March 25, 2023

അന്ന് ഐസിയുവില്‍ ഞാനവളെ ഒരുനോക്ക് കണ്ടു, അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച

അന്ന് ഐസിയുവില്‍ ഞാനവളെ ഒരുനോക്ക് കണ്ടു, അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച.

നിപ വൈറസ് ബാധ ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട വേദനയില്‍ നിന്നും കരകയറാനായിട്ടില്ല സജീഷിന്. നിപ ബാധിച്ച രോഗിയെ പരിചരിച്ചതിലൂടെ രോഗം ബാധിച്ച് മരിച്ച ലിനിയെന്ന നേഴ്‌സിനെ മാലാഖയെന്ന് നമ്മള്‍ വാഴ്ത്തുമ്പോള്‍ അവള്‍ അതിലും മേലെയാണെന്ന് സജീഷ് പറയും. ലിനിയുമായുള്ള അവസാന കൂടിക്കാഴ്ച സജീഷ് ഓര്‍ത്തെടുക്കുന്നു..

” ഖത്തറില്‍ അക്കൗണ്ടന്റായിരുന്നു ഞാന്‍. ലിനിക്ക് സുഖമില്ല, എത്രയും പെട്ടന്ന് വരണമെന്ന് വീട്ടില്‍ നിന്നും വിളിച്ചുപറഞ്ഞതുകൊണ്ടാണ് ഞാന്‍ വന്നത്. മെയ് 20നാണ് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്. ലിനി അപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ ഓക്‌സിജന്‍ മാസ്‌കൊക്കെ ധരിച്ചായിരുന്നു അവള്‍ കിടന്നിരുന്നത്. അന്ന് ഞാന്‍ ഐസിയുവില്‍ കയറി അവളെ കണ്ടു. പക്ഷെ സംസാരിക്കാനൊന്നും പറ്റിയില്ല. അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച.
ജീവിതത്തില്‍ കുറേ മാറ്റങ്ങള്‍ വന്ന വര്‍ഷമായിരുന്നു 2018.

എനിക്ക് ജോലിയില്‍ പ്രമോഷനും ലിനിക്ക് സാലറി ഹൈക്കും എല്ലാം ഉണ്ടായ സന്തോഷം നിറഞ്ഞ വര്‍ഷം. ആശുപത്രിയിലെ എല്ലാ വിശേഷങ്ങളും ലിനി എന്നോട് പറയുമായിരുന്നു. എന്നും വീഡിയോ കോള്‍ ചെയ്യും. മക്കളെ കാണും. അതൊക്കെയായിരുന്നു ഞങ്ങളുടെ ജീവിതം. എന്നാല്‍ അപ്രതീക്ഷിതമായാണ് ലിനിക്ക് പനി ബാധിച്ചത്. ഫോണ്‍വിളിക്കിടെ സാബിത്ത് എന്ന കുട്ടിക്ക് പനി ഗുരുതരമായ കാര്യം ലിനി സൂചിപ്പിച്ചിരുന്നു. ആ കുട്ടിയെ ഓര്‍ത്ത് ലിനിക്ക് സങ്കടമുണ്ടായിരുന്നു.

അത് എന്നോട് ഇടയ്‌ക്കൊക്കെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ആ പനി ഇങ്ങനെയൊരു മാരക രോഗമാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.പനി വന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് ലിനിയെ ആദ്യം അഡ്മിറ്റ് ചെയ്തത്. രോഗം അല്‍പം ഗുരുതരമാണെന്ന് തോന്നിയതുകൊണ്ടാവും അമ്മയോട് കൂടെ നില്‍ക്കേണ്ടെന്നൊക്കെ അവള്‍ പറഞ്ഞിരുന്നതായി പിന്നീട് പറഞ്ഞറിഞ്ഞു. ആശുപത്രിയില്‍ വെച്ച് അവള്‍ എഴുതിയ കത്ത് അവളുടെ മരണത്തിന് ശേഷമാണ് എനിക്ക് കിട്ടിയത്.21ന് പുലര്‍ച്ചെയായിരുന്നു അവള്‍ പോയത്, ലിനിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിനെ കുറിച്ചൊക്കെ ഏറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. എവിടെ സംസ്‌കരിക്കും, എങ്ങനെ കൊണ്ടുപോവും എന്നൊക്കെ.

ആംബുലന്‍സ് വിളിച്ചെങ്കിലും ഡ്രൈവര്‍ക്ക് വരാന്‍ പേടി. നാലഞ്ച് മണിക്കൂര്‍ മൃതദേഹം എന്ത് ചെയ്യണമെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞതുപോലെ പ്രത്യേകരീതിയില്‍ സംസ്‌കരിച്ചു.നിപ വൈറസ് ബാധിച്ച് ലിനി മരിച്ചതില്‍ പിന്നെ ഞങ്ങള്‍ ഏറെ ഒറ്റപ്പെട്ടു. രോഗത്തോടുള്ള പേടിമൂലം നാട്ടുകാര്‍ പോലും തിരിഞ്ഞുനടക്കുന്ന അവസ്ഥയായി. രണ്ട് മാസം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം. പൊതുസ്ഥലത്ത് ഞങ്ങളെ കണ്ടാല്‍ ആളുകള്‍ മാറിനടന്നു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരെ പോലും നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതു വരെ എത്തി കാര്യങ്ങള്‍. ജീവിതത്തില്‍ അങ്ങനെയൊരു ഒറ്റപ്പെടല്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട്.

പക്ഷെ ആരെയും ഞങ്ങള്‍ കുറ്റപ്പെടുത്തില്ല. അത്രത്തോളം ഭീതി പടര്‍ത്തിയിരുന്നു നിപ വൈറസ്. ഒരു ജീവിതത്തില്‍ സഹിക്കാന്‍ പറ്റുന്നതിന്റെ എത്രയോ മടങ്ങ് ഞങ്ങള്‍ സഹിച്ചു ആ കാലത്ത്.ലിനിയുടെ മരണത്തിനു പിന്നാലെ ഞങ്ങളുടെ പേടി ഇളയമകന്‍ സിദ്ധുവിനെ ഓര്‍ത്തായിരുന്നു. അവനെ പാലൂട്ടി ആശുപത്രിയിലേക്ക് പോയതിന്റെ അടുത്തദിവസമാണ് ലിനിക്ക് പനി വന്നത്. സ്വാഭാവികമായും അസുഖം മകനും വരുമോ എന്ന പേടി ഉണ്ടായിരുന്നു. ലിനിയുടെ മരണത്തിന് ശേഷം ഇടയ്‌ക്കൊരു ദിവസം മക്കള്‍ക്ക് പനി വന്നപ്പോള്‍ പിന്നെ ടെന്‍ഷന്‍ കൂടി.

പക്ഷെ അത് സാധാരണ പനി ആയിരുന്നു. പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല.അന്നാണ് ലിനി മക്കളേയും അവര്‍ അമ്മയേയും അവസാനമായി കണ്ടത്. മക്കളെ കാണാതെ ഒരു ദിവസം പോലും നില്‍ക്കാന്‍ പറ്റാറില്ല അവള്‍ക്ക്. എന്നിട്ടും ആശുപത്രിയില്‍ കിടക്കുമ്പോള്‍ മക്കളെ കൂട്ടി ഇങ്ങോട്ട് വരരുതെന്ന് അവള്‍ അമ്മയോട് പറഞ്ഞു. അത്രയ്ക്ക് മാരകമായ എന്തോ ഒന്ന് ഉള്ളിലുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു. മരിക്കുമെന്ന് ഉറപ്പായപ്പോഴാവും am almost on the way എന്ന് തുടങ്ങുന്ന കത്ത് എഴുതി എനിക്ക് തരാനേല്‍പ്പിച്ചത്. ആ കത്താണ് ഇപ്പോള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അത് ഞാന്‍ ഇപ്പോഴും പൊന്നുപോലെ സൂക്ഷിച്ചിട്ടുണ്ട്.

ഈ മക്കളാണ് ഇനി എന്റെ ജീവിതം.ലിനി പോയതില്‍ പിന്നെ മക്കളെ എങ്ങനെ ഇക്കാര്യം പറഞ്ഞ് മനസിലാക്കും എന്നായിരുന്നു വേറൊരു പ്രശ്‌നം. എന്നും അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുന്ന അവര്‍ക്കറിയില്ലല്ലോ അമ്മ ഇനി വരില്ലെന്ന കാര്യം. അമ്മ ആശുപത്രിയില്‍ പോയതാണ് എന്നായിരുന്നു അവരുടെ വിചാരം. മൂത്ത മകന് പിന്നെ എപ്പോഴോ അമ്മ ഇനി വരില്ലെന്ന കാര്യം മനസ്സിലായി. ഇളയ മകന്‍ സിദ്ധാര്‍ഥും കാര്യം മനസിലായത് കൊണ്ടോ എന്തോ ആ കാര്യങ്ങളൊന്നും ചോദിച്ചില്ല. മൂത്ത മകന്‍ കുഞ്ഞുവിനെ ഗള്‍ഫില്‍ കൊണ്ടുപോവണമെന്ന് അവള്‍ കുറേ ആഗ്രഹിച്ചിരുന്നു.

ചെറുപ്പത്തിലേ തന്നെ അവനും അത് പറഞ്ഞിട്ടുണ്ട്. ലിനിയുടെ ആഗ്രഹം പോലെ ഈ അടുത്ത് അവനെ എനിക്ക് ഗള്‍ഫില്‍ കൊണ്ടുപോവാന്‍ പറ്റി.ലിനിയുടെ മരണത്തിന് ശേഷവും മന്ത്രിയും സമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. നല്ല സഹകരണമാണ് എല്ലാവരും തന്നത്. സര്‍ക്കാര്‍ നടപടിയില്‍ എനിക്ക് ജോലി ശരിയായി. ആരോഗ്യമന്ത്രി മക്കളെ കാണാന്‍ വന്നു. എല്ലാ സഹായവും ഉറപ്പ് നല്‍കി. ഇപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാവരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. ലിനി പോയിട്ട് മെയ് 21ന് ഒരു വര്‍ഷം തികയുന്നു. ഞങ്ങളുടെ എല്ലാ സങ്കടത്തിലും കൂടെ നിന്നവരോട് നന്ദിയുണ്ട്. മറക്കില്ല ആരേയും.. ”

Leave a Reply

Your email address will not be published.