“അവനിതുവരെ എണീറ്റില്ലേ ജെനീ.. പാടത്തേയ്ക്കിറങ്ങി വന്ന ജെനിയോടായി സാജൻ ചോദിച്ചു. അയാൾക്കുള്ള ഉച്ചഭക്ഷണവുമായി

രചന : അബ്രാമിന്റെ പെണ്ണ്

“അവനിതുവരെ എണീറ്റില്ലേ ജെനീ..

പാടത്തേയ്ക്കിറങ്ങി വന്ന ജെനിയോടായി സാജൻ ചോദിച്ചു. അയാൾക്കുള്ള ഉച്ചഭക്ഷണവുമായി വന്നതാണ് അവൾ.

“എങ്ങനെ എണീയ്ക്കാനാ.. അപ്പന്റെയല്ലേ മോൻ.. വെളുപ്പാൻകാലത്തെങ്ങാണ്ടാ കേറി വന്നത്.. അവൻ നന്നായൊന്ന് ഉറങ്ങീട്ട് മാസം ഒന്ന് കഴിഞ്ഞു..വയ്യാത്തവനാണെന്ന് അവനൊരു ബോധമില്ല.. സായ്‌ച്ചാൻ കൂടെ അതോർക്കാതിരുന്നാൽ വല്യ കഷ്ടാ.. എങ്ങനേലും ഈ ക്രിസ്മസ് ഒന്ന് കഴിഞ്ഞാൽ മതിയാരുന്നു..

ജെനി പരിഭവത്തോടെ പറഞ്ഞു.. അവളുടെ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു.

“പിള്ളേരല്ലേടീ.. കൗമാരം ആസ്വദിയ്ക്കേണ്ട പ്രായമല്ലിയോ.. ഞാൻ ഈ പ്രായത്തിലാ ആ കുന്നുമ്മേലെ ആനിയെ പ്രേമിച്ചേ.. ഇവൻ അത്രയ്ക്കൊന്നും ചെയ്തില്ലല്ലോ.. നീ സമാധാനപ്പെട്..

സാജൻ ചിരിയോടെ പറഞ്ഞു.. അത് കേട്ട് ജെനിയുടെ മുഖത്ത് കാർമേഘം നിറഞ്ഞു..

” ഉവ്വ.. അവളെക്കെട്ടിയാരുന്നേൽ കാണാരുന്നു.. സേവിച്ചാൻ അവളെക്കൊണ്ട് പൊറുതിമുട്ടിയേക്കുവാണെന്നാ നാട്ടാര് പറേണത്. സായ്‌ച്ചാന് അവളാരുന്നു ചേരുന്നത്..

ജെനിയുടെ മുഖത്തെ കുശുമ്പ് കണ്ട് സാജൻ പൊട്ടിച്ചിരിച്ചു..

” എനിക്ക് കുശുമ്പും കുന്നായ്മയുമൊക്കെയുള്ള നിന്നെ മതി..

സാജൻ തോട്ടിലെ വെള്ളത്തിൽ കാല് കഴുകുന്നതിനിടെ ഒളികണ്ണിട്ട് ജെനിയെ നോക്കി.

” പിന്നേ.. പണ്ടെങ്ങാണ്ടോ കിട്ടാത്ത മുന്തിരി പുളിയ്ക്കുമെന്ന് ഏതോ കുറുക്കൻ പറഞ്ഞതോർമ്മ വരുന്നു..ന്യായം പറയാതെ ഇച്ചായൻ ഇങ്ങോട്ട് കേറി വാ.. ചോറ് തണുക്കുന്നു..

പാത്രത്തിന്റെ മൂടി തുറന്നു ജെനി സാജനോട് പറഞ്ഞു.

നാട്ടിലെ അറിയപ്പെടുന്ന കർഷകനാണ് സാജൻ.. കൃഷിയെ ജീവശ്വാസമാക്കിയ സാജന്റെ കരുത്തും ദൗർബല്യവും ജെനിയും മകൻ എബിയുമാണ്.. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളം കുഞ്ഞുങ്ങളില്ലാതിരുന്ന സാജനും ജനിയ്ക്കും നീണ്ട ചികിത്സയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം ഒരു ക്രിസ്മസ് തലേന്ന് ജനിച്ച മകനാണ് എബിയെന്ന മോനു..

വലത് കാലിന് അല്പം വളവുള്ള മോനു മൂന്നു വയസ്സ് വരെ സംസാരിയ്ക്കുകയോ നടക്കുകയോ ചെയ്യുമായിരുന്നില്ല.. ഒരുപാട് നാളുകളുടെ ചികിത്സകളുടെ ഫലമായി അവൻ പതിയെ നടന്നു തുടങ്ങി.. അഞ്ചാമത്തെ വയസിൽ സംസാരിച്ചു തുടങ്ങി..നടക്കുമ്പോൾ അല്പം മുടന്തുണ്ടെന്നതൊഴിച്ചാൽ വേറെ കുഴപ്പങ്ങളൊന്നുമില്ലാത്ത അവൻ ജെനിയ്ക്കിപ്പോഴും വയ്യാത്ത കൊച്ചാണ്..അതിന്റെയൊരു കരുതലിൽ അവളെപ്പോഴും മോനുവിനെ പൂട്ടിയിടാറുണ്ടെങ്കിലും അവനതൊക്കെ പൊട്ടിച്ചെറിയാറാണ് പതിവ്. പതിനഞ്ചു വയസുള്ള മോനു ഇപ്പോളും അവൾക്ക് മൂന്ന് വയസുള്ള കുഞ്ഞാണ്.

ക്രിസ്മസ് അടുത്തതോടെ പള്ളിയിലെ കരോൾ സംഘത്തോടൊപ്പം ക്രിസ്മസ് പപ്പയുടെ വേഷം കെട്ടിയത് മോനുവാണ്.. തണുപ്പ് കാലത്തുള്ള അവന്റെ പുറത്തു പോക്ക് തടയാൻ ജെനി ആവുന്നത്ര ശ്രമിച്ചെങ്കിലും സാജന്റെ ശക്തമായ പിന്തുണയോടെ അവൻ കരോൾ സംഘത്തോടൊപ്പം വീടുകളുടെ മുന്നിൽ ആടിത്തിമർത്തു.. നന്നായി പഠിയ്ക്കുന്ന മോനു സ്കൂളിലും നാട്ടുകാർക്കിടയിലും അത്രമേൽ പ്രിയപ്പെട്ടവനാണ്..

ജെനി സാജനുള്ള ചോറ് വിളമ്പി.. ചൂട് ചോറിന് മുകളിലേയ്ക്ക് കോഴിക്കറി ഒഴിച്ചു. കറിയിൽ നിന്നുള്ള എണ്ണ ചോറിൽ ചുവപ്പ് പടർത്തി ഒഴുകിപ്പടർന്നു.

“നീ കഴിയ്ക്കുന്നില്ലേ…”

ഏതോ ചിന്തയിലായിരുന്ന ജെനി സാജന്റെ ചോദ്യം കേട്ട് ഞെട്ടിയുണർന്നു ..

“വേണ്ട.. സായ്‌ച്ചാൻ കഴിച്ചോ.. ഞാൻ വീട്ടിൽ ചെന്നിട്ട് മോനുവിന്റെ കൂടെ കഴിച്ചോളാം.

അവൾ പറഞ്ഞു.

” എന്നാ പറ്റിയെടീ.. രണ്ട് ദിവസായി കാണുന്നു നിന്റെയൊരു വല്ലായ്‌മ. നീ ശരിയ്ക്ക് ആഹാരം കഴിയ്ക്കുന്നില്ല.. എന്തേലും ഏനക്കേടുണ്ടോ. പറ..”

തെങ്ങിൻചുവട്ടിലെ തണലിലേക്ക് നീങ്ങിയിരുന്ന് തോർത്തെടുത്ത് മുഖം അമർത്തി തുടച്ചുകൊണ്ട് സാജൻ ചോദിച്ചു..

“അറിയില്ല സായ്‌ച്ചായാ.. എന്തോ ആപത്ത് വരാൻ പോണ പോലൊരു തോന്നൽ..രണ്ടീസമായി അപ്പനെയും അമ്മയെയും സ്വപ്നം കാണുന്നു.. മരിച്ചു പോയവരെ കാണുന്നത് അത്ര നല്ലതല്ല.. എന്തോ പറയാൻ വന്നിട്ട് അത് പറയാതെ അവര് കരഞ്ഞോണ്ട് തിരിച്ചു പോകുന്നെന്ന്.. എനിക്ക് പേടിയാകുന്നിച്ചായാ…

പറഞ്ഞു തീർന്നതും ജെനി വിങ്ങിക്കരഞ്ഞു..

“രാത്രി വേണ്ടാത്തത് ചിന്തിച്ചു കിടക്കുന്നോണ്ടാ ഇമ്മാതിരി സ്വപ്‌നങ്ങൾ കാണുന്നത്.. സ്വപ്നങ്ങളൊക്കെ വെറും സ്വപ്നങ്ങളല്ലേടീ.. അതെങ്ങാണ്ട് നടക്കാനാണോ.. നീ വെറുതെ ഓരോന്നാലോചിച്ച് മനസ് വിഷമിപ്പിക്കാതെ..”

സാജൻ ജെനിയെ തോളിൽ തട്ടി ആശ്വസിപ്പിച്ചു..

“അപ്പേ …”

നീട്ടിയുള്ള വിളി കേട്ട് സാജനും ജെനിയും തലയുയർത്തി നോക്കി.. തോട്ടു വരമ്പിലൂടെ മോനു നടന്നു വരുന്നുണ്ടായിരുന്നു..

” നീയെന്തിനാ ഈ വെയില് കൊള്ളാൻ ഇറങ്ങി വന്നേ.. ഞാൻ അങ്ങോട്ട്‌ കേറിവരത്തില്ലേ.. അമ്മച്ചി അവിടില്ലിയോടാ..”

ജെനി മകനെ ശാസിച്ചു..

“ഈ അമ്മയെന്താ അപ്പേ ഇങ്ങനെ.. ഞാൻ കൊച്ചാണെന്നാ അമ്മേടെ വിചാരം..വല്യമ്മച്ചി കുടുംബശ്രീയ്ക്ക് പോയി.. അതാ ഞാൻ വന്നേ..

മോനു സാജനരികിലേയ്ക്കിരുന്നു..

“മക്കളേ നിന്റെ അമ്മയെ നിനക്കറിയത്തില്ലിയോടാ… അവളിങ്ങനെ പറഞ്ഞോണ്ടിരിക്കും.. നീയത് കാര്യമാക്കണ്ട.. മക്കള് ചോറ് കഴിക്ക് …

ചോറിൽ കോഴിക്കഷ്ണങ്ങൾ ചേർത്തിളക്കി സാജൻ അവന്റെ വായിലേയ്ക്ക് വെച്ച് കൊടുത്തു..

