ഒന്ന് മുതൽ പ്ലസ് ടു വരെ പഠിച്ചത് cbsce എന്ന ജയിലിൽ രാവിലെ തേച്ചു മിനുക്കിയ ഷർട്ടും പാന്റും ഇന്സേര്ട് ചെയ്തു കഴുത്തിൽ

മൈ ഫസ്റ്റ് ക്ലാസ്സ്‌ ബങ്ക്

രചന: Yazzr Yazrr

ഒന്ന് മുതൽ പ്ലസ് ടു വരെ പഠിച്ചത് cbsce എന്ന ജയിലിൽ രാവിലെ തേച്ചു മിനുക്കിയ ഷർട്ടും പാന്റും ഇന്സേര്ട് ചെയ്തു കഴുത്തിൽ ചങ്ങല പോലെ ഒരു ടൈ യും കെട്ടി വീടിന്റെ മുന്നിൽ പോയി നിൽക്കും. തണുപ്പുള്ള രാജ്യങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാൻ കോട്ടും സൂട്ടും ടൈയുമൊക്കെ കെട്ടുന്നത് ഈ ചൂടുള്ള നാട്ടിൽ എന്തിനു കോപ്പി അടിക്കുന്നത് എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല..

ഈ കോമാളി കോലത്തിൽ വീടിന്റെ മുന്നിൽ നിൽകുമ്പോൾ മഞ്ഞ പെയിന്റ് അടിച്ചു ഇടി വണ്ടി വരുന്നത് പോലെ സ്കൂൾ ബസ് വരും

അതിൽ കയറി ഇരിക്കുമ്പോൾ സ്കൂളിന്റെ മുറ്റത്തു കൊണ്ടിരിക്കും, പിന്നെ വൈകിട്ട് അവിടുന്ന് കയറുമ്പോൾ തിരിച്ചു വീടിന്റെ മുറ്റത് കൊണ്ട് ഇറക്കും

ഇങ്ങനായിരുന്നു എട്ടാം ക്ലാസ്സ്‌ വരെയുള്ള എന്റെ വിദ്യാലയ ജീവിതം, ഞാൻ ആകെ ഒറ്റക് പുറത്തിറങ്ങുന്നതും ഇങ്ങനെ ആയിരുന്നു എന്ന് പറയാം..

എട്ടാം ക്ലാസ്സ്‌ ഏകദേശം പകുതി ആയപ്പോൾ ഒറ്റക്കാലിൽ തപസ്സ് ഇരുന്നിട്ടും,നിരാഹാര സമരം നടത്തിയിട്ടുമൊക്കെ ആണ് ഞാൻ സ്കൂളിൽ സൈക്കിളിൽ പോകാൻ ഉള്ള അനുവാദം വീട്ടിൽ നിന്നു പിടിച്ചു വാങ്ങിയത്

അങ്ങനെ ജീവിതത്തിൽ ആദ്യമായി പിറ്റേന്ന് സ്കൂളിൽ പോകുന്നത് ഓർത്തിട്ടു തലേന്ന് രാത്രി ഉറക്കം വരാതെ കിടന്നു, പെട്ടെന്ന് ഒന്ന് നേരം വെളുത്തിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു. അങ്ങനെ പിറ്റേന്ന് രാവിലെ അനിയൻ സ്കൂൾ ബസിൽ കയറുന്നത് ഞാൻ പുച്ഛത്തോടെ നോക്കി, ഇവനൊക്കെ ഇനി എന്നാണ് എന്നെ പോലെ ഒരു പുരുഷൻ ആകുന്നത്, പോടാ ആ ചുണ്ടിൽ പറ്റി ഇരിക്കുന്ന പാല് തുടച്ചു കളഞ്ഞിട്ടു സ്കൂൾ ബസിൽ കയറി പോകാൻ നോക്ക്,

ഞാൻ ഇന്ന് വരുന്നില്ലേ എന്ന സംശയത്തോടെ എന്നെ നോക്കി ഇരിക്കുന്ന സ്കൂൾ ബസിലെ പിള്ളേരെ കണ്ടിട്ട് ഞാൻ മനസ്സിൽ പറഞ്ഞു അണ്ണൻ ഇന്ന് സൈക്കിളിൽ അങ്ങ് എത്തികോളാം മക്കൾ ആ ഗ്ലാസ്‌ അടച്ചു ഇടൂ ഇല്ലെങ്കിൽ മുഖത്തു പൊടി അടിക്കും, പിള്ളേരുടെ ഒരു കാര്യം…..

അങ്ങനെ പതിവ് പോലെ പാന്റും ഷർട്ടും ചങ്ങലയുമൊക്കെ എടുത്തണിഞ്ഞു, ബാഗ് എടുത്തു സൈക്കിളിന്റെ ബാക്കിൽ വെച്ചു ക്ലിപ്പ് ഇട്ടു റോഡിലൂടെ ഞെളിഞ്ഞു ഇരുന്നു സ്കൂൾ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി…അങ്ങനെ ക്ലാസിൽ എത്തി ബാഗ് വെച്ചിട്ട് പുറത്തിറങ്ങിയ എന്നോട് എവിടെ പോകുന്നെടാ എന്ന് ചോദിച്ച കൂട്ടുകാരനോട്‌..

ടാ സൈക്കിൾ ചവിട്ടിയത് കൊണ്ട് ആകെ വിയർത്തു കുളിച്ചു, ഒന്ന് മുഖം കഴുകിയിട്ടു വരട്ടെ അവൾ വരുന്നതിനു മുന്നേ…..സൈക്കിളിലോ നീയോ… പിന്നെ എന്ന ഭാവത്തോടെ ഉള്ള അവന്റെ ഇരുപ്പ് കണ്ടിട്ട്, പുച്ഛത്തോടെ ഒരു നോട്ടം നോക്കിയിട്ട് ഞാൻ പൈപ്പിന്റെ ചുവട്ടിലോട്ട് നടന്നു…

അങ്ങനെ കാലം കുറച്ചു കടന്നു പോയി വീട്ടിൽ നിന്ന് സ്കൂളിലോട്ട് ഏകദേശം അര മണിക്കൂർ ചവിട്ടാൻ ഉള്ളത് കൊണ്ട് ഉമ്മ നാൽപതു മിനുട്ട് വരെ ക്ഷമിക്കും, അത് കഴിഞ്ഞാൽ പിന്നെ വഴക് ആയി തിരക്കി ഇറങ്ങൽ ആയി സൈക്കിളിൽ അല്ല എന്തിൽ പോയാലും എനിക്കുള്ള സ്വാതന്ത്യം കിട്ടുന്നില്ലാലോ ദൈവമേ, സ്കൂൾ ബസ് മാറി സൈക്കിൾ ആയി അല്ലാതെ എന്റെ അവസ്ഥക് ഒന്നും യാതൊരു മാറ്റവും ഇല്ല….

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ക്രാഫ്റ്റ് പീരിയഡ് വിഷ്ണു, അവൻ ഇന്നലെ അവന്റെ കസിൻസിന്റെ കൂടെ സിനിമയ്ക്കു പോയ കാര്യം പറയുന്നത്…ടാ അകത്തു കയറി കഴിഞ്ഞാൽ പിന്നെ മുഴുവൻ ഇരുട്ട് ആണ്, ഒരു ഗുഹയിൽ കയറിയ പോലെ ഉണ്ടാകും..

പിന്നെ നമ്മൾ ടീവി യിൽ കാണുന്ന പോലെ ഒന്നുമല്ല പാട്ടു സീനിലൊക്കെ ബാസ് ഉണ്ടല്ലോ, നമ്മുടെ നെഞ്ചത്ത് വന്നു ഇടിക്കുന്ന പോലെ തോന്നും… വിഷ്ണുവിന്റെ മുഖത്തു ഇത് വരെ തിയേറ്ററിന്റെ പടി കാണാത്ത എന്നോടുള്ള പുച്ഛം ആയിരുന്നു

ഈ തെണ്ടി എന്നെ മനഃസമാധാനത്തോടെ ജീവിക്കാനും സമ്മതിക്കൂലെ, എനിക്ക് ഇപ്പൊ തിയേറ്ററിൽ പോയി പടം കാണണം,…

എങ്ങനെ പോകാനാ ഒരു ഓർത്തഡോക്സ്‌ ഫാമിലിയിൽ ജനിച്ചു പോയ എനിക്ക് ടീവി യിൽ സിനിമ കാണുന്നതും പാട്ടു കേൾക്കുന്നതിനും ഒന്നും ആർക്കും എതിർപ്പില്ല. പക്ഷെ തിയേറ്ററിൽ പോയി പടം കാണുന്നത് എന്തോ വല്യ തെറ്റ് ആണെന്ന് ആണ് അവർ പറയുന്നത്, ഇതിലെ ലോജിക് എന്താണെന്നു എനിക്ക് ദേ ഈ നിമിഷം വരെ മനസിലായിട്ടില്ല…

ഇനി വിഷ്ണു തീയേറ്ററിനെ പറ്റി പറയുമ്പോൾ ഒരു മണ്ടനെ പോലെ വാ പൊളിച്ച് ഇരിക്കാൻ പാടില്ല, എനിക്കും തിയേറ്ററിൽ പോകണം ഞാനും പോയിരിക്കും, ഞാൻ മനസ്സിൽ കുറിച്ചിട്ടു..പക്ഷെ എങ്ങനെ വീട്ടിൽ നിന്ന് ആരും കൊണ്ട് പോകില്ല അറിയാവുന്ന ആരോടും പോയി ചോദിക്കാനും പറ്റില്ല എന്നെ ഒന്ന് തിയേറ്ററിൽ കൊണ്ട് പോകുമോ എന്ന്…

ഞാൻ ചിന്തിച്ചു ഇല്ലെങ്കിൽ തന്നെ ഇത്രയും വളർന്നു പുരുഷൻ ആയ ഞാൻ എന്തിനു ആരോടെങ്കിലും ചോദിക്കണം എന്നെ സിനിമക്ക് കൊണ്ട് പോകാൻ,

എനിക്കെന്താ ഒറ്റക് പൊക്കൂടെ എനിക്ക് അതിനുള്ള കഴിവ് ഇല്ലേ, നാല് മാസം കൂടി കഴിഞ്ഞാൽ ഞാൻ ഒമ്പതാം ക്ലാസിൽ ആണ് ഒമ്പതാം ക്ലാസിൽ..

അങ്ങനെ ഒറ്റക് സിനിമയ്ക്കു പോകാൻ ഞാൻ തീരുമാനിച്ചു..തിയേറ്ററിൽ പോകാൻ എവിടെ നിന്ന് ഏത് ബസിൽ കയറണം എവിടെ ഇറങ്ങണം, ടികെറ്റ് ചാർജ് എത്ര അങ്ങനെ എനിക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ഞാൻ പല പല കൂട്ടുകാരമാരിൽ നിന്ന് ചോദിച്ചറിഞ്ഞു..

അന്നൊക്കെ ഒരു ടിക്കറ്റിനു മുപ്പത്തിയഞ്ചു രൂപ ആണ് ചാർജ് അപ്പോൾ ആദ്യ കടമ്പ പൈസ എങ്ങനെ ഒപ്പിക്കും, അച്ഛന്റെ പോക്കറ്റിൽ നിന്ന് അങ്ങേ അറ്റം പത്തു രൂപ വരെയൊക്കെ അടിച്ചു മാറ്റിയിട്ടുണ്ടെങ്കിലും, മുപ്പത്തിയഞ്ചു രൂപയൊക്കെ ഒറ്റയടിക്ക് അടിച്ചുമാറ്റാനുള്ള ധയ്ര്യം എനിക്കില്ലായിരുന്നു.

അപ്പോഴാണ് മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയത്..

പറങ്കി മാങ്ങാ പൂക്കുന്ന സമയം ആയിരുന്നു അത്, വീടിനോട് ചേർന്ന് നിൽക്കുന്ന ഗൾഫിൽ സെറ്റിൽ ആയ അച്ഛന്റെ അനിയന്റെ വസ്തുവിൽ നിറയെ പറങ്കി മരങ്ങൾ ആണ് അച്ഛൻ ആണ് അതിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്..

ശേഖരിച്ചു വെച്ച പറങ്കിയണ്ടികൾ എല്ലാം അച്ഛൻ ചന്തയിൽ ഒരു അപ്പൂപ്പന്റെ അടുത്ത് കൊടുത്തു കാശ് വാങ്ങുന്നത് എനിക്കറിയാം, ചിലപ്പോഴൊക്കെ ഞാനും അച്ഛനൊപ്പം പോകാറുണ്ട്…..

അങ്ങനെ അന്ന് മുതൽ വീട്ടുകാർ അറിയാതെ ഞാൻ പറങ്കിയണ്ടികൾ ശേഖരിച്ചു മാറ്റി വെച്ചു തുടങ്ങി, ഏകദേശം ഒരു കിലോ മതിയാകും എനിക്ക് പടം കണ്ടിട്ട് തിരിച്ചു വരാനുള്ള കാശ് കിട്ടാൻ…

അങ്ങനെ ഒരു ദിവസം വീട്ടുകാർ അറിയാതെ തന്നെ ഞാൻ ചന്തയിൽ പോയി എന്റെ പറങ്കിയണ്ടി ശേഖരം കാശാക്കി മാറ്റി. എഴുപതു രൂപയോളം ആണ് എനിക്ക് കിട്ടിയത്. ഇതിപ്പോ രണ്ടു പടം കാണാനുള്ള കാശ് ഉണ്ടല്ലോ, ഒരാളെ കൂടി കൂട്ടിനു വിളിച്ചാലോ വേണ്ട ഒറ്റക് പോയാൽ മതി ഒരാളെ കൂടി കൂട്ടിനു വിളിച്ചിട്ട് അവസാനം പണിയായാലോ, അതുമല്ല അവസാന നിമിഷം അവൻ വരുന്നില്ല എന്ന് പറഞ്ഞാൽ എന്റെ ഉള്ള ധയ്ര്യം കൂടി പോകും..

അങ്ങനെ ആദ്യ കടമ്പ കടന്നു, ഇനി ഏത് പടം കാണണം. അങ്ങനെ നല്ല പടമൊന്നും വേണെമെന്നില്ല എനിക് തിയേറ്റർ ഒന്ന് കാണണം അത്രേ ഉള്ളു.പത്രം എടുത്തു രണ്ടാമത്തെ പേജിൽ ഏറ്റവും താഴെ ഇന്നത്തെ പടം കോളം നോക്കി…ആരാധന തിയേറ്ററിൽ ക്രേസി ഗോപാലൻ, എന്റെ കണ്ണിൽ പെട്ടു ഇതിന്റെ ട്രൈലെർ ടീവി യിൽ കണ്ടപ്പോഴേ എനിക്ക് ഇഷ്ടപെട്ടത് ആണ് ഞാൻ സമയം നോക്കി,

11.30, 3.30, .7.30, 9.30..

11.30 നു ഉള്ള ഷോ എനിക്ക് പറ്റിയ സമയം തന്നെ……

അങ്ങനെ പൈസ ആയി കാണാനുള്ള പടം ആയി പക്ഷെ പ്രശനം എന്തെന്ന് വെച്ചാൽ ഇതിനെ പറ്റി ആലോചിക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുവാ..

വീട്ടിൽ വെല്ലോം അറിഞ്ഞാൽ ആ ചുമരിൽ കിടക്കുന്ന കലണ്ടർ മാറ്റിയിട്ട് എന്നെ അവിടെ തൂകി ഇടും. പക്ഷെ ചെറിയൊരു പ്രശ്നമുണ്ട് വലിച്ചു കീറിയ ശേഷം ആയിരിക്കും തൂകി ഇടുന്നത്. വേണോ, ഞാൻ മനസ്സിൽ വിചാരിച്ചു, എന്തായാലും മുന്നോട്ട് വെച്ച കാലു മുന്നോട്ട് തന്നെ…ഇനി എന്തൊക്കെ പ്രശ്നം വന്നാലും ഞാൻ പടത്തിനു പോയിരിക്കും….… എന്ന് പോകണം ഈ വരുന്ന വ്യാഴാഴ്ച പോകാം, അതാകുമ്പോൾ വെള്ളിയാഴ്ച സ്കൂളിൽ പോകുമ്പോൾ പ്രശനം എന്തെങ്കിലും ഉണ്ടെങ്കിൽ അറിയാം. ഇല്ലെങ്കിൽ ശനിയും ഞായറും വെറുതെ ടെൻഷൻ അടിച്ചു തള്ളി നീക്കേണ്ടി വരും….

അങ്ങനെ ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഞാൻ എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല. നാളെ എന്റെ ജീവിതത്തിൽ ആദ്യമായിട്ട് എന്തൊക്കെ ആണ് നടക്കാൻ പോകുന്നത്

ആദ്യമായിട്ടു ഞാൻ ഒറ്റക് ടൗണിൽ പോകുന്നു, ആദ്യമായിട്ടു ഒറ്റക് ബസിൽ കയറുന്നു, ആദ്യമായിട്ട് ഞാൻ തീയേറ്ററിൽ പോയി പടം കാണുന്നു ഇതൊന്നുമല്ല, ആദ്യമായിട്ട് ഞാൻ ക്ലാസ്സ് കട്ട്‌ ചെയ്യാൻ പോകുന്നു ഓർത്തപ്പോൾ തന്നെ ഒരു പേടി കലർന്ന കുളിർ എന്റെ ശരീരമാസകലം അനുഭവപെട്ടു..

അങ്ങനെ പിറ്റേന്ന് രാവിലെ അമ്മ വെച്ചുണ്ടാക്കി തന്ന പുട്ടും കടലയും ഞാൻ തൊണ്ടയിൽ നിന്ന് കുത്തി ഇറക്കി…

ഇറങ്ങാൻ നേരം അമ്മ ചോദിച്ചു ടാ ബുക്കൊക്കെ എടുത്തു വെച്ചോ ഞാൻ മനസിൽ ചോദിച്ചു എന്തിനു

അമ്മ ഉച്ചകത്തെ ആഹാരം കൊണ്ട് ബാഗിൽ വെച്ചപ്പോൾ ആണ് ഞാൻ അതിനെ പറ്റി ആലോചിച്ചത്. ദൈവമേ ഇതെന്തു ചെയ്യും എവിടെ ഇരുന്നു കഴിക്കും, കളയാൻ ഇട വരല്ലേ…ഇല്ല എന്തായാലും ഇത് ഞാൻ കളയില്ല, മനസ്സിൽ ഉറപ്പിച്ചു…

അങ്ങനെ ഞാൻ സൈക്കിളും എടുത്തു വീട്ടിൽ നിന്നറങ്ങി. മുന്നേ പ്ലാൻ ചെയ്തത് പോലെ തന്നെ വീട്ടിൽ നിന്നു നാലു കിലോമീറ്റർ അപ്പുറം ഉള്ള ഒരു പള്ളിയിൽ സൈക്കിൾ വെച്ചു പൂട്ടി

അവിടെ നിന്ന് തന്നെ ബാഗിൽ യൂണിഫോം മാറ്റി ബാഗിൽ വെച്ചിരുന്ന ഷർട്ട്‌ എടുത്തു ഇട്ടു. ചങ്ങലയിൽ നിന്ന് മോചിതനായതിന്റെ ഒരു സന്തോഷം എന്റെ മുഖത്തുണ്ടായിരുന്നു

ബസ് സ്റ്റോപ്പിലും, ബസിലും എവിടെ നോക്കിയാലും എല്ലാരും എന്നെ നോക്കുന്നത് പോലെ..അങ്ങനെ ബസിൽ കയറി ഞാൻ ചുറ്റിനും നോക്കി രണ്ടു മൂന്ന് സീറ്റ്‌ ഒഴിവ് ഉണ്ട്

അങ്ങനെ മുതിർന്ന പൗരൻ എന്ന് എഴുതിയിരിക്കുന്ന സീറ്റിൽ തന്നെ ഞാൻ കയറി ഇരുന്നു, എന്നെ പോലെ ഉള്ള പുരുഷമാർക്‌ വേണ്ടി ബസിൽ സീറ്റ്‌ ഉള്ളതോർത്തു ഞാൻ അഭിമാനിച്ചു..

പിറകു വശത്തെ സീറ്റിലൊക്കെ ഒരുപാട് സ്കൂൾ പിള്ളേര് ഇരിക്കുന്നു. പാവങ്ങൾ ഇവമ്മാര് എന്നും സ്കൂളിലോട്ട് അല്ലെ പോകുന്നത് ഒരു ചേഞ്ച്‌ നു വേണ്ടി വേറെ എങ്ങോട്ടെങ്കിലും പൊക്കൂടെ…

പത്തു മണി കഴിഞ്ഞപ്പോൾ തന്നെ ഞാൻ തിയേറ്ററിൽ എത്തി. ഹൂ ഈ ഓഡിറ്റോറിയും പോലെ ഇരിക്കുന്ന വല്യ കെട്ടിടം ആണല്ലേ തിയേറ്റർ ഞാൻ മനസ്സിൽ ഓർത്തു….

ഞാൻ ചുറ്റിനും നോക്കി ദൈവമേ അറിയാവുന്ന ആരെങ്കിലും എന്നെ കാണുന്നുണ്ടോ…ഇതെങ്ങാനും വീട്ടിൽ അറിഞ്ഞാൽ എന്റെ വല്യ പെരുന്നാളും ചെറിയ പെരുന്നാളും ഒരുമിച്ചു നടത്തും. അങ്ങനെ പകുതി കീറിയ ടിക്കറ്റും ആയിട്ട് ഞാൻ ആദ്യമായിട്ട് തിയേറ്ററിന്റെ അകത്തു കയറി. വിഷ്ണു പറഞ്ഞത് പോലെ തന്നെ എന്ത് ഇരുട്ട് ആണ്. ആ വല്യ സ്‌ക്രീനിൽ എന്തോ പരസ്യം കാണിക്കുക ആണ്, അപ്പോൾ അവൻ തള്ളിയത് അല്ല അല്ലെ നമ്മുടെ ടീവി യുടെ പത്തു പതിനഞ്ചു ഇരട്ടി ഉണ്ട് സ്ക്രീൻ

അങ്ങനെ പടം തുടങ്ങി കയ്യടിയും ബഹളവുമൊക്കെ ആയിട്ട് വല്ലാത്തൊരു അനുഭവം ആയിരുന്നു

അടുത്തിരിക്കുന്ന ഒരുത്തൻ പറഞ്ഞു, ഇവിടുത്തെ സൗണ്ട് സിസ്റ്റം കൊള്ളാം അല്ലെ നല്ല ബാസ്സ് ഉണ്ട്….അത് ബാസ്സ് അല്ലടാ എന്റെ നെഞ്ച് കിടന്നു ഇടിക്കുന്ന ശബ്ദം ആണ് ഞാൻ മനസ്സിൽ പറഞ്ഞു….ആദ്യ പകുതി കഴിഞ്ഞു എല്ലാനവും എങ്ങോട്ടുകയോ ഇറങ്ങി പോയി എങ്കിലും ഞാൻ എന്റെ ബാഗും കെട്ടിപിടിച്ചു അവിടെ തന്നെ ഇരുന്നു. പേടി കാരണം ആയിരിക്കും സിനിമയിലെ ഓരോ പാട്ടും എനിക്ക് എന്തോ തലപെരുപ്പ് ഉണ്ടാക്കി, പെട്ടെന്ന് ഒന്ന് കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു….തീയേറ്ററിലെ തണുപ് കാരണം ആണോ അതോ വേറെന്തെങ്കിലും കൊണ്ടോ എന്റെ കയ്യും കാലും ഇരുന്നു വിറച്ചു. ഞാൻ എന്റെ ബാഗ് നെഞ്ചത്തോട് ചേർത്ത് വെച്ചു കെട്ടി പിടിച്ചു

അങ്ങനെ രണ്ടാം പകുതിയും കഴിഞ്ഞു സിനിമ കഴിഞ്ഞപ്പോൾ ഹാവൂ തീർന്നല്ലോ എന്ന ആശ്വാസം ആയിരുന്നു…
.
അങ്ങനെ ബസും കയറി ഞാൻ സൈക്കിൾ വെച്ച പള്ളിയിൽ പോയി ഇറങ്ങിയപ്പോൾ സമയം രണ്ടര എന്നും നാലു മണിക്ക് വീട്ടിൽ എത്തുന്ന ഞാൻ ഇനി ഒന്നര മണിക്കൂർ എവിടെ ചിലവിടും, ഇട്ടിരുന്ന ഷർട്ട്‌ അഴിച്ചു ബാഗിൽ വെച്ചു പഴയ പോലെ യൂണിഫോമും ചങ്ങലയുമൊക്കെ എടുത്തു കെട്ടി ഞാൻ സൈക്കിളുമായി വെളിയിൽ ഇറങ്ങി…അങ്ങനെ പതുകെ സ്ലോ മോഷനിൽ സൈക്കിൾ ചവിട്ടി വരുമ്പോൾ റോഡ് സൈഡിലെ ഒരു ഗ്രൗണ്ടിൽ കൊറേ അണ്ണാമാർ നിന്ന് ഫുട്ബോൾ കളിക്കുന്നു

എനിക് സ്വർഗം കിട്ടിയ അനുഭൂതി ആയിരുന്നു ഇനി ഒന്നര മണിക്കൂർ കളയാൻ വേറെ എവിടെയും പോകണ്ട, ഇവിടങ് കൂടാം…

സൈക്കിൾ സ്റ്റാൻഡ് ഇട്ടു ബാഗിൽ നിന്ന് ചോറ്റു പത്രം എടുത്തു സൈക്കിളിൽ ചാരി നിന്ന് ചോറ് കഴിക്കുമ്പോഴും എന്റെ നെഞ്ചത്തുള്ള ബാസിന് ഒരു കുറവും ഇല്ലായിരുന്നു

അത് കുറയണമെങ്കിൽ വീടെത്തണം…അങ്ങനെ ഏകദേശം നാല് മണി ആകാറായപ്പോൾ ഞാൻ മനസ് കൊണ്ട് ഗ്രൗണ്ടിലെ അണ്ണാമാർക് നന്ദിയും പറഞ്ഞു, സൈക്കിളും എടുത്തു വീട്ടിലേക് തിരിച്ചു

വീട് അടുക്കുംതോറും നെഞ്ചത് ബാസ്സ് മാറി പഞ്ചാരി മേളം തുടങ്ങി ഞാൻ ചുറ്റിനും നോക്കി എല്ലാരും എന്നെ എന്തിനാ നോക്കുന്നെ, അതോ തോന്നുക ആണോ..സൈക്കിളുമായി വീടിന്റെ ഗേറ്റ് കടന്നപ്പോൾ ഞാൻ എഴുനേറ്റു നിന്ന് നോക്കി ഇല്ല വെളിയിൽ ഒന്നും ആരെയും കാണാൻ ഇല്ല

അങ്ങനെ വീട് മുറ്റത്തു സൈക്കിൾ സ്റ്റാൻഡ് ഇട്ടു വെച്ചിട്ട് അകത്തോട്ടു കയറുമ്പോൾ അമ്മയും അച്ഛനും ടീവി കണ്ടോണ്ടിരുന്നു ചായ കുടിക്കുവാണ്…..എന്നെ കണ്ട അമ്മ, എന്നെ സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു എന്തുവാട ഷർട്ടിലെ അഴുക്കു, നീ അവിടെ കിടന്നു മറിയാൻ ആണോ പോകുന്നത്…

ഏത് ഇത്ര നേരം ബാഗിൽ ഇരുന്ന ഈ ഷർട്ടിലോ.. അഴുക്കോ…ഹാവൂ.. എന്റെ നെഞ്ചിലെ പഞ്ചാരി മേളം പതുകെ പതുകെ, അവസാനിച്ചു തുടങ്ങി…

ജീവിതത്തിൽ നിന്ന് ചീന്തി എടുത്തത്,..പ്രേതം, മറുത, യക്ഷി, ഇതൊക്കെ എവിടെ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *