രചന: Shivadasan Pg
ഇളക്ട്രോണിക്സ് സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് സുമേഷ് ഇറങ്ങി വരുന്നത് കണ്ടു ജോസും ശിവനും ചോദിച്ചു നീ എന്ത് വാങ്ങാൻ പോയതാ?അതു പിന്നെ? സുമേഷ് നിന്ന് വിക്കി.അവന്റെ പോക്കറ്റിൽ നിന്ന് ബില്ല് വാങ്ങി നോക്കിയപ്പോൾ ac ആണ് വാങ്ങിയിരിക്കുന്നത് എന്ന് മനസ്സിലായി.
അതു കണ്ടപ്പോൾ ജോസിന്റെയും ശിവന്റെയും മുഖം ഇരുണ്ടു.ഓഹോ!നിനക്ക് ac വാങ്ങാൻ ഒക്കെ പണം ഉണ്ട് അല്ലെ?ഞങ്ങൾ നിന്റെ അവസ്ഥ മോശമാണ് എന്ന് കരുതി പലപ്പോഴും സഹായിച്ചു കൊണ്ടിരുന്നത്?നിനക്ക് ഇപ്പോൾ എവിടെ നിന്നാണ് പണം കിട്ടിയത്?സത്യം പറ?
അതു പിന്നെ ഞാൻ ആ കുറി വിളിച്ചു ആ കുറി ഞാനും ചേർന്നിട്ടുള്ളതല്ലേ?
ഇപ്പോൾ അതു നഷ്ടത്തിനാണ് വിളി പോകുന്നത്?നിനക്ക് അതു ഇപ്പോൾ വിളിച്ചു ac വാങ്ങേണ്ട അത്യാവശ്യം എന്താ?ജോസിന് അമർഷം തോന്നി.
വാടാ ശിവാ?നമുക്ക് പോകാം അവന്റെ പെണ്ണുമ്പിള്ളക്ക് ചൂട് സഹിക്കാൻ പറ്റുന്നില്ലായിരിക്കും
ഇപ്പോൾ നമ്മൾ ശശി ആയി.
****** ***** *******
സുമേഷിനെ ഇപ്പോൾ കാണുന്നതേയില്ലല്ലോ?അവന്റെ വീട് വരെ പോയി നോക്കിയാലോ?
ശിവൻ ചോദിച്ചപ്പോൾ ജോസിന് ദേഷ്യം വന്നു.അവൻ പെണ്ണിനേയും കെട്ടിപിടിച്ചു ac യിൽ കിടക്കുന്നുണ്ടാകും.ഞാനില്ല നീ പോയിട്ട് വാ?
എങ്കിലും ശിവൻ നിർബന്ധിച്ചപ്പോൾ ജോസ് കൂടെ പോയി.സുമേഷിന്റെ വീടിന്റെ വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടു ഞാൻ പറഞ്ഞില്ലേ ac ഓണാക്കി അവൻ വാതിൽ പൂട്ടി അകത്തു ഇരിക്കുന്നത് കണ്ടോ?അവർ ബെൽ അടിച്ചു.വാതിൽ തുറന്നപ്പോൾ അകത്തു നല്ല ചൂട്
ഓ നിന്റെ കിടപ്പ് മുറിയിൽ ആണല്ലേ ac ഫിറ്റ് ചെയ്തിരിക്കുന്നത്?എവിടെ കാണട്ടെ?
അവർ അധികാരത്തിൽ അവന്റെ കിടപ്പു മുറിയിൽ കയറി.അവിടെയും ac കാണാതായപ്പോൾ അവർ ചോദിച്ചു ac എവിടെ?സുമേഷ് അവരെയും കൂട്ടി അമ്മയുടെ മുറിയിലേക്ക് ചെന്നു.അമ്മ കിടപ്പിലായിട്ട് വർഷങ്ങൾ ഏറെ ആയി.
അവരെ കണ്ടപ്പോൾ അമ്മക്ക് സന്തോഷമായി.എന്നാലും എന്തിനാ മക്കളെ നിങ്ങൾ ഇല്ലാത്ത കാശുണ്ടാക്കി ac വാങ്ങി കൊടുത്തയച്ചത്?അല്ലാതെ തന്നെ ഒരുപാട് സഹായങ്ങൾ നിങ്ങൾ ചെയുന്നുണ്ട് എന്ന് ഇവൻ പറയാറുണ്ട്?ഞാൻ എപ്പോഴും ഇവനോട് പറയുംചൂട് സഹിക്കാൻ വയ്യ എന്ന്?
മരിക്കുന്നതിന് മുമ്പ് കുറച്ചു നാൾ ac യിൽ കിടന്നു ഉറങ്ങണം എന്നൊക്കെ ഞാൻ വെറുതെ പറയും.
അതൊന്നും നടക്കില്ല എന്നറിയാമായിരുന്നു.പക്ഷേ മക്കളായിട്ട് അതു സാധിച്ചു തന്നു.
അമ്മേ!ഇതു ഞങ്ങൾ വാങ്ങിയതല്ല അമ്മയുടെ മകൻ തന്നെ വാങ്ങിയതാണ്.അമ്മ വഴക്ക് പറഞ്ഞെങ്കിലോ എന്ന് കരുതി ഞങ്ങളുടെ പേര് അവൻ പറഞ്ഞതാണ്.കുറ്റബോധം കൊണ്ടു അവരുടെ ശിരസ്സ് താണു.സത്യം അറിയാതെ ഒരാളെ തെറ്റിദ്ധരിക്കരുത് എന്ന് അവർ മനസ്സിലാക്കി.