March 30, 2023

എടീ….. ഇന്ന് ഞാൻ ലീവ് എടുക്കട്ടെ? അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ചന്ദനയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ച് നാഥൻ ചോദിച്ചു

ആഴങ്ങൾ.

രചന: അഞ്ജു തങ്കച്ചൻ.

എടീ….. ഇന്ന് ഞാൻ ലീവ് എടുക്കട്ടെ? അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന ചന്ദനയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിച്ച് നാഥൻ ചോദിച്ചു.

എന്തിനാണാവോ? അവൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞു. നിനക്കറിയില്ലേ? അയാൾ കുസൃതിയോടെ അവളുടെ മൂക്കിൽ പിടിച്ചുലച്ചു.

അയ്യടാ… ഇയാൾ ഇങ്ങനെ ലീവ് എടുത്തതിന്റെയാണ് ഒരെണ്ണം അപ്പുറത്ത് ഇരുന്ന് പഠിക്കുന്നതും, ഒരെണ്ണം തൊട്ടിലിൽ കിടന്നുറങ്ങുന്നതും.

അവർക്ക് കൂട്ടുകൂടാൻ ഒരാളെ കൂടി കൊടുക്കാടി. വേഗം ചെന്ന് കുളിച്ച്, ഭക്ഷണം കഴിച്ചിട്ട് ഓഫീസിൽ പോകാൻ നോക്ക് നാഥൻ. എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നു.

അവളുടെ കപട ദേഷ്യത്തോടെ പറഞ്ഞു. അയാൾ ഒന്നും മിണ്ടാതെ നടന്നു പോകുന്നത് നോക്കി നിൽക്കെ അവൾക്ക് ചിരി വന്നു.

അനാഥനായ നാഥന്റെ കൈപിടിച്ച് വന്ന നാൾ മുതൽ തന്നെ സ്നേഹംകൊണ്ട്വീർപ്പുമുട്ടിക്കുകയാണ്.

ആ മുഖമൊന്നു വാടിയാൽ പോലും തനിക്ക് സഹിക്കില്ല. ഇനി മുഖം വീർപ്പിക്കാൻ നാഥന് ഇതു മതി.

അവൾ പതിയെ മുൻവശത്തെ മുറ്റത്തേക്ക് ചെന്നു. നാഥൻ മുറ്റത്തുതന്നെ നിൽപ്പുണ്ട്.
പുറത്ത് പാൽക്കടൽ പോലെ മഞ്ഞ് പരന്നൊഴുകുന്നുണ്ട്. മാമലകളുടെ പിന്നിൽ എവിടെയോ ഒളിച്ചിരുന്ന തണുത്തകാറ്റ് പുലർക്കാല മഞ്ഞിന്റെ വെൺപട്ടുടയാടകൾ ഓരോന്നായി അഴിച്ചു കളയുകയാണ്.

ഈറൻ കാറ്റിന്റെ സൂചിത്തണുപ്പ് ശരീരമാകെ പൊതിയുന്നുണ്ട്.നാഥനെ പിന്നിലൂടെ ഇറുകെ പുണർന്നു നിന്നപ്പോൾ അയാൾ നേർത്ത പരിഭവത്തോടെ അവളെ വലിച്ച് നെഞ്ചിലേക്ക് ചേർത്തു.

കുളിരിൽ മുങ്ങി മയങ്ങിക്കിടക്കുന്ന ഭൂമിയെപ്പോലെയുള്ള അവളുടെ തരള മിഴികളിലേക്ക് അവൻ ആർദ്രതയോടെ നോക്കി.

എനിക്കറിയാം നീ വരുമെന്ന് ഞാൻ പിണങ്ങുന്നത് നിനക്ക് ഇഷ്ടം അല്ലല്ലോ. ഓഹോ അങ്ങനെയാണോ? അതേലോ.

എന്റെ പെണ്ണേ നിന്നെ എത്ര പ്രണയിച്ചിട്ടും എനിക്ക് മതി വരുന്നില്ല.അവളുടെ മഷി എഴുതാത്ത കണ്ണുകളിൽ അയാൾ അമർത്തി ചുംബിച്ചു.

തണുത്തുറഞ്ഞ ആകാശത്തിന്റെ അകിടിൽ നിന്നും എപ്പോഴോ അറിയാതെ ചുരത്തി പോയ നേർത്ത മഞ്ഞിൻ തുള്ളികൾ അവളുടെ മുഖത്തേക്കിറ്റു വീണു.

ആ മഞ്ഞുതുള്ളികളെ തന്റെ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുക്കുമ്പോഴേക്കും അയാളെ തള്ളി മാറ്റി അവൾ അകത്തേക്ക് ഓടി.

ഇനി ഇവിടെ നിന്നാൽ ശരിയാവില്ല, മോൻ വേഗം പോയി കുളിച്ചിട്ട് വന്നാൽ ചൂട് ചായ തരാം അവൾ കുറുമ്പോടെ പറഞ്ഞു.

അയാൾനേർത്ത ചിരിയോടെ അകത്തേക്ക് നടന്നു. ഒമ്പതുമണിയോടെ അയാൾ ഓഫീസിലേക്ക് പോകുവാനായി വണ്ടിയിൽ കയറിയതും, ചന്ദന രണ്ടു വയസുകാരിയായ മകൾ മാളുവിനേയും കൊണ്ട് അടുത്തേക്ക് ചെന്നു.

നാഥൻ ഇന്ന് നേരത്തെ വരാമോ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. ശരി, നേരത്തെ വരാൻ നോക്കാം.

അയാൾ പോയതും പത്തുവയസ്സുകാരൻ നന്ദു സ്കൂൾ ബാഗുമായി ഓടി വന്നു. സ്കൂൾ ബസ് വരാൻ നേരമായിരിക്കുന്നു.

നന്ദു, മാളുവിന്റെ കുഞ്ഞുകവിളിൽ ഉമ്മ വെച്ച്, സ്കൂൾ ബസ്സിൽ കയറിപ്പോയതും, മോളെയും കൊണ്ട് ചന്ദന വീട്ടിനുള്ളിലേക്ക് കയറി . ഇനിയും ധാരാളം ജോലികൾ ബാക്കിയുണ്ട്.

മോള് കളിയും കഴിഞ്ഞ് വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങൾ മുറിയിലാകെ ചിതറിക്കിടന്നിരുന്നു. ഇനി അവൾ ഉറങ്ങാതെ ഒരു പണിയും നടക്കില്ല.

അവൾക്ക് അവളുടെ അച്ഛന്റെ സ്വഭാവമാണ് ഒരിടത്ത് അടങ്ങിയിരിക്കില്ല എപ്പോഴും എന്തെങ്കിലും കുസൃതി കാണിച്ചുകൊണ്ടിരിക്കും. അവൾ ഊറിചിരിച്ചു.
****************
വൈകുന്നേരം മക്കളെയും ഒരുക്കി അവൾ നാഥൻ വരാൻ കാത്തിരുന്നു. നേരത്തെ വരാം എന്ന് പറഞ്ഞിട്ട് നിങ്ങളുടെ അച്ഛനെ കാണുന്നില്ലല്ലോ മക്കളെ അവൾ മക്കളോട് പറഞ്ഞു.

സാധാരണ അഞ്ചുമണിയോടുകൂടി നാഥൻ എത്തുന്നതാണ് ആറു മണിയായിട്ടും വരാതായപ്പോൾ അവൾക്ക് വല്ലാത്ത ഭയം തോന്നി. പലവട്ടം അവൾ അയാളുടെ ഫോണിലേക്ക് വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്.

പെട്ടെന്ന് വണ്ടിയുടെ ശബ്ദം കേട്ടതും അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.
പക്ഷേ മുറ്റത്തേക്ക് കടന്നുവന്നത് നാഥന്റെ വണ്ടി ആയിരുന്നില്ല. നാഥന്റെ കൂടെ ജോലി ചെയ്യുന്ന ശരണ്യ ചേച്ചിയും രാജൻ ചേട്ടനും വണ്ടിയിൽ നിന്നിറങ്ങി.
അവരുടെ മുഖം കണ്ടപ്പോൾ ചന്ദനക്ക് പരിഭ്രമമായി.

എന്താ….. ശരണ്യ ചേച്ചി, അവൾ മുറ്റത്തേക്ക് ഓടിയിറങ്ങിച്ചെന്നു. അത് മോളെ…… രാജൻ ചേട്ടൻ അവൾക്ക് അരികിലേക്ക് വന്നു. എന്താ രാജേട്ടാ?

മോള് പേടിക്കാനൊന്നുമില്ല. നാഥന് ചെറിയ ഒരു ആക്സിഡന്റ് പറ്റി കുഴപ്പമൊന്നുമില്ല ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ചെറിയ മുറിവേയുള്ളൂ അയാൾ പറഞ്ഞു.

ചന്ദന അയാൾ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. തലയ്ക്കുള്ളിൽ ഇരുന്ന് ചീവീടുകൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നു. തലയാകെ പൊട്ടിച്ചിതറുന്ന പോലെ.

