“കൊച്ചേ,, പഞ്ചായത്തിൽ നിന്ന് കോഴിയെ കൊടുക്കുന്നുണ്ട്,, നിനക്ക് വേണോ,,?? അമ്പലത്തിൽ നിന്നുള്ള പിരിവിനു വേണ്ടി ഞങ്ങടെ വീട്ടി

രചന: അബ്രാമിന്റെ പെണ്ണ്

“കൊച്ചേ,, പഞ്ചായത്തിൽ നിന്ന് കോഴിയെ കൊടുക്കുന്നുണ്ട്,, നിനക്ക് വേണോ,,??
അമ്പലത്തിൽ നിന്നുള്ള പിരിവിനു വേണ്ടി ഞങ്ങടെ വീട്ടിൽ വന്നൊരു അണ്ണൻ ചോദിച്ചപ്പോ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി..
“അതെന്തൊരു ചോദ്യമാ അണ്ണാ,, കൊറച്ചു കോഴികളെ വാങ്ങിക്കണോന്ന് ഒത്തിരി നാളായി വിചാരിക്കുവാ.. ഇവിടെ പിള്ളേർക്കും പിള്ളേർടെ അച്ഛനും മീനും മൊട്ടയും എറച്ചിയുമൊന്നുമില്ലാതെ ചോറ് എറങ്ങത്തില്ല…അഞ്ചാറു കോഴിയൊണ്ടെങ്കി മൊട്ടയ്ക്ക് പഞ്ഞം വരത്തില്ലല്ലോ,,,എനിക്കാണെങ്കി ഇച്ചിരെ പച്ചക്കറി കൂട്ടാൻ കൊതിയാവുവാ..

ഞാനങ്ങേരോട് പറയുന്ന കേട്ടപ്പോ അടുക്കളയിൽ ചൂടാക്കി വെച്ചിരിക്കുന്ന തലേന്നുണ്ടാക്കിയ ഓമയ്ക്കാ തോരനും എന്റെ മക്കളും ഒരുമിച്ചു ഞെട്ടി എന്നെ നോക്കി..”നമ്മളെന്നാ അമ്മച്ചീ അതിന്….

എന്തോ പറയാനാഞ്ഞ എന്റെ കൊച്ചെർക്കൻ ഞാനൊന്ന് നോക്കിയപ്പോ ബാക്കി വിഴുങ്ങി.. ഞങ്ങൾ കുടുമ്മക്കാരുടെ അന്തസ്സ് കളയരുതെന്ന് അവന് മനസിലായിട്ടുണ്ട്…

“ങ്ഹാ,, ന്നാപ്പിന്നെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും 600 രൂപയും റേഷൻ കാർഡിന്റെ ഒരു കോപ്പിയും കൂടെ മൃഗാശുപത്രിയിൽ കൊണ്ട് കൊടുക്ക്.. ബാക്കിയുള്ളവരൊക്കെ അപേക്ഷ ഒരുമിച്ചു കൊടുത്തതാ..നീയറിയാൻ താമസിച്ചു പോയോണ്ടാ അപേക്ഷ വേറെ വെയ്ക്കേണ്ടി വന്നേ..

സാരവില്ല..ഇരുപത് കോഴിയൊണ്ട്.. മൊട്ടയിടാറായ കോഴികളാ…ഒരു പൂവനും ബാക്കിയൊക്കെ പെടയുമാരിക്കും… ദിവസോം പത്തൊമ്പത് മൊട്ട കിട്ടിയാൽ പുളിക്കുവോ,,,അതൊരു വരുമാനമാകട്ട്…

അവര് പിരിവും വാങ്ങിച്ചോണ്ട് പോയി…
ഞാൻ മൊത്തത്തിൽ ഒന്ന് ആലോചിച്ചു..മൊട്ടയിടാറായ കോഴികളാണെങ്കിൽ വലിയ ചിലവൊന്നും വരത്തില്ല.. റേഷനരി ഇട്ട് കൊടുത്താൽ മതി..മില്ലിൽ പോയി ഒരു കോഴിക്കൂട് വാങ്ങിക്കണം.. അതിന് പത്തോ അഞ്ഞൂറോ ആവുമാരിക്കും..

