വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് എതിരെ വരുന്ന ഗോപേട്ടനെ കണ്ടത് കണ്ടപാടെ

സ്നേഹപൂർവ്വം ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് എതിരെ വരുന്ന ഗോപേട്ടനെ കണ്ടത്. കണ്ടപാടെ ഒന്നു ചിരിച്ചു. വരുന്ന വഴിയാണ് അല്ലേ മോനെ?

അതെ ഗോപേട്ടാ എന്നും പറഞ്ഞു മുന്നോട്ടു നടന്നു. പാടത്തു നിന്നുള്ള കാറ്റ് അടിക്കുമ്പോൾ വല്ലാത്തൊരു സുഖം. ഒരു പക്ഷേ ഇന്നുവരെ ഇല്ലാത്തൊരു സുഖം പോലെ..

കുറച്ചുകൂടെ മുന്നോട്ടു നടന്നപ്പോഴാണ് റോഡിലെ സൈഡിൽ പുല്ലരിഞ്ഞുകൊണ്ടു നിൽക്കുന്ന ദേവകിയേടത്തിയെ കണ്ടത്. എന്നെ കണ്ടപാടെ.. പുല്ലുവെട്ടൽ നിർത്തി. വരണ വഴിയാണ് അല്ലേ ശ്രീകുട്ടാ?

അതെലോ.. ഏടത്തി. എന്താ മുഖത്തൊരു വിഷമം? ഒന്നൂല്യ മോൻ വേഗം വീട്ടിലേക്കു ചെല്ല്. അമ്മ കാത്തിരിക്കുന്നുണ്ടാവും .

എന്നാലും എന്തായിരിക്കും എപ്പോഴും ചിരിച്ചു മാത്രം കാണാറുള്ള ഏടത്തിയുടെ മുഖത്തൊരു സങ്കടം?

ആ എന്തേലും കാരണങ്ങൾ ഉണ്ടാവും. അല്ലെങ്കിലും സങ്കടങ്ങൾ ഇല്ലാത്തവരായിട്ടു ആരാ ഈ ലോകത്തു ഉള്ളത്.

അടുത്ത കഥയെഴുതുമ്പോൾ ദേവകി ഏടത്തിയെയും ഗോപേട്ടനെയും. ശങ്കരേട്ടനെയും എല്ലാം കുറിച്ചു എഴുതണം.

നാടിനെ പറ്റി എന്തെഴുതിയാലും തൃപ്തി വരാതെ കീറികളയലാണ് പതിവ്. വായനശാലയും. എന്തിനും കൂടെ നിൽക്കുന്ന കൂട്ടുകാരും അമ്പലകുളവും ഉത്സവങ്ങളും പള്ളിപെരുന്നാളും എല്ലാം ഒന്നിച്ചു ആഘോഷിക്കുന്ന നാട്.

രാമേട്ടന്റെ പറമ്പിന്റെ വേലിയിൽ ശംഖുപുഷ്പ്പങ്ങൾ പൂത്തുനിൽക്കുന്നു. ആ കാഴ്ച്ച മനസിന്റെ അടിത്തട്ടിൽ വേലിയേറ്റം സൃഷ്ടിക്കുന്നു.

ഒരുകാലത്തു ഇവിടെ വെച്ചായിരുന്നു എന്റെ പ്രണയം തളിരിട്ടതു. കഴിഞ്ഞുപോയ ഓർമ്മകൾ ഒരു ചിത്രം പോലെ മനസ്സിൽ തെളിയുന്നു..

ശംഖുപുഷ്പങ്ങൾ നിറഞ്ഞ ഈ ഇടവഴികളിൽ നീ ഇപ്പോഴും വരാറുണ്ടോ ശ്രീ. ഈ പൂക്കൾ എന്നെകുറിച്ചു ചോദിക്കാറുണ്ടോ അതോ നമ്മളെ ഒന്നിച്ചു കാണാത്തതിന്റെ പരിഭവമാണോ അവർക്ക്?

അർഹിക്കാത്തതു ആഗ്രഹിച്ചത് കൊണ്ടു മാത്രം നഷ്ട്ടപെട്ട പ്രണയം. ഈ വഴികളിൽ വെച്ചു വിടപറഞ്ഞു നെഞ്ചു തകർന്നു നടന്നകന്ന കാഴ്ച്ച നീ കണ്ടിരുന്നോ. ? അതോ കരഞ്ഞു കലങ്ങിയ കണ്ണുകൾ നിന്റെ കാഴ്ച്ച മറച്ചിരുന്നോ?

കഴിഞ്ഞുപോയ കാലത്തെ ഓർമ്മകൾ ഒരു നെടുവീർപ്പിൽ ഒതുക്കി. വേലിയിൽ നിന്നു ഒരു ഇലപൊട്ടിച്ചു.. അതു കൈ തണ്ടയിൽ വെച്ചു ശബ്ദത്തിൽ പൊട്ടിച്ചു ഞാൻ മുന്നോട്ടു നടന്നു..

വീടിന്റെ മുന്നിലേക്ക്‌ എത്തും തോറും മനസിലൊരു പന്തികേട്. ആളുകൾ എല്ലാവരും ധൃതിയിൽ നടക്കുന്നു എല്ലാവരുടെയും മുഖത്തു ഒരു പരിഭ്രാന്തി.

ഹേയ് എന്താ ഉണ്ടായതു എല്ലാരും എങ്ങോട്ടാ ഓടുന്നത്. അവരാരും എന്നെ ശ്രദ്ധിക്കുന്നില്ല.. എല്ലാവരും പടിപ്പുരകടന്നു എന്റെ വീട്ടിലേക്കാണ് ഓടുന്നത്.

ഞാനും കൂടെ ഓടി.. ഓട്ടത്തിനിടയിൽ പടിപ്പുരയുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിൽ പതിച്ച ഫോട്ടോ കണ്ടു എന്റെ കാലുകൾ നിശ്ചലമായി.

ശ്രീഹരി 29 വയസ്സ്. ഒരായിരം ചിന്തകൾ മനസിലേക്ക് ഓടിയെത്തുന്നു…

ബാംഗ്ലൂർ.. ഓഫീസിലെ പാർട്ടി കഴിഞ്ഞു റൂമിലേക്ക്‌ വരുന്ന. കണ്ണുകൾ അടഞ്ഞു പോകുന്നു.. ഒരു നാഷണൽ പെർമിറ്റ്‌ ലോറിയുടെ ഹെഡ്ലൈറ്റിൽ കണ്ണുകൾ ചിമ്മിപോകുന്നു നീട്ടിയുള്ള ഹോൺ കാതുകളിൽ… തുളച്ചുകയറുന്നു ഒരു വലിയ ശബ്ദത്തോടു കൂടെ കണ്ണുകളിലേക്കു… ഇരുട്ടുകയറുന്നു…

ഇതായിരുന്നോ എന്റെ മരണം. അന്യനാട്ടിൽ റോഡിൽ കിടന്നു പ്രിയപെട്ടവരെ ഒന്നു കാണാൻ പോലും പറ്റാതെ ഒരു വാക്കുപോലും പറയാൻ പറ്റാതെ…

ഞാൻ ആ പടിപ്പുരയുടെ തിണ്ണയിൽ ഇരുന്നു ഉറക്കെ അലറി,ക,ര,ഞ്ഞു.. കൈകൾ ചുരുട്ടി ചുവരിൽ ആഞ്ഞു ഇടിച്ചു.. ഇല്ല ആരും എന്നെ ശ്രദ്ധിക്കുന്നില്ല ആരും എന്നെ കാണുന്നില്ല…

അപ്പോൾ ഗോപേട്ടൻ എന്നോട് ചിരിച്ചതോ? ദേവകിയേടത്തി സംസാരിച്ചതോ? അല്ല അവരെല്ലാവരും മരിച്ചവരല്ലേ ഗോപേട്ടൻ അറ്റാക്ക് ആയിട്ടും. ദേവകിയേടത്തി പുല്ലരിയുമ്പോൾ പാമ്പുകടിയേറ്റിട്ടും. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചുറ്റിലും.

