“അമ്മേ എനിക്ക് 45 മാർക്ക് കിട്ടി.”ബസ്സിൽ നിന്നും ചിന്നുക്കുട്ടി ഓടി വന്ന് മൈഥിലിയെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു

അറിയാതെ –

രചന: നിവിയ റോയ്

“അമ്മേ എനിക്ക് 45 മാർക്ക് കിട്ടി.”

ബസ്സിൽ നിന്നും ചിന്നുക്കുട്ടി ഓടി വന്ന് മൈഥിലിയെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു .

ഇതുകേട്ട് മൈഥിലിയുടെ മുഖത്തുനിന്നും ചിരി മാഞ്ഞു… അമ്മയുടെ കൈയിൽ പിടിച്ചു തുള്ളിച്ചാടി നടന്നുകൊണ്ടു ചിന്നുക്കുട്ടി പറഞ്ഞ അന്നത്തെ സ്കൂൾ വിശേഷങ്ങൾ കേൾക്കാതെ ,പുറകെ നടന്നുവരുന്ന റെന്നിന്റെയും അവന്റെ മമ്മിയുടെയും വിശേഷങ്ങൾക്ക് അവളുടെ ചെവി വട്ടം പിടിച്ചു.

“റെൻ നിനക്കെത്രയാ മാർക്ക് “

പിറകിൽ നിന്നും റെനിനോട് അവന്റെ മമ്മി ചോദിക്കുന്നതുകേട്ട് അവന്റെ മാർക്ക് അറിയാനുള്ള ആഗ്രഹത്തിൽ മൈഥിലിയുടെ നടപ്പിന്റെ വേഗം കുറഞ്ഞു .

“50 ഔട്ട് ഓഫ് 50”

“മിടുക്കൻ എല്ലാപ്രവ്യത്തെപ്പോലെയും മുഴുവൻ മാർക്കും മേടിച്ചല്ലോ.”

ആനി താൻ കേൾക്കാൻ വേണ്ടിയാണോ ഇത്ര ഉച്ചത്തിൽ പറഞ്ഞത് .

പെട്ടന്ന് നടത്തത്തിനു വേഗത കൂട്ടുന്നതിനിടയിൽ മൈഥിലി ഓർത്തു . “ദിയാക്ക്‌ എത്രയുണ്ട് മാർക്ക് ?”

“അവൾക്കും 50 ആണ് മമ്മി .”

“ഗുഡ് “

എത്ര മൈഥിലി ശ്രമിച്ചിട്ടും വീടെത്തും വരെയും അവളുടെ കാതുകൾ റെന്നിനോടും അവന്റെ മമ്മിയുടെയും കൂടെയാണ് സഞ്ചരിച്ചത് .

“അമ്മേ ….വിശക്കുന്നു “

വാതിൽ തുറന്നതും ചിന്നുക്കുട്ടി അവളോട് പറഞ്ഞു.

“ഇപ്പോ ഞാൻ കൊണ്ടുവരാം “

ബാഗിൽ നിന്നും കൂട്ടുകാരി മിത്തുവിന്റെ പിറന്നാളിന് കിട്ടിയ മിഠായി എടുത്തു മൈഥിലിക്കു കൊടുക്കുവാൻ വേണ്ടി ഓടിവരുന്നതിനിടയിൽ ചിന്നു കണ്ടു, അമ്മ ഫ്രിഡ്ജിന്റെ പുറത്തു വച്ചിരുന്ന വടിയുമായി അവളുടെ അടുത്തേക്ക് കലിതുള്ളി വരുന്നത് .

എന്തിനാണ് തന്നെ തല്ലാൻ വരുന്നതെന്നു ചിന്തിച്ചു തീരും മുൻപേ അവളുടെ കാലിലും കയ്യിലും അടിവീണുകഴിഞ്ഞു.

“അമ്മേ എന്നേ തല്ലല്ലേ …..?”കരഞ്ഞുകൊണ്ട് തന്റെ കാല് തടവുന്നതിനിടയിൽ അവൾ പറഞ്ഞു .

“ടീ ….ഇന്നലെ മുഴുവൻ നിന്നെ കുത്തിയിരുന്നു പഠിപ്പിച്ചതാണ് .എന്നിട്ടും എത്ര സ്പെല്ലിങ് മിസ്റ്റേക്ക് . നീ ആ റെന്നിനെയും ദിയയെയുമൊക്കെ കണ്ടുപടിക്ക് കഴുതേ….നിന്റെ തലയിൽ എന്താ കളിമണ്ണാണോ ?”

തന്റെ ദേഷ്യം തീരാതെ അവൾ വീണ്ടും ചിന്നുവിനെ അടിച്ചു

അവളുടെ ഉറക്കെയുള്ള നിലവിളികേട്ടാണ് കതക് തുറന്നു അടുത്ത വീട്ടിലെ സീമാചേച്ചി അങ്ങോട്ട് വന്നത് .

“എന്റെ മൈഥിലി എന്താ ഇത് …?നീ ഇപ്പോൾ അവളെ തല്ലികൊല്ലുമല്ലോ ?”

അവളെ തടഞ്ഞു ചിന്നുവിനെ തന്നോട് ചേർത്തു പിടിച്ചുകൊണ്ടു സീമചേച്ചി പറഞ്ഞു .

“ചേച്ചീ …ഇവൾക്ക് പരീക്ഷ ആണ് . മേടിച്ചുകൊണ്ടുവന്ന മാർക്കു കണ്ടില്ലേ …?”

ചിന്നുവിന്റെ പരീക്ഷ പേപ്പർ ചേച്ചിക്ക് നേരെ നീട്ടികൊണ്ട് മൈഥിലി പറഞ്ഞു .

“ങ് ഹാ ….ഈ മാർക്കിനെന്താടി കുറവ് അവളിത്രയും മേടിച്ചില്ലേ …?”

തന്റെ മടിയിലുരുത്തി ചിന്നുവിന്റെ ശിരസിൽ വാത്സല്യ പൂർവ്വം തടവിക്കൊണ്ട് സീമചാച്ചി ചോദിച്ചു .

“അഞ്ചു മാർക്കാണ് അവള് കളഞ്ഞത് “

അതു ശരി ….കളഞ്ഞ അഞ്ചു മാർക്കേ നീ കണ്ടുള്ളു അവൾക്ക് കിട്ടിയ 45 മാർക്കു നീ കണ്ടില്ലേ .ഇതാണ് നമുക്ക് മാതാപിതാക്കൾക്കുള്ള ഒരു വലിയ തെറ്റ് .അവർക്കു കിട്ടിയേ മാർക്കിനെക്കുറിച്ചു ഒരു നല്ല വാക്കു പറയാനോ അവരെ ഒന്നു അംഗീകരിക്കാനോ നമ്മൾ മറന്നുപോകുന്നു .

എന്റെ മൈഥിലി ….നീ ഇപ്പോൾ ഒരു മീൻകറി വെച്ചു അത് കൂട്ടുമ്പോ ഇത് എന്തു കറിയാണ് എരിഞ്ഞിട്ടു പാടില്ല …ഉപ്പും കുറവ് .എന്ന് ഭവൻ നിന്നെ കുറ്റപെടുത്തിയാൽ നിനക്ക് എന്തു തോന്നും . പിന്നെ നിനക്ക് ഒരു നല്ല കറി വയ്ക്കാൻ തോന്നുമോ ?

നീ ഓർക്കും എന്തു വെച്ചുകൊടുത്താലും കുറ്റമാണ് . പിന്നെ എന്തെങ്കിലും വച്ചാമതിയല്ലോ എന്ന് .പിന്നെ വലിയൊരാളായതുകൊണ്ടു നീ ഭവനുമായി വഴക്കിടും.പക്ഷേ കുട്ടികളോ …?അവര് അടിയേ ഭയന്ന് ഒന്നും പറയില്ല .

പക്ഷേ അവരിൽ പലരും കൗമാരപ്രായത്തിൽ എത്തുമ്പോൾ അടിച്ചമർത്തിയതിന്റെ ദേഷ്യമൊക്കെ പുറത്തു കാണിക്കും .

എന്റെ മൈഥിലി ഇതുമാത്രമല്ല …നല്ലതു കണ്ടെത്തുന്നതിന് പകരം കുറവുകൾ കണ്ടെത്താൻ നമ്മളവരെ അറിയാതെ തന്നെ പഠിപ്പികുകയുംകൂടിയാണ്.

പിന്നെ ഇതൊക്കെ കാണുമ്പോൾ നല്ലതാണെന്നു പറയാൻ പറ്റുമോ ചേച്ചി ?

പറ്റണം ….നീ മിടുക്കിയാണ് അല്ലെങ്കിൽ മിടുക്കനാണ് ഇത്രയും മാർക്കു മേടിച്ചല്ലോ അടുത്ത പ്രാവിശ്യം ഇതിലും കൂടുതൽ മോൾക്ക് മേടിക്കാൻ പറ്റും എന്നൊക്കെ പറയുമ്പോൾ അവരുടെ ആത്മവിശ്വാസമാണ് കൂടുന്നത് .പിന്നെ നമുക്കും ഈ അനാവശ്യ ടെൻഷൻ ഉണ്ടാകില്ല.

“അതെങ്ങനെ പറയാൻ പറ്റും ചേച്ചി ഇവളുടെ കൂടെ പഠിക്കുന്ന മറ്റു കുട്ടികൾ ഫുൾ മാർക്കു മേടിക്കുമ്പോൾ പിന്നെ ഇവൾക്ക് മേടിച്ചാലെന്താ ..?”

“ഇതാണ് നമ്മുടെയൊക്കെ കുഴപ്പം മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുക .എന്നിട്ട് ചെറുപ്പം മുതലേ താൻ ഒന്നിനും കൊള്ളില്ലാത്തവനാണെന്നുള്ള ഒരു അപകർഷതാബോധം അവരില് കുത്തിവെക്കുക .പല കഴിവുള്ള കുട്ടികളും മുന്നോട്ടുവരാതെ പോയത് ഈ താരതമ്യപ്പെടുത്തലുകൊണ്ടാണ് .

കാണാപാഠം പഠിച്ചു മാർക്കു മേടിക്കുന്നതു ബുദ്ധികൊണ്ടല്ല പകരം അവർക്കു നല്ല മെമ്മറി പവർ എന്ന കഴിവുകൊണ്ടാണ് .അങ്ങനെ എല്ലാവർക്കുമുണ്ട് ഓരോ കഴിവുകൾ അത് നമ്മൾ കണ്ടെത്തണം ബുദ്ധിയെന്നു പറയുന്നത് അവശ്യ സമയത്തു ഉപയോഗിക്കാൻ പറ്റുന്ന ഒരു സൂത്രമല്ലെടി. അതുപറയുമ്പോൾ സീമ ചേച്ചിയുടെ മുഖത്തു ഒരു ചിരിപടർന്നു.

പ്രോത്സാഹിപ്പിക്കൻ നമുക്ക് അറിയില്ല. പകരം കുറവുകൾ കണ്ടുപിടിക്കുന്ന തിരക്കിലാണ് നമ്മൾ .നമ്മൾ ചെയ്യുന്നതു കണ്ടു നമ്മുടെ കുട്ടികളും പഠിക്കുന്നു .

മൈഥിലിയുടെ മുഖത്തു തന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് മനസ്സിലാക്കി അവർ തുടർന്നു .

“മൈഥിലി …. ഭവൻ നിന്റെ കൂട്ടുകാരി മീരയെക്കുറിച്ചു നിന്നോട് എപ്പോളും പറയുകയാണ്, നീ ആ മീരേ കണ്ടുപടി അവള് എന്തൊരു സ്മാർട്ട് ആണ് . അവള് ജോലിക്കു പോകുന്നുണ്ട് അതിനിടയിൽ വൈകിട്ട് കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നു .ഭർത്താവ് കൂടെ ഇല്ലെങ്കിലും എല്ലാ കാര്യവും ഓടിച്ചാടി നടന്നു ചെയ്യുന്നുണ്ട്‌ .നിന്നെയൊക്കെ എന്തിനുകൊള്ളാം? ഇങ്ങനെ ഒന്നു പറഞ്ഞാൽ എങ്ങനിരിക്കും ?

“ഉം …,പറഞ്ഞോണ്ട് വരട്ടെ .മൈഥിലി നീട്ടി മൂളി “

ഇങ്ങനെ ഒന്നു പറഞ്ഞാൽ ഒരു കാരണവുമില്ലാതെ അവളോട് ഒരു ഇഷ്ടക്കേടും പിന്നെ പതിയെ പതിയെ ഒരു അപകര്ഷതാബോധവും നിനക്ക് തോന്നിത്തുടങ്ങും.

ഇത് തന്നെയാണ് മക്കളുടെ കാര്യത്തിലും . താരതമ്യം കൊണ്ടു ഒന്നുകിൽ അവരിൽ മാത്സര്യ ബുദ്ധി വളരും ഇല്ലെങ്കിൽ അപകർഷതാ ബോധത്തിന് അടിമപ്പെടും.അവരുടെ നന്മയെ കരുതി നമ്മൾ ചെയ്യുന്ന പലതും തിന്മയായാണ് തീരുന്നതു .

“ശോ …. മോള് ഉറങ്ങിപ്പോയല്ലോ ” തന്റെ മടിയിൽ ഇരുന്നു കരഞ്ഞു ഉറങ്ങി പോയ ചിന്നുക്കുട്ടിയെ നോക്കി സീമ ചേച്ചി പറഞ്ഞു .

അവളെ ചേച്ചിയുടെ മടിയിൽ നിന്നും എടുക്കുന്നതിനിടയിൽ അവളൊന്നും കഴിച്ചില്ലല്ലോ എന്ന ചേച്ചിയുടെ ചോദ്യത്തിനുമുന്പിൽ മൈഥിലിയുടെ മനസ്സ് പിടഞ്ഞു .

“മൈഥിലി …നമ്മളെപ്പോലെ കുഞ്ഞുങ്ങൾക്കും ,സന്തോഷം വരുമ്പോൾ ചിരിക്കുന്ന സങ്കടം വരുമ്പോൾ കരയുന്ന ഒരു കൊച്ചു മനസ്സുണ്ടന്ന് നമ്മൾ ഓർമിച്ചാൽ മതി.അവരും നമ്മളെപ്പോലുള്ള കൊച്ചു മനുഷ്യരാണ്.

ഇതു പറഞ്ഞു വീട്ടിലേക്കു നടന്നു നീങ്ങുന്ന സീമ ചേച്ചിയെ നോക്കി മൈഥിലി ഓർത്തു. വെറുതെയല്ല പലതവണ സീമ ചേച്ചിയെ തേടി നല്ല
അധ്യാപികക്കുള്ള അവാർഡുകൾ വന്നതെന്ന് .

വാതിൽ ചാരി സോഫയിലേക്ക് ഇരുന്നു ,തോളിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ മടിയിൽ കിടത്തുമ്പോൾ .അവൾ ഒന്നും കഴിച്ചില്ലെന്ന വേവലാതിയോടൊപ്പം അവളുടെ കുഞ്ഞു മനസ്സ് വേദനിപ്പിച്ചതോർത്തു അവളുടെ മാതൃ ഹൃദയം തേങ്ങിയത് ,കണ്ണീർ മുത്തുക്കളായി മകളുടെ കവിളിൽ വീണു ചിതറി .അപ്പോളും അമ്മയ്ക്കു വേണ്ടി കൊണ്ടുവന്ന ചോക്ലേറ്റ് അവൾ കൈയിൽ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *