കല്യാണപ്പന്തലിൻ്റെ പണിയും ഡക്കറേഷനുമൊക്കെ കഴിഞ്ഞ് പണിക്കാര് പോയപ്പോൾ,

രചന :സജി തൈപ്പറമ്പ്

കല്യാണപ്പന്തലിൻ്റെ പണിയും ഡക്കറേഷനുമൊക്കെ കഴിഞ്ഞ് പണിക്കാര് പോയപ്പോൾ, ഉമ്മറത്തെ ചപ്പ് ചറുകൾ അടിച്ച് വാരാനിറങ്ങിയതായിരുന്നു മാലതി.

അപ്പോഴാണ് ഗേറ്റ് തുറന്ന് തോളിലൊരു ബാഗും തൂക്കി ചുരിദാറിട്ടൊരു പെൺകുട്ടി മുറ്റത്തേയ്ക്ക് കയറി വന്നത്

ഏകദേശം ഇരുപതിനടുത്ത് പ്രായം തോന്നിക്കുന്ന അവളെ മാലതി ഉദ്വേഗത്തോടെ നോക്കി
ഇത് മഹേഷ് സാറിൻ്റെ വീടല്ലേ ?മാലതിയോടവൾ ചോദിച്ചു

അതേ, കുട്ടി ഏതാ? ഞാൻ കണ്ണൂരീന്നാ വരുന്നത് എനിക്ക് സാറിനെ ഒന്ന് കാണണമായിരുന്നു

അദ്ദേഹം ഇപ്പോഴിവിടില്ല മോളെയും കൊണ്ട് ടൗണ് വരെ പോയിരിക്കുവാ ,എന്താ കാര്യം?
മാലതിക്ക് ആകാംക്ഷയുണ്ടായി

എനിക്കദ്ദേഹത്തോട് ചിലത് സംസാരിക്കണമായിരുന്നു വിരോധമില്ലെങ്കിൽ സാറ് വരുന്നത് വരെ ഞാനിവിടെ ഇരുന്നോട്ടെ

അത് പറയുമ്പോൾ അവളുടെ മുഖം വലിഞ്ഞ് മുറുകിയിരുന്നത് മാലതിയെ അസ്വസ്ഥയാക്കി
ഓഹ് അതിനെന്താ കയറി ഇരുന്നോളു ,മോൾക്ക് കുടിക്കാനെന്താ ചായയോ കാപ്പിയോ
നോ താങ്ക്സ്, എനിക്കൊന്നും വേണ്ട

അപ്പോഴും അവളുടെ മുഖത്തെ പിരിമുറുക്കത്തിന് ഒട്ടും അയവ് വന്നിട്ടില്ലായിരുന്നു

ഒരു പെൺകുട്ടി എന്തിനായിരിക്കും കണ്ണൂരീന്ന് ഇത്രയും ദൂരം അദ്ദേഹത്തെ അന്വേഷിച്ച് വരുന്നത്
പത്തിരുപത് വർഷങ്ങൾക്ക് മുമ്പ് പയ്യന്നൂർ കോളേജിൽ ഗസ്റ്റ് ലക്ചററായി അദ്ദേഹം കുറച്ച് നാൾ ജോലി ചെയ്തിട്ടുണ്ടെന്നല്ലാതെ അവിടെ പറയത്തക്ക റിലേഷനൊന്നും ആരുമായിട്ടുമില്ല
കണ്ണൂര് എവിടെയാ കുട്ടീടെ വീട് ?

ജിജ്ഞാസ അസഹനീയമായപ്പോൾ മാലതി അവളോട് ചോദിച്ചു പയ്യന്നൂരാണ്

അത് കേട്ടതും തൻ്റെ സിരകളിൽ രക്തയോട്ടം വർദ്ധിച്ചതായി മാലതിക്ക് തോന്നി

തലച്ചോറിനുള്ളിൽ സൈറൺ മുഴങ്ങുന്നതായും നിരവധി അപായസൂചനകൾ ഹൃദയപേശികളെ സമ്മർദ്ദത്തിലാക്കുന്നതും അവരറിഞ്ഞു

ആരാ മാലതി ആ കുട്ടി?അച്ചാറിടാനുള്ള മാങ്ങ നുറുക്കിക്കൊണ്ടിരുന്ന രേണുഅമ്മായി ,

അടുക്കളയിലേക്ക് ചെന്ന മാലതിയോട് ചോദിച്ചു അത് മാഷിനെ അന്വേഷിച്ച് വന്നതാ, കണ്ണൂര്കാരിയാണ് എന്താ കാര്യം

ആഹ് അതറിയില്ല ,മാഷിനോട് എന്തോ പറയാനായി വന്നതാ മഹേഷ്,പണ്ടെങ്ങാണ്ട് കണ്ണൂര് ജോലി ചെയ്തതല്ലേ ?അമ്മായി വിടാൻ ഭാവമില്ലെന്ന് മാലതിക്ക് മനസ്സിലായി

ഉം ചിലപ്പോൾ കൂടെ ജോലി ചെയ്ത മാഷൻമാരുടെ ആരുടെയെങ്കിലും മക്കളായിരിക്കും
സ്വയം സമാധാനിക്കാൻ കൂടിയാണ് മാലതി അമ്മായിയോട് അങ്ങനെ പറഞ്ഞത്

അല്ല ഞാൻ ചോദിച്ചെന്നേയുള്ളു, ചില സിനിമകളിലൊക്കെ ഇത്തരം സീനുകൾ മുമ്പ് കണ്ടിട്ടുള്ളത് കൊണ്ട് ഒരാശങ്ക, അല്ല അവൻ അത്തരക്കാരനല്ലെന്ന് നമുക്കറിയാമല്ലോ

അമ്മായിയുടെ ആശങ്ക തൻ്റെ നെഞ്ചിൽ തുളച്ച് കയറുന്ന കാരമുള്ളുകളാണെന്ന് അവരറിയുന്നില്ലല്ലോ
അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ? ആ കുട്ടി കേട്ടാൽ എന്താ കരുതുക അമ്മായിയുടെ മകൾ ശ്രീദേവി അവരെ ശാസിച്ചു.

അടുത്തയാഴ്ച തങ്ങളുടെ ഏകമകളായ മീനാക്ഷിയുടെ വിവാഹമാണ്, അതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.

അതിനിടയിൽ ഒരപശകുനം പോലെ എന്തിനാണോ ആ കുട്ടി വന്നിരിക്കുന്നത്
പത്തിരുപത്തിമൂന്ന് കൊല്ലത്തെ ദാമ്പത്യ ജീവിതത്തിൽ ചില സൗന്ദര്യ പിണക്കങ്ങളല്ലാതെ മറ്റൊന്നും തങ്ങളുടെ ഇടയിലുണ്ടായിട്ടില്ല

ഇന്ന് വരെ ഒരു കാര്യവും തന്നോട് മറച്ച് വച്ചിട്ടില്ല, പരസ്പര വിശ്വാസവും സ്നേഹവും അന്ന് തൊട്ട്
ഇന്ന് വരെ ഉണ്ടായിട്ടുമുണ്ട് ,അറിഞ്ഞ് കൊണ്ട് ഒരിക്കലും അദ്ദേഹം തന്നെ ച,തി,ക്കി,ല്ലെന്ന് നല്ല വിശ്വാസവുമുണ്ട്, പക്ഷേ എന്തോ ഒരു അരുതായ്ക മനസ്സിനെ പിടിച്ചുലയ്ക്കുന്നു

അദ്ദേഹം ഒന്ന് വന്നിരുന്നെങ്കിൽ,ആ കുട്ടിയുടെ ആഗമനോദ്ദേശ്യമെന്താണെന്ന് അറിയാമായിരുന്നു

പിടി വിട്ട് പോകുന്ന മനസ്സിനെ നിയന്ത്രിക്കാൻ മാലതി വല്ലാതെ പാട് പെടുന്നുണ്ടായിരുന്നു
ഊണ് കാലമായിട്ടുണ്ട് വന്ന് കഴിച്ചിട്ടിരിക്കു കുട്ടീ..

ഉള്ളിൽ നെരിപ്പോടെരിയുമ്പോഴും മാലതി ആദിത്യ മര്യാദ മറന്നില്ല
വേണ്ട, ഭക്ഷണം ഞാൻ കൊണ്ട് വന്നിട്ടുണ്ട്, കൈകഴുകാൻ ലേശം വെള്ളം കിട്ടിയാൽ ഇവിടിരുന്ന് ഞാൻ കഴിച്ചോളാം

അപ്പോൾ എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് അവൾ വന്നിരിക്കുന്നത് ,

ഇതിലെന്തോ പന്തികേട് മണക്കുന്നുണ്ട് മാലതീ ..

വെള്ളമെടുക്കാനായി

അടുക്കളയിലേക്ക് വന്നപ്പോഴാണ് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ അമ്മായീടെ വക കമൻ്റ്
ഓഹ് ഈ അമ്മയുടെ ഒരു കാര്യം ,ചേച്ചി അതൊന്നും കാര്യമാക്കണ്ട ദാ ഈ വെളളം കൊണ്ട് ആ കുട്ടിക്ക് കൊടുക്ക്

ശ്രീദേവി ,കിണ്ടിയിൽ കൊടുത്ത് വിട്ട വെള്ളവുമായി മാലതി മുൻ വശത്തേയ്ക്ക് വന്നപ്പോൾ ആ കുട്ടി ഫോണിൽ ആരോടോ സംസാരിക്കുന്നതാണ് കണ്ടത്

ങ്ഹാ ,ഞാനിവിടെ തന്നെയുണ്ട്, ഇല്ല എത്ര താമസിച്ചാലും ഞാനദ്ദേഹത്തെ കണ്ട് ഒരു തീരുമാനമാക്കിയിട്ടേ വരു ,ഓഹ് ശരി

അവൾ ഫോൺ കട്ട് ചെയ്തിട്ട് മാലതിയുടെ കൈയ്യിൽ നിന്ന് വെള്ളം വാങ്ങി കൈകഴുകി
കുട്ടീ…, നിനക്ക് അദ്ദേഹത്തോട് സംസാരിക്കാനുള്ളത്, എന്തോ സീരിയസ്സ് മാറ്ററാണെന്ന് എനിക്ക് മനസ്സിലായി,

പക്ഷേ അതെന്ത് തന്നെ ആയാലും ഇപ്പോൾ അതിന് പറ്റിയ സന്ദർഭമല്ല ,

കാരണം അടുത്തയാഴ്ച ഞങ്ങളുടെ ഒരേ ഒരു മകളുടെ വിവാഹമാണ് ,അത് കഴിഞ്ഞിട്ട് നിനക്ക് എന്ത് വേണമെങ്കിലും അദ്ദേഹത്തോട് ചോദിക്കുകയോ പറയുകയോ ചെയ്യാം

ഒരു തളർച്ചയോടെ മാലതി പറഞ്ഞു

സോറി മേഡം, ഇതിന് മുമ്പ് രണ്ട് തവണ ഞാനദ്ദേഹത്തെ കണ്ടിരുന്നു അപ്പോഴൊക്കെ ഓരോ ഒഴിവുകൾ പറഞ്ഞ് എന്നെ ഒഴിവാക്കുകയാണ് ചെയ്തത് ,ഇതെൻ്റെ ജീവിത പ്രശ്നമാണ് ,അത് കൊണ്ട് തന്നെ എനിക്കിന്ന് അദ്ദേഹത്തെ കണ്ടേ മതിയാകു

അവളുടെ മുഖത്തെ ദൃഡനിശ്ചയം മാലതിയെ ധർമ്മസങ്കടത്തിലാക്കി .

ആ സമയം ,ടൗണിലേക്ക് പോയിരുന്ന മഹേഷും, മകളും ഒരു ഓട്ടോറിക്ഷയിൽ ഗേറ്റിന് മുന്നിൽ വന്നിറങ്ങിയത് കണ്ട് മാലതിയുടെ നെഞ്ചിടിപ്പ് കൂടി.

മഹേഷിനെ കണ്ടതും അവൾ ചാടിയെഴുന്നേറ്റു അല്ല ഇതാരാ? കുട്ടി ഇവിടെയും വന്നോ?

അവളെ കണ്ട് യാതൊരു കൂസലുമില്ലാതെ അദ്ദേഹം സൗഹൃദം ഭാവിക്കുന്നത് കണ്ടപ്പോൾ മാലതിക്ക് വിസ്മയം തോന്നി

അതേ സർ, ഇന്നെൻ്റെ ലാസ്റ്റ് ഡേയാണ്, ഇന്ന് ടാർഗറ്റ് തികയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, എനിക്കീ ജോലി നഷ്ടപ്പെടും ,

സർ ഒരായിരം രൂപയുടെ പ്രോഡക്ട്സ് എങ്കിലും എടുക്കണം സർ

അവൾ കെഞ്ചുന്നത് കണ്ടപ്പോഴാണ് ,താനിത്രയും നേരം അനുഭവിച്ച മാനസികവ്യഥ

അർത്ഥശൂന്യമായിരുന്നു എന്ന് മാലതിക്ക് മനസ്സിലായത്

ഉത്ക്കണ്ഠകളൊഴിഞ്ഞപ്പോൾ മനസ്സ് കൊണ്ടവർ ദൈവത്തെ സ്തുതിച്ചു

എന്താ മാഷേ ഇത്? ആ കുട്ടിയുടെ ജീവിത മാർഗ്ഗമല്ലേ? ഇവിടെയൊരു വിവാഹം നടക്കാൻ പോകുന്നത് കൊണ്ട്,നമ്മൾ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നുള്ളത് ശരി തന്നെ ,എന്നാലും സാരമില്ല,

ആ കുട്ടി ഈ മുറ്റത്ത് കയറി വന്നതല്ലേ? ആയിരമോ രണ്ടായിരമോ കൊടുത്ത് ആ കുട്ടിയെ സഹായിക്കുന്നത് പുണ്യം തന്നെയാ. അതിൻ്റെ ഫലം നമ്മുടെ മോൾക്ക് കിട്ടിക്കോളും
മാലതിയുടെ സംസാരം കേട്ട് ആ പെൺകുട്ടിക്ക് അത്ഭുതം തോന്നി

മാഡം ഇത്ര സോഫ്റ്റ് മൈൻഡുള്ള ആളായിരുന്നോ? എങ്കിൽ ഞാൻ സാറ് വരുന്നത് വരെ കാത്ത് നില്ക്കില്ലായിരുന്നു ,സാധാരണ എല്ലാ വീടുകളിലും സ്ത്രീകളാണ് ഞങ്ങളെ പോലെയുള്ളവരെ അവഗണിക്കാറ്, അത് കൊണ്ടാണ് മേഡത്തോട് ഞാൻ എന്തിനാ വന്നതെന്ന് പറയാതിരുന്നത്
അപ്പോൾ കുട്ടി എന്നോട് കണ്ണൂരീന്നാ വന്നതെന്ന് പറഞ്ഞതോ?

അതെ, എൻ്റെ വീട് കണ്ണൂര് തന്നെയാണ് ,പക്ഷേ ഇപ്പോൾ എൻ്റെ കൂടെയുള്ളവരുമായി ഇവിടെയടുത്തൊരു വാടക വീട്ടിലാണ് താമസിക്കുന്നത്

ഹോ! വെറുതെ കുറെ ടെൻഷനടിച്ചു

മാലതി ആശ്വാസത്തോടെ മനസ്സിൽ പറഞ്ഞു.
.

Leave a Reply

Your email address will not be published. Required fields are marked *