March 30, 2023

വേനലില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുമോ സത്യമിതാണ്

വേനലില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുമോ സത്യമിതാണ്.വേനലില്‍ താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിങ്ങളുടെ വീട്ടില്‍ വലിയ ഒരു അപകടം മറഞ്ഞിരിക്കുന്നു.അന്തരീഷ താപനില ക്രമാതീതമായി കൂടുമ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന എല്‍ പി ജി സിലിണ്ടറില്‍ മര്‍ദം കൂടുമ്പോള്‍ പൊട്ടി തെറിക്കാന്‍ ഉള്ള സാധ്യത വര്‍ദ്ധിക്കുന്നു.കേരളത്തില്‍ ചൂട് ക്രമാതീതമായി കൂടി തുടങ്ങിയതോടെ അടുത്ത ദിവസങ്ങളില്‍ ആയി സമൂഹ മാധ്യമം വഴി പ്രചരിക്കുന്ന ഒരു സന്ദേശം ആണിത്.ഈ പ്രചാരണത്തിന്റെ വാസ്ഥവം എന്തെന്ന് അറിയാതെ നിരവധി പേരാണ് ഈ സന്ദേശം പ്രചരിപ്പിച്ചത്.വിശ്യാസ രീതിയില്‍ പ്രചരിച്ച ഈ സന്ദേശം ആശങ്കക്ക് ഇടയാക്കുകയും ചെയ്തു.ഐക്യ രാഷ്ട്ര സഭയിലെ ദുരന്ത നിവാരണ ലഘു വിഭാഗ തലവന്‍ മുരളി തുംമ്മാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ്ണ രൂപം ഇങ്ങനെ.

എൽ പി ജി സിലിണ്ടർ ബോംബാകുമോ?

ചൂട് കൂടി വരുന്നതോടെ വാട്ട്സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു.

“താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതിൽ കൂടുന്പോൾ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ മർദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്”
ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം..

ചൂട് കൂടുന്പോൾ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടർ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുന്പോൾ മർദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തിൽ ചൂട് നാല്പത് ആകുന്പോൾ സിലിണ്ടർ ബോംബ് ആകുമോ എന്നതാണ് ചോദ്യം.
തീർച്ചയായും ഇല്ല എന്നതാണ് ഉത്തരം. കാരണം ഇതിന് കൃത്യമായ ഒരു ശാസ്ത്രമുണ്ട്. ഈ സിലിണ്ടർ ഡിസൈൻ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്പത് ഡിഗ്രിക്ക് മുകളിൽ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസ്സിലാക്കിയിട്ടാണ്. അപ്പോൾ കേരളത്തിൽ താപനില മുപ്പതുള്ളിടത്ത് മുപ്പത്തഞ്ചോ നാല്പതോ ആയാലൊന്നും അടുക്കളയിൽ ബോംബ് നിർമ്മാണം ഉണ്ടാവില്ല. ആ പ്രതീക്ഷ വേണ്ട.

അത് മാത്രമല്ല, ഞങ്ങൾ എൻജിനീയർമാർ ഒരു വീടോ, പാലമോ, ടാങ്കോ, മർദ്ദമുള്ള പൈപ്പോ ഡിസൈൻ ചെയ്യുന്നത് കൃത്യം അതിൽ വരുന്ന ഭാരമോ മർദ്ദമോ മാത്രം നോക്കിയിട്ടല്ല, സാധാരണ നമ്മൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതിന്റെ ഇരുന്നൂറോ മുന്നൂറോ ശതമാനം ഭാരമോ മർദ്ദമോ വന്നാലും അതിനെ പ്രതിരോധിക്കാനുള്ള ശക്തിയും ആയിട്ടാണ്. എൻജിനീയറിങ്ങിൽ അതിന് “Factor of Safety” എന്ന് പറയും. നമ്മുടെ കേളൻ കോൺട്രാക്ടർമാർ കന്പിയിലും സിമന്റിലും അത്യാവശ്യം തട്ടിപ്പൊക്കെ കാണിച്ചിട്ടും നമ്മുടെ പാലങ്ങൾ കുലുങ്ങാതെ നിൽക്കുന്നത് ഈ ഫാക്ടർ ഓഫ് സേഫ്റ്റി മുൻ‌കൂർ ഇട്ടതുകൊണ്ടാണ് (അതിന് വേണ്ടിയിട്ടല്ല അത് ചെയ്യുന്നതെങ്കിൽ പോലും).

ചൂടുകാലം സൂര്യഘാതം തടയുന്നത് മുതൽ കാട്ടുതീ തടയുന്നതു വരെ പല കാര്യങ്ങളിലും ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്.
Kerala State Disaster Management Authority – KSDMA കേരള ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റിഒക്കെ അതിന് സമയാസമയങ്ങളിൽ നല്ല നിർദ്ദേശം നൽകുന്നുണ്ട്. ആവശ്യമെന്ന് കണ്ടാൽ തീർച്ചയായും ഞാനും ഈ വിഷയം എഴുതാം. വാട്ട്സ് ആപ്പ് ശാസ്ത്രം വായിച്ചു പേടിക്കേണ്ട കാര്യം ഒന്നുമില്ല.

മുരളി തുമ്മാരുകുടി.

Leave a Reply

Your email address will not be published.