വേച്ചു വീഴാൻ പോയ ചന്ദനയെ ശരണ്യ താങ്ങിപ്പിടിച്ചു.
കരയുന്ന നന്ദുവിനെയും, എന്താണെന്ന് സംഭവിച്ചതെന്ന് തിരിച്ചറിവില്ലെങ്കിലും ചുണ്ടു പിളർത്തി വിതുമ്പാൻ തുടങ്ങുന്ന മാളുവിനെ യും രാജൻ ചേട്ടൻ ചേർത്തുപിടിച്ചു കാറിൽ കയറ്റി.
മക്കൾ കരയേണ്ട ട്ടോ ഒന്നുമില്ല അയാൾ പറഞ്ഞു.
ശരണ്യ ചന്ദനയെ പിടിച്ച് കാറിൽ കയറ്റി.

ആശുപത്രിയിൽ അയാളുടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നാഥൻ എവിടെ? ചന്ദന തളർച്ചയോടെ ചോദിച്ചു.ഐസിയുവിലാണ് ഇപ്പോൾ കാണാൻ പറ്റില്ല.

ശരിക്കും എന്റെ നാഥന് എന്താ പറ്റിയത്? ഓഫീസിൽ നിന്നും വരുമ്പോൾ കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ചന്ദന തളർച്ചയോടെ അടുത്തുള്ള കസേരയിൽ ഇരുന്നു.

അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഒരു വർഷം മുമ്പ് രോഗിയായ തന്റെ അച്ഛൻ മരിച്ചതോടെ തനിക്ക് ഈ ലോകത്തിൽ സ്വന്തമെന്ന് പറയാൻ നാഥനും തന്റെ കുഞ്ഞുങ്ങളും മാത്രമാണുള്ളത്.

പിറ്റേന്ന് വൈകുന്നേരത്തോടെയാണ് ഡോക്ടർ പറഞ്ഞത് നാഥന്റെ ജീവൻ തിരിച്ചു കിട്ടി പക്ഷേ ഇനി അയാൾ ഒരിക്കലും എഴുന്നേറ്റ് നടക്കില്ല ശരീരം തളർന്നു പോയി സംസാരശേഷിയും നഷ്ടപ്പെട്ടു എന്ന്.

കേട്ടത് വിശ്വസിക്കാനാവാതെ ചന്ദന ഉറക്കെ അലറി കരഞ്ഞു. ശരണ്യ അവളെ തന്റെ തോളിലേക്ക് അമർത്തിപ്പിടിച്ചു.

നാഥന് ബോധം വീണിട്ടുണ്ട് കയറി കാണാം, ഡോക്ടർ പറഞ്ഞതും ചന്ദന അകത്തേക്കോടി.
തലയിലും മുഖത്തും ആകെ മുറിവുകളാണ്. വേദന കൊണ്ടാവാം അയാളുടെ മുഖം ഇടയ്ക്കിടെ ചുളിയുന്നുണ്ട്.

ആകെയുലഞ്ഞുനിൽക്കുന്ന ചന്ദനയെ കാണുവാൻ ആകാതെ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു. നാഥനെ വീട്ടിലേക്ക് കൊണ്ടുവന്നു.

ഇനി എഴുന്നേൽക്കില്ല എന്ന് വിധിയെഴുതി എങ്കിലും നാഥനെ ആ അവസ്ഥയിൽ കാണാൻ ചന്ദനക്കാവില്ലായിരുന്നു.

ഹോസ്പിറ്റലിലെ ഭീമമായ ബില്ല് സുഹൃത്തുക്കൾ അടച്ച് സഹായിച്ചു എങ്കിലും അത് തിരിച്ചു കൊടുക്കേണ്ട ബാധ്യത തനിക്കാണെന്ന് അവൾ തിരിച്ചറിഞ്ഞു.
തനിക്ക് നാഥനും തന്റെ കുഞ്ഞുങ്ങളും മാത്രമേയുള്ളൂ താൻ ഇങ്ങനെ തളർന്നിരിക്കാൻ പാടില്ലെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

തങ്ങൾക്ക് സ്വന്തമായി ഈ വീട് മാത്രമേയുള്ളൂ. അതും ലോണെടുത്തും അല്പ്സ്വൽപ്പം ആയി കാശുമിച്ചം പിടിച്ചുമൊക്കെ തങ്ങൾ ഒരുപാട് ആശിച്ചു വർഷങ്ങൾകൊണ്ട് പൂർത്തിയാക്കിയതാണ് ഈ വീട്. ലോൺ അടച്ചു പൂർത്തിയാക്കിയത് ഈ അടുത്ത കാലത്താണ്. പക്ഷേ വീടിനേക്കാൾ തനിക്ക് വലുത് നാഥൻ ആണ്.

നാഥൻ എഴുന്നേറ്റ് നടക്കുന്നത് തനിക്ക് കാണണം.ഒടുവിൽ അവൾ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. വീടിന്റെ ആധാരം ബാങ്കിൽ പണയപ്പെടുത്തി. ഹോസ്പിറ്റൽ ബിൽ അടച്ച സുഹൃത്തുക്കൾക്ക് ആ പണം മടക്കി നൽകി.

ബാക്കിയുള്ള പണംകൊണ്ട് നാഥന് ആയുർവേദ ചികിത്സ കൂടി പരീക്ഷിക്കണം എന്ന് അവൾക്കു തോന്നി. പക്ഷേ ചികിത്സ ചിലവുകൾ അവൾ പ്രതീക്ഷിച്ചതിനേക്കാൾ അധികമായിരുന്നു. കൈയ്യിലുള്ള പണം തീർന്നതോടെ എന്ത് ചെയ്യണം എന്ന് ചന്ദനക്ക് അറിയില്ലായിരുന്നു.
മോന്റെ സ്കൂൾ ഫീസ് അടയ്ക്കാൻ നിർവ്വാഹം ഇല്ലാതായതോടെ അവനെ തൊട്ടടുത്ത് തന്നെയുള്ള ഗവൺമെന്റ് സ്കൂളിലേക്ക് മാറ്റി.

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു മോനെ സ്കൂളിൽ വിട്ട്, നാഥന് ഭക്ഷണവും കൊടുത്ത്, മാളുവിനെ തൊട്ടടുത്തുള്ള വീട്ടിൽ ഏൽപ്പിച്ചിട്ട് അവൾ പലയിടത്തും ഒരു ജോലിക്കായി കയറി ഇറങ്ങി. പക്ഷേ നിരാശയായിരുന്നു ഫലം.

എങ്കിലും അവൾ പലയിടത്തും സർട്ടിഫിക്കറ്റുമായി കയറിയിറങ്ങി. ജോലി തരാം പക്ഷേ സഹകരിക്കണം എന്ന് പറഞ്ഞു ചിലർ തന്റെ പെണ്ണുടലിനെ ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോൾ അവൾക്കു മനസ്സിലായി വീണുകിടക്കുന്ന ആളെ വീണ്ടും വീണ്ടും ചവിട്ടി വീഴ്ത്തുവാൻ ആണ് എല്ലാവർക്കും ഇഷ്ടം കൈ പിടിച്ചു എഴുന്നേൽപ്പിക്കാൻ ആരുമുണ്ടാവില്ല.

കത്തുന്ന ഉച്ചവെയിലിൽ വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ ആണ് അവൾക്ക് തല കറങ്ങുന്നതായി തോന്നിയത്. വീഴും മുമ്പേ അവളെ മെല്ലിച്ച രണ്ടുകാര്യങ്ങൾ താങ്ങിപ്പിടിച്ചു വഴിയരികിലെ കലിങ്കിലേക്ക് അവളെ ഇരുത്തി വെള്ളം കുടിക്കാൻ നൽകി.

55 വയസിനോടടുത്ത് പ്രായം വരുന്ന മധ്യവയസ്കനാണ്. എന്താ മോളെ എന്തു പറ്റിയതാ?

ഒരു ജോലി തേടി ഇറങ്ങിയതാണ്. പക്ഷേ ഒന്നും ശരിയായില്ല. അവളുടെ ദയനീയമായ മുഖഭാവം കണ്ടപ്പോൾ അലിവോടെ അയാൾ പറഞ്ഞു, മോള് വിഷമിക്കണ്ട, ദൈവം അത്ര ക്രൂരൻ ഒന്നും അല്ല. മോള് ശ്രെമിക്കുന്നില്ലേ, ബാക്കി ദൈവം നോക്കിക്കോളും. ഏട്ടന്റെ പേരെന്താണ് അവൾ ചോദിച്ചു?

ശിവൻ. അയാൾ മറുപടി പറഞ്ഞു. എന്ത് ജോലിയാണ് ഏട്ടൻ ചെയ്യുന്നത് അവൾ ചോദിച്ചു.
ആളുകൾ ഏറ്റെടുക്കാൻ മടിക്കുന്ന ജോലിയാണ് ദാ…. അവിടെ ശവം ദഹിപ്പിക്കുന്നതാണ് എന്റെ ജോലി.

അയാൾ പറഞ്ഞത് കേട്ടതും അവൾക്ക് അല്പം പേടി തോന്നി, പക്ഷേ താൻ പേടിച്ചിരുന്നാൽ തന്റെ കുടുംബം പട്ടിണി കിടക്കുന്നു മ,രി,ക്കും.

മറ്റൊരു ജോലി കിട്ടുന്നത് വരെ ഞാൻ ഏട്ടനെ സഹായിക്കാൻ കൂടട്ടെ അവൾ ചോദിച്ചു.
ഇത് പെണ്ണുങ്ങൾക്ക് പറ്റുന്ന ജോലിയല്ല മോളെ. അതൊന്നും കുഴപ്പമില്ല ഏട്ടാ, ജീവിക്കാൻ മറ്റൊരു നിർവ്വാഹവും ഇല്ല. ശരി എന്നാൽ നാളെ മുതൽ പോന്നോളൂ. അയാൾ പറഞ്ഞു.

പറഞ്ഞു പിറ്റേന്ന് നാഥന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്നപ്പോൾ അവൾ നാഥനോട് എല്ലാ കാര്യവും പറഞ്ഞു.

അയാൾക്ക് മറുപടി ഒന്നും പറയാനാവില്ലെങ്കിലും ആ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോൾ അയാൾക്ക് എല്ലാം മനസ്സിലായി എന്നവൾക്ക് തീർച്ചയായി .

നാഥന് ഉച്ചയ്ക്കുള്ള ഭക്ഷണം എങ്ങനെ കൊടുക്കും എന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു.
തൊട്ടടുത്ത വീട്ടുകാരാണ് മാളുവിനെ പകലൊക്കെ നോക്കുന്നത്.അവർക്ക് കുട്ടികൾ ഇല്ലാത്തതുകൊണ്ട് മാളുവിനെ നോക്കുന്നത് അവർക്ക് ഒരു ബുദ്ധിമുട്ട് ആയിരുന്നില്ല എന്നത് മാത്രമാണ് ഒരു ആശ്വാസം.

അമ്മേ…… ഞാൻ ഉച്ചയ്ക്ക് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു കൊള്ളാം, അന്നേരം ഞാൻ അച്ഛന് ഉച്ചഭക്ഷണം കൊടുത്തോളാം നന്ദു അവളോട് പറഞ്ഞു.

ഒരു പത്തുവയസുകാരന്റെ പക്വത നിറഞ്ഞ സംസാരം കേട്ടപ്പോൾ അവൾ മോനെ നെഞ്ചിലേക്ക് ചേർത്ത് വാരിപ്പുണർന്നു.അവൾ വേഗത്തിൽ പണി ഒതുക്കി ജോലിക്കായി പുറപ്പെട്ടു.

അവൾക്ക് ആദ്യം ആദ്യം ആ ജോലി വല്ലാത്ത പേടി ആയിരുന്നു ചില ശവശരീരങ്ങൾ വിറകിൽ തന്നെ ദഹിപ്പിക്കണം എന്ന് ബന്ധുക്കൾ ചിലർ പറയും, അല്ലാത്തവരെ ഇലക്ട്രിക് സ്മശാനത്തിൽ ദഹിപ്പിക്കുകയാണ് പതിവ്.

തുരുമ്പു പിടിച്ച ഗേറ്റിന്റെ അപ്പുറത്തായി വലിയ മാവിന്റെ മരകഷ്ണങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്.
വിറകിൽ ദഹിപ്പിക്കുന്നത് കണ്ടുനിൽക്കുന്നത് ചന്ദനക്ക് പേടിയുള്ള കാര്യമായിരുന്നു.

അഗ്നി പകർന്നു കഴിഞ്ഞാൽ കത്തി തീരുന്നത് വരെ നോക്കി നിൽക്കണം. കത്തി തീരാത്ത ശരീരഭാഗങ്ങൾ നീക്കിയിട്ടു കൊടുക്കണം ആദ്യം ആദ്യം ചന്ദനക്ക് പേടി ആയിരുന്നുവെങ്കിലും തന്റെ കുടുംബത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നിൽ ഒരു ഊർജ്ജം വന്നു നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.അന്നൊരു ശനിയാഴ്ചയായിരുന്നു.

ചന്ദന വല്ലാതെ മാറിപ്പോയിരുന്നു, വെളുത്തു ചുവന്ന അവളുടെ മുഖം കരിവാളിപ്പ് നിറഞ്ഞു, കൺതടങ്ങൾ ആകെ കറുപ്പ് വീണു. വല്ലാത്തൊരു രൗദ്രഭാവം അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു. ഒരു പുരുഷന്റെ മെയ്‌വഴക്കത്തോടെ അവൾ ജോലി ചെയ്തു പോന്നു.