“എന്തായാലും ഇന്നൊരു ദിവസം കൂടിയല്ലേ നിന്റെ ഊര് ചുറ്റൽ നടക്കു..അടുത്ത ക്രിസ്മസിന് നിന്റെ വേഷം കെട്ടൽ ഞാൻ സമ്മതിക്ക്യേല മക്കളേ.. പള്ളിക്കാരോട് വേറെ ആള് നോക്കിക്കോളാൻ പറ..”

ജെനി മറ്റൊരു പ്ലേറ്റിൽ തനിയ്ക്കുള്ള ചോറ് വിളമ്പിക്കൊണ്ട് പറഞ്ഞു..

” അമ്മ കഴിഞ്ഞ തവണയും ഇത് തന്നെയല്ലേ പറഞ്ഞേ. എന്നിട്ട് എന്നാ പറ്റി.. അടുത്ത തവണയും ഞാൻ പോവും..”

മോനു ചിരിയോടെ ജെനിയെ നോക്കി..

‘ ആഹാ..എന്നാൽ ഞാനെന്റെ അപ്പന്റെ പേര് മാറ്റിയിടും…”

ജെനി വീറോടെ പറഞ്ഞു..

” ചത്തു പോയ നിന്റപ്പന്റെ പേര് മാറ്റിയിടുന്നതെന്തിനാടീ.. നിന്റെ പേര് മാറ്റുമെന്ന്
പറ..”

സാജൻ അവളെ എരിവ് കേറ്റി..

” ഒന്ന് പോ ഇച്ചായാ.. നിങ്ങളുടെ അടവൊന്നും എന്റടുത്തു നടക്കില്ല.. ഇവൻ അടുത്ത ക്രിസ്മസിന് വായിനോക്കാൻ പോകാൻ ഞാൻ സമ്മതിക്കില്ല.. നിന്നെ മര്യാദക്കാരനാക്കാൻ പറ്റുവോന്ന് ഞാനൊന്ന് നോക്കട്ടെ..”

” ങ്ഹാ.. കാണാം..”

മോനു വെല്ലുവിളി ഏറ്റെടുത്തു..

” കാണാം…”

പാത്രങ്ങൾ കഴുകിക്കൊണ്ട് ജെനിയും പറഞ്ഞു..

മൂന്ന് മണിയോടെ ജെനി വീട്ടിലേയ്ക്ക് പോകുമ്പോളും മോനു സാജനൊപ്പം പാടത്ത് നിൽക്കുവായിരുന്നു..

********************

രാത്രി ഏഴ് മണിയോടെ മോനു പള്ളിയിലേക്ക് പോകാനൊരുങ്ങി.. അവന്റെ കൂട്ടുകാർ മുറ്റത്തു കാത്ത് നിൽപ്പുണ്ടായിരുന്നു.. അവൻ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ ജെനി കിടക്കുകയായിരുന്നു..

” അമ്മേ.. എനിക്ക് വിശക്കുന്നു.. ചപ്പാത്തിയുമുണ്ടാക്കി താ..

” ഉച്ചയ്ക്കത്തെ ചോറ് ചൂടാക്കി വച്ചിട്ടുണ്ട്.. ചപ്പാത്തി നാളെ രാവിലെ ഉണ്ടാക്കാം ..ഭയങ്കര തലവേദന.. അപ്പാ അടുക്കളയിലുണ്ട്.. നീ ചോറ് കഴിച്ചിട്ട് പോ..

ജെനി നെറ്റി തടവിക്കൊണ്ട് പറഞ്ഞു..

” എനിക്ക് വേണ്ട ചോറ്.. ചപ്പാത്തി മതി..

അവൻ വാശിയോടെ പറഞ്ഞു..

” വേണ്ടേൽ വേണ്ട… പോ ചെറുക്കാ..

ജെനിയെ കുറെ നേരം നോക്കി നിന്നിട്ട് അവൻ അടുക്കളയിലേയ്ക്ക് ചെന്നു..

സാജൻ ജെനിയ്ക്കുള്ള ചുക്കുകാപ്പി ഉണ്ടാക്കുകയായിരുന്നു.. സാജന്റെ അമ്മച്ചി റീത്താമ്മ ക്രിസ്മസിന് വിളമ്പാനുള്ള ഇറച്ചിക്കറിയുണ്ടാക്കുന്ന തിരക്കിലും..

” എന്താടാ മക്കളേ മോന്ത വല്ലാതിരിയ്ക്കുന്നെ..

സാജൻ അവനെ നോക്കി..

” അമ്മ ചപ്പാത്തിയുണ്ടാക്കി തന്നില്ല..

അവൻ ഫ്രിഡ്ജ് തുറന്നു നോക്കി പറഞ്ഞു..

“അവൾക്ക് തലവേദനയാ.. മക്കള് വാശി കാണിയ്ക്കാതെ ചോറ് കഴിച്ചിട്ട് പോ..

സാജൻ ചുക്കുകാപ്പി ഫ്ലാസ്കിലേയ്ക്ക് പകർന്നു..

” അപ്പേ.. കേക്ക് വാങ്ങിയോ…

ഫ്രിഡ്ജ് തുറന്നു നോക്കിയ അവൻ അതിരറ്റ സന്തോഷത്തോടെ ചോദിച്ചു..