പത്തൊമ്പത് കോഴികൾ മുപ്പത്തൊന്ന് ദിവസം മടിയൊന്നും കാണിക്കാതെ മൊട്ടയിട്ടാൽ 589 മൊട്ട കിട്ടും… നിന്നും ഇരുന്നും കെടന്നും ഓടിയുമൊക്കെ തിന്നാലും പത്തു മുന്നൂറെണ്ണം മീതിയാ.. അത് കടേൽ കൊടുത്ത് കാശ് വാങ്ങിച്ച് കൊറേ നാൾ ബാങ്കിലിടണം.. അതിന്റെ പലിശ കേറിക്കേറി വരുമ്പം ഒരു രണ്ട് പവന്റെ മാല വാങ്ങിച്ചിടണം. ബാക്കി പൈസ ആർക്കെങ്കിലും പലിശയ്ക്ക് കൊടുക്കാം..

വൈകിട്ട് കോഴി വന്നപ്പോ,,, സോറി കെട്ടിയോൻ വന്നപ്പോ ഞാനീ കോഴിപ്പ്രശ്നം എടുത്തിട്ട്..വരാൻ പോകുന്ന കോഴികളും അവർ തരാൻ പോകുന്ന 589 മൊട്ടകളും അതിൽ നിന്നും കിട്ടുന്ന കാശുമൊക്കെ അക്കമിട്ട് ഞാൻ നിരത്തി…

“നീ മര്യാദയ്ക്ക് നിന്റെ കാര്യം നോക്കിക്കോ.. ഇനി കോഴിയെ കൊണ്ട് വരാത്ത പാടേയുള്ളു.. ബാക്കിയെല്ലാം തെകഞ്ഞിരിക്കുവാ…

അങ്ങേര് ലൈറ്റ് കണ്ട ഈയലിനെപ്പോലെ വിറച്ചു തുള്ളി…”നിങ്ങളല്ലെങ്കിലും ഒരു പിന്തിരിപ്പൻ മൂരാച്ചിയാ.. ഒരു കാര്യം അറിഞ്ഞു ചെയ്യത്തുമില്ല,, ചെയ്യാനൊട്ട് സമ്മതിക്കത്തുമില്ല.. എന്റെ അച്ഛനൊണ്ടാരുന്നെങ്കിൽ എനിക്കീ ഗതികേട് വരത്തില്ലാരുന്നു..ഞാൻ മൂക്ക് ചീറ്റിയെറിഞ്ഞു..

അങ്ങേരെന്നെയൊന്നു നോക്കിയിട്ട് ചോറുണ്ണാതെ എണീറ്റ് പോയി.. പോകുന്നേനു മുൻപ്..
“എന്തെങ്കിലും ചെയ്യ്.. പിന്നെ കണാകൊണാ പറഞ്ഞോണ്ട് വരരുത്.
ആര് കണാകൊണാ പറയുന്ന്.. എനിക്കെന്തുവാ വേറെ ജോലിയില്ലേ…??

ഞാൻ പിറ്റേന്ന് അക്ഷയയിൽ പോയി ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കൊടുത്തു.. എന്തൊരു നിയമമാണെന്ന് നോക്കണം,, നമ്മടെ ജാതി നമ്മള് പറഞ്ഞാൽ പോരാ പോലും..

രണ്ടൂസം കഴിഞ്ഞപ്പം സർട്ടിഫിക്കറ്റ് കിട്ടി.. അതും വാങ്ങിച്ചോണ്ട് ഓട്ടോയിൽ മൃഗാശുപത്രിയിൽ പോയി.. കോഴിക്കൊള്ള അപേക്ഷയും കൂടെ 600 രൂപയും കൊടുത്തു… പത്തൊൻപത് പെടകളും ഒരു പൂവനും..

“ഈശ്വരാ,, ആ പത്തൊൻപതെണ്ണത്തിനെയും ഒരുമിച്ചു മൊട്ടയിടീക്കാൻ ആവതൊള്ള ഒരു പൂവനെ തന്നെ എനിക്ക് തരണേ…

അങ്ങനെ കൊറേ ദെവസങ്ങൾ കഴിഞ്ഞപ്പോ ഒരു രാവിലെ കെട്ടിയോൻ ജോലി സ്ഥലത്തു നിന്നും വിളിക്കുന്ന്..

“ഡീ,, കോഴിയെ ഇന്നാ കൊടുക്കുന്നെ,, നീ ചെന്ന് വാങ്ങിച്ചോണ്ട് വാ..
ഞാൻ ഞെട്ടി,,, ഇത്ര പെട്ടെന്ന് കോഴിയെ കിട്ടുമെന്ന് കരുതിയില്ല.. കൂട് വാങ്ങിച്ചിട്ടില്ല..
“ഓടേ,, കൂട് വാങ്ങിച്ചില്ലല്ലോ.. ആ 600 പോട്ടെന്ന് വെക്കാം.. കൂടില്ലാതെ എന്തോ ചെയ്യും.. വലിയ കോഴികളുമല്ലേ…??

എനിക്ക് എന്തോ വേണമെന്നറിഞ്ഞൂടാ…”നീയാ പൈസ കളയണ്ട.. പോയി വാങ്ങിച്ചോണ്ട് വാ.. കൂട് നമ്മക്ക് വാങ്ങിക്കാം..അങ്ങേർക്ക് മൊട്ട വിറ്റ് കോടീശ്വരനാവാനുള്ള ആഗ്രഹവാ,, കൊച്ചു കള്ളൻ…

ഞാൻ കൊച്ചുങ്ങളെയും വിളിച്ച് അഞ്ചാറ് ബിഗ്ഷോപ്പറും എടുത്ത് ഓട്ടോയിൽ സ്വീകരണ സ്ഥലത്തേയ്ക്ക് പാഞ്ഞു.. മെമ്പർ ഞങ്ങളെ കാത്ത് നിക്കുന്നു.. മറ്റേ അണ്ണനും ഒണ്ട് കേട്ടോ..
എന്റെ പേര് വിളിച്ചു.. ഞാൻ ബിഗ്ഷോപ്പറും കൊണ്ട് ചെന്നപ്പോ..

“രണ്ടാഴ്ച്ച മുമ്പെങ്ങാണ്ട് മൊട്ട പൊട്ടിയൊണ്ടായ കൊറേ കോഴിക്കുഞ്ഞുങ്ങളെ വാരിയിട്ടേക്കുന്ന ഒരു ഇരുമ്പ് പെട്ടി തൊറക്കുന്നെടെ….!! ഇതാണോ ഒടനെ മൊട്ടയിടുമെന്ന് പറഞ്ഞത്.. ഞാൻ അണ്ണനെ നോക്കി.. അങ്ങേര് ലൈൻ കമ്പിയിൽ ഷോക്കടിച്ചു ചത്തു തൂങ്ങിക്കിടക്കുന്ന വവ്വാലിനെ നോക്കി സങ്കടപ്പെട്ടു നിക്കുന്നു.

“എന്നാലും എന്നോടിത് വേണ്ടാരുന്നു.. ഈ കോഴിയാന്നോ അണ്ണാ ഒടനെ മൊട്ടയിടുന്നെ..
ഞാൻ അടുത്തോട്ടു ചെന്ന് പതുക്കെ ചോദിച്ചപ്പോ..

“മൊട്ടയിടുമെടെ.. ഇടും.. ഇടാതിരിക്കില്ല,, ഇടാതെ പിന്നെവിടെ പോവാനാ..
തലയിൽ അഞ്ചാറ് പൂട മാത്രമുള്ള ആ മുഖത്ത് നോക്കി കൂടുതലൊന്നും പറയാൻ എനിക്ക് തോന്നിയില്ല.. ഞാനും കൊച്ചുങ്ങളും വീട്ടിൽ വന്നു..

കോഴിക്കൊച്ചുങ്ങളെ തട്ടി വെളിയിലിട്ട്..കഴുത്തിൽ പൂടയുള്ളതും ഇല്ലാത്തതും കറുത്തതും വെളുത്തതും മഞ്ഞയുമൊക്കെ അടുക്കളയിൽ തേരാ പാരാ ഓടി.. എനിക്കങ്ങു സന്തോഷം വന്നു.. ഇച്ചിരി കൂടെ കഴിയുമ്പോ വളരുവല്ലോ…പെടയേതാ പൂവനേതാ എന്നൊന്നും അറിയാൻ വയ്യ..

അരിയും വെള്ളവുമൊക്കെ തിന്നും കുടിച്ചുമൊക്കെ കഴിഞ്ഞപ്പോ ആൾക്ക് ഒരു ഇരുന്നൂറ്റൻപത് ഗ്രാം കണക്കിൽ കോഴിക്കൊച്ചുങ്ങൾ തൂറിയിടാൻ തുടങ്ങി.. ഞാനത് കോരാനും.. ആദ്യമൊക്കെ രസം തോന്നിയെങ്കിലും നാറ്റം സഹിക്കാൻ വയ്യാതായപ്പോ എന്റെ സ്വന്തം കൊച്ചുങ്ങളുടെ മുഖം മാറിത്തുടങ്ങി…

ഞാനെല്ലാത്തിനെയും കൂടെ അരകല്ലിരിക്കുന്ന സ്ലാബിന്റെ കീഴിലെ സ്ഥലത്തോട്ട് കേറ്റി നിർത്തി..
കോഴിത്തീട്ടത്തിന്റെ നാറ്റം സഹിക്കാൻ വയ്യ.. ഇതൊക്കെ തൂറാതെങ്ങാണ്ട് കെടന്നതാന്നോ.. ഇത്രേം തൂറാനൊള്ള ആവതൊക്കെ ഇതിനൊണ്ടോ…

അപ്പോളാണ് കെട്ടിയോൻ ഫോണിൽ വിളിക്കുന്നത് … “ഡീ,,, കോഴിയെ കിട്ടിയോ.. മൊട്ടയിടാറായോ… അങ്ങേരു ചോദിക്കുന്ന കേട്ട് എന്റെ ചങ്ക് പൊട്ടി.. “ലക്ഷണം കണ്ടിട്ട് നാളെ തന്നെ മൊട്ടയിടുമെന്ന് തോന്നുന്നു..പറഞ്ഞതും ഞാൻ ഫോൺ വെച്ചു..

അങ്ങേര് രാത്രി വന്നപ്പൊ നാളെ മൊട്ടയിടാൻ റെഡിയായി നിക്കുന്ന ഈ കോഴിക്കൊച്ചുങ്ങളെ കണ്ടു,, എന്നിട്ടെന്നെയങ്ങു നോക്കുവാ.. നോട്ടം കണ്ടാൽ ഞാനാ മൊട്ടയിട്ട് ഇതിനെയൊക്കെ വെളിയിലിറക്കിയതെന്ന് തോന്നും..

“എന്തൊരു നാറ്റമാടീ ഇത്. പുല്ലിനെയൊക്കെ പറക്കി വെളീൽ കള..അതിയാൻ അലറി..പറച്ചില് കേട്ടാൽ അങ്ങേര് തൂറുന്നതിന് പനിനീർ റോസാപ്പൂവിന്റെ മണമാണെന്ന് തോന്നും..കോഴിത്തീട്ടത്തിന് നാറ്റമാണ് പോലും.

ഞാനൊന്നും പറയാൻ പോയില്ല.. രണ്ടൂസം കഴിഞ്ഞപ്പോ ഞങ്ങൾ രണ്ട് പേരും കൂടെ പോയി കോഴിക്കൂട് വാങ്ങിച്ചു… ആയിരം കൊണ്ട് കൂട് വാങ്ങാൻ ചെന്ന ഞാൻ രണ്ടായിരത്തി അഞ്ഞൂറാണ് കൂടിന്റെ വിലയെന്ന് കേട്ടപ്പോ ഞെട്ടി..

