June 1, 2023

“കണ്ണാ കുറേ നാളായി നിന്നോട് ഒരു കാര്യം പറയണമെന്ന് കരുതുന്നു…. നീ എന്നെ ഒന്ന് സഹായിക്കോ?” ” എന്തൂട്ടാന്ന് പറ എന്റെ അബു….. “

പ്രണയിക്കണം ഇങ്ങനെയൊരുവനെ

രചന: സിയാദ് ചിലങ്ക

“കണ്ണാ കുറേ നാളായി നിന്നോട് ഒരു കാര്യം പറയണമെന്ന് കരുതുന്നു…. നീ എന്നെ ഒന്ന് സഹായിക്കോ?”

” എന്തൂട്ടാന്ന് പറ എന്റെ അബു….. ”
“നമ്മുടെ റസിയയില്ലെ… അവളോട് എനിക്ക് ഇഷ്ടം തോന്നിയിട്ട് കാലം കുറച്ചായി… ഇത് വരെ പറയാൻ കഴിഞ്ഞില്ല. നീ അവളോട് പറയുമോ?.. എനിക്ക് അവളെ ഒത്തിരി ഇഷ്ടമാണെന്ന്.. നീ ആ വീട്ടിൽ ഒരംഗത്തെ പോലെയല്ലെ…

നീ പറഞ്ഞാൽ മതി റസിയക്ക് എന്നോട് ഇഷ്ടം തോന്നാൻ.”
വൈകുന്നേരം ചെന്നിരിക്കാറുള്ള പാറക്കുന്നിലെ പാറക്കുളത്തിന്റെ കരയിൽ വെച്ചാണ് അബു അത് പറഞ്ഞത്.. വെളത്തിൽ കാലിട്ട് ഇളക്കികൊണ്ടിരുന്ന കണ്ണന്റെ കാലുകൾ നിശ്ചലമായി…
“എന്താ കണ്ണാ ഒന്നും പറയാത്തത്….?.. ”

“ഞാൻ നോക്കാം അബു… ”
അവനോട് അങ്ങിനെ പറഞ്ഞെങ്കിലും… കിടന്നിട്ട് ഉറക്കം വരുന്നില്ല. മജീദ്ക്കാടെ നാല് പെൺമക്കളിൽ മൂന്നാമത്തെ കുട്ടിയാണ് റസിയ…

ആ വീട്ടിൽ എല്ലാവരും തന്നെ സ്നേഹിക്കുന്നു.. അവളുടെ വാപ്പയും ഉമ്മയും സ്വന്തം മകനെ പോലെയാ കാണുന്നത്. റസിയ ചിത്രശലഭത്തെ പോലെ എപ്പോഴും ചിരിച്ച് കൊണ്ട് പാറി നടക്കുന്ന പെൺകുട്ടിയാണ്… അവളോട് ഒരു പ്രത്യേക ഇഷ്ടമാണ്.. അവരുടെ വീട്ടിൽ ചെന്നിരിക്കുമ്പോൾ മനസ്സിന് പ്രത്യേക കുളിർമയാണ്… സ്നേഹിക്കാൻ മാത്രമറിയുന്ന അവരുടെ വീട്ടിൽ പ്രത്യേക അന്തരീക്ഷം തന്നെയാണ്..

രാവിലെ തന്നെ റസിയയെ ഒറ്റക്ക് കിട്ടി.. കണ്ടപ്പോൾ പറയാൻ വന്ന കാര്യമല്ല പറഞ്ഞ് പോയത്.. വായിൽ വന്നത് ചീത്തയാണ്….

