പതിവിലും നേരത്തെ ഉറക്കമെണീറ്റു വന്നു അടുക്കളയിലെ ബെഞ്ചിൽ ഇരുന്ന എന്നെ സംശയത്തോടെ നോക്കിയ

രചന: Yazzr Yazrr

പതിവിലും നേരത്തെ ഉറക്കമെണീറ്റു വന്നു അടുക്കളയിലെ ബെഞ്ചിൽ ഇരുന്ന എന്നെ സംശയത്തോടെ നോക്കിയ അമ്മയെ നോക്കി ഞാൻ ഒരു കള്ള ചിരി ചിരിച്ചു.

അമ്മക്ക് കാര്യം മനസിലായി, ചിരിച്ചു കൊണ്ട് ചോദിച്ചു ഓ ഇന്ന് വെള്ളിയാഴ്ച ആണല്ലോ..

അവൻ എണീറ്റില്ലേ, നെറ്റി ചുളിച്ചു കൊണ്ട് ഞാൻ ചോദിച്ചു..ഇല്ല, ഇന്നലെ രാത്രി കിടക്കാൻ പോകുന്നതിനു മുന്നേ പറഞ്ഞിട്ടാ പോയത് രാവിലെ വിളിക്കണം എന്ന്.. അമ്മ പറഞ്ഞു

ഓ എന്തിനു അമ്മ വിളിക്കാനൊന്നും പോകണ്ട…നീ പോയി പല്ല് തേച്ചിട്ട് വാ ചായ തരാം

വേണ്ട ഇപ്പൊ വേണ്ട കുറച്ചു കഴിഞ്ഞു ഞാൻ സമാധാനത്തോടെ കുടിച്ചോളാം

ഇവമ്മാരുടെ ഒരു കാര്യം, ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം കഴിഞ്ഞ ആഴ്ചത്തെ പോലെ രണ്ടും കൂടി കിടന്നു പിടിയും വലിയും നടത്തി അച്ഛൻ ഉണർന്നാൽ അറിയാലോ… അമ്മ പറഞ്ഞു

ഞാൻ പോയി റോഡിൽ നിൽക്കട്ടെ പത്രകാരൻ വരാൻ സമയമായി അവൻ എഴുനേൽക്കാതിരുന്നാൽ മതിയായിരുന്നു…

പോകുന്ന വഴിക്കു അവനെ ഒന്ന് നോക്കി, മൂടി പുതച്ചു കിടന്നുറങ്ങുകയാണ്, പാവം സുഖമായി ഉറങ്ങിക്കോട്ടെ…

ഗേറ്റ് തുറന്നു റോഡിലോട്ട് ഇറങ്ങിയതും ദൂരെ നിന്ന് സൈക്കിളിന്റെ ബെല്ലിന്റെ ശബ്ദം…

ആഹാ ഐശ്വര്യത്തിന്റെ സൈറൺ മുഴുങ്ങുന്ന പോലെ……

പത്രം ഇടുന്ന ചേട്ടൻ സൈക്കിളിൽ വരുന്നത് കാണാൻ തന്നെ എന്ത് ചന്തം ആണ്, വെള്ളിയാഴ്ച മാത്രം

ചേട്ടൻ അടുത്ത് വന്നു ബ്രേക്ക് ഇട്ടിട്ടു ചോദിച്ചു. മറ്റവൻ എവിടെ…ഉറക്കം, ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ശേ ഒരു ഗുസ്തി മിസ്സ്‌ ആയി,

ചേട്ടൻ സൈക്കിളിന്റെ ബാക്കിൽ നിന്നു പത്രം എടുത്തു കയ്യിൽ തന്നു

എങ്കിൽ ശെരി ഞാൻ പോട്ടെ…

ഞാൻ ചിരിച്ചു കൊണ്ട് ചേട്ടനെ നോക്കി

ചേട്ടൻ ചിരിച്ചു കൊണ്ട് മുന്നിൽ തൂകി ഇട്ടിരുന്ന കവറിൽ നിന്ന് ഞാൻ ഇത്ര നേരത്തെ എണീറ്റു അക്ഷമയോടെ കാത്തിരുന്ന സാധനം എടുത്തു കയ്യിൽ തന്നു

“ബാലരമ “

ഈ തണുപ്പത്തും അത് കയ്യിൽ പിടിക്കുമ്പോൾ ഒരു ഇളം ചൂടുണ്ട്

കിട്ടിയ ഉടനെ തന്നെ നടുവിൽ നാലായി മടക്കി പിന് ചെയ്തു വെച്ചേക്കുന്ന പോസ്റ്റർ ഞാൻ അടർത്തി എടുത്തു..