ഞാൻ എണീറ്റു മുറ്റത്തേക്ക് നടന്നു.. ഒരു ഭാഗത്തു കുറേ വൈക്കോലു കൂട്ടിയിട്ടുണ്ട് . കുറച്ചപ്പുറത്തായി കയ്യാലപുരയിൽ നെല്ലും. എല്ലാം അച്ഛന്റെ വിയർപ്പാണ്.

നാട്ടിൽ വരുമ്പോൾ അമ്മ പറയാറുണ്ട് പാടത്തു പണിക്കാരുണ്ട് അച്ഛൻ എപ്പോഴും അവിടെയാണ്. ഒറ്റയ്ക്ക് കൂട്ടിയാൽ കൂടാണ്ടായി എന്നൊക്കെ.

ഞാനതൊക്കെ മൂളി കേൾക്കല്ലാതെ അങ്ങോട്ടൊന്നു തിരിഞ്ഞു നോക്കാറില്ലായിരുന്നു. ഒരിക്കൽ പോലും .

പൊതുവെ അച്ഛൻ ആയിട്ടു സംസാരം കുറവായിരുന്നു. എന്നാലും ഞാൻ വരുന്ന ദിവസം അച്ഛൻ എനിക്കിഷ്ടമുള്ള കരിമീൻ വാങ്ങിയിട്ടേ വരാറുള്ളൂ.. വൈകീട്ട് കിടക്കാൻ നേരം റൂമിലേക്കൊന്നു വരും. നിനക്കവിടെ സുഖല്ലേ എന്നു ചോദിക്കും. ജനാല ഇങ്ങനെ തുറന്നിടണ്ട നല്ല കൊതുകാണ് എന്നു പറഞ്ഞു അച്ഛൻ തന്നെ ജനാല അടച്ചു കുറ്റിയിട്ടു പോവും.

ലീവ് കഴിഞ്ഞു പോവാൻ നേരം. കുറച്ചു നോട്ടുകൾ ഉണ്ടാവും എന്റെ മേശപ്പുറത്തു. അതുകണ്ടു ഞാൻ അമ്മയോട് ചൂടാവാറും ഉണ്ട്. ഞാൻ ഇപ്പോ പഠിക്കാൻ പോണകുട്ടിയൊന്നുമല്ല എനിക്കു അത്യാവശ്യം നല്ല ശബളമൊക്കെ ഉണ്ട്.

അപ്പോൾ അമ്മ പറയും അച്ഛന്റെ ആഗ്രഹമല്ലേ വേരാർക്കാ അച്ഛൻ കൊടുക്കാ അച്ഛനെ വിഷമിപ്പിക്കണ്ട എന്നും പറഞ്ഞു അതെന്റെ പോക്കറ്റിൽ വെച്ചു തരും.

ഇന്നിപ്പോ എന്നെ കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർക്കു കൊടുക്കാൻ എന്റെ ശമ്പളകാശു ഉണ്ടായിരുന്നില്ല..

കലങ്ങിയ കണ്ണുമായി. കരയാതെ പിടിച്ചു നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ ശരിക്കും തകർന്നുപോയി ഞാൻ കുറ്റബോധം കൊണ്ടു.

ഒരു ദിവസമെങ്കിലും അച്ഛനാഗ്രഹിച്ചപോലെ അച്ഛന്റെ കൂടെ… വടക്കേ ഭാഗത്തെ മാവിന്റെ ചുവട്ടിൽ നിൽക്കുന്ന കുറച്ചുപേരെ കണ്ടോ? കൂട്ടുകാരാണ്. ഒരെണ്ണത്തിന്റ മുഖത്തും ഒരിറ്റു ചോരയില്ല..

നിങ്ങളൊക്കെ തന്നെയാടാ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്നെനിക്കു ഉറക്കെ വിളിച്ചു പറയാൻ തോന്നി..ഉമ്മറത്തെ തിണ്ണയിൽ കേറി ഞാൻ മുറ്റത്തേക്ക് നോക്കിയിരുന്നു…

രാജേട്ടനും ശങ്കരേട്ടനും എല്ലാരും ഉണ്ട് ടാർപ്പായ വലിച്ചു കെട്ടുന്ന തിരക്കിലാണ് എല്ലാവരും. എപ്പോഴും ചിരിക്കുന്ന ശങ്കരേട്ടന്റെ മുഖത്ത് ഇന്നു ആ ചിരിയില്ല.

അകത്തുനിന്നു ചന്ദനതിരിയുടെ മണം മൂക്കിലേക്കടിച്ചു കയറുന്നുണ്ട്. ഉമ്മറത്തിരുന്നു രാമായണം വായിക്കുന്ന ലക്ഷ്മിഏടത്തിയുടെ സ്വരം ഇടക്കെ ഇടറുന്നുണ്ട്.

കാലുകൾക്കു ഉറപ്പില്ലാതെ ഞാൻ അകത്തേക്ക് നടന്നു ശരീരത്തിന് ഭാരമില്ലാതെ..
എല്ലാവരും വന്നിട്ടുണ്ട്..

ഇഷ്ടപെട്ട ചെക്കനെ തന്നെ കെട്ടുള്ളു എന്നും പറഞ്ഞു വാശി പിടിച്ചു എല്ലാവരെയും കരയിപ്പിച്ചു ഇറങ്ങിപോയ പെങ്ങളും വന്നിട്ടുണ്ട്.

അല്ലെങ്കിലും ഒന്നു വയ്യാന്നു കേട്ടാൽ തീരുന്ന പിണക്കമല്ലേ ഉണ്ടായിരുന്നുള്ളു നമ്മളുതമ്മിൽ. എന്നിട്ടും എല്ലാവരുടെയും പിണക്കങ്ങൾ തീർന്നിട്ടും നമ്മളു മാത്രം സംസാരിച്ചില്ല അല്ല. അല്ല ഞാൻ മാത്രം സംസാരിച്ചില്ല.

നഷ്ടങ്ങൾ ആണ് പിന്നിട്ട ജീവിതത്തിലെ ഓരോ നിമിഷങ്ങളും.

ക,ര,ഞ്ഞു ക,ര,ഞ്ഞു തളർന്നു കിടക്കുന്ന അമ്മയെ കാണാൻ എനിക്കു ശക്തിയുണ്ടായിരുന്നില്ല..
അമ്മയായിരുന്നു എല്ലാം.

അമ്മയോടാണ് എല്ലാം പറയാറുള്ളത് വരുമ്പോളൊക്കെ കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലം പോലും അടുക്കളയിൽ ആണ് അല്ലെങ്കിൽ പിന്നാമ്പുറത്തെ മുറ്റത്തു.. അമ്മ എപ്പോഴും ഇവിടൊക്കെയായിരിക്കും.

ഓടിചെന്നു ഞാൻ ആ മടിയിൽ തലവെച്ചു കിടന്നു. ഞാൻ വന്നു അമ്മാ.. എന്നു പലയാവർത്തി പറഞ്ഞു അമ്മ കേട്ടില്ല പിന്നേം പിന്നേം വിളിച്ചു അമ്മ കേട്ടില്ല. അമ്മയുടെ കണ്ണുനീർ എന്റെ ഹൃദയത്തിലേക്ക് മഴയായി ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു…

ആരോ പറഞ്ഞു എടുക്കാൻ സമയായി… ഇനിയാരും വരാനില്ലല്ലോ എന്നു. ചുറ്റിലും ചങ്കുപൊട്ടികരയുന്ന ശബ്ദങ്ങൾ…

തെക്കേ തൊടിയിൽ ചിതയൊരുങ്ങി… ഞാൻ പോവാണ് അമ്മേ. എപ്പോഴും പറയുന്നപോലെ പോയി വരാമെന്നു പറയാൻ പറ്റില്ലല്ലോ എനിക്കു… ചെയ്യേണ്ടത് പലതും ചെയ്യാതെ.. പറയേണ്ടത് മുഴുവൻ പറയാതെ വാക്കുകൾ മുറിയുന്നു…

ചുമ്മാ തോന്നിപോവാണ് വെറുതെ.. ഇനിയൊരു ജന്മമുണ്ടെങ്കിൽ…… മ,ര,ണം എന്ന മൂന്നക്ഷരത്തിനു ശേഷം തിരുത്തലുകൾ സാധ്യമല്ല….

Leave a Reply

Your email address will not be published. Required fields are marked *