March 29, 2023

യാത്ര പറഞ്ഞു പിരിയുമ്പോൾ പോലും ദേവൂട്ടിയുടെ കണ്ണൊന്നു നിറഞ്ഞുപോലുമില്ലല്ലോ ? ദൂരെ ,തന്റെ കുഞ്ഞനുജത്തി

നീലക്കുറിഞ്ഞി പൂവുകൾ

രചന: നിവിയ റോയ്

യാത്ര പറഞ്ഞു പിരിയുമ്പോൾ പോലും ദേവൂട്ടിയുടെ കണ്ണൊന്നു നിറഞ്ഞുപോലുമില്ലല്ലോ ?

ദൂരെ ,തന്റെ കുഞ്ഞനുജത്തി വിവാഹം കഴിഞ്ഞു വരനൊപ്പം കാറിൽ മറഞ്ഞു പോകുന്നതും നോക്കി നിൽക്കേ ,എത്ര ശ്രമിച്ചിട്ടും തടുക്കുവാനാവാതെ അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ങ്ആ …നന്നായി അവരുടെ കണ്ണുകൾ നിറയാതിരിക്കാനല്ലേ ഇത്രയും നാൾ താൻ പാടുപെട്ടതെന്ന് സ്വയം സമാധാനിച്ചു പാതയോരത്തു നിന്നു അയാൾ വീട്ടുമുറ്റത്തേക്കു നടന്നു .

കൊന്നമരത്തിന്റെ ചില്ലയിൽ നിന്നും കിളികുഞ്ഞുങ്ങൾ ഉപേക്ഷിച്ചു പോയ കൂട് താഴെ പാഴ്മണ്ണിൽ വീണു ചിതറികിടക്കുന്നത് നോക്കി അയാൾ കുറച്ചു നേരം നിന്നു.

നീ ഇവിടെ സ്വപ്നം കണ്ട് നില്കുകയാണോ…..?

ഉള്ളിലേക്കു ചെല്ല് അവൾ അകത്തു ഒറ്റക്കല്ലേ….?

ഇവിടിപ്പോ വിളമ്പി താരനും മണിയറയൊരുക്കാനും ഒന്നും ആരുമില്ല എല്ലാം അങ്ങ് തനിയെ ചെയ്യുക .

തൊടിയിൽ നിന്നും പശുവിനെ അഴിച്ചു വീട്ടിലേക്കു നടക്കുന്നതിനിടയിൽ അപ്പച്ചിയമ്മ പറഞ്ഞു.

അല്ലെങ്കിൽ തന്നെ ആർക്കും വേണ്ടാതെ വാടികരിഞ്ഞ രണ്ട് ജന്മങ്ങൾക്കു ചേരുവാൻ മുല്ല പൂ വിതറിയ മണിയറ എന്തിനാണ് ?മുറ്റത്തു ചുവന്ന കോലം വരയ്ക്കുന്ന സായന്തന രശ്മികൾ നോക്കികൊണ്ട്‌ അയാൾ ഓർത്തു.

കുറേ ഓർമ്മകൾ തനിക്കു മാറ്റിവച്ചിട്ടു എല്ലാരും പോയിരിക്കുന്നു. സന്ധ്യ തുടുത്തു തുടങ്ങിയിരിക്കുന്നു. അയാളുടെ ഓർമകളും മെല്ലെ തിളങ്ങി .

അനിയൻകുട്ടന്റെ വഴക്കടിക്കുന്ന ഒച്ച അയാൾക്കു ഇപ്പോൾ കേൾക്കാം . “ഇല്ലില്ല ….ഞാനാണ് ആദ്യം സാറ്റ് വെച്ചത് … ഞാൻ സമ്മതിക്കില്ല ….ഞാനാണ് ആദ്യം ഓടിയെത്തിയത് .”

നിക്കറിടകിടക്കു വലിച്ചു കെട്ടിക്കൊണ്ട് അവൻ പറയുന്നത്

സമ്മതിച്ചു ….സമ്മതിച്ചു .ഞാൻ അത് പറയുമ്പോൾ വിജയശ്രീലാളിതനായ സന്തോഷം അവന്റെ മുഖം ചുവപ്പിച്ചു .

കളിയിലായാലും ,കാര്യത്തിലായാലും ഒരിക്കലും തോൽക്കുവാൻ ഇഷ്ടമില്ലാത്ത തന്റെ അനിയൻ ജയിച്ചത്, താൻ തോറ്റു കൊടുത്തതുകൊണ്ടാണെന്ന് അവൻ ഒരിക്കലും അറിയാൻ ശ്രമിച്ചിട്ടില്ല.

ഒരു ആർക്കിറ്റെക്ക്ക്ചർ ആകണമെന്നുള്ള തന്റെ മോഹം ഫാക്ടറിയിലെ തീപിടുത്തത്തിൽ അച്ഛനോടും,അമ്മയോടുമൊപ്പം എരിഞ്ഞു തീർന്നപ്പോൾ തന്റെ സ്വപ്‌നങ്ങൾ അനിയൻകുട്ടനിലൂടെ അയാൾ യാഥാർഥ്യമാക്കി.

അവൻ വിദേശത്തേക്കു പോകുമ്പോൾ അയാൾ ഓർത്തു തനിക്കിനിയെങ്കിലും കോലായിലെ ചാരുകസേരയിൽ കിടന്നു ഇടക്കൊക്കെ നടുവുനിവർത്തമെന്ന്.

ഫോൺ വിളിക്കുമ്പോൾ പണ്ടത്തേക്കാൾ അവന്റെ പരാതികൾ വളർന്നെന്നു തോന്നി .

“ഏട്ടാ ശമ്പളം തീരെ കുറവാണ് . എനിക്കു തന്നെ കഷ്ടിച്ചേ ജീവിക്കാൻ പറ്റുന്നുള്ളു .ശമ്പളം കൂട്ടികിട്ടിയിട്ട് എന്തെങ്കിലും അയക്കാം “.അവന്റെ പരാതികൾ നീളുമ്പോൾ അയാൾ പറയും .

സാരമില്ല ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം .നിനക്ക് അവിടെ ഒന്നിനും ബുദ്ധിമുട്ടുണ്ടാവരുത്.

അത് പറയുമ്പോളും .അവനെ പഠിപ്പിച്ച കടബാധ്യതകളും ദേവൂട്ടിയുടെ ഫീസും ഒക്കെക്കൂടി അയാളെ കൂടുതൽ ഞെരുക്കി തുടങ്ങിയിരുന്നു.

പിന്നീട് പീന്നീട് നീളുന്ന പരാതികളെ തന്റെ ഒരു മൂളലിൽ അയാൾ ഒതുക്കി.

ഒരിക്കൽ പതിവില്ലാത്ത സമയത്തു ഒരു വിളി.

ഏട്ടാ ….ഒരു കാര്യം പറയാനുണ്ട് .ഇവിടെ എന്റെ കൂടെ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയുമായി ഞാൻ ഇഷ്ടത്തിലാണ് .അവൾ ഒറ്റ മോളാണ് അതുകൊണ്ട് അവർക്കു എത്രയും പെട്ടന്ന് കല്യാണം നടത്തണമെന്ന് . ഞാൻ അവളുടെ അച്ഛനുമായി സംസാരിച്ചു .

ചേട്ടൻ ഒന്ന് അവിടം വരെ പോണം.അവർക്കു സമ്മതമാണ്.നമ്മുടെ പ്രാബ്ദങ്ങളൊന്നും അവിടെ പോയി പറയാൻ നിൽക്കണ്ട.

അങ്ങോട്ട് യാത്ര തിരിക്കുമ്പോൾ മനസ്സിൽ ഓർത്തു തന്നെയും കാത്തിരിക്കുന്ന പെണ്ണൊരുത്തി ഉണ്ട്.സുമിത്ര, കഴിഞ്ഞ ആഴ്ച അവൾ വന്നിരുന്നു .

“ഇനിയും കല്യാണം നീട്ടികൊണ്ടു പോകാൻ പറ്റില്ല.അച്ഛയും അമ്മയും അറിഞ്ഞിരിക്കണു .അവര് സമ്മതിക്കില്ല.

എന്റെ കഴിഞ്ഞിട്ടു വേണ്ടേ അച്ഛന് അനിയത്തികുട്ടിയുടെ കാര്യം നടത്താൻ. അവര് എനിക്ക് വേറെ കല്യാണം നിശ്ചയിക്കാൻ പോകുവാണ്.

ഞാൻ ഇറങ്ങി വരട്ടെ അരവിന്ദേട്ടാ …”

അവളുടെ വിറക്കുന്ന കൈകൾ തന്റെ വിരലുകളിൽ കോർത്തുകൊണ്ടു അവൾ ചോദിച്ചു.മനസ്സിൽ അപ്പോൾ ദേവൂട്ടിയായിരുന്നു.അവളെങ്ങും എത്തിയില്ല ….ഒരു വിവാഹം കഴിഞ്ഞു തനിക്കൊരു ജീവിതമായാൽ അവളെ മറന്നെങ്കിലോ ? സുമിത്രക്ക് അവളൊരു ഭാരമാകുമോ? മനസ്സിൽ ഒരുപിടി ചോദ്യങ്ങൾ.

കരിമഷി പടർന്ന അവളുടെ കണ്ണുകളിൽ നിന്നും വേർപെടുവാനുള്ള വേദനയിൽ തുടിച്ചു നിൽക്കുന്ന നീർമണികളെ കണ്ടില്ലെന്നു നടിക്കുവാനെ തനിക്കന്നായുള്ളു.

അനിയന്റെ വിവാഹത്തിന് രണ്ടുനാൾ മുൻപായിരുന്നു അവളുടെ കല്യാണം .

പാവം …അവളൊരു പെൺകുട്ടിയല്ലെ,എത്രയെന്നു വെച്ച കാത്തിരിക്കുക .അവളും താനും ഇടക്കൊക്കെ മുട്ടിയുരുമ്മിയിരിക്കാറുള്ള വാഴ കൂട്ടത്തിനിടയിൽ ആരും കാണാതെ നിന്ന് ,അവൾ മറ്റൊരാളുടെ കൈ പിടിച്ചു പോകുന്നത് കണ്ട് ,തന്റെ തോളത്തിട്ടിരുന്ന തോർത്തിനോട് പരാതി പറഞ്ഞു അയാൾ മുഖം തുടച്ചു.

എത്ര ശ്രമിച്ചിട്ടും അടക്കുവാനാവാതെ നെഞ്ചിലെ തീയിലുരുകിയ സ്വപ്‌നങ്ങൾ പളുങ്കുമുത്തുകളായി കവിളിലൂടെ ഉരുണ്ടിറങ്ങി .കാഴ്‌ച മറച്ച കണ്ണീരിനിടയിലൂടെ അവളും ഒന്നു തിരിഞ്ഞു നോക്കിയതു പോലെ അയാൾക്കു തോന്നി .

നിറഞ്ഞ മനസ്സും തുളുമ്പും മിഴികളുമായി അവളെ ഹൃദയം നിറഞ്ഞു അയാൾ അനുഗ്രഹിച്ചു .എന്റെ സുമിത്രക്ക് ഒരു കുറവും വരുത്തല്ലേ ഈശ്വരാ ….ദീർഘസുമംഗലിയായിരിക്കട്ടെ !

തന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ ഒരു ചെറിയ പ്രതീക്ഷയോടെ കത്തി നിന്നിരുന്ന മോഹവും വിധി തല്ലികെടുത്തിയിരിക്കുന്നു .മുഖം തുടച്ചു തിരിഞ്ഞു നടക്കുമ്പോളാണ് അനിയന്റെ വിളി.

ഏട്ടൻ ഇതെവിടെയാണ് ?പാചകക്കാര് വന്നിട്ടുണ്ട് അവര് അന്നോഷിക്കുന്നു .അവൻ വളരെ സന്തോഷത്തിലാണ് .തന്റെ മുഖം കണ്ട് അവന് കാര്യം മനസ്സിലായി.

ഏട്ടനെന്തിനാ വിഷമിക്കുന്നെ ?ഇതൊന്നും ആത്മാർഥ സ്നേഹമല്ലന്നേ. ആയിരുന്നെങ്കിൽ അവര് കാത്തിരുന്നേനെ.വേറെ എത്രയോ പെണ്ണുങ്ങൾ ഉണ്ട്.

എല്ലാം അറിയാമായിരുന്നിട്ടും എത്ര നിസ്സരമായി അവനത് പറയാൻ കഴിഞ്ഞു. മറ്റൊരാൾക്കു പകരമാകുമോ എന്റെ സുമിത്ര?

എങ്കിൽ നിനക്കും നിന്റെ പെൺകുട്ടിയോട് പറയാമായിരുന്നില്ലേ കാത്തിരിക്കാൻ ?
എന്ന് ചോദിക്കണമെന്ന് വിചാരിച്ചതാണ് .പക്ഷേ അവന്റെ മുഖത്തെ സന്തോഷം കെടുത്തണ്ടന്നു വിചാരിച്ചു വെറുതെ ചിരിച്ചു .

പിന്നെ ദേവൂട്ടിയിൽ മാത്രമായി ഒതുങ്ങി ജീവിതം.

വർഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു.ദേവൂട്ടിയുടെ പഠനമൊക്കെ കഴിഞ്ഞു.അവളിപ്പോൾ ടൗണിലെ ഒരു ക്ലിനിക്കിൽ ഫർമസിസ്റ്റ് ആയി ജോലി ചെയുന്നു.

അവളുടെ കല്യാണത്തിനായി അവൾക്കു വേണ്ടി ഓരോന്ന് സ്വരുക്കൂട്ടുന്നതിൽ മാത്രമായി അയാളുടെ ശ്രദ്ധ.

ഒരിക്കൽ ഓണത്തിന് വെച്ച അട പായസം കൊണ്ടു വന്നപ്പോൾ അപ്പച്ചി ചോദിച്ചു.
ടാ …നീ അറിഞ്ഞില്ലേ ?

എന്ത് …?

സുമിത്ര വന്നിട്ടുണ്ട് .ഇനിപോകുന്നില്ലന്നാണ് കേട്ടത്.

അതെന്താ …?

തെല്ല് അതിശയത്തോടെ അയാൾ ചോദിച്ചു. ഓ ….അയാൾക്കു അവളെ ഭയങ്കര സംശയമാണെന്ന്.

താനെന്തെങ്കിലും മറുപടി പറയുമെന്ന് കരുതി അപ്പച്ചിയമ്മ നോക്കി നിന്നു .

തന്റെ മൗനത്തിനു മറുപടിയായി അപ്പച്ചി അമ്മ പറഞ്ഞു .

അവളിവിടെ വരുമ്പോളൊക്കെ നീയും അവളുമായി ഇപ്പോളും ബന്ധമുണ്ടന്നാണ് അയാൾ പറയുന്നത് .

പായസം പകർന്ന ഗ്ലാസ്സ്‌ മേടിക്കുമ്പോൾ അതും പറഞ്ഞു അപ്പച്ചിയമ്മ നടന്നകന്നു .

മനസ്സിന് ആകെ വല്ലാത്ത ബുദ്ധിമുട്ട് . കല്യാണം കഴിഞ്ഞു ഒരിക്കലും അവളെ വേറൊരു കണ്ണിൽ കണ്ടിട്ടുപോലുമില്ല .

പായസത്തിന്റെ സ്വാദ് വായിൽ അലിഞ്ഞിറങ്ങുമ്പോൾ അയാൾ ഓർത്തു .

പണ്ടൊക്കെ ജോലി കഴിഞ്ഞു മടുത്തു ,മടിച്ചു കറങ്ങുന്ന ഫാനിന്റെ ചോട്ടിൽ വിയർത്തു കിടക്കുമ്പോൾ അവള് മനസ്സിൽ നിറഞ്ഞു വരാറുണ്ട് .

കരിമഷിയിട്ട് കറുപ്പിച്ച കണ്ണുകളിലെ സ്വപ്‌നങ്ങൾ കവർന്നെടുക്കാൻ ….പച്ചക്കല്ലു മൂക്കുത്തി നെഞ്ചോടൊന്നു ചേർത്തണയ്ക്കാൻ ….കാതിനോരത്തു തുളുമ്പി നിൽക്കുന്ന വെള്ളക്കല്ലു കമ്മലിൽ ചുണ്ടൊന്നു ചേർക്കുവാൻ കൊതിച്ചിട്ടുണ്ട് ….

പക്ഷേ അവളെ നഷ്ടമായതിൽ പിന്നെ ആ ഓർമ്മകളൊക്കെ മനസ്സിന്റെ വാതിൽ കടന്നു വരുവാൻ മടിച്ചു നിന്നിട്ടേ ഉള്ളു.

രണ്ടു ദിവസം കഴിഞ്ഞു നടവഴിയിൽ വെച്ചു അവളെ കണ്ടു അവൾഅടുത്തെത്തിയപ്പോൾ താൻ നടത്തത്തിന്റെ വേഗം കുറച്ചെങ്കിലും. കരിമഷികറുപ്പില്ലാത്ത വിളറിയ കണ്ണുകൊണ്ടു തന്നെ ഒന്നു മെല്ലെ കുത്തി നോവിച്ചു തലകുനിച്ചവൾ നടന്നു നീങ്ങി .

പിന്നീട്‌ ഒരിക്കൽ അവൾ കുളക്കടവിൽ നിന്നും വരുമ്പോൾ കണ്ടു .അന്ന് അവളുടെ വീടെത്തും വരെ കുറച്ചു നേരം എന്തോക്കയോ സംസാരിച്ചു കൂടെ നടന്നു .

അടുത്തുകൂടി ഒന്നും കണ്ടില്ലന്നു നടിച്ചു കുനിഞ്ഞു നടന്ന പീടികയിലെ മാധവൻ താൻ തിരിഞ്ഞു നോക്കിയപ്പോൾ തിരിഞ്ഞു നോക്കി പോകുന്നതുകണ്ടു .

പിന്നെ പലപ്പോഴായുള്ള കൂടിക്കാഴ്ചകൾ .അർത്ഥ വച്ചുള്ള നോട്ടങ്ങൾക്കും, അടക്കി പറച്ചിലുകളിലേക്കും നീണ്ടപ്പോൾ ഒരു തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി.

പടിയിറങ്ങി പോയ സ്വപ്‌നങ്ങൾ മടിച്ചു മടിച്ചു ഹൃദയത്തിലേക്കു തിരിച്ചു വന്നു .വാടിക്കരിഞ്ഞ ചില്ലകളെ വഴി തെറ്റി വന്ന വസന്തം തളിർപ്പിച്ചു തുടങ്ങിയിരിക്കുന്നു.

ഇനി എത്രയും പെട്ടന്ന് ദേവൂട്ടിയുടെ വിവാഹം നടത്തണം. എന്നിട്ട് എത്രയും പെട്ടന്ന് സുമിത്രയെ കൂട്ടികൊണ്ടു വരണം …..അതിനുള്ള ശ്രമങ്ങളൊക്കെ അയാൾ നടത്തികൊണ്ടിരിക്കുമ്പോൾ …

ഒരിക്കൽ പറമ്പിലേ പണിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് കയറി വരുമ്പോൾ വീട്ടു മുറ്റത്തു മധ്യവയസ്സ്ക്കനായ ഒരാൾ നിൽക്കുന്നു.കണ്ടിട്ടു തീരെ പരിചയമില്ല.

കിണറിൽ നിന്നും വെള്ളം കോരി കൈയും കാലും കഴുകുമ്പോൾ അയാൾ ചിരിച്ചു കൊണ്ടു അങ്ങോട്ടേക്ക് വന്നു .

ന്റെ പേര് രാമചന്ദ്രൻ …വന്ന കാര്യ വളച്ചൊടിക്കാതെ പറയ്യ. നിങ്ങടെ പെങ്ങളൂട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ എന്റെ ജ്യേഷ്‌ഠന്റെ മകനാണ് .അവന് ഞങ്ങൾ കല്യാണം ആലോചിച്ചുകൊണ്ടു ഇരിക്കുവാണ്.

അവനാണെങ്കിൽ നിങ്ങടെ പെങ്ങളെ മതിയെന്ന് ഒറ്റ വാശി.അവര് തമ്മിൽ ഇഷ്ടത്തിലാണത്രെ .എന്തു പറഞ്ഞിട്ടും അവൻ പിന്മാറാണില്ല.അവന്റെ അമ്മക്കും കുട്ടിയെ വല്യ ഇഷ്ടായി.പിന്നെ ആ കുട്ടിയെ കണ്ടാ ആർക്കാ ഇഷ്ടപ്പെടാത്തത്.പൊന്നും കുടമല്ലേ ?

പെട്ടന്നുള്ള അയാളുടെ സംസാരം കേട്ട് എന്തു പറയാനാണെന്നറിയാതെ അരവിന്ദ് അയാളെയും കൂട്ടി വീട്ടിലേക്കു നടന്നു .

കയറി ഇരിക്ക് ..ഇരിക്ക് …

തന്റെ തോളത്തു കിടന്ന തോർത്തു കൊണ്ടു കോലായിലെ കസേരയിലെ പൊടി തട്ടി കളഞ്ഞുകൊണ്ടു അരവിന്ദ് പറഞ്ഞു .

പെട്ടന്ന് കേട്ടപ്പോൾ എന്ത് പറയണമെന്ന് അറിയില്ല ……ഇത്രയും വലിയ വീട്ടിലേക്ക് ….?അയാൾ പറയുന്നത് വിശ്വാസം വരാത്ത പോലെ അരവിന്ദ് ചോദിച്ചു .

അത് നിങ്ങളുടെ അനിയത്തിയുടെ യോഗമാണെന്നു കൂട്ടിയാൽ മതി .

അവർക്കു ഒരു കണ്ടിഷൻ മാത്രമേയുള്ളു. പയ്യന് ഒരു ചേച്ചിയുണ്ട് .ആ കുട്ടിയുടെ കല്യാണം നടക്കാതെ ഇതു നടത്താൻ പറ്റില്ല .പിന്നെ ഇയാള് ആ കുട്ടിയെ കല്യാണം കഴിച്ചാൽ തീരുന്ന കാര്യമേയുള്ളുട്ടോ.കുലുങ്ങി ചിരിച്ചുകൊണ്ട് അയാൾ തുടർന്നു .കുട്ടിയുടെ പേര് ഗീതാഞ്ജലി.

പിന്നെ അയാൾ എന്തോ പറയാൻ ബുദ്ധിമുട്ടുന്ന പോലെ അരവിന്ദിന് തോന്നി .

കുട്ടിക്ക് ….നടക്കാൻ ലേശ്യം ബുദ്ധിമുട്ടുണ്ട് . എന്നു കരുതി കിടപ്പൊന്നുമല്ലാട്ടോ. കാലങ്ങനെയാണെങ്കിലും പറന്നു നടന്ന് എല്ലാ കാര്യവും ചെയ്തോളൂം.അടുക്കള പണിയെല്ലാം മിനിട്ട് വെച്ചു ചെയ്തു തീർക്കും.

ഒന്നും പറയാതെ ദൂരേക്കു മിഴി നട്ടിരിക്കുന്ന അരവിന്ദിന്റെ മുൻപിൽ അയാൾ അവളുടെ കുറവ് നികത്താൻ നന്നായി ശ്രമിക്കുന്നുണ്ട് .

പിന്നെ ലേശ്യം കറുത്തിട്ടാണ് .അത് കാര്യാക്കണ്ട ഇയാൾക്ക് ആവശ്യത്തിലേറെ വെളുപ്പു നിറമുണ്ടല്ലോ ?കുട്ടികൾ ഉണ്ടാകുമ്പോൾ നല്ല വെളുത്തിട്ടായിരിക്കും .

ഒരു തമാശ പറഞ്ഞ പോലെ വാ തുറന്നു അയാൾ ചിരിക്കുമ്പോൾ കടവായിലൂടെ മുറുക്കാൻ കറ പുറത്തേക്കു ഒഴുകി.

പിന്നെ ഈ കുട്ടി അവരുടെ അമ്മയുടെ ആദ്യത്തെ കുടിയിലേതാണ് . ശബ്ദം താഴ്ത്തിയാണ് അയാളത് പറഞ്ഞത്.

മറുപടിക്കായി തന്റെ മുഖത്തേക്കു കുറച്ചു നേരമായി ഉറ്റു നോക്കി കൊണ്ടിരിക്കുന്ന അയാളുടെ മുഖത്തേക്കു നോക്കാതെ അരവിന്ദ് ചോദിച്ചു.

ഒരു മാറ്റ കല്യാണം അല്ലെ?

ആലോചിച്ചു പറഞ്ഞാൽ മതി .അവന് ഇതിനേക്കാൾ നല്ല ബന്ധം കിട്ടും . നിങ്ങടെ കൊച്ചിന് ഈ ജന്മം ഇങ്ങനൊന്നു കിട്ടില്ല അതോർത്താൽ കൊള്ളാം .

അല്പം നീരസത്തോടെ അയാൾ അത് പറഞ്ഞു എഴുന്നേറ്റ്‌ മുറുക്കാൻ ചവച്ചു തെങ്ങിൻവച്ചുവട്ടിലേക്കു നീട്ടി തുപ്പി നടന്നു നീങ്ങി .

വെറുതെയാണോ ഒരിക്കൽ കൂടി തന്നെ കാലം മോഹിപ്പിച്ചത് ? കവർന്നെടുത്തതൊക്കെ തിരിച്ചു നല്കുമെന്ന് കരുതി .വീണ്ടും തട്ടി തെറിപ്പിക്കുകയാണോ ?

എന്തു ചെയ്യണമെന്ന് അറിയില്ല …..രാത്രിയിൽ ഉറക്കം വരാതെ അയാൾ ഓരോന്ന് ഓർത്തു കിടന്നു . ദേവൂട്ടിക്ക് വേണ്ടി ഇനിയും സുമിത്രയെ വേണ്ടന്നു വയ്ക്കണോ …?അതോ തനിക്കും സുമിത്രക്കും വേണ്ടി ദേവൂട്ടിയുടെ ആഗ്രഹങ്ങൾ കണ്ടില്ലന്നു നടിക്കണോ …?

ഏട്ടാ ….

ദേവൂട്ടി ഇതുവരെ ഉറങ്ങിയില്ലേ മോളെ ?

മുറിയിലേക്കു വന്ന അവളോട് കട്ടിലിൽ കൈ കുത്തി എഴുന്നേറ്റ്‌ കാല് നീട്ടി ഇരുന്നുകൊണ്ട് അയാൾ ചോദിച്ചു….

ഇല്ല ഏട്ടാ ….എനിക്ക് ഉറക്കം വരുന്നില്ല ഞാൻ ഓരോന്ന് ഓർത്തു കിടക്കുകയായിരുന്നു.

മോള് ഇവിടെ ഇരിക്ക് .

തന്റെ കാൽ ചുരുട്ടി കൊണ്ട് അയാൾ പറഞ്ഞു.

എന്റെ ഏട്ടന്റെ ജീവിതം പകരം വച്ചിട്ട് എനിക്ക് ഒരു ജീവിതം വേണ്ട. എനിക്ക് വേണ്ടി ഒരിക്കൽ ഏട്ടന്റെ മോഹങ്ങളൊക്കെ മാറ്റിവെച്ചതാ .ഇപ്പോൾ എനിക്ക് വേണ്ടി വേറൊരു ഭാരം ചുമക്കാൻ ഞാൻ സമ്മതിക്കില്ല ….വേണ്ടേട്ട ഒരു മാറ്റ കല്യാണം നമുക്ക്‌ വേണ്ട.

പരുപരുത്ത ആ മെത്തയിലെ നിറം മങ്ങിയ നീല ബെഡ്ഷീറ്റിലെ മഞ്ഞ പൂക്കൾ അവളുടെ കണ്ണീരിൽ കുതിർന്നു

എന്താ മോളെ ഇത് ?ഏട്ടൻ ഏട്ടന്റെ കടമകൾ ചെയ്തന്നെയുള്ളു .നീയാ മുഖം തുടച്ചേ .

കട്ടലിന്റെ പടിയിൽ നിന്നും തന്റെ തോർത്തെടുത്തു കുടഞ്ഞു അവൾക്കു നേരെ നീട്ടികൊണ്ടു അയാൾ പറഞ്ഞു.

ഏട്ടൻ കൊച്ചേട്ടനെപ്പോലെ ആയിരുന്നെങ്കിൽ ഈ ദേവൂട്ടിയുടെ ജീവിതം അടുക്കളയിലെ അടുപ്പിനോട് പരാതി പറഞ്ഞു തീർന്നേനെ.

ഇങ്ങനെ ഒരു മാറ്റ കല്യാണത്തിലൂടെ എനിക്ക് ഗോപന്റെ ഭാര്യ ആവണ്ട. ഗോപന് എന്നോട് ആത്മാർത്ഥമായ സ്നേഹം ഉണ്ടങ്കിൽ അവൻ ഒരു ഡിമാൻഡന്റും പറയില്ലായിരുന്നു.

അതൊന്നും കുഴപ്പമില്ല മോളെ നിനക്കു നല്ല ഒരു ജീവിതം കിട്ടുമല്ലോ.എന്റെ കുട്ടിക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്… കാറ് ജോലിക്കാര് …അങ്ങനെ എല്ലാം .ഈ ഏട്ടൻ സ്വപ്‌നം കണ്ടതുപോലെ …ഒരു രാജകുമാരിയെപ്പോലെ അവിടെ ജീവിക്കാം.

അത് മതി ഈ ഏട്ടന് .അയാൾ തന്റെ കൈകൾ നെഞ്ചോടു ചേർത്തു പറഞ്ഞു.

ഏട്ടന്റെ ജീവിതം പകരം വച്ചിട്ട് അല്ലെ ?

ഏട്ടൻ എന്താ വിചാരിക്കുന്നത് വലിയ വീടും കാറുമൊക്കെ ഉണ്ടങ്കിലേ ജീവിതം ആകൂ എന്നോ? തന്നെ മനസ്സിലാക്കാനും ആത്മാർഥമായി സ്നേഹിക്കാനും കഴിയുന്ന ഒരാളെ കിട്ടിയില്ലെങ്കിൽ പിന്നെ ജീവിതം ഒരു തടവറയാ .ചങ്ങലകളില്ലാതെ ചിന്തകളൾ കൊണ്ട് സ്വയം തീർത്ത ഒരു തടവറ …

ഏട്ടനറിയുമോ ?ഗോപനിൽ നിന്നു ഞാൻ പലപ്പോഴും അകന്നു മാറിയിട്ടേ ഉള്ളൂ.പിന്നെ അവന്റെ പ്രശ്നങ്ങൾ ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ആ
അവസ്‌ഥ അറിഞ്ഞപ്പോൾ തോന്നിയ ഇഷ്ടം.

ഇങ്ങനെ ഒരു ചതി മനസ്സിൽ കണ്ടുകൊണ്ടാണ് അവൻ എന്നെ സ്നേഹിച്ചതെന്നു ഞാൻ അറിഞ്ഞില്ല.ആത്മാർത്ഥ സ്നേഹമായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു ആവശ്യം പറയില്ലായിരുന്നു.

തന്റെ ദേവൂട്ടിക്ക് നല്ല പക്വ്ത വന്നിരിക്കുന്നു ….അയാൾ അവളെ നോക്കി ഉറക്കെ ചിരിച്ചു.

ഞാൻ കാര്യമായിട്ടു പറയുമ്പോൾ ഏട്ടൻ എന്താ
ചിരിക്കുന്നെ?

അയാൾ അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് ശിരസ്സിൽ വാത്സല്യ പൂർവ്വം തലോടിക്കൊണ്ട് പറഞ്ഞു .

എന്റെ മോള് ഇപ്പോൾ പോയി കിടന്നുറകിടന്നുറങ്.

ഞാൻ പോയി ഉറങ്ങിക്കോളാം അതിനു മുൻപ് ഏട്ടൻ എനിക്ക് ഒരു വാക്കു തരണം . സുമിത്രേച്ചിയെ ഇങ്ങോട്ട് കൂട്ടികൊണ്ടു വരാമെന്ന് .

തന്റെ നേരെ നീട്ടിപ്പിടിച്ച അവളുടെ കയ്യിലേക്കും പിന്നെ മുഖത്തേക്കും അയാൾ നോക്കി .

അപ്പോൾ അയാളുടെ നേരെ കൈനീട്ടി നിൽക്കുന്ന ഒരു അഞ്ചു വയസ്സുകാരിയെയാണ് അയാൾ ഓർത്തത്.

ഏട്ടാ …എന്നെ ഇന്ന് പുഴേക്കൊണ്ടുപോവ്വോ മീൻപിടിക്കാൻ ?

താൻ അപ്പോ അവളുടെ പുള്ളിയുടുപ്പും അനിയന്റെ നിറം മങ്ങിയ ട്രൗസറും അലക്കുകല്ലിൽ കുത്തി തിരുമ്മിക്കൊണ്ടിരിക്കുകയായിരിക്കും ….

ഏട്ടൻ ഇതൊന്നു അലക്കിയിട്ടിട്ടു കൊണ്ടു പോകാട്ടോ.

അത് കേട്ട് അവൾ തുള്ളി ചാടി മുൻവശത്തെ മുറ്റത്തേക്കു ഓടും.

അവൾ പിന്നെ വരുമ്പോൾ താൻ പുറത്തു കല്ലുകൾ കൂട്ടിയ അടുപ്പിൽ പച്ച വിറക് ഊതി കത്തിച്ചു കഞ്ഞി വെയ്ക്കുന്ന തിരക്കിലായിരിക്കും.

ഏട്ടാ നമുക്ക് പോകാം ചിണുങ്ങി കൊണ്ട് അവളതു പറയുമ്പോൾ താൻ പറയും

മോള് ഈ പുകയത്തു നിന്ന് മാറി നിൽക്ക് …ഇപ്പോ ഏട്ടൻ വരാം …ഈ കഞ്ഞി ഒന്നു തിളച്ചോട്ടെ ….

ഇനി ഏട്ടൻ വേറെ പണിയൊന്നും ചെയ്യണ്ട എന്റെ കൂടെ വരണം.പാതി വീർപ്പിച്ച മുഖത്തോടെയായിരിക്കും അവളത് പറയുക .

ഏട്ടൻ വരാം …

അവൾ തന്റെ മണ്ണുവാരി കളിച്ചു പൊടിയായ കൈ തന്റെ നേരെ നീട്ടി പറയും.

കൈയിൽ അടിച്ചു സത്യം ഇട് …

കുഞ്ഞി കൈയിലെ പൊടിയൊക്കെ തന്റെ കൈകൊണ്ടു തൂത്തു കളഞ്ഞു തന്റെ രണ്ട് കൈകൊണ്ടും ചേർത്തു പിടിച്ചു പറയും.

സത്യം

അയാളുടെ മനസ്സ് വായിച്ചതുപോലേ അവൾ പറഞ്ഞു.

ഏട്ടൻ വിഷമിക്കുകയൊന്നും വേണ്ട .സുമിത്രേച്ചി ഇവിടെ വന്നാപ്പിന്നെ എന്റെ ഏട്ടന്റെ കാര്യങ്ങൾ ഒക്കെ നോക്കാനും സ്നേഹിക്കാനുമൊക്കെ ഒരാളായല്ലോ .പിന്നെ ഏട്ടൻ കണ്ടുപിടിക്കുന്ന ആളെ കെട്ടി ഞാനും പൊക്കോളാം.

ചിരിച്ചുകൊണ്ട് അവളതു പറയുമ്പോൾ അയാൾ ചോദിച്ചു.

സത്യം പറ മോളെ ഗോപനെ നിനക്ക് അത്ര വേഗം മറക്കാൻ കഴിയുമോ ?

എന്നെ സ്നേഹം നടിച്ചു വഞ്ചിച്ച ഒരാളെ ഓർത്തു കരഞ്ഞു ജീവിതം തുലക്കാനൊന്നും എന്നെ കിട്ടില്ല.എനിക്ക് അവന്റെ മുൻപിൽ അന്തസ്സായിട്ടു ജീവിച്ചു കാണിക്കണം .

അവനോടുള്ള ദേഷ്യത്തിൽ അവളുടെ വാക്കുകൾക്കു മൂർച്ച കൂടിയിരുന്നു.

ഏട്ടൻ നോക്കട്ടെ നാളെ സുമിത്രയോടു ഇതിനെക്കുറിച്ചു സംസാരിക്കാം.നിന്റെ കാര്യം നടന്നിട്ടു അവളോട് പറയാമെന്നു കരുതിയാണ് ഇരുന്നത് .ഇനിയിപ്പോ …?

ഇനിയിപ്പോ …ഒന്നുമില്ല .നാളെ തന്നെ സുമിത്രേച്ചിയുടെ അടുത്ത് കാര്യം പറയുക.എന്നിട്ട് എത്രയും പെട്ടന്ന് ഇങ്ങു കൂട്ടികൊണ്ടു വരുക.

കൈയൊക്കെ എടുത്തുള്ള അവളുടെ വർത്താനം കണ്ടപ്പോൾ അയാൾക്ക് അമ്മയെ ഓർമ്മ വന്നു.

പിന്നെ അവരുടെ ഡിവോഴ്‌സിന്റെ കാര്യം എന്തായി ഏട്ടാ?

അതൊന്നും ഇതുവരെ ചോദിക്കാൻ പറ്റിയിട്ടില്ല മോളെ.

പിന്നെ എല്ലാ ദിവസവും നിങ്ങള് രണ്ടാളും എന്താ ഇത്ര സംസാരിക്കണെ?

വെറുതെ ഓരോ കാര്യങ്ങൾ …എനിക്കൊന്നും ചോദിക്കാനുള്ള ധൈര്യം തോന്നിയിട്ടില്ല. എന്റെ സുമിത്രക്ക് ഒരു ജീവിതം കൊടുക്കാനോ എനിക്ക് സാധിച്ചില്ല .അവൾക്കു ഒരു നല്ല ജീവിതം കിട്ടിയപ്പോൾ അറിഞ്ഞു കൊണ്ടല്ലെങ്കിൽ പോലും ഞാൻ കാരണം അത് നഷ്ടമായി എന്നൊരു തോന്നൽ.

സുമിത്രേച്ചിയും ഒന്നും പറഞ്ഞിട്ടില്ലേ ?

ഇല്ല ….

ചേച്ചിക്ക് പറയാൻ ബുദ്ധിമുട്ടു കാണും .ചേച്ചിക്ക് താൻ ഒരു കല്യാണം കഴിച്ച ആളാണല്ലോ എന്ന തോന്നൽ കാണും.

എന്തിനെന്നില്ലാതെ ആ വാക്കുകൾ ഒരു നൊമ്പരമായി അയാളുടെ ഉള്ളിൽ നീറി പടരുന്നപോലെ …

സാരമില്ല ….നാളെ തന്നെ ഏട്ടൻ സുമിത്രചേച്ചിയോടു എല്ലാം പറയണം.

ഉം ……തലയാട്ടി ചിരിച്ചു കൊണ്ടു അയാൾ പറഞ്ഞതു കേട്ട് സന്തോഷത്തോടെ അവൾ മുറിയിലേക്കു പോയി.

രാവിലെ ഫോണിന്റെ റിങ് കേട്ടാണ് അയാൾ എഴുന്നേറ്റത് …പുതപ്പു തലയിൽ നിന്നും മാറ്റി ഫോൺ എടുത്തു. സുമിത്രയാണല്ലോ …?സ്‌ക്രീനിൽ നോക്കി അയാൾ പെട്ടന്ന് ചാടി എഴുന്നേറ്റിരുന്നു

എന്താ സുമിത്രേ ….?

അരവിന്ദേട്ടാ ഒന്നിവിടം വരെ വരുമോ?എനിക്ക് അത്യാവശ്യമായി ഒന്നു കാണണം.ഒരു കാര്യം പറയാനാ.

അവളുടെ പരിഭ്രമം കലർന്ന സ്വരം അവളുടെ വീട്ടിലേക്കു ഒരുങ്ങി ഇറങ്ങുമ്പോഴും അയാളുടെ കാതിൽ ഒരു മൂളലായി നിന്നു .

പാട വരമ്പത്തൂടെ അതിവേഗം നടക്കുമ്പോൾ അയാളുടെ ചെരുപ്പ് നനഞ്ഞ പശ മണ്ണിൽ ഒട്ടി ചേർന്ന് ഇടക്കിടെ കാലിനൊപ്പം പോരാൻ മടിച്ചു.

പിന്നെയും ഫോൺ റിങ് ചെയുന്നു ഡ്‌സുമിത്ര ആയിരിക്കും നോക്കിയപ്പോൾ
പരിചയമില്ലാത്ത നമ്പർ …

കാതിൽ ഫോൺവെച്ചു തന്റെ തല തോളോട് ചേർത്തു മുണ്ടു ഒരിക്കൽ കൂടി മടക്കി കുത്തി അയാൾ പറഞ്ഞു . ഹാലോ

മറുതലക്കൽ ഒരു സ്ത്രീ ശബ്ദം .അയാൾ ഫോൺ കൈകൊണ്ടെടുക്കുമ്പോൾ കേട്ടു .

ഞാൻ ഗോപുവിന്റെ അമ്മയാണ് …

അതുകേട്ട് അയാൾ ഒരു നിമിഷം നിന്നു .

കാറ്റേറ്റുലയുന്ന കതിർക്കുലകൾ അയാളുടെ കാലിൽ മുട്ടിയുരുമ്മി…

മറുപടി ഒന്നും കിട്ടാതെ അവർ തുടർന്നു

ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ്.

എന്താ …?

തീരെ നേർത്ത ശബ്ദത്തിൽ അയാൾ ചോദിച്ചു.

എന്റെ ഭർത്താവിന്റെ അനിയൻ അവിടെ വന്ന് എന്തോക്കയോ പറഞ്ഞല്ലേ ?

ഇതിൽ എനിക്കോ അവനോ ഒരു പങ്കുമില്ല .അവന് നിങ്ങടെ അനിയത്തിയെന്നു വെച്ച ജീവനാ .ആ കുട്ടിയെ അവൻ കല്യാണം കഴിക്കൂ എന്നാ പറഞ്ഞേക്കണേ.

എനിക്കും ഒരു വിരോധവും ഇല്ല. പിന്നെ മോനെ എനിക്കൊരു കാര്യം പറയാനുണ്ട് .

എന്റെ മകളെ ഇവിടുന്നൊന്നു രക്ഷിക്കുമോ മോനെ…?എനിക്ക് ഒന്നിനും പറ്റാത്ത അവസ്ഥയാണ് .മോൻ അവളെ ഇവിടുന്ന് കൊണ്ടിപോയിട്ടു കൂടെത്താമസിപ്പിക്കണ്ട. ഏതങ്കിലും ഒരു അഗതി മന്ദിരത്തിലോ ആശ്രമത്തിന്റെ കൊണ്ടു വിട്ടേക്ക് എന്റെ മകളു എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടന്ന് മാത്രം അറിഞ്ഞ മതിയെനിക്ക്.

അല്ലെങ്കിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ ദുഷ്ടൻ എന്റെ മോളെ കൊല്ലാകൊല ചെയ്യും.

തിരമാല പോലെ ഉയർന്നു പൊങ്ങുന്ന തേങ്ങലുകളിൽ വാക്കുകൾ ഇടക്കൊക്കെ മുങ്ങി പോകുന്നുണ്ടായിരുന്നു.

അവൾക്കൊരു സംരക്ഷണം ഉണ്ടാകുമല്ലോ എന്ന് ഓർത്തു മാത്രമാണ് ഞാൻ ഇയാളെ വിവാഹം കഴിച്ചത് .എന്റെ ഭർത്താവിന്റെ സഹായിയായിരുന്നു വിശ്വസ്തൻ …പ്രഭാകരൻ

ഗീതാഞ്ജലിയുടെ അച്ഛൻ എന്ത് നല്ല മനുഷ്യനായിരുന്നെന്നോ .മോളെന്നു വെച്ചാൽ ജീവനായിരുന്നു അവൾക്കും എന്നെക്കാൾ ഇഷ്ടം അച്ഛനെയായിരുന്നു.

അദ്ദേഹത്തിന്റെ അവിചാരിതമായ വേർപാടിൽ ഗീതുമോൾ ആകെ തകർന്നു പോയി.എന്റെ അവസ്‌ഥയും അത് തന്നെയായിരുന്നു .

അത് ഒരു ആക്സിഡന്റ് തന്നെയായിരുന്നോ അതോ ഈ ദുഷ്ടൻ ചെയ്തതായിരു ന്നോ എന്ന് എനിക്ക് ഇപ്പോൾ സംശയമുണ്ട് .പറഞ്ഞിട്ട് കാര്യമില്ല .ആരും ഇല്ലാത്ത അവസ്‌ഥയാണ് ഞങ്ങൾക്ക് …

ഒരു നേരത്തെ അന്നത്തിനുപോലും വകയില്ലാത്ത നിലം പൊത്താറായ ഒരു തറവാട്ടിൽ നിന്നുമാണ് അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു വന്നത് .അതോടെ അദ്ദേഹത്തിന്റെ വീട്ടുകാർ ഞങ്ങളിൽ നിന്നും പൂർണ്ണമായി അകന്നിരുന്നു.പ്രായമായ എന്റെ അമ്മ മാത്രമായി ഞങ്ങൾക്ക് തുണ.

പറയത്തക്ക പഠിപ്പൊന്നും ഇല്ലാത്ത എനിക്ക് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകണമെന്ന് അറിയാത്ത അവസ്ഥ.അദ്ദേഹത്തിന്റെ ബിസ്സിനസ്സ് കാര്യങ്ങളെക്കുറിച്ചു എനിക്ക് ഒന്നും അറിയില്ലായിരുന്നു.

അയാൾ അപ്പോൾ വലിയൊരു സഹായകനെപ്പോലെ ഞങ്ങളോട് പെരുമാറി .ഗീതുവിനെ അവളുടെ അച്ഛനെപ്പോലെ സ്നേഹിക്കുകയും കളിപ്പിക്കുകയും പുറത്തൊക്കെ കൊണ്ടു പോകുന്നതിലുമൊക്കെ വലിയ ഉത്സാഹം ആയിരുന്നു.

ബിസ്സിനെസ്സ് കാര്യങ്ങൾ എല്ലാം അയാൾ നന്നായിട്ടു മുന്നോട്ടു നീക്കി.
അങ്ങനെ അയാൾ ഞങ്ങളുടെ ജീവിതത്തിൽ സ്ഥാനം പിടിച്ചു

ഞാൻ എന്റെ ജീവിതത്തെക്കുറിച്ചല്ല മകളുടെ ജീവിതമാണ് ഓർത്തത് .അവളെ അച്ഛനെപ്പോലെ സ്നേഹിക്കാനും സംരഷിക്കാനും ഞങ്ങളെ നന്നയിട്ട് അറിയാവുന്ന അയാൾക്കു സാധിക്കുമെന്ന് വിശ്വസിച്ചു .

പോരാത്തതിന് ഞങ്ങളുടെ ബിസ്സിനെസ്സ് ഒക്കെ അറിയാവുന്ന ആളുംകൂടി ആകുമ്പോൾ എല്ലാം നോക്കി നടത്തുകയും ചെയ്യുമെന്ന് കരുതി.അങ്ങനെ ഞാൻ അയാളെ വിവാഹം കഴിച്ചു,

ആദ്യമാദ്യം ഒരു കുഴപ്പവുമില്ലായിരുന്നു .ബിസിനെസ്സ്‌ കാര്യങ്ങൾക്കെന്നു പറഞ്ഞു സ്വത്തിൽ പകുതിയും അയാൾ തട്ടിയെടുത്തു .കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു വന്നപ്പോൾ ആ ബന്ധത്തിൽ മക്കൾ രണ്ടായി. പിന്നെ ഞാൻ എതിർത്തു തുടങ്ങിയപ്പോൾ അയാളുടെ സ്വഭാവം മാറി.

എന്നെ അയാൾ ഭീഷണിപ്പെടുത്തും

ടി …അടങ്ങി ഒതുങ്ങി ഇവിടെ എവിടെയെങ്കിലും ജീവിച്ചോണം …ഇല്ലെങ്കിൽ നിന്നെയും കൊന്ന് ആ ചട്ടുകാലിയെ ഏതെങ്കിലും തെരുവിലേക്ക് വലിച്ചെറിഞ്ഞു
എന്റെ കുട്ടികളെയും കൊണ്ട് ഞാൻ ഇവിടെ നിന്നും എങ്ങൊയെങ്കിലും പോകും.എന്റെ മകളെ ഓർത്തു പിന്നെ അവർക്കു രണ്ടാൾക്കും ഞാൻ അമ്മയായിപ്പോയില്ലേ?എല്ലാം ഇത്രയും നാളും സഹിച്ചു.

എന്റെ കുഞ്ഞിനോടാണ് അയാൾ എല്ലാ കലിയും തീർത്തത് .അവളുടെ കൈ തട്ടി ഒരു ഗ്ലാസ്സ് വീണാമതി ആ ദുഷ്ടന്റെ മുറിയിൽ വച്ചിരിക്കുന്ന ഒരു ചൂരൽ ഉണ്ട് അത് എന്റെ കുഞ്ഞിനെ തല്ലി ചതക്കാത്ത ഒരു ഇടവുമുണ്ടാകില്ല ഇടക്ക് വീഴുന്ന എനിക്കിട്ടും അമ്മയ്ക്കിട്ടും കിട്ടും പിന്നെ ഞങ്ങളെ തള്ളി അയാൾ മുറിയിലിട്ടു പൂട്ടും.ഞങ്ങളുടെ നിലവിളി അയാൾക്കു ഒരു സന്തോഷമായിരുന്നു.

ചൂരൽ അയാൾ എടുക്കുന്ന കാണുമ്പോൾ എന്റെ കുട്ടി ഓടും വയ്യാത്ത കാലുംകൊണ്ടുള്ള അവളുടെ ഓട്ടം കാണുമ്പോൾ അയാൾ ആർത്തു അട്ടഹസിക്കും പിന്നെ …..വാക്കുകൾ മുറിഞ്ഞു

തന്റെ നടത്തത്തിനു നന്നേ വേഗത കുറഞ്ഞത് അയാൾ അറിഞ്ഞു.

പിന്നെ …ഗോപു വലിയതായതിൽ പിന്നെ അവൻ സമ്മതിക്കില്ല അവളെ തൊടാൻ .എന്നും അവനു കൂട്ടിരിക്കാൻ പറ്റുമോ ?

അവളുടെ പേരിൽ ഇനിയുള്ള സ്വത്തും കൂടി അയാൾക്കു വേണം.കൊടുക്കാതെ പിടിച്ചു നിൽക്കുകയാണ് ഞാൻ.എന്റെ മോൾക്കുള്ളതെല്ലാം ഞാൻ മോന് എഴുതി തരാം ഒന്നു അവളെ രക്ഷിക്കുമോ ഈ നരകത്തിൽ നിന്ന് ഒരമ്മയുടെ അപേക്ഷയാണ് ….അത്രയും പറഞ്ഞു അവർ പൊട്ടിക്കരഞ്ഞു.

എന്തു മറുപടി പറയണമെന്ന് അറിയാതെ അരവിന്ദ് കുഴങ്ങി …

അവര് തന്റെ കണ്ണും മുഖവുമെല്ലാം സാരിത്തുമ്പു കൊണ്ടു തുടച്ചു വീണ്ടും തുടർന്നു

മോൻ അവളെ കല്യാണം കഴിച്ചില്ലെങ്കിലും ദേവൂട്ടിയെ ഞങ്ങൾക്ക് വേണം .

സംസാരിച്ചു സംസാരിച്ചു സുമിത്രയുടെ വീടിന്റെ അടുത്ത് എത്താറായി .

ഞാൻ പിന്നെ അറിയിക്കാം എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു.

സുമിത്ര വേലിക്കരുകിൽ തന്നെ കാത്തു നില്പുണ്ട്.

എത്ര നേരമായി ഞാൻ അരവിന്ദേട്ടനെ നോക്കി നിക്കണു.ഒന്നു വേഗം വാ ….

വാക്കുകളിൽ പരിഭവം നിറച്ചു അവൾ അടുത്തേക്കുവന്നു.

എനിക്ക് ഒരു കാര്യം പറയാനുണ്ട് അരവിന്ദേട്ടാ. അയാളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ടു അവൾ വീടിനകത്തേക്ക് കയറി.

അപ്പോൾ പുറത്തേക്ക് ഇറങ്ങി വന്ന അവളുടെ അച്ഛൻ അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അഹ് കയറി വാ അരവിന്ദാ ….

അവളുടെ അമ്മ ഇട്ടു തന്ന ഏലക്ക ചതച്ചിട്ട ചായ കുടിച്ചു കൊണ്ട് അവർ ഏറേ നേരം സംസാരിച്ചിരുന്നു.

യാത്ര പറഞ്ഞു പിരിയുമ്പോൾ കരിമഷിയില്ലെങ്കിലും അവളുടെ കണ്ണുകൾക്കു ജീവനുണ്ടായിരുന്നു. അയാളുടെ ചുണ്ടിൽ ഏറെ നാളായി വിരിയാൻ മടിച്ചു നിന്ന ഒരു പുഞ്ചിരിയും വിടർന്നു നിന്നു .

തിരികെ വീട്ടിലെത്തിയ അയാൾ ദേവൂട്ടിയെ കാര്യങ്ങൾ എല്ലാം പറഞ്ഞു ബോധിപ്പിച്ചു.ഗോപുവിന്റെ നിരപരാധിത്വം അവൾക്കു ബോധ്യപെട്ടു .

അയാൾ പതിയെ മുറ്റത്തെക്കിറങ്ങി .നല്ല കാറ്റുണ്ട് കാറ്റത്തുലയുന്ന വൃക്ഷത്തലപ്പുകളിലേക്കു അയാൾ കുറച്ചു നേരം നോക്കി നിന്നു.

പിന്നെ ഒരു ഉറച്ച തീരുമാനത്തോടെ അയാൾ ഫോണെടുത്തു ഗോപുവിന്റെ അമ്മയെ വിളിച്ചു.

അരവിന്ദിന്റെ സമ്മതം അറിയിച്ചതോടെ വിവാഹ ഒരുക്കങ്ങൾ വേഗത്തിലായി .

അങ്ങനെ ഇന്ന് ദേവൂട്ടിക്കും അവളുടെ സ്വപ്‌നങ്ങൾ, തന്റെ ജീവിതം വെച്ചു നേടികൊടുത്തിരിക്കുന്നു .

ഒരു നിർവൃതിയോടെ അയാൾ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു.

അയാളുടെ മനസ്സ് അപ്പോളും ഒരു ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു.

താലികെട്ട് കഴിഞ്ഞു പിന്നെ ദേവൂട്ടി തന്നെ ശ്രദ്ധിച്ചതേയില്ല .ഇവിടുന്നു ഇറങ്ങുമ്പോളെങ്കിലും ഒന്ന് അടുത്ത് വന്നില്ല… അവൾ ഒരു അകൽച്ച പാലിച്ചപോലെ.

ഒന്നു ചേർത്തു നിർത്തി ആ നിറുകയിൽ ഒന്നു ചുംബിച്ചു യാത്രയാക്കാൻ ഒരുപാട് കൊതിച്ചു.അവളെ ഓർക്കുമ്പോൾ ഒരു അമ്മ മനസ്സാണ് തനിക്കെന്നു അയാൾ ഓർത്തു .

രാത്രി കനത്തു തുടങ്ങിയിരിക്കുന്നു കാറ്റത്തുലയുന്ന മുറ്റത്തെ ചെമ്പക പൂവുകളിൽ നിലാവ് വിരുന്നിനെത്തിയിരിക്കുന്നു .

ഒരു സുഖമുള്ള നോവ് മനസ്സിൽ ഇടക്കിടക്ക് നിഴൽ വീഴ്ത്തുന്നുമുണ്ട് .

വീടിനകത്തേക്ക് കേറാൻ തോന്നുന്നില്ല. മനസ്സിൽ വലിയൊരു കടമ നിർവഹിച്ച ചാരിതാർഥ്യമുണ്ടെങ്കിലും.ഗീ താഞ്ജലിയെ എങ്ങനെ അഭിമുഖരിക്കണമെന്ന് ഒരു തിട്ടമില്ലാത്ത പോലെ …

അയാൾ ചിന്തകളോട് മല്ലടിച്ചുകൊണ്ടിരിക്കുമ്പോൾ, അകത്തെ മുറിയിൽ ഗീതാഞ്ജലി വല്ലാത്തൊരു വിമ്മിഷ്ടത്തിൽ ആയിരുന്നു . തന്റെ സ്വർണാഭരണങ്ങൾ അഴിച്ചു വയ്ക്കുമ്പോൾ അവളോർത്തു .

സാധാരണ ഏതു പെൺകുട്ടിയും പൊന്നും പുടവയുമൊക്കെ അണിഞ്ഞു നിൽകുമ്പോൾ എന്തു സുന്ദരിയായിരിക്കും.പക്ഷേ താനതൊക്കെ അണിഞ്ഞപ്പോൾ കൂടുതൽ വിരൂപയായതു പോലെ .

തന്റെ കറുപ്പ് നിറം കൂടുതൽ എടുത്തു കാട്ടിയതുപോലെ .പിന്നെ ഇത്രയും നല്ല ഒരു ചെറുക്കന് തന്നെപ്പോലെ കാണാൻ തീരെ ഭംഗിയില്ലാത്ത മര്യദയ്ക്കു നടക്കാൻ പോലും പറ്റാത്ത പെണ്ണിനെ കെട്ടേണ്ടി വന്നല്ലോ എന്ന എല്ലാവരുടെയും സഹതാപത്തിലുള്ള നോട്ടവും കൂടിയായപ്പോൾ തീരെ നടക്കാൻ വയ്യാത്ത അവസ്ഥയും .

അല്ലെങ്കിലും ആരെയും കുറ്റം പറയാൻ പറ്റില്ല.അരവിന്ദേട്ടനെ കാണാൻ എന്തു ഭംഗിയാണ് .ഒരു ആരാധനയോടെ അവൾ വരാന്തയിലെ ചാരു കസേരയിൽ കണ്ണും അടച്ചു കിടക്കുന്ന അയാളെ നോക്കി.

അത്താഴം കഴിക്കാറായോ എന്തോ ? എങ്ങനെയാ ഒന്നു വിളിക്കുക
അരവിന്ദേട്ടാ എന്ന് വിളിച്ചാൽ ഇഷ്ടമാകുമോ?

അരവിന്ദേട്ടാ ….വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല .

കഴിക്കാനെടുക്കട്ടെ ?എങ്ങനെയോ പറഞ്ഞൊപ്പിച്ചു .

വേണ്ട നീ കഴിച്ചോളൂ ….

അതും പറഞ്ഞു അയാൾ എഴുന്നേറ്റു തന്റെ റൂമിലേക്ക് പോയി .

അയാൾ വിളിക്കുമോ എന്നറിയാൻ മുറിയുടെ പുറത്തായി അവൾ കുറച്ചു നേരം കാത്തിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ മുറിയിൽ നിന്നും നേർത്ത കൂർക്കം വലി കേട്ടപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ ഡൈനിങ് ടേബിളിനരിൽ പോയിരുന്നു .

താൻ എന്തു ചെയ്യാനാണ്… പാവം അരവിന്ദേട്ടൻ,പെങ്ങൾക്ക് ഒരു ജീവിതം ഉണ്ടാകുവാൻ വേണ്ടി സ്വന്തം ജീവിതം ഹോമിച്ചിരിക്കുന്നു .

അച്ഛനോട് ആവുന്നത് പറഞ്ഞു. അച്ഛാ എനിക്ക് കല്യാണം വേണ്ട …

മിണ്ടിപ്പോകരുത് ….എന്റെ മകന് നീ കാരണം ഒരു നല്ല കല്യാണംടമാകുമോണംപ് പോലും നടക്കില്ല .ഇപ്പോൾ കാൽകാശിനു വകയില്ലാത്തവൾ ആണെങ്കിലും ഒരുത്തി വന്നിട്ടുണ്ട് .എന്റെ മോന് ഒരു ജീവിതം കിട്ടുമല്ലോ എന്ന് കരുതിയാണ് സമ്മതിക്കുന്നത് .

പോരാത്തതിന് നിന്നെ ഇവിടുന്നു കെട്ടിയെടുത്തോണ്ടു പൊക്കോളും .നീ ഇവിടെ നിന്നു മൂത്തു നരച്ചാൽ എനിക്ക് ഒരു മോളും കൂടി വളർന്നു വരുന്നുണ്ട്.അവളുടെ ഭാവി എന്താകും ? അവളെ ഒരുത്തനും വന്നു കെട്ടില്ല .

നെഞ്ചിൽ തീ കോരിയിട്ട പോലെ …..നീ ഇവിടുന്നു ഒന്ന് രക്ഷപെട് മോളെ …അമ്മയ്ക്കു ഇതൊന്നും കേൾക്കാൻ വയ്യ …

അമ്മയ്ക്കു ഒന്നും പറയാനും പറ്റില്ല .അയാൾ അപ്പോൾ തുടങ്ങും ബഹളം.

ടാ ….ദുഷ്ടാ…..നിനക്ക് ഇങ്ങനൊക്കെ എന്റെ കുട്ടിയോട് പറയാൻ തോന്നുന്നല്ലോ ?നീ ഈ അനുഭവിക്കുന്ന സ്വത്തൊക്കെ എന്റെ കുട്ടയുടേതാണെന്നു ഓർത്തോണം.

അമ്മൂമ്മ അയാൾക്കു നേരെ വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു.

ഓ …നിങ്ങടെ കെട്ടിയോൻ ഉപേക്ഷിച്ച മോളെയും പിന്നെ ഈ ….പെണ്ണിനേയും എന്റെ തലയിൽ കെട്ടി വച്ചിട്ടല്ലേ ….അതിന് ഇതൊന്നും പോരാ.

വേണ്ട അമ്മൂമ്മേ ഒന്നും പറയണ്ട …അമ്മൂമ്മയേയും വിളിച്ചു റൂമിലേക്ക് നടക്കുമ്പോൾ അയാൾ പിറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.

ടീ ….ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ നിന്റെ മറ്റേ കാലുംകൂടി ഞാൻ ചവിട്ടി ഓടിക്കും .

അമ്മ വാ പൊത്തി കരഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോകുന്ന കണ്ടു.

നിറഞ്ഞ കണ്ണുകളോടെ അമ്മൂമ്മ തന്നെ നോക്കിയപ്പോൾ ഒന്നും ഇല്ല എന്ന് താൻ കണ്ണിറുക്കി കാണിച്ചു ചിരിച്ചു .ആ വിളി കേട്ടുകേട്ട് മടുത്തിരിക്കുന്നു. അതുകൊണ്ടു തനിക്കു കരച്ചിലൊന്നും വന്നില്ല.

ഓരോന്നോർത്തു ഉറക്കം നഷ്ടപെട്ടിരിക്കുമ്പോളാണ്, ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.അപ്പോളാണ് മേശയുടെ അറ്റത്തിരിക്കുന്ന ഫോൺ അവൾ ശ്രദ്ധിച്ചത്.

ഫോൺ കൈ യെത്തിച്ചു എടുക്കുന്നതിനിടയിൽ അവൾ ഓർത്തു .താൻ ഇവിടെ ഇരുന്നതുകൊണ്ടാവും അരവിന്ദേട്ടൻ ഫോൺ പോലും എടുക്കാൻ വരാതിരുന്നത്.

ഫോണിലെ സ്‌ക്രീനിൽ തെളിഞ്ഞ പേര് അവൾ വായിച്ചു.

സുമിത്ര …..

അവൾ പതിയെ പറഞ്ഞു .അരവിന്ദേട്ടന്റെ പെണ്ണ് ….

അവൾ ഫോണുമായി അയാളുടെ മുറിയിലേക്കു നടക്കുമ്പോൾ മനസ്സിൽ ഒരു നോവ് പടർത്തി ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു ….

അവൾ വിളിക്കുന്നതിന്‌ മുൻപേ അയാൾ കണ്ണു തുറന്നു.

അവൾ ഫോൺ അയാളുടെ നേരെ നീട്ടി മുറിയിൽ നിന്നും ഇറങ്ങി പഴയ പോലെ കസേരയിൽ പോയിരുന്നു .

അരവിന്ദൻ എന്തോക്കയോ പറയുന്നത് അവൾക്കു അവ്യക്തമായി കേൾക്കാമായിരുന്നു ….

ഫോൺ വിളി നിലച്ചപ്പോൾ അവൾ എന്തോക്കയോ മനസ്സിൽ കണക്ക് കൂട്ടി പതിയെ മുറിയിലേക്കു ചെന്നു.

അരവിന്ദേട്ടാ …അവളുടെ ശബ്ദം നേരിയതായി വിറക്കുന്നുണ്ടായിരുന്നു …

വെറുതെ കണ്ണടച്ചു കിടന്നു കൊണ്ടു തന്നെ അയാൾ മൂളി കേട്ടു .

എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു …

ഞാൻ ഈ കല്യാണം ആവന്നതും വേണ്ടന്നു പറഞ്ഞതാണ് .ആര് കേൾക്കാൻ …അല്ലെങ്കി തന്നെ എന്നെപ്പോലുള്ള ഒരാളുടെ വാക്ക് ആര് കേൾക്കാൻ ?

എനിക്കറിയാം അരവിന്ദേട്ടന് എന്നെ ഒരു ഭാര്യയായി മനസ്സുകൊണ്ട് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന്.

എന്നെ ഏതെങ്കിലും ഒരു അഗതി മന്ദിരത്തിലോ ആശ്രമത്തിന്റെ കൊണ്ടു വിട്ടേക്കൂ .എന്നെ ആരും അന്നോഷിച്ചു വരില്ല .പുറത്തേക്കു വലിച്ചെറിഞ്ഞ വക്കു പൊട്ടിയ ഒരു പാത്രം പോലെയാണ് ഞാൻ ….ഒന്നിനും ഉപകരിക്കാത്തവൾ ….സ്വയം ഒരു അവഞ്ജയോടെയാണ് അവളതു പറഞ്ഞത്.

എന്നിട്ടോ…?അയാൾ കണ്ണ് തുറക്കാതെ ചോദിച്ചു .

എന്നിട്ട് …എന്നിട്ട് അരവിന്ദേട്ടൻ സുമിത്രയെ വിവാഹം കഴിച്ചു ജീവിച്ചോളു ….ഒരിക്കലും മനസ്സുകൊണ്ട് പോലും ഞാൻ നിങ്ങളെ രണ്ടാളെയും ശപിക്കില്ല ….എന്നെ അവിടുന്ന് രക്ഷിച്ചല്ലോ അത് മതി …

അതുകേട്ട് അയാൾ കണ്ണു തുറന്നു അവളെ നോക്കി …അവളുടെ കവിളുകൾ കണ്ണീർ കുതിർത്തില്ലെങ്കിലും കണ്ണുകളിൽ ഉള്ളിലെ വേദന കത്തി നിന്നിരുന്നു.

കല്യാണ ദിവസം തന്നെ ഭർത്താവിന് മറ്റൊരു പെണ്ണിനു വിട്ടുകൊടുക്കാൻ തയ്യാറായ ആദ്യത്തെ ഭാര്യ ഇവളായിരിക്കും ….എന്തു മാത്രം വേദന ഉണ്ടാവും ആ മനസ്സിൽ …

തന്റെ അടുത്ത് കട്ടലിൽ കൈ തട്ടികൊണ്ട് അയാൾ പറഞ്ഞു. ഗീതു അവിടെ ഇരിക്ക് ….

ഞാൻ സുമിത്രയെ കാണാൻ ഒരു ദിവസം പോയിരുന്നു.അന്നാണ് ഗീതുവിന്റെ അമ്മ വിളിച്ചതും.

അവൾ അന്ന് എന്നോട് കരഞ്ഞു കൊണ്ടു പറഞ്ഞത് എന്താണെന്നു അറിയാമോ ?

എനിക്ക് ദേവേട്ടനെ കാണണം ….അവളുടെ ഭർത്താവിന്റെ പേര് അതാണ്.

ആ കാലിൽ കെട്ടിപിടിച്ചു മാപ്പു ചോദിക്കണം വേദനിപ്പിച്ചതിനു …..

അവള് പറയുന്നത് എനിക്ക് മനസ്സിലായില്ല.ഞാൻ ചോദിച്ചു.

നിന്നെ അയാൾ വേണ്ടന്നു പറഞ്ഞതല്ലേ?

ആര് പറഞ്ഞു ?മറു ചോദ്യം ചോദിച്ചു അവളെന്നെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ കൂടുതൽ വിടർന്നു.

ഞാൻ പറഞ്ഞിട്ടുണ്ടോ ..?അരവിന്ദേട്ടനും ഞാനും ഇതേപ്പറ്റി എന്നെങ്കിലും സംസാരിച്ചിട്ടുണ്ടോ ?

ഞാൻ പറഞ്ഞു ,ആളുകൾ അങ്ങനെയല്ലേ പറയുന്നത് ?

ഞാൻ ഇവിടെ വന്നപ്പോൾ ആളുകളോർത്തു നമ്മുടെ ബന്ധം അറിഞ്ഞു അദ്ദേഹം എന്നെ ഉപേഷിച്ചതാണെന്നു.അദ്ദേഹം അത്രക്കും ഇടുങ്ങിയ മനസുള്ള ഒരാളല്ല .

സാരിയുടെ മുന്താണിയിൽ നിന്നും തൂങ്ങിക്കിടക്കുന്ന ചുവപ്പു നൂലുകൾ തന്റെ ചൂണ്ടു വിരലിൽ ചുരുട്ടിയും അഴിച്ചുമാണ് അവൾ സംസാരിച്ചുകൊണ്ടിരുന്നത്.

പിന്നെ എന്താ സംഭവിച്ചത് നീ തെളിച്ചു പറ സുമിത്രേ ?

ഞാൻ ആണ് തെറ്റുകാരി …താലികെട്ടിയ പുരുഷനെ ഭർത്താവായി അംഗീകരിക്കാൻ കഴിയാത്തവൾ …സത്യം പറയാം താലികെട്ടിയ അന്നുമുതൽ പിന്നെ ഒരിക്കലും അരവിന്ദേട്ടനെ പഴയ അരവിന്ദേട്ടനായി ഞാൻ കണ്ടിട്ടില്ല.

എന്നാലും അദ്ദേഹത്തെ ഉൾകൊള്ളാൻ മനസ്സ് കുറച്ചു മടുത്തു …ഒരു ഭാര്യയുടെ കടമകളൊന്നും എനിക്ക് ശരിയായി നിർവഹിക്കാൻ സാധിച്ചില്ല …ഒരു അകൽച്ച

ദേവേട്ടൻ അത് മനസ്സിലാക്കിയതുകൊണ്ടു എന്നോട് പറഞ്ഞു. കുറച്ചു ദിവസം നീ വീട്ടിൽ പോയി നില്ക്കൂ …അപ്പോൾ നിനക്ക് നല്ല ഒരു തീരുമാനം എടുക്കാൻ പറ്റും ആ തീരുമാനം എന്താണെന്നു എന്നെ അറിയിക്കുക.

പൂർണ്ണമനസ്സോടെ കൂടെ പോരാനാണെങ്കിൽ ഞാൻ വന്നു വിളിക്കാം ….അതല്ല ….കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ എവിടെ വേണമെങ്കിലും ഒപ്പ് ഇട്ടു തരാം …

ഇവിടെ വന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുതൽ എനിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ ….എങ്ങനെയെങ്കിലും

ദേവേട്ടന്റെ അടുത്ത് എത്താൻ മനസ്സ് കൊതിക്കുവാണ്.അദ്ദേഹത്തെ വിളിച്ചു പറയാൻ ഒരു മടി.

അപ്പോൾ ഇന്ന് അമ്മ വിളിച്ചു …ആള് ഓഫീസിൽ വച്ച് ഒന്ന് തല കറങ്ങി വീണുന്ന് …ഹോസ്പിറ്റലിൽ ആണന്നു ഞാൻ വന്നതിൽ പിന്നെ ആള് ആകെ മാറിന്ന് …പഴയപോലെ ചിരിയും കളിയും ഒന്നു ഇല്ല …നേരെ ചൊവ്വേ ഭക്ഷണം പോലും കഴിക്കുന്നില്ലന്നു …

അവളുടെ കണ്ണുകളിൽ അപ്പോൾ കണ്ട വേദന തന്നെ പിരിയുമ്പോൾ കണ്ടതിലും എത്രയോ ഇരട്ടിയാണെന്നു ഞാൻ ഓർത്തു .

എനിക്ക് പോണം .എന്റെ ദേവേട്ടന്റെ അടുത്തേക്ക് അതിനാണ് ഞാൻ അരവിന്ദേട്ടനെ രാവിലെ ഫോണിൽ വിളിച്ചത് കാണാണമെന്നു പറഞ്ഞത് .ഇനി ഒരിക്കലും അരവിന്ദേട്ടൻ എന്നെ ഓർത്തു വിഷമിക്കരുത് .ഞാൻ എന്റെ ദേവേട്ടന്റെ പെണ്ണാണ് .

അത് പറയുമ്പോൾ അവളുടെ കണ്ണീരിനു പോലും ഒരു തിളക്കമുണ്ടെന്നു തോന്നി .

അന്നെനിക്ക് ഒരു കാര്യം മനസ്സിലായി ഒരു പെണ്ണ് ഒരാണിനെ എത്ര അധികം സ്നേഹിച്ചാലും ഒരു പുരുഷൻ അവളെ താലികെട്ടിക്കഴിഞ്ഞാൽ അവളുടെ മനസ്സില് പിന്നെ അയാള് മാത്രമേ ഉണ്ടാകൂ …ഉണ്ടാകാൻ പാടുള്ളൂ …

ഇതാണ് സുമിത്ര അന്ന് എന്നോട് പറഞ്ഞത്.

അരവിന്ദേട്ടന് എന്നാലും വിഷമം ഉണ്ടല്ലേ ?മുഖം കണ്ടാൽ അറിയാം .ഗീതു ചോദിച്ചു.

ഏയ് …അത് അതൊന്നുമല്ല …ദേവൂട്ടി അവള് പോകുമ്പോൾ പോലും ഒന്നു അടുത്ത് വന്നില്ല ….

ഞാൻ ഓർത്തിട്ടുണ്ട് എന്റെ അനിയത്തി കുട്ടി കല്യാണം കഴിഞ്ഞു ഈ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഏട്ടാ …എന്ന് വിളിച്ചു എന്നെ കെട്ടിപിടിച്ചു കരയുന്നതു.

അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു എന്റെ എല്ലാമാണെന്നു പറഞ്ഞു അയാളുടെ കൈകളിൽ അവളുടെ കൈ വെച്ച് കൊടുക്കുന്നത് …ഒന്നു ശരിക്കും മിണ്ടിപോലുമില്ല .എന്നെ അവൾ അപ്പോൾ തന്നെ മറന്നു…

അതാണോ കാര്യം അവൾ എന്നോട് പറഞ്ഞു എന്റെ ഏട്ടനെ നന്നായിട്ടു നോക്കണമെന്ന് .ഇതുവരെയും എന്റെ ഏട്ടൻ ജീവിതത്തിൽ ഒരു സുഖവും സന്തോഷവും അനുഭവിച്ചിട്ടില്ലന്നു …ഏട്ടന്റെ അടുത്തേക്ക് പോകുന്നില്ലെന്നും പറഞ്ഞു.

പോയ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ലെന്നും പൊട്ടിക്കരഞ്ഞു പോകുമെന്നും അത് ഏട്ടന് വിഷമമാകുമെന്നും പറഞ്ഞു .

അങ്ങനെ പറഞ്ഞോ ..?തന്റെ മുഖത്തെ കുറ്റി രോമം തടവി ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു.

ഉം ….അവൾ തലയാട്ടി

അരവിന്ദേട്ടന് സന്തോഷമായോ ?

കള്ളി …അവള് ഏട്ടനെ പിന്നെയും പറ്റിച്ചു ….ഇത്തവണ അയാളുടെ ചിരി കുറച്ചുകൂടി ഉച്ചത്തിലായിരുന്നു.

അയാളുടെ ചിരി അവളുടെ ചുണ്ടുകളിലും പറന്നെത്തി

ഇങ്ങോട്ട് വാ പെണ്ണേ …അയാൾ അവളെ കൈക്കു പിടിച്ചു അടുത്തിരുത്തി.

അരവിന്ദേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ?

നീ എന്തുവേണമെങ്കിലും ചോദിച്ചോ ?

എന്തിനാണ് സുമിത്ര ഇപ്പോ വിളിച്ചത്?

അതോ …അവര് നമ്മുടെ കല്യാണത്തിന് വരാമെന്നു പറഞ്ഞതാ ….രണ്ട് ദിവസം മുൻപാണ് ദേവനെ ഹോസ്പിറ്റലിൽ നിന്നും വിട്ടത്. അതുകൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യണ്ടാന്ന് വെച്ചു.

അവൾ ഒരു കാര്യം പറഞ്ഞു ഒരു പെണ്ണിന്റെ കഴുത്തിൽ താലി വീണു കഴിഞ്ഞാൽ പിന്നെ അവളുടെ മനസ്സില് അയാൾ മാത്രമേ ഉണ്ടാവൂ എന്ന് ….അതായത്‌ അവളുടെ മനസ്സിൽ പോലും ഞാൻ ഇല്ലന്ന്

ഉള്ളിലെ സന്തോഷം ഒളിപ്പിക്കുവാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും ചുണ്ടുകൾക്ക് അത് പൂട്ടിവെക്കുവാൻ സാധിച്ചില്ല …

ഞാൻ എന്താ മറുപടി പറഞ്ഞതെന്ന് അറിയോ പെണ്ണെ ?

എന്താ ?

ഒരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടിയാൽ പിന്നെ അയാളുടെ മനസ്സിൽ അതുവരെ ഉള്ളവരൊക്കെ പടിയിറങ്ങും ….അതാണ് ശരി …

അപ്പോ പിന്നെ ….അവൾ വാക്കുകൾ മുഴുമിപ്പിച്ചില്ല …

ഒരു പിന്നേയും ഇല്ല ഇപ്പോൾ നീ മാത്രമേ ഉള്ളൂ മനസ്സിൽ

എന്റെ മനസ്സിൽ പിന്നെ ഇറക്കി വിടാൻ ആരുമില്ല…..നിങ്ങളാണ് ആദ്യം കേറിവന്നത് അവസാനം വരെയും അതായിരിക്കും.

അത് പറയുമ്പോൾ അവൾക്കു ഒരു പ്രത്യക ഭംഗിയുണ്ടന്നു അയാൾക്കു തോന്നി .

പെണ്ണെ നീയെന്റെ ഭാഗ്യമാണ് ….

നീലക്കുറിഞ്ഞി പൂവുകളെ കുറിച്ച് നീ കേട്ടിട്ടില്ലേ?വൈകിയേ അവയിൽ വസന്തം നിറയാറുള്ളു ….നീയെനിക്കു അതുപോലെ ആണ് .അത് പറഞ്ഞു അവളെ തന്നോട് ചേർത്തണക്കുമ്പോൾ ജീവിതത്തിൽ ആദ്യമായി അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പി …അയാളുടെ മനസ്സും ….

ശുഭം

Leave a Reply

Your email address will not be published.