അന്ന് വൈകുന്നേരത്തോടെയാണ് എഴുപതു വയസ്സോളം പ്രായം തോന്നുന്ന ഒരു വൃദ്ധയെ കൊണ്ടുവന്നത്. കാലത്ത് മരിച്ചതാണ്, വിറകിൽ തന്നെ ദഹിപ്പിക്കണം എന്നും അവർ പറഞ്ഞു. ഈവനിംഗ് ഫ്ലൈറ്റിന് അവർക്ക് വിദേശത്തേക്ക് പോവാൻ ഉള്ളതാണെന്നും ഇത് കഴിഞ്ഞിട്ട് വേണം അവർക്ക് പോകാൻ എന്നും പറഞ്ഞു അവർ ധൃതി പിടിക്കുന്നുണ്ടായിരുന്നു.

വിറക് അടുക്കിവെച്ച് അതിന് മുകളിലേക്ക് ശവശരീരം കിടത്തി, ചിതക്ക് തീ കൊളുത്താൻ പോലും നിൽക്കാതെ അവർ മടങ്ങുന്നത് കണ്ടപ്പോൾ ചന്ദന അവജ്ഞയോടെ അവരെ നോക്കി.

ശവ ശരീരത്തിന് മുകളിലേക്ക് വിറക് അടുക്കുന്നതിനു മുമ്പ് അവൾ ആ മുഖത്തേക്ക് നോക്കി. തേജസ് നിറഞ്ഞ വെളുത്ത മുഖം.

എന്തെല്ലാം കഥകളാണ് ചുറ്റുമുള്ളവർക്ക്, ഇപ്പോഴിതാ വിദേശത്തേക്ക് മടങ്ങിപ്പോകാൻ ധൃതികൂട്ടി പെറ്റമ്മയുടെ ശരീരം അഗ്നിയിൽ അർപ്പിക്കുന്നതിനുമുമ്പ്, എന്തൊക്കെയോ നേടുവാനായി ഓടുകയാണ് മക്കൾ.

ചന്ദന തടി കഷ്ണങ്ങൾ അവരുടെ ശരീരത്തിന് മുകളിലേക്ക് അടുക്കിവെച്ചു. പെട്ടെന്ന് അവർ ഒന്ന് ഞരങ്ങിയത്പോലെ അവൾക്ക് തോന്നി.

ഒരു ഞെട്ടലോടെ അവൾ പെട്ടന്ന് പിന്നിലേക്ക് മാറി, ഭയം തന്നെ വരിഞ്ഞുമുറുക്കുന്നു.
അവൾ ഒരു ഉൾക്കിടിലത്തോടെ ചുറ്റിലും നോക്കി, വരണ്ട കാറ്റ് അവളെ അതി ശക്തമായി തലോടി കടന്നു പോയി.

അവൾ വേഗത്തിൽ തടികഷ്ണങ്ങൾ മാറ്റിനോക്കി, വെള്ളം….. ഒന്നുകൂടി അവർ ഞരങ്ങി.

അവൾ അതിവേഗം വെള്ളമെടുത്ത് വായിലേക്ക് ഒഴിച്ചു കൊടുത്തു.
അവർ അവശതയോടെ കണ്ണുകൾ വലിച്ചു തുറന്നു. ചന്ദനയും ശിവൻ ചേട്ടനും ചേർന്ന് വളരെ പ്രയാസപ്പെട്ട് അവരെ ഉയർത്തി, പതിയെ എഴുന്നേൽപ്പിച്ചു. അവർ വേച്ചു വേച്ചു പതിയെ നിലത്തേക്കിരുന്നു.

വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മോളെ…. എനിക്ക് വല്ലാതെ വിശക്കുന്നു അവർ ദൈന്യതയോടെ പറഞ്ഞു. താൻ ഉച്ചക്ക് കഴിക്കാനായി കൊണ്ടുവന്ന ചോറ്, കഴിക്കാതെ മാറ്റിവെച്ചത് എത്ര നന്നായെന്ന് ചന്ദനക്ക് തോന്നി.

ഭക്ഷണം കൊടുത്തതും അവർ ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ ചന്ദനയുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു.

ആ വൃദ്ധ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. മോളെ അവർ എന്നെ പട്ടിണിക്കിട്ട് കൊല്ലാൻ നോക്കിയതാണ്. പട്ടിണിക്കിട്ടിട്ടും മ,രി,ക്കാ,താ,യ,തോ,ടെ എന്റെ മൂത്ത മകൻ തന്നെയാണ് എന്ന ശ്വാ,സംമു,ട്ടി,ച്ചു കൊ,ല്ലാ,ൻ നോക്കിയത്.

അമ്മയെ വൃദ്ധസദനത്തിലോ മറ്റോ കൊണ്ടാക്കുന്നത് അവർക്ക് നാണക്കേട് ആയതുകൊണ്ടാവാം അമ്മയെ കൊന്നു തന്നെ ബാധ്യത ഒഴിവാക്കാമെന്ന് മക്കൾക്ക് തോന്നിയത്.

ഞാൻ മരിച്ചു എന്ന് കരുതിയാണ് അവരെന്നെ ദഹിപ്പിക്കാൻ കൊണ്ടുവന്നത് പക്ഷേ എല്ലാം കാണുന്ന ദൈവം എന്ന ഒരാൾ ഇല്ലേ അദ്ദേഹം വിചാരിക്കാതെ ഒരു ജീവൻ ഇല്ലാതാകുമോ?
ഇനി ഞാൻ മ,രി,ച്ചി,ല്ല എന്ന് അറിഞ്ഞാൽ, ഈ അമ്മയെ ജീവനോടെ ദഹിപ്പിക്കും എന്റെ മക്കൾ.
ഈശ്വരാ ഇതുപോലുള്ള വിഷവിത്തുകൾ എന്റെ വയറ്റിൽ തന്നെ പിറന്നല്ലോ.

വൃദ്ധ കരഞ്ഞു കൊണ്ടിരുന്നു.
നമുക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പറഞ്ഞാലോ? ശിവൻ ചേട്ടൻ ചോദിച്ചു.
വേണ്ട… എന്റെ മക്കൾ നന്നായി ജീവിക്കട്ടെ, ഞാൻ മ,രി,ച്ചെ,ന്നു കരുതിയവർ ആശ്വസിക്കട്ടെ,
പെറ്റവയറല്ലേ മോളെ എനിക്കവരെ കൊലയ്ക്ക് കൊടുക്കാൻ വയ്യ.

പിന്നെ എന്ത് ചെയ്യും? അമ്മക്ക് എവിടെക്കാ പോവേണ്ടത് എന്ന് പറഞ്ഞാൽ ഞാൻ കൊണ്ടാക്കിത്തരാം. അവൾ പറഞ്ഞു എനിക്ക് പോകാൻ ഒരിടമില്ല മോളെ.
അമ്മേ… ഇവിടെ ഇങ്ങനെ ഇരിക്കാൻ കഴിയില്ല എനിക്ക് ഗേറ്റ് അടച്ചുപൂട്ടണം ശിവൻ പറഞ്ഞു.
വൃദ്ധ പതിയെ എഴുന്നേറ്റ് വേച്ചു നടന്നു.

ഗേറ്റ് അടച്ച് പൂട്ടി താക്കോൽ എടുത്ത് അവർ പുറത്തേക്കിറങ്ങി.വേച്ചു വേച്ചു നടന്നു പോകുന്ന ആ വൃദ്ധയെ കണ്ടിട്ട് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.

താൻ എന്താണ് ചെയ്യേണ്ടത് ? തളർന്നു കിടക്കുന്ന ഭർത്താവ്, രണ്ടു കുട്ടികൾ, ഇന്നോ നാളെയോ ജപ്തിആയേക്കാവുന്ന വീട് തന്റെ പ്രാരാബ്ദങ്ങൾ അവളോർത്തു. പക്ഷേ ഈ അമ്മയെ കണ്ടില്ലെന്ന് നടിക്കാൻ തനിക്ക് ആവുന്നില്ല ഈ അവസ്ഥയിൽ അവരെ ഉപേക്ഷിക്കാൻ തനിക്ക് കഴിയില്ല.

അവൾ ആ മെല്ലിച്ച കരങ്ങളിൽ മുറുകെ പിടിച്ചു. ഇരുവരും വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു.

ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ കരയാനും ചിരിക്കാനും, എന്തിനേറെ ഒന്ന് സംസാരിക്കാൻ പോലും താൻ മറന്നു പോയി എന്നവൾക്ക് തോന്നി.

തനിക്ക് ഒന്ന് കരയണം അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും എന്ന് അവൾക്ക് തോന്നി.
അവളുടെ സന്തോഷങ്ങളും, സങ്കടങ്ങളും എല്ലാം ഇറക്കി വയ്ക്കുന്നത് നാഥനിലേക്ക് ആയിരുന്നു. ആ നെഞ്ചിലേക്ക് തലചായ്ച്ച് വെച്ച് എല്ലാം പറഞ്ഞു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കണ്ണുനീർ അയാളുടെ നെഞ്ചിൽ പരന്നൊഴുകി.

പെട്ടെന്ന് ആരോ തന്നെ പൊതിഞ്ഞു പിടിക്കുന്നത് പോലെ അവൾക്ക് തോന്നി അവൾ അത്ഭുതത്തോടെ നോക്കി, നാഥൻ…….ഇനി ഒരിക്കലും ചലിക്കില്ല എന്ന് പറഞ്ഞ കൈകൾ കൊണ്ട് തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ്. അവളുടെ കരിവാളിച്ച മുഖത്ത് അയാൾ തലോടി ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.

അവൾ പിടഞ്ഞെഴുന്നേറ്റു അത്ഭുതത്തോടെ അയാളെ നോക്കി, ആരുടെയും സഹായമില്ലാതെ നാഥൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. നാളുകളായി ചലിക്കാൻ കഴിയാത്ത ആ കാലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു ആദ്യമായി പിച്ചവയ്ക്കുന്ന പിഞ്ചുകുഞ്ഞിനെ പോലെ അയാൾ കാലുകൾ പെറുക്കിവെച്ച്‌ നടന്നു.

ഒരുവേള വേച്ചു വീഴാൻ പോയ അയാളെ ചന്ദന താങ്ങിനിർത്തി. അവൾ കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു.

വൃദ്ധയുടെ കണ്ണുകളും സന്തോഷത്താൽ തിളങ്ങുന്നുണ്ടായിരുന്നു.
കുഞ്ഞുങ്ങൾ രണ്ടുപേരും ഓടി വന്ന് അയാളുടെ കാലുകളിൽ കെട്ടിപ്പിടിച്ചു നിന്നു.
ആഴ്ച്ചകൾ പിന്നിട്ടതോടെ അയാൾ പൂർണ്ണ ആരോഗ്യവാനായി ജോലിക്ക് പോയി തുടങ്ങി.

നാഥൻ തന്നെ മുൻകൈയ്യെടുത്ത് വൃദ്ധയെ കൊണ്ട് പോലീസിൽ പരാതി കൊടുത്തു.
മക്കൾക്ക് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു. സ്വന്തം വീടും സമ്പത്തും ആ അമ്മക്ക് തന്നെ മടക്കി കൊടുക്കുവാനും, മക്കൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുവാനും നാഥൻ തന്നെ മുൻകൈയെടുത്തു.
************
ചന്ദന രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്…. മോനെ സ്കൂളിൽ വിടണം
മോളെ പ്ലേ സ്കൂളിൽ ഇക്കൊല്ലം ചേർത്തു. തനിക്ക് തൊട്ടടുത്ത് തന്നെയുള്ള അംഗൻവാടിയിൽ ടീച്ചർ ആയി ജോലി കിട്ടി.

ജീവിതം വീണ്ടും തളിരിടുകയാണ്. അവളോട് ചൂണ്ടിൽ ഒരു മൂളിപ്പാട്ട് തത്തിക്കളിക്കുന്നുണ്ടായിരുന്നു. അടുക്കളയിൽ എത്തിയ നാഥൻ പതിയെ അവളെ തന്നോട് ചേർത്തു നിർത്തിക്കൊണ്ടു ചോദിച്ചു. എടീ….. ഇന്ന് ഞാൻ ലീവ് എടുത്താലോ? ഉം. അവൾ പതിയെ മൂളി.

എന്താ പറഞ്ഞത് ? അയാൾ ഒന്നുകൂടി ചോദിച്ചു. ലീവെടുക്കാൻ…. അവൾ പതിയെ അയാളുടെ ചെവിയിൽ കുറുകി. എന്തിനാ..? അയാൾ കുസൃതിയോടെ തിരക്കി.

നാണം വിരിഞ്ഞ അവളുടെ കവിളിണകൾ ചുവന്നു. അയാളുടെ ചുംബനങ്ങളുടെ ചൂട് തൊലിക്കപ്പുറം കടന്ന് തന്റെ എല്ലുകളിൽ പോലും ഉന്മാദമുണർത്തുന്നത് അവളറിഞ്ഞു.

ഒന്നായി അലിയാൻ വെമ്പുന്ന രണ്ടുടലുകളപ്പോൾ പ്രണയത്തിന്റെ കടലാഴങ്ങളിൽ ഒരുമിച്ചു മുങ്ങിത്താഴുകയായിരുന്നു.

Leave a Reply

Your email address will not be published.