വെള്ളരിക്കുണ്ട്: ( 31.07.2018) പ്രേമിച്ച് വിവാഹം, രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോള്‍ അതിവിദഗ്ദമായി മുങ്ങി, ആരോരുമില്ലാത്ത വീട്ടമ്മയും പറക്കമുറ്റാത്ത കുട്ടികളും ഭര്‍ത്താവിനെ കാത്ത് കഴിയുന്നു. വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബിയാണ് പറക്കമുറ്റാത്ത രണ്ട് മക്കളുമായി ജീവിതം മുന്നോട്ടുപോകാന്‍ കഴിയാതെ സഹായം കാത്ത് കഴിയുന്നത്.
ബന്തടുക്ക പടുപ്പ് സ്വദേശിനിയായ ബേബിക്ക് എറണാകുളത്തെ കിറ്റക്‌സ് കമ്ബനിയില്‍ ടൈലറിംഗ് ജോലിയായിരുന്നു. കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ആലുവയില്‍ നിന്നാണ് ദീപുവിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. തുടര്‍ന്ന് ഇരുവരും ഉഭയസമ്മതപ്രകാരം വിവാഹം കഴിച്ചു.
താന്‍ ഹിന്ദു മത വിഭാഗത്തില്‍പ്പെട്ടവനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദീപു വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞു. തനിക്ക് അച്ഛനും അമ്മയുമില്ലെന്നും ദീപു ബേബിയെ വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം കാക്കനാട് ശിവക്ഷേത്രത്തില്‍ വെച്ച് 2009 ഫെബ്രുവരി 13 ന് ഇരുവരും തമ്മില്‍ വിവാഹിതരായി. സന്തോഷകരമായ ജീവിതവുമായി മുന്നോട്ടുപോയ ദമ്ബതികള്‍ക്ക് ഇതിനിടെ ആണ്‍ കുഞ്ഞു പിറന്നു.
പിന്നീട് എറണാകുളത്തെ വാടകവീട്ടില്‍ വെച്ചാണ് ദീപു ബേബിയോട് ആ സത്യം വെളിപ്പെടുത്തിയത്. തനിക്ക് അച്ഛനും അമ്മയും ഒരു സഹോദരിയും ഉണ്ടെന്നും താന്‍ ക്രിസ്ത്യാനിയാണെന്നും നാട്ടില്‍ പോയി പള്ളിയില്‍ വെച്ച് മതം മാറണമെന്നുമായിരുന്നു ദീപുവിന്റെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിനെ നഷ്ടപ്പെടാതിരിക്കാന്‍ പിന്നീട് വെള്ളരിക്കുണ്ടിലെ പുന്നക്കുന്നില്‍ ദീപുവിന്റെ വീട്ടിലെത്തി പുന്നക്കുന്ന് പള്ളിയില്‍ വെച്ച് ബേബി മതം മാറി.
തുടര്‍ന്ന് ക്രിസ്ത്യന്‍ മതാചാര പ്രകാരം വീണ്ടും വിവാഹം കഴിച്ചു. പട്ടിക വര്‍ഗ വിഭാഗത്തിലെ നായ്ക്ക വിഭാഗത്തില്‍പ്പെട്ട താന്‍ ദീപുവിനെ വിവാഹം കഴിച്ചത് ഭര്‍തൃമാതാവിനും സഹോദരിക്കും ഇഷ്ടമായിരുന്നില്ലെന്ന് ബേബി പറയുന്നു.
ഇതിനിടെയാണ് രണ്ടാമതും ഗര്‍ഭിണിയായത്. തുടര്‍ന്നാണ് ജോലി തേടി പോകുകയാണെന്ന് പറഞ്ഞ് ദീപു മുങ്ങിയത്. പെണ്‍കുഞ്ഞ് ജനിച്ച് ഇപ്പോള്‍ ആറ് മാസം കഴിഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ ഇപ്പോഴും ദീപുവിന്റെ മുറിയില്‍ കയറാന്‍ മാത്രമേ തനിക്ക് അവകാശമുള്ളൂവെന്ന് ബേബി പറയുന്നു.
രണ്ടാമത്തെ കുഞ്ഞിനെ എട്ട് മാസം ഗര്‍ഭം ധരിച്ചപ്പോഴാണ് യുവതിയെ ഉപേക്ഷിച്ച് ദീപു കടന്നു കളഞ്ഞത്. ഇതോടെ യുവതിയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും അനാഥരായി. രണ്ടാമത്തെ കുഞ്ഞ് പിറന്നിട്ടും മടങ്ങിയെത്താത്ത ഭര്‍ത്താവിനെ പിന്നീട് ഫേസ്ബുക്കില്‍ കണ്ട് യുവതി പൊട്ടിക്കരഞ്ഞു. ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസിന്റെയും നാട്ടുകാരുടെയും സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ യുവതി.
ഒമ്ബത് മാസം മുമ്ബാണ് ജോലി ആവശ്യാര്‍ത്ഥം എന്ന് പറഞ്ഞ് ദീപു എറണാകുളത്തേക്ക് പോയത്. ദീപു പോകുമ്ബോള്‍ ബേബി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ദീപുവിന് രണ്ടാമത്തെ പെണ്‍കുഞ്ഞ് ജനിച്ചിട്ട് ഇപ്പോള്‍ ആറുമാസമായി. കുഞ്ഞ് ജനിച്ചശേഷം ഭാര്യയുമായി ഫോണില്‍ പോലും ബന്ധപ്പെടാതിരുന്ന ദീപുവിനെ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ കണ്ടെത്തിയത്.
പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജോലിക്ക് പോകാനും ബേബിക്ക് കഴിയുന്നില്ല. പലപ്പോഴും നാട്ടുകാരുടെയും അയല്‍വാസികളുടെയും സഹായം കൊണ്ടാണ് പട്ടിണിയില്ലാതെ യുവതിയും കുഞ്ഞുങ്ങളും കഴിയുന്നത്. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും സന്ധ്യയാകുമ്ബോള്‍ കുട്ടികളെയും കൊണ്ട് അയല്‍ വീട്ടില്‍ പോയാണ് അന്തിയുറങ്ങുന്നത്.
വെള്ളരിക്കുണ്ട് പോലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി ഭര്‍ത്താവ് ദീപുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കോടതിയില്‍ ഹാജരാക്കിയ ദീപു, ഭാര്യയേയും മക്കളെയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് അവിടെ നിന്നും വീണ്ടും മുങ്ങുകയായിരുന്നു. ദീപു ഇപ്പോള്‍ എറണാകുളത്ത് മറ്റൊരു വിവാഹം കഴിച്ചതായി അറിഞ്ഞുവെന്ന് ബേബി പറയുന്നു.
ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണിലൂടെ ദീപുവിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ബേബി കണ്ടത്. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലെത്തി പോലീസിനോടും നാട്ടുകാരോടും ദീപുവിനെ കണ്ടെത്തിത്തരാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് യുവതി.