January 30, 2023

കമിഴ്ന്നു കിടന്നുറങ്ങുന്ന ശ്യാമിനെ അവൾ ഒന്നുകൂടി നോക്കി. ഫാനിന്റെ കാറ്റിൽ ആ നെറ്റിയിലേക്ക് മുടിയിഴകൾ വീണ് കിടപ്പുണ്ട്.

രചന: അഞ്ജു തങ്കച്ചൻ.

കമിഴ്ന്നു കിടന്നുറങ്ങുന്ന ശ്യാമിനെ അവൾ ഒന്നുകൂടി നോക്കി. ഫാനിന്റെ കാറ്റിൽ ആ നെറ്റിയിലേക്ക് മുടിയിഴകൾ വീണ് കിടപ്പുണ്ട്. സ്നേഹത്തോടെ പതിയെ ആ മുടിയിഴകൾ മാടിയൊതുക്കിയിട്ട് ആനിഅടുക്കളയിലേക്ക് നടന്നു.

ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എണീക്കാൻ പതിവിലും വൈകി. അല്ലെങ്കിലും ഞായറാഴ്ചകൾ ആഘോഷത്തിന്റേതാണ്. താൻ രാവിലെ പള്ളിയിൽ പോയിട്ട് വരുമ്പോഴേക്കും ശ്യാം നല്ല പോത്തിറച്ചി വാങ്ങിക്കൊണ്ടു വന്നിട്ടുണ്ടാവും, ശ്യാം തന്നെയാണ് അത് വൃത്തിയായി കഴുകി, നുറുക്കി തരുന്നത്. എന്നിട്ട് പറയും പെണ്ണെ, ഇത്രയേ എനിക്കറിയൂ… ബാക്കി നീ നോക്കണേന്ന്
പാചകം കഴിയുന്നതുവരെ ശ്യാം അടുക്കളയിൽ തന്നെ ഉണ്ടാവും.

ശരിക്കും പറഞ്ഞാൽ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം ആയെങ്കിലും പ്രണയത്തിന് ഒട്ടും കുറവു വന്നിട്ടില്ല. തൊട്ടും തലോടിയും കുസൃതി കാണിച്ചും കൂടെയുണ്ടാവും. ഞായറാഴ്ച തനിക്കായി മാത്രം മാറ്റി വയ്ക്കും. ബാക്കിയുള്ള ദിവസങ്ങളിൽ ഓഫീസിൽ പോയി വന്നാൽ പിന്നെ കൂട്ടുകാർക്കൊപ്പം അല്പ്നേരം സിറ്റിയിൽ പോയിരിക്കുന്ന പതിവ് ഉണ്ട് ശ്യാമിന്. എന്നാലും ഒത്തിരി രാത്രി ആകും മുൻപേ വീട്ടിൽ വരും.

അവൾ വളരെ പെട്ടെന്ന് ജോലികൾ ഒതുക്കി ശ്യാമിനെ വിളിച്ചുണർത്തി, ഞാൻ പള്ളിയിൽ പോയിട്ട് വരാം എന്ന് പറഞ്ഞു ആ നീണ്ട മൂക്ക് പിടിച്ച് ഒരു കിഴക്കും കൊടുത്തിട്ട് അവൾ പള്ളിയിലേക്ക് നടന്നു

അവരുടെ വീട്ടിൽ നിന്നും കുറച്ചപ്പുറത്ത് മാറിയാണ് കല്യാണിയുടെ വീട്, നിറയെ ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്ന ചെറിയ ഓടിട്ട വീടാണ് അവളുടേത്. അവളുടെ വീടിനു മുന്നിലെത്തിയപ്പോൾ ആനി അനിഷ്ടത്തോടെ ഒന്ന് കാറിത്തുപ്പി. ആ നാട്ടിലെ അതിസുന്ദരിയാണ് കല്യാണി.

പല മാന്യന്മാരും രാത്രി അവളുടെ വീട് തിരക്കി വരാറുണ്ട്. പലരും അവളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് ആനി പലവട്ടം കണ്ടിട്ടുണ്ട് അതുകൊണ്ടുതന്നെ ആനി ആ വീടുമായി ഒരു അടുപ്പവും ഉണ്ടാക്കിയിരുന്നില്ല. മാത്രമല്ല കല്യാണി എന്തെങ്കിലും ചോദിച്ചാൽ പോലും അവൾ മറുപടി പറയാൻ കൂട്ടാക്കിയിരുന്നില്ല.

നല്ല ആരോഗ്യം ഉണ്ടല്ലോ, എന്തെങ്കിലും മാന്യമായ ജോലി നോക്കി ജീവിക്കാൻ പാടില്ലേ ഇവറ്റകൾക്ക് എന്നാണ് ആനിയുടെ പക്ഷം. ഒന്നുമല്ലേലും ഒരു വയസ്സായ ഒരു കുഞ്ഞ് ഉള്ളതല്ലേ, അത് വളർന്നു വരുമ്പോൾ അതിന് നാണക്കേട് ആകില്ലേ? ആനി പുച്ഛത്തോടെ ആ വീടിനു നേർക്ക് നോക്കിയിട്ട് ധൃതിയിൽ പള്ളിയിലേക്ക് നടന്നു.
***********
ആനി പള്ളിയിൽ നിന്നും എത്തിയപ്പോൾ, എല്ലാ ഞായറാഴ്ച്ചകളിലും പതിവുള്ള പോലെ ശ്യാം അടുക്കളയിൽ തിരക്കിട്ടു പണിയിലായിരുന്നു.

ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടിട്ട് ആനി വെപ്രാളത്തോടെ അയാളുടെ അടുത്തേക്ക് ചെന്നു.

എന്തുപറ്റി? ആ കണ്ണുകൾ നിറയുന്നത് അവൾക്ക് തീരെ സഹിക്കില്ല. ഒന്നുമില്ല പെണ്ണേ… ഉള്ളി അരിഞ്ഞതാ. ഇതൊക്കെ ഞാൻ വന്നിട്ട് ചെയ്യുമായിരുന്നില്ലേ

എല്ലാദിവസവും നീയല്ലേ പണികളെല്ലാം ചെയ്യാറ് ഒരു ദിവസമെങ്കിലും ഞാൻ സഹായിക്കണ്ടേ?
വേണ്ട വേണ്ട ഞാൻ ചെയ്തോളാം ജോലികളൊക്കെ. അല്ലേലും ശ്യാം അടുക്കളയിൽ നിന്നാൽ എനിക്ക് ഇരട്ടി പണി ഉണ്ടാക്കും. ഇപ്പോൾ പോയാട്ടെ . നല്ല കിടിലൻ ബീഫ് ഫ്രൈയും, കറിയും ആയിക്കഴിയുമ്പോൾ ഞാൻ വിളിക്കാം

അതെനിക്കറിയാം നീ കിടിലൻ പാചകക്കാരി ആണെന്ന്, അതിനല്ലേ ഒരു കോട്ടയംകാരി നസ്രാണിയെ തന്നെ ഞാൻ കെട്ടിക്കൊണ്ടു വന്നത്.

ഓ…. ബാക്കിയുള്ള നാട്ടിലെ പെണ്ണുങ്ങൾക്ക് ഒന്നും പാചകം അറിയില്ല എന്നായിരിക്കും.
അങ്ങനെ അല്ലെടി… എന്നാലും ഈ പാചകവും, വാചകവും, പിന്നെ…. പിന്നെ…?

പിന്നെ, എല്ലാം കൊണ്ടും നീ മിടുക്കിയാടീ അയാൾ കുസൃതിയോടെ അവളുടെ മുഖത്ത് മുഖം ഉരസി. ഒന്ന് പൊക്കോണം കേട്ടോ അവൾ പറഞ്ഞു.

അയാൾ ചിരിയോടെ മുറിയിലേക്ക് നടന്നു തന്റെ ഭാഗ്യമാണ് ആനി. മൂന്ന് വർഷം മുൻപ്, താൻ ഓഫീസിൽ പോയിട്ട് വരുന്ന വഴിക്കാണ് അവളെആദ്യമായി കണ്ടത്.

എടീ എന്ന് വിളിച്ചാൽ എന്താടാ എന്ന് ചോദിക്കുന്ന ഒരു കാന്താരി. നാട്ടിലെ പേരുകേട്ട പ്രമാണി ആയ ഈപ്പച്ചന്റെ ഏകമകൾ ആണെന്ന് കൂടി മനസ്സിലായതോടുകൂടി ഹിന്ദുവായ തനിക്ക് അവളെ വിവാഹം കഴിക്കാൻ പറ്റില്ല എന്നാണ് കരുതിയത്. എന്നാലും അവളോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ, വീട്ടിൽ വന്നു ചോദിക്കാനാണ് അവൾ പറഞ്ഞത്.

അവളെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ തനിക്കാകുമായിരുന്നില്ല. അങ്ങനെ രണ്ടും കൽപ്പിച്ച് അവളുടെ ഡാഡിയോട് അവളെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ചു.

മുഖമടച്ച് ഒരടിയായിരിക്കും കിട്ടുന്നത് എന്ന് കരുതിയെങ്കിലും, അദ്ദേഹം പറഞ്ഞത് ജാതിയും മതവും മനുഷ്യർക്കിടയിൽ ഒരു തടസ്സമാവരുതെന്നാണ്. ആ മനുഷ്യനെ താനെന്ന് അറിയുകയായിരുന്നു. മതം പറഞ്ഞു മകളുടെ ഇഷ്ടത്തിനും നേരെ കണ്ണടയ്ക്കും എന്ന് കരുതിയ തനിക്ക് തെറ്റ് പറ്റി.

രണ്ട് വർഷം മുൻപ് അവളെ സ്വന്തമാക്കിയ ശേഷമാണ് ഈ വീടുണർന്നത്, തന്നെ കാത്തിരിക്കാൻ ഒരാൾ ഉണ്ടായത്.

വല്ലപ്പോഴും ചില ഞായറാഴ്ചകളിൽ മാത്രം താൻ അല്പം കള്ളുകുടിക്കും സത്യം പറഞ്ഞാൽ ഒരുപാട് മദ്യപിക്കാൻ തനിക്ക് സാധിക്കില്ല. രണ്ട് ഗ്ലാസ്‌ ആണ് തന്റെ ശീലം. ചെത്തി ഇറക്കിയ ഉടനെ സുഹൃത്തായ വിനോദ് ഒരു കുപ്പി തനിക്കായി മാറ്റിവെക്കും.

ഇടക്ക് അവൾക്കും താൻ അല്പ്പം കൊടുക്കാറുണ്ട്. അന്നേരം അവളെ ഒന്ന് കാണണം എപ്പോഴും മുഖത്ത് ചിരിയാണ്. പിന്നെ പതിവില്ലാത്ത സ്നേഹമാണ് പെണ്ണിന് തന്നോട്. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.
************
നേരം പതിയെ ഇരുണ്ട തുടങ്ങിയപ്പോളാണ് അയൽപക്കത്തെ മേരി ചേച്ചി ഓടിവന്നത്.
നിങ്ങളറിഞ്ഞോ? ആ കല്യാണി മ,രി,ച്ചെ,ന്ന് അ,റ്റാ,ക്ക് ആയിരുന്നു. അയ്യോ.. എപ്പോഴായിരുന്നു? അറിഞ്ഞില്ലല്ലോ.

കുറച്ചുനേരമേ ആയുള്ളൂ.ഹോസ്പിറ്റലിൽ എത്തിച്ചപ്പോളേക്കും മ,രി,ച്ചി,രു,ന്നു. നമുക്ക് ഒന്ന് പോയിട്ട് വരാം ഇല്ല ചേച്ചി ഞാൻ വരുന്നില്ല എനിക്ക് മ,രി,ച്ച,വ,രെ കാണുമ്പോൾ വല്ലാത്ത ഭയമാണ്. ആനി പറഞ്ഞു. നീ വരണ്ട ഞാൻ പോയിട്ട് വരാം.ശ്യാം പറഞ്ഞു.

വേഗം വരണം കേട്ടോ, എനിക്ക് പേടിയാണ്ഒറ്റക്കിരിക്കാൻ.വേഗം വരാം.

ശ്യാം പോയതും ആനി മുറ്റത്തുനിന്ന് മുറിയിലേക്ക് കയറി.
അവൾക്ക് വല്ലാത്ത ഭയം തോന്നി. ഇരുട്ടിനോട് എന്നും അവൾക്ക് വല്ലാത്ത ഭയമായിരുന്നു.
ആരുമല്ലെങ്കിൽ കൂടി മരണവാർത്തയറിഞ്ഞാൽ വല്ലാത്ത ഒരു ആകുലതയാണ് മനസ്സിൽ.
കല്യാണിയോട് ഒരിക്കൽ പോലും താൻ മിണ്ടിയിട്ടില്ല. അവളോട് എന്തോ വല്ലാത്തൊരു വെറുപ്പ്‌ ആയിരുന്നു.

നല്ല പൊക്കമുള്ള, ആരും നോക്കി പോകുന്ന മുഖഭംഗി ഉള്ള, നല്ല ആകാരവടിവുള്ള, അതിസുന്ദരി ആയിരുന്നു കല്യാണി.
അഞ്ചടി രണ്ടിഞ്ചു മാത്രം പൊക്കമുള്ള, അവളോളം സൗന്ദര്യം ഇല്ലാത്ത തനിക്ക് അവളോട്‌ ഇത്തിരി അസൂയ ഓക്കെ തോന്നിയിട്ടുണ്ട്.

എന്തുകൊണ്ടോ അവൾ മ,രി,ച്ചെ,ന്നു കേട്ടപ്പോൾ ഒരു വിഷമം. അല്ലെങ്കിലും മരിച്ചുകഴിയുമ്പോൾ ആണല്ലോ മനുഷ്യർക്ക് സ്നേഹം തോന്നുന്നത്. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാൻ മറക്കുകയും ചെയ്യും.

എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവൾ പതിയെ മയങ്ങി തുടങ്ങിയിരുന്നു.
ആനീ എന്ന വിളിയൊച്ച കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. ശ്യാമാണ്, കൈയ്യിൽ ഒരു കുഞ്ഞും ഉണ്ട്.

ആനി, ഇത് കല്യാണിയുടെ കുട്ടിയാണ്. ഒരു മരണം നടന്നു വീട് ആയിട്ടുകൂടി അധികം ആളുകൾ ഒന്നും ഇല്ല. ഈ കുഞ്ഞ് ഒരു ബാധ്യത ആകുമെന്ന് കരുതിയാവാം ആരും കുഞ്ഞിനെ ശ്രദ്ധിക്കുന്നത് പോലുമില്ല. അതുകൊണ്ട് ഞാനിങ്ങോട്ട് കൊണ്ടുവന്നു.

ശ്യാം എന്തിനാ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വന്നത്. അവിടെ ബന്ധുക്കളാരെങ്കിലും കുട്ടിയെ ഏറ്റെടുത്തോളും. അധികം ബന്ധുക്കൾ ഒന്നും കല്യാണിക്ക് ഇല്ല, മാത്രമല്ല. വന്നവർ ആരും കുഞ്ഞിനെ ശ്രെദ്ധിക്കുന്നു പോലും ഇല്ല.

അതുകൊണ്ട്? ആനി…. ഇത് ഒരു ചെറിയ കുഞ്ഞല്ലേ. അതിനു ശ്യാം എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്. നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ഇവൾ ഒരു ബാധ്യതയായി മാറും. അതുകൊണ്ട് ശ്യാം വേഗം ഇതിനെ കൊണ്ട് വിട്.

ഒരു സ്ത്രീ ആയ നിനക്ക് എങ്ങനെ പറയാൻ കഴിയുന്നു ഇങ്ങനൊക്കെ? ആരുമില്ലാത്ത ഒരു കുഞ്ഞല്ലേ ഇത്.

ആരുമില്ലാത്തവർക്ക് വേണ്ടി എത്രയോ സ്ഥാപനങ്ങൾ ഉണ്ട് നാട്ടിൽ . അവിടെകൊണ്ടാക്കിക്കോളും അവർ. മതി പറഞ്ഞത് അയാൾ ദേഷ്യത്തോടെ വിരൽചൂണ്ടി, അയാളുടെ മുഖം ദേഷ്യത്താൽ ചെറുതായി വിറക്കുന്നുണ്ട് ഇത്രയ്ക്കു ദേഷ്യം തോന്നാൻ ഇത് ശ്യാമിന്റെ കുഞ്ഞാണോ,
അവൾ ഉറക്കെ ചോദിച്ചുകഴിഞ്ഞതും, അവളുടെ മുഖത്തു അയാളുടെ കരുത്തുറ്റ കൈത്തലം പതിച്ചതും ഒരുമിച്ചായിരുന്നു.
************
പുലർച്ചെ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് അയാൾ ഉണർന്നു. ആനി അടുത്ത മുറിയിൽ കട്ടിലിൽ കിടപ്പുണ്ട്. അടിച്ചത് തീരെ ശരിയായില്ല. അയാൾക്ക്‌ വല്ലാത്ത കുറ്റബോധം തോന്നി.

കുഞ്ഞിന് ബിസ്കറ്റ് പാലിൽ കുതിർത്ത് കൊടുത്തതിന് ശേഷം. അയാൾ ആനിയുടെ അടുത്ത് ചെന്നു.
ആനി…. പെട്ടന്ന് നീയങ്ങനെ പറഞ്ഞപ്പോൾ വല്ലാതെ ദേഷ്യം വന്നു. അറിയാതെ പറ്റിപ്പോയതാണ്.
ആനി ഒന്നും പറഞ്ഞില്ല, അയാളെ ഒന്ന് നോക്കുക കൂടി ചെയ്തില്ല.

അയാൾക്ക്‌ മനസിലായി അവൾ ദേഷ്യത്തിൽ ആണെന്ന്. അയാൾ കുഞ്ഞിനേയും കൊണ്ട് കല്യാണിയുടെ വീട്ടിലേക്ക് ചെന്നു. അവളുടെ ബന്ധുക്കൾ ആരെങ്കിലും കുഞ്ഞിനെ ഏറ്റെടുക്കുന്നെങ്കിൽ ആവട്ടെ എന്ന് കരുതി.

പക്ഷെ ചടങ്ങുകൾ കഴിഞ്ഞിട്ടും, ആരും കുഞ്ഞിനെ ഏറ്റെടുത്തില്ല. മാത്രമല്ല കുഞ്ഞിനെ സ്വീകരിക്കേണ്ടി വന്നാലോ എന്ന് വിചാരിച്ചാകണം, വളരെ പെട്ടന്ന് തന്നെ എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു. അതോടെ ആ കുഞ്ഞിനെ ആർക്കും ആവശ്യമില്ലെന്ന് അയാൾക്ക്‌ മനസിലായി. അയാൾ കുട്ടിയേയും കൊണ്ട് വീട്ടിലേക്കു മടങ്ങി.

വീട്ടിൽ എത്തുമ്പോൾ ആനി അവിടുണ്ടായിരുന്നില്ല. അവൾ പിണങ്ങി വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന് അയാൾ ഊഹിച്ചു.

അയാൾ അവളുടെ നമ്പർലേക്ക് വിളിച്ചു നോക്കി. അത് സ്വിച്ച് ഓഫ്‌ ആയിരുന്നു. അയാൾ അവളുടെ ഡാഡിയെ വിളിച്ച്‌ നോക്കി.

അവൾ അവിടുണ്ടെന്ന് പറഞ്ഞപ്പോൾ ആണ് അയാൾക്ക്‌ ശ്വാസം നേരെ വീണത്. മുൻകോപം അവൾക്കു കൂടുതൽ ആണ്. ഒറ്റബുദ്ധിക്ക് എന്ത് ചെയ്യും എന്ന് അവൾക്ക് തന്നെ അറിയില്ല.
രണ്ട് ദിവസങ്ങൾ കഴിഞ്ഞു. കുഞ്ഞ് അയാളോട് നന്നായി ഇണങ്ങി കഴിഞ്ഞിരുന്നു. ആനി ഇല്ലാത്ത വീട്ടിൽ അയാൾക്ക്‌ വല്ലാത്ത ശൂന്യത തോന്നി.

പലവട്ടം അവളെ വിളിച്ചു നോക്കിയെങ്കിലും അപ്പോഴെല്ലാം ഫോൺ ഓഫ് ആയിരുന്നു. അവളുടെ സ്നേഹവും, ദേഷ്യവും, വാശിയും, കുറുമ്പും ഒന്നുമില്ലാതെ തനിക്ക് കഴിയില്ലെന്ന് തോന്നിയപ്പോൾ, അയാൾ അവളുടെ വീട്ടിലേക്ക് ചെന്നു.

ഡാഡി ഹാളിൽ തന്നെ ഉണ്ടായിരുന്നു. ശ്യാമിനെ കണ്ട് അയാൾ അടുത്തേക്ക് വന്നു.
കാര്യങ്ങൾ ഓക്കെ ഞാൻ അറിഞ്ഞു. ഇപ്പോൾ നാട്ടിലെ സംസാരം ഈ കുഞ്ഞ് ശ്യാമിന്റെ ആണെന്നാണ്, അതുകൊണ്ടാണത്രേ ശ്യാം കുഞ്ഞിനെ ഏറ്റെടുത്തതെന്ന്‌.ആളുകൾക്ക് എന്താ പറഞ്ഞുണ്ടാക്കാൻ മേലാത്തത്. ഞാൻ ആനിയെ പറഞ്ഞ് മനസിലാക്കാൻ നോക്കി, അവൾ കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല.

വന്നപ്പോൾ മുതൽ മുറിയിൽ നിന്ന് പുറത്തേക്കു ഇറങ്ങിയിട്ടില്ല. വാശിക്ക് ഒട്ടും പിറകിൽ അല്ലല്ലോ അവൾ. കുഞ്ഞിനെ ഇങ്ങു താ… അയാൾ വാത്സല്യത്തോടെ കുഞ്ഞിനെ എടുത്തു..
ശ്യാം മുറിയിൽ ചെല്ലുമ്പോൾ ആനി കട്ടിലിൽ ഇരിക്കുകയായിരുന്നു. മുടിയിഴകൾ പാറിപ്പറന്ന് കണ്ണുനീർ ഉണങ്ങിയ മുഖത്തു പറ്റിപ്പിടിച്ചിരിക്കുകയാണ്. എന്ത് കോലമാടി ഇത്?

വാ…. നമുക്ക് വീട്ടിൽ പോകാം ഞാൻ വരുന്നില്ല. നീയെന്താ ദേഷ്യം വന്നപ്പോൾ പറഞ്ഞത്? അന്നേരം അറിയാതെ അടിച്ചു പോയതല്ലേ.

എന്തായാലും, ഇനി ഞാൻ ആ വീട്ടിലേക്ക് ഇല്ല. ആനി, അയാൾ അവളുടെ മുഖം തനിക്ക് നേരെ പിടിച്ചു. നിനക്കറിയോ എന്നെ വളർത്തിയ, ഞാൻ അച്ഛാ എന്ന് വിളിച്ചിരുന്ന ബാലൻ മാഷ് എന്റെ അച്ഛൻ അല്ല. വഴിയരികിൽ മരിച്ചു കിടന്ന ഒരു തെരുവ് പെണ്ണിന്റെ നെഞ്ചിൽ കിടന്ന് അമ്മിഞ്ഞപ്പാലിനായി കരയുന്ന ഒരു ഒന്നര വയസുകാരനെ, തെരുവ് പട്ടികൾ ക,ടി,ച്ചു കീ,റി കൊ,ല്ലും മുന്നേ അദ്ദേഹം എടുത്തു കൊണ്ടുവന്നു.

അദ്ദേഹം ആണ് എന്നെ മകനെ പോലെ വളർത്തിയത്, ആ വലിയ മനുഷ്യൻ അന്നെന്നെ കണ്ടില്ലെന്ന് നടിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല.

അന്ന് കല്യാണിയുടെ ഒരു വയസുള്ള ആ കുഞ്ഞിൽ ഞാൻ എന്നെ തന്നെയാണ് കണ്ടത്. ഇനി നീ പറ ഞാൻ പിന്നെ എന്തായിരുന്നു ചെയ്യേണ്ടത്? അയാൾ അവളുടെ മുഖത്തേക്ക് നോക്കി, ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. ഇതൊന്നും എന്നോട് ശ്യാം പറഞ്ഞില്ലല്ലോ ഇത് വരെയും.

ശരിയാണ് ഞാൻ പറഞ്ഞില്ല. ഞാൻ ബാലൻ മാഷിന്റെ മകൻ ആയിട്ടാണ് വളർന്നത്. എനിക്കൊരു മേൽവിലാസം ഉണ്ടാക്കി തന്നത് ആ വലിയ മനുഷ്യൻ ആണ്.എനിക്ക് വേണ്ടി മാത്രം ജീവിച്ച്, ഒരു വിവാഹം കഴിക്കാൻ പോലും അദ്ദേഹം മറന്നു. ആ ഞാൻ അദ്ദേഹത്തിന്റെ മകൻ അല്ലെന്ന് എങ്ങനാ പറയുന്നത്? അവൾ അയാളെ മുറുകെ പുണർന്നു. എന്നോട് ക്ഷമിക്ക് ശ്യാം എനിക്ക് തെറ്റ് പറ്റിപ്പോയി.
ഡാഡി കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് കടന്നു വന്നു.

ആഹാ പിണക്കം ഓക്കെ മാറിയോ രണ്ടാളുടെയും? അവൾ കുഞ്ഞിനെ അയാളിൽ നിന്നും വാരിയെടുത്തു. മോളെ, ശ്യാം ചെയ്തത് തന്നെയാണ് ശരി. ഒരു മനുഷ്യ ജീവൻ എങ്കിലും നമുക്ക് രക്ഷിക്കാൻ കഴിഞ്ഞാൽ അതിലും വലിയ എന്ത് പുണ്യം ആണ് കിട്ടുന്നത്?

കുട്ടി അവളിൽ നിന്നും അയാളുടെ നേർക്ക് കൈ നീട്ടി കരയുവാൻ തുടങ്ങി.
അവളുടെ ഉള്ളിൽ ഒരമ്മ മനസ് ഉണരുകയും, അവൾ കുഞ്ഞിനെ തെരുതെരെ ഉമ്മ വയ്ക്കുകയും ചെയ്തു. അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകളും, സ്നേഹംചുംബനങ്ങളും കണ്ടിട്ടാവണം കുഞ്ഞ് കരച്ചിൽ നിർത്തി, എങ്കിലും ആ ചെറിയ ചുണ്ടുകൾ വിതുമ്പലിൽ വിറക്കുന്നുണ്ടായിരുന്നു.
അവൾ കുഞ്ഞിനെ ഒന്നുകൂടി സ്നേഹവാത്സല്യത്തോടെ തന്റെ നെഞ്ചിലേക്ക് ചേർത്തണച്ചു പിടിച്ചു.

Leave a Reply

Your email address will not be published.