March 31, 2023

മഴ കനക്കുന്നു: പലയിടത്തും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പലയിടത്തും വീണ്ടും ഉരുള്‍പൊട്ടി. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇടുക്കി ജില്ലയിലെ അടിമാലി കൊരങ്ങാട്ടിയിലും ചുരുളിലും കണ്ണൂരിലെ കൊട്ടിയൂരിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് പുല്ലൂരാംപാറയിലെ മറിപ്പുഴ വനത്തിലും ഉരുള്‍പൊട്ടി. കണ്ണൂര്‍ ഇരിട്ടി അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുങ്കുറ്റി വനമേഖലയില്‍ ഇന്നലെ വൈകിട്ട് ഉരുള്‍ പൊട്ടിയിരുന്നു. വയനാട്ടിലെ കുറിച്യര്‍ മലയിലും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കണ്ണപ്പന്‍ പുഴയില്‍ മലവെള്ളം ഇറങ്ങി. മലവെള്ളത്തില്‍ നിന്ന് രക്ഷപ്പെടാനായി സുരക്ഷിത സ്ഥാനത്തേക്ക് പോയവര്‍ ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി.

മുതിപ്പുഴയാര്‍ കര കവിഞ്ഞ് ഒഴുകിയതോടെ മൂന്നാര്‍ ടൗണ്‍ വെള്ളത്തിനടിയിലായി. വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. താമരശേരി ചുരത്തില്‍ മൂന്നാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ കാറ്റില്‍ മരം വീണ് നിര്‍മാണ തൊഴിലാളി മരിച്ചു.

ഒഡിഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതാണ് കനത്ത മഴയ്ക്ക് ഇടയാക്കിയത്. ശനിയാഴ്ച വരെ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published.