ലേബർ റൂമിന് പുറത്തെ കനത്ത നിശബ്ദതയിൽ ഏകനായി ഇരിക്കുമ്പോൾ എന്റെ ചിന്തകൾ പിന്നിലേക്കുള്ള

(രചന :ഡേവിഡ് ജോൺ)

സിസേറിയൻ.

ലേബർ റൂമിന് പുറത്തെ കനത്ത നിശബ്ദതയിൽ ഏകനായി ഇരിക്കുമ്പോൾ എന്റെ ചിന്തകൾ പിന്നിലേക്കുള്ള മടക്കയാത്രയിലായിരുന്നു. നീണ്ട ഒമ്പത് വർഷത്തെ പ്രണയം ഒളിച്ചോട്ടത്തിൽ അവസാനിച്ചപ്പോൾ എനിക്കും അവൾക്കും നഷ്ടപ്പെട്ടത് ആ നാൾ വരെ ഞങ്ങളെ പ്രാണനായി സ്നേഹിച്ച വീട്ടുകാരെയാണ്.

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഹിമയെ രാവിലെ ലേബർ റൂമിൽ കയറ്റിയത് മുതൽ പ്രസവവേദനയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.ഉച്ച കഴിഞ്ഞിട്ടും വേദന തുടങ്ങിയില്ല താങ്കൾക്ക് ഭാര്യയുടെ അടുത്ത് നിൽക്കണമെങ്കിൽ ആവമെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് നേഴ്സ് വന്നു പറഞ്ഞപ്പോൾ അല്പം ടെൻഷനോടെയാണ് ഞാൻ ലേബർ റൂമിന് അകത്തേക്ക് പ്രേവേശിച്ചത്.

പ്രാണൻ പോകുന്ന വേദനയെ കടിച്ചമർത്തി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഹിമ എന്നെ നോക്കി പുഞ്ചിരിച്ചു. സകല സൗഭാഗ്യങ്ങളോടും കൂടി ജനിച്ചവൾ എന്നെ പ്രണയിച്ച ഒറ്റ കാരണത്താൽ അനാഥയെ പോലെ….എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ഞാൻ തളർന്നു. ഞങ്ങളുടെ ടെൻഷനും ഭയവും മനസ്സിലാക്കിയത് കൊണ്ടാവാം ഡോക്ടർ സിസേറിയൻ എന്ന നിർദേശം ഞങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്.

“ഡേവിഡ് ഇനിയും നോർമൽ ഡെലിവറിക്ക് വേണ്ടി കാത്തിരിക്കണോ? ഇനിയും കൂടുതൽ സമയം പേഷ്യന്റിന് വേദന കടിച്ചമർത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല “ഡോക്ടറോട് ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ ഹിമയെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. “ഡോക്ടർ.. !

ഇനി കാത്തിരിക്കേണ്ട സിസേറിയൻ ചെയ്തോളു ” ” ജോൺ സിസേറിയൻ നിങ്ങൾ ഭയപ്പെടുന്നത് പോലെ അപകടം നിറഞ്ഞ ഒന്നല്ല. ഡെലിവറി വൈകുകയോ, ഇടവേളകളുണ്ടാകുകയോ ചെയ്യുന്നവര്‍ക്ക് കൃതൃമമായി മരുന്ന് കേറ്റി ഞങ്ങൾ വേദന വരുത്താറുണ്ട് .

അർദ്ധ സമ്മതം നൽകി ഞാൻ ലേബർ റൂമിന് പുറത്തേക്കിറങ്ങി. സെക്കന്റ്റുകൾക്ക് മണിക്കൂറുകളുടെ വേഗത. ഓപ്പറേഷൻ തിയറ്ററിനു പുറത്തു തലങ്ങും വിലങ്ങും ടെൻഷനോടെ എത്ര സമയം ഞാൻ നടന്ന് കാണുമെന്നു അറിയില്ല. ഇടയ്ക്കിടെ സിസ്റ്റർ പുറത്തേക്കു വരുമ്പോൾ ഞാൻ ഹിയുടെ കാര്യങ്ങൾ തിരക്കും.ആ സമയത്ത് ആ സിസ്റ്റർ എന്നെ പുച്ഛത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

“കട്ടിലിൽ കിടന്ന് കെട്ടി മറിയുമ്പോൾ ഇങ്ങനെ ചിലതു നടക്കുമെന്ന് ഓർത്തിയിലായിരുന്നോ? ആ സമയത്ത് ഈ കാര്യങ്ങളെ കുറിച്ചൊക്കെ ആരാ ഓർക്കുക..ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് ഇങ്ങു വന്നോളും നമ്മളെ ബുദ്ധിമുട്ടിക്കാൻ “സിസ്റ്ററുടെ മറുപടിക്ക് മുന്നിൽ മറുത്തൊന്നും പറയാൻ സാധിക്കാതെ നിസ്സഹനായി ഞാൻ നിന്നു. എന്റെ സഹോദരിയും നേഴ്സ് ആയിരുന്നു അവൾ ഇടയ്ക്ക് ഇത്തരം അനുഭവങ്ങൾ എന്നോട് പറയാറുണ്ട്.ഞാൻ ചോദിക്കും എന്തിനാണ് നിങ്ങൾ ഭർത്താക്കന്മാരോട് അത്തരത്തിൽ മോശമായി പെരുമാറുന്നതെന്ന് അതിന് അവൾ നൽകിയ മറുപടി.

ചേട്ടാ ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ് ലേബർ റൂമിൽ മുന്നിലുള്ള രോഗിയോട് അനുകമ്പയോടെ പെരുമാറിയാൽ അത് ചിലപ്പോൾ അവരിൽ ഭയം ഉണ്ടാക്കും. അത് പോലെ ലേബർ റൂമിന് പുറത്ത് ടെൻഷനോടെ ഇരിക്കുന്ന അവരുടെ ഭർത്താക്കന്മാരോട് നമ്മൾ കാര്യങ്ങൾ വിശധീകരിക്കാൻ നിന്നാൽ ഞങ്ങൾക്കു അതിന് മാത്രമേ സമയം ഉണ്ടാവുകയുള്ളൂ. അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി നിങ്ങളുടെ കൈകളിലേക്ക് കിട്ടുമ്പോൾ ഉള്ള ആ ഒരു സന്തോഷം മാത്രം മതി ഞങ്ങൾക്ക്. ആരെന്ത് കുറ്റം പറഞ്ഞാലും ഞങ്ങൾ അങ്ങനെ പെരുമാറുന്നത് അവരുടെ നന്മയ്ക്കു വേണ്ടിയാണ് .

എന്നെ പോലെ ഭാര്യമാരുടെ പ്രസവത്തിനായി കാത്തിരിക്കുന്ന രണ്ട് പേർ കൂടെ അവിടെ ഉണ്ടായിരുന്നു എന്റെ പരിഭ്രമവും ടെൻഷനും കണ്ട് അവർ ചിരിക്കുകയാണ്. അവരിൽ ഒരാൾ എന്റെ അരികിലേക്ക് വന്നു
” എടോ നിന്റെ ടെൻഷൻ കണ്ടാൽ തോന്നും നിങ്ങളാണ് പ്രസവിക്കാൻ പോകുന്നതെന്ന് തന്റെ ഭാര്യ പ്രസിവിച്ചോളും താൻ ഇങ്ങനെ വെടി കൊണ്ട പന്നിയെ പോലെ ഇങ്ങനെ ചുറ്റി കറങ്ങാതെ ഒരിടത്തിരിക്ക് ”
സന്ദർഭത്തിന് യോജിക്കാത്ത അയാളുടെ സംസാരം എനിക്കത്ര പിടിച്ചില്ല എങ്കിലും എന്റെ അനിഷ്ട്ടം പുറത്ത് കാണിച്ചില്ല.

“ചേട്ടാ ഓപ്പറേഷൻ റൂമിന് അകത്തു നിന്നും ഉയർന്ന് കേൾക്കുന്ന നിലവിളി എന്റെ ഭാര്യയുടേതാണ് അല്ലാതെ അന്യന്റെ ഭാര്യയുടേതല്ല…! നിങ്ങൾക്ക് ചിലപ്പോൾ എന്റെ പരിഭ്രമവും ടെൻഷനും കാണുമ്പോൾ ചിരി വരുന്നത് ആ കാരണം കൊണ്ടാണ്.

ഒരു സ്ത്രീ വേദന സഹിച്ച് ശരീരം കൊണ്ട് അമ്മയാകുമ്പോൾ ഒരു പുരുഷൻ മനസ്സ് കൊണ്ട് ആ വേദന അനുഭവിച്ചു അച്ഛനാവുകയാണ് “എന്നിൽ നിന്ന് ഇത്തരത്തിൽ കുറിക്ക് കൊള്ളുന്ന മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ടായിരിക്കും അയാളുടെ മുഖത്ത് ഒരു ജാള്യത പ്രകടമായി.പിന്നേ ഒന്നും പറയാൻ നില്ക്കാതെ തന്റെ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു നീങ്ങി ”

അല്പ നേരം കഴിഞ്ഞ് ലേബർ റൂമിന്റെ വാതിൽ തുറക്കപ്പെട്ടു പുറത്തേക്ക് വന്ന നേഴ്സ് ഉറക്കെ വിളിച്ചു ചോദിച്ചു
“ഹിമയുടെ ഹസ്ബൻഡ് ആരാ? ഞാൻ സിസ്റ്ററിനു അരികിലേക്കു ഓടിയെത്തി
“നിങ്ങളാണോ ഹിമയുടെ ഭർത്താവ്?

“അതേ സിസ്റ്റർ. മഹിക്ക് ഇപ്പോൾ എങ്ങനെയുണ്ട് ? “തന്റെ ഭാര്യ പ്രസവിച്ചു പെൺകുട്ടിയാണ് ” “സിസ്റ്റർ എനിക്ക് അവരെ കാണാൻ പറ്റുമോ? “കുറച്ച് കഴിയുമ്പോൾ അമ്മയെയും കുഞ്ഞിനേയും വാർഡിലേക്ക് മാറ്റും അവിടെ വച്ച് കാണാം “മനസ്സ് സന്തോഷം കൊണ്ട് വീർപ്പ് മുട്ടുകയായിരുന്നു എന്റെ ഭാര്യെയും മോളെയും കാണാൻ വേണ്ടി.

“ഡേവിഡ് ഒന്നിങ്ങു വന്നേ ” “നിനക്ക് കുടിക്കാൻ വെള്ളം വേണോ? “അതല്ല, ഒന്നിങ്ങു വന്നേ. എന്നിട്ട് എന്റെ അരികിലേക്കു ഒന്ന് ചേർന്ന് ഇരിക്ക് ”
“നിനക്ക് ഇതെന്താ പറ്റിയെ ചെറിയ കുട്ടികളെ പോലൊരു കൊഞ്ചൽ.?നീ ഇപ്പോൾ പഴയ പൊട്ടി പെണ്ണല്ല ഒരു കുഞ്ഞിന്റെ അമ്മയായി ? “എന്റേത് സുഖം പ്രസവമല്ലാത്തത് വിഷമമായോ? “എന്തിന് സിസേറിയനിലൂടെ പ്രസവിക്കുന്നവരേക്കാള്‍ കുട്ടികളോടുള്ള അറ്റാച്ച്മെന്‍റ് കൂടുതലുള്ളത് സുഖപ്രസവക്കാര്‍ക്കാണ് എന്നും ചില വിവരദോഷികള്‍ പറയുന്നുണ്ട്. അങ്ങിനെ പറയുന്നതില്‍ ഒരു കാര്യവും ഇല്ല.

“ശരിയാ. ശരീരം നുറുങ്ങിപ്പോകുന്ന വേദനയായിരിന്നു ആ സമയത്ത് . അതെല്ലാം സഹിക്കാം പക്ഷേ യൂട്രസ് ഓപ്പണാവാത്തതും പൊക്കിള്‍കൊടി കുഞ്ഞിന്‍റെ കഴുത്തില്‍ ചുറ്റിപ്പോകുന്നതും സ്വാഭാവികമാണെന്നും . ഇത്തരം കേസുകളില്‍ സിസേറിയനിലൂടെയല്ലാതെ കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധ്യമല്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു.വേദന സഹിച്ച് തളര്‍ന്ന എന്നെ അനസ്റ്റ്യേഷ്യയിലൂടെ മയക്കിയാണ് സിസേറിയന്‍ ചെയ്യ്തത്. അനസ്തേഷ്യ നൽകാൻ കഴിയാത്തവരെ C ഷെയ്പ്പില്‍ വളച്ച് നട്ടെല്ലിന്‍മേല്‍ ഇന്‍ഞ്ചക്ഷന്‍ ചെയ്ത് മരവിപ്പിക്കും ഇങ്ങനെ ചെയ്യുമ്പോള്‍ സ്വര്‍ഗ്ഗവും നരകവുമെല്ലാം കണ്‍മുന്‍പില്‍ തെളിഞ്ഞ് വരുമെന്നതാണ് അതിന്‍റെ പ്രത്യേകത.

അടിവയറില്‍ ഒരു ചാണ്‍ നീളത്തില്‍ തുറന്നാണ് കുഞ്ഞിനെ പുറത്തെടുക്കുന്നത്. ശേഷം സ്റ്റിച്ചിടുന്നു. അപ്പോഴൊന്നും വേദനയറിയുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം റൂമിലേക്ക് മാറ്റിയാല്‍ പിന്നെ ഒന്നും പറയണ്ട.
വേദന സഹിക്കാതാകുമ്പോള്‍ ഇടക്കിടെ വേദനസംഹാരികള്‍ നട്ടെല്ലിന് കുത്തിവെക്കുമെങ്കിലും കുത്തിയതിന് ശേഷമുള്ള തിരുമ്മല്‍

സഹിക്കുന്നതിനേക്കാള്‍ നല്ലത് വേദന സഹിക്കുന്നതായിരുന്നു എന്ന് തോന്നിപ്പോകും.എണീറ്റിരിക്കുമ്പോഴും ചെരിഞ്ഞ് കിടക്കുമ്പോഴുമെല്ലാം വേദന തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന വേദന സമ്മാനിക്കുന്നതാണ് സിസേറിയന്‍. കൂടെ ‘ആജീവനാന്തം നടുവേദന’ ഫ്രീയായി ലഭിക്കുകയും ചെയ്യുന്നു. പ്രസവം കഴിഞ്ഞ് നാളെത്ര കഴിഞ്ഞാലും പനിയോ ജലദോഷമോ വന്നാല്‍ പോലും ആദ്യം വേദനിക്കുന്നത് സിസേറിയന്‍ ചെയ്ത സ്റ്റിച്ചിലായിരിക്കും (നീര് വീഴ്ചയാണെന്ന് പറയുന്നു ).

പ്രസവ സമയത്ത് അനുഭവിച്ച വേദനകൾ ചെറു ചിരിയോടെ ഹിമ പറയുമ്പോൾ എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറഞ്ഞിരുന്നു. ഹിമയുടെ നെറ്റിയിൽ ഒരു സ്നേഹചുംബനം നൽകുമ്പോൾ ഞങ്ങളുടെ മോള് അമ്മിഞ്ഞ പാലിന് വേണ്ടി കൊഞ്ചി കരയാൻ തുടങ്ങി

Nb :ഒരു പ്രസവം കൊണ്ട് ആജീവനാന്ത വേദനകള്‍ സമ്മാനിക്കുന്ന സിസേറിയനെയാണ് നമ്മളിൽ ചിലർ വളരെ ലാഘവത്തോടെ കാണുന്നത്. പ്രായമായ സ്ത്രീകൾ പറയാറുണ്ട് സിസേറിയനിലൂടെ പ്രസവിക്കുന്നവരേക്കാള്‍ കുട്ടികളോടുള്ള അറ്റാച്ച് മെന്‍റ് കൂടുതലുള്ളത് സുഖപ്രസവക്കാര്‍ക്കാണെന്ന്. ആ പറയുന്നതിൽ ഒരു കാര്യവും ഇല്ല എന്ന് പറയാന്‍ ഞാനീ അവസരം വിനിയോഗിക്കുകയാണ് സുഹൃത്തുക്കളേ .
നമ്മള്‍ അനുഭവിക്കാത്ത വേദനയൊന്നും വേദനകളല്ലെന്ന ടിപ്പിക്കല്‍ മലയാളിയുടെ മനോഭാവമാണ് സിസേറിയനിലൂടെ പ്രസവിച്ചവരോടുള്ള ചിറ്റമ്മ നയത്തിന് പിന്നിലുള്ളത്. അതെല്ലാം മാറ്റേണ്ട സമയമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *