January 31, 2023

മുനീര്‍ പള്ളിയില്‍ നിന്ന് ഇറങ്ങി പള്ളിപറമ്പിലെ പടിഞ്ഞാറെ മതിലിനോട് ചേര്‍ന്ന ഖബറിന്റെ അടുത്തേക്ക് നടന്നു. ഉണങ്ങിയ ഇലകള്‍

എന്റെ സ്വന്തം.

രചന: സിയാദ് ചിലങ്ക

മുനീര്‍ പള്ളിയില്‍ നിന്ന് ഇറങ്ങി പള്ളിപറമ്പിലെ പടിഞ്ഞാറെ മതിലിനോട് ചേര്‍ന്ന ഖബറിന്റെ അടുത്തേക്ക് നടന്നു. ഉണങ്ങിയ ഇലകള്‍ കൈകള്‍ കൊണ്ട് വാരി മാറ്റി…..മറ്റുള്ള ഖബറുകള്‍ പുല്ലും ഇലകളും നിറഞ്ഞ് കാട് പിടിച്ച് കിടക്കുമ്പോള്‍ നാദിയ ഉറങ്ങുന്ന ഖബറ് കാടുപിടിക്കാന്‍ അവന്‍‍ വിട്ടില്ല.

”നാദിയാ……നമ്മുടെ ലുബിമോള്‍ ഇന്നലെ ഒറ്റക്ക് ഞാന്‍ പിടിക്കാതെ ശരിക്ക് നടന്നൂട്ടൊ……
കുറച്ച് അടിവെച്ച് ഉരുണ്ടു വീഴുകയും ചെയ്തു…..ഒറ്റക്ക് നടന്ന സന്തോഷത്തില് മോണ കാട്ടി എന്ത് ചിരിയായിരുന്നു…..

ഇന്ന് ലുബി മോള്‍ ജനിച്ച ദിവസം അല്ലെ..നീ ലുബി മോളെ എനിക്ക് തന്നിട്ട് പോയ ദിവസം….
സജ്ന പറഞ്ഞു ഇന്ന് എല്ലാവരെയും വിളിച്ച് നടത്താം എന്ന്…ഞാന്‍ വേണ്ട എന്ന് പറഞ്ഞു….എനിക്ക് ഇന്ന് ഏറ്റവും വലിയ നഷ്ടം നല്‍കിയ ദിവസം അല്ലെ……

സജ്ന ആഗ്രഹിച്ച പോലെ നാളെ കൊച്ചിയിലേക്ക് പോവുകയാണ്….എനിക്ക് നീ ഉറങ്ങുന്ന ഇവിടം വിട്ട് പോകാന്‍ കഴിയുന്നില്ല മോളെ…..

ഞാന്‍ അന്ന് എല്ലാവരോടും പറഞ്ഞതാ എനിക്ക് സജ്നായെ നിക്കാഹ് ചെയ്യാന്‍ പറ്റില്ല എന്ന് നിന്റെ അനിയത്തി………നമ്മുടെ അനിയത്തി അല്ലെ അവള്‍…

സജ്നയല്ല ആരും നിനക്ക് പകരമാവില്ല………നീ മാത്രമാണ് എനിക്ക് ഭാര്യ……നീ പോയ അന്ന് മുതല്‍ മനസ്സ് മരിച്ച് ജീവിക്കുകയാണ്….ലുബി മോളാണ് എനിക്ക് ആശ്വാസം…ലുബി മോളുടെ മുഖം കാണുമ്പോള്‍ നീ എന്റെ കൂടെ തന്നെ ഉണ്ട് എനിക്ക് ………

നീ നല്‍കിയ നമ്മുടെ ലുബി മോള്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് എന്നെ കൊണ്ട് എല്ലാവരും സജ്നായെ നിക്കാഹ് ചെയ്യിപ്പിച്ചു….അവള്‍ നമ്മുടെ മോളെ പൊന്ന് പോലെ നോക്കുന്നുണ്ട്….പക്ഷെ എനിക്ക് അവളെ നിന്റെ സ്ഥാനത്ത് കാണാന്‍ പറ്റുന്നില്ല നാദിയാ…..”

അയാള്‍ പള്ളിയില്‍ നിന്ന് ഒരു കപ്പില്‍ വെള്ളവും കൊണ്ട് വന്ന് നാദിയ ഉറങ്ങുന്ന മണ്ണിലെ മൈലാഞ്ചി ചെടികളില്‍ ഒഴിച്ചു…..നാദിയാക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അവളോട് യാത്ര പറഞ്ഞ് അയാള്‍ അവിടെ നിന്ന് മടങ്ങി.

സജ്ന എല്ലാം അടുക്കി പെറുക്കി പെട്ടികളിലാക്കി വെച്ചിരുന്നു……”ഇക്കാക്കാ…… ഫര്‍ണീച്ചര്‍ കൊണ്ട് പോകാന്‍ വാപ്പ ആളെ ഏര്‍പാടാക്കിയിട്ടുണ്ട് അവര്‍ നാളെ രാവിലെ തന്നെ എത്തും…” അവള്‍ പറഞ്ഞു….

”മ്..മ്…” മുനീര്‍ ഒന്ന് മൂളുക മാത്രം ചെയ്തു….
ലുബി മോള്‍ അയാളുടെ തോളില്‍ കിടന്ന് ഉറങ്ങി….മുനീര്‍ ഹാളില്‍ നിന്ന് എഴുന്നേറ്റ് സജ്നയുടെ അരികില്‍ കുഞ്ഞിനെ കിടത്തി.സജ്ന ലുബി മോളെ പുതപ്പിച്ചു,മുനീര്‍ പതിവ് പോലെ കുഞ്ഞിന് ചുംബനം നല്‍കി മുറിയില്‍ നിന്ന് ഇറങ്ങി.അവള്‍ ലുബി മോളെ ചേര്‍ത്ത് പിടിച്ച് പഴയ കാര്യങ്ങള്‍ ആലോജിച്ച് കിടന്നു.

ഇത്താത്ത ഉണ്ടായിരുന്ന അന്നൊക്കെ എന്ത് രസമായിരുന്നു,അന്ന് അവര്‍ വീട്ടിലേക്ക് വിരുന്നു വരുമ്പോള്‍ അവള്‍ക്ക് പെരുന്നാളായിരുന്നു….അന്ന് മുനീര്‍ അവളെ സജ്നാ….വെള്ളിക്കോലെ..എന്ന് വിളിച്ച് കളിയാക്കിയും തല്ല് കൂടിയും……….

അവരുടെ പ്രണയത്തിന് മുഴുവന്‍ സപ്പോര്‍ട്ടും സഹായവും സജ്നയുടെ ആയിരുന്നു…അവരുടെ കല്ല്യാണം നടത്താന്‍ നാദിയായേക്കാള്‍ വാപ്പാനോട് വാശി പിടിച്ചത് സജ്ന ആയിരുന്നു……..മുനീര്‍ ഇന്ന് അവളെ സജ്ന എന്ന് പേരെങ്കിലും എടുത്ത് വിളിച്ചിട്ട് എത്ര നാളുകള്‍ കഴിഞ്ഞു…..

കോച്ചിയില്‍ പാലാരിവട്ടത്തെ ആ വലിയ ഫ്ലാറ്റില്‍ അവര്‍ ജീവിതം ആരംഭിച്ചു.രാവിലെ മുനീര്‍ ഓഫീസിലേക്ക് പോയാല്‍ രാത്രി ആകും തിരിച്ച് എത്താന്‍.അതു വരെ ലുബി മോളും സജ്നയും….. അതാണ് അവരുടെ ലോകം.

”ഹലോ…സജി ഫൈസലാണ്……നിനക്ക് സുഖല്ലെ?”ഫൈസല്‍ക്കാ എപ്പൊ എത്തി….”
”ഇന്ന് രാവിലെ ലാന്റ് ചെയ്തു……ലുബി മോള്‍ക്കും മുനീര്‍ക്കാക്കും സുഖല്ലെ?”മ്…മ്…..സുഖം”

”ലീവ് അധികം ഉണ്ടൊ….?
”കുറച്ച് നാള്‍ ഉണ്ടാകും…ഞാനും ഉമ്മയും ലുബിമോളേം നിന്നേം കാണാന്‍ നാളെ അങ്ങോട്ട് വരുന്നുണ്ട്..പിന്നെ വീട് താമസം ക്ഷണിക്കാനും……ശരി സജി…….ഇനി നേരിട്ട് കാണാം….”
ഫൈസല്‍ സജ്നയുടെ അമ്മായിയുടെ മകന്‍ ആണ്,അവര്‍ തമ്മില്‍ ഇഷ്ടത്തില്‍ ആയിരുന്നു.

ഫൈസലിന് ഉമ്മ മാത്രമെ ഉള്ളു,ചെറുപ്പത്തില്‍ വാപ്പ മ,രി,ച്ച് പോയ അവനെ ഉമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.അവന് ഇന്ന് ദുബായില്‍ നല്ലൊരു ജോലി ഉണ്ട്.അവന് വേണ്ടി ഉമ്മ കൊട്ടാരം പോലത്തെ വീട് ആണ് പണി കഴിപ്പിച്ചത്.

ദുബായിലേക്ക് പോകുന്നതിന്റെ തലേ ദിവസം മുനക്കല്‍ ബീച്ചിലെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ വെച്ച് ഫൈസല്‍ സജ്നയോട് പറഞ്ഞു.

”ഞാന്‍ ഉമ്മാടെ ആഗ്രഹം പോലെ നാട്ടിലെ ഏറ്റവും വലിയ ഒരു വീട് പണിയും…..എന്നിട്ട് നിന്റെ വാപ്പ,എന്റെ പുന്നാര മാമ ഹംസ ഹാജിയോട് എന്റെ പെണ്ണിനെ എനിക്ക് കെട്ടിച്ച് തരാന്‍ പറയും..”

മുനീറിനും നാദിയക്കും അവരുടെ ബന്ധത്തില്‍ താല്‍പര്യം ഉണ്ടായിരുന്നു .അവര്‍ക്ക് ഫൈസലിനെ വളരെ ഇഷ്ടമായിരുന്നു…….പക്ഷെ വിധി മറ്റൊന്നായി…..

സജ്ന കരഞ്ഞ് ഉണര്‍ന്ന കുഞ്ഞിനെ തോളത്ത് കിടത്തി ആട്ടി ഉറക്കി…..ജനലിലൂടെ ആകാശത്തെ നക്ഷത്രങ്ങള്‍ തിളങ്ങുന്നത് സജ്ന നോക്കി നിന്നു…….

”ഇക്കാക്ക…അമ്മായിയും ഫൈസല്‍ക്കയും വന്നിരുന്നു….വരുന്ന ഞായറാഴ്ച അവരുടെ വീട് താമസം ആണ്….ഇക്കാനെ കാത്ത് കുറേ നേരം ഇരുന്നു……ഫോണില്‍ വിളിക്കാമെന്ന് പറഞ്ഞ് അവര് പോയി…”

”മ്….മ്…..ഫൈസല്‍ വിളിച്ചിരുന്നു…”വൈകീട്ട് ആയപ്പോള്‍ പതിവില്ലാതെ മുനീറിന്റെ ഫോണിലേക്ക് സജ്നായുടെ കോള്‍ വന്നു.

” ഇക്കാക്ക ലുബിമോള്‍ക്ക് നല്ല പനിയുണ്ട് മോള് ചിരിക്കണൊന്നുമില്ല…..തീരെ വയ്യാതെ കിടക്കേണ്….പെട്ടെന്ന് വാ എനിക്ക് പേടി ആയിട്ട് വയ്യ….”

”നീ ടെന്‍ഷന്‍ ആവണ്ട ഞാന്‍ അര മണിക്കൂര്‍ കൊണ്ട് എത്താം….റെഡിയായി ഇരുന്നൊ…”
അവര്‍ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തി.ലുബി മോളെ പരിശോദിച്ച് ഡോക്ടര്‍ പെട്ടെന്ന് കുട്ടികളുടെ എെസിയു വിലേക്ക് കുഞ്ഞിനെ മാറ്റാന്‍ പറഞ്ഞു.ന്യുമോണിയ ആണൊ എന്നൊരു സംശയം.

മുനീറും സജ്നയും എെസിയു വിനു മുന്നില്‍ തളര്‍ന്നു ഇരുന്നു.സജ്നാക്ക് സഹിക്കാന്‍ കഴിയുന്നില്ല അവള്‍ വിങ്ങി വിങ്ങി പൊട്ടി കരഞ്ഞ് കൊണ്ട് ഇരുന്നു,മുനീര്‍ മെല്ലെ അവളുടെ അരികിലേക്ക് ചെന്നു അവളുടെ തോളില്‍ കൈ വെച്ചു….

”സജ്ന നീ വിഷമിക്കല്ലെ നമ്മുടെ മോള്‍ക്ക് കുഴപ്പമൊന്നുമില്ല…..അവര്‍ മോള്‍ക്ക് കൂടുതല്‍ ആവാതിരിക്കാനാണ് എെസിയുവിലേക്ക് മാറ്റിയത്…”

മുനീറിന്റെ ആ സാന്ത്വനിപ്പിക്കല്‍ അവളില്‍ മനസ്സിന്റെ വിങ്ങല്‍ തണുപ്പിച്ചു.
ആ രാത്രി അവര്‍ അവിടെ തന്നെ ഇരുന്ന് നേരം വെളുപ്പിച്ചു.ലുബിമോള്‍ അടുത്ത് ഇല്ലാത്ത ആ രാത്രി സജ്നാക്ക് ഹൃദയം നുറുങ്ങുന്ന വേദന ആയിരുന്നു.ഇടക്ക് ഇടക്ക് അവള്‍ ഹോസ്പിറ്റലിലെ പ്രേയര്‍ ഹാളിലേക്ക് പോയി ഇരുന്ന് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

രാവിലെ കുഞ്ഞിനെ റൂമിലേക്ക് മാറ്റി….കുഞ്ഞിനെ കൊണ്ട് വന്ന് സജ്നായുടെ കൈകളിലേക്ക് കൊടുത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.അവള്‍ കുഞ്ഞിനെ തുരു തുരെ ഉമ്മ വെച്ചു.

” കുട്ടിക്ക് കുഴപ്പമൊന്നുമില്ല രണ്ട് ദിവസം കൂടി നോക്കിയിട്ട് വീട്ടിലേക്ക് പോകാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്.”

അവള്‍ കുഞ്ഞിനെ എടുത്തു തിളപ്പിച്ചാറിയ വെള്ളം കുപ്പിയിലാക്കി കുഞ്ഞിന് കൊടുക്കുന്നത് മുനീര്‍‍ നോക്കി ഇരുന്നു.രാത്രി ഉറക്കില്‍ നിന്ന് കരഞ്ഞ് എഴുന്നേല്‍ക്കുന്ന കുഞ്ഞിനെ ഒരുപോള കണ്ണടക്കാതെ അവള്‍ നോക്കി.

പിറ്റേന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്ത് ഫ്ലാറ്റിലോട്ട് എത്തി .മുനീര്‍ കുളിച്ചു വസ്ത്രമെല്ലാം മാറി പുറത്തേക്ക് പോയി.

വൈകീട്ടാണ് മുനീര്‍ തിരിച്ച് വന്നത്…..വന്നപ്പോള്‍ സജ്നക്ക് ഒരു ലാച്ചയും ലുബിമോള്‍ക്ക് കുഞ്ഞുടുപ്പും കൊണ്ട് വന്നു അവള്‍ക്ക് കൊടുത്തു.

” സജ്നാ നാളെ ഫൈസലിന്റെ വീട് താമസം അല്ലെ നമുക്ക് നേരത്തെ തന്നെ പോകാം…”
സജ്ന കുഞ്ഞിനെ കുളിപ്പിച്ചു….ഉടുപ്പ് അണിയിച്ചു….അവള്‍ ഒരുങ്ങാന്‍ തുടങ്ങുമ്പോളാണ്…..

”സജ്നാ””എന്തേ ഇക്കാക്ക….”

”അത്….വാപ്പ വിളിച്ചിരുന്നു…..ഫൈസലിന് പെട്ടെന്ന് നെഞ്ച് വേദന വന്നു…..ഹോസ്പിറ്റലില്‍ കൊണ്ട് പോയി.അവിടെ നിന്നാ വാപ്പ വിളിച്ചത് ഫൈസല്…..ഫൈസല് പോയി സജ്നാ…..”
അവര്‍ ആ വലിയ വീട്ടിലേക്ക് ചെന്ന് കയറിയപ്പോള്‍….സന്തോഷം കളിയാടേണ്ട ആ പുതിയ വീട്ടില്‍ ഫൈസലിന്റെ ശരീരം വെള്ളത്തുണി പുതച്ച് കിടത്തിയിരുന്നു.

തളര്‍ന്ന് കിടക്കുന്ന ഫൈസലിന്റെ ഉമ്മാനെ കണ്ട് സജ്നാക്ക് സഹിക്കാന്‍ കഴിഞ്ഞില്ല…..അവളുടെ കണ്ണുകള്‍ കരഞ്ഞു തളര്‍ന്നു….

ഫൈസലിനെ മറവ് ചെയ്തു……വൈകീട്ട് തന്നെ അവര്‍ കൊച്ചിയിലേക്ക് തിരിച്ചു….അവര്‍ക്ക് അവിടെ ഫൈസലിന്റെ ആ സ്വപ്നവീട്ടില്‍ അധികം നില്‍ക്കാന്‍ കഴിഞ്ഞില്ല.

പതിവ് പോലെ ലുബിമോള് അവന്റെ തോളത്ത് കിടന്ന് ഉറങ്ങി.കുഞ്ഞിനെ കിടത്തി.അവന്‍ സജ്നയുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകള്‍നിറഞ്ഞിട്ടുണ്ടായിരുന്നു..

”സജ്നാ….ലുബിമോളുടെ ഉമ്മ തന്നെയാണ് നീ……..നമ്മുടെ വിവാഹ ശേഷം ഞാന്‍ നിന്നോട് ഒരു നല്ല വര്‍ത്താനം പോലും പറഞ്ഞിട്ടില്ല…….നിന്നെ ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് നീ പൊറുത്ത് തരണം…..”

”ഇക്കാക്ക അങ്ങനെ പറയല്ലെ എനിക്ക് ഒരു വിഷമവും ഇല്ല….ഇക്കാക്കയുടെ ഭാര്യ ആയ അന്ന് മുതല്‍ എനിക്ക് ആരെക്കാളും വലുത് എന്റെ ഇക്കാക്കയാണ്…”

അവന്‍ അവളെ കൈകള്‍ കൊണ്ട് മാറിലേക്ക് അവളെ ചേര്‍ത്തി…..അവന്റെ നെഞ്ചിലേക്ക് അവളുടെ കണ്ണുനീര്‍ തുള്ളി ഇറ്റ് വീണു.

അന്ന് അങ്ങകലെ പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടികളില്‍ ഒരു മൈലാഞ്ചി പൂ വിരിഞ്ഞിരുന്നു…….ഒരു കുളിര്‍ കാറ്റ് മൈലാഞ്ചി ചെടികളെ തലോടി കടന്ന് പോയി..

Leave a Reply

Your email address will not be published.