കോഴിയെ കൂട്ടിലാക്കിയപ്പോ എന്തൊരു സമാധാനം.. വളരുമ്പോൾ മൂന്ന് കൂടും കൂടെ വാങ്ങണം.. എല്ലാത്തിനെയും കൂടെ ഈ കൂട്ടിൽ പറ്റത്തില്ല…

പിറ്റേന്ന് രാവിലെ കോഴിക്കൊച്ചുങ്ങളെ വെളിയിലോട്ടിറക്കി.. താഴെ വയലിൽ നിന്നൊരു കീരി ഓടിവന്നു ഗുഡ്മോർണിംഗ് പറഞ്ഞു പോയ കൂട്ടത്തിൽ ഒരു കോഴിക്കൊച്ചിനെയും കൂടെ കടിച്ചോണ്ടങ്ങു പോയി.

പിറ്റേന്ന് മുതൽ ഓരോന്നായി താങ്ങിയും തൂങ്ങിയും നിൽക്കാൻ തുടങ്ങി.. ഞാൻ ആശുപത്രിയിൽ പോയി മരുന്നൊക്കെ വാങ്ങിക്കൊടുത്തെങ്കിലും ഒരു ദിവസം തന്നെ മൂന്നെണ്ണം ചത്തു..

എനിക്ക് ഭയങ്കര ഷോക്കായിപ്പോയി… പിന്നെപ്പിന്നെ വീഴ്ചയും മരണവും പതിവായി.. കൂടെ എന്റങ്ങേരുടെ ചീത്തവിളിയും.. ഇന്നും കൂടെയായപ്പോ അവസാനത്തെ കോഴിക്കൊച്ചും മരിച്ചു..
കോഴിയുടെ കാശ്…600

ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കാൻ പോയതിന്റെ ഓട്ടോക്കൂലി…60..
സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഓട്ടോക്കൂലി..60

അത് കൊണ്ടുക്കൊടുക്കാൻ മൃഗാശുപത്രിയിൽ പോയ ഓട്ടോക്കൂലി..300..കോഴിയെ വാങ്ങാൻ പോയ ഓട്ടോക്കൂലി…60…

കൊച്ചുങ്ങള് കോഴിയെ തൂക്കിപ്പിടിച്ചതിന്റെ വകയിൽ അവർക്കുള്ള ചിലവ്..320
കോഴിക്കൂട്..2500 അത് കൊണ്ട് വന്ന പിക്കപ്പിന്റെ ചാർജ്ജ്…250

അത് വീട്ടിൽ ചുമ്മിക്കേറ്റിയതിന് കൊടുത്തത്…500
കോഴിയുടെ മരുന്ന്… തീറ്റ… അതൊക്കെ വേറെ..
മൊത്തം 4650 രൂഫാ..

ഈ 3g,, 3g എന്നൊക്കെ പറഞ്ഞു കെട്ടിട്ടേയുള്ളെങ്കിലും ഇത്ര ഭയാനകമായ ഒരു വേർഷൻ സ്വന്തം ജീവിതത്തിൽ കോഴിയുടെ രൂപത്തിൽ ആദ്യമാ…സമയ ദോഷത്തിന്റെയായിരിക്കും…

അപ്പൊ പറഞ്ഞു വന്നത്,, നല്ലൊരു കോഴിക്കൂട് നമ്മുടെ വീട്ടിലിരിപ്പോണ്ട്.. പഞ്ചായത്തിൽ നിന്നും മൊട്ടയിടാറായ കോഴിയെ കിട്ടിയ ആരെങ്കിലും കൂടില്ലാതെ വിഷമിച്ചിരിക്കുവാണെങ്കിൽ ഞാനതങ്ങു തരാരുന്നു… ഇച്ചിരി കോഴിത്തീട്ടം ഒണങ്ങിയിരിപ്പോണ്ടെന്നേയുള്ളു.. സംഭവം കിടിലനാ..
വെറും 3000 തന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *