June 1, 2023

ഉച്ചയ്ക്ക് ഫോണിലിങ്ങനെ ചാറ്റ് ചെയ്തു സുഖം പിടിച്ചു വന്ന സമയത്താണ് അയലോക്കത്ത് വലിയ ബഹളം…”ഞാനെടുത്തില്ല കൊച്ചെ.. എന്ന്

രചന: അബ്രാമിന്റെ പെണ്ണ്

ഉച്ചയ്ക്ക് ഫോണിലിങ്ങനെ ചാറ്റ് ചെയ്തു സുഖം പിടിച്ചു വന്ന സമയത്താണ് അയലോക്കത്ത് വലിയ ബഹളം…”ഞാനെടുത്തില്ല കൊച്ചെ..

എന്ന് അമ്മായിയമ്മയും…”നിങ്ങളെടുത്തില്ലെങ്കിൽ പിന്നിതെവിടെപ്പോയി.. ഇതിന്റെ പകുതിയാക്കി ആരാ എടുക്കുന്നെ” എന്ന് മരുമോളും…

ഈ ഏപ്പരാച്ചികളെക്കൊണ്ട് വലിയ ശല്യമായിട്ടുണ്ട്.. എനിക്കാണെങ്കിൽ ചാറ്റ് ചെയ്തോണ്ടിരിക്കുമ്പോ നമ്മളാ ലോകത്തിലേക്കങ്ങു ലയിച്ചു ചേരുന്ന സമയമില്ലേ,,, ആ സമയത്ത് ഒരു കൊതുക് പോലും മൂളുന്നത് ഭയങ്കര വെറുപ്പും ദേഷ്യവുമൊക്കെയാ,, ആ ഒരു ലയനസുഖമങ്ങു പോകും…

അത് പേടിച്ചു കൊച്ചുങ്ങള് പോലും മിണ്ടാതെ ഏതെങ്കിലും പ്ലാവിന്റെ മൂട്ടിൽ ചെന്നിരുന്ന് കളിയ്ക്കാറാണ് പതിവ്..

അമ്മായിയമ്മയും മരുമോളും തമ്മിലുള്ള വഴക്ക് കൂടുന്നതല്ലാതെ കുറയുന്ന യാതൊരു ലക്ഷണവുമില്ല.. എന്റെ മൂത്ത കൊച്ചു വന്നിട്ട് ഞാനിരിക്കുന്നിടത്തേയ്ക്ക് എത്തി നോക്കി..

“എന്തുവാക്കളെ അപ്രത്ത് വഴക്ക്.. കൊറേയായല്ലോ തൊടങ്ങീട്ട്… യെവളുമാർക്ക് വേറെ പണിയൊന്നുമില്ലേ,,ഒന്ന് നോക്കീട്ട് വാ..

കേട്ടതും അവള് താഴോട്ടോടി.. എന്റെ കുഞ്ഞായോണ്ട് പറയുവല്ല… അയലോക്കത്ത് ഒരു വഴക്ക് നടന്നാൽ അവിടെ പറയുന്ന സകല കാര്യങ്ങളും ഒരു പൊടിയ്ക്ക് പോലും മറന്നു പോവാതെ അവൾ എന്നോട് വന്ന് പറഞ്ഞു തരാറുണ്ട്…

ഫോണും കയ്യിലെടുത്തോണ്ട് ഞാനും കൊച്ചിന്റെ പൊറകെ മുറ്റത്തോട്ടിറങ്ങി.. അയലോക്കക്കാര് കാണാത്ത ദൂരത്തിൽ മാറി നിന്ന്..

“എന്തുവാ അമ്മൂമ്മേ ഇവിടെ ഭയങ്കര ബഹളം,,, ഞങ്ങടമ്മച്ചി ചാറ്റ് ചെയ്തോണ്ടിരിക്കുവാ,, അമ്മച്ചി ചാറ്റ് ചെയ്യുമ്പോ ഇങ്ങനെ ബഹളം വെച്ചാൽ ദേഷ്യം വരുവെന്നറിഞ്ഞൂടെ,,,അമ്മച്ചി വീട്ടിലിരുന്ന് നിങ്ങളെ ചീത്ത പറയുന്ന്..

“നോക്കെടെ ഇപ്പൊ എങ്ങനിരിക്കുന്ന്,,കൊച്ചു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി..അമ്മായിയമ്മയും മരുമോളും വഴക്ക് നിർത്തി പരസ്പരം നോക്കുന്നു..

ഈ പെണ്ണ് ന്യൂസ്‌ കവറ് ചെയ്യാൻ പോയിട്ട് സ്റ്റുഡിയോയ്ക്കുള്ളിൽ എഡിറ്റ് ചെയ്തോണ്ടിരിക്കുന്ന കാര്യങ്ങൾ നാട്ടുകാരോട് വിളമ്പേണ്ട വല്ല കാര്യോംണ്ടാരുന്നോ .. ഇതിനെയൊക്കെ ഞാൻ തന്നെ പ്രസവിച്ചതാണോ,, സോറി പ്രസവമല്ലാരുന്നു,, ഇതിനെയൊക്കെ ഡോക്ടർ എന്റെ വയറ്റിൽ നിന്ന് തന്നെ ഓപ്പറേഷൻ ചെയ്തെടുത്തതാന്നോ..

“എന്തുവാടീ,, കൊറേ നേരമായല്ലോ… എന്തൊരു വഴക്കാ ഇത്.. നിങ്ങള് രണ്ട് പേരും കൂടെയിങ്ങനെയായാൽ എന്തോ ചെയ്യും… എന്തുവാ ഇപ്പോളത്തെ പ്രശ്നം…

ഞാൻ ഫോണെടുത്തു കെണറിന്റെ വക്കിലോട്ട് വെച്ചേമ്മച്ച് താഴോട്ടറങ്ങി ചെന്നു..
“ചേച്ചി ഈ സോപ്പൊന്ന് നോക്ക്.. പാത്രം കഴുവാൻ ആ കൊച്ചു വാങ്ങിച്ചോണ്ട് പോന്നതാ.. പൈസയില്ലാത്തത് കൊണ്ടാ പത്തു രൂപായുടെ സോപ്പ് വാങ്ങിച്ചത്..

അത് പൊട്ടിച്ച് ആ കൊച്ച് ചോറ് തിന്ന പാത്രം മാത്രം കഴുവി.. ഞാനത് കണ്ടത് പോലുമില്ല.. പിന്നെ പാത്രം കഴുവിയതുമില്ല.. ഇപ്പൊ നോക്കുമ്പോ സോപ്പിന്റെ പകുതി കാണുന്നില്ല.. യെവരുടെ സോപ്പ് പാത്രത്തിലിരിക്കുന്നു പകുതി സോപ്പ്.. അത് ചോദിച്ചപ്പോ ഏക്കുന്നില്ല… എടുത്തതോ എടുത്ത്.. അതങ്ങു സമ്മയ്ച്ചാൽ പോരെ..

മരുമോൾ പറഞ്ഞ് നിർത്തിയതും ചെസ്റ്റ് നമ്പർ രണ്ട് അമ്മായിയമ്മ സ്റ്റേജിൽ കേറി മൈക്ക് വാങ്ങി പ്രസംഗിക്കാൻ തുടങ്ങി…

“എന്റെ പൊന്ന് കൊച്ചെ,, ഞാനവക്കടെ സോപ്പെടുത്തില്ല.. ഇത് ഞാൻ കടേ പോയി വാങ്ങിച്ച സോപ്പാ.. ഇത്രേം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാമെങ്കിൽ എനിക്ക് പത്തു രൂവാ കൊടുത്തൊരു സോപ്പ് വാങ്ങിച്ചൂടായോ.. ആരുടേയും ഒന്നുമെടുത്ത് എനിക്ക് ശീലമില്ല..

പണ്ട് കൂട്ടാൻ വെളമ്പാൻ വേണ്ടി ഞാൻ വാങ്ങി വെച്ചിരുന്ന അമരയ്ക്കേടെ പടമൊള്ള കിണ്ണി ഞാനില്ലാത്തപ്പോ വീട്ടിൽ നിന്നും എടുത്തോണ്ട് പോയിട്ട് അത് തിരിച്ചു ചോദിച്ചപ്പോ കൊട്ടാരക്കര ചന്തയിൽ നിന്ന് വാങ്ങിച്ചതാണെന്ന് പറഞ്ഞ് കിണ്ണി തരാതെ അന്ന് എന്നെ തിരിച്ചു പറഞ്ഞു വിട്ട ആ പാവം അമ്മച്ചി ഇന്ന് സോപ്പെടുത്തതും താനല്ലെന്ന് പറഞ്ഞു വിങ്ങിപ്പൊട്ടി..

ഞാൻ രണ്ട് പേരുടെയും സോപ്പിലോട്ട് മാറി മാറി നോക്കി.. ലവള് പറഞ്ഞത് നേരാ.. സോപ്പ് പകുതിയേയുള്ളു..

“നിങ്ങളാ സോപ്പ് ഇങ്ങോട്ട് വെക്ക്.. ഞാനിത് രണ്ടും കൂടെ ചേർത്ത് വെച്ചു നോക്കട്ടെ…
മരുമോള് അമ്മായിയമ്മയുടെ അടുത്തോട്ടു ചെന്ന്..

“അങ്ങനിപ്പം നോക്കുന്നില്ല.. ഞാൻ കാശ് കൊടുത്ത് വാങ്ങിച്ചത് നീയെങ്ങനെ നോക്കണ്ട..
സോപ്പിനെ തമ്മിൽ ചേർപ്പിക്കാൻ അമ്മായിയമ്മ കൊന്നാലും സമ്മതിക്കില്ല..

“നിങ്ങള് വാങ്ങിച്ചതാണെങ്കി അതിന്റെ പാതി എന്തിയേ..സോപ്പിന്റെ കവറെന്തിയെ..
മരുമോള് ചീറി..

“പാതി ഞാൻ തിന്ന്.. സോപ്പിന്റെ കവറെടുത്ത് ഞാൻ കൂട്ടാൻ വെച്ച്..നീ കൊണ്ട് ചെന്ന് കേസ് കൊട്..

രണ്ടെണ്ണം കൂടെ പൊരിഞ്ഞ വഴക്ക്..അമ്മയും അച്ഛനും വേറെ.. മോനും ഭാര്യയും വേറെ.. ഒരു വീട്ടിൽ തന്നെ രണ്ട് കുടുംബങ്ങളാ.. രണ്ട് പേരും അങ്ങോട്ടുമിങ്ങോട്ടും യാതൊരു സഹകരണവുമില്ല.. അപ്പോളാ ഈ സോപ്പ് വിഷയം..

പത്തു രൂപായുടെ ഒരു സോപ്പിന് വേണ്ടിയാന്നല്ലോ ദൈവമേ ഈ പരാക്രമം മൊത്തം കാണിക്കുന്നത്.. എനിക്കാണെങ്കിൽ ഏകാഗ്രമായിരുന്ന് ചാറ്റ് ചെയ്തോളാൻ മുട്ടീട്ട് വയ്യ.. വഴക്കെങ്ങനെയെങ്കിലും തീർക്കണം….

“കൊച്ചേ,, നീയിങ്ങോട്ട് നോക്ക്.. ഈ സോപ്പ് ഞാൻ വാങ്ങിച്ചതാ.. ഇത് ഇത്രേയൊള്ളൂ.. അല്ലാതെ ഞാൻ മുറിച്ചെടുത്തയൊന്നുവല്ല.. അവക്ക് പ്രാന്താ…

യെവരുടെ സ്വഭാവം വെച്ച് മുറിച്ചല്ല മൊത്തം എടുക്കാനാണ് സാധ്യത.. ഇച്ചിരിമൊള്ള സോപ്പ് കാണിച്ചിട്ട് പറയുവാ ഇത്രേം വലിപ്പമേ ഒള്ളെന്ന്..ഞാനൊന്നും മറുപടി പറഞ്ഞില്ല…

പ്രശ്നം ഒരുതരത്തിലും പറഞ്ഞു തീർക്കാനൊക്കാതെ വന്നപ്പോ ഞാൻ തിരിച്ചു കേറിപോന്നു.. ചാറ്റിങ്ങെന്തായാലും നടക്കത്തില്ലെന്ന് ഒറപ്പായ സ്ഥിതിക്ക് ആടിന് തീറ്റ അറുക്കാമെന്ന് കരുതി ഇരുമ്പുമെടുത്തോണ്ട് ഞാൻ തോട്ടത്തിൽ പോയി.. തിരിച്ചു വരുമ്പോളും…

“നിങ്ങളിങ്ങോട്ട് ചേർത്ത് വെയ്ക്ക്.. ഞാൻ നോക്കട്ടെന്ന്…മരുമോളും… “അങ്ങനിപ്പോ ഞാൻ ചേർത്ത് വെച്ചിട്ട് നീ കാണണ്ടെന്ന്…. അമ്മായിയമ്മയും അലറി വിളിക്കുന്നുണ്ടായിരുന്നു…

ഇവരൊന്നു ചേർത്ത് വെച്ചാൽ തീരുന്ന പ്രശ്നമേ നിലവിലുള്ളു.. ഓ,,, അവർക്ക് ചേരണ്ടെങ്കിൽ പിന്നെ നമ്മളെന്തോ ചെയ്യും..

പിന്നെ മുതൽ അമ്മായിയമ്മയും മരുമോളും തമ്മിൽ മിണ്ടാതായി..
കൊറേ ദിവസം കഴിഞ്ഞപ്പോ ഇവിടെ പാത്രം കഴുകുന്ന സോപ്പ് തീർന്നപ്പോൾ എന്റങ്ങര് പത്തു രൂപായുടെ ഒരു എക്‌സോ വാങ്ങിച്ചോണ്ട് വന്നു.. ഞാനതിന്റെ കവറ് പൊട്ടിച്ചു നോക്കിയപ്പോ….

“സോപ്പിന് നേരത്തെയുള്ളതിന്റെ പകുതി വലിപ്പമേയുള്ളടേ.. കവറിന് മാത്രം ഒരു മാറ്റോമില്ല…
ലവള് ആ പാവം അമ്മച്ചിയെ തെറ്റിദ്ധരിച്ചു പോയതാരുന്നു..അവര് പറഞ്ഞതായിരുന്നു സത്യം… ഞാനാ സോപ്പുമെടുത്തോണ്ട് അയലോക്കത്തോട്ടോടി.. കൂടെ കൊച്ചുങ്ങളും..

സോപ്പ് കാണിച്ച് അവളെ കാര്യം പറഞ്ഞു മനസിലാക്കിയിട്ട് അടുക്കളയിൽ കഴുകി വെച്ചേക്കുന്ന അമരയ്ക്കയുടെ പടമൊള്ള എന്റെ കിണ്ണിയെ നോക്കി നെടുവീർപ്പിട്ടിട്ട് ഞാനിങ്ങു പോന്നു..

എന്തൊക്കെയോ പിറുപിറുത്തോണ്ട് നിന്ന അമ്മായിയമ്മയുടെ മുഖത്തോട്ട് നോക്കാതെ കുറ്റബോധത്തോടെ അവളും തുണി കഴുകാനായി പോയി..

പത്തു രൂപാ വാങ്ങിച്ചിട്ട് പകുതി സോപ്പ് തന്ന് പാവങ്ങടെ വീട്ടിൽ കുടുമ്മ കലഹമൊണ്ടാക്കുന്ന എവനൊക്കെ ഈ പാപം എവിടെ കൊണ്ട് തീർക്കും…പണക്കാർക്ക് എന്തുമാവാലോ….

Leave a Reply

Your email address will not be published.