“ഒന്ന് ഒതുക്കിപിടിച്ചു കഴിക്ക് അപ്പു. കണ്ടില്ലേ ഓരോന്നു നോക്കി വെള്ളമിറക്കുന്നത്. വേഷവും കോലവും

രചന: മഹാ ദേവൻ

“ഒന്ന് ഒതുക്കിപിടിച്ചു കഴിക്ക് അപ്പു. കണ്ടില്ലേ ഓരോന്നു നോക്കി വെള്ളമിറക്കുന്നത്. വേഷവും കോലവും കണ്ടാലേ അറപ്പാ തോന്നാ.കുളിക്കേം ഇല്ല ഇവറ്റ. വൃത്തീം വെടിപ്പും ഇല്ലാത്ത ജന്മങ്ങൾ “

മകനരികിൽ ഇരുന്ന് വാരിയൂട്ടുന്ന അമ്മയും അതിൽ കയ്യിട്ട് വാരുന്ന കുഞ്ഞിന്റെയും കുസൃതികൾ കണ്ട് ഗേറ്റിനു പുറത്ത് നിൽക്കുമ്പോൾ അവന്റെ കുഞ്ഞിക്കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. അമ്മക്ക് പകരം കണ്ടത് തെരുവ് ആയിരുന്നു. അമ്മയുടെ മാറിന് പകരം ചേർത്തുപിടിച്ചത് ഉറക്കിയത് പൂഴിമണ്ണും കടത്തിണ്ണകളും ആയിരുന്നു.

മുലപ്പാൽ കൊതിച്ച ചുണ്ടിൽ ഇറ്റിവീണ പൈപ്പ് വെള്ളത്തിന്‌ എന്നും കണ്ണുനീരിന്റെ രുചി ആയിരുന്നു. അമ്മയുടെ സാമിപ്യം കൊതിച്ച മനസ്സിനെന്നും കാവൽ തെരുവിൽ അവനൊപ്പം അലഞ്ഞ നായ്ക്കൾ ആയിരുന്നു.

എച്ചിൽ കൂനകൾ സദ്യ ഒരുക്കുമ്പോൾ വാരിയൂട്ടാൻ ആരുമില്ലെങ്കിലും അതിൽ നിന്നും പങ്കിടാൻ നായ്ക്കൾ കൂടെ ഉണ്ടാകുമായിരുന്നു.

അവന്റെ സ്വർഗ്ഗം തെരുവായിരുന്നു. ആ കണ്ണുകൾക്ക് മുന്നിൽ കാണുന്ന കാഴച വല്ലാത്തൊരു ആനന്തമായിരുന്നു. !

” ഇങ്ങനെ നോക്കി വെള്ളമിറക്കാതെ പോ നാശമേ ” എന്ന് പറയുന്ന സ്ത്രീക്കപ്പോൾ അവന്റെ കണ്ണിൽ ഇതുവരെ കാണാത്ത അമ്മയുടെ മുഖം ആയിരുന്നു.

അവൻ അവർക്ക് നേരെ ദയനീയമായി കൈ നീട്ടി വയറിൽ തടവുമ്പോൾ വിശപ്പിന്റ വേദന മനസ്സിലാക്കാൻ കഴിയാത്ത ആ സ്ത്രീ അവന് നേരെ അലറുന്നുണ്ടായിരുന്നു

” ഇവിടെ ഒന്നുല്ല. പോ പോ…. ഇങ്ങനെ ഓരോന്ന് കേറി വരും ഓരോ കാരണം പറഞ്ഞ്. എന്നിട്ട് തരം കിട്ടിയാൽ കണ്ണിൽ കാണുന്നതെല്ലാം എടുത്തോണ്ട് പോകും. നിന്നെ ഒക്കെ വിശ്വസിച്ചു വീട്ടിൽ കേറ്റിയാൾ നീയൊക്കെ കണ്ണൊന്ന് തെറ്റിയാൽ കുട്ടികളെ വരെ എടുത്ത് ഓടും… കുറെ ഇറങ്ങിയിട്ടുണ്ട് ഇപ്പോൾ ഇതുപോലെ.. നിന്നെ ഒന്നും വിശ്വസിച്ചു വീട്ടിൽ കേറ്റാൻ കൊള്ളില്ല.. കടന്ന് പോ ” എന്ന്…

ഓർമ വെച്ച കാലം മുതൽ കണ്ട നാടായത് കൊണ്ടാവാം അവർ പറഞ്ഞ വാക്കുകൾ പലതും അവന്റെ മനസ്സിലേക്ക് നോവോടെ പതിഞ്ഞിരുന്നു . ആരോ ചെയുന്ന ക്രൂരതക്ക് പോലും കാലം പഴിചാരുന്നത് തന്നെ പോലെ ഉള്ളവരെ ആണലോ എന്ന ചിന്തയോടെ തിളക്കം നഷ്ട്ടപ്പെട്ട കണ്ണിൽ ഉരുണ്ടുകൂടിയ നീർമുത്തുകൾ തുടച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ പിന്തിരിയുമ്പോൾ അമ്മയുടെ ചേർത്തുപിടിക്കിൽ ഒതുങ്ങി നിന്ന രണ്ട് കുഞ്ഞിക്കണ്ണുകൾ അവനെ നോക്കി നിൽപ്പുണ്ടായിരുന്നു.

” കുട്യോളെ പിടിക്കുന്നവർ ” എന്ന വാക്ക് മുറിവേൽപ്പിച്ച മനസ്സ് വല്ലാതെ നോവേറ്റു പിടയുമ്പോൾ അവൻ തിരഞ്ഞത് കത്തുന്ന വയറിനെ ശമിപ്പിക്കാൻ ഒരു എച്ചിൽ കൂനയെന്ന സ്വപ്നം ആയിരുന്നു. !

വഴിയിൽ കാറ്റ് മാത്രം വരുന്ന പൈപ്പുകൾക്ക് മുന്നിൽ തല കുമ്പിടുമ്പോൾ രണ്ട് തുളളി കണ്ണുനീർ ആയിരുന്നു പൈപ്പിൻചോട്ടിൽ വീണ് പൊള്ളിപ്പിടഞ്ഞത്.

വിശപ്പ് തിന്ന ശരീരം തളർച്ചയാൽ ഒരു മരത്തണൽ തേടുമ്പോൾ പാപജന്മം പോലെ പിറന്നത് കൊണ്ട് പാപിയായി മാറ്റുന്ന സമൂഹം ആയിരുന്നു അവന്റെ കണ്ണുകൾക്ക് ചുറ്റും.

ആട്ടിയും തുപ്പിയും വാക്കുകൾ കൊണ്ട് കഴുവേറ്റിയും ദൂരെ മാറ്റിനിര്ത്തി തെരുവിന്റെ തെണ്ടിയായി മാറ്റുന്ന ജനങ്ങൾ അവനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.

ഒന്ന് പുഞ്ചിരിക്കാൻ പോലും അവകാശമില്ലാത്ത ഈ ലോകത്ത് നിഷേധിക്കപ്പെട്ട സ്നേഹത്തിന് വേണ്ടി കൊതിയോടെ ഒരു മനസ്സുണ്ട് ഈ ശരീരത്തിലെന്ന് അറിയാത്ത ലോകം പിന്നെയും അവനെ കല്ലടിത്തെറിയുമ്പോൾ അവനൊന്നു ഞെട്ടി പിടഞ്ഞു എഴുനേറ്റു.

കൂട്ടായ് ആ മരത്തണൽ മാത്രം ഉള്ള ആ ചെറിയ ലോകത്തേക്ക് അവൻ വീണ്ടും വിശപ്പിനെ ചേർത്തു വെച്ചു മയങ്ങുമ്പോൾ നിഷേധിക്കപ്പെട്ട സ്വപ്നത്തിൽ അവനൊരു അമ്മ ഉണ്ടായിരുന്നു…ചുണ്ടിൽ മുലപ്പാൽ ഇറ്റിവീഴുന്നുണ്ടായിരുന്നു. വാത്സല്യത്തോടെ ചേർത്തുപിടിക്കാൻ അമ്മയുടെ കരങ്ങളുണ്ടായിരുന്നു. കവിളിൽ ഒരു ചുംബനം കൊണ്ട് സ്നേഹത്തിന്റെ നിറപ്പകിട്ടാർന്ന ഒരു ലോകം സൃഷ്ട്ടിക്കുന്ന അമ്മ വാരിയൂട്ടിയ ചോറ് ആദ്യമായി അവന്റെ വയർ നിറക്കുന്നുണ്ടായിരുന്നു.

ഒരു സ്വപ്നത്തിലെങ്കിലും കുഞ്ഞിവയർ നിറഞ്ഞ സന്തോഷം അപ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി അവശേഷിച്ചിരുന്നു.

ഉണരുമ്പോൾ വീണ്ടും തെരുവിന്റെ തെണ്ടിയായി മാറ്റുന്ന ദുസ്വപ്നങ്ങളെ കുറച്ച് നേരത്തേക്ക് മറവിയുടെ ലോകത്തേക്ക് യാത്രയാക്കി അവൻ മയങ്ങി സ്വപ്നത്തിലെങ്കിലും സ്വന്തമാകുന്ന സ്നേഹത്തിന്റെ ലോകത്തിലൂടെ…. !

Leave a Reply

Your email address will not be published. Required fields are marked *