March 29, 2023

2000 രൂപ കയ്യിൽ പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് വീട്ടിൽ കുത്തിയിരുന്നു മടുത്തപ്പോൾ വിഷ്ണു ബാഗുമെടുത്തു പോയത് ഇന്ത്യൻ പര്യടനത്തിനാണ്

2000 രൂപ കയ്യിൽ പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് വീട്ടിൽ കുത്തിയിരുന്നു മടുത്തപ്പോൾ വിഷ്ണു ബാഗുമെടുത്തു പോയത് ഇന്ത്യൻ പര്യടനത്തിനാണ്
വയസ് 16. പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് വീട്ടിലിരുന്നു മടുത്തപ്പോൾ 2000 രൂപയും ബാഗും കയ്യിലെടുത്ത് വിഷ്ണു ഒരു പോക്ക് പോയി.

തിരികെ എത്തിയത് 46ാം ദിവസം. പിന്നിട്ടത് ‌ 22 സംസ്ഥാനങ്ങൾ.ഇന്ത്യൻ റുപ്പി സിനിമയിൽ പൃഥ്വിരാജ് തിലകനോടു ചോദിച്ചതു പോലൊരു ചോദ്യം പലരും വിഷ്ണുവിനോടും ചോദിച്ചു,
‘എവിടെയായിരുന്നു ഇത്രകാലം?’

തിലകൻ സ്റ്റൈലിൽ ഒരു ചിരി ചിരിച്ചുകൊണ്ടു വിഷ്ണു പറഞ്ഞു, ‘വെക്കേഷനൊക്കെയല്ലേ, ഒരു സോളോ ട്രിപ്പ് പോയതാ..’

മൂന്നാറിലേക്കോ വയനാട്ടിലേക്കോ മറ്റോ ആയിരിക്കുമെന്നു കരുതിയവരെ നോക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങൾ പുഞ്ചിരിച്ചു.പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് വീട്ടിൽ കുത്തിയിരുന്നു മടുത്തപ്പോൾ വിഷ്ണു ബാഗുമെടുത്തു പോയത് ഇന്ത്യൻ പര്യടനത്തിനാണ്!

കയ്യിലുണ്ടായിരുന്നത് 2000 രൂപ മാത്രം. വാഹനങ്ങൾക്കു ലിഫ്റ്റ് ചോദിച്ചും പരിചയപ്പെടുന്നവർ സ്നേഹത്തോടെ എടുത്തു നൽകുന്ന യാത്രാ ടിക്കറ്റുകൾ സ്വീകരിച്ചും ചുറ്റിയത് 22 സംസ്ഥാനങ്ങൾ.

കാശ് വേണ്ട, ആശ മതി.തൃപ്രയാർ ചെന്ത്രാപ്പിന്നി പാറമ്പിൽ രഞ്ജൻ–ഷഫീന ദമ്പതികളുടെ മകനായ വിഷ്ണു വിവേകോദയം ബോയ്സ് എച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർഥിയാണ്. 15ാം വയസ്സിൽ കൂട്ടുകാർക്കൊപ്പം സൈക്കിളിൽ ചുറ്റാൻ തുടങ്ങിയപ്പോഴാണു യാത്രാക്കമ്പം പിടികൂടുന്നത്.

പിന്നീടു യാത്രകൾ ഒറ്റയ്ക്കായി. ഗോവയും ബെംഗളൂരുവുമൊക്കെ കറങ്ങി സുരക്ഷിതനായി തിരിച്ചെത്തി. അങ്ങനെയിരിക്കെയാണ് ഹിമാലയ യാത്രയെക്കുറിച്ച് ഒരു കൂട്ടുകാരൻ പറഞ്ഞുകേൾപ്പിച്ചത്. വീട്ടുകാരെ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ച് കഴിഞ്ഞവർഷം ഒറ്റയ്ക്കു മണാലിയിൽ പോയി.

ഇത്തവണ പ്ലസ്‍‌വൺ പരീക്ഷ കഴിഞ്ഞപ്പോൾ എന്തുചെയ്യുമെന്ന ചിന്തയിൽ നിന്നാണ് ഇന്ത്യാ പര്യടനമെന്ന ആശയം പൊട്ടിവീണത്. കയ്യിൽ പണമൊന്നും കരുതാതെ സഞ്ചരിക്കുന്ന ‘സോളോ ട്രാവലേഴ്സിനെ’ക്കുറിച്ചു കേട്ടറിഞ്ഞപ്പോൾ ആ മട്ടിൽ യാത്ര പ്ലാൻ ചെയ്തു.

കയ്യിൽ 2000 രൂപയും ബാഗും ഫോണും മാത്രം. ഏപ്രിൽ 25ന് തൃശൂരിൽ നിന്നു മധുരയിലേക്കു യാത്ര തുടങ്ങി.അടികൊണ്ടു, പണംപോയി.

എവിടെയെങ്കിലും കുടുങ്ങിപ്പോയാൽ രക്ഷപ്പെടാനെന്ന മട്ടിലാണ് 2000 രൂപ കയ്യിലെടുത്തത്. ട്രെയിനിൽ ടിക്കറ്റെടുത്ത് മധുരയിലേക്കായിരുന്നു ആദ്യം. ക്ഷേത്രമുറ്റത്ത് ഉറങ്ങിയും രാമേശ്വരം കറങ്ങിയും ഒന്നുരണ്ടു ദിവസം കടന്നുപോയി.

രാമേശ്വരത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ആദ്യമായി പൊലീസിന്റെ തല്ലുകൊള്ളുന്നത്.

പ്ലാറ്റ്ഫോമിൽ നിന്ന് എഴുന്നേറ്റുപോകാൻ ആവശ്യപ്പെട്ട് ചൂരലിനായിരുന്നു ആദ്യ അടി.പൊയ്ക്കോളാമെന്നു പറഞ്ഞതിന് ഒന്നുകൂടി കിട്ടിയപ്പോൾ ബാഗുമെടുത്ത് ഓടി. മധുരയിലെ മാർക്കറ്റിലെത്തി ആന്ധ്രയിലേക്കുള്ള ഒന്നുരണ്ടു ലോറികൾക്കു കൈകാട്ടി. ഒരു വണ്ടി നിർത്തി, അമരാവതിയിലേക്കായിരുന്നു അവർ.

കയ്യിൽ കാശൊന്നുമില്ലാതെ ഇന്ത്യ കറങ്ങ‍ാൻ പുറപ്പെട്ട പയ്യനാണെന്നു മനസിലായപ്പോൾ ലോറിക്കാർ വയറുനിറച്ച് ദോശ വാങ്ങി നൽകി.അമരാവതിയിൽ നിന്ന് ഹൈദരാബാദിലേക്കു നേരിട്ടു വണ്ടി കിട്ടിയില്ല. ബൈക്കിനും കാറിനും ലോറിക്കുമൊക്കെ മാറിമാറിക്കയറി ഒരുവിധം ഹൈദരാബാദിലെത്തി.

ഛത്തിസ്ഗഡ് ആണ് അടുത്തലക്ഷ്യം.ഉപദ്രവിച്ചു, തട്ടിപ്പറിച്ചു.ഹൈദരാബാദിൽ നിന്നു സെക്കന്തരാബാദ് വഴി ഛത്തിസ്ഗഡിലേക്ക് ലോറിയിൽ കയറിയായിരുന്നു യാത്ര.

പക്ഷേ, നട്ടപ്പാതിരയ്ക്ക് ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ വനാതിർത്തിയിൽ വിഷ്ണുവിനെ ഇറക്കിവിട്ട് ലോറിക്കാരൻ കടന്നു. പിന്നീടാണു മനസിലായത്, ക്രിമിനൽ പശ്ചാത്തലമുള്ള ചില ഭിന്നല‍ിംഗക്കാരുടെ ശല്യമേറിയ മേഖലയാണത്.

ഭയന്നതുപോലെ തന്നെ,അവരുടെ കയ്യിൽ പെട്ടു. വിഷ്ണുവിനെ പിടിച്ചുനിർത്തി ബാഗും പഴ്സും പരിശോധിച്ചു. പഴ്സിലുണ്ടായിരുന്ന കുറച്ചു രൂപയും ഫോണും പിടിച്ചുവാങ്ങി.

വിഷ്ണു ഭയന്നുവിറച്ചു നിൽക്കെ അക്കൂട്ടത്തിൽ പ്രായം കുറഞ്ഞയാൾ വിഷ്ണുവിന്റെ അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കയ്യിൽ പണമില്ലാതെ ഇന്ത്യ കറങ്ങാൻ പുറപ്പെട്ടതാണെന്നു മനസിലായപ്പോൾ അവർ ഫോൺ തിരികെ നൽകി. റായ്പൂരിലേക്കു പോകുകയാണു തങ്ങളെന്നും വേണമെങ്കിൽ കൂടെ വരാമെന്നും അവരുടെ വാഗ്ദാനം. മറ്റു നിവൃത്തിയില്ലാതെ വിഷ്ണു അവർക്കൊപ്പം തിരിച്ചു.

