March 29, 2023

എന്തിനാ ഇങ്ങിനെ നോക്കുന്നത് അജിത്?.. ഏന്നെ ആദ്യമായി കാണുന്നപോലെ അവൾ അത്

###നീ കേൾക്കുന്നുവോ നീതു?##

(രചന പ്രവീൺ ചന്ദ്രൻ)

“എന്തിനാ ഇങ്ങിനെ നോക്കുന്നത് അജിത്?.. ഏന്നെ ആദ്യമായി കാണുന്നപോലെ?”

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകളി ൽ നനവ് പടരുന്നത് അവൻ ശ്രദ്ധിച്ചു…നന്നേ ക്ഷീണിതയായിരിക്കുന്നു അവൾ..പോരാത്തതിന് ഇപ്പോൾ അവളുടെ കാറ്റിൽ പാറികളിച്ചിരുന്നു മനോഹരമായ തലമുടിയും മുറിച്ചു കളഞ്ഞിരിക്കുന്നു..

ഇങ്ങിനെ അവളെ കാണേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല..അവളെ വിധിക്ക് വിട്ടുകൊടുക്കാൻ മനസ്സു വരുന്നില്ല.. കാരണം അത്രയ്ക്കധികം അവനവളെ സ്നേഹിക്കുന്നുണ്ട്…

വിവാഹം കഴിഞ്ഞ സന്തോഷകരമായ രണ്ടു വർഷങ്ങൾ…അപ്പോഴാണ് വിധി കാൻസറിന്റെ രൂപത്തിൽ അവരെ കീഴ്പെടുത്താനെത്തിയത്..

മാസങ്ങൾക്ക് മുമ്പാണ് ബ്ലഡ് ഡൊണേഷന്റെ ഭാഗമായുളള രക്ത പരിശോധനയ്ക്കിടെ അവൾക്ക് ബ്ലഡ് കാൻസർ ആണെന്ന് സ്ഥിതീകരിച്ചത്…

പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു.. കീമോയുടെ കടുത്ത വേദനകൾക്കിടയിലും ചിരിച്ചുകൊണ്ടിരിക്കുന്ന അവളുടെ മുഖം അവനെ അതിശയിപ്പിച്ചു…

അജിത്തിന്റെ അമ്മ മുറിയുടെ പുറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.. അമ്മയെ കണ്ടതും അവന് സങ്കടം മറച്ചു വയ്ക്കാൻ പറ്റിയില്ല..

“എന്താ മോനേയിത്?..നീയല്ലേ അവൾക്കു ധൈര്യം കൊടുക്കേണ്ടത്?..ആ നീയിങ്ങനെ ആയാലോ?ഒന്നും വരില്ലെടാ കണ്ണാ.. ഭഗവാനെ നല്ലോണം വിളിക്കെന്റെ കുട്ടി..” ആ അമ്മയ്ക്കവനെ ആശ്വസിപ്പിക്കാൻ വേറെ വാക്കുകൾ കിട്ടുന്നില്ലായിരുന്നു..

ദിവസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു…

അവളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി യതോടെ തൽക്കാലം ഹോസ്പിറ്റൽ വാസം അവസാനിപ്പിച്ച് അവർ വീട്ടിലേക്ക് ചേക്കേറി..

അതിന് ശേഷം അവൾ കൂടുതൽ ഉന്മേഷവതിയാ യി അവന് തോന്നി…

അവളുടെ ആഗ്രഹപ്രകാരം അവൾക്കേറ്റവും ഇഷ്ടപ്പെട്ട ആ കടൽ തീരത്തേക്ക് അജിത് കൂട്ടി കൊണ്ടു പോയി…

“എന്തു ഭംഗിയാലേ അജിത് ഈ തിരമാലകൾക്ക്?

അവൻ ഒന്നു മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..അവന്റെ ഉളളു പിടയുന്നത് അവൾക്കു കാണാമായിരുന്നു..

“അജിത് ഈ തിരമാലകൾ മണൽക്കരയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവുമെന്നറിയാ മോ? ”

അതിന് ഉത്തരം പറയാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ലായിരുന്നു അവൻ…

“എനിക്കറിയില്ല മോളൂ” … ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറാനെന്നോണം അവൻ പറഞ്ഞു

“ഈ അജിത്തിന് ഒന്നും അറിയില്ല…മണ്ടൂസ്.. ഞാൻ പറയട്ടെ? കരയിൽ എത്ര അഴുക്ക് കിടന്നാലും തിരമാല അതു വൃത്തിയാക്കി കൊണ്ടേയിരിക്കും..കര എപ്പോഴും വൃത്തിയായി കിടക്കണമെന്നു തിര ആഗ്രഹിക്കു ന്നുണ്ടായിരിക്കാം..പക്ഷേ വീണ്ടും വീണ്ടും കരയിൽ അഴുക്കുകൾ നിറഞ്ഞുകൊണ്ടേയിരി ക്കും..എന്നിരുന്നാലും ഒരു മടിയും കൂടാതെ തിരമാല അത് വൃത്തിയാക്കി കൊണ്ടേയിരിക്കും..”

അജിത് ആശ്ചര്യത്തോടെ നീതുവിന്റെ മുഖത്തേക്കു നോക്കി..

“ആ തിരമാലയാണ് അജിത്തിപ്പോൾ.. കാൻസർ എന്ന അഴുക്ക് എന്നിൽ അടിഞ്ഞിരിക്കുന്നു.. നീയെത്ര ശ്രമിച്ചാലും അതു വീണ്ടും വീണ്ടും അടിഞ്ഞു കൊണ്ടേയിരിക്കും”

അവന് മറുപടിയുണ്ടായിരുന്നില്ല…

“നിന്റെ ഈ മൗനം എന്നെ കൂടുതൽ വേദനിപ്പിക്കുന്നു അജിത്..എനിക്കറിയാം നിനക്ക് പഴയപോലെ എന്നോട് ഇടപഴകാനാവില്ലെന്ന്.. എന്നാലും എനിക്കു വേണ്ടി കുറച്ചു നാൾ ചെലവഴിച്ചു കൂടെ? പഴയത് പോലെ”

അവൻ അവളെ ചേർത്ത് പിടിച്ചു..

.”എനിക്കു നീയില്ലാതെ പറ്റില്ല..ലവ് യൂ മോളൂ” അവനവളെ ഇറുകെ പുണർന്നു… അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

“ഞാൻ സന്തോഷവതിയാണ് അജിത്.. നിന്നെപോലെ സ്നേഹസമ്പന്നനായ ഒരു ഭർത്താവിനെ കിട്ടിയതിൽ..ഇനിയെനിക്കെന്തു തന്നെ വന്നാലും പ്രശ്നമില്ല..”

“ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരോ അജിത്?

“പറ പൊന്നേ”..അജിത് അവളുടെ കവിൾ തന്റെ കൈക്കുളളിലാക്കികൊണ്ട് ചോദിച്ചു..”

“ഞാനിതു വരെ മഞ്ഞ് കട്ടകൾ കൈകൊണ്ട് തൊട്ടിട്ടില്ല.. പിന്നെ എനിക്ക് പാരച്യൂട്ടിൽ പറക്കണം.. കുഞ്ഞുന്നാൾ മുതൽക്കുളള എന്റെ ആഗ്രഹമാണ്.. എന്നെ കാഷ്മീർ കൊണ്ടുപോകാ മോ അജിത്?”…

അത് കേട്ടതും അവന് പരിഭ്രമമായി… അവളുടെ ഈ അവസ്ഥയിൽ ഒരു യാത്ര ഒരിക്കലും സാധ്യ മല്ല എന്നവന് പൂർണ്ണബോധ്യമുണ്ടായിരുന്നു..

“തീർച്ചയായും..മോളൂന്റെ അസുഖമൊന്നു മാറട്ടെ” അവൻ പറഞ്ഞു..

“ഡോൺ ബി സില്ലി അജിത്..അങ്കിൾ അമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്..” ഫൈനൽ സ്റ്റേജാണ്..ആയുസ്സിനുവേണ്ടി പ്രാർത്ഥിച്ചു കൊളളാൻ..മരണത്തെ എനിക്കു ഭയമില്ല…
പക്ഷെ അതിനുമുമ്പ് എനിക്കു ആസ്വദിക്കണം ഈ ജീവിതം നിന്റെ കൂടെ..കൊണ്ടുപോകാമോ എന്നെ അജിത്?”

എന്തു പറയണമെന്നറിയാതെ അവൻ കുഴങ്ങി.
അവളുടെ അസുഖം വളരെ കൂടുതലാണ്.. ഈയൊരവസ്ഥയിൽ കാഷ്മീർ പോലൊരു സ്ഥലത്തേക്ക് അവളെ കൊണ്ടുപോകുന്നത് അപകടം വിളിച്ചു വരുത്തുന്നത് പോലെയാണ്..

പക്ഷെ നീതു വിടാൻ ഭാവമില്ലായിരുന്നു.. അവസാനം ഗത്യന്തരമില്ലാതെ അവന് വഴങ്ങേണ്ടി വന്നു..

“ഓക്കെ..പോകാം”

വീട്ടിൽ ഒരാഴ്ച മാറി നിൽക്കാണ് തങ്ങൾ എന്നു മാത്രമേ അവരറിയിച്ചുളളൂ..

അങ്ങനെ അവർ മഞ്ഞു പുതഞ്ഞ ആ താഴ് വരകളിലേക്ക് യാത്ര തിരിച്ചു..കാഷ്മീരിലെ ഗുൽമർഗിലേക്കായിരുന്നു അവർ ആദ്യം പോയത്..കാഷ്മീരിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളിലൊന്ന്… ചുറ്റുപാടും മഞ്ഞു മലകളാൽ മൂടപെട്ട മനോഹരമായ പ്രദേശം..

അവൾ ആദ്യമായി അങ്ങനെ മഞ്ഞിന്റെ കുളിരറിഞ്ഞു..കുഞ്ഞ് കുട്ടികളെ പോലെ അവൾ മഞ്ഞ് വാരി മുകളിലേക്കെറിഞ്ഞു കളിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു..

ഇനി എത്ര നാൾ അവളെ ഇങ്ങനെ കാണാനൊ ക്കുമെന്ന് അറിയില്ല.. ഒരു നെടുവീർപ്പോടെ അവനാ സത്യം ഓർത്തു..

മൈനസ് 12 ഡിഗ്രി അവളുടെ ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു..പക്ഷെ അവളുടെ മനോധൈര്യത്തിനു മുമ്പിൽ ശരീരത്തി ന്റെ അവശതകളെല്ലാം വഴിമാറുകയായിരുന്നു…

” ഹോ…വെറുതെയല്ല ഇവിടം ഭൂമിയിലെ സ്വർഗ്ഗം എന്നറിയപെടുന്നത്..എന്തു മനോഹരമായ സ്ഥലം..അല്ലേ അജിത്?”..”

“ശരിയാണ് നീതു..പക്ഷെ ഈ തണുപ്പ് നിനക്ക് താങ്ങാനാവുന്നുണ്ടോ?

“എനിക്കൊരു പ്രശ്നവുമില്ല അജിത്..നീയെന്റെ അരികിലില്ലേ..”

“എന്നാലും അധികനാൾ നമുക്കിവിടെ തങ്ങാനാ വില്ല..പറയാതെ പോന്നത് എല്ലാവരേയും ടെൻഷ നിലാക്കിയിട്ടുണ്ടാവും..” അവൻ വിഷമത്തോടെ പറഞ്ഞു..

“ഇല്ല അജിത്..നമുക്ക് ഉടനെ പോകാം.. എനിക്കിവിടെ കുറച്ച് കാര്യങ്ങൾ ചെയ്യണം.. അതുകഴിഞ്ഞാൽ നമുക്ക് പോകാട്ടോ..”

“ആഹാ! എന്തോക്കെയാ അത്?”… അജിത് ആശ്ചര്യത്തോടെ ചോദിച്ചു..

“സ്കീയിംഗ്,റിവർ റാഫ്റ്റിംഗ്,പാരാഗ്ലൈഡിംഗ് പിന്നെ അവസാനം ലെ ലഡാക്കിലേക്കിലേക്ക് ബുളളറ്റിൽ നിന്റെ പുറകിലിരുന്ന് ഒരു യാത്ര അത്രമതി..കൊണ്ടു പോകാമോ അജിത്?”

“നീതു അവസാനത്തെ ആ ബുളളറ്റ് റൈഡ് നിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിക്കു പറ്റിയതല്ല..” അവൻ വിഷമത്തോടെ പറഞ്ഞു..

“എനിക്കിനി ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യമാണത്..എന്റെ ഈയോരാഗ്രഹം കൂടെ സാധിച്ചു താ അജിത്ത്… പ്ലീസ്..” അവളുടെ ആ നിഷ്കളങ്കഭാവം അവനെ കൂടുതൽ സങ്കടത്തിലാക്കുന്നതായിരുന്നു..

വിഷമത്തോടെയാണെങ്കിലും അവന് അതിനു സമ്മതം മൂളേണ്ടിവന്നു..

അവളവനെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു ..

“യു ആർ മൈ സ്വീറ്റ് ഹസ്ബന്റ്”…

ആദ്യത്തെ മൂന്നു ആഗ്രഹങ്ങളും ആദ്യ ദിവസം കൊണ്ടു തന്നെ പൂർത്തിയായി..ഇത്ര സന്തോഷവ തിയായി അവളെ ഇതു വരെയ്ക്കും അവൻ കണ്ടിട്ടില്ലായിരുന്നു..കുഞ്ഞു കുട്ടിയെ പോലെ അവളോരോ നിമിഷവും ആസ്വദിക്കുകയായിരു ന്നു… അവളുടെ ഓരോ കുസൃതികൾക്കും അവൻ കൂട്ടു നിന്നു…

പിറ്റെ ദിവസം നീതുവിന്റെ ആഗ്രഹപ്രകാരം “ലെ ലഡാക്ക്” എന്ന കാശ്മീരിലെ മറ്റൊരു സ്വർഗ്ഗത്തേക്ക് അവർ യാത്രയായി.. ഭൂമിയിലെ യഥാര്‍ത്ഥ സ്വർഗ്ഗം തന്നെയാണ് ലഡാക്ക്.. സഞ്ചാരികളുടെ പറുദീസ…

ബുളളറ്റിന്റെ “കുടു കുടു “ശബ്ദം അവൾ ശരിക്കും ആസ്വദിച്ച് കൊണ്ടേയിരുന്നു..

അവളുടെ ശരീരം മുഴുവൻ അപ്പോൾ വേദനിക്കു ന്നുണ്ടായിരുന്നു..

എന്നിരുന്നാലും ഈ യാത്ര മുടങ്ങരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു…

അതുകൊണ്ടു തന്നെയാണ് ഇന്നു പുലർച്ചെ രക്തം ഛർദ്ദിച്ച കാര്യം അവൾ അവനെ അറിയിക്കാഞ്ഞിരുന്നതും..

പിന്നിൽ നിന്ന് അവൾ അജിത്തിനെമുറുകെ പിടിച്ചു..മഞ്ഞു മൂടിയ താഴ് വരകളിലൂടെ അവർ കൂടുതൽ ഉയരത്തിലേക്കു സഞ്ചരിച്ചുകൊണ്ടി രുന്നു…നേരം സന്ധ്യയോടടുത്തിരുന്നു.

“അജിത് ഇവിടെ ഒന്നു നിർത്താമോ? നീതു ചോദിച്ചു..

അജിത് വണ്ടി ഒതുക്കി നിറുത്തി…

മഞ്ഞൊഴുകുന്ന ആ കുന്നിൻ മുകളിൽ നിന്നും വിദൂരതയിലേക്കു നോക്കിക്കൊണ്ട് നീതു പറഞ്ഞു…

“എത്ര മനോഹരമാണ് ഇവിടം അല്ലേ അജിത്?”

“അതെ ” അവൻ പറഞ്ഞു..

“എനിക്ക് ഒരാപാട് സന്തോഷമായി അജിത്.. ഈ യാത്ര തീരാതിരുന്നെങ്കിൽ എന്ന് ഞാനാശിക്കുന്നു…”

അവൻ അവളത്തന്നെ നോക്കിക്കൊണ്ടിരുന്നു..

“ഞാനജിത്തിനെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നു ണ്ടല്ലേ?

“എന്താ മോളൂ അങ്ങിനെ പറയുന്നത്?..”അവൻ കുറച്ച് വിഷമത്തോടെ ആണ് അത് ചോദിച്ചത്…

“ഞാൻ വെറുതെ പറഞ്ഞതാ …നീ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് രണ്ടു വർഷമായിരിക്കു ന്നു..ഈ കുന്നിന്റെ അടിവാരത്തു നിന്നും കയറിയതുമുതൽ ഇവിടെ എത്തുന്നതു വരെ നമ്മളുടെ ആദ്യ ദിനം മുതൽക്കുളള ഓരോ സംഭവങ്ങളും ഞാനോർത്തെടുക്കുകയാ യിരുന്നു.. നമ്മുടെ ഫസ്റ്റ് നൈറ്റ്…. ഹണിമൂൺ…. ബർത്ത്ഡേയ്സ്….ഫസ്റ്റ് ആന്നിവേഴ്സറി….ഫസ്റ്റ് ഗിഫ്റ്റ്…പിണക്കങ്ങൾ… ഇണക്കങ്ങൾ അങ്ങനെ അങ്ങനെ..എന്തു മനോഹരമായിരുന്നു നമ്മുടെ ലൈഫ് അല്ലേ അജിത്?

അവന്റെ കണ്ണുകളിൽ നിറഞൊഴുകാൻ തുടങ്ങി..

ഒരു തണുത്തകാറ്റ് അവരെ തഴുകിക്കൊണ്ട് കടന്നുപോയി..

“നമ്മുടെ ഇടയിൽ നീയായിരുന്നു കൂടുതൽ സംസാരിച്ചിരുന്നത്..എനിക്കെന്തിഷ്ടാന്നോ അജിത് നിന്റെ സംസാരം കേൾക്കാൻ.. പലപ്പോഴും ഞാനതിൽ മുഴുകിയിരിക്കുമ്പോൾ നീ ചോദിക്കാറില്ലേ എന്നോട് “നീ കേൾക്കുന്നുവോ നീതു” എന്ന്?..

അത് ശരിയെന്നോണം അവൻ ചെറുതായോന്നു ചിരിച്ചു..

“വിധി നമ്മളോടെന്തിനാ ഈ ക്രൂരത കാണിച്ചത്?എനിക്കു നിന്റെ കൂടെ ഇനിയും കുറെ നാൾ ജീവിക്കണം അജിത്ത്..”അവൾ അതു പറഞ്ഞതും അവനെ കെട്ടിപിടിച്ച് പൊട്ടിക്കര ഞ്ഞതും ഒരുമിച്ചായിരുന്നു..

അവന്റെ നിയന്തണവും വിട്ടുപോയിരുന്നു.. അവനവളുടെ നെറ്റിയിൽ തുരു തുരാ ചുംബിച്ചു…

“ഇല്ല മോളേ നിന്നെ ഞാൻ മരണത്തിനു വിട്ടു കൊടുക്കില്ല” …

അവർക്ക് മീതെ മഞ്ഞ് പുതയാൻ തുടങ്ങി… അവരുടെ കണ്ണ് നീര് പോലും അതിലുറഞ്ഞുപോ യിരുന്നു..

ബാഗിലുണ്ടായിരുന്ന പുതപ്പെടുത്ത് അവർ രണ്ട് പേരും പുതച്ചു…

കുറച്ചു സമയത്തിനുശേഷം അവർ അവിടെ നിന്ന് യാത്ര തുടർന്നു..

“അജിത് ഇനി എത്ര ദൂരം പോകണം റിസോർട്ടിലെത്താൻ?”

“ഏകദേശം ഒരു മണിക്കൂർ”

“എനിക്കുറക്കം വരുന്നു ..അവിടെ എത്തുന്നത് വരെ എന്നോട് എന്തെങ്കിലും സംസാരിക്കാമോ?”

അതിന് മറുപടി പറയാതെ അവനൊന്ന് തലകുലുക്കി..

അവൻ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.. അവൾ അതിനൊക്കെ മൂളിക്കൊ ണ്ടും ഇരുന്നു… മഞ്ഞിനെ കീറിമുറിച്ച് കൊണ്ട് ബുള്ളറ്റ് ചീറിപാഞ്ഞ് കൊണ്ടിരുന്നു…

മഞ്ഞിനോടൊപ്പം കാറ്റിന്റേയും ശക്തി കൂടി കൂടി വന്നതോടെ അവരുടെ ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങി..

അവൾ അവനെ മുറുകെ പിടിച്ചിരുന്നു.. ഇടക്ക് അവൻ സംസാരം നിർത്തിയപ്പോഴൊക്കെ അവൾ തുടരാൻ പറഞ്ഞിരുന്നു…

ആ ശബ്ദം കേട്ടുകൊണ്ടിരിക്കാൻ അവൾ പതിവിലേറെ കൊതിച്ചിരിക്കാം… നിലയ്ക്കാൻ പോകുന്ന തന്റെ ഹൃദയത്തിന് അല്പനേരത്തെ ആയുസ്സ് കൊടുക്കാൻ ആ ശബ്ദം അവൾക്കാ വശ്യമായിരുന്നു..

മേഘപാളികളിൽ കൂടെ നിലാവ് പെയ്തിറങ്ങി ക്കൊണ്ടിരുന്നു…

“നീ കേൾക്കുന്നുവോ നീതു?” കുറച്ചു സമയമായി മറുപടിയൊന്നും ഇല്ലാതായപ്പോൾ അവൻ ചോദിച്ചു..

പുറകിൽ നിന്ന് ഒരു മൂളൽ മാത്രം കേട്ടു..

അവളുടെ മൂക്കിൽ നിന്നും രക്തം വാർന്നുകൊ ണ്ടേയിരുന്നു..

ആ രക്തതുളളികളെ ഹിമകണങ്ങളാക്കി മാറ്റാൻ കാറ്റിന് ഒരു നിമിഷം പോലും വേണ്ടിവന്നിരുന്നില്ല..

Leave a Reply

Your email address will not be published.