June 1, 2023

നമുക്ക് വേർപിരിഞ്ഞാലോ? ഒരു സാധാരണ കാര്യം പറയുന്നത് പോലെ സാമൂവൽ അരികിൽ വന്നു പറഞ്ഞപ്പോൾ കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന ധന്യ

രചന: Shivadasan Pg

നമുക്ക് വേർപിരിഞ്ഞാലോ?ഒരു സാധാരണ കാര്യം പറയുന്നത് പോലെ സാമൂവൽ അരികിൽ വന്നു പറഞ്ഞപ്പോൾ കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന ധന്യ തലയുയർത്തി നോക്കി.എത്രയോ കാലമായി അയാൾ അടുത്ത് നിന്ന് സംസാരിച്ചിട്ട്?അവൾക്കു അതുകേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

എത്രയോ വർഷങ്ങൾക്ക് മുമ്പേ നമ്മൾമനസ്സ് കൊണ്ടു പിരിഞ്ഞു എന്ന് അവൾക്കു അയാളോട് പറയണം എന്ന് തോന്നി എങ്കിലും അവൾ മൗനം പാലിച്ചു.

അവൾക്കു ഒരുപാട് കാര്യങ്ങൾ അയാളോട് ചോദിക്കണം എന്നുണ്ടായിരുന്നു
പക്ഷേ ഒന്നിനും അവൾക്കു ധൈര്യം വന്നില്ല.തന്റെ ഈ ധൈര്യക്കുറവ് ആണ് എല്ലാകാലത്തും ഉള്ള പരാജയങ്ങൾക്ക് കാരണം
***** ***** *****
അടിച്ചമർത്തപ്പെട്ട ബാല്യവും കൗമാരവും.ഒട്ടും ആത്മവിശ്വാസം ഇല്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.വിവാഹകമ്പോളത്തിലും താൻ വിലയിടിഞ്ഞു മാറ്റിനിറുത്തപെട്ടപ്പോൾ കടുത്ത നിരാശയായിരുന്നു.പലവർക്ക് മുമ്പിലും വേഷം കെട്ടി മടുത്തിരിക്കുമ്പോൾ ആണ് അയാൾ തന്നെ ഇഷ്ടമായി എന്ന് പറഞ്ഞു പോയത്

അയാൾ ഒരു തരത്തിലും തന്റെ സങ്കല്പത്തിലെ പുരുഷൻ ആയിരുന്നില്ല?എന്നിട്ടും താൻ അയാളെ സ്നേഹിക്കാൻ ശ്രമിച്ചു.പക്ഷേ!അയാളുടെ കോപതാപങ്ങളെ താങ്ങാൻ തനിക്കു കരുത്തില്ലായിരുന്നു.
എന്നിട്ടും ക്ഷമിച്ചു ജീവിച്ചു.

അയാളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.വർഷങ്ങൾ പോകുംതോറും മനസ്സ് കൊണ്ടു അകന്നു പോയി കൊണ്ടിരുന്നു.താൻ എപ്പോഴോ മ,രി,ച്ചു പോയി.അയാളുടെ അടിമയായി കിട്ടിയ വേഷം അടിതിമിർത്തു കൊണ്ടിരുന്നു.ഇപ്പോൾ അയാൾക്ക് ഈ അടിമയെ മടുത്തു കാണും.
തനിക്കു പരാതിയില്ല?

ഒരിക്കൽ പോലും തന്റെ മനസ്സ് അറിയാൻ ശ്രമിക്കാത്ത ഇയാളെ വിട്ടിട്ടു പോകാൻ തനിക്കു ബുദ്ധിമുട്ടൊന്നുമില്ല.തിടുക്കത്തിൽ ചോറും കറിയും വെച്ചു.വസ്ത്രങ്ങൾ കഴുകിയിട്ടു.പാത്രങ്ങൾ കഴുകി വെച്ചു.

ഇനി എന്തെങ്കിലും ബാക്കി ജോലി കിടപ്പുണ്ടോ?ഇല്ല!വസ്ത്രങ്ങൾ ബാഗിൽ എടുത്തു വെച്ചു.കാര്യമായിട്ടൊന്നും ഉണ്ടായിരുന്നില്ല?നരച്ച മൂന്നു നാലു നൈറ്റികൾ.

തന്റെതൊന്നും ബാക്കി വെക്കേണ്ട എന്നു കരുതി കുത്തി നിറച്ചതാണ്?യാത്ര പറയാൻ തോന്നിയില്ല.ഇല്ലെങ്കിലും സംസാരിച്ചിട്ട് നാളുകൾ എത്രയായി.നിനക്ക് വിഷമം തോന്നുന്നുണ്ടോ?സ്വയം ചോദിച്ചു.

ഹേയ്!എന്തിന്?സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
***** ****** *******
ദിവസം കുറെ ആയി ഇങ്ങോട്ടു പോന്നിട്ട്?അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു കാണുമോ?
അയാൾ ഭക്ഷണം എങ്ങനെ കഴിക്കുന്നുണ്ടാകും?

ഇത്തരം അനാവശ്യ ചിന്തകൾ ധന്യയെ സൈര്യം കെടുത്തി കൊണ്ടിരുന്നു.ഒരിക്കൽ കൂടി അയാളെ കാണാൻ മോഹം തോന്നി.ഇനിയും അങ്ങോട്ട്‌ ചെല്ലാൻ നാണമില്ലേ പെണ്ണെ നിനക്ക്?സ്വയം ചോദിച്ചു.

എന്തോ കാണണം കാണണം എന്ന് മനസ്സിൽ തോന്നൽ.തന്നെ സ്നേഹിച്ചിട്ടില്ലെങ്കിലും താൻ ഒരുപാട് സ്നേഹിച്ചിരുന്നു ആ മനുഷ്യനെ?അയാളുടെ അവസ്ഥ എന്താണെന്ന് അറിയണം?
***** ****** ******
മുറ്റത്തു നിറയെ കരിയിലകൾ കണ്ടപ്പോൾ ഇവിടെ ആരും ഇല്ലേ?എന്ന് സംശയിച്ചു.

വീട്ടിലേക്കു കയറി ചെന്നപ്പോൾ വീട് പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി.താടി വളർത്തിയ ആ പ്രാകൃത രൂപം കണ്ടു നെഞ്ചിൽ തീ കോരി.തന്നെ കണ്ടപ്പോൾ നഷ്ടമായ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുഞ്ഞിനെ പോലെ അയാൾ ഓടി വന്നപ്പോൾ അവളുടെ മനസ്സിൽ അലിവ് തോന്നി.

അവൾ ഒന്നും ചോദിച്ചില്ല ഒന്നും പറഞ്ഞില്ല.അവൾക്കു എല്ലാം മനസ്സിലായി.
താൻ തന്നെയാണ് അയാൾ.അയാൾ തന്നെയാണ് ഞാൻ.താൻ ഇല്ലാതെ അയാൾക്കും ആളില്ലാതെ തനിക്കും ജീവിക്കാൻ കഴിയില്ല എന്ന് അവൾക്കു മനസ്സിലായി.

Leave a Reply

Your email address will not be published.