” നിനക്ക് പുറത്ത് ഇറങ്ങി നടക്കുമ്പോൾ മര്യാദക്ക് നടന്നൂടെ ..കണ്ണിൽ കണ്ടവൻമാരുടെയെല്ലാം വായിൽ നോക്കി നടന്നോളും.. ഇപ്പോ ഓരോരുത്തര് വന്ന് എന്നോടാ പറയണത്.. ഓരോന്ന്…”
“ഞാനതിന് എന്ത് ചെയ്തു കണ്ണേട്ടാ…”

അവളോട് ആദ്യമായി ദേഷ്യപ്പെട്ടതിനാലാവും. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അവൾ ഓടി വീടിനുള്ളിൽ കയറി…

അവളോട് കടുപ്പത്തിൽ സംസാരിച്ച് പോയത് ഓർത്ത് മനസ്സിൽ എവിടെയോ ഒരു കനം വെച്ച് തുടങ്ങി. പാവം അവൾ എന്ത് തെറ്റ് ചെയ്തിട്ടാ,എന്ത് കൊണ്ടാണ് അവളോട് ദേഷ്യപ്പെട്ട് പോയത് എന്ന് ഒരു പിടിയും കിട്ടിയില്ല.

അവൾ കുറച്ച് നാൾ മുന്നിൽ വരാറുണ്ടായില്ല.. പിണക്കം തന്നെയായിരുന്നു അവൾക്ക്… വലിയ പെരുന്നാളിന്റെ അന്ന് അവളുടെ വാപ്പ ഷർട്ടും മുണ്ടും വാങ്ങി തന്നിരുന്നു.. അത് ഉടുത്ത് അവളുടെ വീട്ടിൽ ചെന്നപ്പോൾ അവളാണ് വാതിൽ തുറന്നത്. അവളുടെ ചിരിക്കുന്ന ആ മുഖം പെട്ടെന്ന് മനസ്സിൽ തട്ടി…..

” റസിയ എങ്ങനെയുണ്ട് കൊള്ളാമോ.?.”
“അയ്യേ ഒരു ഭംഗിയില്ല അവൾ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് ഓടി… ”
മെല്ലെ മെല്ലെ റസിയ കൂടുതൽ അടുക്കാൻ തുടങ്ങി.. എന്ത് കാര്യവും അവൾ ഓടി വന്ന് പറയും….സന്തോഷമായാലും സങ്കടമായാലും……

അറിയാതെ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം സംസാരിച്ച് തുടങ്ങി.. മൂന്ന് വർഷം പോയതറിഞ്ഞില്ല…..

ഒരു ദിവസം പോലും ഞങ്ങൾ പരസ്പരം കാണാതിരുന്നിട്ടില്ല… റസിയയുടെ സൗന്ദര്യം ഓരോ ദിനങ്ങളിലും വർദ്ധിച്ച് വരുന്നത് പോലെ…. അവളുടെ കരിനീല കണ്ണുകൾ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു… ചുവന്ന് തുടുത്ത ഇളം ചുണ്ടുകൾ എന്തോ തന്നോട് പറയാൻ കൊതിക്കുന്നത് പോലെ… കണ്ണുകൾ എത്ര സമയം വേണമെങ്കിലും പരസ്പരം ഇമവെട്ടാതെ നോക്കിയിരിക്കും..

കേരളപ്പിറവിയുടെ തലേ ദിവസം വൈകീട്ട് ആദ്യമായി അവളുടെ കോൾ ഫോണിലേക്ക് വന്നു….
. “കണ്ണേട്ടാ… എനിക്ക് ഒരു ഉപകാരം ചെയ്യുമോ….? ഒരു സെറ്റ് സാരി വാങ്ങി വരോ.. സമയം ഇത്രയായില്ലെ.. അത് കൊണ്ടാ….

നാളെ കൂട്ട് കാരികൾ എല്ലാവരും സെറ്റ് സാരി ഉടുത്ത് വരും… ഇപ്പോ വാങ്ങി വരോ… വാപ്പയാ പറഞ്ഞത് കണ്ണേട്ടനോട് പറയാൻ……”

ഒന്നും ആലോജിച്ചില്ല അപ്പോൾ തന്നെ ബൈക്കെടുത്ത് ഇറങ്ങി…. സെറ്റ് സാരി അവളുടെ കൈയ്യിൽ കൊടുത്തിട്ടാ ശ്വാസം വിട്ടത്… അത് കൊടുക്കുമ്പോൾ അവളുടെ കണ്ണിലെ തിളക്കം കണ്ട് മനസ്സ് കുളിർത്ത് പോയി….

കിടന്നിട്ട് ഉറക്കം വരുന്നില്ല…. ഫോൺ എടുത്ത് അവളെ വിളിച്ചു…. ഒറ്റ ബെൽ അവൾ ഫോൺ എടുത്തു….

” റസിയ….. നിന്നെ വിളിക്കണം എന്ന് തോന്നി തുടങ്ങിയിട്ട് കുറേ നാളായി…. എന്താണെന്നറിയില്ല ഇനി നിന്നോട് എനിക്ക് പറയാതിരിക്കാൻ കഴിയില്ല… റസിയ നിന്നെ എനിക്ക് ഒരു പാട് ഇഷ്ടമാ…. എന്റെ മനസ്സ് നിറയെ നീ മാത്രമാണ്…. ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് വട്ടാകും….. റസിയ…. നീയെന്താ ഒന്നും മിണ്ടാത്തത്…. ”

” കണ്ണേട്ടനെ വിളിക്കാൻ ഫോൺ എടുത്ത ഉടനെയാ ഇങ്ങോട്ട് വിളി വന്നത്…. എനിക്കും അതെ കണ്ണേട്ടനെ കാണാതെയിരിക്കാൻ പറ്റാത്ത പോലെയായി…. നമ്മൾ അറിയാതെ എന്തോ സംഭവിച്ചിട്ടുണ്ട്….ഈ നിമിഷം എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു….. ”

“അതെ റസിയ നമ്മൾ അറിയാതെ നമ്മുടെ മനസ്സുകൾ പ്രണയത്തിലേക്ക് വഴുതി വീണു… റസിയ നീ എനിക്കായ് ജനിച്ചവളാണ്….. നിന്നെ വിട്ട് കൊടുക്കില്ല ഒരുത്തനും…… ”

സെറ്റ് സാരി ഉടുത്ത റസിയയെ കാണാൻ കണ്ണൻ രാവിലെ തന്നെ പുറത്ത് ഇറങ്ങി… അവൾ സാരി ഉടുത്ത് വരുന്നത് കണ്ടപ്പോൾ ആകെ തരിച്ച് പോയി..

പെണ്ണ് എന്ന് പറഞ്ഞാൽ ഇതാണ്‌….. എന്താ ഐശ്വര്യം.. മുന്നിൽ ഒരു ദേവി പ്രത്യക്ഷപ്പെട്ടത് പോലെ….തട്ടമിട്ട ദേവി….. തട്ടത്തിനിടയിലൂടെ പാറി പറക്കുന്ന മുടിയും…..

ശരീരത്തിൽ ഭംഗിയായി ചേർന്നിരിക്കുന്ന സാരിയും….. വരിയൊത്ത ആ പല്ലുകൾ കാണിച്ച് നിഷ്കളങ്കമായ ആ ചിരിയും…. മനസ്സിൽ ഉറപ്പിച്ചു… ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് റസിയ തന്നെ….

ഫോൺ വിളികളും ചാറ്റിങ്ങും ജീവിതത്തിൽ പരസ്പരം ഇനി പറയാൻ ഒന്നുമില്ല… എങ്കിലും വിളിച്ചാൽ മണിക്കൂറുകൾ സംസാരിക്കും… അവളുടെ ശബ്ദം കേട്ടാൽ നിറുത്താൻ തോന്നില്ല…. പാതിരാത്രി ആയാലും…. നേരം വെളുക്കും വരെ തുടരും സംസാരം…..

വർഷങ്ങൾ പിന്നെയും രണ്ട് കഴിഞ്ഞു…. ഞങ്ങൾ പ്രതീക്ഷിച്ച പേടിച്ചിരുന്ന സമയം വന്നു… റസിയക്ക് കല്യാണ ആലോചനകൾ വന്ന് തുടങ്ങി.. ആദ്യമെല്ലാം അവൾ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ് കൊണ്ടിരുന്നു.. വീട്ടുകാർക്ക് സംശയം തോന്നി തുടങ്ങി… അവരുടെ സംശയം ഫോൺ വിളി കയ്യോടെ അവളുടെ ഇത്ത പിടിച്ചതോടെ മാറി.

അവളോട് സംസാരിക്കാതെ വട്ട് പിടിച്ച് തുടങ്ങിയപ്പോൾ ആരും അറിയാതെ ഒരു ഫോൺ വാങ്ങി അവൾക്ക് നൽകി… ഒരു ദിവസം അതും അവളുടെ വീട്ടിൽ അറിഞ്ഞു..

അവളെ ഇത്ത ചീത്ത പറയുന്നത് ഫോൺ കട്ട് ചെയ്യാത്തതിനാൽ മുഴുവൻ കേട്ടു….. മനസ്സിൽ എന്തോ ഒരു ആധി…. അതെല്ലാം സഹിക്കാം….. അവളുടെ വാപ്പ ആകെ പറഞ്ഞ വാക്കുകൾ അത് മനസ്സിൽ വെന്ത് നീറി…..

“നിങ്ങളെയെല്ലാം സ്വന്തം മക്കളെ പോലെയല്ലെടാ കണ്ടത്….. ”
എത്ര ശ്രമിച്ചിട്ടും ആ വാക്കുകൾ ഹൃദയത്തിൽ നിന്ന് മായുന്നില്ല….

ഇല്ല ആ കുടുംബത്തിൽ ഞാൻ മൂലം ഒരു വേദന നൽകാൻ കഴിയില്ല…. പക്ഷെ റസിയ അവളെ നഷ്ടപ്പെടുത്താൻ കഴിയില്ല. ചിന്തിക്കാൻ പോലും കഴിയുന്നില്ല….. നെഞ്ചിലെ തീ ആളികത്താൻ തുടങ്ങി….

അതിനിടയിൽ റസിയയെ അവളുടെ ഇത്താടെ വീട്ടിലേക്ക് മാറ്റി കൊച്ചിയിലേക്ക്….. അവൾ കിട്ടുന്ന ഫോണിൽ നിന്നെല്ലാം വിളിക്കും… പാവം അവളുടെ സങ്കടം കേൾക്കുമെന്നല്ലാതെ തിരിച്ച് ഒരു മറുപടി നൽകാൻ കഴിഞ്ഞില്ല…

എല്ലാം സഹിക്കാനേ കഴിഞ്ഞുള്ളു……
അവളുടെ ഇത്താനോട് പറഞ്ഞു ഒരു ദിവസം…. എന്റെ നെഞ്ചിലെ ഈ കനൽ അണയണമെങ്കിൽ ഞാൻ മ,രി,ക്ക,ണം…….

ഒരു വാക്ക് മതി റസിയ സ്വന്തമാകാൻ.. പക്ഷെ അവളുടെ മാതാപിതാക്കളുടെ മുഖം മനസ്സിൽ തെളിഞ്ഞ് വരും.. ഒന്നിനും കഴിയാതെ എന്ത് ചെയ്യണം എന്ന് ചെയ്യണ്ട എന്നറിയാതെ ഉള്ള അവസ്ഥ….. അവൾ അനുഭവിക്കുന്ന അവസ്ഥയെ കുറിച്ച് ഓർത്ത് കണ്ണുകൾ നിറഞ്ഞ് ഒഴുകാത്ത ദിവസങ്ങൾ ഇല്ല…….

ഏതാനും ദിവസങ്ങൾ മാത്രം റസിയ വേറെ ഒരുത്തന് സ്വന്തമാകാൻ…. റസിയയുടെ വാപ്പ ഒന്ന് കാണണം എന്ന് പറഞ്ഞ് വിളിച്ചിട്ട് രണ്ട് മൂന്ന് ദിവസമായി….

അവളെ ഫെയ്സ് ചെയ്യുന്ന കാര്യം ഓർക്കുമ്പോൾ പോകാൻ തോന്നുന്നില്ല…. ഇന്ന് പോകാം എന്ന് കരുതി ഇറങ്ങി..

