June 1, 2023

ഇറക്കുന്ന ഉമ്മിനീരിൽ പോലും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം..

ഇറക്കുന്ന ഉമ്മിനീരിൽ പോലും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം..തിരുവല്ലയില്‍ പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു പെണ്‍കുട്ടിയെ കൊന്ന വാര്‍ത്ത നാട് മുഴുവന്‍ നടുക്കത്തോടെ കേട്ടത്.ദിവസങ്ങളോളം ഗുരുതര അവസ്ഥയില്‍ കഴിഞ്ഞ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആയിരുന്നു മരിച്ചത്.സംഭവത്തെ കുറിച്ച് സാമൂഹ്യ ബാലവകാശ പ്രവര്തകി ആയ ആരതി സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് കേരളത്തെ വേദന ആക്കുകയാണ്.

ആ പെൺകുട്ടി മരണപ്പെടണം എന്ന് തന്നെയാണ് ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും

കാരണം എന്റെ ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയാത്ത ഒരു സംഭവം ഉണ്ട്. ആദ്യമായി അറ്റന്റ് ചെയ്ത ഒരു ആത്മഹത്യ കേസ്.ഇപ്പോഴും മനസ്സിൽ വിങ്ങുന്ന മുഖമായി അവൾ ഉണ്ട്.. ആ പ്ലസ്ടു വിദ്യാര്‍ത്ഥിനി.
ആ ഒരാഴ്ച ഉണ്ണാതെ ഉറങ്ങാതെ ഭ്രാന്ത് പിടിച്ചു നടന്ന അവസ്ഥ. ഓർക്കാൻ തന്നെ കഴിയുന്നില്ല..

കഴിക്കുന്ന ഭക്ഷണത്തിൽ, കുടിക്കുന്ന വെള്ളത്തിൽ, ശ്വസിക്കുന്ന വായുവിൽ, വീശുന്ന കാറ്റിൽ, എന്തിനേറെ ഇറക്കുന്ന ഉമ്മിനീരിൽ പോലും മാംസം കത്തിക്കരിഞ്ഞ ചുവയും മണവും മാത്രം..

മരണത്തോട് മല്ലിടുമ്പോഴും വളരെ പതിഞ്ഞ ശബ്ദത്തിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവൾ പറയുന്നത് ഒന്ന് മനസ്സിലാക്കിയെടുക്കാൻ 80 % ൽ അധികവും കത്തിതീർന്ന ആ ശരീരത്തോട് ചേർന്ന് ചുണ്ടുകൾക്ക് അരികിലേക്ക് കാതു കൂർപ്പിച്ച് ഇരിക്കുമ്പോൾ ദേഹം മൊത്തം വിയർത്ത് തളരും പോലെ തോന്നിയത്… ദാ ഇപ്പൊ അവളെക്കുറിച്ച് എഴുതുമ്പോഴും ഉണ്ട്..

നീ തെറ്റൊന്നും ചെയ്തിട്ടില്ലാരുന്നു കുട്ടീ… അത് നിനക്ക് ഉറപ്പുള്ളപ്പോൾ എന്തിനായിരുന്നു കുഞ്ഞേ… ഒരു നിമിഷം ഒന്ന് മാറി ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് കഴിവുകൾ ഉള്ള അച്ഛന്റെ മിടുക്കി കുട്ടിയായി നീ ഇന്നും ഉണ്ടാകുമായിരുന്നു…കത്തിതീരാറായ നിന്നെ ചേർത്ത് പിടിച്ച് പൊന്നൂ, മുത്തേ എന്നൊക്കെ വിളിച്ചു നിന്റെ അച്ഛൻ പിടിക്കുന്നത് കണ്ടപ്പോഴെല്ലാം മനസ്സ് എത്ര പിടഞ്ഞൂന്ന് അറിയുമോ..

എഴുതാൻ പോയിട്ട് ആ ദിവസങ്ങളിലെ ഓരോ സെക്കന്റിനെക്കുറിച്ച് പോലും ചിന്തിക്കാൻ കഴിയുന്നില്ല… അതൊന്നും എഴുതാൻ എനിക്ക് പറ്റുന്നില്ല….എന്റെ കുഞ്ഞനുജത്തിയാകാനുള്ള പ്രായം മാത്രമുള്ള നിന്നെയും, കൊച്ചു കുട്ടികളെ പോലെ സങ്കടം എണ്ണി പറഞ്ഞിട്ടും ഒന്ന് വിങ്ങി പൊട്ടാതെ പോലും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടന്ന നിന്റെ അച്ഛനേയും ഞാനെങ്ങനെ മറക്കാനാണ്…

നിന്റെ അടുത്ത് നിന്ന് ഒന്ന് മാറിയ സമയം അതുവരെയും മിണ്ടിയ നീ ഒന്നും പറയാതെ പോയി…ഓടിപ്പിടിച്ച് നിന്റെ ബെഡ്ഡിനരികെ വരുമ്പോ പോയി…. എന്ന് മാത്രം നിന്റെ അച്ഛൻ പറഞ്ഞു..അതോടെ എന്റെ ഡ്യൂട്ടിയും അവസാനിച്ചു..

പിറ്റേന്ന് ഞാനവിടെ വന്നതെന്തിനാണെന്ന് എനിക്ക് അറിയില്ല.. ജീവിതത്തിലാദ്യമായി ഒരു മോർച്ചറിയിൽ കയറുന്നതന്നാണ്..മനം മടുപ്പിക്കുന്ന അതിനുള്ളിലെ മണവും.. അവിടെ നിന്ന് നിന്നെ നല്ല വെള്ളത്തുണിയിൽ പൊതിഞ്ഞ് തരുമ്പോൾ നിന്റെ അച്ഛനൊപ്പം ഞാനുമുണ്ടായിരുന്നു നിന്നെ നാട്ടിലേക്ക് യാത്രയാക്കാൻ…

നിന്റെ അച്ഛൻ വിളിച്ചതാ കൂടെ വരാൻ. പക്ഷേ എന്റെ ഡ്യൂട്ടി ഇന്നലേ കഴിഞ്ഞതല്ലേ..അന്നുതൊട്ട് ഇന്നോളം നിന്റെ അവസ്ഥയിലുള്ള ആരും തന്നെ ജീവിതത്തിലേക്ക് തിരികെ വരാൻ ആഗ്രഹിച്ചിട്ടില്ല..

ഇന്നലെ ആ പെണ്‍കുട്ടി മരിച്ചപ്പോൾ വീണ്ടും നിന്നെ ഓർത്തു.. ആരെന്നറിയാത്ത, പക്ഷേ മനസ്സിൽ എവിടെയോ പതിഞ്ഞു കിടക്കുന്ന, കരിഞ്ഞു തീരാറായ നിന്നെ..

ആ അച്ഛനും അമ്മയ്ക്കും ഈശ്വരൻ ഈ ദുരന്തം സഹിക്കാനുള്ള ശക്തി നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

ഇങ്ങനെ കുറിപ്പ് അവസാനിക്കുന്നു

Leave a Reply

Your email address will not be published.