“”നീ ഇങ്ങോട്ട് നീങ്ങി നിന്നേ പെണ്ണേ. ഞാൻ ശരിക്കൊന്ന് കാണട്ടെ””. കാ,മ വെ,റി പൂ,ണ്ടൊ,രു പുരുഷ സ്വരം..

കള്ളൻ വിനയൻ

രചന:-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“”നീ ഇങ്ങോട്ട് നീങ്ങി നിന്നേ പെണ്ണേ. ഞാൻ ശരിക്കൊന്ന് കാണട്ടെ””. കാ,മ വെ,റി പൂ,ണ്ടൊ,രു പുരുഷ സ്വരം..

“”അയ്യോ.. ചേട്ടാ ലൈറ്റ് ഇടല്ലേ.. ഏട്ടൻ ഉണർന്നാൽ എല്ലാം തകരും. എന്റെ മാ,നം പോകും. ജീ,വി,തം കു,ട്ടി ചോറാകും””

.സ്ത്രീ ശബ്ദം ലാ,സ്യ,വും കാ,ത,രവും ഇ,ക്കി,ളി,യും കൂടി ചേർന്ന കുഴഞ്ഞ നേർത്ത സ്വരമെങ്കിലും ഒരു ഭ,യം ചെറുതായി മുന്നിട്ട് നിന്നു.

വീടിന്റെ അടുക്കളയിലെ കൂരാ കൂരിരുട്ടിൽ അടക്കി പിടിച്ച ഈ സംസാരങ്ങൾ കേട്ട ക,ള്ളൻ വിനയൻ ഒന്ന് അന്താളിച്ചു നിന്നു.

അടുക്കള വാതിൽ തുറന്നിട്ടത് കണ്ടപ്പോഴേ വിനയന്റെ ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ നിഴലിട്ടിരുന്നു.

കഴുകാത്ത പാത്രങ്ങൾ അടുക്കള തിണ്ണയിൽ ഇരുന്നു പുഴുകി നാറി തുടങ്ങിയിരുന്നു

. സാമ്പാറിലെ കടിച്ചു തുപ്പിയ മുരിങ്ങാ കായയുടെയും കായത്തിന്റെയും പുളിച്ച മണം അവിടെ ആകെ തിങ്ങി വിങ്ങി നിന്നു.

“ഒന്ന് ഇവിടുത്തെ പെണ്ണ് സുനന്ദയാണ്. മറ്റേത് ആരാണ്?. ലൈറ്റ് ഇട്ട് നോക്കിയാലോ.. വേണ്ട… എനിക്കെന്ത് കാര്യം ഇതിൽ. ഞാൻ മോഷ്ടിക്കാൻ വന്നതല്ലേ.

ആ പണി തീർത്തിട്ട് പോയേക്കാം”.. കള്ളൻ വിനയൻ മനസ്സിൽ പിറു പിറുത്തു. എങ്കിലും അയാൾ ഒന്നു കൂടി കാത് കൂർപ്പിച്ചു.

“ആരായിരിക്കും അത്”?..അയാൾ ശ്വാസം അടക്കി പിടിച്ചു നിന്നു. ആവേശം നുരഞ്ഞു പൊന്തിയ ഏതോ ഒരു നിമിഷത്തിൽ ആ പരുഷ പുരുഷ സ്വരം പുറത്തു വന്നു.

കള്ളൻ വിനയൻ ഒന്ന് ഞെട്ടി. പിന്നെ പതുക്കെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു പോയി.

“എടാ… കള്ളൻ നേതാവ് ജാഫറേ.. നാട്ടിൽ എന്തൊരു മാന്യൻ. സംസാരത്തിൽ എന്തൊരു എളിമ. എന്നേക്കാൾ വലിയ കള്ളനാണല്ലോ നീ”.

വിനയിൽ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. പെട്ടെന്ന് വിനയന്റെ മനസ്സ് മലക്കം പറഞ്ഞു.”അല്ല.. അപ്പൊ ഞാനോ..

ഞാനും മാന്യൻ ആണല്ലോ ജനങ്ങൾക്ക് മുമ്പിൽ. ഞാൻ സ്വത്ത് മോഷ്ടിക്കുന്നു. അയാൾ ശരീരം മോഷ്ടിക്കുന്നു..

ഹേയ്… ഇത് മോഷണമാണോ?..സുനന്ദ അറിഞ്ഞു നൽകുന്നതല്ലേ… അപ്പൊ?.. വാടകക്ക് കുറച്ചു നേരത്തേക്ക് ശ,രീ,രം അയാൾക്ക് നൽകുന്നു..

എന്നാലും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ. വാടകക്കാവുമ്പോൾ പണം കൊടുക്കണമല്ലോ.

സുനന്ദക്ക് ജാഫർ പണം കൊടുക്കുമോ?..അ,വി,ഹി,തമാണോ?.. അതെങ്ങനെ?.. അവര് അറിഞ്ഞു വിഹിതം കൊടുക്കുകയാണല്ലോ… ശെടാ… ഞാനെന്തിനാ ഈ ആവശ്യമില്ലാത്ത കാര്യം ആലോചിച്ചു തല പുണ്ണാക്കുന്നത്..

വന്ന പണി തീർത്തിട്ട് അങ്ങ് പോയേക്കാം”… കള്ളൻ വിനയൻ വേഗം അകത്തേക്ക് നടന്നു. സുനന്ദയുടെ ഭർത്താവ് പോത്ത് പോലെ കിടന്നുറങ്ങുന്നു. കൂർക്കം വലി കേട്ട് വിനയൻ അകമേ ചിരിച്ചു.

അയാൾ അലമാരിയിൽ ഉണ്ടായിരുന്ന ഒരു സ്വർണ്ണമാല എടുത്തു അടുക്കള വഴി തന്നെ രക്ഷപെട്ടു. അവിടെ നിന്ന് കേട്ട സീൽക്കാര ശബ്ദങ്ങൾ അയാൾ കേട്ടില്ലെന്ന് നടിച്ചു..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“”എടീ… നന്ദിനി… പെണ്ണേ.. വാതിൽ തുറക്ക്””.വീട്ടിലെത്തിയ വിനയൻ കതകിൽ തട്ടി വിളിച്ചു.
വിനയനെ ഉറക്കമിളച്ചു കാത്തിരുന്ന ഭാര്യ നന്ദിനി വേഗം വന്നു വാതിൽ തുറന്നു.

നാല് പാടും ഒന്ന് കണ്ണോടിച്ചു വിനയൻ അകത്തേക്ക് കയറി. കയ്യിലെ സ്വർണ്ണമാല നന്ദിനിയുടെ കഴുത്തിൽ ഇട്ടു കൊടുത്തു.

“”ആഹാ… ഇന്നെവിടെയാ കയറിയത് മനുഷ്യാ?.. കോളടിച്ചല്ലോ. അഞ്ച് പവനെങ്കിലും കാണുമിത്””.. നന്ദിനി അത്ഭുതം അടങ്ങാതെ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു.

“”അത് സുനന്ദയുടെ വീട്ടിൽ കയറി. അലമാരയിൽ നിറയേ പൊന്നും പണവും. ഞാനീ മാല മാത്രമേ എടുത്തുള്ളൂ””..വിനയൻ പറഞ്ഞു..

നന്ദിനിയുടെ കണ്ണുകൾ തുറിച്ചു വന്നു.””എന്നിട്ട് അവര് ആരും ഉണർന്നില്ലേ?.അറിഞ്ഞില്ലേ?””..നന്ദിനി സംശയ ഭാവത്തോടെ മുഖം വിടർത്തി.

“”അയാള് പോത്ത് പോലെ കിടന്നുറങ്ങുന്നു. സുനന്ദയാണെങ്കിൽ സ്വർഗത്തിലും.. സ്വർഗത്തിൽ ആയത് കൊണ്ട് അവർക്ക് ഭൂമിയിൽ നടക്കുന്നതൊന്നും അറിയാൻ വഴിയില്ലല്ലോ””.. വിനയൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

നന്ദിനിയുടെ വായ അറിയാതെ പിളർന്നു..””സുനന്ദ സ്വർഗത്തിലോ?… നിങ്ങൾ വരുന്ന വഴി വല്ലതും കണ്ടു പേടിച്ചോ?””.. നന്ദിനി ചോദിച്ചു.

“”ഹേയ്… ഒന്നൂല്ല… നീ കുറച്ചു വെള്ളം ചൂടാക്ക്. ഒന്ന് കുളിക്കട്ടെ””..വിനയൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

വിനയൻ മ,ല,ർ,ന്നു കി,ട,ന്നു കൊണ്ട് ഓർത്തു പുഞ്ചിച്ചു. “ഒരു കണക്കിന് ആ അവിഹിതം നന്നായി. മാല മോഷണം പോയത് ആദ്യം അറിയുന്നത് സുനന്ദ തന്നെയാവും.

അവർ ജാഫറിനെ സംശയിക്കും. അത്രക്കും പ്രിയങ്കരനായ ഇഷ്ടകാരനെ അവൾ ഒറ്റുമോ. ഭർത്താവിനോടും പറയില്ല.

പറഞ്ഞാൽ അയാള് കേസ് കൊടുക്കും. പോലീസ് പട്ടി വന്ന് മണത്ത് ജാഫറിന്റെ നേരേ കു,ര,ച്ചു ചാടും.

പോലീസിന്റെ ഇ,ടി കിട്ടുമ്പോ ജാഫർ സത്യം പറയുമെന്ന് സുനന്ദക്ക് നന്നായി അറിയാം. അയാളുടെ സ്വഭാവം സ്വന്തം ഭാര്യ മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ സുനന്ദക്ക് അറിയണമല്ലോ”.. കള്ളൻ വിനയൻ ഉറക്കെ ചിരിച്ചു. ആ സന്തോഷത്താൽ അയാൾ മതിമറന്നുറങ്ങി..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
പിറ്റേന്ന് രാവിലെ വിനയൻ ജോലിക്ക് പോകും വഴി നേതാവ് ജാഫറിന്റെ പ്രസംഗം കേട്ടു..””നമ്മുടെ സമൂഹം ജീർണിച്ചു സുഹൃത്തുക്കളെ..

സർവത്ര അവിഹിതവും, വ്യഭിചാരവും, പീഡനവും, കള്ളും, കഞ്ചാവും, അഴിമതിയും …എന്തിന്..ശിശുക്കൾക്ക് പോലും രക്ഷയില്ല. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു””…

അണികൾ ആർത്തട്ടഹസിച്ചു. ഉറക്കെ കരഘോഷം മുഴക്കി. വിനയൻ ഉള്ളിൽ പൊട്ടി ചിരിച്ചു.
“”കള്ള കപട നേതാവേ.. ഇത്രക്ക് വേണോ””.. വിനയൻ പതുക്കെ പറഞ്ഞു
.
വൈകീട്ട് ജോലി കഴിഞ്ഞു കള്ളൻ വിനയൻ വീട്ടിലെത്തി. നന്ദിനി ഉള്ളി മൂപ്പിച്ചു അതിൽ വഴറ്റിയെടുത്ത കൂർക്ക ഉപ്പേരിയും നല്ല പൊടിയുള്ള കട്ടൻ ചായയും വിനയന്റെ മുമ്പിൽ വിളമ്പി വെച്ചു.

“”ഇന്ന് എവിടെയാ കക്കാൻ കയറുന്നത്?””.. നന്ദിനി ചോദിച്ചു.

“”ഇന്ന് ആ ഗൾഫുകാരൻ ആനന്ദനില്ലേ. അവിടെ കേറണം. പൂത്ത കാശുണ്ട്. മാത്രമല്ല അവന്റെ ഭാര്യയും മകനും മാത്രമേയുള്ളൂ. ഞാൻ വീടും പരിസരവുമെല്ലാം നിരീക്ഷിച്ചു. പറ്റിയ അന്തരീക്ഷമാണ്. പട്ടിയെ ഒന്നും കാണാനില്ല””.. വിനയൻ പറഞ്ഞു.

””ആ അത് നന്നായി.. അയാളുടെ ഭാര്യയില്ലേ മിനിമോൾ. അവൾക്ക് അല്പം ഗർവും ഗമയും കൂടുതലാ.

സൗന്ദര്യവും സമ്പത്തും ഉള്ളത് കൊണ്ടാ. ഈ വീടിന്റെ മുന്നിലൂടെ മൂടും കുലുക്കി നടന്നു പോവുമ്പോൾ എന്നെയൊന്നും കണ്ട ഭാവം പോലും നടിക്കില്ല. അവിടെ തന്നെ കയറണം ചേട്ടാ””.. നന്ദിനിക്ക് ആവേശം കയറി.

വിനയൻ തല കുലുക്കി. പിന്നെ എന്തൊക്കെയോ ചിന്തയിലാണ്ടു. “”ഈ വീടൊന്നു വാർക്കണം. അനുവിനെയും സിനുവിനെയും പഠിപ്പിക്കണം. നല്ല നിലയിലാക്കണം.

കൂലിപ്പണിക്ക് പോയിട്ട് ഇതൊന്നും സ്വപ്നം കാണാൻ പോലും പറ്റില്ല. എന്നിട്ട് എല്ലാം നിർത്തണം. എന്റെ അച്ഛൻ കള്ളനായിരുന്നു.

പെരുങ്കള്ളൻ വാസുദേവൻ. അച്ഛനെ നാട്ടുക്കാർ പട്ടിയെ കൊല്ലും പോലെ തല്ലി കൊന്നത് എന്റെ മുന്നിലിട്ടാണ്.

ആ ഞാൻ കള്ളനായത് നിനക്കല്ലാതെ ആർക്കും അറിയില്ല. ആരാ ഈ ലോകത്ത് മാന്യൻ. ആരുമില്ല. എല്ലാരും കള്ളന്മാരാണ്.

ചിലർ വ,ഞ്ചി,ച്ചു നേടുന്നു. ചിലർ ജനങ്ങളെ മനോഹരമായി കബളിപ്പിച്ചു നേടുന്നു. അവരെല്ലാം മാന്യതയുടെ മുഖമൂടിയിട്ട് അതേ ജനങ്ങൾക്കിടയിലൂടെ വിലസുന്നു.

എനിക്കും അതേ മുഖമൂടി ധരിച്ചേ പറ്റൂ. നേരിട്ട് കക്കുന്നവർക്ക് മാത്രം കള്ളനെന്ന് പേര്. എന്റെ അച്ഛൻ അങ്ങനെ ഒരാളായിരുന്നു””.. വിനയന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“”ഇതിങ്ങനെ ഇടക്കിടക്ക് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ് വിനയേട്ടാ. എനിക്കറിയാലോ എല്ലാം””.. നന്ദിനിയുടെ ചങ്കിടറി.

“”ഞാൻ മാത്രമായി ഈ ലോകത്ത് ഒരു പെരുങ്കള്ളനല്ല എന്ന് എനിക്ക് ഓർമ്മിക്കാൻ””.. വിനയൻ കണ്ണ് തുടച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇരട്ട പെൺ കുട്ടികൾ അനുവും സിനുവും വന്നു അച്ഛന്റെ അപ്പുറവും ഇപ്പുറവും വന്നിരുന്നു. “കൂടുതൽ കാലം ഒരു കപട മുഖമൂടിക്കും ആയുസ്സില്ല.

എന്നെങ്കിലും ഈ മുഖമൂടി അഴിഞ്ഞു വീഴും. അതിന് മുമ്പ് കര പറ്റണം. “ക,ള്ള,ന്റെ മക്കളേ”.. എന്നുള്ള വിളി എന്റെ കുട്ടികൾ കേൾക്കും മുമ്പ്”.. വിനയൻ മക്കളുടെ മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് ഓർത്തു. ഒരു നെടുവീർപ്പിനൊപ്പം നെഞ്ചിൽ എന്തോ വന്ന് തിങ്ങി.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
കള്ളൻ വിനയന്റെ ദേഹമാസകലം നന്ദിനി കരി തേച്ചു പിടിപ്പിച്ചു. അയാൾ നട്ട പാതിരയുടെ കൂരാ കൂരിരുട്ടിലേക്കിറങ്ങി.

സ്വന്തമായി നിർമിച്ച ഇരുമ്പ് മുറിക്കുന്ന കട്ടറും ഒരു ടോർച്ചും ബാക്കി ആയുധങ്ങളും അടങ്ങിയ സഞ്ചി തോളിൽ തൂക്കി.

പമ്മി പമ്മി നടന്ന വിനയൻ ആനന്ദന്റെ വീടിന് മുന്നിലെത്തി. മതിൽ ചാടി കടന്നു അകത്തേക്ക് കയറി.

ജനാല കമ്പികൾ രണ്ടറ്റവും ശബ്ദമുണ്ടാക്കാതെ മുറിച്ചു അകത്തേക്ക് കയറിയത് മിനിമോൾ കിടക്കുന്ന മുറിയിലേക്കാണ്. കുറച്ചു നേരം ഒരു മൂലയിൽ പതുങ്ങി നിന്നു മിനി മോളുടെ ശ്വാസന ഗതി നിരീക്ഷിച്ചു.

“ഉറക്കമാണ്. ഇനി അഗാധ നിദ്രയാണോ. അർദ്ധ മയക്കമാണോ എന്നറിയണം”.. അയാൾ മനസ്സിൽ പറഞ്ഞു. ചുവരിൽ തപ്പി പിടിച്ചു ഫാനിന്റെ സ്വിച്ച് കണ്ടു പിടിച്ചു.

ഫാൻ പെട്ടെന്ന് ഓഫാക്കി. മിനി മോൾ ഉണരുന്നുണ്ടോ എന്ന് കുറച്ചു നേരം നിരീക്ഷിച്ചു. “അർദ്ധമയക്കം ആണെങ്കിൽ ഉണരേണ്ടതാണ്.

ഗാഡ നിദ്ര തന്നെയാണ്. പണി തുടങ്ങാം”. പെട്ടെന്ന് ടോർച്ചെടുത്ത് ലൈറ്റ് അടിച്ചു നോക്കി. തുടുത്ത കവിൾ തലയിണയിൽ അമർത്തി മിനിമോൾ കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്.

അതീവ സുന്ദരി. പതിയെ ഉള്ള ശ്വസന ഗതിയിൽ മുതുക് മെല്ലെ ഉയരുകയും താഴുകയും ചെയ്യുന്നു. മൺ കുടങ്ങൾ കമിഴ്ത്തി വെച്ച പോലുള്ള ഉരുണ്ട നിതംബ ഭംഗിയിൽ വിനയന്റെ കണ്ണുകൾ ഒരു നിമിഷം ഉടക്കി. നിയന്ത്രണം നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ അയാൾ ദൃഷ്ടികൾ പിൻവലിച്ചു.

മുറിയാകെ ടോർച്ചു ലൈറ്റ് കൊണ്ട് പരതി അലമാര കണ്ടു പിടിച്ചു.

കള്ള താക്കോലിട്ട് പൂട്ട് തുറന്നു. ഓരോ അറകളും പരിശോധിച്ചു. ഒന്നുമില്ല. പണമില്ല. സ്വർണ്ണമില്ല. ഒരറയിൽ കുറേ കടലാസുകൾ ഇരിക്കുന്നു. അയാൾ അതിലേക്ക് ടോർച്ചടിച്ചു നോക്കി. ബാങ്കിൽ നിന്നും വന്ന നോട്ടീസുകൾ മാത്രം.

പണ്ടം പണയം വെച്ച രേഖകൾ. ലോൺ തിരിച്ചടക്കാഞ്ഞിട്ട് വന്ന് നോട്ടീസുകൾ. പലിശക്കാരന്റെ കുറിപ്പടികൾ. പലചരക്കു കടയിലെ ബില്ലുകൾ. നാല് മാസത്തെ കുടിശ്ശിക കാണിച്ച വേറെയും ബില്ലുകൾ.

വിനയൻ ഞെട്ടി. അപ്പൊ ഞങ്ങൾ കണ്ടത് ഇവരുടെ വെറും പുറം പൂച്ച് മാത്രമായിരുന്നോ?. ഇവര് അണിഞ്ഞിരുന്ന ആഭരങ്ങൾ എല്ലാം പണയത്തിലാണോ?. വലിയൊരു വീട്ടിൽ ഇത്രയും ദാരിദ്ര്യമോ?. ആനന്ദൻ ഗൾഫിൽ പോയി ഇത്രയും നാള് കഷ്ടപ്പെട്ടതൊക്കെ എവിടെ?”. ചോദ്യങ്ങളുടെ താള മേളങ്ങൾ വിനയന്റെ ഉള്ളിൽ പെരുമ്പറ മുഴക്കി.

“പണ്ടെങ്ങോ നല്ല നിലയിൽ കഴിഞ്ഞിരുന്നതാ. ത,ക,ർ,ന്ന,ത് പുറത്തറിയിക്കാതിരിക്കാൻ ചിലപ്പോഴൊക്കെ നല്ലത് അഹങ്കാരം നടിക്കുക തന്നെയാണ്..

പാവങ്ങൾ.. ഇവിടെ കയറേണ്ടായിരുന്നു. ആളുകളെ വിലയിരുത്തുന്നതിൽ എന്റെ നന്ദിനി ആദ്യമായി പരാജയപ്പെട്ടു”..

വിനയൻ ഒന്ന് കൂടി ടോർച്ചടിച്ചു നോക്കി. ഗാഡ നിദ്ര തന്നെ. “ഇങ്ങനെ എല്ലാം മറന്നു കിടന്നുറങ്ങാൻ കഴിയുന്നത് തന്നെ ഒരു മഹാ ഭാഗ്യമാണ്”. വിനയൻ മനസ്സിൽ പറഞ്ഞു കൊണ്ട് ജനാല വഴി പുറത്തേക്ക് ചാടി. ജനൽ കമ്പികൾ ചേർത്ത് വെച്ചു ഒട്ടിച്ചു.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“”എന്തായി വിനയേട്ടാ. ഏന്തൊക്കെ കിട്ടി?””… വീട്ടിലെത്തിയ വിനയനോട് നന്ദിനി ആകാംഷയോടെ ചോദിച്ചു.

“”അവിടെ ഒന്നുമില്ലെടി. നമ്മൾ കണ്ടതൊക്കെ വെറും നാടകമായിരുന്നു. കടവും ദാരിദ്ര്യവും മാത്രമേയുള്ളൂ””.. വിനയൻ സങ്കടത്തോടെ പറഞ്ഞു.

