ന്യൂഡല്‍ഹി: തോക്കു ചൂണ്ടിയപ്പോള്‍ ഭയന്നു പോയി, അപ്പോള്‍ ഓര്‍മയില്‍ വന്നത് ഗൗരി ലങ്കേഷിന്റെ മുഖമാണ്. മരണം ഉന്നം തെറ്റി ഒഴിവായ നിമിഷങ്ങളില്‍ ഉമര്‍ ഖാലിദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഗൗരി ലങ്കേഷിന് മുന്നിലെത്തിയ ആ മരണ നിമിഷം തന്റെയും മുന്നിലെത്തിയതു പോലെയാണ് തോന്നിയത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ആരെങ്കിലും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അവര്‍ക്കെതിരെ ട്രോള്‍ ആര്‍മികളും ചില മാധ്യമങ്ങളും വ്യാജപ്രചാരണവും വിദ്വേഷവും പരത്തുകയാണ്. ഭയത്തിന്റെ അന്തരീക്ഷമാണുള്ളത്. ഈ സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ത്താല്‍, ചോദ്യം ചെയ്താല്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തപ്പെടും. പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാമെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും വിമര്‍ശകനായ ഉമര്‍ ഖാലിദിനെ 2016 ഫെബ്രുവരി ഒന്‍പതിന് ജഐന്‍യു. കാന്പസില് രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് മറ്റു മൂന്നുപേരോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന ഗുണ്ടാതലവന്‍ രവി പൂജാരിയാണെന്ന് സ്വയംപരിചയപ്പെടുത്തിയയാള് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഉമര്‍ഖാലിദ് നേരത്തെ ഡല്‍ഹി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കും ഡല്‍ഹി സര്കവകശാലയിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും നേര്‍ക്കായിരുന്നു അന്നു വധഭീഷണി. സംഭവത്തില്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയതായി ഉമര്‍ ഖാലിദ് പറഞ്ഞു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും ഉമര്‍ ഖാലിദ് ട്വിറ്ററില്‍ ആണ് അന്നറിയിച്ചത്.
ഉമര്‍ ഖാലിദിനെ തന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു രവി പൂജാരിയുടെ ഭീഷണി. 2016ലും ഇയാള്‍ വധഭീഷണി ഉയര്‍ത്തിയിരുന്നെന്നും ഉമര്‍ഖാലിദ് പറയുന്നു. ഇപ്പോള്‍ നടത്തുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. രവി പൂജാരിയില്‍ നിന്നു ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി ജിഗ്നേഷ് മേവാനിയും വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.