കോഴികൾ
രചന: അഞ്ജു തങ്കച്ചൻ
കുമാരേട്ടന്റെ ചായക്കടയിലാണ് ശാന്തമ്മ രാവിലെ സ്ഥിരമായി ചായകുടിക്കാൻ വരുന്നത്. രണ്ട് കാലിച്ചായയാണ് ശാന്തമ്മയുടെ കണക്ക്.
ചൂട് ചായ ഊതിഊതി കുടിക്കാനൊന്നും ശാന്തമ്മ മിനക്കെടാറില്ല. വേറൊരു ഗ്ലാസ്സിലേക്ക് ചായ പകർത്തി നന്നായി ചൂട് മാറ്റിയാണ് ശാന്തമ്മ കുടിക്കുന്നത്.
ചായ കുടി കഴിഞ്ഞു ബ്ലൗസിനുള്ളിൽ നിന്നും കാശ് എടുത്തു നീട്ടുമ്പോൾ, മെലിഞ്ഞ് എല്ലുന്തി ‘ റ ‘ പോലെ വളഞ്ഞ കുമാരേട്ടൻ നേർത്തൊരു വിറയലോടെ കാശും മേടിക്കും.
കാശു മേടിച്ച് മേശവലിപ്പിലേക്ക് വയ്ക്കാതെ പറ്റുബുക്കിലേക്കാണ് അയാൾ ശാന്തമ്മതരുന്ന കാശ് വയ്ക്കുന്നത്.
പറ്റു പറഞ്ഞു പോകുന്നവർ കാശ് തരാത്തത് കൊണ്ട് തന്നെ, പറ്റ് ബുക്ക് കാണുമ്പോൾ അയാൾക്ക് ദേഷ്യം വരാറുണ്ട്. ആ ദേഷ്യം ശാന്തമ്മ തന്ന കാശ് കാണുമ്പോൾ അലിഞ്ഞു പോകാറുണ്ടായിരുന്നു.
ശാന്തമ്മക്ക് ചന്തയിൽ കോഴിയെ അറുക്കൽ ആണ് പണി.
കൂട്ടിൽ തേരാപാര നടക്കുന്ന കോഴിയെ പിടിച്ച് കത്തികൊണ്ട് കഴുത്തറത്താലും കുറച്ചുനേരം കൂടി പിടയുന്ന കോഴിയെ ശാന്തമ്മ നിർവൃതിയോടെ നോക്കും. നിമിഷനേരം കൊണ്ട് അതിനെ വൃത്തിയാക്കി മരപ്പലകയിലേക്ക് വയ്ക്കും.
നല്ല മൂർച്ചയുള്ള കത്തികൊണ്ട് കോഴിയെ കഷ്ണങ്ങൾ ആകുമ്പോൾ ശാന്തമ്മയുടെ കൈ താളവും മെയ്ത്താളവും കണ്ട് കണ്ണുന്തി നിൽക്കുന്ന മാന്യന്മാർക്ക് നേരെ ശാന്തമ്മ നീട്ടി തുപ്പാറുണ്ട്.
ശാന്തമ്മയെ എല്ലാവർക്കും പേടിയാണ്. ശാന്തമ്മ വന്നതോടെയാണ് ചന്തയിൽ സ്ത്രീകൾ വന്നു തുടങ്ങിയത്. സ്ത്രീകൾക്ക് ശാന്തമ്മയോട് ബഹുമാനം കലർന്ന സ്നേഹമാണ്. ശാന്തമ്മയെ പേടിച്ച് ചന്തയിൽ വായ്നോക്കി നിന്ന് സ്ത്രീകളെ കമന്റ് അടിച്ച് പിറകെ നടക്കുന്ന പൂവാലന്മാരെ കാണാതെയായി.
ശാന്തമ്മയുടെ കയ്യിൽ എപ്പോഴും മൂർച്ചയുള്ള കത്തി ഉണ്ടാവും ശാന്തമ്മയ്ക്ക് ആരെയും പേടിയില്ല. പോരാത്തതിന് നല്ല ധൈര്യവും.
ഇങ്ങനെയൊക്കെ ആണെങ്കിലും ശാന്തമ്മ ഒരു സുന്ദരിയാണ്. സ്പ്രിംഗ് പോലെ ചുരുണ്ട നീളം കുറഞ്ഞ മുടിയാണ് ശാന്തമ്മക്ക്, നെറ്റിയിൽ വലിയ പൊട്ട് വച്ചിട്ടുണ്ട്, മഷിയെഴുതാത്ത ഉണ്ടക്കണ്ണുകൾ, ചുവന്നു തുടുത്ത കവിളുകൾ,
സൂക്ഷിച്ചുനോക്കിയാൽ തിളങ്ങുന്ന സ്വർണ്ണനിറത്തിൽ മേൽമീശയുണ്ട് ശാന്തമ്മക്ക്, ശാന്തമ്മയുടെ ചുണ്ടുകൾക്ക് നല്ല കറുത്ത നിറമാണ്, പുരുഷന്റേതു പോലെ ഉറച്ച ബലമുള്ള കൈകളാണ് ശാന്തമ്മക്ക്. മുറുകിയ ബ്ലൗസും, പൊക്കിൾ ചുഴിക്കു തൊട്ട്താഴെ വച്ചുടുത്ത കള്ളിമുണ്ടും ആണ് ശാന്തമ്മയുടെ വേഷം.
കുമാരേട്ടന്റെ ചായക്കട അന്തിക്ക് കള്ളുഷാപ്പ് ആയി പരിണമിക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു ദിവസം അവിടുത്തെ ചർച്ച ശാന്തമ്മയെക്കുറിച്ചായിരുന്നു. ശാന്തമ്മ രണ്ടുദിവസമായി കോഴിക്കടയിൽ വരാറില്ല.
നാട്ടിലെ പ്രധാന പരദൂഷണക്കാരനായ വേണു കിതച്ചുകൊണ്ട് ഓടിവന്നാണ് ആ വാർത്ത പറഞ്ഞത്. ശാന്തമ്മയെ രണ്ട് കൊല്ലം മുൻപ് ഉപേക്ഷിച്ചുപോയ കെട്ടിയോൻ വാസു തിരിച്ചുവന്നിരിക്കുന്നു. വാസു പാറമടയിൽ പണിക്കു പോകുന്നുണ്ട് പോലും, അതുകൊണ്ട് ഇനി മുതൽ ശാന്തമ്മ ചന്തയിൽ വരില്ലെന്ന്.
അത് കേട്ടതും കുമാരേട്ടൻ എന്തോ പോയ അണ്ണാനെ പോലെ വല്ലാതെ വിഷമിച്ചു.എന്തൊക്കെയായാലും ശാന്തമ്മ ചന്തിയും കുലുക്കി ചന്തയിലൂടെ ചന്ദത്തിലങ്ങനെ പോകുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നാറുണ്ടായിരുന്നു എന്നാണ് കുന്തിരിക്കം വാങ്ങാൻ വന്ന കപ്യാര് അന്തപ്പൻ പോലും പറഞ്ഞത്.
ശാന്തമ്മയെ കാണാത്ത ദുഃഖത്തിൽ കുമാരേട്ടൻ രണ്ടുദിവസം ചായക്കട തുറന്നില്ല. മ,ര,ണം കൊതിച്ച് കൂട്ടിൽ കിടന്നിരുന്ന ശാന്തമ്മയുടെ കോഴികൾ ഉച്ചത്തിൽ കൊക്കികൊണ്ടിരിക്കുന്നു.
ശാന്തമ്മയിട്ടുകൊടുക്കുന്ന കോഴിത്തല തിന്നാൻ സ്ഥിരമായി വരാറുള്ള ചട്ടുകാലി പട്ടി ശാന്തമ്മയെ കാണാതെ വഴിയരികിൽ പട്ടിണി കിടന്നു.
ശാന്തമ്മ വരാതായതോടെ ചന്തയിൽ വീണ്ടും പൂവാലന്മാർ വന്നു തുടങ്ങി. ശാന്തമ്മയ്ക്ക് ഏറെ ഇഷ്ടം കോഴികളെ ആയിരുന്നത്കൊണ്ട് തന്നെ ആ നാട്ടുകാർ ശാന്തമ്മയുടെ അഭാവത്തിൽ വീണ്ടും തലപൊക്കിയ പൂവാലൻമാർക്ക് ‘കോഴി’
എന്ന പേരുകൂടി ചാർത്തിക്കൊടുത്തു. അങ്ങനെയാണത്രെ പൂവാലന്മാർക്ക് “കോഴി” എന്ന പേരുകൂടി കിട്ടിയത്.