കൊച്ചി: എത്ര തിരക്കുള്ള റോഡിലും കാണാം ഹെൽമറ്റ് പോലും ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നവരെ. പോലീസിന്റെ കണ്ണിൽ പെട്ടാലും ഫൈനടിച്ച് രക്ഷപെടാം എന്ന വിശ്വാസത്തിലാണ് പലരും ലൈസൻസ് പോലുമില്ലാതെ ബൈക്കുമായി നിരത്തിലിറങ്ങുന്നത്.
പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെകൊണ്ട് വാഹനം ഓടിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നിലനിൽക്കുമ്പോഴും മാതാപിതാക്കൾ ഈ നിയമങ്ങൾ കാറ്റിൽ പറത്താൻ കൂട്ടുനിൽക്കാറുണ്ട്. കൊച്ചിയിൽ 5 വയസുകാരിയെ കൊണ്ട് വാഹനം ഓടിപ്പിച്ച പിതാവിന് മോട്ടോർ വാഹന വകുപ്പ് നല്ല മുട്ടൻ പണി നൽകിയിരിക്കുകയാണ്.
പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാൻസിസ് ഞായറാഴ്ച രാവിലെ ഇടപ്പള്ളിയിലൂടെ തന്റെ ഭാര്യയേയും രണ്ട് മക്കളെയും കൊണ്ട് സ്കൂട്ടറിലൂടെ യാത്രചെയ്യുകയായിരുന്നു. എന്നാൽ ഇടയ്ക്ക് ഇയാൾ മുന്നിലിരിക്കുന്ന അഞ്ച് വയസുകാരി മകളെകൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു.
ഷിബുവിന്റെ സ്കൂട്ടറിന് പിന്നാലെയെത്തിയ വാഹനത്തിലുള്ളവർ ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്റെ കോട്ടയം എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങൾ വൈറലായതോടെ മോട്ടോർ വാഹനവകുപ്പ് ഇടപെടുകയായിരുന്നു.
ദൃശൃങ്ങൾ വൈറലായതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയിയൽ ഉയർന്നത്. നിങ്ങളെന്ത് പോക്രിത്തരമാണ് കാണിക്കുന്നതെന്ന് എന്ന് കാറിലെ യാത്രക്കാർ പിതാവിനോട് ചോദിക്കുന്നുണ്ട്. എന്നാൽ ഇത് അവഗണിച്ച് വാഹനം ഓടിച്ച് പോകുകയായിരുന്നു. മറ്റു യാത്രക്കാരുടെ കൂടി ജീവൻ പന്താടുകയാണ് അയാൾ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ വിമർശിച്ചു.
ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. എൽ കെജി വിദ്യാർത്ഥിനിയായ മകളെയാണ് സ്കൂട്ടർ നിയന്ത്രിക്കാൻ ഷിബു അനുവദിച്ചത്. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ഷിബുവിന്റെ ലൈസൻസ് റദ്ദാക്കാൻ ആർ ടി ഒയ്ക്ക് ശുപാർശ ചെയ്യുകയായിരുന്നു. ഒരു വർഷത്തേയ്ക്ക് ഷിബു ഫ്രാൻസിസിന്റെ ലൈസൻസ് റദ്ദാക്കിയതായി ജോയിന്റ്. ആർ ടി ഒ ഷാജി മാധവൻ പറഞ്ഞു.
കൊച്ചു കുട്ടിയെ കൊണ്ട് സാഹസം ചെയ്പ്പിച്ചതിന് ഷിബുവിന് പോലീസ് നടപടി നേരിടേണ്ടി വരും. അഞ്ചു വയസുകാരി വാഹനം ഓടിക്കുന്നത് കുടുംബത്തിന് മാത്രമല്ല മറ്റ് യാത്രക്കാർക്കും ഭീഷണിയാണ്. ഷിബുവിനെതിരെ ഇടപ്പള്ളി പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികളെ ബൈക്കിന് മുന്നിലിരുത്തി യാത്ര ചെയ്യിപ്പിക്കരുതെന്നാണ് നിയമം