അങ്ങനെ എന്റെ പോസ്റ്റർ കളക്ഷനിൽ ഒരു പൊൻതൂവൽ കൂടി

എന്നാലും അനിയൻ തെണ്ടിയുടെ കയ്യിൽ ആണ് കൂടുതൽ

സാരമില്ല എല്ലാ ആഴ്ചയും ബാലരമ ഉണ്ടല്ലോ നമുക്ക് ശെരിയാക്കാം

പത്രവും ബാലരമയുമായി ഞാൻ അകത്തോട്ടു നടക്കുമ്പോൾ, അകത്തു നിന്ന് പാഞ്ഞു വരുന്ന അനിയനെ ആണ് കാണുന്നത് ബാലരമയുമായി എന്നെ കണ്ട അവൻ ഒരു നിമിഷം അവിടെ സ്തംഭിച്ചു നിന്ന്

ആഹാ അവന്റെ ചമ്മിയ മുഖം കാണാൻ എന്ത് രസം. ഞാൻ ബാലരമ നീട്ടിയിട്ടു ചോദിച്ചു, ഇന്നാ വേണോടാ..വന്ന പോലെ അകത്തോട്ടു ഒരു ഓട്ടം ആയിരുന്നു….ഇനിയാണ് ഏറ്റവും വല്യ ടാസ്ക്

ഇത് എവിടെയെങ്കിലും ഒളുപ്പിച്ചു വെക്കണം. എന്നിട്ട് വേണം വൈകിട്ട് സ്കൂൾ വിട്ടു വന്നിട്ട് സമാധാനത്തോടെ ഒന്ന് വായിക്കാൻ…സാധാരണ ബെഡ് പൊക്കിയിട്ടു അതിന്റെ അടിയിൽ ആണ് വെക്കാറ്. പക്ഷെ അവൻ ആ സ്ഥലം കണ്ടു പിടിച്ചോ എന്നൊരു ഡൌട്ട് ഇല്ലാണ്ടില്ലാണ്ടില്ല…

എന്തായാലും ഈ ആഴ്ച കൂടി അവിടങ് വെക്കാം ഇനി അവൻ അറിയാതെ പുതിയ സ്ഥലമൊക്കെ കണ്ടു പിടിക്കാൻ വല്യ പാടാണ്. അങ്ങനെ കുളിച്ചൊരുങ്ങി വന്നു ആഹാരത്തിന്റെ മുന്നിൽ ഇരിക്കുന്ന അവനെ ഞാൻ ഇടം കണ്ണിട്ട് നോക്കി..

എന്നെ മൈൻഡ് ചെയ്യാതെ ഇരികുവാണ്

എന്നാലും ഈ തവണ മായാവി രക്ഷപെട്ടത് എങ്ങനെയാണെന്ന് അറിയുവോ നിനക്ക്, ഞാൻ അവനോട് ചോദിച്ചു

അമ്മേ എന്ന് വിളിച്ചു ചെവിയും പൊത്തി അവിടെ ഇരുന്നു ഒരു കരച്ചിൽ…

എന്താടാ അവിടെ ബഹളം അച്ഛനെ വിളിക്കണോ, ഈ പിള്ളേര് പോകുന്നത് വരെ ഒരു സ്വസ്ഥതയും ഇല്ലാലോ, അമ്മ ഇത് വരെ ആരും പറയാത്ത വെറൈറ്റി ഡയലോഗും ആയിട്ട് അങ്ങോട്ട് കയറി വന്നു…

അമ്മേ ഇവൻ കഥ പറയുന്നു അമ്മേ… അനിയൻ തെണ്ടി ചിണുങ്ങിക്കൊണ്ട് പറഞ്ഞു

ഇങ്ങനെ പോയാൽ ആ കുന്തം ഇടുന്നത് അങ്ങ് നിർത്തും പറഞ്ഞേക്കാം അമ്മ വീണ്ടും വെറൈറ്റി പിടിച്ചു..

അപ്പൊ കഴിഞ്ഞ ആഴ്ച ഇവൻ സൂത്രന്റെ കഥ പറഞ്ഞതിന് അമ്മക്ക് കുഴപ്പം ഒന്നുമില്ലേ, ഞാൻ ചോദിച്ചു..അത് നീ അതിനു മുന്നേ ജമ്പൻ ബോംബ് കണ്ടു പിടിക്കുന്ന സ്ഥലം എന്നോട് പറഞ്ഞിട്ടല്ലേ, അവൻ ചോദിച്ചു..

വണ്ടി വരാറായി പിള്ളേരെ എനിക്ക് ഇനി അതിന്റ പിറകിൽ കിടന്നു ഓടാൻ ഒന്നും വയ്യ പെട്ടെന്ന് കഴിച്ചിട്ട് പോകാൻ നോക്ക്,.. അമ്മ വീണ്ടും വെറൈറ്റി..

……….

അന്ന് മനസില്ല മനസോടെ ക്ലാസിൽ ഇരിക്കുമ്പോഴും ചിന്ത മുഴുവൻ അടുത്ത രണ്ടു ദിവസത്തിനെ പറ്റിയായിരിക്കും

ഇന്ന് ഒന്ന് കഴിഞ്ഞു കിട്ടിയാൽ രണ്ടു ദിവസം അവധി, വീട്ടിൽ എത്തിയാൽ വായിക്കാൻ ബാലരമ

ശനിയാഴ്ച ടീവിയിൽ, ഷക്കലക് ബൂം ബൂം, ജൂനിയർ ജീ, രാത്രി ഒമ്പതു മണി കഴിഞ്ഞാൽ ഹിന്ദി പടം

ഞായറാഴ്ച മഹാഭാരതം, ശക്തിമാൻ, കാട്ടിലെ കണ്ണൻ, ജങ്കിൾ ബുക്ക്‌

ആഹാ അന്തസ്സ്…..

Leave a Reply

Your email address will not be published. Required fields are marked *