കുടിക്കുന്ന വരെയും ഇഷ്ടമല്ല.പെണ്ണുങ്ങളോട് മിണ്ടുന്നതും ഇഷ്ടമല്ലെന്നും അതുകൊണ്ട് അല്ലെ നീയെന്നെ ഒഴിവാക്കിയത്.ഇപ്പോൾ നിന്റെ ഭർത്താവിനു ഈ ദുശീലമൊക്കെയുണ്ട്….
അവൻ പറഞ്ഞതും എനിക്ക് കരച്ചിൽ വന്നു….

” എനിക്കറിയാമെടീ പെണ്ണെ നിന്നെ..നിന്റെയുള്ളിൽ എന്നോട് ഒരുപാട് ഇഷ്ടമുണ്ടെന്ന്..എന്റെ വീട്ടിലെ അവസ്ഥ.അതല്ലെ ഈ ബന്ധത്തിൽ നിന്നും നിന്നെ ഒഴിവാക്കാൻ പ്രേരിപ്പിച്ചത്. രണ്ടു അനിയത്തിമാരുടെ കെട്ട് നടത്തണം.ഞാൻ ഗൾഫിൽ പോയാലെ ഇതൊക്കെ നടക്കുവെന്നും.ഞാൻ പോകില്ലെന്ന് മനസിലായപ്പൊ നീ ഒഴിഞ്ഞുമാറി. അന്നത് വാശി ആയതിനാൽ ഞാൻ ഗൾഫിൽ പോയി.കഷ്ടപ്പെട്ട് ഒക്കെ മാറി. ”

ഒരുനിമിഷം നിർത്തിയിട്ട് മനോജ് തുടർന്നു..”എനിക്ക് അറിയാമെടീ നിന്റെയുള്ളിൽ ഇപ്പോഴും എന്നോടുള്ള സ്നേഹം നിറഞ്ഞങ്ങനെ നിൽപ്പുണ്ടെന്ന്…അതല്ലേ ഇത്രയും നാൾ വരുന്ന ആലോചനയൊക്കെ നിസാരമായ കാരണം പറഞ്ഞു ഒഴിവാക്കിയത്….

പെട്ടെന്ന് അവനെ ഞാൻ കെട്ടിപ്പിടിച്ചു…“ഞാൻ തേപ്പുകാരിയല്ലെടാ..പ്രേമിച്ചു നടന്നാൽ നിന്റെ വീട്ടുകാർ.. അനിയത്തിമാർ ..എല്ലാവരുടെയും ശാപം എന്റെ തലയിൽ വീഴും..ഞാൻ കാരണം നീ പോവുകയുമില്ല..പറയാതെ നിനക്കായി കാത്തിരിക്കാമെന്ന് കരുതി.. എന്നെങ്കിലും നീയെന്നെ മനസ്സിലാക്കുമെന്ന് എനിക്കറിയാം…

” എന്റെ പെണ്ണ് തേപ്പുകാരിയല്ല… എന്റെ ഹൃദയത്തിലെ രാജകുമാരിയാണ്.അതല്ലേ ഞാൻ തേടി വന്നതും..…

അവനിൽ നിന്ന് ഉതിർന്ന വാക്കുകൾ നെഞ്ചോട് ചേർത്തു ആത്മ നിർവൃതിയടഞ്ഞ് അവന്റെ കരവലയത്തിൽ ഞാൻ ഒതുങ്ങി നിന്നു……ഒരിക്കലും അവനെ വിട്ടു പിരിയില്ലെന്ന ഉറപ്പിന്മേൽ…
(അവസാനിച്ചു)

ക്ലീഷേ ലവ് സ്റ്റോറി ആണ്.. ഇഷ്ടമായാൽ അഭിപ്രായം പറയൂ…

Leave a Reply

Your email address will not be published.