“അമ്മാ ഞാൻ ഓൺലൈൻ ക്ലാസിനു കേറാൻ പോവാ .. അമ്മച്ചിയാ ചളുങ്ങിയ കലവും പൊക്കിയെടുത്തോണ്ട്

രചന : അബ്രാമിന്റെ പെണ്ണ്

“അമ്മാ ഞാൻ ഓൺലൈൻ ക്ലാസിനു കേറാൻ പോവാ .. അമ്മച്ചിയാ ചളുങ്ങിയ കലവും പൊക്കിയെടുത്തോണ്ട് ഇങ്ങോട്ട് വരല്ലേ.. അമ്മ കാരണം കഴിഞ്ഞ ക്ലാസ്സിന് ഞാൻ നാണംകെട്ട്…”

രാവിലെ അടുക്കളയിൽ പുട്ടിനുള്ള മാവ് നനച്ചോണ്ട് നിന്ന് ഞാൻ മോളുടെ പറച്ചിൽ കേട്ട് പകച്ചു നോക്കി.. ഞാൻ നാട്ടിലെത്തിയിട്ട് ആഴ്ചയൊന്നു കഴിഞ്ഞിട്ടേയുള്ളു…കുറെ ദിവസം മുൻപ് അവളുടെ ക്ലാസ്സ്‌ നടന്നുകൊണ്ടിരുന്നപ്പോൾ കലവും കയ്യിൽ പിടിച്ചു ഞാനൊന്ന് മുറ്റത്തോട്ടിറങ്ങി.. അതാ പിള്ളേരും ടീച്ചറും കണ്ട് ഇവൾക്കേതാണ്ടോ വല്യ ക്ഷീണമായിപ്പോയെന്ന്.. പറച്ചിൽ കേട്ടാൽ ടീച്ചറിന്റെയും പിള്ളേരുടെയൊന്നും വീട്ടിൽ ചളുങ്ങിയ കലമൊന്നുമില്ലാത്ത പോലെ..

“ഞാനൊന്നും വരുന്നില്ല.. നീ പോയി പഠിയ്ക്കാൻ നോക്ക്.. പിന്നെ ഇത്ര ചെറുപ്പത്തിലേ വായിൽ കൊള്ളാത്ത വല്യ വർത്താനമൊന്നും വേണ്ട കേട്ടോ.. നീയീ പറഞ്ഞ ചളുങ്ങിയ കലത്തിൽ വെയ്ക്കുന്ന ചോറാ മൂന്നു നേരം വാരി വിഴുങ്ങുന്നത്..മറക്കണ്ട..”

അവളെന്നെ ഒന്ന് നോക്കി..

“അമ്മേടടുത്ത് പറഞ്ഞു ജയിക്കാനൊക്കില്ല.. ഞാനിനി ഒന്നും പറയാനും വരുന്നില്ല..

പരിഭവത്തിൽ ആ മുഖമൊന്നു കറുത്തു….

“എന്ത്‌ പറഞ്ഞാലും വേണ്ടില്ല.. നന്നായി പഠിയ്ക്കണം.. പഠിച്ച് അമ്മേപ്പോലെ വലിയൊരു വക്കീലാവണം..

ആവേശത്തോടെ ഞാൻ പറഞ്ഞു..

“അമ്മച്ചി എപ്പോളാ വക്കീലായത്..

ഞാൻ പറഞ്ഞത് മനസിലാക്കാതെ അവൾ അന്തംവിട്ടൊരു നോട്ടം..

“അല്ല മക്കളെ.. അമ്മയ്ക്ക് വലിയൊരു വക്കീലാവണമെന്നാരുന്നു മോഹം.. അത് നടന്നില്ല.. എന്റെ കുഞ്ഞിലൂടെ എനിക്കാ മോഹം സാധിച്ചെടുക്കണം..”അഡ്വക്കേറ്റ് : മഞ്ജിമ സുനിൽ “… ഇങ്ങനൊരു ബോർഡ് ഈ വീടിന്റെ സിറ്റൗട്ടിൽ തൂക്കിയിടാൻ മക്കള് വിചാരിച്ചാൽ നടക്കും..

ഈ കൊച്ചു പെണ്ണ് കുറെ നേരം എന്നെത്തന്നെ നോക്കി നിന്ന്.. എന്നിട്ട് കമന്നൊരക്ഷരം മിണ്ടാതെ ഒറ്റപ്പോക്ക്…

“അവളെന്തുവാ അമ്മച്യേ വയക്ക് പറഞ്ഞോണ്ട് പോയെ..”

ഉറക്കമുണർന്നു വന്ന ഇളയ സന്താനം കണ്ണുംതിരുമ്മി അടുക്കളയിലെത്തി..മോളെ നോക്കി ഇച്ഛാഭംഗത്തോടെ നിന്ന എനിക്കൊരു ആശ്വാസം തോന്നി..അവള് പോയെങ്കിൽ പോട്ടെ.. ഇതൊരെണ്ണം കൂടെ മിച്ചമുണ്ടല്ലോ.. ആള് ട്യൂബ് ലൈറ്റ് ആണെങ്കിലും ചില സമയങ്ങളിൽ കാഞ്ഞ ബുദ്ധിയാ..

“മക്കളിങ്ങു വന്നേ.. അമ്മച്ചി ചോയ്ക്കട്ടെ..മോന് വളർന്നു വലുതാവുമ്പോ ആരാകാനാ ഇഷ്ടം…

ഞാനവനെ പൊക്കിയെടുത്ത് അടുക്കളയുടെ സ്ലാബിലേക്കിരുത്തി..

“എനിക്കോ…എനിക്ക് അച്ഛനെപ്പോലെ വലിയൊരു ലോഡിങ്ങുകാരനാവണം.. അച്ഛനെടുക്കുന്ന പോലെ വല്യ തടി ഒറ്റക്ക് പൊക്കിയെടുത്ത് ലോറിയിലിടണം..

അവന്റെ മറുപടി കേട്ട് ഞെട്ടിത്തെറിച്ചു ഞാൻ പൊട്ടിച്ചിതറിപ്പോയി..

“എരണം കെട്ട ചെറുക്കൻ.. അവന്റൊരു മോഹം.ഞാനീ കഷ്ടപ്പെടുന്നതൊക്കെ വെറുതെയാ… മത്തൻ കുത്തിയാൽ കുമ്പളം മൊളയ്ക്കുവോ..പോടാ എന്റെ മുൻപീന്ന്..

സ്ലാബിലേക്ക് പൊക്കിയെടുത്തിരുത്തിയ ഇരട്ടി സ്പീഡിൽ ഞാനവനെ വലിച്ചു താഴെയിട്ടു..

“എനിക്ക് ക്ലാസിപ്പോ തുടങ്ങും.. ഒന്ന് മിണ്ടാതിരി അമ്മാ..

ഒറ്റ സെക്കന്റിൽ ഞാൻ വായടച്ചു സൈലന്റ് മോഡിലിട്ടു.. കൊച്ച് ക്ലാസ്സിലോട്ട് കേറിയതും അതാ കേൾക്കുന്നു താഴേക്കാരുടെ വീട്ടിൽ നിന്നും ചെവി പൊട്ടുമാറുച്ചത്തിലുള്ള പാട്ട്..

“സൊപ്പന സുന്ദരീ നാൻ താനേ…

ഞാനും പിള്ളേരും ഒരുപോലെ ഞെട്ടി..മുറിയ്ക്കുള്ളിൽ സിഗ്നൽ കിട്ടാത്തതുകൊണ്ട് ക്ലാസിന്റെ സമയത്ത് സിറ്റൗട്ടിലിരുന്നാണ് കുഞ്ഞിന്റെ പഠിത്തം..

