വണ്ടി അല്പം മുൻപോട്ടു പോന്നു കഴിഞ്ഞപ്പോൾ ആണ് സംശയം തോന്നിയത് വഴിയരുകിലെ ചെറിയ കടക്കരുകിലുള്ള ബസ്റ്റോപ്പി

ഒരു തേപ്പുകാരിയും എന്റെ ഓഡി കാറും

രചന: ദേവ ഷിജു

വണ്ടി അല്പം മുൻപോട്ടു പോന്നു കഴിഞ്ഞപ്പോൾ ആണ് സംശയം തോന്നിയത് വഴിയരുകിലെ ചെറിയ കടക്കരുകിലുള്ള ബസ്റ്റോപ്പിൽ നിന്നിരുന്നത് ജിൻസി അല്ലെ? കണ്ടിട്ട് അവളെപ്പോലെ തന്നെ, പക്ഷേ വല്ലാത്തൊരു മു,ഷി,ഞ്ഞ കോ,ലം.

അത് അവള് തന്നെയാകുമോ? അവസാനം അടുത്ത ജംഗ്ഷനിൽ നിന്ന് വണ്ടി തിരിച്ചു പോയി നോക്കാൻ തീരുമാനിച്ചു.

അവളു തന്നെയാകണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പണ്ടു കിട്ടിയ വലിയൊരു തേപ്പ് ഇപ്പോഴും ഉണങ്ങാതെ കിടക്കുന്നു.

ഡിഗ്രിക്ക് പഠിക്കുമ്പോൾ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു ജിൻസി. വെറും ക്ലാസ്സ്‌ മേറ്റ്‌ അല്ല കോളേജിലെ തന്നെ സുന്ദരിക്കുട്ടികളിൽ ഒരാൾ.

ഒരേ ഒരു കുഴപ്പം ഉള്ളത് സൗന്ദര്യത്തെക്കാൾ ഉയരത്തിൽ പഴയ ഡിഷ്‌ ടി വി യുടെ ആന്റിന പോലെ വി,ട,ർ,ന്നു നിൽക്കുന്ന അ,ഹ,ങ്കാ,രം ആണ്.

അതുകൊണ്ട് തന്നെ കോളേജിൽ വന്നു കൊല്ലം ഒന്നു കഴിഞ്ഞിട്ടും ബുക്ക്‌ ചെയ്യാൻ ആളില്ലാതെ വേക്കൻറ് ആയി നിൽക്കുന്നു.

അവളോട്‌ വല്ലാത്തൊരു ഇഷ്ടം പണ്ടു തൊട്ടേ ഉണ്ട്. അത്യാവശ്യം നല്ല മനോധൈര്യവും കൂടെ കട്ടക്ക് നിൽക്കാൻ നല്ല ചങ്കൂറപ്പുള്ള ചങ്ങാതിമാരും ഉണ്ടായിട്ടും ആ ഇഷ്ടം തുറന്നു പറയാൻ പറ്റിയിട്ടില്ല. കൂട്ടുകാർ പ്രോത്സാഹിപ്പിച്ചിട്ടും എന്തോ ഒരിത്.

സത്യം പറഞ്ഞാൽ ‘അത്രയും ധൈര്യം കണ്ണിൽ തിളങ്ങുന്ന ഒരു പെണ്ണിന്റെ ‘ മുന്നിൽ ചെന്നു നിന്ന് ‘നിന്നെ ഇഷ്ടമാണ്’ എന്ന് പറയാൻ ഏതൊരാണിനും ചങ്കൊന്നു പിടക്കും.

അങ്ങനെ ബുദ്ധിമുട്ടി കാത്തിരിക്കുമ്പോൾ, മാനത്തുനോക്കിയിരിക്കുന്ന കുട്ടിയുടെ മുന്നിൽ കാറ്റു കൊണ്ടിട്ട മാമ്പഴം പോലെ ഒരു അവസരം അവൾ തന്നെ ഉണ്ടാക്കിത്തന്നു.

സെബാൻ സാർ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ബി എ ക്ക് പഠിക്കുന്ന ജിമ്മിച്ചനും ജോഷിയും വാതിലിൽ മുട്ടിയത്.

അവർ അകത്തേക്ക് വന്ന് സാറിനോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ ശ്രദ്ധ പുസ്തകത്തിൽ നിന്ന് മാറി പരസ്പരം പിറുപിറുക്കുന്നതിൽ ആയി.

പെട്ടെന്ന് ജിമ്മിച്ചനും സാറും തമ്മിലുള്ള സംസാരത്തിന്റെ ടോൺ മാറി പരസ്പര വാഗ്വാദത്തിലേക്ക് എത്തി.

എന്തോ പണമിടപാട് ആണെന്ന് മാത്രം എല്ലാവർക്കും മനസ്സിലായി.

വാഗ്വാദം വളർന്ന് ചെറിയ കയ്യാങ്കളിയിലേക്ക് കടന്നിട്ടും ക്ലാസ്സിൽ ആരും അനങ്ങിയില്ല. കാരണം എല്ലാവർക്കും ജിമ്മിച്ചനെ അറിയാം.

അവന്റപ്പന് പണം പലിശക്ക് കൊടുക്കുന്ന ബിസിനസ് ആണ്. അപ്പനും മോനും എന്തിനും പോന്നവർ.

കുട്ടികൾക്കിടയിലെ കനത്ത നിശബ്ദതയിൽ നിന്ന് ഒരു പിറുപിറുപ്പ് ഉയർന്നു. ഞങ്ങൾ എല്ലാം അങ്ങോട്ട് തിരിഞ്ഞു.

“ക്ലാസ്സിൽ ആണുങ്ങൾ ഒരുത്തനും ഇല്ലാത്തകൊണ്ടല്ലെടാ ഏതോ ഒരു ചെറ്റ ക്ലാസ്സിൽ കയറി വന്നു സാറിന്റെ ഷർട്ടിനു കുത്തിപ്പിടിക്കുന്നത്?” ജിൻസി പല്ലിറുമുന്നു.

ഞാൻ തിരിഞ്ഞു ഷാരോണിനെ നോക്കി. ക്ലാസ്സിലെ ഭീകരണണവൻ. ആറടിയുടെ മുകളിൽ ഉയരം. ഒത്ത ശരീരം.

പോരാത്തതിന് മുഖത്തിന്റെ ഒരു വശം മുഴുവൻ വസൂരിക്കല പോലുള്ള പാടുകളും. ഈ വസൂരിക്കലകൾ തന്നെയാണ് ഞങ്ങൾക്കിടയിൽ ഉള്ള ‘ചങ്ക് ‘ ബന്ധത്തിന്റെ രഹസ്യവും.

ഡിഗ്രിക്കു ചേരുന്നതിനു മുൻപുള്ള അവധിക്കാലം. കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലൊരു പ്രണയം ഉണ്ട് ഷാരോണിന്. സിമി.

അവളുടെ പ്രണയം അരക്കിട്ടുറപ്പിക്കാൻ ഉപായം പറഞ്ഞു കൊടുത്തത് ഞാനാണ്.

ഗോഡ്ഫാദർ സിനിമയിലെ രാമഭദ്രനെപ്പോലെ രാത്രിയിൽ സിമിയുടെ ജനലിൽ മുട്ടിവിളിച്ച് പ്രേമം തുറന്നുപറഞ്ഞു ധൈര്യം തെളിയിക്കുക.

സിമിക്ക് ആങ്ങളമാർ കടാമുട്ടൻമാർ മൂന്ന്. പ്ലാൻ ചെയ്ത പോലെ രാത്രി ഒൻപതര മണിയായപ്പോൾ ഞങ്ങൾ പുറപ്പെട്ടു.

കുരുമുളക്ചെടിതോട്ടത്തിന് നടുവിൽ ഉള്ള അവളുടെ വീട്ടിലേക്കു മുട്ടാൻ പോയ ഷാരോണിന് കാവലായി റോഡരികിലുള്ള വഴക്കൂട്ടത്തിന് മറഞ്ഞു ഞാനിരുന്നു.

ആരെങ്കിലും വരുന്നുണ്ടോ എന്ന് ചുറ്റും നോക്കിക്കൊണ്ട് ആഞ്ഞു മുട്ടിയ ജനൽ വേറെ മുറിയുടെ ആണെന്ന് പാവം ഷാരോൺ അറിഞ്ഞില്ല. കുളി കഴിഞ്ഞു വന്നു തുണി മാറിക്കൊണ്ടിരുന്ന, സിമിയുടെ മൂത്ത ആങ്ങള തമ്പിയുടെ ഭാര്യ,

തന്റെ പ്രിയതമൻ എന്തോ കുസൃതി ഒപ്പിക്കാൻ മുട്ടുന്നതാവാം എന്നോർത്തു ജനൽ തുറന്നപ്പോൾ ഭീ,ക,ര,രൂ,പീ,യെപ്പോലെ പാതി ഇരുട്ടിൽ ഒരു മുഖം. അവരുടെ പേടിച്ചുള്ള അലർച്ചയിൽ വീട് മുഴുവൻ നടുങ്ങി.

സംഗതി പന്തികേടാണെന്നു മനസ്സിലാക്കി ഹീറോ സൈക്കിളിനു യമഹ ബൈക്കിന്റെ എഞ്ചിൻ പിടിപ്പിച്ച പോലെ ഷാരോൺ ഒരു കുതിപ്പു കുതിച്ചു.

പക്ഷേ സിമിയുടെ പറമ്പിൽ നട്ടിരുന്ന കുരുമുളക് ചെടിക്കു താങ്ങായി, രണ്ടാൾ ഉയരത്തിൽ വളർന്നു നിന്നിരുന്ന ഒരു നാടൻ മുരിക്ക് അവന്റെ ശ്രമങ്ങളെ അമ്പേ പരാജയപ്പെടുത്തി.

ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തെ അപ്പാടെ അനുസരിച്ചു കൊണ്ട് ശക്തമായ ഇ,ടി,യു,ടെ പ്രത്യാഘാതമായി അവൻ തെ,റി,ച്ചു വീണത് അവരുടെ വീട്ടിലെ വേസ്റ്റ് നിക്ഷേപിക്കാൻ കുഴിച്ചിട്ടിരുന്ന സാമാന്യം വലുപ്പം ഉള്ള കുഴിയിൽ.

നിറയെ മുരിക്കും മുള്ളുകളും പേറി സ്വബോധത്തിന്റെ ഭാരമില്ലാതെ കുഴിയിൽ കിടന്ന ചങ്കിനെക്കാത്തു വാഴയിൽ ചാരിയിരുന്നു ഞാനും ഉറങ്ങിപ്പോയി.

ആരോ കുലുക്കി വിളിക്കുന്നപോലെ തോന്നി ഞെട്ടി ഉണരുമ്പോൾ നേരം നന്നായി വെട്ടം വീണിട്ടുണ്ടായിരുന്നു. മുന്നിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന രൂപം കണ്ടു നാവിറങ്ങിപ്പോയപോലെ വിറക്കുമ്പോൾ ര,ക്ത,ര,ക്ഷ,സ് സംസാരിച്ചു.

“അളിയാ… രാത്രി മുറി മാറിപ്പോയി, ആരോ അലറുന്ന കേട്ട് ഓടിയതാ… മുരിക്കിൽ ഇടിച്ചു മറിഞ്ഞു ബോധം പോയി… ”

ര,ക്ത ര,ക്ഷ,സി,നെ കണ്ടു പേടിച്ചു പോയ എന്റെ ബോധം തിരിച്ചു കിട്ടിയപ്പോൾ, അവനെ ആരും കാണാതെ എന്റെ വീടിന്റെ വിറകു പുരയിൽ ഒളിപ്പിച്ച് ഡെറ്റോളും പഞ്ഞിയും സംഘടിപ്പിച്ചു മുഴുവൻ മുരിക്കിൻ മുള്ളും ഊരിയതും ചെക്കന് ചിക്കൻ പോക്സ് ആണെന്ന് നാട്ടുകാരോട് അവന്റെ അപ്പനെയും അമ്മയെയും കൊണ്ട് നുണ പറയിച്ചതും ഞാൻ ആണ്.

അന്നു മുതൽ ഇന്നു വരെ അവൻ എന്റെ വസൂരിയളിയൻ ആണ്. മുരിക്കിൻ മുള്ളുകൾ അത്തപ്പൂക്കളം വരച്ച അവന്റെ മുഖത്തു നിന്നും തിരിഞ്ഞു ജിൻസിയുടെ മുഖത്തേക്ക് നോക്കിയ എനിക്ക് കിട്ടിയത് ഒരു മുഴുത്ത ആട്ട്.

“തൂ.. മീശേം വച്ചു നടക്കുന്നു ആണാണെന്ന് പറഞ്ഞു… ”

മൂക്കിനു താഴെ ആകെയുള്ള അഞ്ചാറു രോമം അറിയാതെ പൊത്തിപ്പിടിച്ചു പോയെങ്കിലും എന്റെ ര,ക്തം പ്രെഷർകുക്കറിലെ വെള്ളം പോലെ തിളച്ചു.

അതിന്റെ പരിണിതഫലമായി വിസിൽ പോലൊരു ശബ്ദവും വായിൽ നിന്ന് ഉയർന്നു.

കുട്ടികൾ എല്ലാം എന്റെ നേരെ നോക്കി, കൂടെ ജിമ്മിച്ചനും പിന്നെ സാറും.

ഇനി രക്ഷയില്ല, പെട്ടു. ഉള്ള ധൈര്യം വച്ച് ഒരു മുറി ഡയലോഗ് വെളിയിൽ വിടാനേ പറ്റിയുള്ളൂ.
“ജിമ്മിച്ചാ സാറിന്റെ ഷർട്ടേന്നു വിട്ടിട്ടു കളിക്ക് നീയ്യ്… ”

“ലിജോ നീയിതിൽ ഇടപെടേണ്ട, ഇത് കാശിന്റെ കാര്യമാ….” ജോഷിയുടെ ശബ്ദം ഉയർന്നു. ഞാൻ പതിയെ എഴുന്നേറ്റു.

“നിങ്ങള് കാശു മേടിക്കുവോ കൊടുക്കുവോ എന്തുവേണേലും ആയിക്കോ….ക്ലാസ്സിന് വെളിയിൽ… ഇതിനുള്ളിൽ റൗഡിസം വേണ്ട.. ” ഷാരോണിന്റെ അന്ത്യശാസനവും വന്നു.
“കാണിച്ചാ നീ എന്നാ ഒലത്തും..? ”

ജിമ്മിച്ചൻ സാറിനെ വിട്ട് എന്റെ നേരെ തിരിഞ്ഞു. “തല്ലടാ ആ പട്ടിയെ…. !!!”

ആ ഒറ്റ അലർച്ചയിൽ ക്ലാസ് മുറി മാത്രമല്ല കോളേജ് കെട്ടിടം മുഴുവൻ നടുങ്ങിപ്പോയി.
ഉണ്ണിയാർച്ചയെപ്പോലെ ജിൻസി !

പിന്നെ നടന്നത് വിവരിക്കാൻ പറ്റില്ല. മറ്റു ക്ലാസ്സിലെ കുട്ടികളും സ്റ്റാഫും ഓടിക്കൂടുമ്പോഴേക്കും, നിലത്തു കുഞ്ഞിക്കൂടി കിടക്കുന്ന ജിമ്മിച്ചനും ജോഷിയും കലിയടങ്ങാതെ നിൽക്കുന്ന ക്ലാസ്സിലെ 32 കുട്ടികളും സെബാൻ സാറും കൂട്ടത്തിൽ ഒടിഞ്ഞു നുറുങ്ങിയ ടീച്ചേർസ് ടേബിളും ക്ലാസ് മുറിയിൽ അവശേഷിച്ചു.

ജിൻസിയുടെ ,അ,ല,ർ ,ർച്ചയിൽ തന്നെ വിറങ്ങലിച്ചു പോയിരുന്ന എനിക്ക് ഒരു അ,ടി,യെ,ങ്കി,ലും അ,ടി,ക്കാ,നുള്ള ചാൻസ് കിട്ടിയിരുന്നോ എന്ന് പലവട്ടം ഞാൻ ആലോചിച്ചു നോക്കി.

അതിന്റെ പ്രതികാരമായി, പിറ്റേന്ന് കോളേജിന് വെളിയിലിട്ട് ജിമ്മിച്ചനും കൂട്ടരും എന്നെ അറഞ്ചം പൊറഞ്ചം ഇഞ്ചചതക്കുമ്പോലെ ,ത,ല്ലു,മ്പോ,ൾ, വകയിലൊരു അമ്മാവന്റെ മകളുടെ കല്യാണത്തിന് പോയി മൃഷ്ടാന്നം വെട്ടി വിഴുങ്ങുകയായിരുന്നു എന്റെ വസൂരിയളിയൻ.

അവസാനം ത,ല്ലു കൊണ്ട് നിലത്തു വീണ് അട്ട ഇഴയുമ്പോലെ ഇഴയുമ്പോൾ കയ്യിൽ കിട്ടിയ കല്ലുകൊണ്ട് ജിമ്മിച്ചന്റെ തല ഇടിച്ചുപൊട്ടിച്ച് ഞാൻ വീണ്ടും ഹീറോ ആയി.

ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ദിവസം കവിളിൽ ഉമ്മ വച്ച് ജിൻസി എന്നെ ദത്തെടുത്തതായി പ്രഖ്യാപനം നടത്തി. പിന്നീടുള്ള ഒന്നര വർഷക്കാലത്തെ കോളേജ് ജീവിതം പ്രണയത്തിന്റെയും ഗുളുമാലുകളുടെയും ഒരു പ്രിയദർശൻ സിനിമ പോലെ ആയിരുന്നു.

ആദ്യം ഞങ്ങൾക്കൊപ്പം നിന്ന് പിന്നീട് കാലുമാറി ഞങ്ങളെ തള്ളിപ്പറഞ്ഞു ജിമ്മിച്ചനും കൂട്ടർക്കുമൊപ്പം കൂടിയ, സെബാൻ സാറിന് പണി കൊടുത്ത ദിവസം എല്ലാവരുടെയും മുന്നിൽ വച്ച് കവിളത്തു രണ്ടാമത്തെ ഉമ്മ തന്ന് ‘നിന്നെയല്ലാതെ ആരേം എനിക്ക് വേണ്ടടാ ലിജോക്കുട്ടാ എന്ന് ജിൻസി’ സത്യപ്രസ്താവന നടത്തി.

കോളേജിൽ നടന്ന ഓണപ്പരിപാടികളിൽ മുഖ്യ ഇനമായ കലം തല്ലിപ്പൊട്ടിക്കൽ മത്സരത്തിന്റെ സംഘാടകൻ സെബാൻ സാർ ആയിരുന്നു.

കലം തല്ലാൻ വടിയുമായി നിന്ന എന്റെ കണ്ണ് കാണാൻ പറ്റുന്ന വിധത്തിൽ തുണികെട്ടാൻ വേണ്ടി റോഷിണി എന്ന കൂട്ടുകാരിക്ക് ജിൻസി ഓഫർ ചെയ്തത് 50 രൂപയുടെ ചോക്ലേറ്റ് ആയിരുന്നു.

കണ്ണ് ശരിക്കും കാണാവുന്ന ഞാൻ നീളമുള്ള വടി കൃത്യമായി സെബാൻ സാറിന്റെ നിറുകൻ തലയിൽ അടിച്ചു കൊള്ളിച്ചപ്പോൾ കണ്ടു നിന്ന കുട്ടികൾ അയ്യോ എന്ന് ആർത്തു വിളിച്ചു. ഞാൻ മാത്രം ‘ ഞാൻ ജയിച്ചേ ‘ എന്ന് ഇത്തിരി കൂടി ഉച്ചത്തിൽ കൂവി വിളിച്ചു സംഗതി കളറാക്കി.

അന്നത്തെ ഉമ്മവയ്ക്കലിനുള്ള ശിക്ഷാനടപടിയായി മൂന്നു ദിവസം രണ്ടു പേരെയും സസ്പെൻഡ്‌ ചെയ്ത വൈസ് പ്രിൻസിപ്പാൽ പോൾ സാറിനെ കോളേജിലെ കുട്ടിരാഷ്ട്രീയക്കാർ തമ്മിൽ നടന്ന കൂട്ടയടിക്കിടയിൽ പിന്നിൽ നിന്ന് കണ്ണുപൊത്തി കാമ്പസ്സിനുള്ളിലെ കലുങ്കിനു മുകളിൽ നിന്ന് താഴേക്ക് കമിഴ്ത്താൻ ലിജോയും കൂട്ടിനുണ്ടായിരുന്നു.

അന്ന് കിട്ടി മൂന്നാമത്തെയും അവസാനത്തെയും ചുംബനം. കൂടെയൊരു കിടുക്കാച്ചി ഡയലോഗും.

“രാത്രിയിൽ വിടർന്നു പുലരിയിൽ കൊഴിഞ്ഞു പോകുന്ന നിശാഗന്ധി പോലെയല്ല നമ്മുടെ പ്രണയം. മേഘശകലങ്ങൾ കൊണ്ടു മൂടിയ കാശ്മീർ താഴ്‌വരയിലെ ഉരുകിതീരാത്ത മഞ്ഞുകണികകൾ പോലെ അത് എന്നും മനസ്സിൽ കുളിരായി നിൽക്കണം ”

ക്യാമ്പസ് വിട്ടതോടെ മഞ്ഞുകാലം അകന്നുപോയി. ഇടയ്ക്കിടക്ക് തുലാവർഷം പോലെ അത് വൈകുന്നേരങ്ങളിൽ മാത്രം പെയ്തു. പിന്നെ വേനലിലെ ചാറ്റൽ മഴ പോലെ നേർത്തു നേർത്തു വന്നു.

അവസാനം കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞ ദിവസം അവൾ ഇടിമിന്നൽ പോലെ നിന്നു കത്തി. രക്ഷപെട്ടോടുകയല്ലാതെ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല.

അതിൽ പിന്നെ ഇന്നാണ് വഴിയരുകിലൊരു മിന്നായം പോലെ ആ മുഖം കണ്ടത്.
വണ്ടി തിരിച്ചു ബസ്റ്റോപ്പിനരുകിലെത്തി നിന്നു. അവൾ തന്നെ… ജിൻസി.

കോലം എങ്ങനെ മാറിയാലും, കാലം എത്ര കഴിഞ്ഞാലും പ്രായം എത്ര കൂടിയാലും മനസ്സിൽ കൂടുകൂട്ടിയ ചില മുഖങ്ങൾ മറവിയാകില്ല.

അവൾക്കൊപ്പം മൂന്നു കുട്ടികൾ ഒരു പെൺകുട്ടി, പത്തു വയസ്സ് കാണും. രണ്ട് ആൺകുട്ടികൾ, ചെറിയവൻ നാലു വയസ്സിൽ കൂടില്ല. സൈഡ് ഗ്ലാസ്‌ മെല്ലെ താഴ്ത്തി മുഖത്തുനിന്നും കൂളിംഗ് ഗ്ലാസ്‌ എടുത്തു കൊണ്ട് ചോദിച്ചു.

“ജിൻസി അല്ലേ…? ” പുത്തൻ ഓഡി കാർ അപ്രതീക്ഷിതമായി മുന്നിക്കൊണ്ട് നിർത്തിയതിന്റെ പരിഭ്രമം മുഴുവൻ അവളുടെ മുഖത്ത് കണ്ടു. ചെറിയ ചെക്കൻ ഒഴികെ മക്കൾ രണ്ടുപേരും അമ്മക്ക് പിന്നിൽ ഒളിച്ചു.

കൊച്ചു ചെക്കൻ സീതയെ കടത്തിക്കൊണ്ട് പോയ രാവണനെ എതിർക്കാൻ ജടായു നിൽക്കുമ്പോലെ കാറിനും ജിൻസിക്കും ഇടയിലായി കലിപ്പോടെ നിന്നു.

“എടാ ലിജോ…. നീയായിരുന്നോ? കണ്ടിട്ട് മനസ്സിലായില്ല കേട്ടോ… നീ വെല്ല്യ യോഗ്യനായിപ്പോയല്ലോടാ… ” “സുഖമാണോ? ”

“എന്തോന്ന് സുഖം? അങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പോണെടാ… ” “എങ്ങോട്ടാ നീയ്? ”

“എന്റെ വീട്ടിൽ വരെ ഒന്ന് പോകാൻ ഇറങ്ങീതാ…. പിള്ളേരേം കൊണ്ട്. ”
“വാ…. ഞാൻ കൊണ്ടാക്കാം… ” അത് പറയുമ്പോൾ മനസ്സിലേക്ക് ഇരച്ചു കയറിയ സന്തോഷം ചെറുതൊന്നുമല്ല.

ലോകത്തിലെ തേപ്പു കിട്ടിയ ഏത് ആണും ആഗ്രഹിക്കുന്ന നിമിഷങ്ങൾ.

‘നീ പോ,ടാ ഊ,ളെ, നിന്നെക്കാൾ വലിയ കൊമ്പൻ മതി എനിക്ക് ‘ എന്ന് പറഞ്ഞു നിഷ്‌ക്കരുണം എന്നെ തേച്ചവൾ, മൂക്കള ഒലിപ്പിക്കുന്ന മൂന്നു പിള്ളേരുമായി ബസ്റ്റോപ്പിൽ….

ഞാൻ അവരെ എന്റെ പുത്തൻ ഓഡി കാറിൽ കയറ്റി അവളുടെ വീട്ടിൽ കൊണ്ടു വിടുന്നു……. ആഹാ എന്തു സുന്ദരനിമിഷങ്ങൾ !!!

മക്കളെ മൂന്നുപേരെയും ബാക്ക് സീറ്റിൽ നിക്ഷേപിച്ച് അവൾ രാജകീയമായി മുൻ സീറ്റിൽ കയറി ഇരുന്നു.

“നിനക്ക് മക്കളൊന്നും ഇല്ലേ… “ഉണ്ട് രണ്ടു പേര്…” ഞാൻ പറഞ്ഞു.

“ഉം… എനിക്ക് മൂന്ന് ” “നിന്റെ ഭർത്താവ് എന്തു ചെയ്യുന്നു? ” “കോൺട്രാക്ടർ ആയിരുന്നു എന്നെ കെട്ടിയപ്പോൾ…..” “ഇപ്പൊ…? ”

“മേസ്തിരിമാരുടെ കൂടെ മെയ്ക്കാട് പണിക്കു പോകുന്നു….. ” ദാ അടുത്ത ആനന്ദ നിമിഷങ്ങൾ… വെറും ഐസ്ക്രീം തിന്നാൻ കൊതിച്ചവന് വിത്ത്‌ ഫ്രൂട്ട്സലാഡ് കിട്ടിയ അവസ്ഥ. ‘നിന്നെയൊക്കെ കെട്ടിയിയിട്ട് അവൻ അത്രേം കൊണ്ട് നിന്നല്ലോ ദൈവത്തിന് സ്തുതി’ എന്ന് പറയണമെന്നുണ്ടായിരുന്നു.

വണ്ടി അല്പം മുന്നോട്ടു നീങ്ങിയപ്പോൾ ആദ്യത്തെ അപരിചിതത്വം ഒക്കെ മാറി പിള്ളേർ ഉഷാറായി. ആദ്യമായി ഓഡി കാറിൽ കയറിയ സന്തോഷം അവർ ഒരു ആഘോഷമാക്കി മാറ്റാൻ തുടങ്ങി.

ഇളയവൻ ഹോണടിയിൽ തുടങ്ങിയ കലാപരിപാടി മറ്റു രണ്ടുപേർ കൂടി ഏറ്റെടുത്തതോടെ കാറിനകം ഒരു യുദ്ധക്കളം ആയി. സീറ്റിന്റെ മുകളിൽ എഴുന്നേറ്റു നിന്നുള്ള ഡാൻസ് തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.

“ജിൻസീ കുട്ടികളോട് ഇരിക്കാൻ പറയ്… ”

“ഓ അതിയാന്റെ സന്താനങ്ങൾ തന്നെയാടാ… പറഞ്ഞാൽ കേൾക്കത്തില്ല, നീ ഇച്ചിരി നേരം അങ്ങ് അഡ്ജസ്റ്റ് ചെയ്യ്. ”

ദൈവമേ എന്റെ പുത്തൻ ലെതർ സീറ്റുകൾ… പൊടിപോലും പറ്റാതെ സൂക്ഷിച്ചതാ….
“ആ… അതു പറഞ്ഞപ്പഴാ ഓർത്തെ…. നിന്നെ കണ്ടത് നല്ല സമയത്താ… നീ എന്റെ കെട്ട്യോനെ കണ്ടിട്ടുണ്ടോ??? ”

“ഇല്ല….” എന്റെ തൊണ്ട അടഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു. “നീ വണ്ടി തിരിക്ക്…. നമുക്ക് വീട്ടിൽ പോയിട്ട് പോകാം.. ” “അതു വേണോ..? “വേണം.. ”

“എനിക്ക് കുറച്ചു തിരക്കുണ്ടായിരുന്നു..” “അയ്യോടാ…. എത്ര കാലം കൂടി കാണുന്നതാ… ഇതു കഴിഞ്ഞുള്ള തിരക്കൊക്കെ മതി… നീ വണ്ടി തിരിക്ക്, എനിക്ക് ഇങ്ങനെയുള്ള ഫ്രണ്ട്‌സ് ഒക്കെ ഉള്ളതാണെന്ന് അതിയാനും കൂടി ഒന്ന് അറിയട്ടെ.”

അതു നല്ല കാര്യം… മനസ്സിൽ ഓർത്തുകൊണ്ട് വണ്ടി തിരിച്ചു.. ഇവളുടെ ആ കൊമ്പനെ ഒന്ന് കാണുകയും ചെയ്യാമല്ലോ..

വണ്ടി തിരിച്ചു പോകുമ്പോഴേക്കും പിറകിൽ സംഘഗാനത്തോടൊപ്പം പിറകിലെ സീറ്റിൽ നിന്ന് മുന്നിലെ സീറ്റിലുള്ള അമ്മയുടെ മടിയിലേക്കുള്ള മതിലുചാട്ടം എന്ന പുതിയൊരു കലാപരിപാടി കൂടി തുടങ്ങിയിരുന്നു.

കാറിൽ കയറിയാൽ ചെരുപ്പിലെ മണ്ണുപോലും അകത്തുവീഴിക്കാതെ സീറ്റ്‌ ബെൽറ്റ്‌ മുറുക്കി പാവകളെപ്പോലെ പുറത്തെ കാഴ്ചകൾ കണ്ടിരിക്കുന്ന എന്റെ മക്കളെ ഞാനോർത്തു.

മെയിൻ റോഡിൽ നിന്നും ഒരിടവഴിയിലൂടെ കഷ്ടപ്പെട്ട് അടിതട്ടാതെ അരകിലോമീറ്റർ ഓടിയപ്പോൾ ഒരു പണി പൂർത്തിയാകാത്ത വീടിന് മുന്നിൽ എത്തി. കുട്ടികളുടെ ആർപ്പു വിളിയിൽ നിന്ന് അതാണ് വീടെന്ന് മുന്നേ മനസ്സിലാക്കി ഞാൻ വണ്ടി നിർത്തി.

ബാക്കിലെ ഡോർ വലിച്ചു തുറന്നു പിള്ളേർ ആദ്യം വെളിയിൽ ചാടി. തൊട്ടു പിന്നാലെ ജിൻസി ഇറങ്ങിചെല്ലുന്നതിനു മുൻപേ വീട്ടിൽ നിന്ന് ആടുതോമ സ്റ്റൈലിൽ കൈലി ചെരച്ചു അണ്ടർവെയറിന് മുകളിലൂടെ മടക്കിക്കുത്തിക്കൊണ്ട് ഒരുത്തൻ ഇറങ്ങിവന്നു.

അയാൾക്കും എന്റെ കാറിനും ഇടയ്ക്ക് നിന്നിരുന്ന ജിൻസി സാരിയുടെ ഒരു സൈഡ് എടുത്തു എളിയിലേക്ക് പൊക്കിക്കുത്തി ഉച്ചത്തിൽ വിളിച്ചു.

“ഡോ… വണ്ടിയിൽ നിന്ന് ഇറങ്ങാൻ സീറ്റ്‌ ബെൽറ്റ്‌ അഴിക്കുകകയായിരുന്ന എന്റെ കണ്ണുകൾ ടോം ആൻഡ് ജെറിയിലെ ജെറിയുടെ കണ്ണുകൾ പോലെ തള്ളി മുന്നോട്ടുപോയി കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ ഇടിച്ചു തിരിച്ചു വന്നു.

അവളു ഭർത്താവിനെ വിളിച്ചതാണോ അതോ എനിക്ക് തോന്നിയതാണോ? തല ഒന്നു കുടഞ്ഞിട്ട് സംഭവസ്ഥലത്തേക്ക് വീണ്ടും ഒരു വിഹകവീക്ഷണം നടത്തി ഞാൻ.

“താനല്ലെടോ പറഞ്ഞത്… കെട്ടാച്ചരക്കായിട്ട് വീട്ടിൽ നിന്ന മൊതലിനെ എന്റപ്പൻ തന്റെ തലയിൽ കെട്ടി വെച്ചതാണെന്ന്…. ”

“ഡോ… ഇങ്ങോട്ട് നോക്കടോ,… നല്ല ഓഡി കാറുള്ള സുന്ദരൻ ചെക്കന്മാർ ഇതുപോലെ എത്രയെണ്ണം എന്റെ പിറകേ നടന്നതാണെന്നറിയാവോടോ തനിക്ക്???”

നമ്മുടെ ആടുതോമ ഒരു കാലെടുത്ത് വീടിന്റെ മുൻപിൽ കൂട്ടി ഇട്ടിരുന്ന ചുടുകട്ടളുടെ മുകളിലേക്ക് ഉയർത്തി വച്ച് തന്റെ സ്വന്തം തുടയിൽ ബാർബർഷോപ്പിലെ മസ്സാജ് ചെയ്ത്തുകാരൻ നമ്മുടെ തലയിൽ കാണിക്കുംപോലത്തെ ഒരു വക തിരുമ്മൽ തിരുമ്മിക്കൊണ്ട് ഭാര്യയുടെ പെർഫോമൻസ് കണ്ടുനിന്നു.

“ഇവനൊണ്ടല്ലോ ഈ ലിജോ…. ”

പറഞ്ഞു കൊണ്ട് അവൾ കാരിനരുകിലേക്ക് നടന്നു വന്ന് എന്റെ കാറിന്റെ ബോണറ്റിൽ ശക്തിയായി രണ്ടടി അടിച്ചു.

ഫോറോനപ്പള്ളിയിലെ വെല്ല്യപെരുന്നാളിന് പാണ്ടിമേളക്കാരുടെ ഇടയിൽ നിലത്തു വച്ച് അടിക്കുന്ന കോംഗോ ഡ്രമ്മിനിട്ടു അലക്കുന്നപോലെ ആ ശബ്ദം എന്റെ ചെവികളെ കോൾമയിർ കൊള്ളിച്ചു.

“ഇങ്ങിട്ട് ഇറങ്ങി വാ ലിജോ…. ഇതിയാനൊന്ന് കാണട്ടെ എന്റെ പിറകെ നടന്ന ചുള്ളൻ ചെക്കൻമാരെ… ”

ആടുതോമയുടെ വിറപ്പിക്കുന്ന തുടയിലേക്ക് നോക്കിയപ്പോൾ എന്റെ ഹൃദയം സ്വയം ചങ്കിൻകൂടു പൊളിച്ചു വെളിയിൽ ചാടി വല്ലവഴിക്കും ഓടി രക്ഷപെടാൻ പ്രയത്നം നടത്തി.

“ഇവനൊണ്ടല്ലോ ഈ ഓഡി കാറുകാരൻ ലിജോ… മൂന്നു കൊല്ലം… മൂന്നു കൊല്ലം ഒലിപ്പിച്ചോണ്ട് എന്റെ പിറകേ നടന്നതാ.. ഒന്ന് കൈ ഞൊടിച്ചിരുന്നേൽ ഇവൻ പട്ടിയെപ്പോലെ എന്റെ വീട്ടു മുറ്റത്ത് കിടന്നേനെ…..

“നിങ്ങക്ക് ഞാൻ കെട്ടാച്ചരക്ക് ആയിരുന്നു അല്ലെ…..?

ഇവനെപ്പോലെ ഒള്ള എത്ര കോഞ്ഞാണൻമാർ ക്യു നിന്നിട്ട് കിട്ടാത്ത മൊതലാ ഈ ജിൻസി എന്ന് നിങ്ങക്കറിയാവോ….”

” തൂ…” പറച്ചിലിനൊപ്പം ഒറ്റ ആട്ട്…. പഴയ അതേ ആട്ട്… ഇതിലും കൂടുതൽ പിടിച്ചു നിൽക്കാൻ ദൈവത്തിനാണെ ആടുതോമ എന്നല്ല ഒരു പുലിമുരുകനും സാധിക്കില്ല.

“വിളിച്ചോണ്ട് വാടീ നിന്റെ മറ്റവന്മാരെയെല്ലാം കൂടി…… കൂട്ടത്തിൽ വന്ന നല്ല വാക്കുകൾ അമ്മയാണെ ഞാൻ ജീവിതത്തിൽ ആദ്യം കേൾക്കുകയായിരുന്നു.

ആ തെറിക്കൊപ്പം അയാൾ കുനിഞ്ഞു നിലത്തു നിന്നെടുത്ത ഒരു ചുടുകട്ട ഇസ്രായേൽകാരുടെ മിസൈൽ പോലെ ജിൻസിക്ക് നേരെ പാഞ്ഞു വന്നു. മിന്നായം പോലെ അവൾ വെട്ടിയൊഴിഞ്ഞു

മാറുന്നത് കണ്ടപ്പഴേ മനസ്സിലായി ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയ പണി അല്ല എന്ന്.
പക്ഷേ അവൾ വെട്ടിയൊഴിഞ്ഞു മാറിയ ഒഴിവിലൂടെ മിസൈൽ നേരെ എന്റെ വണ്ടിയുടെ ഫ്രണ്ട് ഡോറിന്റെ സൈഡ് ഗ്ലാസ്‌ തകർത്തു കൊണ്ട് മുൻ സീറ്റിൽ ഇരിപ്പുറപ്പിച്ചു.

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിന് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നിൽ കണ്ട വഴിയിലൂടെ കുതിച്ചു പാഞ്ഞപ്പോൾ വഴിയരുകിൽ നിന്ന ഇലക്ട്രിക് പോസ്റ്റ്‌ എന്റെ ഓഡിക്കുഞ്ഞിന്റെ സൈഡിൽ നല്ലൊരുമ്മ കൊടുത്തു.

കണ്ടവഴികളിലൂടെ എല്ലാം കറങ്ങിത്തിരിഞ്ഞു മെയിൻ റോഡിലെത്തിയിട്ടും എന്റെ കിതപ്പ് മാറിയിരുന്നില്ല. പുകുപുകാന്നു വരുന്ന ആടുതോമയുടെ മിസൈലിനു മുന്നിൽ ഓഡി കാറിനുള്ളിലെ എ സി പോലും മെയ് മാസത്തിലെ പാലക്കാടൻ ചൂടിന് തുല്യം എന്ന് എനിക്ക് ബോധ്യമായി.

വിയർത്തു കുളിച്ച് ഷോറൂമിനുള്ളിലേക്ക് വണ്ടി കേറ്റി നിർത്തുമ്പോൾ, രണ്ടാഴ്ച മുൻപ് വണ്ടി ഇറക്കിക്കൊണ്ട് പോകുമ്പോൾ ടയറിന്റെ അടിയിൽ നാരങ്ങാ വച്ചിട്ട് പൊട്ടുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കി നിന്ന മെക്കാനിക് പയ്യന്റെ കണ്ണുകൾ രണ്ടു കറിനാരങ്ങയുടെ അത്രയും വലുപ്പത്തിൽ തള്ളി വെളിയിലേക്ക് വന്നു.

പുറത്തേക്ക് ഇറങ്ങി വന്ന ഷോറൂം മാനേജർ എന്റെയും ഓഡിക്കുഞ്ഞിന്റെയും ദയനീയാവസ്‌ഥ കണ്ടിട്ട് പറഞ്ഞു.

“പുത്തൻ വണ്ടി…. ആരോ കേറി തേച്ചിട്ടു പോയല്ലോ സാറേ… ”

“ആരും തേച്ചതല്ലടോ…. ചെന്ന് ഇരന്നുമേടിച്ചതാ…. ഒന്നല്ല, രണ്ടു വട്ടം.” കാര്യം മൊത്തം പിടികിട്ടിയില്ലെങ്കിലും മെക്കാനിക് പയ്യന്റെ കണ്ണിൽ വിരിഞ്ഞ വാക്കുകൾ ഞാൻ വായിച്ചു. “യ്യേ.. ദുരന്തം. ”

Leave a Reply

Your email address will not be published. Required fields are marked *