March 30, 2023

നിഗൂഢത ബാക്കിയാക്കി അവരുടെ കാറും രാത്രിയാത്രകളും

കേരളത്തെ കണ്ണീരിലാഴ്ത്തി ആ ഏഴുവയസുകാരൻ മണ്ണോട് ചേർന്നു കഴിഞ്ഞു. കൊടുംക്രൂരതയുടെ കഥകൾ ഒാരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇക്കൂട്ടത്തിൽ എല്ലാവരെയും സംശയത്തിലാക്കുന്ന ചോദ്യം അവരുടെ രാത്രികാല യാത്രകളെ പറ്റിയാണ്. എവിടേക്കായിരുന്നു രാത്രികാലങ്ങളിലുള്ള അരുണിന്റേയും യുവതിയുടെയും സ്ഥിരമായുള്ള യാത്രകൾ? ആ കാറിനുള്ളിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ വലിയ നിഗൂഢതകളാണ് ഉണ്ടാക്കുന്നത്.KL 01 BN 5775 എന്ന നമ്പറുള്ള ചുവന്ന കാറിലായിരുന്നു അരുണിന്റേയും യുവതിയുടെയും രാത്രികാല യാത്രകൾ.

രണ്ടു കുട്ടികളെയും രാത്രി വീട്ടിൽ തനിച്ചാക്കി അമ്മയായ ഇൗ സ്ത്രീ അരുണിനൊപ്പം ഇറങ്ങിത്തിരിക്കും. മൂന്നരവയസുകാരൻ അനിയനെ നോക്കേണ്ട ചുമതല കൊല്ലപ്പെട്ട ഏഴുവയസുകാരനായിരുന്നു. അവൻ അത് ഭംഗിയായി ചെയ്തുവന്നിരുന്നു. പരാതിയും പരിഭവുമില്ലാതെ. ഇക്കാര്യം അയൽവാസികളും സ്ഥിരീകരിക്കുന്നു. അത്ര സ്നേഹമായിരുന്നു ഇൗ അനിയനും ചേട്ടനും തമ്മിൽ. കാറിൽ രാത്രി യാത്ര തുടങ്ങുന്ന ഇവരുവരും പുലർച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തുക.സംഭവദിവസം രാത്രിയും അതുതന്നെയാണ് സംഭവിച്ചത്. യാത്ര കഴിഞ്ഞ് വന്നപ്പോഴാണ് ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചത് അരുൺ കണ്ടത്.

ഇതറിയാതെ സമീപത്തെ മുറിയിൽ ഉറങ്ങിക്കിടന്ന ഏഴുവയസുകാരനെ അരുൺ വിളിച്ചുണർത്തി അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇൗ ആക്രമണത്തിലാണ് അവന് ഗുരുതരമായി പരുക്കേൽക്കുന്നതും പിന്നീട് കൊല്ലപ്പെടുന്നതും.ഇക്കൂട്ടത്തിൽ ഏറെ അമ്പരപ്പിക്കുന്നത് കാറിൽ നിന്നും കണ്ടെടുത്ത വസ്തുക്കളാണ്. കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം ഇയാളെ പൊലീസ് പിടികൂടിയിരുന്നു. അപ്പോൾ കാറിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സാധനങ്ങൾ പൊലീസിനെയും അമ്പരപ്പിച്ചു. മദ്യക്കുപ്പികളും ഒരു പുതിയ മഴുവും കാറിനുള്ളിൽ നിന്നും കണ്ടെത്തി.

കാറിന്റെ ഡിക്കിയിൽ നടത്തിയ പരിശോധനയിൽ രണ്ടു വലിയ പ്രഷർ കുക്കറുകളും ബക്കറ്റും പാറക്കല്ലുകളും കണ്ടെടുത്തിരുന്നു. കാറിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിൽ രക്തക്കറയും കണ്ടെത്താൻ കഴിഞ്ഞു. ഇൗ കാറിപ്പോൾ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇത്തരത്തിൽ ഉത്തരം കണ്ടെത്തേണ്ട കുറേ ചോദ്യങ്ങൾ ഇനിയും ബാക്കിയാവുകയാണ്.

നടുക്കുന്ന പോസ്മോർ‌ട്ടം റിപ്പോർട്ട്

തൊടുപുഴയിൽ ഏഴു വയസുകാരന്‍റെ മരണത്തിന് ഇടയാക്കിയത് തലയ്ക്കും വാരിയെല്ലിനുമേറ്റ ഗുരുതര പരുക്കുകളെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമര്‍ദനത്തില്‍ കുട്ടിയുടെ തലയോട്ടി പിളർന്നതിന് പുറമെ വലതു വാരിയെല്ല് ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ശരീരത്തിൽ മുപ്പതിലേറെ ഭാഗത്ത് ആഴത്തിലുള്ള ചതവുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published.