“എനിക്കൊന്നേ പറയാനുള്ളു. ഒരു അൻപത് പവനെങ്കിലും ഇട്ടിട്ടു വേണം എന്റെ മകന്റെ ഭാര്യയാവുന്ന പെണ്ണ്

രചന: മഹാ ദേവൻ

“എനിക്കൊന്നേ പറയാനുള്ളു. ഒരു അൻപത് പവനെങ്കിലും ഇട്ടിട്ടു വേണം എന്റെ മകന്റെ ഭാര്യയാവുന്ന പെണ്ണ് മണ്ഡപത്തിലേക്ക് വരാൻ. അതെനിക്ക് നിർബന്ധമാണ്. എന്റെ സ്റ്റാറ്റസിന് പറ്റിയ മരുമകളെ തന്നെ കിട്ടി എന്ന് നാട്ടുകാർ അറിയണം. അല്ലാതെ ഉണ്ണാനും ഉടുക്കാനും ഇല്ലാത്ത ഒരു പെണ്ണിനെ ആണ് മകന് വേണ്ടി ഭാഗീരഥി കണ്ടെത്തിയത് എന്ന് ചോദിച്ചാൽ അതെനിക്കൊരു കുറച്ചിലാവും. പറഞ്ഞത് മോഹനന് മനസ്സിലാകുന്നുണ്ടല്ലോ അല്ലെ “

മകന് പെണ്ണ് കാണാൻ വന്ന ഭാഗീരഥിയമ്മയുടെ തുറന്നടിച്ചുള്ള വാക്ക് കേട്ട് എന്ത് പറയണമെന്ന് അറിയാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു മനോഹരനും സീതയും മകളായ കല്യാണിയും.

കോളേജ്കാലം മുതലുള്ള പ്രണയമാണ് കല്യാണിയും ഭഗത്തും.

അന്നൊക്കെ നിന്നെ കണ്ടാൽ തന്നെ അമ്മക്ക് ഇഷ്ട്ടമാകും എന്ന് പറഞ്ഞിരുന്നവന്റെ ഇരുത്തം കണ്ട് കല്യാണി ശരിക്കും അമ്പരന്നിരുന്നു.

ഭാഗീരഥിയുടെ കടുംപിടുത്തം നിറഞ്ഞ വാക്കുകൾ കേട്ട് അവനും അമ്മയെ നോക്കി ” എന്താ അമ്മേ ഇതെന്ന് ” പതിയെ ചോദിക്കുമ്പോൾ കണ്ണുകൾ കൊണ്ട് ” മിണ്ടരുതെന്ന് ” ശാസനയെന്നോണം ഭാഗീരഥി പറയുമ്പോൾ മറുത്തൊന്നും പറയാൻ കഴിയാതെ ഭഗത് തല താഴ്ത്തി.

വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു മോഹനനും. ഇത്രേം വലിയൊരു സ്ത്രീധനം മരിക്കുന്ന കാലം വരെ പണിയെടുത്താൽ പോലും കൂട്ടിയാൽ കൂടില്ല. പിന്നെ കുറച്ച് സമയത്തിനുള്ളിൽ എങ്ങനെ ഉണ്ടാക്കാൻ ആണ് അൻപതു പവൻ. അത്‌ കൂടാതെ കല്യാണത്തിനും മറ്റുമായി വേറേം ചിലവുകൾക്കും വേണം പണം.”

ആലോചിക്കുമ്പോൾ തന്നെ തല പെരുകുന്നത് പോലെ തോന്നി മോഹനന്.

” മോഹനൻ ഒന്നും പറഞ്ഞില്ല…. എന്റെ പെട്ടിയിൽ പൂട്ടിവെക്കാൻ ഒന്നുമല്ല ഞാൻ ഇത് ചോദിക്കുന്നത്. നിങ്ങൾ കൊടുക്കുന്നത് നിങ്ങളുടെ മകൾക്കു തന്നെ ഉള്ളതാണ്. അതിൽ നിന്ന് ഒരു നക്കാപിച്ചയും എനിക്ക് വേണ്ട. പക്ഷേ, മറ്റുള്ളവർക്ക് മുന്നിൽ സ്റ്ററ്റ്സ് കളഞ്ഞുള്ള ഒരു കല്യാണക്കളിക്കും ഈ ഭാഗീരഥിയെ കിട്ടില്ല. എന്തായാലും മോള് കയറിപിടിച്ചത് പുളിങ്കൊമ്പിൽ ആണല്ലോ. അപ്പൊ പിന്നെ പിടിവിടാതിരിക്കാൻ ശ്രമിക്കുമെന്ന് അറിയാം. ഇനി നിങ്ങൾക്ക് ഇത് സാധിക്കില്ലെങ്കിൽ അതും പറയാം. ഇവന് നല്ല വല്ല ആലോചനയും നോക്കാമല്ലോ. വെറുതെ ഇവിടെ കിടന്ന് കൊതുകുകടി കൊള്ളുന്നതിനേക്കാൾ ഭേദം അതായിരിക്കും “

ഭാഗീരഥി പുച്ഛത്തോടെ മോഹനനെയും സീതയെയും നോക്കി പറയുമ്പോൾ അവർക്ക് തല താഴ്ത്താനേ കഴിഞ്ഞുളൂ. മോളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അതിന് ഇത്രയും വലിയ വില വേണ്ടിവരുമെന്ന് കരുതിയില്ല എന്ന് ചിന്തിച്ചുകൊണ്ട് അയാൾ മുഖത്തെ വിയർപ്പൊന്നു തുടച്ചുകൊണ്ട് ഭാഗീരഥിയെ നോക്കി.

” ഭാഗീരഥിയമ്മ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാകും. പക്ഷേ, പെട്ടന്ന് എത്രയും വലിയൊരു തുക ഞാൻ എങ്ങിനെ ഉണ്ടാക്കാൻ ആണ്. എന്റെ അവസ്ഥ അറിയാലോ.. ഉള്ളത് വിറ്റുപെറുക്കി നടത്താമെന്ന് വെച്ചാൽ പോലും ഒന്നിനും തികയില്ല.

അതുകൊണ്ട് എന്റെ അവസ്ഥ കൂടി മനസ്സിലാക്കി മക്കളുടെ ആഗ്രഹം നടത്തികൂടെ.. എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ അവളുടെ കഴുത്തിൽ പൊന്നായി ഇട്ടുകൊള്ളാം.മക്കളുടെ ഇഷ്ടത്തെക്കാൾ വലുതല്ലല്ലോ ഒന്നും. ” എന്നും പറഞ്ഞ് ഒരു പ്രതീക്ഷയോടെ അയാൾ ഭാഗീരഥിയെ നോക്കുമ്പോൾ ആ മുഖത്തൊരു പുച്ഛഭാവം ആയിരുന്നു. ആ പുച്ഛഭാവത്തോടെ തന്നെ അവർ മകനെ നോക്കി കൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു ” നീ കണ്ടുപിടിച്ച സംബന്ധം കൊള്ളാം. ഇതിലും നല്ലത് നീ പെണ്ണ് കെട്ടാതിരിക്കുന്നതാ ” എന്ന്.

പിന്നെ മോഹനനെയും സീതയെയും വാതിൽ ചാരി നിൽക്കുന്ന കല്യാണിയേയും നോക്കികൊണ്ട്‌ അറുത്തുമുറിച്ച പോലെ അവർ പറയുന്നുണ്ടായിരുന്നു.

“മക്കളുടെ ഇഷ്ട്ടം അവിടെ നിൽക്കട്ടെ. ഈ പ്രായത്തിൽ അതൊക്ക പതിവാ. എന്നും വെച്ച് മൂന്ന് നേരം തിന്നാൻ പോലും ഇല്ലാത്ത വീട്ടിൽ നിന്ന് പെണ്ണിനെ പട്ടും വളയും തന്ന് നിലവിളക്കും പിടിപ്പിച്ചു രണ്ട് കയ്യും നീട്ടി സ്വീകരിക്കാമെന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല. അതല്ല, എന്റെ വാക്കിനപ്പുറം എന്റെ മകന് ഇവിടെ നിന്ന് സംബന്ധം കൂടണം എന്നാണെങ്കിൽ ആയിക്കോട്ടെ. പക്ഷേ പിന്നെ ഇവിടെ തന്നെ കിടന്നോണം അച്ചിവീട്ടിലെ കൊതുകടിയും കൊണ്ട് ” എന്നും പറഞ്ഞ് എഴുനേറ്റ് ചുളിഞ്ഞ സാരി ഒന്ന് നേരെ ആക്കി മകനെ ഒന്ന് രൂക്ഷമായി നോക്കിയപ്പോൾ അവൻ വേഗം അമ്മക്കൊപ്പം എഴുനേറ്റു. പിന്നെ കല്യാണിയെ ഒന്ന് നോക്കികൊണ്ട് തല താഴ്ത്തുമ്പോൾ പോകാൻ തിരിഞ്ഞ ഭാഗീരഥി ഒന്നുകൂടി പറഞ്ഞു,

” ഞാൻ പറഞ്ഞത് ഒക്കെ ആണെങ്കിൽ പറഞ്ഞാൽ മതി അപ്പൊ ഞങ്ങൾ ഒന്നുകൂടി വരാം. അതല്ല, നടക്കില്ല എങ്കിൽ പിന്നെ ഈ പെണ്ണിനോട് പറഞ്ഞേക്കണം ഇതങ്ങു മറന്നേക്കാൻ ” എന്നും പറഞ്ഞ് ഭഗത്തിനോട് വാടാ എന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും “ഒന്ന് നിന്നെ രണ്ട് പേരും ” എന്ന് പറയുന്നത് കേട്ടാണ് ഭാഗീരഥിയും ഭഗത്തും തിരിഞ്ഞുനോക്കിയത്..

മുന്നിൽ കൈ കെട്ടി നിൽക്കുന്ന കല്യാണിയെ കണ്ട് അവർ പുച്ഛത്തോടെ നോക്കുമ്പോൾ ഭഗത്തിന്റെ മുഖത്തു ” ഒന്നും പറയണ്ട ” എന്നൊരു ഭാവം ഉണ്ടായിരുന്നു.

അത്‌ കണ്ട് കൊണ്ട് തന്നെ ചിരിയോടെ ആണ് അവൾ ചോദിച്ചതും. “ഭഗത്..നിങ്ങൾ ഇഷ്ട്ടപ്പെട്ടത് എന്നെ ആണോ അതോ പണത്തെയോ.” എന്ന്.

അത്‌ കേട്ട് പരുങ്ങലോടെ അമ്മയെ ഒന്ന് നോക്കികൊണ്ട് അവൻ വിക്കി വിക്കി പറയുന്നുണ്ടായിരുന്നു “കല്യാണി… അമ്മ പറഞ്ഞതിൽ കൂടുതൽ…. എന്നെ വളർത്തിയത് അമ്മ അല്ലെ.. അപ്പൊ…… “

വാക്കുകൾ മുഴുവനാക്കാൻ കിട്ടാതെ നിൽക്കുന്ന അവനേ ഒന്ന് പുച്ഛത്തോടെ നോക്കികൊണ്ട് അവൾ ബഗീരഥിക്ക് നേരെ തിരിഞ്ഞു. പിന്നെ ശാന്തമായി തന്നെ പറഞ്ഞു “അപ്പൊ ഇനി അമ്മക്കും മകനും പോകാം. വെറുതെ ഇവിടെ നിന്ന് കൊതുകടി കൊള്ളണ്ട. പിന്നെ നിങ്ങടെ മകന്റെ പിന്നാലെ ഞാൻ വന്നതല്ല. ഇവൻ എന്റെ പിന്നാലെ വന്നതാണ്. പക്ഷേ, ഇഷ്ടപ്പെട്ടുപോയി. അത്‌ നിങ്ങടെ പണത്തിന്റെ വലുപ്പം കണ്ടിട്ടല്ല. ഇവന്റെ മനസ്സിന് വലുപ്പം ഉണ്ടെന്ന് തോന്നിപ്പോയി. പിന്നെ മുഖത്തു കാണുന്ന മീശക്ക് ഇച്ചിരി ബലം ഉണ്ടെന്നും. പക്ഷേ, ഇപ്പഴും അമ്മയുടെ സാരിത്തുമ്പിൽ കറങ്ങുന്ന ഇവനോട്‌ എനിക്ക് ഒന്നും പറയാനില്ല.

പക്ഷേ, നിങ്ങളോട് എനിക്ക് പറയാനുള്ളത് ഞാൻ ആഗ്രഹിച്ചത് തന്റേടം ഉള്ള ഒരു പുരുഷനെയാ.. അതില്ലാത്ത ഒരുത്തന് വേണ്ടി സ്ത്രീധനം ചോദിച്ച് വരാൻ ഉളുപ്പ് ഇല്ലേ നിങ്ങൾക്ക്.?

പിന്നെ നിങ്ങടെ മോൻ പറഞ്ഞല്ലോ അമ്മ പറയുന്നതിൽ അപ്പുറം ഇല്ലെന്ന്. അമ്മ ആണ് വളർത്തി വലുതാക്കിയതും എന്ന്. അതുപോലെ എന്നെ വളർത്തി വലുതാക്കിയത് എന്റെ അച്ഛനും അമ്മയും ആണ്. അവരെ കുടിയിറക്കി നിങ്ങടെ വീട്ടിൽ വന്ന് ഇതുപോലെ ഒരുത്തന്റെ ഭാര്യ ആവുന്നതിലും നല്ലത് ഇവിടെ ഈ അമ്മക്കും അച്ഛനും ഒപ്പം സ്നേഹത്തോടെ ഇവിടുത്തെ കൊതുകടി കൊള്ളുന്നതാ. അതുകൊണ്ട് അമ്മ ഈ മകനേം വിളിച്ചു പോവാൻ നോക്ക്.
ഇവിടുത്തെ കൊതു കടിച്ചാൽ ഇച്ചിരി ചൊറിച്ചിൽ കൂടും. “

അവളുടെ വാക്ക് കേട്ട് ദേഷ്യത്തോടെ ഭാഗീരഥി ചാടിത്തുള്ളി പുറത്തേക്ക് പൊകുമമ്പോൾ ഭഗത് അവളെ വിഷമത്തോടെ ഒന്ന് നോക്കി. അത്‌ കണ്ട് പുഞ്ചിരിച്ചുകൊണ്ടവൾ പറയുന്നുണ്ടായിരുന്നു “മോൻ ചെല്ല്.. സാരിത്തുമ്പിൽ മകനെ കണ്ടില്ലെങ്കിൽ അമ്മക്ക് അപസ്‌മാരം വന്ന് തുള്ളാൻ തുടങ്ങും. നൂറ് പവന്റെ ഉരുപ്പിടി അല്ലെ ” എന്ന്.

അതും പറഞ്ഞു അവൾ മോഹനനും സീതക്കും നേരെ തിരിയുമ്പോൾ ഒന്ന് കണ്ണിറുക്കികൊണ്ട് പറയുന്നുണ്ടായിരുന്നു

” ചിലപ്പോൾ ഈ പ്രേമമൊക്കെ ഒരു കോമഡി ആണല്ലേ ” എന്ന്.

അത്‌ പറയുമ്പോൾ മാത്രം അവളുടെ കണ്ണുകളിൽ ഒരു നനവ് പടർന്നിരുന്നു.
സ്നേഹിച്ചവനെ നഷ്ടപ്പെട്ടതിൽ അല്ല..സ്നേഹത്തിന്റെ വിലതൂക്കം ഓർത്ത്.

Leave a Reply

Your email address will not be published. Required fields are marked *