കല്യാണം കഴിഞ്ഞ് ഈ മുണ്ടാറു നിന്നും തലയോലപ്പറമ്പിലേക്ക് പോകുന്നത് സ്ത്രീധനം കിട്ടിയ ഒറ്റമരത്തിൽ തീർത്ത കൊതുമ്പു വളളത്തിലാണ്. അന്ന് പിടിച്ചതാണ് ഞാൻ അമ്മിണീടെ കൈ. ആ കൈയാണ് 75 വർഷമായിട്ടും എനിക്കു താങ്ങായും തണലായും ഒപ്പോളളത്.
’’ വാസു അപ്പൂപ്പൻ അമ്മിണി അമ്മൂമ്മയെ നോക്കി ചിരിച്ചു. അപ്പൂപ്പൻ ഈ കഥ പറയുമ്പോൾനിലത്തോട്ടു നോക്കി നിൽക്കുന്ന അമ്മൂമ്മയെ കണ്ട് മുന്നിലൂടെ ഒഴുകുന്ന കരിയാറു പാടി ‘പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്…’
നമ്മൾപോകുന്നത് വൈക്കത്തെ മുണ്ടാർ എന്നൊരു ദ്വീപിലേക്കാണ്. വിവാഹം കഴിച്ച് 75 വർഷമായി ഒരുമിച്ച് താമസിക്കുന്ന വാസു അപ്പൂപ്പനെയും അമ്മിണി അമ്മൂമ്മയെയും കാണാൻ. 97 കാരന്റെയും 92 കാരിയുടെയും വിശേഷങ്ങൾഅറിയാൻ….
അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെളളം….
തലയോലപ്പറമ്പിൽ നിന്നും ഉളളിലേക്ക് പോകുന്തോറും പുക മണക്കാത്ത തെളിഞ്ഞ കാറ്റ് ശ്വസിക്കാൻ ശരീരത്തിലെ എല്ലാ കോശങ്ങളും മൂക്കു തുറന്നു പിടിക്കും. പാടവും വരമ്പും ചുറ്റും വെളളവും കണ്ടു കണ്ടങ്ങനെ ചെല്ലുമ്പോൾവഴി തീരുന്നു.
പിന്നെ തോണി കയറി അക്കരയ്ക്ക്. വെളളം കാണാത്ത പാകത്തിനു പായലും അതിനു മുകളിൽ പിങ്ക് നിറമുളള പൂക്കളും. പുഴയിൽ പിങ്ക് വെൽവെറ്റ് വിരിച്ചിട്ട പോലെ. ഇളം റോസും വെളളയും ആമ്പലുകൾഇടവിട്ട് പൂത്തു നിൽക്കുന്നു. വട്ടമിട്ടു പറക്കുന്ന പച്ചയും ഇലക്ട്രിക് ബ്ലൂ നിറവുമുളള തുമ്പികൾ! ദൈവം സമയമെടുത്തു വരച്ച എണ്ണഛായ ചിത്രം പോലെ മുണ്ടാർ!
വളളമിറങ്ങി നടക്കുമ്പോൾതാറാവ് കൂട്ടങ്ങൾവഴികാണിച്ച് മുൻപേയോടും. വീട്ടുമുറ്റത്ത് നെല്ലും വാളൻപുളിയും ഉണക്കാൻ പായയിൽ നിരത്തിയിരിക്കുന്നു. എച്ച്. ജി.വെൽസ് എഴുതിയ ടൈം മെഷീനിൽ നായകൻ കാലങ്ങൾതാണ്ടി മുന്നോട്ടു പോയി അവിടെ ജീവിച്ചെങ്കിൽ ഇപ്പോൾവളളം കാലങ്ങൾക്കു പിന്നിലേക്കാണു നീങ്ങുന്നതെന്ന് തോന്നിപ്പോകും.
ഒറ്റയടിപ്പാത നടന്നു കുറച്ചെത്തുമ്പോൾതെങ്ങിൻ കെട്ടിയ കൊതുമ്പുവളളവും അതിൽ നിന്നു കണ്ണെടുത്തു കരയിലേക്കിട്ടാൽ അൽപം പഴയൊരു കൊച്ചു വീടും കാണാം. വാസു അപ്പൂപ്പനും അമ്മിണി അമ്മൂമ്മയും താമസിക്കുന്ന സന്തോഷക്കോട്ട. വീടിന്റെ അരികിൽ അപ്പൂപ്പൻ ഓല മെടയുന്നുണ്ട്. അമ്മൂമ്മ അകത്തു പാത്രങ്ങളോടു മിണ്ടുന്ന ശബ്ദം കേൾക്കാം.
തുറന്നിട്ട വാതിലിലൂടെ അകത്തു കടന്നവർക്കു പുഴുങ്ങിയ താറാമുട്ടയും ഇളം കരിക്കും പല്ലില്ലാത്ത മോണ കാട്ടിയുളള ചിരിയും കൂട്ടി സ്നേഹത്തിൽ കൈപിടിച്ച് രണ്ടാളും സ്വാഗതം പറയും. പണ്ടെന്നോ കണ്ടു മറന്ന പരിചയം പുതുക്കിയ പോലെയാണ്. അപരിചിതരോടു പോലുമുളള സംസാരം.
മക്കൾഎട്ടുണ്ടെങ്കിലും മഴ പെയ്ത് വെളളം പൊങ്ങിയാൽ മാത്രേ വീടു വിട്ട് മാറി നിക്കാറുളളൂ. അമ്മീണീടെ വസ്തു ഭാഗിച്ചവഴിക്ക് കിട്ടിയതാണ് ഈ വീടും പറമ്പും.’’ വാസു അപ്പൂപ്പൻ പരന്നു കിടക്കുന്ന കരിയാറിനെ നോക്കി അവർക്കു രണ്ടു പേർക്കും മാത്രമറിയാവുന്ന ഏതോ ഓർമകളിൽ ഉടക്കി നിന്നു.
‘‘ ഇവിടേക്ക് മാത്ര മറിയാവുന്ന ഏതോ ഓർമകളിൽ ഉടക്കി നിന്നു. ‘‘ഇവിടേക്ക് ഞാനും അമ്മിണീം വരുമ്പോൾനാട്ടിൽ കറണ്ടില്ല എനിക്ക് തൊഴിലും. ഒളളത് അവളെ പൊന്നു പോലെ പോറ്റും എന്ന് ചങ്കൊറപ്പ് മാത്രം. വളളത്തിൽ ആദ്യം അമ്മിണി കാലുവച്ചപ്പോൾഇന്റെ കൈയിൽ മുറുകെ പിടിച്ച പിടുത്തം. അമ്മാതിരി പിടുത്തം ഞങ്ങടെ ഹൃദയങ്ങൾതമ്മിലും ഒണ്ട്. ആ ബലത്തിലാണ് ഞങ്ങളീ ഓളങ്ങളൊക്കെ താണ്ടി മുന്നേറണത്.’’
ഇന്നും കാലമായില്ലേ എന്റെ കൈപിടിച്ചീടാൻ
‘‘എനിക്ക് പതിനേഴും അച്ഛനു (അമ്മിണി അമ്മൂമ്മ വാസു അപ്പൂപ്പനെ വിളിക്കുന്നത് അങ്ങനെയാണ്. ‘ഡാ’ എന്ന് കെട്ടിയോനെ അഭിസംബോധന ചെയ്യുന്ന പെൺപിള്ളേർ ഉണ്ടാകുന്നതിനു വളരെ മുൻപ് നടക്കുന്ന കഥയാണിത് എന്ന് ആദ്യമേ ജാമ്യമെടുക്കുന്നു.) ഇരുപത്തിരണ്ടുമാണ് പ്രായം.
1115 കൊല്ലവർഷത്തിലാണ് കല്യാണം. ഇംഗ്ലീഷ് വർഷം ഓർക്കണില്ല.’’ 1940 ലെ കാര്യമാണ് അമ്മിണിയമ്മൂമ്മ പറയുന്നത്. മുത്തശ്ശിക്കഥ പറയുന്ന ലാഘവത്തോടെ……‘‘ഇന്റെ അച്ഛനും അവരുടെ അച്ഛനും കൂടിയാണ് കല്യാണം തീരുമാനിച്ചത്. അവരുടെ അച്ഛൻ ചെത്തുകാരനായിരുന്നു. അങ്ങനെ ഇന്ന വീട്ടിലൊരു പെണ്ണൊണ്ടെന്നറിഞ്ഞ് ഇന്നെ വന്നു കണ്ടു.’’
‘‘അച്ഛന്മാര് പറഞ്ഞ് ഒറപ്പിച്ച ശേഷമാണ് ഞാൻ അമ്മിണീനെ കാണണത്. പാവാടേം ബ്ലൗസുമാണോ മുണ്ടും ബ്ലൗസുമാണോ ഇട്ടതെന്ന് ഓർമയില്ല. പക്ഷേ, മുട്ടറ്റം നീണ്ട് കെടക്കണ മുടി ഇണ്ടായിരുന്നു. നല്ല സുന്ദരി പെണ്ണ്.’’
‘‘കല്യാണത്തിനാണ് ഞാൻ ആദ്യമായി സാരി ചുറ്റുന്നത്. അയലത്തുളള കൂട്ടുകാരുമാണ് ഉടുപ്പിക്കണത്. കണ്ണെഴുതി പൊട്ടും പൂവും വയ്ക്കും.അതാണ് ഒരുക്കം. ഇത്തിരി കൂടുതൽ പൊന്നും ഇടും. അച്ഛൻ മുണ്ടും ഷർട്ടും ഇട്ടാണ് വന്നത്. അല്ലാത്തപ്പോൾആണുങ്ങൾമുണ്ടു മാത്രേ ഉടുക്കൂ. ഈ വീടിന്റെ മുറ്റത്തു പന്തലിട്ടായിരുന്നു കല്യാണം.
ഇന്നത്തെപോലെ സ്പീക്കറൊന്നുല്ല. ചെറുക്കൻ കൂട്ടർ വീടിന്റെ മുന്നിൽ വന്ന് വളളമിറങ്ങുമ്പോഴും അന്ന് താലി കെട്ടുമ്പോഴും ചെണ്ട കൊട്ടും. കല്യാണം കഴിഞ്ഞ് വളളത്തിൽ മടക്കം. എല്ലാത്തിനും വളളം വേണം. അങ്ങാടീ പോവാനും അമ്പലത്തിൽ പോവാനും പണിക്ക് പോവാനും ഒക്കെ.
‘‘കൃഷിപ്പണിക്ക്യാണ് പോവ്വ. കൃഷി ചെയ്യണത് പാട്ടത്തിനെടുത്ത ഭൂമിയിലാണ്. 100 പറ നെല്ല് വിളഞ്ഞാൽ 51 പറ അധികാരിക്കും 49 പറ നമുക്കും. അതായിരുന്നു രീതി. നേരപ്പണീന്ന് പറയും. ഇത്ര നേരം കൊണ്ട് പണി തീർത്ത് വീട്ടിൽ പോവാം. വീട്ടിൽ പോയി ഊണ് കഴിക്കാം. അമ്മിണി നല്ല പാചകകാരത്തിയാണ്. തേങ്ങാ അരച്ച മീൻ കറി, കായയിട്ട മീൻ കറി ഇതൊക്കെ നന്നായി വയ്ക്കും.
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ…..
‘‘പിള്ളേര് എട്ടു പേരുണ്ട്. നാലാണും നാലു പെണ്ണും. ഗോപിനാഥൻ, പ്രകാശൻ, പ്രസന്നൻ, പ്രസാദ്, ലീലാമ്മ, പ്രസന്ന, രമണി, ഗീത. എല്ലാവരും പഠിച്ചു നല്ല നിലയിലാണ്. എനിക്കോ അന്ന് പഠിക്കാൻ പറ്റിയില്ല. അതുകൊണ്ട് പിള്ളേർക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു.’’
വാസു അപ്പൂപ്പന്റെ മുഖത്തിത്തിരി നഷ്ടബോധം. ‘‘14 ചക്രം മാസം കൊടുക്കണം പളളിക്കൂടത്തിൽ പോവാൻ. ഒരുമിച്ചെടുക്കാനില്ലാത്തോണ്ട് അന്ന് വീട്ടുകാർ അര ചക്രം വച്ച് ദെവസോം തന്നു വിടും. അഞ്ചാം ക്ലാസിൽ മൂന്നു മാസം പഠിച്ചു.
പിന്നെ അരചക്രം കൂട്ടുകാരുമായി കൂടി ആഘോഷിച്ചു തീർത്തു. അതോടെ പഠിത്തവും നിന്നു. പിന്നെ അല്ലറചില്ലറ പണികൾ. പെണ്ണു കെട്ടി കഴിഞ്ഞപ്പോ കൃഷിപ്പണിയിൽ ഉറച്ചു. അന്ന് ഒരൂസത്തെ പണിക്ക് ഇടങ്ങഴി അരിയും സാധനങ്ങളും വാങ്ങും. അരി ചാക്കിലല്ല വയ്ക്കണത്. കൂമ്പാരം കൂട്ടിയിടും. ഒരു കിലോ അരിക്ക് രണ്ടര ചക്ക്രം. അതായിരുന്നു കണക്ക്. വേണ്ട പച്ചക്കറിയൊക്കെ വീട്ടുമുറ്റത്തുണ്ടാവും. ഇടയ്ക്ക് ആറ്റിൽ നിന്നു മീനും പിടിക്കും. ഓണത്തിനു കോടി വാങ്ങാൻ എല്ലാരേം കൂട്ടി അക്കരെ പോകും.’’
‘‘ഓണത്തിനു ഞങ്ങൾപെണ്ണുങ്ങളെല്ലാം കൂടി വട്ടക്കളി കളിക്കും . ആണുങ്ങൾക്ക് വളളം കളി. ഓണത്തിന് തലേ രാത്രി മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ശർക്കരവരട്ടി, കായവറുത്തത്, ചേന വറുത്തത് ഒക്കെ നിരക്കും.
തിരുവോണത്തിന്റെ തലേന്നാണ് കോടി വാങ്ങുക. വല്ല്യോർക്ക് സാരി, കസവുമുണ്ട്. പെൺകുട്ട്യോൾക്ക് കെട്ടുപാവാട. ആൺ കുട്ട്യോൾക്കു മുണ്ട്. വീടു മാറിത്താമസിക്കണ ബന്ധുക്കളൊക്കെ ഓണത്തിന് ഒത്തു കൂടും. എല്ലാവരും എത്തീട്ടേ സദ്യക്ക് ഇലയിടൂ. നല്ല സ്നേഹത്തില് എല്ലോരും ഒരുമിച്ചുണ്ണും. ഇപ്പോ ഓണത്തിന് മക്കളും കിടാങ്ങളും ഞങ്ങൾക്ക് രണ്ടാൾക്കും കോടി തരും.
ഞങ്ങളു രണ്ടാളും മാത്രമാണ് ഈ വീട്ടില് താമസം. മഴക്കാലത്ത് വെളളപ്പൊക്കം വന്നാലോ എന്തേലും വയ്യായ്ക വന്നാലോ മാത്രം മക്കൾടടുത്തു പോവും. ഒരാഴ്ചയ്ക്കുളളിൽ മടങ്ങും. ഈ നാട്ടിലെ കാറ്റും വെളിച്ചോം മണ്ണിന്റെ മണോം വിട്ട് എങ്ങോട്ടും പോവാൻ തോന്നില്ല.
‘‘ഇന്നിപ്പോ എല്ലാർക്കും നേരം കുറവല്ലേ…. അവനോന്റെ കാര്യത്തിനു പോലും സമയം തികയണില്ല. ഇന്നത്തെ കുട്ട്യോള് കെട്ടി ഉടനെ പിരിഞ്ഞു പോവണതിനു കാരണോം സമയമില്ലായ്മ തന്നെയാ. രണ്ടാളും ഒരുമിച്ചിരുന്ന് കഴിക്കണം. വർത്തമാനം പറയണം. സ്നേഹിക്കണം.
അതിന്റെടേല് ഫോണും കംപ്യൂട്ടറും ടീവീം പണിത്തിരക്കും ഒന്നു വരരുത്. ഞാനും അമ്മീണീം ഒരുമിച്ചിരുന്ന് കഴിക്കണ പതിവ് ഇപ്പോഴും തെറ്റിച്ചിട്ടില്ല. കണ്ണില് നോക്കി വർത്തമാനം പറയുമ്പോ സ്നേഹം കൂടും. ഇപ്പോ എനിക്ക് കാത് ഇത്തിരി പുറകോട്ടാ. കാര്യങ്ങൾഉറക്കെ പറയണം. അമ്മിണി അടുത്ത് വന്ന് സംസാരിക്കുന്തോറും ഞങ്ങളു തമ്മിൽ പിന്നേം അടുക്കും