വിശപ്പുണ്ട്, പച്ചവെള്ളം തരില്ല

ഛത്തിസ്ഗഡിലെ റായ്പൂരിൽ നിന്ന് ഒഡ‍ീഷയിലേക്കായിരുന്നു അടുത്തയാത്ര. കയ്യിലുണ്ടായിരുന്ന ചില്ലറ തപ്പിപ്പെറുക്കി ട്രെയിനിൽ ടിക്കറ്റെടുത്തു. ട്രെയിനിൽ പരസ്യമായി കഞ്ചാവു വലിക്കുന്നവർ, ചോരയൊലിപ്പിച്ച് അടിപിടി കൂടുന്നവർ, വിഷ്ണുവിന്റെ കയ്യിലെ വാച്ച് കണ്ട് അതെന്തു വസ്തുവാണെന്നു മനസിലാകാത്തവർ.

.ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞ ദിവസമായിരുന്നു അത്. ആരും സൗഹൃദഭാവം പോലും നടിക്കാതിരുന്നതു കൊണ്ട് വെള്ളം കുടിച്ചും ബിസ്കറ്റ് തിന്നും വിശപ്പ് കെടുത്ത‍ി

. ഒഡീഷയിൽ നിന്നു ബംഗാളിലേക്കു കടക്കാൻ ലോറി തന്നെയായിരുന്നു ആശ്രയം. ഫാക്ടറി മാലിന്യവുമായി പോയ ഒരു ലോറിയിൽ ഇടംകിട്ടി. അവർ തന്ന റൊട്ടി കഴിച്ചു.

ബംഗാളിൽ നിന്നു ജാർഖണ്ഡിലേക്ക് ഒരുവിധം എത്തിപ്പെട്ടു. ഒരു രാത്രി വിശ്രമിച്ച ശേഷം ബംഗാളിലെ സിലിഗുരിയിലേക്ക് പോകാൻ കണ്ടെയ്നർ ലോറിയിലാണ് ഇടംകിട്ടിയത്. യാത്രാക്ഷീണവും വിശപ്പും കാരണം ബോധംകെട്ട് ഉറങ്ങിപ്പോയി.

എഴുന്നേറ്റപ്പോൾ എത്തിപ്പെട്ടിരിക്കുന്നത് സിലിഗുരിയിലല്ല, ബിഹാറിലാണ്! അതായത്, എതിർദിശയിലേക്കായിരുന്നു യാത്ര. കുടുങ്ങിയല്ലോ എന്നുകരുതി ദേശീയപാതയോരത്തു വാഹനങ്ങൾക്കു കൈകാട്ടുമ്പോൾ അതാ, ഒരു ടൂറിസ്റ്റ് ബസ് നിർത്തുന്നു. സിലിഗുരിയിലേക്കു ട്രിപ്പ് പോകുന്ന കോളജ് വിദ്യാർഥികളാണ്. പിന്നെ അവർക്കൊപ്പം കൂടി.

ജീപ്പിന്റെ മുകളിൽ, രണ്ടര മണിക്കൂർ

സിലിഗുരിയിൽ നിന്നു സിക്കിമിലെ ഗാങ്ടോക്കിലേക്കു തുണയായത് തൃശൂരിലെ ഒരു പഴയ പരിചയക്കാരൻ.ഗാങ്ടോക്കിൽ നിന്നു തൃശൂരിലെത്തി ജോലിചെയ്തിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധപ്പെട്ടതാണു രക്ഷയായത്.

അയാൾ ഒരു ഷെയർ ടാക്സിയുടെ മുകളിലെ ഗ്രില്ലിൽ ഇടം കണ്ടെത്തിക്കൊടുത്തു. രണ്ടര മണിക്കൂർ വണ്ടിക്കു മുകളിലിരുന്നു യാത്ര. ഇന്തോ–ചൈന അതിർത്തിയിലേക്കു പോകാൻ എന്തു ചെയ്യുമെന്ന് ഓർത്തുനിൽക്കുമ്പോൾ വീണ്ടും ഒരു കോളജ് ബസ് കണ്ടു. ഫോട്ടോ എടുത്തു നൽകാമെന്ന കരാറിൽ അവർ ഒപ്പം കൂട്ടി.

തിരികെയെത്തുമ്പോൾ ഒരു സായിപ്പ് റോഡരികിലൂടെ നടന്നുപോകുന്നതു കണ്ടു. അയാൾക്കൊപ്പം നടന്നു പരിചയപ്പെട്ടു, അമേരിക്കക്കാരനാണ്. ഏതോ ഇംഗ്ലിഷ് സിനിമയിൽ ഇന്ത്യയുടെ ദൃശ്യങ്ങൾ കണ്ട് ഇറങ്ങിപ്പുറപ്പെട്ടതാണ്. കാശില്ലാതെ കറങ്ങുന്ന കൗമാരക്കാരനെ കണ്ട് അന്തംവിട്ട അദ്ദേഹം അസമിലേക്ക് എസി ടിക്കറ്റ് എടുത്തുനൽകി.

ഇതിനകം വിഷ്ണുവിന്റെ യാത്ര ഇൻസ്റ്റഗ്രാമിൽ ഹിറ്റായിരുന്നു. ആ വഴിക്കു ചില സുഹൃത്തുക്കൾ മിസോറം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലേക്കു യാത്രാസൗകര്യം ചെയ്തുകൊടുത്തു. വാരണസി ആയിരുന്നു അടുത്ത ലക്ഷ്യം. ഇൻസ്റ്റഗ്രാം സുഹൃത്തുക്കളിലൊരാൾ അപ്ഡേറ്റുകൾ കണ്ട് അന്തംവിട്ട് ഫ്ലൈറ്റ് ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തു.

അഘോരികൾക്ക് ഒപ്പം, ഘോരം

വാരണസിയിൽ അഘോര സന്യാസിമാർക്കൊപ്പം കുറെ സമയം ചെലവഴിച്ചു. അവിടെ നിന്നു ലോറിയിൽ മധ്യപ്രദേശിലേക്കും ജയ്പൂരിലേക്കും. ഒരു ഹോസ്റ്റലിൽ 2 മണിക്കൂർ ജോലിചെയ്തതിനു പ്രതിഫലമായി അവർ താമസവും ഭക്ഷണവും നൽകി.

ബൈക്കിൽ കേരളത്തിൽ നിന്നു ജയ്പൂരിലെത്തിയ തലശേരി സ്വദേശിയെ കണ്ടുമുട്ടുന്നത് ഇവിടെ വച്ചാണ്. അയാൾക്കൊപ്പം 4 ദിവസം രാജസ്ഥാൻ കറങ്ങി. അയാൾ തന്നെ എടുത്തുനൽകിയ ടിക്കറ്റ് ഉപയോഗിച്ച് ഗുജറാത്തിൽ.കഴിഞ്ഞവർഷം ഹിമാലയത്തിൽ പോയപ്പോൾ പരിചയപ്പെട്ട ഗുജറാത്തി സുഹൃത്തിനെ കണ്ടുമുട്ടി. അയാൾക്കൊപ്പം 4 ദിവസം. അയാൾ എടുത്തുനൽകിയ ടിക്കറ്റിൽ പുണെയിലെത്തി.

അവിടെയും പഴയ സുഹൃത്തുക്കൾ തുണ. അവർ പിരിവിട്ടെടുത്ത തുകയ്ക്ക് മംഗലാപുരത്തേക്കു ട്രെയിൻ ടിക്കറ്റ് എടുത്തു. മംഗലാപ‍ുരത്തു പഠിക്കുന്ന തൃശൂർക്കാരനായ ചങ്ങാതി താമസസൗകര്യം നൽകി. യാത്രയുടെ മ‍ുഴുവൻ ക്ഷീണവും അവിടെ ഉറങ്ങിത്തീർത്തു.

ഹോസ്റ്റലിൽ ജോലിചെയ്ത വകയിൽ കിട്ടിയ 1500 രൂപയ്ക്ക് വയറുനിറച്ച് പീത്‌സ വാങ്ങിക്കഴിച്ചു. പിന്നെ നേരെ തൃശൂരിലേക്ക്.
46ാം ദിവസം തൃശൂരിൽ. വിഷമിച്ചില്ലേ എന്നു ചോദിച്ചവരോടു വിഷ്ണു പറഞ്ഞു, ‘വിഷമമുണ്ട്, കശ്മീരും അരുണാചലും ഉത്തരാഖണ്ഡും കാണാനൊത്തില്ല. സാരമില്ല, അടുത്തവട്ടമാകട്ടെ!’

46 ദിവസം ചുരുക്കത്തിൽ

Leave a Reply

Your email address will not be published.