ഓർമവെച്ച കാലം മുതൽ പായസത്തോടു താല്പര്യമില്ലാത്തതുകൊണ്ടു ഒരു കല്യാണത്തിനോ tea പാർട്ടിക്കോ പോയാൽ

(writer: Sruthi Kishan Kuruvi)

ഓർമവെച്ച കാലം മുതൽ പായസത്തോടു താല്പര്യമില്ലാത്തതുകൊണ്ടു ഒരു കല്യാണത്തിനോ tea പാർട്ടിക്കോ പോയാൽ പോലും എനിക്ക് കിട്ടുന്ന പായസം രണ്ടായി വീതിക്കപെട്ടിരുന്നു.ഒരുപങ്ക് അമ്മയ്ക്കും മറ്റൊന്ന് അനിയനും.ഓണത്തിനും വാവിനും എന്നുവേണ്ട കലണ്ടറിൽ ചുവപ്പടയാളപ്പെടുത്തിയ എല്ലാ ദിവസവും വീട്ടിൽ പായസം must ആണ്.

വെള്ളമടി ഗാങിലെ ഏതെങ്കിലും ഒരു പാൽക്കുപ്പി touchings മാത്രം തിന്നാൻ ഇരിക്കുന്നതുപോലെ പായസത്തിന്റെ touchings എന്നറിയപ്പെടുന്ന ബോളി, പപ്പടം, പഴം, ബൂന്തി മുതലായവ തിന്നു തീർക്കുന്നതായിരുന്നു പായസം വെയ്ക്കുന്ന ദിവസം വീട്ടിലെ എന്റെ മെയിൻ പരിപാടി. അങ്ങനെ ഇരിക്കെ മോനെ വയറ്റിലുണ്ടായിരുന്ന സമയത്തു എനിക്ക് പായസം വേണം. ഇപ്പൊ കിട്ടണം. സൂര്യൻ പടിഞ്ഞാറുദിച്ച പോലെ എല്ലാരും അന്ധാളിച്ചു നിന്നു.ഒട്ടും വൈകിയില്ല. മോളുടെ ആഗ്രഹം സാധിക്കാൻ അപ്പൻ ലുങ്കിയും മടക്കി കുത്തി ചാടിയിറങ്ങി. ഉടനെ പായസം വെച്ചു.

ഗ്രഹണി പിടിച്ച പുള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെ എന്നൊക്കെ കേട്ടിട്ടേ ഉള്ളു.
ഒറ്റയിരുപ്പിന് മുഴുവനും കുടിച്ചു.ആഹാ ഇതിനു ഇത്രേം രുചി ഉണ്ടായിരുന്നോ!!എങ്കിലും ഒരു തൃപ്തി പോരാ. കല്യാണ പായസംതന്നെ വേണം എന്ന് വയറ്റിൽ കിടക്കുന്ന സല്പുത്രന് ഒരേ വാശി. അതുവരെ കല്യാണം എന്ന് കേട്ടാൽ തലേന്ന് മാത്രം പോയി വെട്ടി വിഴുങ്ങീട്ട് വരുന്ന ഞാൻ പിന്നെ ഒരു കല്യാണം വിടാതെ എല്ലാറ്റിനും പോയി എല്ലാവിധ പായസവും രുചിച്ചറിഞ്ഞു.തോന്നുമ്പോ തോന്നുമ്പോ കല്യാണം കൂടാൻ പറ്റില്ലല്ലോ. കുമ്മനടിച്ചാലോ എന്നുവരെ തോന്നുന്ന രീതിക്കു പായസ കൊതി സഹിക്കാൻ വയ്യ.

പായസം കുടിച്ചു കുടിച്ചു ഷുഗർ കണ്ടമാനം കൂടി.എട്ടാം മാസം.
“ഇനി വീട്ടിൽ വിടില്ല. ഉച്ചയ്ക്ക് ശേഷം അഡ്മിറ്റ് ആയിക്കോ, ഡെലിവറി കഴിഞ്ഞിട്ട് പോകാം” എന്ന് ഡോക്ടർ പറഞ്ഞു.
“ഞാൻ അപ്പോഴേ പറഞ്ഞതാ ചുമ്മാ പായസം കുടിക്കണ്ടാന്നു. ഇത്രേം കാലം കുടിക്കാതിരുന്നതിന്റെ ആക്രാന്തം എട്ടുമാസം കൊണ്ട് ഞാൻ കാണുന്നുണ്ട്. ഇനി ഒരുമാസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരും. മേലാൽ പായസം എന്ന് മിണ്ടിപ്പോകരുത്. ” അതിയാന്റെ മട്ടും ഭാവവും മാറി. Pre ഡെലിവറി photoshoot കുളമായതിന്റെ എല്ലാ സങ്കടവും ബിരിയാണി കഴിച്ചു തീർക്കാൻ ഞങ്ങൾ തീരുമാനിച്ചു.

കഴിച്ചുകഴിഞ്ഞാൽ നേരെ പോയി അഡ്മിറ്റ് ആവണമല്ലോ. അങ്ങനെ ബിരിയാണി കഴിക്കാൻ ചെന്നപ്പോൾ അവിടെ ദേ കൊണ്ടുവെച്ചിരിക്കുന്നു രണ്ടു കിണ്ണം പായസം.രോഗി ഇച്ഛിച്ചതും വെയ്റ്റർ കൊണ്ടുവെച്ചതും പായസം!
ഇന്നത്തെ സ്പെഷ്യൽ ആണെന്ന് ആ ചെക്കൻ പറഞ്ഞപ്പോൾ ഞാൻ ചേട്ടനെ ഒന്ന് നോക്കി. ഗർഭിണിയല്ലേ, പിണക്കാൻ പറ്റൂലല്ലോ.

“കുടിച്ചോ കുടിച്ചോ. ഇന്നും കൂടിയേ ഉള്ളു നിന്റെ പായസം കുടി.” എന്നും പറഞ്ഞിട്ട് അങ്ങേരുടെ പായസം കൂടി എനിക്ക് തന്നു.
എന്റെ പായസം പോലും എന്നെ കുടിക്കാൻ സമ്മതിക്കോ എന്നുറപ്പില്ലായിരുന്നിട്ടും
” എങ്ങനെയാ കർത്താവേ അതിയാന്റെ പായസം കൂടി ചോദിക്കുന്നെ. ചോദിച്ചാൽ തെറിവിളി കേൾക്കേണ്ടി വരുമല്ലോ” എന്ന് ചിന്തിച്ച എനിക്ക് ഡബിൾ ലോട്ടറിയാണ് അടിച്ചത്.
അതായിരുന്നു അവസാനമായി കുടിച്ച പായസം..
delivery ക്ക് ശേഷം, എലക്ഷൻ ജയിച്ചു ജനങ്ങളെ മറന്ന സ്ഥാനാർഥിയെ പോലെ സകലതും മറന്നു പഴയ പായസ വിരോധിയായി ഞാൻ മാറിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *