(രചന: ശരണ്യ എസ് നായര്‍)
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണമെന്ന് അച്ചുവിനായിരുന്നു നിർബന്ധം. നീണ്ട അഞ്ചു വർഷത്തെ പ്രണയകാലത്ത് ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി അവളത് ഉണർത്തിച്ചിട്ടുമുണ്ട്. ഒരു പെൺകുഞ്ഞിനു ജന്മം നൽകുന്നതിലൂടെ നല്ലൊരുകൂട്ടുകാരിയെ കൂടിയാണ് അമ്മയ്ക്ക് ലഭിക്കുന്നത് എന്നാണ് അവളുടെ വെപ്പ്.
വിശേഷമറിയിച്ചപ്പോൾ മുതൽ ഒൻപത് മാസത്തെ ഗർഭകാലത്ത് അവളുടെ മനസിലൊരു കൊച്ചു മിടുക്കി വളരുകയായിരുന്നു. പലപ്പോഴും ആശങ്ക തോന്നിയിട്ടുണ്ട്. ദൈവം സമ്മാനിക്കുന്നത് ഒരാൺകുഞ്ഞിനെയാണെങ്കിൽ അവളുടെ പ്രതികരണം എന്താകുമെന്നോർത്ത്. പക്ഷെ അതെല്ലാം അസ്ഥാനത്തായിരുന്നു.
പ്രതീക്ഷകളെ മറികടന്ന് ഒരു പോന്നു മോനെ കൈകളിലേയ്ക്കി വെച്ചു തരുമ്പോൾ, സന്തോഷവും സ്നേഹവാത്സല്യങ്ങളും നിറഞ്ഞ അവളുടെ മുഖം എപ്പോഴത്തേതിലും ശോഭിതമായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ അവൾ നെയ്തെടുത്ത പ്രതീക്ഷകളും, വാതോരാതെ പറഞ്ഞറിയിച്ച ആഗ്രഹങ്ങളും ഉറക്കത്തിൽ ഞാൻ കണ്ട സ്വപ്നമായിരുന്നോന്ന് സംശയിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള അവളുടെ ഓരോ പ്രവർത്തികളും.
“കണ്ണേട്ടാ…. ഇതേതു ലോകത്താ..?
ഞാനിവിടെ മുഖകാന്തി ആസ്വദിച്ച് നില്പ്തുടങ്ങിയിട്ട് നേരം കുറച്ചായിട്ടോ…”
മഴതുള്ളികിലുക്കം പോലുള്ള അച്ചുവിന്റെ ശബ്‌ദം വൃശ്ചികപുലരിയിലെ തണുപ്പ് മനസ്സിലേക്കും പകർന്നു.
എനിക്ക് നേരെ നീട്ടിയ കരംഗ്രഹിച്ച് അവളെ അടുത്തിരുത്തി വീണ്ടും വിഹായസ്സിലേയ്ക്കി കണ്ണുനട്ടു.
മലഞ്ചരിവിൽ അനന്തതയിലേയ്ക്കി നോക്കിയിരുന്ന് മനസ്സു പങ്കിടാൻ അവളെപോലെ തന്നെ എനിയ്ക്കും പ്രിയമായിരുന്നു.
“താനിന്ന് വൈകിയോ…?”
ചോദ്യം അപ്രസക്തമായിരുന്നെങ്കിലും അച്ചു അതിനെ അനുകൂലിച്ചു.
“കുറച്ച്… വരും വഴി അപ്പൂട്ടന്റെ കരച്ചിൽ കേട്ടപ്പോ ഒന്നെത്തി നോക്കാതിരിക്കാനായില്ല..”
“എന്നിട്ട്.. ശ്യാമയെ കണ്ടോ..?”
“കണ്ടു.. മോന്റെ നൂലുകെട്ടല്ലെ… അതിന്റെ ഓരോ തിരക്കിലാ അവൾ..”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം എന്നെ നോക്കി അവൾ തുടർന്നു.
“കണ്ണേട്ടനിന്ന് വരേണ്ടിയിരുന്നില്ല. ഇന്നലെയേ പറഞ്ഞതല്ലേ ഞാൻ.. ആളും ബഹളവുമൊക്കെയുള്ളപ്പോൾ കുറച്ച്നേരത്തേക്കാണെങ്കിലും മാറിനിൽക്കേണ്ടെന്ന്…”
നേർത്ത ഒരു പുഞ്ചിരിയോടെ ഞാനും
പറഞ്ഞ് തുടങ്ങി..
“അതു പറഞ്ഞപ്പോഴും നിന്റെ ഉൾവിളി ഞാൻ അറിയുന്നുണ്ടായിരുന്നു പെണ്ണേ… ദിവസത്തിൽ ഒരു തവണയെങ്കിലും എന്നെ കാണാതിരിക്കാൻ പറ്റോ നിനക്ക്..??മോർണിംഗ് വാക്കെന്ന് പറഞ്ഞ് ഇറങ്ങുന്ന കുറച്ച് നിമിഷങ്ങൾ…അപ്പോൾ മാത്രമല്ലെ ഞാൻ നിന്റെ കണ്ണേട്ടൻ…അവശേഷിക്കുന്ന സമയം മുഴവൻ ശ്യാമയുടെ കൃഷ്ണയാണ്..അപ്പൂട്ടന്റെ അച്ഛനാണ്..ഞാൻ ഞാനായിരിക്കുന്ന ഈ ചുരുങ്ങിയ വേളയും വേണ്ടെന്നു വെക്കണോ..?? ”
ഈറനണിഞ്ഞ കണ്ണുകളോടെ അച്ചു എന്റെ തോളിലേക്കി ചാഞ്ഞു..
“അയ്യേ… അപ്പോഴേക്കും കണ്ണേട്ടന്റെ അച്ചൂട്ടി കണ്ണുനിറച്ചോ…?
നമ്മളീ അവസ്ഥയോട് പൊരുത്തപ്പെട്ടിട്ടിപ്പോ അഞ്ചാറു വർഷമായില്ലെടി…”
“ഞാനോ…? അച്ചു ഇപ്പൊ പഴയ പൊട്ടിപെണ്ണൊന്നും അല്ലാട്ടോ.. പുതിയ വീടും വീട്ടുകാരും അച്ചുനെ ഡബിൾ സ്ട്രോങ്ങാക്കിയിരിക്യാ….”
എന്റെ കയ്യിലൊരു അഡാറ് പിച്ചും തന്ന് അവളു ട്രാക്കിൽ കേറി..
“കെട്ട്യോനും കെട്ട്യോളും കൂടി എന്തു പേരാ ന്റെ അപ്പൂട്ടനിടാൻ കണ്ടു വെച്ചിരിക്കുന്നെ..? “ആ ചോദ്യം വീണ്ടുമെന്നെ കുറച്ച് ദിവസങ്ങൾ പുറകിലേക്കി കൊണ്ടുപോയി…അപ്പൂട്ടനെ ആദ്യമായ് കൈകളിൽ വെച്ച് തരുമ്പോൾ അച്ചു പറഞ്ഞു..
“മോനാ കണ്ണേട്ടാ…. ഇനിപ്പോ ശ്രാവണിന്ന് വിളിക്കാൻ വയ്യല്ലേ..നമുക്കതിന്റെ പുല്ലിംഗം ആക്കിയാലോ…? ”
“പുല്ലിംഗമോ…?”
ആൺകുഞ്ഞായ പരിഭവം പ്രതീക്ഷിച്ച എനിക്കി കൗതുകമായി..
“അതെ ന്നേ…. ശ്രാവണി കൃഷ്ണയ്ക്കു പകരം ശ്രാവൺ കൃഷ്ണ..
എങ്ങനെ ഉണ്ടെന്റെ ബുദ്ധി…”
കൊച്ചു കുട്ടികളെ പോലെ കൈഉയർത്തി ചുരിദാറിന്റെ കോളറ വലിച്ചു വിട്ട് അവളതു പറഞ്ഞപ്പോൾ പരിസരം മറന്ന് ചിരിച്ചു പോയി ഞാൻ..
“ശ്രാവൺ കൃഷ്ണ… “ഉറച്ച സ്വരത്തോടെ ഞാൻ പറഞ്ഞു.അച്ചു: “ശ്യാമയ്ക്ക് ഇഷ്ടമായോ?””ഇഷ്ടക്കുറവൊന്നും ഇല്ല…”അൽപസമയത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു
“അന്നെന്തിനായിരുന്നു നിനക്കത്ര ധൃതി? കുറച്ച് നേരം കൂടി കാത്തിരിക്കാമായിരുന്നില്ലേ എന്നെ..?”എന്നെന്നവൾ ചോദിച്ചില്ല.. കൈകളിലെ പിടിത്തം വിട്ടവൾ എഴുന്നേറ്റു.”ഞാൻ പോവാ കണ്ണേട്ടാ.. എനിയ്ക്കനുവദിച്ച സമയം കഴിഞ്ഞു..”
പറഞ്ഞു കഴിയും മുമ്പേ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നകന്നിരുന്നു..പുതിയ വീട്ടുകാർ അത്രയ്ക്ക് കർക്കശക്കാരായിരിക്കാം..ഓർമ്മകൾ എന്നെ അവിടെതന്നെ പിടിച്ചിരുത്തി.
വീട്ടുകാർ വിവാഹത്തിന് സമ്മതിച്ച കാര്യം ഫോണിൽ വിളിച്ചറിയിക്കുമ്പോൾ പെണ്ണ് തുള്ളിചാടുകയായിരുന്നു. ആത്മ മിത്രത്തെ നേരിൽ കണ്ടു തന്നെ ഈ സന്തോഷം അറിയിക്കണമെന്ന് വാശിപിടിച്ചപ്പോൾ പിക് ചെയ്യാൻ വരാമെന്നും പറഞ്ഞതാണ്.
പക്ഷെ വിധിയുടെ കളിയരങ്ങിലൊരു കോമാളിയാവാനാണ് അന്നവളെന്റെ വാക്കു കേൾക്കാതെ ശ്യാമയുടെ അടുത്തേക്ക് ഓടിയതെന്ന് അധികം വൈകാതെയറിഞ്ഞു.അശ്രദ്ധ ആരുടേതുമാകട്ടെ.. അന്നാ അക്സിടെന്റിന്റെ രൂപത്തിൽ അവൻ അച്ചുവിലേയ്ക്ക് നടന്നടുത്തപ്പോൾ ഞങ്ങൾക്ക് നഷ്ടമായത് ജന്മജന്മാന്തരങ്ങളോളം കാത്തുവെച്ചൊരു പ്രണയത്തിന്റെ തീഷ്ണസാഫല്യമായിരുന്നു..
ആശുപത്രി കിടക്കയിൽവെച്ച് എന്റെ കൈകളിൽ ശ്യാമയുടെ കൈകൾ ചേർത്തുവെച്ചവൾ വിതുമ്പി..”ടീ…. എന്റെ ജീവൻ നിന്നെ ഏല്പിച്ചിട്ട് പോവാ ഞാൻ… മനസ്സു കൈവിട്ടു പോവാതെ ചേർത്ത് പിടിച്ചോണം…
അങ്ങനെ വിട്ടിട്ട് പോവാനൊന്നും ഈ പെണ്ണിനാവില്ലാട്ടോ…ഞാൻ വരും….അൽപനേരമെങ്കിലും നിന്റെ കളിത്തോഴിയാവാൻ…..ന്റെ കണ്ണേട്ടന്റെ അച്ചുവാകാൻ..ആ സമയത്ത് കുശുമ്പ് കാട്ടിയെക്കരുതേ…..”അച്ചൂ…
ഓർമ്മകളുടെ തീച്ചൂളയിൽ നിന്ന് പുറത്തു കടക്കാൻ കുറച്ച്നിമിഷങ്ങൾ കൂടി വേണ്ടി വന്നു.പതിയെ എഴുന്നേറ്റ് ആ മലഞ്ചരിവിനോട് വിട പറയുമ്പോൾ കണ്ണേട്ടനിൽ നിന്ന് പൂർണ്ണമായും കൃഷ്ണയിലേക്കടുക്കുന്നതിനൊപ്പം തന്നെ വരും പുലരിയിലെനിറനിമിഷങ്ങളിലേയ്ക്ക് തുടിക്കുകയായിരുന്നു എന്റെ മനസ്സ്.