“അമ്മാ…

അവളെന്നെ ദയനീയമായി നോക്കി..ഇതിപ്പോ കുറെ ദിവസങ്ങളായി സ്ഥിരം പരിപാടിയാണ്..പെണ്ണും പെടക്കോഴിയുമൊന്നുമില്ലാത്ത ഒരുത്തനാണ് അവിടുത്തെ താമസക്കാരൻ.. നന്നായി പാട്ട് പാടുന്നൊരു മനുഷ്യൻ..എന്റെ കൊച്ചിന്റെ ക്ലാസ് തുടങ്ങുമ്പോൾ ഇങ്ങേര് അവിടെ പാട്ടിടും.. ഇതിങ്ങനെ വിട്ടാൽ പറ്റത്തില്ലല്ലോ.. ചോദിച്ചിട്ട് തന്നെ കാര്യം..നിന്ന നിൽപ്പിൽ ഞാൻ താഴേയ്ക്ക് പാഞ്ഞു… ചങ്ങല പൊട്ടിച്ചോടുന്ന ആനയ്ക്ക് പിന്നാലെ പായുന്ന പാപ്പാനെപ്പോലെ ഇളയ കുരിപ്പ് കൂടെയും..

ഉല്ലാസ് പന്തളത്തെ തോൽപ്പിക്കും വിധത്തിലുള്ള സ്റ്റെപ്പിട്ട് പുള്ളിക്കാരൻ തകർത്തു ഡാൻസ് കളിക്കുകയാണ്..

“അണ്ണാ.. അണ്ണാ..

തൊണ്ട പൊട്ടുമാറുച്ചത്തിൽ ഞാൻ വിളിച്ചു..

“എന്തുവാ പെങ്ങളെ…

അതിയാൻ മുറ്റത്തേക്കിറങ്ങി..

“നിങ്ങളാ പാട്ടിത്തിരി സൗണ്ട് കൊറച്ചു വെയ്ക്ക്.. എന്റെ കൊച്ചിന് പഠിയ്ക്കണം..

ഞാൻ കടുപ്പിച്ചു പറഞ്ഞു..

“എന്റെ വീട്ടിൽ എനിക്കിഷ്ടമുള്ള ഒച്ചയിൽ ഞാൻ പാട്ട് വെയ്ക്കും.. നിങ്ങള് നിങ്ങടെ പാട് നോക്കിപ്പോ പെണ്ണുമ്പിള്ളേ.. വള്ളിനിക്കറുമിട്ടോണ്ട് വന്നേക്കുവാ മുതുക്കി നേരം വെളുത്ത് മനുഷനെ മെനക്കെടുത്താൻ..

എട്ടു ദിനാർ കൊടുത്തു ഞാൻ വാങ്ങിയ ബർമൂഡയെയാണ് ഈ വിവരദോഷി വള്ളിനിക്കറെന്ന് പറയുന്നത്..

“ഇത് നിക്കറാണോ അമ്മച്യേ.. സൗസറല്ലേ..

അസ്ഥാനത്തു വന്ന കൊച്ചിന്റെ സംശയത്തെ ഞാൻ ഒറ്റനോട്ടത്തിൽ അടിച്ചമർത്തി..ബർമൂഡയുടെ വില ഈ പന്ന മനുഷ്യനെ കാണിക്കാമെന്ന് വെച്ചാൽ അത് പിറകിലെങ്ങാണ്ടാണ് പ്രിന്റ് ചെയ്തു വെച്ചേക്കുന്നത്..

“നിങ്ങളാ പാട്ട് ഇത്തിരി സൗണ്ട് കുറച്ചു വെച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളു..അതങ്ങു ചെയ്തൂടെ..

ഞാൻ യാചനയോടെ ആ മുഖത്തോട്ട് നോക്കി.. അയാളിത്തിരി നേരം എന്നെയൊന്നു നോക്കി.. അകത്തേയ്ക്ക് കയറി സൗണ്ട് വീണ്ടും കൂട്ടിയിട്ട് എന്നെ നോക്കിയൊരു ചിരി ചിരിച്ചു..

“അഞ്ചു മിനിറ്റ് തരും.. അതിനുള്ളിൽ തള്ളേം മോനും എന്റെ വീട്ടിൽ നിന്നിറങ്ങിക്കോണം.. അല്ലെങ്കിലെന്റെ പട്ടിയെ ഞാൻ തുറന്നു വിടും.. പറഞ്ഞില്ലെന്നു വേണ്ടാ..

ബർമൂഡയിട്ട് നിൽക്കുമ്പോൾ പട്ടി കടിച്ചാൽ ഒരു സുഖവും കാണില്ലെന്ന തിരിച്ചറിവിൽ ഞാനും മോനും വന്ന വഴി തിരിഞ്ഞോടി..

“ആ മാമന് നമ്മടെ പാറു പഠിയ്ക്കുന്നതിൽ അസൂഖ്യയാ അല്ലിയോ അമ്മച്യേ..??

ആറ് അറുപതിൽ വീട്ടിലേയ്ക്ക് പായുന്നതിനിടയിൽ മോനെന്നോട് കിതച്ചുകൊണ്ട് പറഞ്ഞു. ശരിയാ.. ഇത് അസൂയ തന്നെയാ.. മുഴുത്ത അസൂയ!!!!

“അമ്മാ.. ഞാനിനി എങ്ങനെ പഠിയ്ക്കും…

മോളൊന്നു വിങ്ങിപ്പൊട്ടി.. അപ്പോളാണ് അനിയത്തി വിലപ്പെട്ട ഒരു ഇൻഫർമേഷനുമായി വീട്ടിലേയ്ക്ക് കേറി വന്നത്..

“ചേച്ചീ.. അങ്ങേരു മാസങ്ങളായി കറന്റ് ചാർജ് അടച്ചിട്ടില്ല.. എന്നിട്ടാ ഇത്രേം അഹങ്കാരം…നമ്മളെങ്ങാനുമാരുന്നേൽ അവരെന്നേ വന്ന് ഫ്യൂസ് ഊരിക്കൊണ്ട് പോയേനെ. നാട് മൊത്തം കൊറോണയായതു കൊണ്ട് അവരും വലിയ മൈൻഡ് ചെയ്യില്ല..ഇയാളാ ഇലക്ട്രിസിറ്റി ഓഫിസിലേയ്ക്ക് വിളിച്ചു പറ..ഇവന്റഹങ്കാരം ഇന്ന് തീർക്കണം..

മത്സരത്തിൽ തോറ്റവന് ഓർക്കാപ്പുറത്ത് ഒന്നാം സമ്മാനം കിട്ടിയ പോലെ എന്റെ മനസ്സിൽ കൊട്ടക്കണക്കിന് ലഡ്ഡു വീണു പൊട്ടി..കൃത്യ സമയത്ത് കേറി വന്ന ഇവളൊരു മാലാഖയാണ്..കറന്റ് ചാർജ് കൃത്യമായി അടയ്ക്കുന്ന നമ്മളോടാണോ ഇവന്റെ അഹങ്കാരം.. കാണിച്ചു കൊടുക്കാം..

മേശ തുറന്ന് ഇലക്ട്രിസിറ്റി ഓഫിസിലെ നമ്പരെടുത്ത് അങ്ങോട്ട് വിളിച്ചു..

“ഹലോ.. ഇക്ട്രിസിറ്റി ഓഫീസല്ലേ.. ഇവിടെ അയലത്തൊരുത്തൻ വീട്ടിൽ പാട്ടിടുന്ന കാരണം എന്റെ കൊച്ചിന് പഠിക്കാൻ പറ്റുന്നില്ല സാറേ.. സാറിതിനൊരു പരിഹാരം കാണണം..

മറുതലയ്ക്കൽ നിന്ന് എന്തെങ്കിലും പറയുന്നതിന് മുന്നേ ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു..

“അതിന് നിങ്ങളിങ്ങോട്ട് വിളിക്കുന്നതെന്തിനാ.. പോലീസ് സ്റ്റേഷനിൽ വിളിച്ചു പറ ..

ഫോണിന്റെ അപ്പുറത്ത് നിന്നും യാതൊരു ദാക്ഷണ്യവുമില്ലാത്തൊരു സ്വരം ചെവിയിൽ വന്നിടിച്ചു പോയി..

“അയ്യോ.. അതല്ല സാറേ.. ഇയാൾ കറന്റ് ചാർജ് അടച്ചിട്ട് മാസങ്ങളായി.. ഈ കൊറോണക്കാലത്ത് സർക്കാരിലേക്ക് കിട്ടാനുള്ള പൈസ ഇയാളെപ്പോലെ നിവൃത്തിയുള്ളവർ അടയ്ക്കാതിരുന്നാൽ എന്ത് ചെയ്യും.. ഇങ്ങേർക്ക് എന്നും ജോലിയുണ്ട്.. ഭാര്യേം മക്കളുമൊന്നുമില്ലാത്തോണ്ട് വേറെ ചെലവൊന്നുമില്ല..ഞങ്ങളൊക്കെ കൃത്യമായി പൈസ കൊണ്ടടയ്ക്കുന്നവരാ.. ഒരു മാസം താമസിച്ചാൽ നിങ്ങള് വീട്ടിൽ വന്ന് ഫ്യൂസ് ഊരുമല്ലോ.. പലർക്കും പല നിയമമാണോ..

ഞാൻ ഉറക്കെ ചോദിച്ചു….

“അല്ല മേഡം.. കൊറോണയായത് കൊണ്ട് സർക്കാരു തന്നെ ജനങ്ങൾക്ക് കാശ് അടയ്ക്കാൻ സാവകാശം കൊടുത്തിട്ടുണ്ട്..

എന്തൊക്കെ എങ്ങനൊക്കെ പറഞ്ഞിട്ടും അങ്ങേര് എന്റെ അയലോക്കക്കാരന്റെ ഫ്യൂസ് ഊരിക്കൊണ്ട് പോകുന്ന ഒരു ലക്ഷണവുമില്ല… ഇനി ഒരു അടവുകൂടിയേയുള്ളു പയറ്റാൻ..

“ങ്ഹാ.. എന്നാൽ സാരമില്ല സാറേ.. കൊറോണ പോയിട്ട് കാശടയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ഈ ജന്മം കറന്റ് ചാർജ് അടയ്‌ക്കേണ്ടി വരില്ലല്ലോ അടുത്ത മാസം മുതൽ ഞങ്ങളും കറന്റ് ചാർജ് അടയ്‌ക്കുന്നില്ല .. സർക്കാരു തരുന്ന സൗജന്യം എല്ലാർക്കും ബാധകമല്ലേ..

ഞാനൊന്ന് നിർത്തി..

“ആഹ്ഹാ.. അത് കൊള്ളാവല്ലോ.. ചേച്ചിയുടെ പേരും വീട്ടു പേരും നമ്പറുമൊക്കെ ഒന്ന് പറഞ്ഞേ..അയലോക്കക്കാരന്റെ പേരും കൂടെ ഒന്ന് പറഞ്ഞേക്കണേ..

നമ്മളോടാ കളി.. ആദ്യമേ ഇത് പോരാരുന്നോ.. ഞാൻ ഉള്ളിൽ ചിരിച്ചു.. എന്റെ പേര് പറയുന്നതിന് മുന്നേ അയലോക്കക്കാരന്റെ പേരും നമ്പറുമെല്ലാം കൃത്യമായി പറഞ്ഞു കൊടുത്തു.. ശേഷം… എന്റെ പേരും..

“നിങ്ങളെന്താ നാലു മാസമായി കറന്റ് ചാർജ് അടയ്ക്കാത്തത്.. നിങ്ങളീ പറഞ്ഞ വ്യക്തി ഇന്നലെ കൊണ്ട് വന്നു കാശടച്ചിട്ട് പോയതാ… സ്വന്തം കുറവ് മറച്ചു വെച്ചിട്ട് മറ്റൊരാളുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നോ…

അതിയാന്റെ മറുപടി കേട്ട് ഞാൻ സ്തംഭിച്ചു പോയി..ഈശ്വരാ എന്റങ്ങേര് കാശടച്ചില്ലേ,.??

“സാറെന്തുവാ പറഞ്ഞേ.. ആര് കാശടച്ചില്ലെന്ന്.. ഞാൻ നാട്ടിലെത്തിയിട്ട് ഒരാഴ്ചയായിട്ടേയുള്ളു..ഹസ്ബന്റാണ് കാര്യങ്ങളൊക്കെ നോക്കിക്കൊണ്ടിരുന്നത്..കാശടയ്ക്കാത്ത കാര്യം ഞാനറിഞ്ഞില്ല..

ഞാൻ ശ്വാസം ആഞ്ഞു വിട്ട് പറഞ്ഞു.

“ങ്ഹാ.. അപ്പൊ കയ്യിൽ കാശ് വെച്ചിട്ട് അടയ്ക്കാഞ്ഞതാണ്..ആട്ടെ നിങ്ങടെ ഭർത്താവെന്ത്യേ…

“അദ്ദേഹം ജോലിക്ക് പോയേക്കുവാ സാറേ..കൊറോണയൊക്കെയായതുകൊണ്ടാ കാശടയ്ക്കാഞ്ഞത് .ഞങ്ങൾ പാവത്തുങ്ങളാ സാറേ..

ഞാൻ ഫോണിൽകൂടെ അങ്ങേരെ തൊഴുതു…

” ഭാര്യ പ്രവാസി.. ഭർത്താവ് സ്ഥിരവരുമാനക്കാരൻ.. എന്നിട്ട് കറന്റ് ചാർജ് അടയ്ക്കാത്തതോ പോട്ടെ.. കാശടച്ചവനെക്കുറിച്ച് പരാതി പറയാൻ വിളിച്ചേക്കുന്നു..കൊള്ളാം..മര്യാദയ്ക്ക് ഇന്ന് തന്നെ കാശ് കൊണ്ടടച്ചോണം.. അല്ലെങ്കിൽ നാളെ ഞങ്ങൾ വന്നു ഫ്യൂസൂരും..

പറഞ്ഞതും “ഠക്കേ” എന്നൊരൊച്ചയിൽ ഫോൺ കട്ടായി..

“അച്ഛൻ കറന്റ് ചാർജ്ജടച്ചില്ലിയോടീ..

ഞാൻ കൊച്ചിന് നേരെ അലറി..

“എന്നേ അടയ്ക്കുന്നില്ലാരുന്നു.. അമ്മച്ചി അറിഞ്ഞില്ലിയോ..

അവൾ അതിശയത്തോടെ എന്നെ നോക്കി…

“നീയിത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാനാ അങ്ങേരെ വിളിച്ചു നാണംകെടുമാരുന്നോടി…വൈകുന്നേരം നിന്റച്ഛനിങ്ങു വരട്ടെ.. വെച്ചിട്ടുണ്ട് ഞാൻ സമ്മാനം..

ഞാൻ പല്ല് കടിച്ചു ..

“നോക്കെടീ പാറുവേ.. ദേശ്യം വരുമ്പോ അമ്മച്ചീടെ മൊഖം കാണാൻ വോഡാഫോണിന്റെ പരസ്യത്തിലെ പട്ടീടെ മൊഖം പോലൊണ്ട്…

കലി മൂത്ത് ഞാൻ അടുക്കളയിലേക്ക് പോകുമ്പോൾ ഇളയ കുരിപ്പ് മോളോട് പറയുന്നതും അവൾ അടക്കിച്ചിരിക്കുന്നതും കേട്ട് ഞാൻ തറഞ്ഞു നിന്ന് പോയി ..

ഇതിലും ഭേദം രണ്ട് വാഴതൈ വെക്കുന്നതായിരുന്നു..പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലെന്ന തിരിച്ചറിവിൽ കെട്ടിയോനുള്ള സമ്മാനവുമായി ഞാൻ വഴിയിലേക്ക് നോക്കിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *