വാക്ക്
രചന: രേഷ്ജ അഖിലേഷ്
“അവളോടുള്ള വെറുപ്പിനെക്കാൾ ആയിരം മടങ്ങു മോഹത്തോടെ അവൻ അവളെ സ്വന്തമാക്കാൻ അവളിൽ പടർന്നു കയറിക്കൊണ്ടിരുന്നു.” “വൗ. സൂപ്പർ.”
ആര്യൻ പുച്ഛത്തോടെ കൈയ്യടിച്ചു.പുതുതായി പുറത്തിറക്കുവാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിലേയ്ക്ക് എഴുതിയ കഥ വായിച്ചു കേൾപ്പിക്കുകയായിരുന്നു അപർണ്ണ.
തന്നെ ഇത്രയേറെ പരിഹസിക്കുവാൻ മാത്രം താൻ എഴുതിയതിൽ എന്തിരിക്കുന്നുവെന്ന അർത്ഥത്തിൽ പുരികക്കൊടികൾ ഉയർത്തിക്കൊണ്ട് അവൾ ആര്യനെ ഉറ്റു നോക്കി.
“നായികയെ റേ,പ്പ് ചെയ്യുന്ന നായകൻ. അതിനെ പരമാവധി മഹത്വവൽക്കരിക്കുന്ന എഴുത്തുകാരിയുടെ വാക്കുകൾ. തീരെ ക്ലീഷേ ഫീൽ ചെയ്യുന്നില്ല കേട്ടോ. പിന്നെയെന്ത…
ആഹ്… അവളെ സ്വന്തമാക്കുവാൻ എന്ന പ്രയോഗം. അതാണ് ഏറ്റവും ക്ലാസ്സ് ആയത്. ഒരു പെണ്ണിനെ സ്വന്തം ആക്കുക എന്നാൽ ശരീരം കീഴ്പ്പെടുത്തുക എന്നാണോ? കഴിഞ്ഞ വനിതാ ദിനത്തിൽ ‘ ഉടലല്ല പെണ്ണ് ‘എന്ന കവിത എഴുതി പ്രൈസ് വാങ്ങിയ നീയാണോ ഇങ്ങനെ. എന്തൊരു വിരോധാഭാസം ആണിത് ”
“ആര്യൻ. ജസ്റ്റ് സ്റ്റോപ്പിറ്റ്. നിനക്കെന്തറിയാം എഴുത്തിനെക്കുറിച്ച്? പെണ്ണിനെക്കുറിച്ച്? ഞാനും ഒരു പെണ്ണല്ലേ.”
“എഴുത്തിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല അപ്പു. പക്ഷേ വായിക്കാനറിയാം. വായന ഒരു ല,ഹ,രി ആയിമാറിയപ്പോൾ തന്നെയല്ലേ അക്ഷരങ്ങളിലൂടെ നീയും എന്റെ ഹൃദയത്തിലേക്കു ചേക്കേറിയത്.
പെണ്ണിനെ അറിയില്ലെന്ന് പറയാൻ കഴിയില്ല. എന്റെ അമ്മയും പെണ്ണാണ്. എന്റെ സഹോദരിയും പെണ്ണാണ്.കാമുകിയായ നീയും പെണ്ണല്ലേ.”
എഴുത്തിനെ പുച്ഛിച്ച ആര്യനോട് തെല്ലു ഈർഷ്യയോടെ തന്നെ അപർണയെന്ന അപ്പു ഇരുന്നു. അവളെ നോക്കി വീണ്ടും അവൻ തുടർന്നു.
“പെണ്ണായ നീ തന്നെ ഇങ്ങനെ എഴുതുന്നതിൽ തന്നെയാണ് എനിക്കും അതിശയം. കാലം എത്ര മാറിയിരിക്കുന്നു.”
“ഇങ്ങനെയെല്ലാം എഴുത്തിയാലേ വായിക്കാൻ ആളുണ്ടാകൂ ആര്യൻ. നിനക്കതറിയില്ല.”
“കൊള്ളാം അപ്പു. നല്ല കണ്ടെത്തൽ തന്നെ. തൂലികയെ പടവാളാക്കി സമൂഹത്തിലെ പല നെറികേടുകൾക്കെതിരെയും പ്രതികരിച്ചവരുമുണ്ട് അപ്പു.
പിരീഡ്സ്, പാ,ഡ്,റേ,പ്പ് ഇതൊന്നുമില്ലാത്ത എഴുത്തുകൾ ഇപ്പോൾ അപൂർവ്വം ആണെന്ന് തന്നെ പറയാം.ഇതെല്ലാമാണോ സ്ത്രീയുടെ ലോകം. എഴുത്തുകാരുടെ വിഷയ ദാരിദ്ര്യം വായനക്കാരിൽ അടിച്ചേൽപ്പിൽക്കണോ അപ്പു .ഇവയിൽ മാത്രമാണോ നിന്റെ എഴുത്തും കുരുങ്ങികിടക്കുന്നത്?”
ഇതൊരുമാതിരി പണ്ടത്തെ സിനിമകളിലെ പോലെ… ഒരു പെൺകുട്ടിയെ ആരെങ്കിലും ഉപദ്രവിച്ചാൽ അവന് ശിക്ഷ വാങ്ങി കൊടുക്കുന്നതിനു പകരം അവനു അവളെ കെട്ടിച്ചു കൊടുക്കുന്നു. കല്യാണം കഴിക്കാൻ തയ്യാറായാൽ അവൻ പിന്നെ പുണ്യാളൻ ആയി.
അല്ലെങ്കിൽ വിവാഹത്തിന് ശേഷമുള്ള കീഴ്പ്പെടുത്തൽ ആണെകിൽ സഹതാപം കൊണ്ട് സ്നേഹം വരുന്നു. പിന്നീട് ശുഭം. ഹോ ഭീകരം തന്നെ. എഴുതാനും വായിക്കാനും എല്ലാം കൗതുകം തന്നെയാണ് ഇത്തരം വിഷയങ്ങൾ.
എന്നാൽ ജീവിതത്തിൽ അനുഭവിക്കുന്നവർക്ക് അതത്ര സുഖകരമായിരിക്കുമോ? ഒന്ന് ചിന്തിച്ചു നോക്കു.വേഷത്തിലും പെരുമാറ്റത്തിലും മാത്രം പുരോഗമനം ഉണ്ടായാൽ പോരാ.
തെറ്റ് തെറ്റ് തന്നെയാണ്. അതു വാക്കുകൾ കൊണ്ട് എത്ര വർണ്ണിച്ചാലും അതു നല്ലതാകില്ല.സമൂഹത്തെ മാറാല കെട്ടിയ ഭൂതകാലത്തിലേക്കു തന്നെ വലിച്ചിഴക്കും പോലെയാണ് നിന്റെ വരികൾ വായിച്ചു കേട്ടപ്പോൾ എനിക്ക് തോന്നിയത്. ”
ആര്യന്റെ അഭിപ്രായപ്രകടനം വെറുമൊരു വായനക്കാരന്റെതു മാത്രമായി തള്ളിക്കളയാൻ അപർണ്ണയ്ക്കു കഴിഞ്ഞില്ല.
കുറച്ചു നേരം അവിടെ മൗനം ഉറക്കെ നിലവിളിക്കും പോലുള്ള പ്രതീതിയായിരുന്നു.
മുട്ടോളമിറക്കമുള്ള ഷോർട്സും സ്ലീവ്ലെസ്സ് ടോപ് ഉം ക്രോപ് ചെയ്ത് ഭംഗിയിൽ കളർ ചെയ്തിരിക്കുന്ന മുടിയും. കാലം മാറുമ്പോൾ കോലം മാറണം എന്ന് വിശ്വസിക്കുന്ന യുവ തലമുറയുടെ പ്രതിനിധിയായ അപർണ്ണ സ്വയമൊന്നു നോക്കി.
വേഷത്തിലും ഭാവത്തിലും എല്ലാം കാലത്തിന്റെ സ്വാധീനം ഉണ്ട്. പക്ഷെ എഴുതാൻ മാത്രം തനിക്കു പുറകിലോട്ട് സഞ്ചരിക്കേണ്ടി വന്നിരിക്കുന്നുവെന്ന് മറ്റൊരാൾ പറഞ്ഞു ബോധ്യപ്പെട്ടതിൽ അവൾക് നാണക്കേട് തോന്നി.
അവൾ ആ വിഷയം ഉപേക്ഷിച്ചു. തമ്മിൽ തർക്കിച്ചു ഊർജ്ജം നഷ്ടമായതിനാൽ ചിന്തകൾക്ക് ഉണർവ്വ് പകരാൻ അവൾ ഫിൽറ്റർ കോഫീ എടുക്കുവാൻ പോയി.
ആര്യൻ ഇപ്പോഴും അപർണ്ണയുടെ വരികളുടെ ചിന്തയിൽ തന്നെയായിരുന്നു.വാക്കുകളുടെ മൂർച്ചയെ പറ്റി അയാൾ ചിന്തിച്ചു കൊണ്ടിരുന്നു.
കഥയിൽ നായികയെ ആ,ക്ര,മി,ച്ച,തി,നെ ,നായകന്റെ ഭ്രാന്തമായ പ്രണയമാക്കി വാഴ്ത്തുവാൻ കഴിയുന്നു.
മറ്റൊരിടത്തു ഇതേ സന്ദർഭത്തിൽ ഇരയെന്നു വിശേഷിപ്പിക്കുന്ന സ്ത്രീയ്ക്കു മേൽ സഹതാപത്തിന്റെ നോട്ടങ്ങൾ ഏൽപ്പിക്കുവാൻ കഴിയുന്നു. ഇതു രണ്ടുമല്ലാതെ എഴുതി ഫലിപ്പിക്കുവാൻ കഴിയാത്തൊരുപാട് തലങ്ങൾ ആ,ക്ര,മി,ക്ക,പ്പെ,ട്ട സ്ത്രീകൾക്ക് ഉണ്ടെന്ന് അവൻ ഒരാൺ ആയിട്ടു കൂടി അവനറിയാമായിരുന്നു.
മാധ്യമങ്ങൾ “ഇരയായി” മുദ്രകുത്തി, നാട്ടുകാർ “എല്ലാം നഷ്ടപ്പെട്ടവളെന്ന്” സഹതപിച്ച ഒരു പെൺകുട്ടിയുടെ സഹോദരൻ ആയിരുന്നു അയാൾ.
ഒരു അ,ക്ര,മി,യാ,ൽ ദേ,ഹോ,പ,ദ്ര,വ,മേ,റ്റു എന്ന് മാത്രം ആകുലപ്പെടേണ്ടിടത്തു, താൻ പരിശുദ്ധയല്ല എന്ന ബോധത്തോട് കൂടി ഇത്തരത്തിലുള്ള ഓരോ സ്ത്രീകളെയും ജീവിച്ചു തീർക്കാൻ വിധിക്കുന്നത് സമൂഹം തന്നെയാണ്.
കാഴ്ചപ്പാടിന്റെ ദോഷം.മാറ്റം അനിവാര്യമാണ് എല്ലായിടത്തും. തന്റെ നല്ല പാതിയായി ജീവിതത്തിലേക്ക് വരുന്ന പ്രണയിനിയിൽ നിന്നും തന്നെ മാറ്റങ്ങൾ തുടങ്ങട്ടെയെന്ന് അവൻ ആശിച്ചു.