ബെല്ലടിച്ചു വാതിൽ തുറന്നു മുന്നിൽ നിൽക്കുന്നു റസിയ… അവളുടെ മുഖത്തെ പഴയ പ്രസരിപ്പും ചിരിയും കണ്ടില്ല…

“എല്ലാവരും പുറത്ത് പോയിരിക്കാണ്.. ഞാൻ മാത്രമേ ഉള്ളൂ…. ”
അവളുടെ മുഖത്തേക്ക് നോക്കിയില്ല…കഴിയുന്നില്ല……

” ഞാൻ പോട്ടെ റസിയ പിന്നെ വരാം….. വാപ്പ വരാൻ പറഞ്ഞിരുന്നു….. അതാ വന്നത്…”
കണ്ണേട്ടാ കയറി ഇരിക്ക് എനിക്ക് സംസാരിക്കണം കണ്ണേട്ടനോട്…. ഇനി ‘ഒരിക്കലും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലോ…….

അവളുടെ വീട്ടിൽ ഞാൻ എന്നും ഇരിക്കാറുള്ള സെറ്റിയിൽ ഇരുന്നു… അവൾ ചുമരിൽ ചാരി നിന്നു…….

” എനിക്ക് കഴിയുന്നില്ല ഇങ്ങനെ ഉരുകി ജീവിക്കാൻ കണ്ണേട്ടാ…… ഞാൻ മനസ്സ് കൊണ്ട് കണ്ണേട്ടന്റെതായതാണ്….. ഇനി ചിന്തിക്കാൻ കഴിയുന്നില്ല… മറ്റൊരാളുടെ സ്വന്തമാകാൻ……..”
അവൾ തേങ്ങി തേങ്ങി കരഞ്ഞു…….

അവളുടെ അരികിൽ ചെന്ന് അവളുടെ കണ്ണുനീർ തുടച്ച് കൊടുത്തു…… അവൾ മാറിലേക്ക് തളർന്ന് വീണു….. അവളുടെ ചുണ്ടിലേക്ക് ആദ്യമായി ചുംബിച്ചു… അവളുടെ ചുണ്ടുകൾക്ക് കണ്ണീരിന്റെ സ്വാദ്…..

പെട്ടെന്ന് തന്നെ അവിടെ നിന്ന് ഇറങ്ങി പോയി….. ഇല്ലെങ്കിൽ വലത് കയ്യിൽ റസിയയുടെ കൈ പിടിച്ച് കൊണ്ടാവും ഇറങ്ങുക…….

വർഷങ്ങൾ പലതും കഴിഞ്ഞു…. ഒരു കല്യാണം …..പുതിയ ഒരു ജീവിതം മനസ്സിലേക്ക് വന്നില്ല…… റസിയയുടെ ഓർമ്മകൾ നിറം മങ്ങാതെ അവിടെ കിടപ്പുണ്ട്……

പഴയ പോലെ അവരുടെ വീട്ടിൽ പോകും…. റസിയ വരുമ്പോൾ പോകില്ല…. അവളുടെ വാപ്പയുടെയും ഉമ്മയുടെയും സന്തോഷം കാണുമ്പോൾ മനസ്സിൽ ഒരു ചെറിയ സമാധാനം കിട്ടും…… അവൾക്ക് രണ്ട് കുട്ടികൾ ജനിച്ചു…

അവർ സന്തോഷമായി കുടുംബമായി ജീവിക്കുന്നു.. എങ്കിലും അവളെ നേരിൽ കാണേണ്ടി വന്നു ഒരു ദിവസം. അന്ന് ആ കണ്ണുകളിൽ നിന്ന് വായിക്കാൻ കഴിഞ്ഞു, അവൾ എത്ര എന്നെ സ്നേഹിച്ചിരുന്നു എന്ന്….. കുറേ നേരം സംസാരിച്ചു. അവളും ആഗ്രഹിക്കുന്നു എന്റെ വീട്ട് കാരെ പോലെ തന്നെ എനിക്ക് ഒരു ജീവിതം….

അവൾ അത് പറഞ്ഞപ്പോൾ ഒന്ന് ചിരിക്കാനേ കഴിഞ്ഞുള്ളു….. എന്റെ ഹൃദയം മന്ത്രിച്ചു..
” റസിയ ….എന്റെ മനസ്സിൽ ഞാനൊരുക്കിയ സിംഹാസനത്തിൽ നീ ഇരിക്കുമ്പോൾ വേറെ ഒരു പെണ്ണിനെ എന്റെ ഹൃദയത്തിൽ എവിടെ ഞാനിരുത്തും ”

Leave a Reply

Your email address will not be published.