June 3, 2023

ബി.എ. വരെ പഠിച്ച ലെറ്റീഷ ഭാഗ്യക്കുറി വിൽപ്പനക്കാരിയായത് മക്കളുടെ പട്ടിണിയകറ്റാന്‍

ബി.എ. വരെ പഠിച്ച ലെറ്റീഷ ഭാഗ്യക്കുറി വിൽപ്പനക്കാരിയായത് മക്കളുടെ പട്ടിണിയകറ്റാന്‍.
ബി.എ. വരെ പഠിച്ച ലെറ്റീഷ ഭാഗ്യക്കുറി വിൽപ്പനക്കാരിയായത് മക്കളുടെ പട്ടിണിയകറ്റാനും പഠനം മുടങ്ങാതിരിക്കാനുമായിരുന്നു. അമ്മയുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് പഠിച്ച മൂത്തമകൾ അഷ്‌ന പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു.സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ലെറ്റീഷ, ഭർത്താവ് അന്വേഷിക്കാതെ വന്നതോടെ മൂന്ന് പെൺമക്കൾക്കൊപ്പം പുന്നപ്ര കപ്പക്കട പടിഞ്ഞാറ് നർബോനപള്ളിക്ക് സമീപം വാടകവീട്ടിലാണ് താമസം.

ആലപ്പുഴ തുമ്പോളി ചെട്ടുവേലിക്കകം എന്നാണ് മുപ്പത്തെട്ടുകാരിയായ ലെറ്റീഷയുടെ മേൽവിലാസം. ആലപ്പുഴ എസ്.ഡി.കോളേജിലാണ് ബി.എ. പഠനം പൂർത്തിയാക്കിയത്.പുന്നപ്ര സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലാണ് അഷ്‌ന പഠിച്ചത്. രണ്ടാമത്തെ മകൾ ഐശ്വര്യ ഇതേസ്‌കൂളിൽ ഏഴാം ക്ലാസിലാണ്. സ്വകാര്യസ്‌കൂളിൽ പഠിച്ചിരുന്ന ഇവരെ സാമ്പത്തികബുദ്ധിമുട്ടുകാരണം ഇവിടേക്ക്‌ മാറ്റുകയായിരുന്നു.

ഇളയമകൾ അനുഗ്രഹയ്ക്ക് രണ്ട് വയസ്സാണ് പ്രായം.ആശ്രയമില്ലാതായ ലെറ്റീഷ ആലപ്പുഴയിലെ സ്‌നേഹിതയിലും മഹിളാമന്ദിരത്തിലും അഭയം തേടിയെങ്കിലും പഠനത്തിൽ സമർഥരായ മക്കളുടെ പഠനം മുടങ്ങാതിരിക്കാനാണ് കപ്പക്കടയിൽ വാടകവീട്ടിലേക്ക്‌ മാറിയത്. അഷ്‌നയുടെ പഠനമികവിന് ഒരാൾ നൽകിയ സഹായധനം കൊണ്ടാണ് വാടകയ്ക്ക് വീടെടുത്തത്.രാവിലെ കുട്ടികൾക്ക് ആഹാരം പാകം ചെയ്ത് നൽകിയശേഷം ലെറ്റീഷ ഇളയമകളെ ഒക്കത്തെടുത്ത് ഭാഗ്യക്കുറി വിൽപ്പനയ്ക്കിറങ്ങും.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്താണ് വിൽപ്പന. സ്‌കൂൾ അവധിയായതിനാൽ രണ്ടാമത്തെ മകൾ ഐശ്വര്യയെയും ഒപ്പം കൊണ്ടുപോകും.വൈകീട്ട് മൂന്നുമണിവരെയാണ് ഭാഗ്യക്കുറി വിൽപ്പന. അഷ്‌നയുടെ തുടർപഠനമാണ് ലെറ്റീഷയുടെ മുമ്പിലുള്ള വെല്ലുവിളി. പെൺകുട്ടികളുമായി സുരക്ഷിതമായി താമസിക്കാൻ കിടപ്പാടവും വേണം. മക്കളെ നോക്കുന്നതിനൊപ്പം ചെയ്യാവുന്ന തൊഴിലെന്നനിലയിലാണ് ഭാഗ്യക്കുറി വിൽപ്പന തുടങ്ങിയതെന്ന് ലെറ്റീഷ പറയുന്നു.

പറവൂരിലെ വിനായക ലക്കി സെന്ററിർനിന്നാണ് ഭാഗ്യക്കുറികൾ എടുക്കുന്നത്. മക്കൾക്ക് ആഹാരം നൽകണം. വീടിന്റെ വാടക നൽകണം. പിന്നെ അവരുടെ പഠനം-ആവശ്യങ്ങളേറെയാണ്. ലെറ്റീഷയുടെ പേരിൽ കോർപ്പറേഷൻ ബാങ്കിന്റെ ചെട്ടികാട് ശാഖയിൽ 520191061936088 നമ്പർ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്കിന്റെ ഐ.എഫ്.എസ്. കോഡ്: CORP0000390.

Leave a Reply

Your email address will not be published.