കോഴി കഷ്ണങ്ങൾ ഒന്നൂടി നുറുക്കി ചെറുതാക്കി കോൺ ഫ്ലോ‌റും മറ്റു ചേരുവകളിലും പൊതിഞ്ഞു വറുത്തെടുത്തു. ചീനിച്ചട്ടിയിൽ

രചന: സുമയ്യ ബീഗം TA

കോഴി കഷ്ണങ്ങൾ ഒന്നൂടി നുറുക്കി ചെറുതാക്കി കോൺ ഫ്ലോ‌റും മറ്റു ചേരുവകളിലും പൊതിഞ്ഞു വറുത്തെടുത്തു. ചീനിച്ചട്ടിയിൽ കടുക് പൊട്ടിച്ചു
സവാളയും ക്യാപ്‌സിക്കവും വരട്ടി,തക്കാളി സോസും സോയ സോസും ചേർത്ത് തിളപ്പിച്ചു. അതൊന്നു കുറുകിയപ്പോൾ വറുത്ത ചിക്കൻ കഷ്ണങ്ങളിട്ടു മുകളിൽ അല്പം പെപ്പെർ പൌഡർ കൂടി വിതറി ഒന്നൂടി ഇളക്കി വാങ്ങി വെക്കുമ്പോൾ ഒരു തട്ടി കൂട്ട് ചില്ലി ചിക്കൻ റെഡി.

അടുത്ത അടുപ്പിൽ തിളച്ച വെള്ളത്തിലേക്ക് ഏലയ്ക്കയും കറുവപട്ടയും ഗ്രാമ്പുവും ഇട്ടപ്പോൾ നല്ലൊരു സുഗന്ധം കിച്ചനിലേക്ക് ഓടിയെത്തി. രണ്ടു ഗ്ലാസ്‌ ബിരിയാണി അരി അതിലേക്ക് ഇട്ട് വെന്തു ഊറ്റിവെക്കുമ്പോൾ അലങ്കരിക്കാനുള്ള ക്യാരറ്റും സവാളയും ഉൾപ്പെടെ ഉള്ളവ നെയ്യിൽ വറുത്തുകോരി വെച്ചിട്ടുണ്ടായിരുന്നു അങ്ങനെ അടുത്ത ഐറ്റം മിന്നൽ ഫ്രൈഡ് റൈസും റെഡി.

എല്ലാർക്കും ഇഷ്ടം ഇതൊക്കെയാണ് നമുക്ക് പണിയും കുറവുണ്ട് പെട്ടന്ന് പരിപാടി കഴിഞ്ഞു. ഇല്ലെങ്കിൽ ഇപ്പൊ തേങ്ങ അരച്ച കറിയും തോരനും മെഴുക്കുപുരട്ടിയും മീനും മോരും ഉൾപ്പെടെ അടുക്കളയിൽ നിന്നും ഇറങ്ങാൻ നേരം കിട്ടില്ലായിരുന്നു.

അവനവനുള്ള ടൈം എങ്ങനെ കണ്ടെത്തണം എന്ന് അനഘയ്ക്കറിയാം അല്ലാതെ പാത്രങ്ങളോട് കലമ്പി സമയം കളഞ്ഞിട്ട് എന്ത് കാര്യം.

അനഘ ഒരു ദീർഘ നിശ്വാസം എടുത്തു ബാക്കിയുള്ള ജോലികളിലേക്ക് തിരിഞ്ഞു. എല്ലാം ഒതുങ്ങി കുളിയും ഊണും കഴിഞ്ഞു ഒന്ന് വിശ്രമിക്കാൻ പതിവുപോലെ കിടന്നപ്പോൾ ആണ് മൊബൈലിൽ പുതിയൊരു ഷോർട്ട് ഫിലിം കാണുന്നത്.

അടിപൊളി. നല്ല വെറൈറ്റി ഉണ്ട്. കാര്യങ്ങൾ ഒക്കെ പച്ചയ്ക്ക് വിളിച്ചുപറയുന്ന കേട്ടപ്പോൾ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി. ഇതൊക്കെ എന്നേ നമ്മൾ പറയേണ്ടിയിരുന്നു എന്നൊക്കെ കോരിത്തരിച്ചു പോയ നിമിഷങ്ങൾ…

വിവാഹിതനായ പുരുഷന്റെ ചുറ്റികളികൾ ഭാര്യ കയ്യോടെ പൊക്കുന്നതാണ് കഥാതന്തു. പക്ഷേ ആവർത്തനവിരസമായ ഡയലോഗുകൾ അല്ല
നല്ല തീപ്പൊരി വെറൈറ്റി ഐറ്റംസ്.

അതിലെ കിടുക്കാച്ചി ഡയലോഗ് ആദ്യത്തേത് എനിക്ക് ഇഷ്ടമുള്ള പൊസിഷൻ ഏതാണ് എന്ന ഭാര്യയുടെ ഭർത്താവിനോടുള്ള ചോദ്യം ആണ്.

ഈ ഷോർട് ഫിലിമിനെ പറ്റിയുള്ള റിവ്യൂകളിൽ ചിലരൊക്കെ അശ്ലീലത്തിന്റെ അതിപ്രസരം എന്നൊക്കെ വിമർശിച്ചു കണ്ടത് ഇതിനെയൊക്കെ ചൊല്ലിയാണോ എന്തോ?

അതൊക്കെ അത്ര ഉറക്കെ ചോദിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണോ?

ഏതു ഭർത്താവിനാണ് അതൊക്കെ അറിയാത്തത്? അത് മാത്രല്ല ഏതാണ് ഇഷ്ടമില്ലാത്ത പൊസിഷൻ എന്നും പരസ്പരം വ്യക്തമായി അറിയാം അതൊക്കെ മനസിലാക്കി മുമ്പോട്ട് പോകുമ്പോൾ അല്ലേ ദാമ്പത്യത്തിലെ പ്രധാനപ്പെട്ട ഒന്നായ ശാരീരിക ബന്ധം ആസ്വാദ്യമാകുന്നത്.

കഥയിലെ നായകനു അതറിയില്ല എങ്കിൽ അവനൊരു പോങ്ങൻ തന്നെ.അത് ഇങ്ങനെ ചോദിക്കേണ്ടി വന്ന ഭാര്യയോട് സഹതാപം തോന്നി.

അതുപോലെ തന്നെ അതിലെ പല ഡയലോഗുകളും സാഹചര്യത്തിന് യോജിച്ചവ തന്നെ എന്നൊരു നിലപാടായിരുന്നു അനഘയ്ക്ക് തോന്നിയത്.

അന്ന് വൈകിട്ട് കൂട്ടുകാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ സംസാര മദ്ധ്യേ ഈ വിഷയം ചർച്ചയാവുക ആയിരുന്നു.

തുടങ്ങിയപ്പോൾ തന്നെ ഈശ്വര ഞാൻ ഇല്ലേ എന്നുപറഞ്ഞു ലതിക ഓടി. റബ്ബേ എനിക്കിതൊന്നും കേൾക്കണ്ട കേട്യോൻ കേട്ടാൽ നാണക്കേട് എന്നുപറഞ്ഞു ലൈലയും മുങ്ങി.

അല്ല ഇവരൊന്നും ഈ ലോകത്ത് അല്ലേ ജീവിക്കുന്നത് അതോ ദിവ്യ ഗർഭം വഴി രണ്ടുമൂന്ന് പ്രസവിച്ചു വളർത്തുന്നവരാണോ? അങ്ങനെ ഒരു സംശയം അനഘ ചോദിച്ചു എങ്കിലും അതിനു മറുപടി തരാൻ പോലും രണ്ടിനെയും കണ്ടില്ല.

പിന്നെ ചർച്ച ഒരു സംവാദം ആക്കിയത് അനൂപ് ആയിരുന്നു. അതിൽ ഒരു കോ പ്പുമില്ല. ഈ കാലത്ത് ഇതിനൊക്കെ അവിഹിതം എന്നൊരു പേരുപോലും ആവശ്യമില്ല. ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് ആസ്വദിച്ചു ജീവിക്കേണ്ട ഒന്നാണ് ജീവിതം. ഒരാൾക്ക് ഒരാളിൽ തന്നെ തൃപ്തി എന്നൊക്കെ പറയുന്നത് ശുദ്ധ നുണയാണ് എന്നൊക്കെ അവൻ വാദിച്ചു.

അങ്ങനെ എങ്കിൽ ഏറ്റവും പഴഞ്ചനായ വിവാഹം എന്നൊരു സമ്പ്രദായത്തിൽ നിന്നുകൊണ്ട് താലി ചരടെന്നൊരു കയറിട്ടു തന്റെ പങ്കാളിയെ കൂച്ചുവിലങ്ങിട്ടു ഒരാൾ മാത്രം സ്വാതന്ത്രത്തോടെ ജീവിക്കുന്നതിൽ അപാകത ഉണ്ടല്ലോ എന്ന് ഞാനും ശക്തിയുക്തം വാദിച്ചു.

അതിനു അവനൊരു വ്യക്തമായ മറുപടി തന്നില്ല.

പക്ഷേ സ്റ്റെല്ല പറഞ്ഞു അവൾക്ക് ഈ വിവാഹം എന്ന ഉടമ്പടിയിൽ ഒന്നും ഒരു വിശ്വാസവുമില്ല. ലിവിങ് ടുഗെതർ ആണ് ഇഷ്ടം അതാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ബാധ്യതകൾ ഇല്ല.മടുക്കുമ്പോൾ ഒരു ഗുഡ് ബൈ അത്രേം ഉള്ളു അതാണ് നല്ലതെന്നു.

അതിനോട് ക്രിസ്റ്റോയും യോജിച്ചു. ഒരു ബന്ധം തുടങ്ങി മറ്റൊരാളെ ചതിക്കുന്നതിലും നല്ലത് ഉപാധികൾ ഇല്ലാതെ ഒരുമിച്ചു ജീവിച്ചു ഒരുപോലെ സ്വാതന്ത്ര്യം അനുഭവിക്കുക ആണ് ഉചിതം എന്ന്.

മൂന്നാമതും ഒരു കുഞ്ഞിനെ ഗർഭിണി ആയിരിക്കുന്ന സറീന ഇതൊക്കെ കേട്ടിട്ട് പറഞ്ഞു ന്റെ മൂന്നുമക്കൾക്കും ഒരു തന്ത മതി എനിക്കൊരു കെട്യോനും. അതിൽ കൂടുതൽ ഒന്നും പറയാൻ എനിക്ക് അറിയില്ലെന്ന്.

അങ്ങനെ ആ ചർച്ച എങ്ങുമെത്താതെ നീണ്ടു ലാസ്റ്റ് എങ്ങനെ ഒക്കെയോ അവസാനിപ്പിച്ചു ഫോൺ മാറ്റുമ്പോൾ സമയം ഒരുപാട് ആയിട്ടുണ്ടായിരുന്നു.

മേല് കഴുകാനായി ബാത്‌റൂമിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ഫോൺ നിർത്താതെ ബെല്ലടിക്കുന്നു.

അനൂപ് ആണ്.

ഹലോ എന്താടാ വിളിച്ചത്?

ഡി നിന്റെ വകയിലൊരു അമ്മായിയുടെ മോളെ ഞാൻ പോയി കണ്ടിരുന്നല്ലോ. അവർ വിളിച്ചിട്ടുണ്ടായിരുന്നു അവർക്കും സമ്മതം ആണ്. എന്നാ പിന്നെ മുമ്പോട്ടു പോകാം അല്ലേ?കുട്ടി ഓക്കേ അല്ലേ?

നീയോ അനൂപേ, അതെ ആ കാര്യം സത്യത്തിൽ ഞാൻ മറന്നു പോയിരുന്നു.വേണ്ട വേണ്ട ആ ബന്ധം നിനക്ക് ശരിയാവില്ല. അതൊരു പാവം നാട്ടിൻപുറത്തുകാരി പെങ്കൊച്ചാണ്. നിന്റെ ചിന്താഗതി ഒന്നും അവൾക്കില്ല.

ഇപ്പോൾ തന്നെ നീ വാദിച്ചതല്ലേ ഉള്ളു അവിഹിതം എന്നൊക്കെ പറയുന്നത് പോലും തെറ്റാണു അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം എന്നൊക്കെ.

ഒന്ന് പോടീ അങ്ങനെ പലതും ജയിക്കാൻ വേണ്ടി പറയും. സ്വന്തം ജീവിതത്തിൽ അങ്ങനെ ആരെങ്കിലും സാഹസം ചെയ്യുമോ. എനിക്ക് അവളെപോലൊരു പെണ്ണ് മതി. എന്നാ അതങ്ങു ഉറപ്പിക്കുക ആണ് കേട്ടോ.

അതും പറഞ്ഞു സന്തോഷത്തോടെ അവൻ ഫോൺ വെച്ചപ്പോൾ അനഘയുടെ മനസ്സിൽ ചില ചോദ്യങ്ങൾ ബാക്കിയായി..

തോന്നിയ പോലെ നടന്നിട്ടും ഭാര്യ വേറൊരാളെ പ്രാപിക്കാൻ ആഗ്രഹിക്കുന്നു എന്ന് കളവു പറഞ്ഞപ്പോൾ പരിഭ്രാന്തനാകുന്ന നായകനും അകത്തും പുറത്തും മറ്റൊന്നുമായി ജീവിക്കുന്ന അനൂപും ഒക്കെ ഒരൊറ്റ ലിസ്റ്റിൽ പെടുത്താവുന്നവരല്ലേ?

അങ്ങനെ ആണെങ്കിൽ അവരുടെ മനഃശാസ്ത്രം എന്തായിരിക്കും?

കൂടുതൽ ശരി തെറ്റുകൾ വിശകലനം ചെയ്യാതെ ടവൽ എടുത്തു ബാത്‌റൂമിലേക്ക് കയറുമ്പോൾ അവൾ തൊണ്ണൂറ്റി ഒൻപതു ശതമാനം തൃപ്തയായ ഭാര്യ ആയിരുന്നു.ബാക്കി ഒരു ശതമാനം ദാമ്പത്യം എന്ന പവിത്രമായ ബന്ധത്തിന് വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ അവളുടെ ഭർത്താവിനെപോലെ തന്നെ അവളും തയ്യാറായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *