പ്രശസ്‌ത ഡോക്‌ടർ ബിശ്വാസിന്റെ പരസ്യങ്ങൾ എന്നും എനിക്കൊരു കൗതുകമായിരുന്നു. ഏത് ബിശ്വാസ് ഡോക്‌ടറുടെ പരസ്യം എന്ന് ചോദിക്കേണ്ട. കറുത്ത ബോർഡിൽ വെളുത്ത അക്ഷരത്തിൽ എഴുതുന്ന സകല ബിശ്വാസ് ഡോക്‌ടുടെയും പരസ്യം.
മൂലക്കുരു അടപടലം മാറ്റുമെന്നൊക്കെ ആ പരസ്യങ്ങളിൽ വായിക്കുമ്പോൾ സത്യത്തിൽ ഏത് മൂലയിലാണ് ഈ കുരു എന്നോർത്ത് അന്ധാളിച്ചിട്ടുണ്ട്. കുറച്ച് വയസ്സും പ്രായവും ആയപ്പോഴാണ് മേൽ പറഞ്ഞ കുരുവിന്റെ ഒളിവുജീവിതത്തെ കുറിച്ചൊരു ഏകദേശധാരണ കിട്ടിയത്. ഇന്നത്തെ #SecondOpinion ആ കുരു പൊട്ടിച്ചു കൊണ്ടാവാം…
മൂലക്കുരു സത്യത്തിൽ ഒരു കുരുവേ അല്ല. രക്‌തം നിറഞ്ഞ് നിൽക്കുന്ന സിരകൾ മാത്രമാണവ. ഈ പറഞ്ഞ സാധനം നില കൊള്ളുന്ന ദേശം അത്ര ജനപ്രിയമല്ലാത്തത് കൊണ്ടാകാം പലരും ഇതിനെ ഒരു ടോപ്പ് സീക്രട്ടായി കൊണ്ടു നടക്കുന്നത്.
സ്‌ഥിരമായി മലബന്ധം ഉള്ളവർ, ചില ഉദരരോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ തുടങ്ങിയവർക്കെല്ലാം ഈ സംഗതി കണ്ടു വരുന്നുണ്ടെങ്കിലും ‘ദേ ദിതാണ് മൂലക്കുരുവിന്റെ കാരണം’ എന്ന് പറഞ്ഞ് ഒരൊറ്റ കാരണത്തെ പിടികൂടി പഞ്ഞിക്കിടാൻ പറ്റില്ല.
മലദ്വാരപരിസരത്തുള്ള സിരകളിൽ നിന്നുള്ള രക്‌തം തടസ്സമില്ലാതെ തിരിച്ച് ഹൃദയത്തിലെത്തേണ്ടത് അത്യാവശ്യമാണ്. അതിനെ തടയുന്ന ഏത് കാരണവും ഈ സിരകളിൽ രക്‌തം കെട്ടിക്കിടക്കുന്ന അവസ്‌ഥ ഉണ്ടാക്കും. സ്വാഭാവികമായും, അവിടെ ഈ ‘കുരുനിർമ്മാണം’ സംഭവിക്കും. ആകെ മൊത്തം ഒരു ലൈഫ് സ്‌റ്റൈൽ മോഡിഫിക്കേഷൻ വഴി അവിടുത്തെ സിരകൾക്ക് ഇച്ചിരെ മനസ്സമാധാനം കൊടുത്താൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം. ‘ Venous return’ എന്ന ഈ സൂത്രം കുറയുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കാലിലെ വെരിക്കോസ് വെയിൻ.
മലദ്വാരഭാഗത്തുള്ള എല്ലാ തടസവും മൂലക്കുരുവല്ല. മൂലക്കുരുവിന് ‘രഹസ്യരോഗക്ലിനിക്ക്’ ആശ്രയിച്ച് മൂലക്കുരു ആണെന്ന് കരുതി മലദ്വാര കാൻസറിന് ‘കെട്ടിട്ട്’ രോഗം മാറാൻ കാത്തിരുന്ന് മരിച്ചു പോയവരുണ്ട്. മുറിവൈദ്യനും വ്യാജവൈദ്യനും തമ്മിൽ ആളെക്കാല്ലുന്ന മത്‌സരമാണെങ്കിൽ രോഗികൾ തമ്മിൽ പറ്റിക്കപ്പെടാനുള്ള മത്‌സരമാണ്.