ഭാവിയിൽ ഇതുപോലെയുള്ള അമ്മമാരാകാൻ നമുക്ക് ശ്രമിക്കാം… “അമ്മേ …അമ്മയ്ക്കു ശ്രുതിയെ ശരിക്കും ഇഷ്ടമായോ ?”

അമ്മ- രചന: നിവിയ റോയ്

ഭാവിയിൽ ഇതുപോലെയുള്ള അമ്മമാരാകാൻ നമുക്ക് ശ്രമിക്കാം…

“അമ്മേ …അമ്മയ്ക്കു ശ്രുതിയെ ശരിക്കും ഇഷ്ടമായോ ?”

അനിയൻ വിശാലിന്റെ പ്രതിശ്രുത വധുവിനെക്കുറിച്ചുള്ള തന്റെ അമ്മ ദേവകിയമ്മയുടെ അഭിപ്രായം അറിയാൻ വിദ്യ ഓരോ ചോദ്യങ്ങളുമായി അമ്മയുടെ അടുത്ത് കൂടി .

“അവൾക്കെന്താ കുഴപ്പം അവൾ നല്ല മിടുക്കിയല്ലേ ?നമ്മുടെ കുട്ടന് അവൾ നന്നായിട്ടു ചേരും .”

“ഉം …..എന്നാലും നമ്മള് അവളെ കാണാൻ വരുന്നുണ്ടന്നു വിശു പറഞ്ഞിട്ടും അവളിട്ട ഡ്രസ്സ് കണ്ടില്ലേ ?ജീൻസും ടോപ്പും .പരിഷ്കാരമൊക്കെ കൊള്ളാം എന്നാലും ഭാവി അമ്മായിയമ്മയും നാത്തൂനുമാണ് വരുന്നതെന്നറിഞ്ഞിട്ടും…..മര്യാദക്കു ഡ്രസ്സ് ഇട്ടുടായിരുന്നോ ?”

“ആ ഡ്രെസ്സിനെന്താണ് കുഴപ്പം .അവൾക്കു നന്നായിട്ടു ചേര്ന്നുമുണ്ടായിരുന്നു .അതുമല്ല അവളെ നമ്മള് കാണാൻ പോയത് ഹോസ്റ്റലിലല്ലേ ? . സാരിയൊക്കെ ഉടുത്തൊരുങ്ങി നിക്കാൻ അവിടെ പറ്റുവോ .”

“ഞാൻ പണ്ട് ഒന്നു ജീസ് ഇടണമെന്ന് പറഞ്ഞപ്പോൾ ഇവിടെ അമ്മക്കും അവനും എന്തായിരുന്നു പ്രശ്നങ്ങൾ .” മുഖം വീർപ്പുച്ചുകൊണ്ടു വിദ്യ പറഞ്ഞു .

“എന്റെ മോളെ നിന്റെ ശരീരപ്രകൃതിക്കു അത് ചേരുന്നില്ലായിരുന്നു അതാണ് അന്ന് അങ്ങനെ പറഞ്ഞത്.”

എന്നിട്ടു ഇപ്പോൾ ഞാൻ ഇടുന്നുണ്ടല്ലോ …?

“ഇപ്പോൾ പിന്നെ നിന്റെ ഭർത്താവിന് കുഴപ്പമില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്തു കാര്യം “

അവിയലിനുള്ള കൂട്ടുകൾ അറിയുന്നതിനിടയിൽ ദേവകിയമ്മ പറഞ്ഞു .

“അവള് മുടി മുറിച്ചിട്ടിരിക്കുന്നതു അമ്മ കണ്ടില്ലേ …? എന്തായിരുന്നു വിശുവിന്റെ പെണ്ണിനെക്കുറിച്ചുള്ള അമ്മയുടെ സങ്കല്പം നല്ല മുടി വേണം നിറം വേണം എന്തൊക്കെയായിരുന്നു …..”

“ടി മോളെ എല്ലാ അമ്മമാർക്കും വന്നുകേറുന്ന മരുമകളെകുറിച്ച് കുറച്ചു സങ്കല്പങ്ങളൊക്കെ കാണും . എന്ന് കരുതി നമ്മളല്ലല്ലോ അവരുടെ കൂടെ ജീവിക്കേണ്ടത്.അവന് അവളെ ഇഷ്ടപ്പെട്ടു അവരാണ് ഓർമിച്ചു ജീവിക്കേണ്ടത്.സന്തോഷമായിട്ടു അവര് ജീവിച്ചാൽ മതി.”

“പിന്നെ കല്യാണം കഴിഞ്ഞു അവളിവിടെ നില്കില്ലട്ടൊ അവള് വിശുവിന്റ കൂടെ പോകും .പിന്നെയും നിങ്ങളു രണ്ടാളും ഒറ്റക്കു തന്നെ.”

അമ്മയുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് .അമ്മ അരിഞ്ഞിട്ട ഒരു മാങ്ങ പൂള് കടിച്ചുകൊണ്ട് വിദ്യ പറഞ്ഞു .

“കല്യാണം കഴിഞ്ഞു അവൻ അവളെ ഇവിടെ നിർത്തിയിട്ടു പോകാമെന്നു പറഞ്ഞാൽ പോലും ഞാൻ സമ്മതിക്കില്ല . എന്റെ കുട്ടന് ഒരു ഇണയും തുണയുമായിട്ടു എപ്പോളും ആ കുട്ടിയുണ്ടാവണം .അവരു ചെറു പ്രായമാണ് ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചുമൊക്കെ അവരങ്ങു ജീവിച്ചോളും . നമ്മൾ ഈ വീട്ടുകാര് അതിനിടക്ക് വെറുതെ ചെന്ന് കേറിയാണ് ചെറിയ സൗന്ദര്യ പിണക്കങ്ങൾ വലുതാക്കുന്നത് .അവരു ജീവിക്കട്ടെന്നേ…നീയും നിന്റെ അമ്മായിയമ്മയുടെ കൂടെയൊന്നുമല്ലല്ലോ താമസിക്കുന്നത് .സുരേഷിന്റെ കൂടെ ജോലി സ്ഥലത്തല്ലേ .പിന്നെ നിന്റെ നാത്തൂൻ ഞങ്ങളുടെ കൂടെ നിൽക്കണമെന്ന് നീ പറയുന്നതിലെന്തു കാര്യം ….”

“അമ്മ ഇപ്പോൾ തന്നെ മരുമകളെ എടുത്തു തലയിൽ വച്ചോളൂ ….കിട്ടിക്കോളും ….അവളെ കണ്ടാലറിയാം മുൻശുണ്ഠികാരിയാണെന്നു …നന്നായിട്ടു പ്രാർത്ഥിച്ചോളൂട്ടോ മരുമകള് വീട്ടിൽ പ്രശ്നമൊന്നും ഉണ്ടാകാതിരിക്കാൻ “

അമ്മയുടെ ഒരു നിമിഷത്തെ മൗനം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു ഈപ്രാവശ്യം താൻ പറഞ്ഞത് അമ്മയ്ക്കു ഏറ്റിട്ടുണ്ട്.അവളോർത്തു .

“ഞാൻ എന്തിനു അങ്ങനെ പ്രാർത്ഥിക്കണം .ഞാൻ കാരണം ഈ വീട്ടിൽ ഒരു പ്രശ്നവും ഉണ്ടാവരുതേ എന്ന് പ്രാര്ഥിക്കുന്നതല്ലേ കൂടുതൽ നല്ലത് .മറ്റുള്ളവരുടെ മാറ്റത്തിനല്ല മറ്റുള്ളവരെ അവർ ആയിരിക്കുന്ന പോലെ സ്നേഹിക്കാൻ സാധിക്കണേ ഇന്ന് പ്രാര്ഥിക്കുമ്പോളാണ് പ്രാർഥനക്കും അർത്ഥമുണ്ടാകുന്നത് .
പിന്നെ മുൻശുണ്ഠിയുടെ കാര്യം . നിനക്കും അതിനു കുറവൊന്നുമില്ലല്ലോ .എന്തെങ്കിലും ഒരു കാര്യം നിന്നോട് പറയാൻ പറ്റുമായിരുന്നു ?പിന്നെ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു .പാവം സുരേഷ് അവനു നിന്നെ സഹിക്കാമെങ്കിൽ പിന്നെ വിശുകുട്ടന് ശ്രുതിയെയും സഹിക്കാം .

താൻ വരുമെന്നറിഞ്ഞു നേരത്തെ തന്നെ വാങ്ങി വച്ച ചെമ്മീൻ നന്നാക്കാൻ പുറത്തേക്കിറങ്ങുന്നതിനിടയിൽ അമ്മ പറഞ്ഞു .

“എനിക്ക് ഒന്നേയുള്ളു പ്രാർത്ഥന ന്റെ മക്കളെപ്പോലെ തന്നെ ആ കുട്ടിയെ കണ്ട് സ്നേഹിക്കാനും തെറ്റുകൾ മറക്കാനും പൊറുക്കാനുമൊക്കെ സാധിക്കണമെന്ന് .”

എന്നോട് തിരിഞ്ഞു അമ്മ ഒരു വാക്കുകൂടി കൂട്ടി ചേർത്തു.

“പിന്നെ ദേ വിദ്യേ നീ നിന്നെ കെട്ടിച്ചു വീട്ടിലെ മകളാണ് .അതുപോലെ ശ്രുതി എനിക്ക് മരുമകളല്ല മകളാണ് …”

അതും പറഞ്ഞു അമ്മ അടുക്കള പിറകിലേക്ക് നടന്നു നീങ്ങുമ്പോൾ വിദ്യ അനിയന് മെസ്സേജ് അയക്കുകയായിരുന്നു .

ഡാ ….നീ തന്നെ ജയിച്ചു .ഞാൻ എന്തൊക്കെ പറഞ്ഞിട്ടും നിന്റെ പെണ്ണിനെക്കുറിച്ചു ഒരു വാക്കുപോലും അമ്മ മോശം പറഞ്ഞില്ലാട്ടോ .നമ്മുടെ അമ്മയ്ക്കു മക്കളായി പിറക്കാൻ നമുക്ക് പറ്റിയത് നമ്മുടെ വല്യ ഭാഗ്യമാണ് .
നിന്റെ പെണ്ണ് മഹാഭാഗ്യവതിയാണ് .ഇങ്ങനെ ഒരു അമ്മായിഅമ്മയെ കിട്ടിയല്ലോ…അല്ലല്ല ….അമ്മയെ .പിന്നെ ബെറ്റു വെച്ചു ഞാൻ തോറ്റെങ്കിലും വരുമ്പോൾ വൈരക്കല്ലു മൂക്കുത്തി മേടിക്കാൻ മറന്നേക്കരുത് ഇല്ലെങ്കിൽ ഞാൻ ഉറപ്പായിട്ടും നാത്തൂൻ പോരെടുക്കൂട്ടൊ…

ചെമ്മീൻ നന്നാകുന്നതിനിടയിൽ അടുക്കള പടിയിലിരിക്കുന്ന വിദ്യയെ നോക്കി അമ്മ പറഞ്ഞു

“നിനക്കു ഇത്രയും കുശുമ്പ് പാടില്ലാട്ടോ വിദ്യേ …..നീ പറയണതെല്ലാം ചെയ്തു തന്നു സുരേഷ് മോൻ നിന്നെ ചീത്തയാക്കി .കാണട്ടെ ഞാൻ പറയുന്നുണ്ട് .

തെല്ലു പറ്റിഭാവം നടിച്ചു അത് പറയുമ്പോൾ ആരും കാണാതെ ദേവകിയമ്മയുടെ കണ്ണുകളിൽ വാൽസല്യത്തിന്റെ ഓളങ്ങൾ വെട്ടി തിളങ്ങി …..

Leave a Reply

Your email address will not be published. Required fields are marked *