“”നീ ഈ മാല വിറ്റില്ലേ ഇനിയും?.മോഷണ മുതലാണ്. ഇതിങ്ങനെ കഴുത്തിലിട്ട് നടക്കുന്നത് ശരിയല്ല””..

വിനയൻ നന്ദിനിയുടെ കഴുത്തിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.

നന്ദിനി നന്നായൊന്ന് മന്ദസ്മിതം തൂകി. കണ്ണിലും മുഖത്തും നാ,ണം നിറച്ച് ശരീരം താളത്തിൽ ഇളക്കി വിനയന്റെ അടുത്തേക്ക് വന്നു.

കരിപുരണ്ട നെഞ്ചിൽ കൈ വെച്ചു. “”അതേയ്… ഒരു തരി പൊന്നില്ലാതെയല്ലേ ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വന്നത്.

എനിക്കും കൊതിയുണ്ടാവില്ലേ അഞ്ചു പവന്റെ ഒരു സ്വർണ്ണ മാലയിടാൻ. ചേച്ചിടെ മോളുടെ കല്യാണം വരുന്നുണ്ടല്ലോ. അതും കൂടി കഴിഞ്ഞ് ഞാനിത് വിറ്റോളാം.

എന്നിട്ട് വേണ്ടേ വീടിന് തറ കല്ലിടാൻ..നിങ്ങൾ വേഗം കുളിച്ചിട്ട് വന്നേ””.. നന്ദിനി കാതര ഭാവത്തോടെ വിനയനെ നോക്കി. പിന്നെ നാണം ഭാവിച്ചു താഴേക്ക് നോക്കി നിന്നു. വിനയൻ ചിരിച്ചു.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
വിനയൻ പിറ്റേന്നും ജോലിക്ക് പോയി. ഗൾഫുകാരൻ ആനന്ദന്റെ വീടിന്റെ മുമ്പിലെത്തിയപ്പോൾ കണ്ണുകൾ അറിയാതെ അങ്ങോട്ട് തിരിഞ്ഞു. എന്തിനോ കണ്ണ് നിറയുകയും ചെയ്തു. മുറ്റത്ത് പ്രൗഡിയോടെ നിന്നിരുന്ന മിനിമോളെ നോക്കി ഒന്ന് ചിരിച്ചു.

“”ആനന്ദൻ ഉടൻ വരുന്നുണ്ടുണ്ടോ. പോയിട്ട് കുറച്ചായില്ലേ?””.. വിനയൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“”അവിടുത്തെ ബിസിനസ്സൊക്കെ വിട്ടു പോന്നാൽ ശരിയാകുമോ വിനയാ. ഏട്ടന് അവിടെ നിന്ന് തിരിയാൻ നേരമില്ല””.. മിനി മോൾ മേനി നടിച്ചു.

വിനയൻ ഉള്ളിൽ ഊറി ചിരിച്ചു. “പാവം… എന്നാലും സമ്മതിക്കണം.. പെണ്ണൊരുത്തി തന്നെ”..
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
അന്ന് രാത്രി വിനയൻ നേതാവ് ജാഫറിന്റെ വീട്ടിൽ കയറാൻ തീരുമാനിച്ചു. “നേതാവിന്റെ ഇഷ്ടക്കാരിയുടെ വീട്ടിൽ വിനയന് കയറാമെങ്കിൽ നേതാവിന്റെ വീട്ടിലും കയറാം.. ഹും”.. വിനയൻ മനസ്സിൽ പറഞ്ഞു.

രാവേറെ ചെന്നു നട്ട പാതിരയെ പുൽകി. അമാവാസി മാറി പൗർണ്ണമിക്ക് തുടക്കമായി. പൂർണ്ണനല്ലെങ്കിലും ചന്ദ്രൻ ആകാശത്ത് പാൽ ചിരി തൂകി നിൽപ്പുണ്ട്.

വഴിയിലെ തണൽ മരങ്ങൾ ഒരുക്കിയ ഇരുട്ടിന്റെ മറ പിടിച്ചു വിനയന്റെ കരി പുരണ്ട രൂപം ജാഫറിന്റെ വീട് ലക്ഷ്യമാക്കി നടന്നു നീങ്ങി.

വഴിയിൽ ഉറക്കെ കുരച്ചും ഓരിയിട്ടും കലപില കൂട്ടിയ പട്ടികൾ നിലാ വെളിച്ചത്തിലെ വിനയന്റെ രൂപം കണ്ട് പേടിച്ചു ഒതുങ്ങി നിന്നു.

പൂച്ചകൾ തിളങ്ങുന്ന കണ്ണുകളോടെ പതുങ്ങി നിന്ന് നോക്കി. മാതനും മറുതയും കരിങ്കുട്ടി ചാത്തനും ചേക്കുട്ടിയും അടങ്ങിയ ചെകുത്താൻ സംഘം രഹസ്യമായി വിനയനെ പിന്തുടർന്നു.

മതിൽ ചാടി കടന്നു വിനയൻ ജാഫറിന്റെ വീടിന് മുന്നിലെത്തി. താഴത്തെ നിലയിലെ ഒരു മുറിയിലെ ജനാല കർട്ടനുകൾക്കിടയിലൂടെ നേരിയ വെളിച്ചം കണ്ട വിനയൻ നിരാശയിലാണ്ടു. “നേരം പാതിര കഴിഞ്ഞു.

നേതാവും ഭാര്യയും ഉറങ്ങിയില്ലേ ഇനിയും”.. വിനയൻ പിറു പിറുത്തു. അയാൾ ആ മുറിക്കടുത്തേക്ക് പമ്മി നടന്നു. എന്തൊക്കെയോ പിറുപിറുക്കുന്ന ശബ്ദം കേൾക്കുന്നു.

വിനയൻ കാത് ജനൽ പാളികളുടെ വിടവിലൂടെ ചേർത്തു വെച്ചു. ഉറക്കെ സംസാരിക്കുന്നുണ്ട്. സ്ത്രീ ശബ്ദമാണ്. പക്ഷേ വ്യക്തമല്ല. അയാൾ കയ്യിലെ കൊളുത്തു കൊണ്ട് ശബ്ദമുണ്ടാകാതെ ജനൽ കുത്തി തുറന്നു. കർട്ടൺ മാറ്റി നോക്കി..

ജാഫർ കുനിഞ്ഞ തലയുമായി കട്ടിലിൽ ഇരിക്കുന്നു. ഭാര്യ മുംതാസ് കലി തുള്ളി നിന്ന് കിതക്കുന്നു.

“”പറ മനുഷ്യാ..ആ ഒന്നര ലക്ഷം രൂപ നിങ്ങൾ എന്ത് ചെയ്തു?. ആർക്ക് കൊടുത്തു?””. മുംതാസ് ഉറക്കെ ചീറി.

ജാഫർ എന്തോ പറയാൻ വന്നത് വിഴുങ്ങി. വിനയൻ കാത് കൂർപ്പിച്ചു അനങ്ങാതെ നിന്നു.
“”നാണമുണ്ടോ…

ഞാൻ ഒപ്പിട്ട് വെച്ച ചെക്കും മോഷ്ടിച്ചു എന്റെ പൈസയെടുത്തു നക്കാൻ. രാഷ്ട്ര സേവനമാണത്രേ.. തൂ… നിങ്ങളൊക്കെ ഒരു ആണാണോ. വലിയ നേതാവണത്രെ. ഒരു വകക്ക് കൊള്ളില്ല. എന്റെ ഉപ്പ എനിക്ക് തന്ന മുതല് തിന്നു മുടിക്കാനല്ലാതെ””… മുംതാസ് പല്ല് ഞെരിച്ചു.

“”മുംതാസെ… ഒന്ന് പതുക്കെ പറ. എനിക്കൊരു തെറ്റ് പറ്റി..മാപ്പ്.. നട്ട പാതിരാക്ക് നാട്ടുക്കാരെ വിളിച്ചുണർത്തല്ലേ.. എന്റെ രാഷ്ട്രീയ ഭാവി തകർക്കരുത്””..

ജാഫർ കൈകൾ കൂപ്പി യാചിച്ചു. “”ഹും.. രാഷ്ട്രീയ ഭാവിയോ.. നാണം കെട്ടവനെ. മിണ്ടരുത്. മര്യാദക്ക് എന്റെ കാശ് തന്നോ””. മുംതാസ് ജാഫറിന് നേരേ കയ്യോങ്ങി.

വിനയൻ വേഗം ജനൽ അടച്ചു. ജാഫറിന് ഭാര്യയുടെ കൈയ്യിൽ നിന്ന് തല്ല് കിട്ടിയോ എന്ന് വിനയന് അറിയില്ല. അയാൾ തിരിഞ്ഞു നടക്കുന്നതിനിടെ ചിരിച്ചു.

ഉറക്കെ ചിരിച്ചു. കുലുങ്ങിയും താണും കൂണും ചാഞ്ഞും ചരിഞ്ഞും ചിരിച്ചു. “ജനലക്ഷങ്ങളുടെ നേതാവ്.

എതിരാളികൾക്ക് പോലും ഭയം. തീപ്പൊരി പ്രസംഗം കൊണ്ട് അണികളെ നിശബ്ദ കേൾവിക്കാരാക്കി അച്ചടക്കത്തോടെ ഇരുത്തുന്നവൻ..

സ്വന്തം ഭാര്യയുടെ മുമ്പിൽ എലികുഞ്ഞൻ. വിനീത വിധേയൻ. വായ മൂടി കെട്ടിയവൻ. കാല് പിടിക്കുന്നു. മാപ്പ് പറയുന്നു. വിരോധാഭാസ മുഖംമൂടി. ഇവരൊക്കെ ഇത്രേ ഉള്ളൂ?”.. കള്ളൻ വിനയൻ ഓർത്തു.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
പിറ്റേന്ന് വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ വിനയൻ വെറുതേ അഞ്ച് കോടിയുടെ ഒരു ബമ്പർ ലോട്ടറിയെടുത്തു.

“”ഭാഗ്യം എന്നത് അടുത്തു കൂടി പോകാത്തവനാ. എങ്കിലും ഒന്ന് കിടക്കട്ടെ. ചിലപ്പോൾ കിട്ടിയാലോ. ഈ “ചിലപ്പോൾ” എന്നത് തന്നെ ഒരു പ്രതീക്ഷയല്ലേ””. വിനയൻ പറഞ്ഞു.

കള്ളൻ വിനയൻ നാളുകൾ ഒത്തു വന്നപ്പോഴൊക്കെ മോഷ്ടിച്ചു. അങ്ങനെ നാളുകൾ കുറച്ചു കടന്നു പോയി.

നന്ദിനിയുടെ ചേച്ചിയുടെ മകളുടെ കല്യാണ നാൾ ഇതിനിടെ അവരെ തേടിയെത്തി. അന്ന് നന്ദിനി നന്നായി ചമഞ്ഞൊരുങ്ങി.

പച്ച പട്ട് സാരി ചന്തത്തിൽ ഞൊറിഞ്ഞുടുത്തു. മുടി നന്നായി എണ്ണയിട്ട് നീട്ടി ചീന്തി. മുഖം മിനുക്കി.

ഒരു പുഞ്ചിരിയോടെ അലമാരയിൽ നിന്നും സുനന്ദയുടെ സ്വർണ്ണ മാല എടുത്ത് കഴുത്തിലണിഞ്ഞു.”എന്തൊരു ഭംഗിയാ”. നന്ദിനി ആത്മ നിർവൃതി പൂണ്ടു. വിനയനും നന്ദിനിയും അനുവും സിനുവും കല്യാണത്തിന് പുറപ്പെട്ടു.

പന്തലിലേക്ക് നടക്കും മുമ്പ് വിനയൻ സുനന്ദയെ ഒരു മിന്നായം പോലെ വിനയൻ കണ്ടു. അയാൾ ഒന്നു ഞെട്ടി.

“”എടീ… സുനന്ദയും കല്യാണത്തിന് വന്നിട്ടുണ്ടെന്ന് തോന്നുന്നു. നീ വേഗം ആ മാല ബ്ലൗസ്സിനുള്ളിലേക്കിട്. അവള് കണ്ടാൽ എല്ലാം തീരും””.. വിനയൻ പേടിയോടെ നന്ദിനിയുടെ ചെവിയിൽ പതുക്കെ മുരണ്ടു.

“”അയ്യോ.. അവളെയൊക്കെ ആരാണ് ഭഗവതീ കല്യാണത്തിന് ക്ഷണിച്ചത്””.. നന്ദിനി മാല ബ്ലൗസ്സിനുളിലേക്ക് ഇടാൻ നോക്കി. പക്ഷേ ദൃതിയിൽ അത് നെഞ്ചിലെ സാരിയുടെ ഞൊറിവിൽ ഒളിച്ചു.

സദ്യയുടെ പന്തിയിൽ നന്ദിനിയും സുനന്ദയും മുഖത്തോട് മുഖം വന്നു. സുനന്ദയുടെ ദൃഷ്ടി എങ്ങനെയോ നന്ദിനിയുടെ മാറിൽ വന്നു വീണു.

അവളുടെ മുഖം വിവർണ്ണമായി. സംശയത്തോടെ അവൾ ഒന്നു കൂടി നോക്കി. “എന്റെ കളവ് പോയ മാലയാണോ അത്?. അതേ രൂപം.. പക്ഷേ..

അതിന്റെ ലോക്കറ്റ് കാണാതെ എങ്ങനെ ഉറപ്പിക്കും?. ഇവൾക്കിത് എവിടുന്നു കിട്ടി?. അതാവുമോ ഇത്‌?. ഒരേ രൂപത്തിൽ ഒത്തിരി മാല കാണില്ലേ.. എന്നാലും?”..

നന്ദിനിയും ഇരുന്നു പരുങ്ങി.”ഭഗവതീ.. അവൾക്ക് മനസ്സിലായി കാണുമോ?. എന്റെയും ചേട്ടന്റെയും മാനം പോവുമോ?.

ഏട്ടൻ അന്നേ പറഞ്ഞതാ ഇത് വിൽക്കാൻ. കേട്ടില്ല” സുനന്ദ നന്ദിനിയെ നോക്കി വെളുക്കെ ചിരിച്ചു. നന്ദിനിയും ചിരിച്ചു.

സദ്യയുണ്ടു കൈ കഴുകാൻ നന്ദിനി എഴുന്നേറ്റു. പൈപ്പ് തുറന്നു കൈ കഴുകാൻ കുനിഞ്ഞതും മാല പുറത്ത് ചാടി. നന്ദിനി വേഗം ചുറ്റും നോക്കി പരിഭ്രാന്തിയോടെ മാല ബ്ലൗസ്സിനുള്ളിലേക്ക് ഇടാൻ നോക്കി.

”’എടീ കള്ളീ… പെരുങ്കള്ളീ.. ഇതെന്റെ മാലയല്ലേ. ഇതെങ്ങനെ നിനക്ക് കിട്ടി. സത്യം പറഞ്ഞോ””..

സുനന്ദ ചീറിയടുത്തു നന്ദിനിയെ പിടിച്ചു. “”എന്റെ അഞ്ചു പവന്റെ മാല കാണാതായിട്ട് ആഴ്ച്ച രണ്ടായി. ഇതാണാ മാല””.. സുനന്ദ നിന്നു വിറച്ചു കൊണ്ട് ഉറക്കെ അലറി. നന്ദിനി ഒന്നും മിണ്ടാനാവാതെ നിന്നു.

ആൾക്കാർ കൂടി പിറു പിറുത്തു. ചിലർ കാര്യം അന്വേഷിച്ചു. പെണ്ണുങ്ങൾ നന്ദിനിയെ സംശയത്തോടെ നോക്കി മൂക്കത്ത് വിരൽ വെച്ചു.

രണ്ട് പക്ഷത്തും ആൾക്കാർ കൂടി. ഒരേ രൂപത്തിൽ വേറെയും മാലകൾ ഉണ്ടാവില്ലേ എന്ന് നന്ദിനിയുടെ പക്ഷം വാദിച്ചു. ലോക്കറ്റ് കണ്ടാൽ എനിക്കറിയാമെന്നും അതിന്റെ അറ്റം എവിടെയോ കുത്തി വളഞ്ഞിരിക്കുന്നു എന്നും സുനന്ദയും വാദിച്ചു. മംഗല്യ പന്തലിൽ കാക്ക കൂട്ടത്തിൽ കല്ലിട്ടത് പോലോത്ത ബഹളം.. ബഹള മയം. “”കലപില കലപില കലപില””..

എല്ലാം കേട്ട് സുനന്ദയുടെ ഭർത്താവും വിനയനും രംഗത്ത് വന്നു. “”ഏട്ടാ.. ഇത്‌ കണ്ടോ.എന്റെ അഞ്ച് പവന്റെ മാല ഇവളുടെ കഴുത്തിൽ. മോഷ്ടിച്ചതാ മൂഷേട്ടാ””. സുനന്ദ ചിണുങ്ങി കൊണ്ട് ഭർത്താവിനോട് പറഞ്ഞു.

സുനന്ദയുടെ ഭർത്താവിന്റെ ബുദ്ധി മറിഞ്ഞു. അയാൾ കുറച്ചു നേരം ആലോചിച്ചു. “”ഏത് മാല. ഞാൻ അങ്ങനെയൊരു മാല വാങ്ങി തന്നിട്ടില്ലല്ലോ നിനക്ക്””.. അയാൾ നെറ്റി ചുളിച്ചു ചുണ്ട് കൂർപ്പിച്ചു നിന്നു.

അറിയാതെ പറഞ്ഞു അക്കിടി പറ്റിയ സുനന്ദ വിളറി വെളുത്തു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. നിന്ന് പരുങ്ങി.””ഒന്നൂല്ല ഏട്ടാ..

എനിക്ക് അബദ്ധം പറ്റിയതാവും””.. അവൾ സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു ആൾ കൂട്ടത്തിൽ നിന്നും ഊളിയിട്ടു.

ഒന്നും മനസ്സിലാവാതെ നന്ദിനി അന്തം വിട്ടു വായ പൊളിച്ചു വിനയനെ നോക്കി. എല്ലാം മനസ്സിലായ വിനയൻ ഒരു കള്ള ചിരിയോടെ കണ്ണിറുക്കി കാണിച്ചു. അവൾ രക്ഷപെട്ട ഒരു ചിരി ചിരിച്ചു.

“”എന്താ ഏട്ടാ.. അവൾ മാല അവളുടേത് അല്ല എന്ന് പറഞ്ഞത്. അവിടുന്നല്ലേ മോഷ്ടിച്ചത്””.. മടങ്ങും വഴി നന്ദിനി ചോദിച്ചു.

“”ആ.. അറിയില്ല. അവൾ ഭർത്താവ് അറിയാതെ വാങ്ങിയതാവും””.. വിനയൻ അലസ ഭാവത്തിൽ മറുപടി പറഞ്ഞു.

അന്ന് വൈകീട്ട് നേതാവ് ജാഫർ കവലയിൽ വെച്ച് വിനയനെ തടഞ്ഞു നിർത്തി. “”വിനയാ.. നീ മാന്യൻ ആണെന്നാണ് എന്റെ വിചാരം.

എങ്കിലും പെരുങ്കള്ളൻ വാസുദേവന്റെ സ്വഭാവം മകനും ചെറുതായെങ്കിലും കിട്ടാതിരിക്കില്ലല്ലോ.സുനന്ദയുടെ മാല നീ അറിയാതെ മോഷ്ടിച്ചതാണെങ്കിൽ അതങ്ങ് കൊടുത്തേക്ക്. നാട്ടിലെ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ പ്രശ്നത്തിൽ എനിക്ക് ഇടപെടാതിരിക്കാൻ ആവില്ല. ആരും അറിയില്ല””..

കള്ളൻ വിനയൻ പൊട്ടി ചിരിച്ചു.. ആർത്തലച്ചു ചിരിച്ചു. “”അതേ.. ഞാൻ മോഷ്ടിച്ചതാണ്. അന്നവിടെ നേതാവിനെയും കണ്ടല്ലോ അടുക്കളയിൽ മോഷ്ടിക്കാൻ. ഭാര്യയുടെ പണം അവർ അറിയാതെ ബാങ്കിൽ നിന്നെടുത്തു ഇഷ്ടക്കാരി സുനന്ദക്ക് വാങ്ങി കൊടുത്തതല്ലേ ആ മാല””… വിനയൻ വീണ്ടും ഉറക്കെ ചിരിച്ചു.

ജാഫർ നിന്ന നിൽപ്പിൽ അലിഞ്ഞില്ലാതെയായി. വായ വരണ്ടു. നാക്ക് താഴെക്കിറങ്ങി. തലയിൽ ഇരുട്ട് കയറും പോലെ തോന്നി.. ഭയത്തോടെ അയാൾ വിനയന്റെ കൊല ചിരി നോക്കി നിന്നു.
“”നീ… നീ.. ഇതൊക്കെ എങ്ങനെ അറിഞ്ഞു?””.. ജാഫർ ഇടറിയ തൊണ്ടയോടെ വാക്കുകൾ മുറിഞ്ഞു കൊണ്ട് ചോദിച്ചു.

“”ഞാൻ കള്ളൻ വിനയൻ. പെരുങ്കള്ളൻ വാസുദേവന്റെ മകനല്ലേ. എല്ലാം അറിയും. പാതിരയുടെ മറവിൽ വീടുകളിൽ എന്ത് നടന്നാലും ഞാൻ അറിയും. നിങ്ങളൊക്കെ എന്ത് കരുതി. ഇരുട്ട് എല്ലാം മറയ്ക്കുമെന്നോ..പക്ഷെ.. ഇരുട്ട് എല്ലാം കണ്ടില്ലെന്ന് നടിക്കും.””.. വിനയൻ വീണ്ടും ചിരിച്ചു..
“”വിനയാ?””…ജാഫർ ദയനീയമായി നോക്കി.

“”പേടിക്കേണ്ട നേതാവേ..നിങ്ങളുടെ മുഖംമൂടി ഞാൻ വലിച്ചു കീറില്ല. കാരണം ഞാനും മാന്യൻ അല്ല. മാല ഞാൻ തരാം.

പക്ഷേ.. എനിക്ക് വീടിന് തറയിടാൻ നേതാവ് പണം തരുമോ?. പ്രത്യുപകാരമായിട്ട് അത് മതി. രണ്ട് കള്ളന്മാർ തമ്മിലുള്ള ഒരു ധാരണ. സമ്മതമോ?””..വിനയൻ പറഞ്ഞു.

“”സമ്മതം.. എത്രയോ സമ്മതം. സുനന്ദ മാലയില്ലാതെ അങ്ങോട്ട് ചെല്ലണ്ട എന്ന് തിട്ടൂരമിട്ടു. അവൾ വലതും വിളിച്ചു കൂവിയാൽ എന്റെ ഭാവി..

എന്റെ ജീവിതം എല്ലാം നശിച്ചു നാറാണ കല്ലെടുക്കും. ദയവ്‌ ചെയ്തു നിങ്ങൾ രണ്ട് പേരും കൂടി അതങ്ങനെ ആക്കരുത്””.നേതാവ് താണു കൂണു കേണു. വിനയൻ മാല തിരിച്ചു കൊടുത്തു.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
വിനയന് അഞ്ച് കോടി ലോട്ടറിയടിച്ചു. വിശ്വസിക്കാനാവാതെ നന്ദിനി ബോധം കെട്ടു വീണു. വിനയന് സമനില തിരിച്ചു കിട്ടാൻ കുറച്ചു സമയമെടുത്തു

. വിനയന്റെ കുടുംബത്തിൽ സന്തോഷം അലതല്ലി. “”ചേട്ടൻ ഇനി മോഷ്ടിക്കാൻ പോവണ്ട””.. നന്ദിനി വിനയന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് പറഞ്ഞു. വിനയൻ മൂളി കൊണ്ട് നന്ദിനിയുടെ പുറത്ത് തലോടി.

നാട്ടുക്കാരിൽ ചിലർ അസ്സൂയയോടെ വിനയനെ നോക്കി. ചിലർ ആദരവോടെ നോക്കി. ചിലർ അത്ഭുതത്തോടെ നോക്കി.ചിലർ കുശുമ്പോടെ പിറു പിറുത്തു.

ലോട്ടറി കാശ് വൈകാതെ വിനയന്റെ കയ്യിൽ കിട്ടി. കടങ്ങൾ വീട്ടി. മക്കളെ പഠിപ്പിക്കാനുള്ള വലിയൊരു തുക ബാങ്കിലിട്ടു. വീട് പണി കഴിഞ്ഞു താക്കോൽ കയ്യിൽ തരാനുള്ള കരാറിൽ ഒരു വീട് കരാറുക്കാരാനും പണം കൊടുത്തു. നേതാവ് ജാഫറിനെ വിളിച്ചു ഇനി പണം വേണ്ട എന്നും പറഞ്ഞു. വിനയൻ മൊത്തത്തിൽ മാന്യനായി.

“എങ്കിലും ഇനിയും കുറേ തുക ബാക്കിയുണ്ട്. എന്ത് ചെയ്യും. ഇത്രയും പണം കയ്യിൽ ഉണ്ടാകുന്നതും അപകടമാണ്. പണം ഓരോന്ന് കൽപ്പിക്കും. ഞാൻ അതിന് അടിമയാകും”. വിനയൻ രാത്രി കിടന്നു കൊണ്ട് ഓർത്തു.

പെട്ടെന്ന് വിനയന്റെ ഉള്ളിൽ മിനി മോളുടെ അഹങ്കാര ദാരിദ്യം ഓർമ്മ വന്നു. കുറച്ചു പണം അവർക്ക് കൊടുക്കണമെന്നുണ്ട് …പക്ഷേ.. എങ്ങനെ?. ഏത് വകുപ്പിൽ ചേർക്കും?. അവർ വാങ്ങുമോ?.

“ഒരിക്കൽ കൂടി ദേഹത്തു കരി തേക്കാം. മോഷ്ടിക്കാനല്ല. മോഷ്ടിച്ചില്ലെങ്കിലും ഒരു വീട്ടിൽ രാത്രി കയറിച്ചെന്നതിന്റെ പ്രാശ്ചിത്തം തീർക്കാൻ. അവരുടെ കടത്തിന്റെ കുറിപ്പടികൾ കണ്ട അതേ അലമാരയിൽ കൊണ്ടു പോയി പണം വെക്കാം.

ഉറപ്പായും അവർ അത്ഭുതപ്പെടും. ഉറപ്പായും അവരത് ആരോടും പറയില്ല. അത്രയ്ക്കും അവർക്ക് പണം ആവശ്യമുണ്ട്”.. വിനയൻ നന്ദിനിയെ അറിയിക്കാതെ എഴുന്നേറ്റു. ദേഹത്തു കരി തേച്ചു. പണം അടങ്ങിയ സഞ്ചിയും ടോർച്ചും ആയി വിനയൻ പുറപ്പെട്ടു. അയാളുടെ അവസാനത്തെ പാതിരാ സഞ്ചാരത്തിന്..

മിനി മോൾ കിടക്കുന്ന മുറിയുടെ ജനൽ കമ്പി മുറിക്കാൻ തുടങ്ങി. പക്ഷേ.. എന്നത്തേയും പോലെ മിനി മോൾ അന്നുറങ്ങിയിരുന്നില്ല.

കമ്പി മുറിക്കുന്നത് നിശബ്ദമെങ്കിലും അർദ്ധ ചന്ദ്രന്റെ വെളിച്ചത്തിൽ ഏതോ നിഴൽ ജനലിന് പുറകിൽ നിൽക്കുന്നത് മിനി മോൾ കണ്ടു. ഒപ്പം മുറിഞ്ഞ കമ്പിയും താഴെ വീണു. “”ക്ഡിം.. ക്ഡിം””.. ശബ്ദം.. അന്നാദ്യമായി കള്ളൻ വിനയന് പിഴച്ചു. അയാളുടെ കണക്കുകൾ പുറക്കോട്ട് തിരിഞ്ഞു.

“”അയ്യോ.. കള്ളൻ.. കള്ളൻ… ഓടി വരണേ””… മിനി മോൾ ഉറക്കെ നിലവിളിച്ചു. അപ്പുറത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മിനിമോളുടെ പതിനാറു വയസ്സുകാരൻ മകനും ഓടി വന്നു.

വിനയൻ ഓടി. മിനിമോളും മകനും..””കള്ളൻ..കള്ളൻ””.. എന്ന് വിളിച്ചു കൊണ്ട് പുറകെ ഓടി. വീടുകളിൽ നിന്നും ആളുകൾ ഇവർക്കൊപ്പം ഇറങ്ങി ഓടി.

വഴിയിൽ തലയിൽ മുണ്ടിട്ടു അവിഹിതത്തിന് പുറപ്പെട്ട മാന്യൻ മാരും പുറകേ ഓടി. പട്ടികളും പൂച്ചകളും കൂടെ കൂടി. ഒരാൾ വിനയനെ എറിഞ്ഞു വീഴ്ത്തി. ഓടി വന്നവർ പൊതിരെ തല്ലി. ചവിട്ടി. ഇടിച്ചു.

തൊ,ഴി,ച്ചു. വിനയൻ ഉറക്കെ കരഞ്ഞു. അടി കൊണ്ട് അയാൾ അവശനായി. ആർക്കും കരി പുരണ്ട വിനയനെ മനസ്സിലായില്ല.

ആൾക്കാർ വിനയനെ ചുമലിലേറ്റി മിനിമോളുടെ വീട്ടിൽ കൊണ്ടു വന്നു. ഒരാൾ ഒരു ബക്കറ്റ് വെള്ളം ദേഹത്തിലൂടെ ഒഴിച്ചു. കരി ഒലിച്ചിറങ്ങി.

“”വിനയൻ… ലോട്ടറി അടിച്ച വിനയൻ””.. ആൾക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു.

“”എടാ വിനയാ…നീയാണോ കള്ളൻ. ആർത്തി പണ്ടാരമേ. അഞ്ച് കോടി ലോട്ടറി അടിച്ചിട്ടും നിന്റെ ആർത്തി തീർന്നില്ലേ””.. ആൾക്കാർ വീണ്ടും തല്ലി. ലോട്ടറി എടുത്തിട്ടും അടിക്കാത്ത ചിലർ കുറച്ചു കൂടുതൽ തല്ലി.

മിനിമോൾ ഒന്നും മനസ്സിലാവാതെയും വിശ്വസിക്കാനാവാതെയും കണ്ണും മിഴിച്ചു നിന്നു..
“”ഞാൻ മോഷ്ടാവാണ്. എന്നാൽ ഇപ്പോ വന്നത് അതിനല്ല. മിനിമോളെ സഹായിക്കാനാണ്””.. വിനയൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

“”ഓഹോ.. മോഷ്ടിക്കാൻ അല്ലെങ്കി പിന്നെ””… ആൾക്കാർ മിനി മോളെ പുച്ഛത്തോടെ നോക്കി.
“”അതേയതെ.. രാത്രി സഹായിക്കാൻ.. ആനന്ദൻ ഗൾഫിൽ അല്ലെ. അപ്പൊ സഹായം വേണ്ടി വരും””.. ഒരാൾ പറഞ്ഞു ചിരിച്ചു. ബാക്കിയുള്ളവരും കൂടെ കൂടി. മിനിമോൾ എന്ത് പറയണം എന്നറിയാതെ നിന്നു.

“”എന്തായാലും നേതാവ് ജാഫറിനെ വിളിക്കാം. അങ്ങേര് തീരുമാനിക്കട്ടെ””. ഒരു കാരണവർ പറഞ്ഞു. എല്ലാരും കൂടി വിനയനെ കെട്ടിയിട്ടു.

വിനയൻ സ്വയം ശപിച്ചു തേങ്ങി കരഞ്ഞു. ഈ ഭ്രാന്തൻമാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അയാൾക്ക് മനസ്സിലായി. എന്ത് പറഞ്ഞാലും വിശ്വസിക്കില്ല എന്ന് മനസ്സിലാക്കിയ വിനയൻ തലയും താഴ്ത്തി നിന്ന് തേങ്ങി.

നേതാവ് ജാഫർ വന്നു. വിനയന്റെ മുഖത്തേക്ക് നോക്കി. വിനയൻ പ്രതീക്ഷയോടെ ദയനീയമായി ജാഫറിനെ നോക്കി. അലിവ് പ്രതീക്ഷിച്ച വിനയൻ കണ്ടത് ജാഫറിന്റെ മുഖത്ത് ക്രൂരമായൊരു ചിരി വിടരുന്നതാണ്.

“”ഇത്‌ പെരുങ്കള്ളൻ വാസുദേവന്റെ മകനല്ലേ. ഇവൻ ഇങ്ങനെയല്ലാതെ എങ്ങനെ ആവാൻ. ജാതകത്തിൽ ഉള്ളത് തൂത്താൽ പോവുമോ നട്ടാരേ””..

ജാഫർ ഉറക്കെ ചിരിച്ചു. നാട്ടുകാർ മറന്നതെന്തോ ഓർത്ത പോലെ “”അത് ശരിയാണല്ലോ””.. എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു.

“”നിനക്ക് ലോട്ടറി കിട്ടിയാലും ഇല്ലെങ്കിലും നടുകടലിലും നായ നക്കിയല്ലേ കുടിക്കൂ””.ജാഫർ വീണ്ടും പറഞ്ഞു ചിരിച്ചു. ജാഫറിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചു കീറണം എന്ന് വിനയന് ആഗ്രഹമുണ്ട്. “പക്ഷേ..

തെളിവ് എവിടെ. ഞാൻ പിടിക്കപ്പെട്ടത് തെളിവോടെയല്ലേ. കള്ളൻ എന്ന് പേര് കിട്ടിയ ഞാൻ ഇനി എന്ത് പറഞ്ഞാലും ഒരു കുറ്റവാളിയുടെ ജല്പനങ്ങളായി മാത്രമേ ഈ ഭ്രാന്തൻ ചെകുത്താൻമാർ കാണൂ.

എന്തിന് ആ ചെകുത്താൻമാരുടെ പല്ലിളി കാണണം. ഞാനും മാന്യൻ അല്ലല്ലോ. ലക്ഷണമൊത്തൊരു മോഷ്ടാവ് അല്ലേ.

അറിയാതെ കുറച്ചു പണം കയ്യിൽ വന്നപ്പോൾ വെറുതെ മാന്യത നടിച്ചു എന്ന് മാത്രമല്ലേ.. എല്ലാർക്കും മുഖംമൂടി. കൂട്ടത്തിൽ എനിക്കും മുഖംമൂടി”. വിനയൻ ഓർത്തു.

ജാഫർ പോലീസിനെ വിളിച്ചു. വൈകാതെ പോലീസ് വന്നു. വിനയനെ കയ്യാമം വെച്ചു കൊണ്ടു പോയി. വിവരമറിഞ്ഞ വിനയന്റെ പ്രിയ തമ രാവിലെ നിലവിളിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി. മേലാകെ മുറിഞ്ഞു അ,ടി,വ,സ്ത്രം, മാത്രമിട്ടു കമ്പിയഴികൾക്ക് പുറകിൽ നിന്ന് ദയനീയമായി വിനയൻ നന്ദിനിയെ നോക്കി.

“”എല്ലാം എന്നോട് പറഞ്ഞിട്ടാണല്ലോ ചെയ്യാറുള്ളത് നിങ്ങൾ. ഇതെന്താ ഇങ്ങനെ ചെയ്തത്. മോഷണം നിർത്തിയ നിങ്ങളെന്തിനാ വീണ്ടും മിനിമോളുടെ വീട്ടിൽ കക്കാൻ പോയത്. നാട്ടുകാർ നിങ്ങളെയും മിനി മോളെയും ചേർത്ത് പലതും പറയുന്നു””. നന്ദിനി സഹിക്കാനാവാതെ നിലവിളിച്ചു കൊണ്ട് പറഞ്ഞു.

“”അതൊന്നും ഇനി നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ല. നിനക്കെന്നെ വിശ്വാസമില്ലേ?””.. വിനയൻ വിതുമ്പി കൊണ്ട് ചോദിച്ചു. “”ഉണ്ട് പൊന്നേ””.. നന്ദിനി തേങ്ങി കൊണ്ട് പറഞ്ഞു.

“”നമുക്ക് കൈ നിറയേ പണമുണ്ടല്ലോ ഇപ്പൊൾ. വക്കീലിനെ വെച്ചു ജാമ്യം എടുക്കാം. പണമില്ലാത്ത സമയത്താണ് നിങ്ങളെ പിടിച്ചതെങ്കിൽ ഞാൻ തെണ്ടി പോയേനെ. പണം എന്ന് വെച്ചാൽ എന്താന്നാ നിങ്ങളുടെ വിചാരം””.നന്ദിനി അഭിമാനത്തോടെ ഉറക്കെ പറഞ്ഞു.

പോലീസുകാർ വായ പിളർന്നു അവളെ നോക്കി. കേസും കൂട്ടവും കഴിഞ്ഞു പുറത്തിറങ്ങിയ വിനയൻ പിന്നീട് “കോടീശ്വരൻ കള്ളൻ വിനയൻ”.എന്ന് അറിയപ്പെട്ടു
.
…..ശുഭം…. നന്ദി

Leave a Reply

Your email address will not be published. Required fields are marked *