March 28, 2023

പത്താം ക്ലാസിലെ സെൻ്റോഫ് ബഹളങ്ങൾക്കിടയിൽ പലരും പരസ്പരം സ്നേഹപ്രകടനത്തിൻ്റെ തിരക്കിലായിരുന്നു

(രചന: ജിഷ്ണു രമേശൻ)

പത്താം ക്ലാസിലെ സെൻ്റോഫ് ബഹളങ്ങൾക്കിടയിൽ പലരും പരസ്പരം സ്നേഹപ്രകടനത്തിൻ്റെ തിരക്കിലായിരുന്നു..പക്ഷേ ആ നാല് ചെക്കന്മാര് മാത്രം സ്കൂൾ മുറ്റത്തെ ചെമ്പക ചോട്ടില് കണ്ണീരോലിപ്പിച്ച് നിന്നു..അവരുടെ പ്രിയപ്പെട്ട മലയാളം മാഷ് വന്നിട്ട് ചോദിച്ചു,” ഡാ ചെക്കന്മാരെ എന്തിനാടാ കരയണെ നിങ്ങള്..?”

മാഷിൻ്റെ വിങ്ങിയുള്ള ചോദ്യത്തിന് മറുപടിയായി അവര് സ്കൂളിൻ്റെ അങ്ങേ തലയ്ക്കലുള്ള ഭാഗത്തേക്ക് ഒന്ന് നോക്കി…അവിടെ കഞ്ഞിപ്പുരയുടെ മറവിൽ മറഞ്ഞു നിന്നുകൊണ്ട് അമ്പതിൽ കവിഞ്ഞ പ്രായമുള്ള ഒരു സ്ത്രീ കുട്ടികളുടെ ആഘോഷങ്ങൾ നോക്കുന്നു..

കുട്ടികൾ കഞ്ഞിച്ചേച്ചി എന്ന് പേരിട്ട് വിളിക്കുന്ന ഒരു സ്ത്രീ..ഒരു നേരത്തെ അന്നം തൻ്റെ കൈകൊണ്ട് വെച്ചുണ്ടാക്കി കൊടുക്കുന്ന അവരുടെ കണ്ണുകളും നനഞ്ഞിട്ടുണ്ട്..എല്ലാം കഴിഞ്ഞ് പോകാൻ നേരം അവര് നാലും കഞ്ഞിപ്പുരയുടെ അടുത്തേക്ക് ചെന്നു.. അവിടെ കഞ്ഞി വാർക്കുന്ന കൊട്ടത്തളത്തിനരുകിൽ അവരുടെ കഞ്ഞിച്ചേച്ചി ഇരിക്കുന്നുണ്ട്…

‘ ചേച്ചി, ഞങ്ങള് പോവാ..!’

അത് കേട്ടതും കണ്ണീര് തൊടച്ച്കൊണ്ട് അവര് ചാടി എണീറ്റ് അകത്ത് കയറി ഒരു പൊതി എടുത്തുകൊണ്ട് വന്ന് നാല് പേർക്കും നീട്ടിയിട്ട് പറഞ്ഞു,

” മക്കളെ ഇത് ഞാൻ വീട്ടില് നിന്ന് ചെറുപയറ് ശർക്കരയും തേങ്ങയും ചേർത്ത് കൊഴച്ച് ഉണ്ടാക്കിയതാണ്…നിങ്ങൾക്ക് വേണ്ടിയാ, ഇനി പറ്റില്ലല്ലോ എൻ്റെ മക്കൾക്ക്….!”

അത് പറഞ്ഞതും അവരുടെ കണ്ണുകളിൽ മൂടൽ നിറഞ്ഞിരുന്നു… മറുത്തൊന്നും പറയാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പികൊണ്ട് അവര് പൊതിയുമായി തിരിഞ്ഞു നടന്നു..അത്രയും കുട്ടികൾക്ക് ഉച്ചക്കഞ്ഞി ഉണ്ടാക്കുന്ന അവർക്ക് ആ നാല് ചെക്കന്മാരോട് നോവുള്ള ഒരിഷ്ടം കൂടുതലായിരുന്നു…

എന്തിനും ഏതിനും കഞ്ഞിപ്പുരയിൽ സഹായത്തിനായി ഓടിയെത്തുന്ന അലമ്പൻ പിള്ളേര്, വൈകീട്ട് സ്കൂൾ വിട്ട് അവരുടെ കഞ്ഞിച്ചേച്ചി റേഷൻ കടയുടെ മുന്നിൽ കാത്തു നിൽക്കും, എന്നിട്ട് അവരോടായി പറയും,

” ഡാ പിള്ളേരെ ഈ അരിയും ഗോതമ്പും എൻ്റെ വീട്ടിലൊന്നു കൊണ്ടുവെച്ച് താടാ, എല്ലാം കൂടി എനിക്ക് എടുക്കാൻ പറ്റില്ല..”

മറുത്തൊന്നും പറയാതെ നിറഞ്ഞ ചിരിയോടെ അവര് നാലും കൂടി അരിയും സാധനങ്ങളും ചുമന്ന് കഞ്ഞിച്ചേച്ചിയുടെ ഓലപ്പുരയിൽ എത്തിക്കും…എന്നിട്ട് മുറ്റത്തെ ചാമ്പ മരത്തിൽ നിന്ന് പോക്കറ്റ് നിറയെ ചാമ്പങ്ങയും പൊട്ടിച്ച് കൊണ്ടൊരു ഓട്ടമാണ്…

ആ ചെക്കൻമാരുടെ ഉച്ചക്കഞ്ഞി കഞ്ഞിപ്പുരയിൽ നിന്നാണ്…വീട്ടിൽ നിന്ന് കൊണ്ടു വരുന്ന കൊണ്ടാട്ടവും, മീൻ വറുത്തതും തങ്ങളുടെ കഞ്ഞിച്ചേച്ചിക്കും പങ്ക് വെച്ചുകൊണ്ട് അവിടെയിരുന്നു കഴിക്കും…

നോവ് കലർന്ന ഒരു പൊതി ചെറുപയറ് കൂട്ടും കൊണ്ട് അവരു നാലും വീട്ടിലേക്ക് നടന്നു..കാലത്തിനു വേഗത കൂടി…അവർക്ക് ശേഷം പലരും അവിടെ പഠിച്ചു പോയി… പലരും ഒരു ചിരി മാത്രം സമ്മാനിച്ച് സ്കൂളിൻ്റെ പടിയിറങ്ങി പോയിട്ടും ആ ചെക്കന്മാരെ അവരുടെ കഞ്ഞിച്ചേച്ചി മറന്നില്ല…

വർഷങ്ങൾക്കിപ്പുറം ആ നാല് പേരും ജോലിത്തിരക്ക് മാറ്റിവെച്ച് ഒരിക്കൽ കൂടി, പഠിച്ചിറങ്ങിയ സ്കൂൾ മുറ്റത്ത് എത്തി..കാലത്തിനൊപ്പം മാറിയ സ്കൂളും പരിസരവും അത്ഭുതത്തോടെ നോക്കി നിന്നു… തങ്ങളുടെ ചെമ്പകമരം വളർന്നു പന്തലിച്ചു…

പുറത്തിറങ്ങിയ അവര് പിന്നീട് പോയത് അവരുടെ പഴയ കഞ്ഞിച്ചേച്ചിയുടെ കൂരയിലേക്കായിരുന്നു..ആ കൂരയുടെ മുറ്റത്തേക്ക് കയറി ചെന്നപ്പോ അവിടെ ചവിട്ടുപടിയിൽ മുടിയിഴകളിൽ വെള്ള തൂവിയ, ചട്ടമുണ്ട് ചുറ്റിയ അവരുടെ കഞ്ഞിച്ചേച്ചി ഇരിക്കുന്നുണ്ട്…

അവരെ കണ്ടതും പതിയെ കൂനി എണീറ്റ് നിന്നിട്ട് കണ്ണ് ചുളിച്ച് നോക്കി…

‘ഞങ്ങളെ മനസ്സിലായോ..?’

അവരുടെ ചോദ്യം കേട്ട് ഒന്നുകൂടി സൂക്ഷിച്ച് നോക്കി..കൂട്ടത്തിൽ ഒരുത്തൻ വീണ്ടും ചോദിച്ചു,’കഞ്ഞിച്ചേച്ചിക്ക് ഞങ്ങളെ മനസ്സിലായില്ലേ..! ശർക്കരയും തേങ്ങയും ചേർത്ത് കൊഴച്ച ചെറുപയറിൻ്റെ സ്വാദ് പോയിട്ടില്ല…’

അത് കേട്ടതും കണ്ണുകൾ നിറഞ്ഞ്, ചുണ്ട് വിതുമ്പി കൈകൾ വിറച്ച് അവര് അടുത്തേക്ക് നീങ്ങി നിന്നു…

“മക്കളെ ഞാൻ, ഞാൻ…”അവര് സങ്കടം കൊണ്ട് വിതുമ്പി…

“ഡാ ചെക്കന്മാരെ ഞാനെന്തിനാ ഇവിടെ ഈ ഉമ്മറത്ത് എപ്പോഴും ഇരിക്കണതെന്ന് അറിയോ..! അവിടെ ദാ ആ പള്ളിക്കൂടത്തിലെ പിള്ളേരുടെ ഒച്ചയും ബഹളവും എപ്പോഴും ഇങ്ങനെ കേൾക്കാനാണ്.. നിങ്ങള് പോയേപിന്നെ ഞാൻ അവിടെ ആ കഞ്ഞിപ്പുരയിൽ തനിച്ചായിരുന്നു..”

ഒരു കുട്ടി അകത്തുനിന്നും ഓടി വന്നത് കണ്ടിട്ട് ആ വൃദ്ധ പറഞ്ഞു,”ഇതെൻ്റെ പേരക്കുട്ടി ആണ്.. കഴിക്കാനുള്ള വകയുണ്ടെങ്കിലും ഇപ്പോഴും ആ ഉച്ചക്കഞ്ഞിയാണ് ഇവളുടെ വിശപ്പകറ്റുന്നത്..”

ആ ചെക്കന്മാര് പതിവ് പോലെ മുറ്റത്തെ ചാമ്പ മരത്തിലേക്ക് നോട്ടമിട്ട് നിന്നു..ആ ദിവസം തങ്ങളുടെ കഞ്ഞിച്ചേച്ചിയുടെ ഏലയ്ക്ക ഇട്ട കട്ടൻ ചായയുടെ രുചി ഒന്നുകൂടി അവരറിഞ്ഞു..ഏറെ നേരത്തിനു ശേഷം അവര് പറഞ്ഞു,

‘ ഞങ്ങളുടെ ജോലി സ്ഥലം കുറെ ദൂരെയാണ്… ഞങ്ങള് ഇറങ്ങട്ടെ കഞ്ഞിച്ചേച്ചി..!’

അവരുടെ ആ വിളിയിൽ ഒന്ന് ചിരിച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞു,” നിൽക്ക്, ഞാനിപ്പോ വരാം..പോവല്ലേ മക്കളെ..!”

അതും പറഞ്ഞുകൊണ്ട് അവര് അകത്തേക്ക് കയറി… സ്വല്പ സമയത്തിന് ശേഷം അവര് മുറ്റത്തേക്ക് വന്നിട്ട് ആ ചെക്കൻമാർക്ക് നേരെ ഒരു പൊതി നീട്ടിയിട്ട് പറഞ്ഞു,

” മക്കളെ, തേങ്ങ ചിരകിയത് ഇല്ല്യ, ശർക്കരയും കുറച്ച് ചെറുപയറും കൂട്ടി കൊഴച്ചതാണ്… എൻ്റെ കയ്യില് എൻ്റെ മക്കൾക്ക് തരാനായി ഇതല്ലാതെ വേറെ ഒന്നൂല്യ…”

ഒരു വിങ്ങലോടെ, നീറ്റലോടെ അവരത് വാങ്ങി… അതിൽ നിന്നും ഒരു പിടി ചെറുപയറ് നാലു പേരും വായിലേക്കിട്ടു..യാത്ര പറഞ്ഞിറങ്ങുമ്പോ അവരുടെ കുഴിഞ്ഞ കണ്ണുകൾ കലങ്ങിയിട്ടുണ്ട്..പഴയ നിധി തിരിച്ച് കിട്ടിയ പ്രതീതിയായിരുന്നു ആ വൃദ്ധയുടെ മനസ്സിൽ…

നടന്നകലുന്ന ആ ചെക്കന്മാക്ക് വർഷങ്ങൾക്ക് മുൻപ് ഒരു പൊതിയിൽ ആരും കാണാതെ തങ്ങൾക്ക് കൊണ്ടു തരുന്ന ചെറുപയറ് കൂട്ടിൻ്റെ സ്വാദ് അവര് നാല് പേരുടെയും നാവിലുണ്ടായിരുന്നു..നോവ് കലർന്ന, കണ്ണീര് തിങ്ങിയ, മധുരമുള്ള ഓർമ്മകൾ നുകരുന്ന സ്വാദ് ആ ചെക്കന്മാര് ഒരിക്കൽ കൂടി ആസ്വദിച്ചു..സര്ക്കാര് സ്കൂളിലെ നോവുന്ന മധുരമുള്ള ചില ഓർമ്മകൾ ഇങ്ങനെയും ഉണ്ട്..

Leave a Reply

Your email address will not be published.