“സാറേ നമ്മുടെ പുതിയ ഓഫീസിലെ ഒരു പെങ്കൊച്ചിന് സാറിന്റെ മേൽ ഒരു കണ്ണുണ്ട്. “ “ആരുടെ കാര്യമാ വേണു താനീ പറയുന്നേ? “

മണിയറ ~ രചന: ഷിജു കല്ലുങ്കൻ

“സാറേ നമ്മുടെ പുതിയ ഓഫീസിലെ ഒരു പെങ്കൊച്ചിന് സാറിന്റെ മേൽ ഒരു കണ്ണുണ്ട്. “

“ആരുടെ കാര്യമാ വേണു താനീ പറയുന്നേ? “

“പുതുതായി ചാർജെടുത്ത ക്ലർക്ക്, സ്വപ്ന, ആ കുട്ടിക്ക് സാറിനോട് എന്തോ ഒരു ഇതൊക്കെ ഒണ്ട് “

“ഏത്, ആ ഫസ്റ്റ് അപ്പോയ്ന്റ്മെന്റ് കുട്ടിയോ? അതൊരു ചെറിയ പെൺകുട്ടി അല്ലേ വേണു?”

“എന്റെ സാറേ ചെറിയ പെങ്കൊച്ച് എന്ന് പറഞ്ഞാൽ ഒരു പത്തിരുപത്തി മൂന്നു വയസ്സൊക്കെ ഇല്ലേ?…. അല്ലാതെ പി എസ് സി എഴുതി ഈ ജോലിയൊക്കെ കിട്ടുമോ? “

വേണു തന്റെ കഷണ്ടിത്തലയിൽ അവശേഷിച്ച അഞ്ചാറു രോമങ്ങൾ പിഴുതെടുക്കാൻ പാകത്തിന് തല തിരുമ്മിക്കൊണ്ടു പറഞ്ഞു.

“ങാ.. എന്നിട്ട്, താൻ കാര്യം പറ.. “

“ആ കൊച്ച് സാറിനെ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നോക്കുന്നത് ഞാൻ ശ്രദ്‌ധിക്കാൻ തുടങ്ങീട്ട് കുറച്ചു ദിവസങ്ങളായി. “

“താൻ ചുമ്മാ ഓരോ വേണ്ടാതീനം പറഞ്ഞോണ്ട് വന്നോളും… ഒന്ന് വിട് വേണു … താൻ വന്ന കാര്യം പറ. “

“അതു പിന്നെ…. ചെറിയ ശമ്പളം അല്ലിയോ സാറേ ഒന്ന് കൂട്ടിമുട്ടിക്കാൻ ഒള്ള പാട്… “

“ഉം. ഇതൊരു പതിവാക്കേണ്ട…”

പോക്കറ്റിൽ നിന്ന് നൂറു രൂപ എടുത്തു കൊടുത്തപ്പോൾ വെളുക്കനേ ചിരിച്ച് വേണു പടിയിറങ്ങി നടന്നു.

ഓഫീസിലെ അറ്റെന്റർ ആണ് വേണു, 35 വയസ്സ് പ്രായം ഉണ്ടാകും. ആറു മാസത്തെ അനുഭവം കൊണ്ട് ആളെ അത്രക്കങ്ങു വിശ്വാസം പോരാ. പക്ഷേ ഒറ്റാംതടിയായി ജീവിക്കുന്നത് കൊണ്ട് മൊത്തത്തിൽ ഒരു സഹായിയായി ആരെങ്കിലും ഇല്ലാതെ പറ്റില്ല.

എന്നാലും അയാൾ പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ? മനസ്സിൽ ആകെ ഒരു തേങ്ങൽ.

പിറ്റേന്ന് ഓഫീസിൽ എത്തി ആദ്യം ചെയ്തത് അവൾ വന്നിട്ടുണ്ടോ എന്ന് നോക്കുക ആയിരുന്നു. നോട്ടം അവിടെ വീഴും മുൻപേ കിട്ടി നല്ലൊരു ചിരിയും മോർണിംഗ് വിഷും. അപ്പോൾ ഞാൻ കയറി വരുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് വ്യക്തം.

ഓഫീസ് കഴിഞ്ഞു വൈകുന്നേരം ഒരിക്കലും പതിവില്ലാതെ വേണു വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു.

വന്നപാടെ വേണു പറഞ്ഞു.

“ഇതു പിന്നെ എപ്പോഴും പറയുംപോലെ വെറും വാക്കല്ല സാറേ.. ആ പെൺകൊച്ചു സാറിനെപ്പറ്റി എന്നോട് സത്യമായിട്ടും ചോദിച്ചതാ.. “

“എന്നാ ചോദിച്ചെന്നാ താനീ പറയുന്നേ?” ഒന്നും അറിയാത്ത മട്ടിൽ സ്വരം അല്പം പരുക്കനാക്കി.

“സാറിന്റെ നാട് എവിടെയാണെന്നും, വീട്ടിൽ ആരൊക്കെ ഉണ്ടെന്നും, കല്യാണം കഴിഞ്ഞതാണോ എന്നും…. എന്നുവേണ്ട ഉച്ചക്ക് ചോറുണ്ണാൻ ഇരുന്ന സമയം മുഴുവൻ സാറിനെപ്പറ്റി മാത്രമായിരുന്നു അതിന്റെ സംസാരം. “

“എടോ സ്വപ്ന ജോയിൻ ചെയ്തിട്ടു മൂന്നാലു മാസം ആയതല്ലേ? ഇപ്പൊ പെട്ടന്നങ്ങു കേറി ഇഷ്ടപ്പെടാൻ ഞാൻ മോസ്റ്റ്‌ എലിജിബിൾ ബാച്‌ലർ ഒന്നും അല്ലല്ലോ.. ഓഫീസിൽ എത്ര ചുള്ളൻ ചെക്കന്മാർ ഒള്ളതാ? “

“ഒന്ന് പോ സാറേ, സാറിനെന്താ കൊഴപ്പം, നല്ല ഉയരം, നിറം, നല്ല സ്വഭാവം, നല്ല ജോലി… ഇതിൽക്കൂടുതൽ ഒരു പെണ്ണിന് ഒരാളെ ഇഷ്ടപ്പെടാൻ എന്നതാ വേണ്ടത്? “

” ഉവ്വ്.. ഉവ്വ്.. സുഖിപ്പീര് നന്നായിട്ടുണ്ട്.. വേണു അടുക്കളയിൽ കയറി ഒന്ന് നോക്കിയേര്, എന്തൊക്കെയോ സാധനങ്ങൾ തീർന്ന മട്ടുണ്ട്… ” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“കണ്ടോ കണ്ടോ… സാറിനും ആ കൊച്ചിനെ പിടിച്ച മട്ടുണ്ട്, മൊകത്തു രക്തപ്രസാദം ഒക്കെ പെട്ടന്ന് കൂടി. “

“താനൊന്നു പോയേ….”

ഒരു കള്ളച്ചിരി ചിരിച്ചിട്ട് വേണു പോയി.

ഞാൻ പതിയെ കണ്ണാടിക്ക് മുന്നിലേക്ക് നടന്നു ചെന്ന് ഗമയിൽ ഒന്ന് നിന്നു നോക്കി.

കൊള്ളാം, വേണു പറഞ്ഞതിൽ ഒട്ടും തെറ്റില്ല, ഒരു പൊടി സുന്ദരൻ തന്നെ, പിന്നെ പ്രായം….29 വയസ്സ് എന്നത് കേരളത്തിലെ ആണുങ്ങളുടെ ശരാശരി കല്യാണ പ്രായത്തെക്കാൾ ഒട്ടും കൂടുതൽ അല്ല.

പിറ്റേന്ന് വേണു റൂട്ട് അല്പമൊന്നു മാറ്റിപ്പിടിച്ചു.

“എത്ര കാലമാ സാറേ ഈ തനിച്ചൊള്ള വെപ്പും കുടീം… ഒരാള് കൂട്ടിന് വന്നാൽ സാറിന്റെ ഈ കോലമൊക്കെ മാറും…”

അയാൾ എന്റെ മെലിഞ്ഞ ശരീരത്തിലേക്കും അത്ര മാംസളമല്ലാത്ത

മുഖത്തേക്കും നോക്കിപ്പറഞ്ഞപ്പോൾ ഞാനൊന്ന് ചൂളി.

“ഉം… വേണം ഒരാൾ…. “

സാറേ ആ പെങ്കൊച്ചിനെ ഞാനൊന്ന് ആലോചിക്കട്ടെ? ഇതാകുമ്പോ നിങ്ങള് രണ്ടും ഒരേ ആപ്പീസിൽ ജോലിക്കാർ, എന്തുകൊണ്ടും സാറിന് നല്ല ചേർച്ച. “

“വേണൂ അതിന് ആ പെൺകുട്ടി ക്രിസ്ത്യാനി അല്ലേ? “

“ഓ… ഇക്കാലത്ത് ജാതിയും മതവുമൊക്കെ ആരു നോക്കാനാ സാറേ, പോരാത്തതിന് വെറും പാവത്തുങ്ങളാ, വീട്ടിൽ വല്ല്യ ഏനമൊന്നും ഇല്ലാത്ത കൂട്ടരാ.. “

“ഓഫീസ് പണിക്കു പുറമേ ബ്രോക്കറു പണീം ഒണ്ടോ വേണുവിന്? “

“മാസശമ്പളം എന്തൊത്തിനു തെകയും സാറേ…. പോരാത്തതിന് വൈകിട്ടു രണ്ടെണ്ണം അടിച്ചില്ലേ ഒറക്കോം വരത്തില്ല. “

“ഉം… ആയിക്കോട്ടെ !”

അടുക്കളയിലേക്ക് സാധനങ്ങൾ വാങ്ങാനുള്ള പണത്തിനൊപ്പം പതിവ് 100 രൂപയും കൊടുത്തു വേണുവിനെ വിടുമ്പോൾ ചങ്കിന്റെ വലതു വശത്ത് രണ്ടാമതൊരു ഹൃദയം പൊട്ടി മുളച്ചപോലെ ഒരു പുതിയ തുടിപ്പ് അനുഭവപ്പെട്ടു

“സാറേ നമ്മടെ ഓഫീസിന്റെ അടുത്തൂന്ന് നാലു കിലോമീറ്റർ ദൂരമേ ഒള്ളൂ അവരുടെ വീട്ടിലേക്കു, ഞാൻ ഇന്നലെ ആ വഴി ഒന്ന് പോയി, കാര്യങ്ങൾ ഏറക്കുറെ ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്… “

ഒരാഴ്ചത്തെ ലീവിന് ശേഷം രാവിലെ ഓഫീസിലേക്ക് കാലെടുത്തു വച്ചതേ വേണു ഓടിയെത്തി.

“ആരുടെ കാര്യമാണ് വേണു.. “

“നമ്മുടെ സ്വപ്നക്കൊച്ചിന്റെ കാര്യമേ.. “

“ആഹാ താൻ അവിടെ പോയോ..? എന്നിട്ട്? ” എനിക്ക് ആകാംഷയായി.

“എന്നിട്ടെന്നാ അവർക്കു സാറിനെ വെല്യ താല്പര്യമാ.. “

“താൻ എന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞു? “

“അതുപിന്നെ… സാറിന്റെ വീട്, വീട്ടിലെ ഒറ്റ മോൻ… അങ്ങനെ എല്ലാം.. “

“വേണു, താൻ അറിയാത്ത, അവരോടു പറയേണ്ടതായ കുറേ കാര്യങ്ങൾ ഉണ്ട് “

“എന്നതാ സാറേ.. വല്ല പ്രേമമോ മറ്റോ ആണോ… ” വേണുവിന്റെ മുഖത്ത് നിരാശ.

“താൻ വൈകിട്ടു വീട്ടിലോട്ട് വാ, ഞാൻ പറയാം. “

വൈകിട്ട് എന്റെ വീടിന്റെ വരാന്തയിൽ ഞാനിരുന്ന കസേരക്കരുകിലേക്ക് മറ്റൊരു കസേര വലിച്ചിട്ട് അക്ഷമനായി വേണു ഇരിപ്പുറപ്പിച്ചു.

“എനിക്ക് ജോലി കിട്ടി ആദ്യത്തെ പോസ്റ്റിങ്ങ്‌ എവിടെയായിരുന്നു എന്ന് വേണുവിനറിയുമോ? “

“എങ്ങനെ അറിയാനാ സാറേ… സാറ് ഒന്നും പറഞ്ഞിട്ടില്ലല്ലോ..? “

ആറു വർഷങ്ങൾക്കു മുൻപ് ഇടുക്കി ജില്ലാ കളക്ടറേറ്റിൽ ക്ലർക്ക് ആയി ആദ്യത്തെ അപ്പോയ്ന്റ്മെന്റ് ഓർഡർ കൈപ്പറ്റിയ ദിവസം ഇപ്പോഴും ഓർമയുണ്ട്. ഒരിക്കൽ പോലും പോയിട്ടില്ലാത്ത, ഒരു പരിചയക്കാരൻ പോലുമില്ലാത്ത സ്ഥലം.

കാടിനു നടുവിൽ ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന ഓഫീസ് കെട്ടിടവും എന്റെ പരിചയക്കുറവും എല്ലാം കൂടി വല്ലാത്തൊരു ഭീതിയായിരുന്നു ആദ്യദിവസം.

ഗോപിയേട്ടൻ എന്ന് എല്ലാവരും വിളിച്ചിരുന്ന ഏകദേശം 50 വയസ്സിനടുത്തു പ്രായമുള്ള ഡിപ്പാർട്മെന്റ് ഡ്രൈവറെ പരിചയപ്പെടുത്തിയത് സഹപ്രവർത്തകർ ആയിരുന്നു. അവിടെ നിന്ന് നാലഞ്ച് കിലോമീറ്റർ ദൂരത്തുള്ള ചെറിയ ടൗണിൽ തൽക്കാലത്തേക്ക് താമസിക്കാൻ ഒരു വാടകമുറിയും, രണ്ടു ദിവസത്തിനുള്ളിൽ തന്നെ ടൗണിൽ നിന്ന് അല്പം മാറി ഒരു കൊച്ചു വീടും അദ്ദേഹം എനിക്ക് ഏർപ്പാടാക്കി.

ഓഫീസിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരത്തുള്ള സ്വന്തം വീട്ടിലേക്ക് ദിവസവും ഉള്ള പോയി വരവിന്റെ ബുദ്ധിമുട്ടുകൾ നന്നായി അനുഭവിച്ചു കൊണ്ടിരുന്ന ഗോപിയേട്ടൻ പതിയെപ്പതിയെ എന്നോടൊപ്പം എന്റെ കൊച്ചു വീട്ടിൽ അങ്ങു കൂടി. പ്രായം കൊണ്ടും ജോലി കൊണ്ടും വലിയ അന്തരങ്ങൾ ഉണ്ടെങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.

ഒരു ദിവസം ഗോപിയേട്ടൻ കുളിമുറിയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഫോൺ ബെല്ലടിച്ചു. രണ്ടാം വട്ടവും റിംഗ് ചെയ്തപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു.

“ഗോപിയേട്ടാ, ഫോൺ ബെല്ലടിക്കുന്നുണ്ടല്ലോ.. “

“ഒന്ന് നോക്കിയേക്ക് ബിബിനേ…. അത്യാവശ്യം വല്ലോം ആണെങ്കിലോ.. “

“‘ഹൗസ് ‘ എന്നാ കാണിക്കുന്നേ… “

“ഒന്നെടുത്തിട്ട് ഞാൻ കുളി കഴിയുമ്പോ തിരിച്ചു വിളിക്കും എന്ന് പറഞ്ഞേയ്ക്ക്…”

ഞാൻ ഫോൺ എടുത്തു.

“ഹലോ.. “

“ഹലോ അച്ഛനല്ലേ…. ” ഒരു കൊച്ചു പെൺകുട്ടിയുടെ കൊഞ്ചിക്കൊണ്ടുള്ള ശബ്ദം.

“അച്ഛൻ കുളിക്കുവാണല്ലോ വാവേ…” ഞാനും അല്പം കൊഞ്ചിക്കൊണ്ട് മറുപടി പറഞ്ഞു.

“അയ്യോ… ഞാൻ വാവയാണെന്ന് ചേട്ടന് എങ്ങനെ മനസ്സിലായി? “

“അപ്പൊ ഇതു വാവയായിരുന്നോ? സത്യമായിട്ടും എനിക്കറിയില്ലാരുന്നു കേട്ടോ. ” അങ്ങെത്തലക്കൽ മൗനം.

“അറിയാതെ എങ്ങനെയാ വാവേ എന്ന് വിളിക്കുന്നത്? “

“അതിപ്പോ.. കൊച്ചുപിള്ളേരെ ഞങ്ങള് കോട്ടയംകാര് വാവേ എന്ന് വിളിക്കും.. “

“ബിബിൻ ചേട്ടൻ അല്ലേ..?”

“അതേ.. എന്നെ എങ്ങനെ അറിയാം? “

“അച്ഛന് വീട്ടിൽ വന്നാൽ ചേട്ടനെപ്പറ്റി പറയാൻ മാത്രമേ നേരം ഒള്ളൂ… “

“ആഹാ കൊള്ളാലോ വാവേടെ അച്ഛൻ…”

“വാവക്ക് മാത്രമല്ല, അമ്മയ്ക്കും ചേട്ടായിക്കും എല്ലാം ബിബിൻ ചേട്ടനെ വെല്യ ഇഷ്ടമാ….”

അപ്പോഴേക്കും ഗോപിയേട്ടൻ കുളി കഴിഞ്ഞു വന്നു.

“ആരാ ബിബി..? “

“വീട്ടീന്നാ… വാവ.. “

“ആഹാ.. . അവൾക്കു ഞാൻ കളർപെൻസിൽ മേടിച്ചു കൊണ്ടു പോകാൻ മറന്നു കഴിഞ്ഞ പ്രാവശ്യം, ഓർപ്പിക്കാൻ വിളിക്കുന്നതാവും.. “

ഗോപിയേട്ടൻ ഫോൺ എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.

ഗോപിയേട്ടന്റെ ഫാമിലിയെക്കുറിച്ച് എനിക്ക് അധികം ഒന്നും അറിയില്ലായിരുന്നു. രണ്ടു കുട്ടികൾ ആണെന്നും മൂത്തമകൻ എഞ്ചിനീയറിങ് പഠിക്കുന്നു എന്നും എപ്പഴോ ഒരു വട്ടം പറഞ്ഞ ഓർമ്മ മാത്രം. രണ്ടാമത്തെ ആൾ ഒരു കൊച്ചു കുട്ടി ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.

എന്താണെങ്കിലും വാവയുടെ മുത്തുകിലുങ്ങുന്ന പോലുള്ള സംസാരം എനിക്ക് പെട്ടെന്ന് ഇഷ്ടമായി.

പിറ്റേന്ന് വീട്ടിലേക്കു ഫോൺ വിളിച്ചുകൊണ്ടു ഗോപിയേട്ടൻ എന്റെ അടുത്ത് വന്നു.

“ബിബിനേ… വാവക്ക് നിന്നോട് എന്തോ പറയാനുണ്ടെന്ന്.. “

എനിക്ക് വളരെ സന്തോഷം തോന്നി.

“ഹായ് വാവക്കുട്ടീ..”

“ബിബിൻ ചേട്ടാ.. ചേട്ടൻ എപ്പഴാ വരിക ഞങ്ങടെ വീട്ടിൽ? “

“വരാട്ടോ ഒരു ദിവസം.”

“എന്ന്?”

“അതിപ്പോ.. “

“അടുത്ത മാസം വാവയുടെ പിറന്നാൾ ആണ് അപ്പൊ വരുവോ? “

“വരാം… “

“ഉറപ്പ്? “

“ഉറപ്പായും വരാം. “

പിന്നീട് വാവ എന്നെ വിളിച്ചില്ലെങ്കിൽ ഞാൻ ഗോപിയേട്ടന്റെ വീട്ടിലെ നമ്പറിൽ വിളിക്കും. ആ കിളിക്കൊഞ്ചലും മുത്തുചിതറുന്ന ചിരിയും എന്റെ വൈകുന്നേരങ്ങൾ സുന്ദരമാക്കി.

മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ വൈകിട്ടു ഓഫീസിൽ നിന്ന് നേരെ സ്വന്തം വീട്ടിലേക്ക് പോരാറാണ് പതിവ്. വീട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പം രണ്ടു ദിവസം. തിങ്കളാഴ്ച വെളുപ്പിന് ഉള്ള വണ്ടിക്ക് തിരിച്ചു പോണം.

ഞായറാഴ്ച അല്പം താമസിച്ച് എഴുന്നേറ്റ് അടുക്കളയിൽ അമ്മയുടെ അടുത്തു പറ്റിക്കൂടി ഇടുക്കിയുടെ കഥകൾ പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ഫോൺ ബെല്ലടിച്ചു.

നോക്കുമ്പോൾ ഗോപിയേട്ടൻ. സാധാരണ അവധി ദിവസങ്ങളിൽ അങ്ങനൊരു വിളി പതിവില്ല.

“എന്താ ഗോപിയേട്ടാ “

“ഗോപിയേട്ടൻ അല്ല വാവ “

“ആഹാ ചേട്ടന്റെ കുഞ്ഞുവാവ ആയിരുന്നോ… എന്താ വാവക്ക് വേണ്ടത്..? “

“ഒന്നും വേണ്ട, കൂട്ടില്ല ഞാൻ.. “

“അയ്യോ.. പിണങ്ങല്ലേ, എന്തു പറ്റി വാവക്ക്? “

“ഇന്നു വാവയുടെ പിറന്നാൾ ആണെന്ന് മറന്നു പോയോ? “

“ആഹാ .. ഹാപ്പി ബർത്ത് ഡേ… വാവക്കുട്ടി.. “

“വേണ്ട, വാവയോട് പ്രോമിസ് ചെയ്തത് മറന്നു പോയോ?”

അപ്പോഴേക്കും ഫോൺ ഗോപിയേട്ടൻ വാങ്ങി.

“ബിബിനേ ഇവള് ഇവിടെ ഭയങ്കര കലിപ്പിലാണ്, താൻ വരാമെന്നു പറഞ്ഞു പറ്റിച്ചു എന്ന്… “

“അയ്യോ, അത്, ഗോപിയേട്ടാ ഞാൻ…”

“ഒരു കാര്യം ചെയ്യടോ.. താൻ ഇന്നിങ്ങോട്ട് വാ… വൈകിട്ടു പിറന്നാൾ ഒക്കെ ആഘോഷിച്ച് രാവിലെ ഇവിടുന്ന് ഓഫീസിലേക്ക് പോകാം.. “

എതിർത്തു പറയാൻ ഒന്നുമില്ലായിരുന്നു.

“ഇനി ഒന്നും ആലോചിക്കാൻ ഇല്ല ബിബിനേ… താൻ അവിടുന്ന് ബസ് കയറുമ്പോൾ എന്നെ വിളിച്ചാൽ മതി, സ്റ്റോപ്പിൽ ഞാൻ ഉണ്ടാകും. “

ഗോപിയേട്ടൻ ഫോൺ വച്ചു.

വാവക്ക് ഇഷ്ടമുള്ള പിങ്ക് നിറത്തിൽ വലിയൊരു ടെഡി ബിയർ, ഒരു പാക്കറ്റ് നിറയെ ചോക്ലേറ്റ് എല്ലാം ആയി ബസിൽ നിന്ന് ഇറങ്ങുമ്പോൾ നേരം ഇരുട്ട് വീണിരുന്നു. ബസ് സ്റ്റോപ്പിൽ എന്നെ കാത്ത് ഗോപിയേട്ടനും മകൻ എബിയും നിൽപ്പുണ്ടായിരുന്നു.

ചേട്ടാ, എന്നു വിളിച്ചു പറ്റിക്കൂടി നിന്ന എബി എഞ്ചിനീയറിങ് പഠിക്കുന്നു എന്ന് വിശ്വസിക്കാൻ പറ്റിയില്ല.

അരകിലോമീറ്റർ റോഡിൽ നിന്ന് ഒരിടവഴിയിലൂടെ നടന്ന് മനോഹരമായ ഒരു കൊച്ചു വീടിന്റെ മുറ്റത്തേക്ക് എത്തുമ്പോൾ ഗോപിയേട്ടന്റെ ഭാര്യ വരാന്തയിൽ കാത്തുനിൽപ്പുണ്ടായിരുന്നു നിറഞ്ഞ ചിരിയുമായി.

വരാന്തയിലേക്ക് കയറിയ പാടെ ഞാൻ ചോദിച്ചു.

“എവിടെ നമ്മുടെ ബർത്ത് ഡേ ബേബി…? “

“ഇങ്ങോട്ട് കേറി നിക്ക് പെണ്ണേ എന്റെ പിറകീന്നു….. ഇതിപ്പോ എന്നാ നാണമാ പെട്ടെന്ന് പൊട്ടി മുളച്ചപോലെ… “

ഗോപിയേട്ടന്റെ ഭാര്യ പിറകിൽ നിന്ന ആളെ മുന്നോട്ടു തള്ളി.

ടെഡി ബിയർ കയ്യിൽ ഉയർത്തിപ്പിടിച്ച് ഗിഫ്റ്റ് കൊടുക്കാൻ തയ്യാറായി നിന്ന എന്റെ മുന്നിലേക്ക് കടന്നു വന്ന ആളെക്കണ്ട് ഞാൻ നടുങ്ങിപ്പോയി.

ചന്ദനക്കളറുള്ള പട്ടു പാവാടയും ബ്ലൗസും ധരിച്ച അതി സുന്ദരിയായ ഒരു പെൺകുട്ടി.

“വാവ..???? “

“ഇവളുടെ പേര് അനിത എന്നാണ് മോനെ… അച്ഛൻ കൊഞ്ചിച്ചു കൊഞ്ചിച്ചു ഇപ്പൊ നാട്ടുകാർക്കു പോലും വാവ ആയി. “

“എത്രമത്തെ ബർത്ത് ഡേ ആന്നാ പറഞ്ഞേ… “

“പതിനേഴ്….. “

അതേ കൊഞ്ചിക്കൊണ്ടുള്ള മറുപടി.

“ഞാൻ വിചാരിച്ചത് കൊച്ചു കുട്ടിയാണ് എന്നായിരുന്നു. ” ഞാൻ വിക്കി…

“അവളിപ്പഴും കൊച്ചു കുട്ടി തന്നെയാടോ.. “

ഗോപിയേട്ടൻ ചിരിച്ചു കൊണ്ട് എന്നെ കൈപിടിച്ച് അകത്തേക്ക് കൊണ്ടു പോയി.

പ്ലസ്‌ ടു വിനു പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയോടാണ് ഞാൻ ഇത്രയും നാൾ കൊഞ്ചിക്കൊണ്ടിരുന്നത് എന്നോർത്തപ്പോൾ ഒരു വല്ലാത്ത ജാള്യത തോന്നി. പക്ഷേ സ്നേഹം കൊണ്ടു വീർപ്പുമുട്ടിക്കുന്ന നാല് ആളുകൾക്കിടയിൽ എന്റെ അപരിചിതത്വം പെട്ടെന്ന് മാറി. ഒരു മാറ്റവും ഇല്ലാതെ ഫോണിൽ കേട്ടപോലെ തന്നെ മുത്തുമണികൾ ചിതറിച്ചു വാവ ചിരിച്ചു കൊണ്ടിരുന്നു. എബിനും ഒരു കൊച്ചു കുട്ടിയെപ്പോലെ. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം.

അവിടെ നിന്ന് പോന്ന ശേഷം എന്റെയും വാവയുടെയും സംസാരം കൂടിക്കൂടി വരുന്നതും അത് തമ്മിൽപിരിയാനാവാത്ത ഇഷ്ടമായി മാറുന്നതും അവളുടെയും എന്റെയും വീട്ടുകാർ അറിയുന്നുണ്ടായിരുന്നു. ഒരു ദിവസം ഗോപിയേട്ടൻ എന്നോട് പറഞ്ഞു.

“അവളുടെ പഠിത്തം കഴിയട്ടെ ബിബിനേ… വാവ നിനക്കുള്ളതാ…. “

മൂന്നു വർഷം മുൻപ് ഞാൻ അവിടെ നിന്ന് സ്ഥലം മാറി ഇങ്ങോട്ട് പോരുമ്പോൾ വാവ മംഗലാപുരത്ത് ബി എസ് സി നഴ്സിങ് പഠിക്കുകയായിരുന്നു.

പെട്ടെന്ന് ഒരു ദിവസം എല്ലാം തകിടം മറിഞ്ഞു. അവളുടെ ഫോൺ നമ്പർ പ്രവർത്തനരഹിതമായി. ഗോപിയേട്ടന്റെ വീട്ടിലേക്ക് വിളിച്ചപ്പോളെല്ലാം ഫോൺ എടുത്തിരുന്നത് വാവയുടെ അമ്മ ആയിരുന്നു. ഒരു ദിവസം അവർ എന്നോട് പറഞ്ഞു.

“ബിബിൻ ഇനി ഇങ്ങോട്ട് വിളിക്കരുത്. ഞങ്ങൾക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ല. “

ഞെട്ടിപ്പോയി ഞാൻ.

“അനിതയുടെ കല്യാണം നിശ്ചയിച്ചു. ഇനി അവളെ ശല്യപ്പെടുത്താൻ വരരുത്.”

വല്ലാതെ തകർന്നു പോയ ദിവസങ്ങൾ… പിന്നീട് അറിഞ്ഞു, എബിക്ക് ജോലി കിട്ടിയെന്നും അവന്റെ കൂട്ടുകാരിൽ ആരോ ഒരാളുമായി എന്റെ വാവയെ വാക്കുപറഞ്ഞുറപ്പിച്ചു എന്നും.

എല്ലാം അവസാനിച്ചു എന്നോർത്തിരിക്കുമ്പോൾ രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി എന്റെ വീട്ടിലെ ലാൻഡ് ഫോണിൽ വാവ വിളിച്ചു. ഫോണെടുത്ത എന്റെ അമ്മയോട് പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.

‘ആരെങ്കിലും ഒരാൾ തന്റെ കഴുത്തിൽ താലി കെട്ടുന്നെങ്കിൽ അതു ബിബിൻ ചേട്ടൻ മാത്രം ആയിരിക്കും’ എന്ന്. എവിടെ നിന്നാണ് അവൾ വിളിച്ചത് എന്ന് പോലും അമ്മക്കറിയില്ല.

“കാത്തിരിക്കാൻ ഞാൻ തയ്യാറാണ് വേണു, പക്ഷേ അവൾ എവിടെ ഉണ്ട്, കല്യാണം കഴിഞ്ഞോ എന്നൊന്നും ഒരു വിവരവും ഇല്ല…. അമ്മക്ക് തീർത്തും വയ്യാണ്ടായി വേണു. ഇനിയും ഒറ്റക്ക് ആ വീട്ടിൽ നിർത്താൻ പറ്റില്ല. ഇങ്ങോട്ട് കൊണ്ടു വന്നാലും നോക്കാൻ ആരെങ്കിലും വേണ്ടേ. “

“താൻ ഇക്കാര്യങ്ങൾ ഒക്കെ അവരോട് പറയണം. അവർക്ക് വിരോധം ഇല്ലയെങ്കിൽ ഞാൻ സ്വപ്നയെ വിവാഹം ചെയ്തു കൊള്ളാം. “

“ഓ.. ഇത്രേയൊള്ളോ… ഞാൻ പേടിച്ചു പോയി. ഇതിലിപ്പോ സാറിന്റെ തെറ്റ് എന്നതാ ഒള്ളെ? ” വേണു കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു.

“ഇത് അവരോടു പറഞ്ഞു മനസ്സിലാക്കുന്ന കാര്യം ഞാൻ ഏറ്റു. “

എനിക്ക് വല്ലാത്ത സമാധാനം തോന്നി, കൂടാതെ നല്ല ശുപാപ്തി വിശ്വാസവും.

രണ്ടു ദിവസങ്ങൾക്കുള്ളിൽ വേണു മറുപടിയുമായി വന്നു.

“സാറേ ഞാൻ എല്ലാം സെറ്റ് ആക്കിയിട്ടൊണ്ട്, കൊച്ചിന്റെ തള്ള ഇച്ചിരി ഉടക്ക് വച്ചു കേട്ടോ…. പക്ഷേ അവസാനം എല്ലാവർക്കും സമ്മതം. “

മനസ്സിൽ സുന്ദരമായ ഒരു അനുഭൂതിയായി സ്വപ്ന നിറഞ്ഞു. നാളെ ഓഫീസിൽ ചെല്ലുമ്പോൾ എല്ലാം തുറന്നു സംസാരിക്കണം എന്ന് ഉറപ്പിച്ചു. പിന്നെ ഓർത്തു വേണ്ട, വീട്ടുകാർ സമ്മതിച്ച കാര്യം അങ്ങനെ തന്നെ പോകട്ടെ. വീട്ടിലേക്ക് വിളിച്ച് അമ്മയോട് പറഞ്ഞാലോ എന്നാലോചിച്ചു, പിന്നെയാലോചിച്ചപ്പോൾ അമ്മയ്ക്കും ഒരു സർപ്രൈസ് ആയിക്കൊള്ളട്ടെ, നേരിട്ട് പറയാം എന്നുറപ്പിച്ചു.

ഞായറാഴ്ചകളിൽ വേണുവിന്റെ ഭാര്യ വരും. വീട് അടിച്ചു വൃത്തിയാക്കി പാത്രങ്ങൾ ഒക്കെ അവർ കഴുകി വച്ചുകൊള്ളും. ഭാര്യയെയും കൂട്ടി വേണു വന്നപ്പോൾ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

“വേണു കയറൂ … “

“എങ്ങോട്ടാ സാറേ… “

“പറയാം താൻ കേറടോ.. “

വണ്ടി കുറേ ദൂരം ഓടിയപ്പോൾ വേണു പറഞ്ഞു.

“ഈ വഴിക്കാ സ്വപ്നക്കൊച്ചിന്റെ വീട്.. “

“ആഹാ.. എവിടെ?”

ആ വളവ് തിരിഞ്ഞിട്ട് രണ്ടാമത്തെ വീട്.

ഗേറ്റില്ലാത്ത വഴിയിലൂടെ വണ്ടി തിരിച്ചു മുറ്റത്തേക്ക് കയറ്റി നിർത്തുമ്പോൾ വേണു പരിഭ്രമിച്ചു പോയി.

“…അയ്യോ ഇതാ കൊച്ചിന്റെ വീടാ സാറേ.. “

“അതേന്ന് താൻ തന്നെയല്ലേ പറഞ്ഞത്?”

“അല്ല നമ്മളിപ്പോ എന്തിനാ ഇങ്ങോട്ട്…. വന്നത്?? “

“താൻ ഇറങ്ങടോ പറയാം “

“വേണ്ട സാറേ നമുക്ക് പോകാം, മറ്റൊരിക്കൽ വരാം. “

“ഹാ.. താനിറങ്ങടോ… ഞാനല്ലേ മുൻപിൽ.. “

വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും അമ്പരപ്പ് മാറാത്ത കണ്ണുമായി സ്വപ്ന മുറ്റത്തേക്ക് ഇറങ്ങി വന്നു.

“അയ്യോ സാറോ..? സാറെന്നാ ഇതുവഴിയേ..? “

“അതെന്താ എനിക്കീ വഴി വന്നൂടെ? “

“അയ്യോ അതിനെന്നാ…. വാ സാറ് കേറിയിരിക്ക്. “

“ആരാ മോളെ…? ” അവളുടെ അമ്മയും കൂടെ ഒരു പത്തു പതിനെട്ടു വയസ്സ് തോന്നിക്കുന്ന ചെക്കനും പുറത്തേക്കു വന്നു.

“അമ്മയും ആങ്ങളയും ആണ്…” എന്നെ നോക്കി പറഞ്ഞിട്ട് അവൾ വീട്ടിലേക്കു കയറിക്കൊണ്ട് പറഞ്ഞു.

“അമ്മേ ബിബിൻ സാറ്… എന്റെ ഓഫീസിൽ ജോലി ചെയ്യുന്നതാണ്. “

ഞാനും അവൾക്ക് പിന്നാലെ എത്തിക്കൊണ്ട് പറഞ്ഞു.

“അമ്മേ ഞാനാണ് ബിബിൻ ,….. വേണു പറഞ്ഞത് എന്നെപ്പറ്റി ആണ്.”

“ഏത് വേണു? “

അവർ സംശയത്തോടെ പുരികം ചുളിച്ചു.

“അതേ… അമ്മേ… സ്വപ്നയെ കല്യാണം കഴിക്കാൻ നിങ്ങള് കണ്ടെത്തിയ ബിബിൻ .. “

“എന്റെ ഈശോയെ… എന്നതാ മോളെ ഇയാൾ ഈ പറയുന്നേ…? ” അവർ സ്വപ്നയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“ആരാ മോളിക്കുട്ടീ അവിടെ? “

പുരക്കകത്തു നിന്ന് 50 വയസ്സൊളം പ്രായം തോന്നിക്കുന്ന ആജാനബാഹു ആയ ഒരാൾ ഇറങ്ങി വന്നു.

“അത് പിന്നെ… ഈ വേണു വന്ന് നിങ്ങൾക്കെല്ലാവര്ക്കും താല്പര്യം ആണ് എനിക്ക് സ്വപ്നയെ കെട്ടിച്ചു തരാൻ എന്ന് പറഞ്ഞത് കൊണ്ടാ… ഞാൻ…. “

“ആരെടോ താൻ… വീട്ടിൽ കയറി വന്ന് അനാവശ്യം പറയുന്നോ.. ” അവളുടെ അപ്പന്റെ ശബ്ദം ഉയർന്നു.

ഞാൻ തിരിഞ്ഞു വേണുവിനായി പരതി. മുറ്റത്തിന്റെ അങ്ങേ അറ്റത്ത് ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടു നിൽക്കുന്നു അയാൾ. ഞാൻ ഉച്ചത്തിൽ വിളിച്ചപ്പോൾ ഓടി എന്റെ അടുത്തു വന്നു നിന്നു കിതച്ചു.

“അത് സാറേ… വാ നമുക്ക് തിരിച്ചു പോകാം… എനിക്ക് ഒരബദ്ധം പറ്റിയതാ..”

“അപ്പൊ സ്വപ്നക്ക് എന്നെ ഇഷ്ടം അല്ലെ..? “

“ഇവളൊക്കെ ഒരു പെണ്ണാണോ.. സാറ് വാ.. ” വേണു എന്റെ കയ്യിൽ പിടിച്ചു.

“വീട്ടിൽ കയറി വന്നു തോന്നിവാസം പറയുന്നോടാ… ” ഉച്ചത്തിലുള്ള അലർച്ചക്കൊപ്പം നരന്തു പോലിരിക്കുന്ന അവളുടെ ആങ്ങളചെക്കൻ അടുത്തു കിടന്ന കസേരയിൽ കാൽ കുത്തി അന്തരീക്ഷത്തിൽ നിന്ന് വേണുവിന്റെ കരണം നോക്കി ഒന്നു പൊട്ടിച്ചു. ഒരു വിഷുക്കാലത്തു പൂക്കുന്ന മുഴുവൻ കണിക്കൊന്നപ്പൂക്കളും കൂട്ടത്തിൽ രണ്ടു മത്താപ്പൂവും ഒരു നിമിഷം കൊണ്ട് അയാളുടെ കണ്ണിൽ പൂത്തുവിടർന്നു.

എന്താണ് നടക്കുന്നത് എന്നു പോലും മനസ്സിലാകാതെ നിന്ന സ്വപ്ന ഉറക്കെ ഒച്ചവച്ചു.

“നിർത്ത്…. നിർത്താനാ പറഞ്ഞേ.. “

ഒരു നിമിഷം എല്ലാം നിശബ്ദമായി. കാര്യങ്ങൾ എനിക്ക് ഏറക്കുറെ ബോധ്യമായി. വേണു എന്റെ കയ്യിൽ നിന്ന് കിട്ടുന്ന കാശിനു വേണ്ടി മെനഞ്ഞ കള്ളക്കഥ ആയിരുന്നു സ്വപ്നയുടെ ഇഷ്ടം. അവൾക്കും കാര്യങ്ങൾ മനസ്സിലായി എന്ന് മുഖഭാവം വ്യക്തമാക്കി.

“ക്ഷമിക്കണം സ്വപ്ന,… എല്ലാവരും ക്ഷമിക്കണം അറിയാതെ പറ്റിയൊരു തെറ്റിദ്ധാരണ ആയിരുന്നു…. സോറി. “

എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് ആരും കാണാതിരിക്കാൻ തല കുനിച്ച് ഞാൻ പിന്തിരിഞ്ഞു നടന്നു.

“സാറൊന്നു നിന്നേ….. ” സ്വപ്നയാണ്.

“എനിക്ക് സാറിനെ ഇഷ്ടമാണ്… കൂടെ ജീവിക്കാൻ സന്തോഷമേ ഉള്ളൂ… ” എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല.

“എടീ നിന്നെ ഇന്ന് ഞാൻ….” അവളുടെ അപ്പന്റെ അലർച്ച അവസാനിക്കുന്നതിന് മുൻപ് തന്നെ വീട്ടുമുറ്റത്തേക്ക് മൂന്നു നാലു വണ്ടികൾ ഇരമ്പിക്കയറി വന്നു.
ഞങ്ങളുടെ ഓഫീസിലെ സഹപ്രവർത്തകർ ! വേണു ഫോൺ ചെയ്തു വരുത്തിയതാണെന്ന് വ്യക്തം.

അവളുടെ അപ്പന്റെ ആക്രോശത്തിനും അമ്മയുടെ മൂക്കുപിഴിച്ചിലിനും അനിയന്റെ തെറിവിളികൾക്കും ഇടയിലൂടെ വിജയശ്രീലാളിതനായി സഹപ്രവർത്തകരുടെ അകമ്പടിയോടെ സ്വപ്നയുടെ കയ്യും പിടിച്ച് ഇറങ്ങി വരുമ്പോൾ വേണു വീണ്ടും ഓടി വന്നു.

“സാറേ നമുക്കീ കല്യാണം വേണ്ട… സാറിന്റെ അമ്മേം അമ്മാവനും ഒക്കെ വീട്ടിൽ വന്നിട്ടോണ്ട്… “

“ഇയാളാ ഈ പുക്കാറ് മുഴുവൻ ഉണ്ടാക്കിയേ…. ഷിന്റോ പൊക്കടാ അവനെ… “

ആരൊക്കെയോ ചേർന്ന് വേണുവിനെ അന്തരീക്ഷത്തിലൂടെ തന്നെ ഒരു വണ്ടിയിലേക്ക് എടുക്കുമ്പോഴും അയാൾ ഉറക്കെ കൂവുന്നുണ്ടായിരുന്നു…

“പറഞ്ഞാ കേക്ക് സാറേ… നമുക്ക് വേണ്ട സാറേ… “

വീടിന്റെ മുറ്റത്തേക്ക് ചെല്ലുമ്പോഴേ കണ്ടു, അമ്മയും അമ്മാവനും അമ്മാവന്റെ മകൻ ജോബിയും പിന്നെ കുറേ ചെറുപ്പക്കാരും. നന്നായി, ഒരു കല്യാണത്തിന് ഉള്ള ആളുണ്ടല്ലോ.

കാറിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ ജോബി ഓടി വന്നു.

“അണ്ണാ, അണ്ണൻ ഭാഗ്യം ഉള്ളവനാ അണ്ണാ.. ബാംഗ്ലൂർ വച്ചാ ഞാൻ ചേട്ടത്തിയെ കണ്ടു മുട്ടിയത്, കയ്യോടെ ഇങ്ങു കൊണ്ടുപോന്നു. എബിയും അപ്പനും ഒക്കെ തടയാൻ നോക്കി….. എവിടെ ചെലവാകാൻ… നമ്മുടെ ചങ്കുകൾ സ്ട്രോങ്ങല്ലേ…. “

അവന്റെ ചുറ്റും കോട്ട കെട്ടിയ പോലെ നിൽക്കുന്ന കൂട്ടുകാരെ ഞാൻ അന്ധാളിപ്പോടെ നോക്കി.

ഞാൻ കാറിന്റെ ഡോർ തുറന്നു പതിയെ ഇറങ്ങി. ഇടതു കയ്യിൽ ഭദ്രമായി പിടിച്ചു കൊണ്ട് സ്വപ്നയും.

“ബിബിൻ ചേട്ടാ….. ” പരിചിതമായ ശബ്ദത്തിൽ ഉയർന്ന വിളിക്കൊപ്പം ഓടിവന്നു നെഞ്ചിലേക്ക് വീണ ആളെക്കണ്ട് വാ തുറന്നപടിയെ പറഞ്ഞു പോയി.

“വാവ…. “

പെട്ടെന്നുള്ള ഒച്ചപ്പാടിൽ പേടിച്ചു പോയ സ്വപ്ന പിന്നിൽ നിന്ന് എന്നെ ഉറുമ്പടക്കം പുണർന്നു. നെഞ്ചിലേക്ക് വീണ വാവയുടെ കൈകൾ എന്റെ കഴുത്തിൽ വട്ടം മുറുകി.

മുറ്റത്തേക്ക് ഇരമ്പിവന്നു നിന്ന വണ്ടിയിൽ നിന്ന് പുറത്തേക്കു എറിയപ്പെട്ട വേണു ആടിയാടി അരഭിത്തിയിൽ ചാരി കിതച്ചു കൊണ്ട് പറയുന്നത് ഞാൻ അവ്യക്തമായി കേട്ടു.

“ഫോൺ വന്നപ്പോ മൊതൽ കെഞ്ചി പറഞ്ഞതല്ലേ വീട്ടിൽ ഒരു മൊതല് വന്നിട്ടൊണ്ട് രണ്ടാമതൊന്നൂടെ വേണ്ടാ വേണ്ടാ എന്ന്….. ആരെങ്കിലും കേട്ടോ… അതെങ്ങനാ വായിൽ കുപ്പി തള്ളിക്കേറ്റിയിട്ടൊള്ള ഇടി അല്ലേ…. “

“ഇനിയിപ്പോ എന്നാ ചെയ്യാനാ… രണ്ടും ഇരുപ്പു മൊതല്….

മോനേ ഷിന്റോ … നീയൊരു നാലു പൂമാലേം രണ്ടു നീലവിളക്കും ഇങ്ങോട്ട് മേടിച്ചോ….. എന്നിട്ട് മണിയറ ഒന്നു മതിയോ അതോ രണ്ടു വേണോന്നു സാറിനോട് തന്നെ ഒന്ന് ചോദിച്ചോ.. “

Leave a Reply

Your email address will not be published. Required fields are marked *