വകേലൊരു ബന്ധുവിന്റെ മോളുടെ കല്യാണം കഴിഞ്ഞു. നല്ല മിടു മിടുക്കി കൊച്ചായിരുന്നു.എല്ലാം വെട്ടിത്തുറന്നു പറയുന്ന

(രചന: Ezra Pound)

വകേലൊരു ബന്ധുവിന്റെ മോളുടെ കല്യാണം കഴിഞ്ഞു.നല്ല മിടു മിടുക്കി കൊച്ചായിരുന്നു.
എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതം.അതോണ്ടന്നെ എല്ലാവർക്കും ഭയങ്കര കാര്യോമായിരുന്നു.

ഓളെ കെട്ടുന്ന ചെക്കന്റെ ഭാഗ്യമെന്ന് പറഞ്ഞു പലരും.പാവം ചെക്കനെങ്ങിനെയവളെ സഹിക്കുമോ ആവോ..

മൊഞ്ചത്തി പെണ്ണിന്റെ പിറകെ നടന്നിട്ടും ബൈക്കെടുത്തോണ്ടു പെണ്ണിന്റെ മുമ്പിലൂടെ വട്ടം കറങ്ങിയിട്ടും അവള് വീഴാത്തൊണ്ടുള്ള കുശുമ്പ് പറഞ്ഞു തീർത്ത് ആത്മ സംതൃപ്തിയടഞ്ഞു മറ്റു ചിലര്.

കല്യാണപ്പെണ്ണ് വീട്ടീന്നിറങ്ങുമ്പോ ചിലര് അടക്കം പറഞ്ഞോണ്ട് ചിരിച്ചതും മറ്റ് ചിലര് കണ്ണീരൊലിപ്പിച്ചതും എന്തിനാണെന്ന് പിന്നീട്‌ പലപോഴും ആലോചിച്ചു തല പുണ്ണാക്കിയിട്ടുണ്ട്.
ഒന്നുമുണ്ടായിട്ടല്ല..

വെറുതെയിരുന്നു തലച്ചോറ് തുരുമ്പെടുക്കേണ്ടല്ലോ.അതോണ്ടാലോചിച്ചതാണ്.

പക്ഷെ പെണ്ണിന്റെ ഭാഗ്യമോ ദൗർഭാഗ്യമോ എന്നറീല്ല കെട്ട് കഴിഞ്ഞു രണ്ടാഴ്ച തികയും മുമ്പെ പെണ്ണ് കെട്ടും പൊട്ടിച്ചോണ്ടു വീട്ടിലെത്തി.എത്തിയെന്നല്ല ചെക്കൻ കൊണ്ടു ചെന്നാക്കി എന്നുവേണം പറയാൻ.

കെട്ടും പൊട്ടിച്ചൊണ്ടെന്നുള്ള പ്രയോഗം കണ്ടു മുഖം ചുളിക്കണ്ട..സംഗതി കെട്ടെന്നുള്ളത് കൊണ്ടുദ്ദേശിക്കുന്നത് മിന്നു കെട്ടാണെങ്കിലും പെണ്ണിന്റെ കാര്യത്തിലത് അക്ഷരം പ്രതി സത്യമാണ്.

കെട്ടിക്കഴിഞ്ഞാ പിന്നെ മേയാൻ വിട്ട പശൂന്റെ അവസ്ഥയാ.കാണുന്നോർക്ക് തോന്നും ഹാ എന്തു സുഖാണ്..

യഥേഷ്ടം മേഞ്ഞുനടക്കാം.സമയാസമയം ഭക്ഷണം വെള്ളം താമസിക്കാനൊരു വീട്..
പക്ഷെ അതിന്റെയറ്റത്തുള്ള കയർ ആരും ശ്രദ്ധിക്കില്ല.

ഉറക്കെയൊന്നു ശബ്ദിച്ചാൽ പൊട്ടിച്ചിരിച്ചാൽ തീർന്ന്..അടക്കോം ഒതുക്കോം ഇല്ലാത്ത പെണ്ണായി.

ചിരിവന്നാലും അടക്കി ഒതുക്കിപ്പിടിച്ചു പുഞ്ചിരിച്ചോണം എന്നല്ലെ നാട്ടുനടപ്പ്..ഇഷ്ടക്കേടുള്ള എന്തെലും കണ്ടാലും കേട്ടാലും ഉം ഉം എന്നൊക്കെ മൂളുകയേ ചെയ്യാവൂ.

വാ തുറന്നാൽ പിന്നെ അതുകണ്ട് മറ്റ് പലരുടെയും വാ പൊളിയും.പോരാത്തതിന് പതിവ് ഡയലോഗും..”വളർത്തുദോഷം അല്ലാണ്ടെന്താ!

എന്താല്ലേ..പരലോകത്തെപ്പറ്റിയും മരണാനന്തര ജീവിതത്തെ പറ്റിയുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും നമ്മുടെ കഥാനായികയെ വിവാഹാനന്തര ജീവിതത്തെ പറ്റി ആരും പഠിപ്പിച്ചിട്ടില്ലായിരുന്നു.

അത് വീട്ടുകാരുടെ പിടിപ്പ്കേടാണെന്നാണ് ചെക്കന്റെ വീട്ടുകാരുടെ ആരോപണം.

അതൊന്നും പഠിക്കാത്തത് കൊണ്ടന്നെ പെണ്ണ് അലാറം വെക്കാതെ സൂര്യനുദിക്കുവോളം കിടന്നുറങ്ങി.

അല്ലെങ്കി തന്നെ നേരം പര പരാ വെളുക്കുന്നെന് മുന്നേ അതും മഴയും മഞ്ഞും ഒക്കെണ്ടെങ്കി പിന്നെ പറയണ്ട..

ആ നേരത്തൊക്കെ പെണ്ണിനോട് സ്നേഹുള്ള ഏതേലും ചെക്കൻ അവളെ വിളിച്ചെഴുന്നേൽപ്പിച്ചോണ്ട് അടുക്കളയിലോട്ട് വിടുമോ.വിടാൻ തോന്നോ..ഇങ്ങളെന്നെ പറ.

വിശന്നപ്പോ പ്ലേറ്റെടുത്ത് ആവശ്യത്തിനുള്ളത് കഴിച്ചുന്നുള്ളതാരുന്നു മറ്റൊരു കുറ്റം.
വിശന്നാൽ കഴിക്കാനല്ലാതെ ഈ ആഹാരം പിന്നെന്തിനുള്ളതാ..

അതൊന്നും ചിന്തിക്കാതെ മറ്റുള്ളോരുടെ സമയോം കാലോം നോക്കി കാത്തിരുന്നു കഴിക്കേണ്ട ഒന്നല്ലാലോ ഭക്ഷണമെന്നത് എന്നാരുന്നു അവളുടെ പക്ഷം.അത് ശരിയാണ് താനും.

പിന്നൊരു ആരോപണം എന്നും കാലത്തു തൂത്തോണ്ടിരുന്ന മുറ്റം വൈകുന്നേരം തൂത്തു വാരി മുറ്റത്തെ അ,പ,മാ,നി,ച്ചു പോലും.

എപ്പോഴായാലും മുറ്റം തൂത്താൽ പോരെ..അതിനങ്ങനെ നേരോം കാലോം ഒക്കെണ്ടോ..ആർക്കും തോന്നാവുന്ന സംശയമാണ്..

പക്ഷെ ഭർതൃ വീട്ടുകാരുടെ മുമ്പിലിതൊക്കെ
കാലങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന പല ആചാരങ്ങളുടെയും വ്യക്തമായ ലംഘനമായിരുന്നു..
അവരെപ്പൊത്തന്നെ കുടുംബക്കാരുടെ അവൈലബിൾ കമ്മറ്റി വിളിച്ചുകൂട്ടി ചെക്കനോട് പെണ്ണിനെ തിരിചു വിടാൻ ശുപാർശ ചെയ്തത്രേ..

ഒരുമിച്ചു ജീവിക്കേണ്ടവർ ആരാണോ അവരോടു ആരുമൊന്നും ആലോചിച്ചുമില്ല പറഞ്ഞുമില്ല.
അതല്ലല്ലോ നാട്ടു നടപ്പ്.

പക്ഷെ രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാലെന്നു പറഞ്ഞതുപോലെ അവനപ്പോൾ തന്നെ പെണ്ണിനെയവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി.
അതോടെ അയല്പക്കത്തുള്ളോർക്കും വഴിയേ പോവുന്നോർക്കും ചോദിക്കാനും പറയാനും ഒരു വിഷയമായി.

അവളോ വീട്ടുകാരോ അതൊന്നും ചെവിക്കൊണ്ടില്ലെന്ന് മാത്രല്ല കല്യാണത്തോടെ മുടങ്ങിപ്പോയെക്കാവുന്ന അവളുടെ പഠനവും പുനരാരംഭിച്ചു..

കൃത്യമായ ഇടവേളകളിൽ അവിഹിതങ്ങളും വിവാഹ മോചനങ്ങളും ഒക്കെ കിട്ടുന്നോണ്ട് പിന്നീടെപ്പോഴോ ബന്ധുക്കളും നാട്ടുകാരും അവളുടെ കാര്യം മറന്ന് പോയിരുന്നു.
പഠനം കഴിഞ്ഞവൾക്ക് ജോലിക്കുള്ള അപ്പോയിന്മെന്റ് ലെറ്റർ കിട്ടിയ ദിവസം ഒരു കാർ അവളുടെ വീട്ടു മുറ്റത്ത് വന്ന് നിന്നു.

അതീന്നിറങ്ങി വന്ന ചെറുപ്പക്കാരനെ കണ്ട് പലരും വാപൊളിച്ചു..നമ്മുടെ കഥാ നായകൻ.ഇവനിവളെ ഉപേക്ഷിച്ചതല്ലേ..

പിന്നെങ്ങിനെ വീണ്ടും വന്ന്.ചിലരങ്ങോട്ടുമിങ്ങോട്ടും അടക്കം പറഞ് തുടങ്ങി.പിന്നേ കണ്ട കാഴ്ച.

അവള് വീടിന്റെ വാതിൽ തുറന്നൊണ്ട് പുറത്തേക്ക് വരുന്നു.പിറകെ വീട്ടുകാരും.

അവളോടിച്ചെന്നവനെ കെട്ടിപ്പിടിക്കുന്നു..അകത്തേക്ക് വിളിച്ചോണ്ട് പോവുന്നു.
പടച്ചോനെ..

ഇതെന്ത് മറിമായം.പിന്നെയാണ് എല്ലാരും സംഭവങ്ങളുടെ കിടപ്പറിയുന്നേ.

നിശ്ചയം കഴിഞ്ഞപ്പോ തന്നെ പെണ്ണ് ചെക്കനോട് അവളുടെ ആഗ്രഹങ്ങളൊക്ക പറഞ്ഞിരുന്നു.
വിവാഹശേഷം സ്വന്തം വീട്ടിൽ താമസിച്ചോണ്ട് ഇതൊന്നും നടക്കില്ലെന്നറിയാവുന്ന ചെക്കന്റെ ഐഡിയ ആരുന്നു പിന്നീട് നടന്നതൊക്കെ.

ദുരഭിമാനത്തേക്കാളും വലുതാണ് മകളുടെ ഭാവിയെന്ന് മനസ്സിലാക്കിയ അവളുടെ ഉമ്മയും വാപ്പയും അവർക്കൊപ്പം കട്ടക്ക് നിന്നപ്പോ പിന്നേ അവൾക്ക് വേറൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

അല്ലെങ്കിലും സ്വന്തം മകളോട് സ്നേഹമുള്ള ഒരു രക്ഷിതാവും മറ്റൊരു വീട്ടിലെ അടുക്കള പണിക്കായി മകളെ പറഞ്ഞയക്കില്ലല്ലോ.അത്രേയുള്ളൂ കാര്യം.

Leave a Reply

Your email address will not be published. Required fields are marked *