” ങ്ഹാ.. വാങ്ങി.. അതിനെന്താ..

അടുക്കളയിലേയ്ക്ക് വന്ന ജെനിയാണ് മറുപടി പറഞ്ഞത്..

കേക്ക് മുറിയ്ക്കാൻ കത്തി കയ്യിലെടുത്ത മോനു ജെനിയെക്കണ്ട് ഞെട്ടി..

” വെയ്‌ക്കെടാ അവിടെ.. നാളെ മുറിയ്ക്കാനാ കേക്ക്.. എല്ലാ തവണയും നിന്റെ പരിപാടി ഇതാ. ഓരോ ക്രിസ്മസിനും രണ്ട് കേക്ക്.. ഇനിയത് നടക്കില്ല.. നീ പൊടിക്കുഞ്ഞൊന്നുമല്ലല്ലോ.. കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായമൊക്കെയുണ്ട്..

ജെനി അവന്റെ കയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങി സ്ലാബിലേക്കിട്ടു..

” ഒരിത്തിരി മതിയമ്മേ.. ലേശം.. പിന്നെ ഞാൻ ചോദിക്കില്ല..

മോനുവിന്റെ കണ്ണുകളിൽ ദയനീയത നിറഞ്ഞു..

” ഇത്തിരിയുമില്ല.. ഒരുപാടുമില്ല.. ഇതിവിടെയിരുന്നാൽ നാളെ നീ തന്നെയേ കഴിക്കു.വേറെയാരും കൊണ്ടോവില്ല..

മോനു പുറത്തെടുത്തു വച്ച കേക്ക് ജെനി ഫ്രിഡ്ജിലെടുത്തു വച്ച് ഡോർ വലിച്ചടച്ചു..

” ഇത്തിരി മുറിച്ച് ആ കുഞ്ഞിന് കൊടുക്ക് പെണ്ണെ.. അവൻ കൊതികൊണ്ട് ചോദിക്കുന്നതല്ലേ..

റീത്താമ്മ അവന് സപ്പോർട്ടുമായി വന്നു..

” ഇത്തിരി കൊടുക്കെടീ..

സാജനും മകന് വേണ്ടി വക്കാലത്തേറ്റെടുത്തു.

” അമ്മച്ചി മിണ്ടാതിരുന്നേ.. സായ്‌ച്ചാനും അമ്മച്ചിയുമാ ഇവനെ വഷളാക്കുന്നെ..

ജെനിയുടെ ഒറ്റ ഡയലോഗിൽ റീത്താമ്മ വായ്‌പൂട്ടി.. അവർക്കറിയാം മോനു കരോളിന്‌ പോകുന്നതിന്റെ പ്രതിഷേധമാണ് ജെനി കാണിക്കുന്നതെന്ന്.. റീത്തയ്ക്ക് മാത്രമല്ല സാജനും മോനുവിനും അത് മനസിലായി..

” അല്ലാ.. ഇതെന്താ ഈ ഷർട്ടിട്ടേക്കുന്നേ… നാളെയിടാൻ വേണ്ടി വെച്ചിരുന്ന ഈ പുതിയതെടുക്കാൻ നിന്നോടാര് പറഞ്ഞു..

അവൾ അവനെ പിടിച്ച്‌ തനിയ്ക്കഭിമുഖമായി നിർത്തി.. അവൻ മുഖം കുനിച്ചു..

” ആ പഴയ ഷർട്ടിട്ടോണ്ട് പോയാൽ മതി..

അവൾ അവനോട് പറഞ്ഞു..

” എല്ലാരും ഇന്ന് പുതിയതാ ഇടുന്നെ.. ഞാനും ഇതിടുവാ..

മോനു ജെനിയുടെ കൈ തട്ടി മാറ്റി..

” പിന്നേ.. നാട്ടുകാര് തുള്ളണപോലെ നീയും തുള്ളുവോ.. ഊരിയിടെടാ..

ജെനി അവന്റെ പുതിയ ഷർട്ട് ബലമായി ഊരി മാറ്റി പഴയത് ധരിപ്പിച്ചു..

അവൻ പഴയ ഷർട്ടിലേക്കൊന്ന് നോക്കി.. എന്നിട്ട് ജെനിയുടെ നേരെ തിരിഞ്ഞു ചോദിച്ചു..

” അവസാനമായി ഞാൻ ചോദിയ്ക്കുവാ.. ഇത്തിരി കേക്കും പുതിയ ഷർട്ടും തരുവോ..

” ഇല്ലെന്ന് പറഞ്ഞാൽ ഇല്ല.. നാളെ നിനക്ക് തന്നെയുള്ളതാ ഇതെല്ലാം..

ജെനി അറുത്ത് മുറിച്ചു പറഞ്ഞു..

“എനിക്ക് നാളെ വേണ്ട..ഇന്ന് മതി.. ആ കേക്കും ഈ ഷർട്ടും ഇനിയെനിയ്ക്ക് വേണ്ട..അമ്മയെടുത്തോ..

നിറഞ്ഞ കണ്ണുകൾ തുടച്ച് അവൻ പുറത്തേയ്ക്കിറങ്ങി..

” കഴിച്ചിട്ട് പോ മോനൂ..

അവളുടെ പിൻവിളിക്ക് കാക്കാതെ മുറ്റത്തു കാത്ത് നിൽക്കുന്ന കൂട്ടുകാർക്കൊപ്പം അവൻ പുറത്തേയ്ക്കിറങ്ങി.. ഗേറ്റ് കടക്കുന്നതിന് മുൻപ് അവൻ തിരിഞ്ഞു വന്ന് സാജനെയും റീത്താമ്മയെയും കെട്ടിപ്പിടിച്ച് ചുംബിച്ചു..

” പോട്ടെ അപ്പേ.. വെല്യമ്മച്ചീ പോവാണേ..

ജെനിയെ തിരിഞ്ഞു പോലും നോക്കാതെ പുറത്തെ ഇരുട്ടിലേക്ക് അവൻ നടന്നു മറഞ്ഞു..

” നീയീ കാണിച്ചത് ദുഷ്ടത്തരമാ ജെനീ.. ഓർത്തോ നീയ്.. കർത്താവ്‌ പൊറുക്കുകേല..

ജെനിയുടെ മറുപടിയ്ക്ക് കാക്കാതെ റീത്താമ്മ മുറിയിലേയ്ക്ക് പോയി…

********************************

ഉറങ്ങാൻ കിടക്കുമ്പോൾ സാജൻ പതിവില്ലാതെ നിശ്ശബ്ദനായിരുന്നു.. ജെനി കതകടച്ചു വന്ന് കട്ടിലിലിരുന്നു..

” സായ്ച്ചാന് എന്നോട് പിണക്കമാണോ..

മുടി വാരിക്കെട്ടിക്കൊണ്ട് അവൾ ചോദിച്ചു..

” നീയെന്തൊക്കെ ന്യായം പറഞ്ഞാലും ഇന്ന് കാണിച്ചത് ഇത്തിരി കൂടിപ്പോയി ജെനീ..അവനെന്തോരം സങ്കടപ്പെട്ടാണ് പോയതെന്നറിയാവോ.. സഭയുടെ കീഴിലുള്ള കുറെ പാവപ്പെട്ട കൊച്ചുങ്ങളുടെ പഠനത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് കൊടുക്കാനാ ഈ കരോളിന്‌ കിട്ടുന്ന പണം

ജെനിയുടെ മുഖത്ത് നോക്കാതെ സാജൻ പറഞ്ഞു..

” സായ്‌ച്ചാൻ പറയുന്നത് കേട്ടിട്ട് അവൻ നിങ്ങടെ ആദ്യ ഭാര്യയുടെ മോനാണെന്ന് തോന്നുവല്ലോ.. എനിക്കവനോട് സ്നേഹമില്ലേ.. അവനെ ഈ പരുവത്തിലൊന്ന് കിട്ടാൻ നമ്മളെന്തോരം കഷ്ടപ്പെട്ടതാ.. കഴിഞ്ഞ കരോളിന്‌ പോയിട്ട് പനി പിടിച്ച് അവനിവിടെ കിടന്നപ്പോൾ ഒരു പള്ളിക്കാരെയും പട്ടക്കാരെയും ഞാൻ കണ്ടില്ല..ഇപ്പറയുന്ന സായ്‌ച്ചാൻ അന്ന് കൃഷിക്കാരുടെ സെമിനാറെന്നു പറഞ്ഞ് എവിടാണ്ടോ പോയിക്കിടക്കുവാരുന്നു..രാപകലില്ലാതെ അവന് കാവലിരുന്നത് ഞാനാ. ഞാനെത്ര ദിവസായെന്നറിയാവോ ഉറങ്ങീട്ട്… സായ്‌ച്ചാൻ ആ സമയത്തൊക്കെ കൂർക്കം വലിച്ചുറങ്ങുവാ.. അവൻ പോയിട്ട് തിരിച്ചു വരുന്ന വരെ നെഞ്ചിൽ തീയാ.. അവനെയൊരു ഉറുമ്പ് കടിച്ചാൽ പോലും ഞാൻ സഹിക്കുകേല..പള്ളിക്കും പട്ടക്കാർക്കും വേണ്ടി കളയാനല്ല എന്റെ കുഞ്ഞിനെ ഞാൻ വളർത്തുന്നത്..ഇച്ചായൻ ഇനിയെന്തൊക്കെ പറഞ്ഞാലും ഇവനെയിങ്ങനെ പാതിരാത്രി മഞ്ഞും മഴയും കൊള്ളാൻ ഞാൻ വിടുകേല.. എനിക്ക് വേറെയാരുണ്ട് സായ്ച്ചാ.. ഇച്ചായൻ കൂടെ എന്നെ മനസിലാക്കാതെ പോയാൽ ഞാനെന്നാ ചെയ്യും…

പറഞ്ഞു നിർത്തിയതും ജെനി കിതച്ചുപോയി.. അവളുടെ ചുവന്ന കണ്ണുകളിൽ നിന്നും കണ്ണുനീർ കുത്തിയൊഴുകി..

” നിന്റെ വിഷമം എനിയ്ക്ക് മനസിലാകും ജെനീ.. അവൻ കുഞ്ഞല്ലേ.. അവനത് മനസിലാക്കണമെന്നില്ല… സാരമില്ല..പോട്ടെ.. നീ കരയാതെ…

ജെനിയെ സാജൻ നെഞ്ചോട് ചേർത്തു…

പുറത്തു വീശിയടിയ്ക്കുന്ന കാറ്റിൽ അപ്പോൾ തണുപ്പിന്റെ സുഗന്ധമായിരുന്നു..

*************************

കരോൾ സംഘം തിരിച്ചു വരികയാണ്.. തണുപ്പ് കാരണം എല്ലാവരുടെയും ശരീരം വിറച്ചു തുള്ളുന്നുണ്ട്..

” അടുത്ത ക്രിസ്മസിന് ഞാൻ കാണില്ല കേട്ടോടാ ജോബി.. അമ്മ സമ്മയ്ക്കൂല..

മോനു കൂട്ടുകാരൻ ജോബിയോട് പറഞ്ഞു..

” നിന്റെ അമ്മയ്ക്ക് വട്ടാ.. കാല് വയ്യാത്ത നിന്നെപ്പിടിച്ചു ക്രിസ്മസ് അപ്പൂപ്പനാക്കിയത് നിന്റെ ഭാഗ്യാ…ഒരു നാട്ടിലും കാണുകേല മുടന്തൻ ക്രിസ്മസ് അപ്പൂപ്പൻ…

മോനു ഉൾപ്പെടെ എല്ലാരും ആർത്തു ചിരിച്ചു… പെട്ടെന്നാണ് ഉറക്കെ കുരച്ചു കൊണ്ട് ഒരുകൂട്ടം പട്ടികൾ പാഞ്ഞു വന്നത്.. ഭയന്നു പോയ സംഘം നാലുപാടും ചിതറിയോടി.. മോനു ആധിപൂണ്ട് ഓടി അടുത്ത പറമ്പിലേക്ക് കയറി.. പട്ടികൾ അവരുടെ വഴിയ്ക്ക് പോയതും എല്ലാവരും തിരിച്ചു റോഡിലേക്കിറങ്ങി വന്നു.

” മോനു എന്തിയേടാ…

ജോബി കിതപ്പോടെ ചോദിച്ചു…

അവരെല്ലാവരും കൂടി കുറെ നേരം തിരഞ്ഞിട്ടും മോനുവിനെ കണ്ടില്ല..

” ഇനിയവൻ നേരെ വീട്ടിലേക്കോടിക്കാണുവോ …

ജോബി ഫോണെടുത്ത് സാജന്റെ നമ്പറിലേയ്ക്ക് വിളിച്ചു…

ഫോണിന്റെ നിർത്താതെയുള്ള ബെല്ലടി കേട്ടാണ് സാജനും ജെനിയും ഞെട്ടിയുണർന്നത്..

” സായ്ച്ചാ..ഞാനാ ജോബി.. മോനു അങ്ങ് വന്നോ…

” നീയെന്തുവാടാ പറയുന്നേ.. അവൻ നിങ്ങടെ കൂടെ വന്നതല്ലേ.. പിന്നെങ്ങനെ ഇവിടെ വരും …

സാജൻ അന്ധാളിച്ചു പോയി..

ജോബി ഒറ്റശ്വാസത്തിൽ നടന്നതത്രയും വിവരിച്ചു..

“എന്റെ മോനെന്തിയെ ഇച്ചായാ. അവനെന്നാ പറ്റി…

ജെനി ഉറക്കെ നിലവിളിച്ചുകൊണ്ട് സാജനെ പിടിച്ചുലച്ചു..

” നീ ഒച്ചവെയ്ക്കാതെ ജെനീ.. അവനൊന്നും വരുകേല.. ഞാനൊന്ന് പോയിട്ട് വരാം..

സാജൻ ചാടിയെണീറ്റ് ടോർച്ചെടുത്തു..

” ഞാനും വരുന്നു..

ജെനി സാജനെക്കാൾ മുന്നേ വാതിൽ തുറന്നു പുറത്തിറങ്ങി.. ജെനിയുടെ ഒച്ചകേട്ടുണർന്ന റീത്താമ്മയും അവർക്കൊപ്പം പുറത്തേക്കു പാഞ്ഞു..

പാടത്തിനു നാടുവിലെത്തിയപ്പോളേ കണ്ടു റോഡ് നിറയെ ആൾക്കൂട്ടം..ഫയർഫോഴ്‌സിന്റെ വണ്ടി സൈറൺ മുഴക്കി പാഞ്ഞു വരുന്നത്.. സാജന്റെ ഹൃദയമിടിപ്പിന് വേഗത കൂടി… ജെനി അലറിക്കരഞ്ഞുകൊണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ ഓടി പറമ്പിൽ കയറി..

” പട്ടി ഓടിച്ചപ്പോൾ പാവം ഓടി പറമ്പിൽ കയറിയതാ..അവിടൊരു പൊട്ടക്കിണറുണ്ടെന്ന് അവനറിയില്ലാരുന്നു..കാല് വയ്യാത്ത കൊച്ചനല്ലേ.. വീണ് പോയതാ.. ഇതിൽ വീണു പോയാൽ പിന്നെ നോക്കണ്ട.. എത്ര പേര് വീണ് ചത്തതാ..

ആൾക്കൂട്ടത്തിനിടയിൽ നിന്നുമുള്ള ആരുടെയോ വാക്കുകൾ ജെനിയുടെ കാതിലേയ്ക്ക് തിളച്ചു വീണു.. അവൾ തറഞ്ഞു നിന്നു പോയി.. സാജൻ ജെനിയെ ചേർത്തു പിടിച്ചു.. അവളെ പൂക്കുല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു..

” പേടിയ്ക്കല്ലേടീ.. അവനൊന്നും വരുകേല…

പറഞ്ഞതും സാജൻ പൊട്ടിപ്പിളർന്ന് കരഞ്ഞു.. സ്ഥലകാലബോധം നഷ്ടപ്പെട്ടവളെപ്പോലെ ജെനി കിണറ്റിലേയ്ക്ക് തുറിച്ചു നോക്കി നിന്നു..

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൂടിനിന്നവർക്ക് മുന്നിലേയ്ക്ക് മോനുവിനെയും കൊണ്ട് ഫയർഫോഴ്‌സുകാർ ഉയർന്നു വന്നു.. അവന്റെ മുഖമാകെ ചെളി പുരണ്ടിരുന്നു.. തല എവിടെയൊക്കെയോ ചെന്നിടിച്ചു ചോരപ്പാടുകൾ നിറഞ്ഞു വികൃതമായിപ്പോയി . ക്രിസ്മസ് പപ്പയുടെ വേഷം കീറിപ്പറിഞ്ഞു തൂങ്ങിക്കിടന്നു.. കണ്ണുകൾ ഭയംകൊണ്ടെന്നവണ്ണം പുറത്തേയ്ക്ക് തള്ളിയ നിലയിൽ കാണപ്പെട്ടു..

” കഴിഞ്ഞു സാറേ..

മുകളിൽ നിന്നൊരു പോലീസുകാരനോട് ഫയർഫോഴ്‌സുകാരൻ പറഞ്ഞു..അയാളുടെ സ്വരമിടറിപ്പോയി..

ജെനി ഒന്നേ നോക്കിയുള്ളൂ.. അവളുടെ ഗർഭപാത്രത്തിൽ നിന്ന് ആരംഭിച്ചുയർന്ന ഒരു തീക്കാറ്റ് പൊക്കിൾക്കൊടി വഴി നെഞ്ചിനെ ചുട്ടെരിച്ച് കൊണ്ട് പ്രജ്ഞയെ തകർത്തെറിഞ്ഞു വീശിയടിച്ചു.

” മോനേ… എന്നൊരു നിലവിളി അവളുടെ തൊണ്ടക്കുഴിൽ ജീവനില്ലാതെ ചതഞ്ഞരഞ്ഞു…താഴേയ്ക്കൂർന്നുപോയ ജെനിയെ താങ്ങിപ്പിടിച്ച് നടുക്കത്തോടെ സാജൻ നിലത്തേയ്ക്കിരുന്നു..

************************

പിറ്റേന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മോനുവിനെ വീട്ടിലേയ്ക്ക് കൊണ്ട് വന്നു.. സാജൻ ഗേറ്റിനു പുറത്തേയ്ക്ക് നോക്കിയിരിയ്ക്കുകയാണ്..ആംബുലൻസിന്റെ സൈറൺ കേട്ടതും അയാളുടെ നെഞ്ചിൽ ആളിക്കത്തിക്കൊണ്ടിരുന്ന തീ ഒന്നുകൂടി ശക്തിപ്രാപിച്ചു..എഴുന്നേൽക്കാനാകാതെ അയാൾ ദുർബലനായിപ്പോയി.. കൂടെയിരുന്ന സുഹൃത്ത് അയാളെ താങ്ങിയെഴുന്നേല്പിച്ചു..

മോനുവിനെ ആരൊക്കെയോ ചേർന്ന് മുറ്റത്തൊരുക്കിയിരുന്ന പന്തലിലേക്ക് കിടത്തി.. അവന്റെ മുഖത്തേയ്ക്ക് നോക്കിയതും സാജന്റെ നെഞ്ച് പൊട്ടിത്തകർന്നു.. അയാളുടെ കണ്ണുകൾ നിറഞ്ഞു തൂവി…

” അപ്പാടെ പൊന്നേ.. എന്തോ പോക്കാടാ നീ പോയത്…ഒരു വാക്ക് പറയാതെ…അമ്മയോട് ഞാനെന്ത് സമാധാനം പറയുമെടാ പൊന്നേ… ഞങ്ങൾക്കിനി ആരുണ്ടെടാ..

അയാൾ ഹൃദയം പൊട്ടിക്കരഞ്ഞു കൊണ്ട് മകന്റെ മുഖത്ത് തെരുതെരെ ചുംബിച്ചു.. കണ്ടു നിന്നവർക്ക് പോലും സഹിക്കാനായില്ല.. അന്തരീക്ഷം നിലവിളികളാൽ നിറഞ്ഞു…

സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു.. ജെനിയിതുവരെ പുറത്തേയ്ക്കിറങ്ങി വന്നിട്ടില്ല.. ആരൊക്കെ വിളിച്ചിട്ടും അവൾ മോനുവിനെ കാണാൻ കൂട്ടാക്കിയില്ല..

” സാജാ.. നേരം ഒരുപാടായില്ലേ.. നമുക്ക് പള്ളിയിലേയ്ക്കെടുക്കാം.. അന്ത്യചുംബനം കൊടുക്കാൻ ജെനിയെ വിളിക്ക്..

ആരോ വന്ന് സാജനോട് പറഞ്ഞു.. സാജൻ ഉൾക്കിടിലത്തോടെ അയാളെ നോക്കി.. പതിയെ എണീറ്റ് അയാൾ അകത്തേക്ക് നടന്നു.. നടന്നിട്ടും തീരാത്തതുപോലെ അയാളുടെ കാല് കുഴഞ്ഞു പോയി.

ജെനി പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണ്..

“ജെനീ… മോനു പോവാടീ.. അവനെ നിനക്ക് കാണണ്ടേ.. അവനെ വന്ന് യാത്രയാക്കെടീ..

സാജൻ ചങ്കു പൊട്ടിക്കരഞ്ഞു..

വിദൂരതയിൽ നിന്നെന്നവണ്ണം സാജന്റെ സ്വരം ജെനിയുടെ കാതിലേയ്ക്ക് ഒഴുകിയെത്തി.. അവൾ നടുക്കത്തോടെ സാജനെ നോക്കി.. ശേഷം മുറ്റത്തേയ്ക്ക് പാഞ്ഞിറങ്ങി…

” മക്കളേ… നീ പോവാണോടാ.. ഇതിനാണോടാ കുറെ നാളായി നീ ഒരുങ്ങിയത്..നിന്നോട് പോവേണ്ടെന്ന് എത്ര തവണ ഞാൻ പറഞ്ഞതാ… നീ കേട്ടില്ലല്ലോ.. ഇങ്ങനെ പോവാൻ വേണ്ടിയാണോ അമ്മയോട് നീ വഴക്കിട്ടത്..നീയല്ലാതെ അമ്മയ്ക്ക് വേറെയാരുണ്ട്.. നിനക്ക് വിശക്കുന്നില്ലേ.. ഇന്നലെ മുതൽ അമ്മേടെ മുത്ത് ഒന്നും കഴിച്ചിട്ടില്ലല്ലോ.. എണീക്ക്.. അമ്മ ചപ്പാത്തിയുണ്ടാക്കിത്തരാം..നിന്റെ കേക്കും പുതിയ ഉടുപ്പുമൊക്കെ അമ്മ എടുത്തു വെച്ചിട്ടുണ്ട്.. എണീക്കെടാ… നമുക്ക് പള്ളീൽ പോണ്ടേ.. കണ്ണ് തുറക്ക് മോനേ…

ജെനി മോനുവിനെ പിടിച്ചുലച്ചു… അവന്റെ കവിളിൽ തട്ടി.. അവന്റെ കണ്ണുകൾ വലിച്ച് തുറക്കാൻ നോക്കി.. അവന്റെ മുഖത്താകമാനം ഉമ്മ വച്ചു.. സാജൻ പൊട്ടിക്കരഞ്ഞു കൊണ്ട് ജെനിയെ പിടിച്ചു മാറ്റി.. ജെനി സാജന്റെ കൈ കുതറിച്ച് അകത്തേയ്ക്ക് പാഞ്ഞു.. തിരിച്ചു വന്ന അവളുടെ കയ്യിൽ മോനുവിന് വേണ്ടി വാങ്ങിയ ഉടുപ്പും കേക്കുമുണ്ടായിരുന്നു..

” കഴിച്ചോ..അമ്മേടെ പൊന്ന് മൊത്തോം കഴിച്ചോ… കഴിച്ചിട്ട് പുത്തനുടുപ്പുമിട്ടോണ്ട് നമുക്ക് പള്ളീൽ പോണം.. മക്കളേ അമ്മയിനി വഴക്ക് പറയില്ല..

അവൾ കേക്ക് വാരി മോനുവിന്റെ വായിൽ വെച്ചു..

“കഴിക്കെടാ പൊന്നേ..വാ തുറക്ക്.. മതി പിണങ്ങിയത്.. ഇവനോട് പറ സായ്ച്ചാ കഴിയ്ക്കാൻ…

സാജൻ ജെനിയെ വലിച്ചുയർത്തി.. മോനുവിനെ പെട്ടിയിൽ കിടത്തി പള്ളിയിലേക്ക് കൊണ്ട് പോകാൻ തുടങ്ങി.

” എന്നെ വിട് സായ്ച്ചാ.. എന്റെ പൊന്ന് മോനേ കൊണ്ടോവല്ലെന്ന്‌ പറ.. അവനൊന്നും കഴിച്ചിട്ടില്ല.. തനിച്ചു പോവാൻ അവന് പേടിയാ സായ്ച്ചാ… അമ്മയ്ക്ക് വേറെയാരൂല്ലെടാ..അമ്മേ കൂടെ കൊണ്ടോ പൊന്നേ.. പോകല്ലേടാ…

ജെനിയുടെ സ്വരം നേർത്തു വന്നു.. പ്രജ്ഞയുടെ അവസാനതുള്ളിയും നഷ്ടപ്പെട്ട് അവൾ സാജന്റെ നെഞ്ചിലേക്ക് കുഴഞ്ഞു വീണു..

സ്വപ്‌നങ്ങൾ തകർന്നടിഞ്ഞ മനസുമായി ജെനിയെ നെഞ്ചോട് ചേർത്ത് മോനു തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ സാജൻ ശൂന്യതയിലേക്ക് നോക്കിയിരുന്നു..

അതേ സമയം ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷിച്ചുകൊണ്ട് സ്വർഗത്തിലിരുന്ന് മാലാഖമാർക്കൊപ്പം മോനു പാടുകയായിരുന്നു…

” അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം..ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.. ഹാലേലൂയ്യാ…”

രണ്ട് വർഷം മുൻപുള്ള ഒരു ക്രിസ്മസ് രാത്രിയുടെ നോവോർമ്മകൾ.. 😥😥

Leave a Reply

Your email address will not be published. Required fields are marked *