March 30, 2023

ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി, മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് അരുണ്

ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി, മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് അരുണ്
കേരളത്തെ നടുക്കിയ അരുംകൊലയായിരുന്നു തൊടുപുഴയിലെ ഏഴുവയസ്സുകാരന്റേത്. മരണത്തോട് മല്ലിട്ട് പത്താം ദിവസം അവന്‍ മരണത്തിന് കീഴടങ്ങി. ആ കുരുന്നിനെ തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന് ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന് ഭീതി ഉള്ളതായി റിപ്പോര്‍ട്ട്. തന്നെ മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ ജയിലിലാണ്. നാലുവയസുകാരനായ ഇളയകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി.മക്കള്‍ക്ക് പുറമെ അമ്മയേയും അരുണ്‍ ആനന്ദ് മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറയുന്നു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴായിരുന്നു ശരീരത്തില്‍ അടികൊണ്ട പാടുകളും ചതവുകളും കാണുന്നത്. സംഭവദിവസം കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിയേറ്റിരുന്നു. കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് ആലോചന.
എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രതിയുടെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളില്‍ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതില്‍ ദുരൂഹത ഉള്ളതായി അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.