കോളേജ് വിദ്യഭ്യാസം കഴിഞ്ഞ് ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് ഗഹനമായി ചിന്തിച്ചു കൊണ്ട് പതിയെ മയക്കത്തിലേക്ക്

(രചന: ഡേവിഡ് ജോണ്)

കോളേജ് വിദ്യഭ്യാസം കഴിഞ്ഞ് ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് ഗഹനമായി ചിന്തിച്ചു കൊണ്ട് പതിയെ മയക്കത്തിലേക്ക് ഞാൻ സഞ്ചാരിച്ചു കൊണ്ടിരിക്കുന്ന ഒരു നട്ടുച്ച സമയം. പതിവില്ലാത്ത വിധം വീട്ടിലെ കോളിംഗ് ബെൽ നിർത്താതെ കരയുകയാണ്..

“ഈശ്വര..!കോളിംഗ് ബെൽ ഞെക്കി പൊട്ടിച് കറണ്ട് ബില്ല് കൂട്ടി തരാൻ വന്ന വിവരദോഷി ആരാണാവോ .. !!
ഉച്ചയുറക്കം നഷ്ട്ടപ്പെട്ട ദേഷ്യത്തിൽ മുൻവശത്തെ വാതിൽ തുറന്ന് ഞാൻ പുറത്തേക്കിറങ്ങിയതും.
തൊട്ട് മുന്നിൽ ഇന്സൈഡ് ചെയ്തു നല്ല അടിപൊളി ലുക്കിൽ ചുണ്ടിൽ ഒരു ക്ലോസപ്പ് ചിരിയും ചുമലിൽ താങ്ങാൻ കഴിയുന്നതിൽ അധികം ഭാരവുമായി ഒരു ചേട്ടൻ.എന്നെ കണ്ടതും പരിചയ ഭാവത്തിൽ ഹസ്തദാനം നടത്തി. എന്റെ പേര് വിവരങ്ങൾ ചോദിച്ചു മനസിലാക്കാൻ തുടങ്ങി.

ഉറക്കം നശിപ്പിച്ച കലിപ്പ് ഉള്ളിൽ കിടന്ന് വീർപ്പ് മുട്ടുന്നുണ്ടെങ്കിലും ഞാൻ അതിനെ അടക്കി നിർത്തി. വന്നയാൾ ഒരു മാർക്കറ്റിംഗ് എസ്‌സിക്യട്ടീവ് ആണെന്നും അയാളുടെ കൈയിൽ ഇരിക്കുന്ന പ്രോഡക്റ്റ് എന്റെ തലയിൽ കെട്ടി വയ്ക്കാൻ വേണ്ടി വന്നതാണെന്നും ആളെ മയക്കിയുള്ള സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.
“ചേട്ടൻ കൊണ്ട് വന്ന പുസ്തകം ഇവിടെ ആരും വായിക്കില്ല..വെറുതെ ഞാൻ ഇത് വാങ്ങിച്വച്ച് അലമാരയ്ക്ക് അധിക ഭാരം കൂടി നൽകാൻ വയ്യ “(നമ്മളോടാ കളി )

” സാർ ഇത് വളരെ ഉപകാര പ്രദമായ പുസ്തകമാണ്.മാർകറ്റിൽ ഇതിന് രണ്ടായിരം രൂപയുണ്ട് ഞങ്ങളുടെ കമ്പനിയുടെ ഇന്നത്തെ ഓഫർ പ്രകാരം ഞാൻ ഈ പുസ്തകം ചേട്ടന് വെറും 499 രൂപയ്ക്ക് തരും. ”
മാർക്കറ്റിൽ രണ്ടായിരം രൂപയുള്ള പുസ്തകം 499 രൂപയ്ക്ക് തരാൻ അയാളുടെ കുഞ്ഞമ്മയുടെ മോൻ ആണല്ലോ ഞാൻ എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് സൗമ്യമായി മറുപടി നൽകി

“ചേട്ടാ നിങ്ങളുടെ കമ്പനിയുടെ ഓഫർ ആണെങ്കിലും ആവശ്യമില്ലാത്ത സാധനം ഞാൻ എന്തിന് വാങ്ങണം?
എങ്ങനെയെങ്കിലും മാരണം ഒന്ന് പോയിക്കിട്ടാൻ സകല ഈശ്വരൻമാരെയും വിളിച്ചു ഞാൻ പ്രാർഥിച്ചു
“സാർന് നമ്മുടെ ശശിയേട്ടനെ അറിയില്ലേ?
ചോദ്യം കേട്ടപ്പോൾ തന്നെ ഏതാണ്ട് എനിക്ക് കാര്യം മനസ്സിലായി. ഈ പഹയൻ എന്തായാലും പകലുറക്കം കളഞ്ഞു കുളിച്ചു എങ്കിൽ പിന്നേ അവനെ കുറച്ചു വട്ടാക്കാം എന്ന്‌ ഞാനും മനസ്സിലുറപ്പിച്ചു
“ഏത് ശശി?

“നമ്മുടെ സ്കൂളിന്റെ പിറകിലെ ശശിയേട്ടനും ആദ്യം സാർനെ പോലെയാ പറഞ്ഞത് അപ്പോഴാണ് ചേട്ടന്റെ മൂത്തമോൻ രാഹുൽ ക്ലാസ്സ്‌ കഴിഞ്ഞ് വന്നത്. വന്ന് കയറിയതും ശശിയേട്ടന്റെ കൈയിൽ നിന്നും ബുക്ക്‌ വാങ്ങി വായിച്ചു നോക്കി. എന്നിട്ട് ഒരേ കരച്ചിൽ…എന്തിനാ?
“എന്തിനാ…!!

ചേട്ടൻ ആ കുട്ടിയെ കരയിച്ചിട്ട്‌ ഇപ്പോൾ എന്നോട് ആണോ ചോദിക്കുന്നത്..?? ചേട്ടൻ തന്നെ പറ.”
“ഞാൻ കൊണ്ട് വന്ന പുസ്തകത്തിൽ അവന് പ്ലസ് റ്റൂ വരെ പഠിക്കാനുള്ള കാര്യങ്ങൾ ഉണ്ടെന്ന് ആ മോന് മനസ്സിലായി,ഉടനെ തന്നെ ശശിയേട്ടൻ ആ പുസ്തകം വാങ്ങി. ഇനി ഒരു പീസ് കൂടി മാത്രമേ ബാക്കിയുള്ളു അത് വാങ്ങാനുള്ള ഭാഗ്യം സാർന് തന്നെ. ”

മനുഷ്യരുടെ ജന്മസിദ്ധമായ അസൂയ എന്ന പൊതു വികാരത്തെ മാർക്കറ്റ് ചെയ്യുന്ന വിധം.
“ചേട്ടൻ പറഞ്ഞത് നേരാണോ ശശിയേട്ടൻ പുസ്തകം വാങ്ങിയിരുന്നോ?
“ഞാൻ എന്തിന് കള്ളം പറയണം.”എന്ന് ചോദിച്ചു കൊണ്ട് തന്റെ പോക്കറ്റിനുള്ളിൽ നിന്നും ഒരു ബില്ല് പുറത്തേക്ക് എടുത്ത ശേഷം അതിൽ നിന്നും ശശിയേട്ടന്റെ പേരിൽ എഴുതിയ ബില്ലിന്റെ കാർബൺ കോപ്പി എനിക്ക് നേരെ നീട്ടി “ചേട്ടാ എനിക്ക് ഇപ്പോൾ വിശ്വാസമായി. ” “എങ്കിൽ ബുക്കിന്റെ ലാസ്റ്റ് പീസ് തരട്ടെ?

“വേണ്ട ചേട്ടാ.ഞാൻ കല്യാണം കഴിച്ചിട്ടില്ല അത് പോലെ പിള്ളേരുമില്ല ”
” സാറും ഉടനെ തന്നെ കെട്ടും നോക്കിക്കോ. ശശിയേട്ടൻ അവരുടെ മോന് വാങ്ങിച് കൊടുത്തത് പോലെ ചേട്ടൻ ഇന്ന് ഈ പുസ്തകം ഭാവിയിൽ ചേട്ടന് ജനിക്കാൻ പോകുന്ന മോന് വേണ്ടി ഇപ്പോയെ ഒന്ന് വാങ്ങിക്ക്”
“ഈ ശശി എന്ന്‌ പറയുന്നത് എന്റെ മാമനാണ് എനിക്ക് ആ പുസ്തകം ആവശ്യം ഉണ്ടെങ്കിൽ ഞാൻ അവിടെ പോയിരുന്ന് വായിച്ചോളാം. ”

ഒരക്ഷരം ഉരിയാടാതെ മാർക്കറ്റിംഗ് ചേട്ടൻ കൊണ്ട് വന്ന പുസ്തകം അത് പോലെ മടക്കി ബാഗിൽ എടുത്തുവച്ചു ശേഷം ഒരു വിസിറ്റിംഗ് കാർഡ് എന്റെ കൈയിൽ വച്ച് കൊണ്ട് പറഞ്ഞു
“ഞങ്ങളുടെ കമ്പനിയിൽ ജോലി ഒഴിവുണ്ട് താല്പര്യം ഉണ്ടെങ്കിൽ നാളെ ഒന്ന് അങ്ങോട്ട് ഇറങ്ങാം ”
“വേണ്ട ചേട്ടാ..

ചേട്ടൻ ചെയ്ത ഇതേ കമ്പനിയിൽ ഞാനും ജോലി ചെയ്തിട്ടുണ്ട് രണ്ടു വർഷം മുൻപ്
മാർക്കറ്റിംഗ് ചേട്ടൻ എന്നെ അത്ഭുതത്തോടെ നോക്കി ചിരിച്ചു കൊണ്ട് അടുത്ത കസ്റ്റമറുടെ വീട്ടിലേക്ക് നടന്നു. ”
ഫ്ലാഷ് ബാക്ക് രപ്ലസ് ടു കഴിഞ്ഞു ഇനി പഠിപ്പൊന്നും മണ്ടയിലേക്ക് കയറിലെന്ന് മനസ്സിലാക്കി വീട്ടിൽ ഇങ്ങനെ വെറുതെ ഇരിക്കുന്ന സമയം വീടിന്റ പൂമുഖത്തേക്ക് വന്ന് വീഴാറുള്ള പത്രം ഒന്ന് മറിച്ചു പോലും നോക്കാത്ത എന്നെ പോലുള്ള തൊഴിൽ രഹിതർ ബുധനാഴ്ച വരാറുള്ള പത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്.അതിലെ ക്ലാസിഫൈഡ് കോളത്തിൽ കാണാറുള്ള ജോലി ഒഴിവുകൾ നോക്കി അതിലേക്ക് ബയോഡേറ്റ അയച്ചു ഇന്റർവ്യൂ വിളിക്ക് വേണ്ടി കാത്തിരിക്കും

തൊഴിൽ പ്രതിസന്ധി അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ സ്ഥിര ജോലി സ്ഥിര വരുമാനം എന്നത് കാശ് മുടക്കാതെ കാണാൻ കഴിയുന്ന എത്ര മനോഹരമായ നടക്കാത്ത സ്വപ്നമായി മാറി കഴിഞ്ഞു.
കടങ്ങളുടെ മുകളിൽ ഉണ്ടാക്കിയെടുത്ത വല്യ പഠിപ്പിന്റെ സെര്ടിഫിക്കറ്റുകൾക്ക് കീറ കടലാസിന്റെ വില പോലുമില്ലെന്ന് വിദ്യഭ്യാസം കഴിഞ്ഞു തൊഴിൽ തേടി അലയുമ്പോൾ മനസ്സിലായി തുടങ്ങും.
അങ്ങനെയുള്ള ഒരു ദിവസം പത്രത്തിൽ വന്ന ഒരു പരസ്യം എന്റെ കണ്ണിലുടക്കി
ജോലി ഒഴിവ്. കേരളത്തിലെ മിക്ക ജില്ലകളിലേക്കും ഉദ്യോഗാർത്ഥികളെ തേടുന്നു ഓഫീസ് സ്റ്റാഫ് റിസപ്‌ഷനിസ്റ്

പരസ്യത്തിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു നോക്കിയ ഉടനെ കമ്പനി അധികൃതർ ഇന്റർവ്യൂന് നേരിട്ട് ഹാജരാകുവാൻ എന്നോട് ആവശ്യപ്പെട്ടു ഇന്റർവ്യൂ ദിവസം കൃത്യ സമയത്ത് തന്നെ ഓഫീസിൽ ഹാജരായി.
ടൗണിന് അടുത്ത് തന്നെ സ്ഥിതി ചെയുന്നു മൂന്ന് നില കെട്ടിടത്തിൽ മുകൾ നിലയിലാണ് ഓഫീസ്.മുകൾ നിലയുടെ ഒരു ഭാഗം മുഴുവൻ കമ്പനിയുടേതാണ് എന്ന്‌ ഒറ്റ നോട്ടത്തിൽ മനസ്സിലാവും പക്ഷേ പത്രത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾക്ക് അനുസരിച്ചുള്ള ചുറ്റുപാട് ആയിരുന്നില്ല അവിടെ.വിശാലമായ ഹാളിന് സൈഡിലായി അലഷ്യമായി കൂട്ടി ഇട്ടിരിക്കുന്ന കാർബോർഡ് പെട്ടികൾ. പുറത്ത് നിന്ന് വരുന്ന ഒരാൾക്ക് ഓഫീസ് ആയി തോന്നിക്കാൻ വേണ്ടി ആവും ഒരു ചെറിയ മേശയും ഭംഗിക്ക് വേണ്ടി കറങ്ങുന്ന രണ്ട് മൂന്ന് കസേരയും ചുമരിൽ അവരുടെ കമ്പനിയുടെ പരസ്യങ്ങൾ.

എന്നെ കണ്ടതും ഒരു ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്ന് വരുവാൻ ആവശ്യപ്പെടുകയും ആഗമനോദ്ദേശം ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.അൽപ സമയം കാത്തിരിക്കുവാൻ ആവശ്യപ്പെട്ട് ആ ചെറുപ്പക്കാരൻ അകത്തെ മുറിയിലേക്ക് പോയി സമയം കടന്ന് പോയി കൊണ്ടിരിക്കുന്നു ആരെയും കാണുന്നില്ല അകത്തുള്ള മുറിയിൽ നിന്നും ഒച്ചപ്പാടും ബഹളവും അതിന് പിന്നാലെ മണിയടി ശബ്‍ദവും കേട്ടതും
ഞാൻ ആദ്യമൊന്നു പരിഭ്രമിച്ചു.വന്ന് കയറിയത് വല്ല അമ്പലത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സെന്റർ വല്ലതുമാണോ
അൽപ സമയങ്ങൾക്കുള്ളിൽ അകത്തു നിന്നും മറ്റൊരു ചെറുപ്പക്കാരൻ കടന്ന് വരികയും അണ്ടി പോയ അണ്ണനെ പോലെ ഇരിക്കുന്ന എന്നെ നോക്കി വിഷ് ചെയ്തു കൊണ്ട് കസേരയിൽ ഇരുന്നു
“മിസ്റ്റർ ജോൺ അല്ലെ?

“അതെ സാർ ഇവിടെ ജോലി ഒഴിവുണ്ട് എന്ന് കേട്ട് വന്നതാണ്. “യെസ് യെസ്. തന്റെ കാൾ ഞാനാണ് അറ്റന്റ് ചെയ്തത്. എന്റെ മുഖത്തു ആ സമയം പ്രതീക്ഷയുടെ പ്രഭാതത്തിന് പൊൻ കിരണങ്ങൾ
“സാർ. ഓഫീസ് സ്റ്റാഫ് വേക്കൻസിയാണ് എനിക്ക് താല്പര്യം.
“ഞങ്ങൾ പരസ്യത്തിൽ കൊടുത്തിരിക്കുന്നത് പോലെ ഇവിടെ ഓഫീസ് സ്റ്റാഫ് വേക്കൻസിയുണ്ട്.പക്ഷേ മിസ്റ്റർ ജോൺ അതിന് ആറു മാസത്തെ ട്രെയിനിങ് പിരീഡ് മസ്റ്റാണ്. നമ്മുടെത് ഒരു മാർക്കറ്റിംഗ് കമ്പനിയാണ് അത് കൊണ്ട് തന്നെ കമ്പിനിക്ക് നിങ്ങളെ ഡയറക്ട് ആയി ഓഫീസിൽ ഡ്യൂട്ടി തരാൻ സാധിക്കില്ല അതിന് കസ്റ്റമേഴ്സിനോട് എങ്ങനെ സംസാരിക്കണം.ഓഫീസ് കാര്യങ്ങൾ അങ്ങനെ കൈ കാര്യം ചെയ്യണം എന്നൊക്കെ പഠിക്കാനുണ്ട് ”

“ഞാൻ അത് പഠിക്കാൻ തയ്യാറാണ് സാർ ആവേശത്തിൽ ചാടി കയറി പറഞ്ഞ ഈ ഒരു ഡയലോഗ് മുന്നോട്ട് എനിക്ക് തന്നെ പാരയാകുമെന്ന് ആ സമയം ഞാൻ കരുതി കാണില്ല “എങ്കിൽ ഉടനെ തന്നെ കുറച്ചു മാസത്തേക്കുള്ള ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു വന്നോളൂ.ഫുഡ്‌ ആൻഡ് അക്കോമഡേഷൻ കമ്പിനി വകയാണ്. നാളെ മുതൽ ട്രെയിനിങ് തുടങ്ങും

ജോലിയിൽ പ്രേവേശിക്കുന്ന ആദ്യ ദിവസം. രണ്ട് നില വീടാണ് സ്റ്റാഫിന് താമസിക്കാൻ കമ്പനി നൽകിയിരിക്കുന്നത്.താഴത്തെ നിലയിൽ പത്തു പേരും മുകളിലെ നിലയിൽ പത്തു പേരും ആകെ മൊത്തം ഇരുപത് പേർ.ആദ്യ ദിനങ്ങളിൽ കമ്പനി നിങ്ങളെ നന്നായി സൽക്കരിക്കും. ഫുഡ്‌ വാങ്ങി തരും കിടക്കാൻ ആവുമ്പോൾ പായ വിരിച്ചു തരാൻ

ആളുണ്ടാവും. (പക്ഷേ നിങ്ങൾ അവരുടെ നിരീക്ഷണത്തിലാണ് )പുലർച്ചെ അഞ്ചു മണിക്ക് നാശം പിടിച്ച കോളിംഗ് ബെൽ അമരാൻ തുടങ്ങും ട്രെയിനിസിനെ ഉണർത്താനുള്ള സീനിയേസിന്റെ അലാറമാണ് അത്.

നിങ്ങൾ എഴുന്നെറ്റിലെങ്കിൽ അവർ വന്ന് എഴുന്നെല്പിക്കുക്കും.ഞങ്ങളുടെ കൂടെ നിൽക്കുന്ന ആരും പരസ്പരം സംസാരിക്കാറില്ല.ഞാൻ പൊതുവെ സംസാര പ്രിയനായത് കൊണ്ട് തന്നെ അങ്ങോട്ട് ചെന്ന് സംസാരിച്ചാലും അവർ ഒഴിഞ്ഞു മാറും.

പ്രഭാത കർമങ്ങൾ കഴിഞ്ഞ് വസ്ത്രങ്ങൾ ഇസ്തിരി ഇടാനുള്ള നീണ്ട ഒരു ക്യു.രണ്ട് തേപ്പ് പെട്ടിയും ഇരുപത് പേരും. ഒരുവിധം റെഡിയായി എല്ലാരും ഒരുമിച്ചു ഓഫീസിലേക്ക്.(ആദ്യ ദിനം ആയത് കൊണ്ട് ഫുഡ്‌ അവരുടെ വക )

ഒമ്പത് മണി മുതലാണ് ജോലി തുടങ്ങുക പക്ഷേ ഇവിടെ 7.30ന് തന്നെ ഞങ്ങൾ ഓഫീസിൽ റിപ്പോർട്ട്‌ ചെയ്തു.
രാവിലെ അല്പ സമയം മാർക്കറ്റിംഗ്നെ കുറിച്ചുള്ള ക്ലാസ്സ്‌. മാർക്കറ്റിംഗിൽ എന്റെ ലെവൽ ഇപ്പോൾ മറച്ചന്റൈസർ പോലുമല്ല.അതിന് കമ്പനിയുടെ എക്സാം എഴുതി പാസ്സ് ആവണം എങ്കിലേ മാർക്കറ്റിംഗിലെ ആദ്യ പദവി കിട്ടുകയുള്ളു . നെക്സ്റ്റ് ട്രെയിനർ. അത് കഴിഞ്ഞാൽ അസിസ്റ്റന്റ് മേനേജർ അതിന് മുകളിൽ മേനേജർ അതുക്കും മേലേ പ്രേസിടന്റ്റ്.

അവരുടെ മോട്ടിവേഷൻ ക്ലാസ് കേട്ടാൽ നമ്മള് വിചാരിക്കും നമ്മള് വല്യ സംഭവമാകുമെന്ന്.ഒരു ചുക്കും നടക്കില്ലെന്ന് പതിയെ എനിക്ക് മനസ്സിലായി തുടങ്ങി.
ഫോൺ വിളി പോലും അവരുടെ സാമിപ്യത്തിൽ മാക്സിമം അഞ്ചു മിനുട്ട്.

എങ്ങോട്ട് തിരിഞ്ഞാലും സീനിയർ സ്റ്റാഫ് കൂടെ തന്നെ കാണും (ബാത്‌റൂമിൽ ഒഴികെ )
എങ്കിലും ബാത്‌റൂമിനു വെളിയിൽ കാവലുണ്ടാവും. ജോയിൻ ചെയ്തു അല്പ നാളുകളിൽ തന്നെ കൂടെ ജോയിൻ ചെയ്യത പലരും അപ്രത്യക്ഷരായി (കാരണം അജ്ഞാതമായിരുന്നു എനിക്ക് )
ഇനി നമുക്ക് ഒരു മാർക്കറ്റിംഗ് ചേട്ടൻ കസ്റ്റമറെ കാണുമ്പോൾ ആദ്യം ചെയുന്നത് എന്താണെന്ന് നോക്കാം
*ആദ്യം ഒരു ക്ലോസപ്പ് ചിരി

*ശക്തമായ ഒരു അസ്‌തദാനം (അത് എന്തിനാണെന്ന് പറഞ്ഞ് തരാം.കസ്റ്റമർ അലസമായിട്ടവരുത് മാർക്കറ്റിംഗ് ചെയ്യാൻ വരുന്നവരുടെ സംസാരം കേൾക്കേണ്ടത് അതിനാണ് ശക്തമായി കുലുക്കി ഹസ്തദാനം ചെയുന്നത്.
* കണ്ണിൽ നോക്കി തന്നെ സംസാരിക്കുക

*കസ്റ്റമർസ്ന്റെ പേര് അതിനിടയ്ക്ക് ചോദിച്ചു മനസ്സിലാക്കി കൈയിൽ ഉള്ള ഡ്യൂപ്ലിക്കേറ്റ് ബില്ലിൽ പേര് എഴുതി ചേർക്കുക (കസ്റ്റമർ ഇത് കാണരുത് അതിനാണ് നിർത്താതെയുള്ള സംസാരം
*കൊണ്ട് വന്ന പ്രോഡക്ട് അത് വരെ ഒളിപ്പിച്ചു വച്ചിട്ടാണ് ഉണ്ടാവുക. കസ്റ്റമർക്ക് ഒരു സർപ്രൈസ് പോലെ പ്രൊഡകറ്റ് അങ്ങ് കൈയിലേക്ക് വച്ച് കൊടുക്കും
(അതെന്തിനാണെന്നു പറഞ്ഞാൽ. നമ്മൾ അവരുടെ കൈകളിലേക്ക് നൽകുന്ന പ്രൊഡക്ട് അവരുടേത് ആണെന്ന ഒരു തോന്നലുണ്ടാക്കാൻ വേണ്ടി )

*നമ്മൾ പ്രൊഡക്ടിന്റെ വില പറയുന്നു.അതും വില കേട്ടാൽ കസ്റ്റമർ ഞെട്ടുന്നത് പോലെ രണ്ടായി……രം രൂപ
കസ്റ്റമർ കേട്ടപാതി സാധനം കൈയിൽ തരാൻ നോക്കും.ഉടനെ വരും അടുത്ത ട്രിക്ക്
“നമ്മുടെ കമ്പനിയുടെ ഓഫർ പ്രകാരം ഞാൻ ഈ രണ്ടായിരം രൂപയുടെ പ്രൊഡക്ട് സാറിന് 499യ്ക്ക് തരും.
കസ്റ്റമർ അപ്പോൾ ഒന്ന് റിലാക്സ് ആവുന്ന സമയം ഡ്യൂപ്ലിക്കേറ്റ് ബില്ല് മാർക്കറ്റിംഗ് ചേട്ടൻ എടുത്തു കൊടുക്കും
ബില്ല് അടിച്ച സാധനം ആയത് കൊണ്ട് കസ്റ്റമർ അവിടെ ട്രാപ്പ് ആവും 500രൂപയല്ലേ സാരമില്ല എന്ന്‌ മനസ്സിൽ വിചാരിച്ചു കസ്റ്റമർ സാധനം വാങ്ങിക്കും

ഇവിടെ ഒരു പ്രശ്നം ഉണ്ട് കേട്ടോ ചിലപ്പോൾ കസ്റ്റമർ ചൂടാവും” താൻ ആരോട് ചോദിച്ചിട്ട ബില്ല് എഴുതിയത് എനിക്ക് തന്റെ സാധനം വേണ്ട എന്ന് പറഞ്ഞ് മാർക്കറ്റിംഗ് ചേട്ടന്റെ കൈയിൽ തന്നെ സാധനം വച്ചു കൊടുക്കും. ഇങ്ങനെ ഉള്ള ഘട്ടത്തിൽ മാർക്കറ്റിംഗ് ചേട്ടൻ പ്രേയോഗിക്കുന്ന അടുത്ത ഐഡിയ
*നഷ്ട്ട ബോധം ജനിപ്പിക്കുക

ചേട്ടന് ഭാഗ്യമില്ല അല്ലാതെ എന്ത്‌ പറയാൻ ചേട്ടൻ അയൽവാസി നമ്മുടെ ഗോപാലകൃഷ്ണൻ ചേട്ടൻ അവരുടെ മോന് നന്നായി പഠിക്കണം എന്ന് കരുതി വിലപേശാനോന്നും നിൽക്കാതെ രണ്ടായിരം രൂപയ്ക്ക് സാധനം വാങ്ങി.
ഇവിടെ കസ്റ്റമർക്ക് നഷ്ട്ട ബോധം മാത്രമല്ല അല്പം അസൂയയും മാർക്കറ്റിംഗ് ചേട്ടൻ കൊടുക്കും
കസ്റ്റമർ ക്ലിൻ ബോൾഡ്.സാധനം വാങ്ങും.

രരണ്ട് ദിവസത്തോളം ഇതൊക്കെ കണ്ടും കേട്ടും രാവിലെ 5മണിക്ക് തുടങ്ങുന്ന യുദ്ധം രാത്രി 12മണിക്ക് അവസാനിപ്പിച്ചു കിടക്കുമ്പോൾ എന്റെ കാലുകളിൽ കുമിള രൂപ പെട്ടിട്ടുണ്ടാവും. അങ്ങനെ ട്രെയിനിസിന്റെ കൂടെ പ്രൊഡകറ്റിന്റെ ഭാരവും താങ്ങി ഞാൻ നടന്നു
അതിനടിയിൽ എക്സാം എഴുതി പാസ്സ് ആയി മർച്ചന്റ് ആയി സെലക്ഷൻ കിട്ടി ഇനി ഒറ്റയ്ക്ക് പ്രൊഡക്ട് കൊണ്ട് പോയി വിൽക്കാം.

അന്ന് മുതൽ എന്റെ കഷ്ടകാലവും തുടങ്ങി…. ആദ്യം കമ്പനി വാഗ്ദാനം ചെയ്ത ഭക്ഷണം കട്ട്‌.ഇനി മൂന്ന് നേരം ഉള്ളിലേക്ക് വല്ലതും പോകാൻ കമ്പനി പറയുന്ന പ്രൊഡകറ്റ് അവർ പറയുന്ന സ്ഥലങ്ങളിൽ വിൽക്കണം.പ്രോഡക്റ്റ് വിറ്റ് അതിൽ നിന്നും കിട്ടുന്ന കമ്മിഷൻ കൊണ്ട് വേണം ഇനി മുന്നോട്ട് പോകാൻ.
പ്രൊഡക്ടിന് ഒന്നിന് 20രൂപ വച്ചു കമ്മീഷൻ കിട്ടും. രണ്ട് മാസം കൊണ്ട് ഓഫീസിൽ കയറി കൂടാം എന്ന പ്രതീക്ഷയോടെ ഭാരവും പേറി നടന്ന് ഞാൻ പട്ടിണി കോലമായി മാറി .

തൽസ്‌ഥിതി തുടർന്നാൽ വീട്ടുകാർക്ക് എന്റെ ഫോട്ടോസ്റ്റാറ്റ് പോലും കിട്ടില്ലെന്ന്‌ തിരിച്ചറിഞ്ഞ ഞാൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു മണ്ണടിഞ്ഞു പോയ മുത്തശ്ശിയെ വീണ്ടും ആശുപത്രി കിടക്കയിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ കിടത്തി കമ്പിനിയിൽ നിന്നും ലീവ് എടുത്തു പുറത്തേക്ക് ചാടി ഇപ്പോൾ നല്ല മര്യാദയ്ക്ക് നാട്ടിൽ കൂലി പണിക്ക് പോയി സുഖമായി ജീവിക്കുന്നു
Nb :ജീവിതം കരുപ്പിടിപ്പിക്കുവാൻ മഴയും വെയിലും സഹിച്ചു മാർക്കറ്റിങ് ജോലി ചെയ്യുന്ന സഹോദരമാർക്ക് സമർപ്പണം

Leave a Reply

Your email address will not be published. Required fields are marked *