(writer: Sruthi Kishan Kuruvi)
നാലാം ക്ലാസ്സിലാണ്. നാലഞ്ചു പേരുകൾ ടീച്ചർ ഉറക്കെ വിളിക്കുന്നുണ്ട്. ഞാനും ഉണ്ട്.
“എണീറ്റോ. ബാഗും എടുത്തു ക്ലാസിനു പിന്നിൽ ചുമര് ചേർന്ന് നിന്നോ” എന്ന് ടീച്ചർ.
എന്താ ഏതാ എന്നറിയാതെ ഞങ്ങൾ കുറച്ചു കുട്ടികൾ ക്ലാസിനു പിന്നിൽ പോയി നിൽക്കുന്നു. മറ്റുകുട്ടികൾ ബെഞ്ചിൽ ഇരിക്കുന്നു.
ഇല്ല., കുരുത്തക്കേടൊന്നും കാണിച്ചിട്ടില്ല. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട്. കാരണം ചോദിക്കാനും മുന്നോട്ട് കേറി നിൽക്കാനും അന്നത്തെ എട്ടുവയസ്സുകാരിക്ക് മനോബലം തീരെയില്ല. എങ്കിലും പല ചോദ്യങ്ങളും ഉള്ളിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു.അടുത്ത പിരീഡിൽ സയൻസ് ടീച്ചർ എത്തി. എന്താ ഇവരെ പിന്നിൽ നിർത്തിയിരിക്കുന്നത് എന്ന സയൻസ് ടീച്ചറിന്റെ ചോദ്യത്തിനു ഉത്തരം ഞങ്ങൾക്കും അറിയേണ്ടതുണ്ടായിരുന്നു.
“PTA ഫണ്ട് അടച്ചിട്ടില്ല. അവിടെ നിൽക്കട്ടെ” എന്ന മറുപടിയിൽ മറ്റുകുട്ടികൾ ആർത്തു ചിരിച്ചു.
അപമാനകരം !കണ്ണുകൾ നിറഞ്ഞൊഴുകി.ഉച്ചവരെ ആ നിൽപ്പ് നിന്നു.ഉച്ചയ്ക്ക് ഉണ്ണാൻ നേരം ഞാൻ ബെഞ്ചിൽ കേറി ഇരിക്കാൻ ശ്രമിച്ചു.കാലു മടങ്ങുന്നില്ല, വിറയ്ക്കാൻ തുടങ്ങി. വീഴുമോ എന്നുപോലും തോന്നിപ്പോയി.
അല്പസമയത്തെ പരിശ്രമത്തിനൊടുവിൽ ഇരുന്നു.കരഞ്ഞു കരഞ്ഞു ഉച്ചക്കഞ്ഞി കുടിച്ചു. ഉച്ചയ്ക്ക് ശേഷം രാവിലെ ടീച്ചർ എണീപ്പിച്ചു നിർത്തിയ എല്ലാ കുട്ടികളും ബെഞ്ചിൽ ഇരുന്നു. ഞാനും ഇരുന്നു. ടീച്ചർ വന്നു. തല്ലിന് ശേഷം ചോദ്യം.
“ആരുപറഞ്ഞു നിന്നോട് ഇരിയ്ക്കാൻ”കരഞ്ഞുകൊണ്ട് വീണ്ടും ബാഗും എടുത്തു പിന്നിലേക്ക് നടന്നു.
സ്കൂൾ വിട്ടു വീട്ടിൽ എത്തിയതും സംഭവിച്ചതെല്ലാം പറഞ്ഞു. അമ്മയ്ക്കും വിഷമം. അച്ഛനും കാര്യം അറിഞ്ഞു.
ടീച്ചർ എണീപ്പിച്ചു നിർത്തിയതിനും അടി തന്നതിനും പ്രയോചനമുണ്ടായി.പിറ്റേന്ന് അമ്മ വന്നു കൊടുക്കാനുണ്ടായിരുന്ന 50 രൂപ ഫീസ് അടച്ചു.
കാലങ്ങൾ കഴിഞ്ഞു.പട്ടം girls ൽ + 1പഠിക്കുമ്പോ വീണ്ടും അതേപോലൊരു പേരുവിളി ക്ക് മുൻപേ
സ്കൂൾ ഫീസ് വീട്ടിൽ ചോദിച്ചുഅടുത്ത തിങ്കളാഴ്ച ആവട്ടെ എന്ന് അച്ഛൻ തീർത്തുപറഞ്ഞു.
അന്ന് ക്ലാസ്സിൽ 250 രൂപ ഫീസ് അടയ്ക്കാത്തതിന് തലതാഴ്ത്തി നിന്ന എന്നെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചിട്ട് ഫീസ് ഞാൻ അടച്ചിട്ടുണ്ട്, ആരോടും പറയാൻ നിൽക്കണ്ട എന്ന ബെനിത ടീച്ചറിന്റെ വാക്കുകൾക്ക് നിറഞ്ഞ കണ്ണുകൾ കൊണ്ട് നന്ദി പറയാനേ എനിക്കായുള്ളു.
പിറ്റേന്ന്(പിറ്റേറ്റുതന്നെ) അച്ഛൻ തന്ന 250 രൂപ ടീച്ചറിന് നേരെ വെച്ചു നീട്ടിയപ്പോൾ
“ആവശ്യത്തിന് സർക്കാർ ശമ്പളം ഉണ്ട്, അതിൽ നിന്നും ഒരു കുട്ടിയുടെ ഫീസ് അടച്ചെന്നും പറഞ്ഞു എനിക്ക് നഷ്ടമൊന്നും ഇല്ല, ഇത് ഞാൻ മാത്രം ചെയ്യുന്ന കാര്യമല്ല.. ടീച്ചർമാർ ഇങ്ങനെയൊക്കെ കൂടി ചെയ്യണം” എന്നുപറഞ്ഞു ആ പൈസ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ടീച്ചറിന്റെ ഈ വാക്കുകൾ എന്റെ ഓർമകളെ നാലാം ക്ലാസ്സിലേക്ക് കൂട്ടികൊണ്ടുപോയി.അന്ന്, അവിടെ അപമാനഭാരത്താൽ കരഞ്ഞു തളർന്ന ഒരു നാലാംക്ലാസ്സുകാരിയെ വാക്കുകൊണ്ടുപോലും ആശ്വസിപ്പിക്കാൻ ഇതുപോലൊരു അധ്യാപിക ഇല്ലാതെ പോയകാര്യം ഞാൻ വീണ്ടുമോർത്തു .